
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എറണാകുളം കളക്ടറേറ്റിന് മുന്നില്‍ അപേക്ഷ എഴുതിക്കൊടുത്ത് ജീവിക്കുന്ന നിഷ ഷാജി തന്റെ പെന്‍ ജീവിതവും പെണ് ജീവിതവും എഴുതുന്നു.
ഞാൻ 15 വർഷത്തോളമായി എറണാകുളം ജില്ലാകളക്ടറേറ്റിലേക്ക് പല ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് വേണ്ട അപേക്ഷകൾ തയ്യാറാക്കുന്ന ഒരു സ്വയംതൊഴിൽ ചെയ്തു കൊണ്ടിരിക്കുന്നയാളാണ്. പുലയ സമുദായത്തില്‍ ജനിച്ച എനിക്ക് ഇതിനു മുന്‍പ് പല ജോലികള്‍ക്കും പോകേണ്ടി വന്നിട്ടുണ്ടെങ്കിലും അവിടെയെല്ലാം സ്വന്തം വ്യക്തിത്വം പോലും പണയപ്പെടുത്തി തൊഴിൽ ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. ഒരുകാലത്ത് അടിമകളായി 'തിരുവായ്ക്ക് എതിർവാ പറയാതെ' ജീവിക്കേണ്ടി വരികയും അതിനെയെല്ലാം ഇച്ഛാശക്തിയാല്‍ മറികടക്കുകയും ചെയ്ത പൂർവ്വികരുടെ പിന്മുറക്കാരി ആയതിലാവാം എന്തുകൊണ്ടോ അന്നും ഇന്നും ആരുടെയും കീഴിൽ തൊഴിൽ ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു തൊഴിൽ കണ്ടുപിടിച്ചതും അതിൽ തന്നെ ഉറച്ചുനിൽക്കുന്നതും. ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഈ തൊഴിലില്‍ ഞാന്‍ ഏറെ അഭിമാനിക്കുകയും സംതൃപ്തിയനുഭവിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ മുന്‍പ് എഴുതിക്കൊടുത്ത അപേക്ഷ, ഇതുപോലെ തന്നെ അഡ്രസ് മാറ്റി എഴുതിയാല്‍ മതിയെന്ന് പറഞ്ഞ് പലപ്പോഴും ആളുകളെ പറഞ്ഞുവിടാറുണ്ട്. അതിലുണ്ടാകുന്ന നഷ്ടം ഞാന്‍ കാര്യമാക്കാറില്ല.
ഒരു പതിനേഴുകാരി ആ പ്രായത്തിൽ വിവാഹ ജീവിതം തുടങ്ങുമ്പോൾ അവളുടെ പക്വതയില്ലായ്മ കൊണ്ടുണ്ടാകാവുന്ന പ്രശ്നങ്ങളൊക്കെ ഒരുകാലത്ത് എനിക്കും ഉണ്ടായിരുന്നു. നിയമങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരം പോലും ഇല്ലാത്ത എനിക്ക് അന്ന് അതൊക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിൽ ഞാൻ വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു. അവിടത്തെ സൂപ്പർവൈസറോട് ഇണങ്ങി നിന്നാലെ നമുക്ക് ലീവ് കിട്ടൂ. അല്ലെങ്കിൽ നമ്മളെ വേസ്റ്റ് എടുക്കൽ മുതലുള്ള എല്ലാ പണിയും ചെയ്യിക്കും. നമ്മള് അതെല്ലാം ചെയ്യുമ്പോഴും, എന്തോ നേടി എന്ന മട്ടിലുള്ള അയാളുടെ ഒരു നോട്ടവും കൂടി സഹിക്കണം. അതെല്ലാം ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന എന്റെ കഴിഞ്ഞ കാലങ്ങളാണ്. പിന്നെ ഞാന്‍ ചിരിക്കാൻ മറന്നുപോയ എന്റെ മുഖഭാവത്തെയും ജീവിതപ്രശ്നങ്ങളെയുമെല്ലാം ഉപേക്ഷിച്ച് സ്വതന്ത്രമായി ജോലി ചെയ്തുതുടങ്ങി. എനിക്ക് അറിവ് തന്നതും എന്നെ സംസാരിക്കാൻ പഠിപ്പിച്ചതും മാഞ്ഞുപോയ ചിരി തിരിച്ചു തന്നതും ഇന്നുള്ളതൊക്കെ നേടിത്തന്നതും എല്ലാം കളക്ടറേറ്റിന് മുന്നിലെ ഈ എഴുത്തുപണിയാണ്. അതെ, വളരെ സന്തോഷത്തോടെ ആത്മാഭിമാനത്തോടെ ഞാൻ ചെയ്യുന്ന ഈ തൊഴിൽ.
ഈ തൊഴിലിനോടൊപ്പം ഒരുപാട് പേരുടെ ജീവിതം കൂടി ഞാൻ പഠിച്ചു തുടങ്ങി. പോലീസിനോടും വക്കീലിനോടും പറയാൻ മടിക്കുന്ന കാര്യങ്ങൾ പലതും ഒട്ടു മിക്കവരും തുറന്നു പറയുന്നത് എഴുത്തുകാരോടാവും. കാരണം ഒരു പോലീസ് സ്റ്റേഷനിൽ വരും മുൻപേ ഒരാൾ ചെല്ലുന്നത് ഒരെഴുത്തുകാരന്റെ അടുക്കലേക്കായിരിക്കും. ഏത് ഓഫീസിന്റെ മുൻ വശത്തും എഴുത്തുകാരുണ്ടാവും. അവിടെ വരുന്നവരിൽ പലരും മറയില്ലാതെ കാര്യങ്ങൾ നമ്മളോട് സംസാരിക്കാറുമുണ്ട്. അപേക്ഷ എഴുതാൻ തുടങ്ങിയത് എറണാകുളം ജില്ലാകളക്ടറേറ്റിനു മുന്നിലാണെന്ന് ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. 2015 കാലയളവിൽ റേഷൻ കാർഡിന്റെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയപ്പോൾ ആണത് തുടങ്ങിയത്. അന്ന് ഞാൻ തൃക്കാക്കര പഞ്ചായത്തിലെ ഒരു സി.ഡി.എസ്. മെമ്പർ ആണ്. എന്നുവെച്ചാൽ അയൽക്കൂട്ടങ്ങളുടെ പഞ്ചായത്ത് ഭരണസമിതിയിൽപ്പെട്ട ഒരാൾ. അങ്ങനെ ഇടയ്ക്കിടെ പഞ്ചായത്തിൽ പോകേണ്ട ആവശ്യങ്ങൾ ഉണ്ടായിരുന്നു. ഞാൻ കളക്ടറേറ്റിനു മുന്നിലൂടെ ആണ് പോകുന്നത് ഒരു ദിവസം നല്ല ആൾക്കുട്ടം, ഞാൻ ഒരാളോട് ചോദിച്ചപ്പോൾ റേഷൻ കാർഡ് BPL ആക്കാൻ ഉള്ള എഴുത്താണവിടെ നടക്കുന്നതെന്ന് അറിഞ്ഞു. പക്ഷേ പഞ്ചായത്തിൽ പോകേണ്ടി വന്നതിനാൽ എനിക്കപ്പോൾ അവിടെ കേറാൻ പറ്റിയില്ല. എന്നാൽ തിരിച്ചു മൂന്ന് മണിക്ക് വരുമ്പോഴും തിരക്ക് കണ്ട ഞാൻ തൊട്ടടുത്ത കടയിൽ നിന്നും ഒരു പേനയും 5 രൂപക്കു വെള്ള പേപ്പറും വാങ്ങി, കയ്യിലിരുന്ന കുടുംബശ്രീ ബുക്ക് ഒരു വണ്ടിയുടെ മുകളിൽ വെച്ചു എഴുതിത്തുടങ്ങി. പെട്ടെന്നൊന്നും എഴുത്ത് പറ്റില്ല. കാരണം നമുക്ക് അറിയില്ലല്ലോ, ഈ ARD നമ്പർ ഒക്കെ എവിടാ കിടക്കുന്നതെന്ന്. ഒരു കണക്കിന് സമയമെടുത്ത് രണ്ടുമൂന്നു അപേക്ഷ എഴുതി വളരെ പതുക്കെ പിന്നെ സ്പീഡായി. അവിടെ ഇരുന്ന രണ്ടെഴുത്തുകാർ 15 രൂപ വീതം ഓരോ എഴുത്തിനു വാങ്ങിയപ്പോൾ, ഞാൻ അഞ്ച് രൂപയാണ് വാങ്ങിയത്. അപ്പോള്‍ എന്റെ അടുത്ത് മറ്റെല്ലാ എഴുത്തുകാരും കൂടി വഴക്കായി. സത്യത്തിൽ എഴുത്തിന് 15 രൂപയാണെന്ന് എനിക്കറിഞ്ഞൂകൂടായിരുന്നു. അതുകൊണ്ടാണ് ഞാൻ 5 രൂപ വാങ്ങിയത്. എന്തായാലും എഴുതിയതിന് അന്നെനിക്ക് ഇരുന്നൂറ് രൂപയില്‍ താഴെയായിരുന്നു ആകെ കിട്ടിയത്. എങ്കിലും ഞാൻ ഹാപ്പിയായി.
പിറ്റേ ദിവസം ഞാൻ 10 മണിക്ക് കളക്ടറേറ്റിന് മുന്നിൽ ഹാജർ. അന്ന് മക്കൾ എക്സാം ഒക്കെ എഴുതുമ്പോള്‍ കൊണ്ടുപോകുന്ന ഒരു കാർഡ്ബോർഡ് കൂടി കയ്യിൽ കരുതിയിരുന്നു. കളക്ടറേറ്റിന്റെ കിഴക്കേ ഗേറ്റിനു ആകത്തായി ഒരു വാക മരമുണ്ട് അതിനോട് ചേർന്ന് പേരറിയാത്ത ഒരു മരം കൂടി നിൽപ്പുണ്ട്. അതിനു നടുവിലായി കെട്ടുപിണഞ്ഞു കിടക്കുന്ന അതിന്റെ വേരിലിരുന്നാണ് അന്നുമുതൽ ഞാൻ എഴുതിത്തുടങ്ങിയത്. അതിനിടയിൽ ഒരിക്കൽ ഒരാൾ എന്നെ എന്തോ പറഞ്ഞു. ഒരു മദ്യപിച്ച ആളാണ്. സത്യം പറഞ്ഞാല്‍ ഞാൻ എഴുത്തിനിടയിൽ അത് കേട്ടില്ല. എന്നാൽ അച്ഛന്റെ കൂട്ടുകാർ അത് കാണുകയും അപ്പോള്‍ തന്നെ അയാള്‍ക്ക് അടികൊടുക്കുകയും ചെയ്തു. അവിടെയടുത്തു തന്നെയാണ് KBPS പ്രസ്സ് എന്റെ അച്ഛൻ, ചെറിയച്ഛൻ, അമ്മാവൻ എല്ലാവരും അവിടത്തെ ജീവനക്കാർ. പ്രസ്സിന്റെ മുന്നിൽ ലോഡിങ് ജോലിയിൽ എന്റെ ബന്ധുക്കളും ഉണ്ട്. കൂടാതെ മൂലയിൽ കുടുംബത്തെ അറിയാത്തവർ കാക്കനാട് കുറവാണ്. കാരണം കളക്ടറേറ്റ് ഇരിക്കുന്ന സ്ഥലത്താണ് എന്റെ ഉപ്പാപ്പനും (അച്ചാച്ചൻ) ഉപ്പാപ്പന്റെ അഞ്ചു ചേട്ടാനിയന്മാരും അവരുടെ കുടുംബവും താമസിച്ചിരുന്നത്. മൂലയിൽ കണ്ടൻ കോരൻ മൂലയിൽ കുറുമ്പൻ എന്നിവരെ അറിയാത്തവർ ചുരുക്കം. അതുകൊണ്ടുതന്നെ പിന്നീട് എനിക്ക് എഴുതുന്നിടത്ത് മറ്റു പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല.
അവിടെ രാജൻ എന്നൊരാൾ അപേക്ഷ എഴുതിയിരുന്നു. ആയിടക്ക് എഴുത്തിൽ ഉണ്ടായിരുന്ന ചില സംശയങ്ങൾ അദ്ദേഹം തീര്‍ത്തുതന്നു. കൂടാതെ റേഷൻ കാർഡിന്റെ അപേക്ഷയെക്കുറിച്ചും പറഞ്ഞും തന്നു. ഒരു ജില്ലയുടെ ആളുകൾ മുഴുവനും പരാതി പരിഹാരങ്ങൾക്ക് വരുന്ന ഒരിടമാണ് കളക്ടറേറ്റ്. എല്ലാ വകുപ്പിന്റെയും ജില്ലാ ഓഫീസുകൾ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പിന്നെ ആകെയുള്ള ഒരു കുഴപ്പം അവിടത്തെ സെക്യൂരിറ്റിമാർക്ക് നമ്മൾ അകത്തിരുന്നെഴുതുമ്പോ ഒരു വല്ലാത്ത ദേഷ്യവും എഴുതാൻ വന്നിരിക്കുന്നവരെ എന്തോ വൃത്തികെട്ട സാധനം കാണുന്ന പോലെ ഒരു നോട്ടവും പുച്ഛവും ഒക്കെയാണ്. ഇങ്ങനെ ഒരു ദിവസം ഒരാള്‍ എന്നെ ചീത്ത വിളിച്ചു. ഞാനും പ്രതികരിച്ചു. എന്റെയടുത്തും എഴുതാൻ വന്ന പ്രായമായ ഒരു അപ്പൂപ്പനോടും മോശമായി പെരുമാറി. അപ്പൂപ്പൻ ആയ കാലത്തെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും രണ്ടേക്കറോളം സ്ഥലം പാവങ്ങൾക്ക് വീട് വെക്കാൻ കൊടുത്തയാളും നല്ല അറിവ് ഉള്ളയാളുമായിരുന്നു. മെലിഞ്ഞു ഒരു തലയിൽ കെട്ടും കെട്ടി വീട്ടിൽ ഇടുന്ന വസ്ത്രങ്ങൾ ഇട്ടോണ്ടാണ് വന്നിരുന്നത്. നല്ല ഉടുപ്പ് ഇട്ടാൽ മക്കൾ എങ്ങോട്ടാണെന്ന് ചോദിക്കും. അവര്‍ അറിയാതെ ഇരിക്കാനാണ് ഈ വേഷത്തിൽ വരുന്നത്. അദ്ദേഹത്തിന്റെ രണ്ടു മക്കൾ കളക്ടറേറ്റിൽ ഉയർന്ന തസ്തികയിൽ ജോലിക്കാരാണ്. ഷർട്ടിന്റെ ഉള്ളിൽ ഫയലുകൾ കുത്തിത്തിരുകി ചായ കുടിക്കാൻ ഇറങ്ങുംപോലെയാണ് വീട്ടിൽ നിന്നിറങ്ങുന്നത്. 88 വയസ്സ് പ്രായമുണ്ട്. കേസ് എന്താണെന്നോ ശബ്ദമലിനീകരണം, പൊടിശല്യം, ടാങ്കറുകൾ രാപ്പകൽ ഇല്ലാതെ ഓടുന്നു. എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ ആളാണ് അദ്ദേഹം . അദ്ദേഹത്തെ ചീത്ത വിളിച്ചതോടെ സെക്യൂരിറ്റി പെട്ടുപോയി. അപ്പൂപ്പൻ നിയമങ്ങൾ പറഞ്ഞതോടെ സെക്യൂരിറ്റിയുടെ വായടഞ്ഞു. സത്യം പറഞ്ഞാല്‍ സെക്യൂരിറ്റി ഒന്നു പതറിപ്പോയി. അതോടെ എല്ലാരോടുമുള്ള സെക്യൂരിറ്റിയുടെ പുച്ഛം മാറികിട്ടി. 'അകത്തിരുന്ന് എഴുതുന്നു' എന്നുവെച്ചാൽ അത് ബിൽഡിങ്ങിന് ഉള്ളിലല്ല. കളക്ടറേറ്റിന്റെ കിഴക്കേ മതിലിനോട് ചേർന്ന് അഞ്ചടി അകത്താണ്. അവിടന്ന് വീണ്ടും ഒരു നൂറ് മീറ്ററെങ്കിലും ഉള്ളിലാണ് കളക്ടറേറ്റ്.
പിന്നീട് സ്റ്റൂൾ, മേശ എന്നിവയൊക്കെയായി. അവിടെ സർക്കാരിന്റെ ഒരു സ്റ്റോർ ഉണ്ടായിരുന്നു. എഴുതിക്കഴിഞ്ഞു പോരുമ്പോള്‍ അവിടെയാണ് ഞാൻ എന്റെ എഴുത്ത് സാമഗ്രികൾ വെച്ചിരുന്നത്. ആ സ്റ്റോറില്‍ ഇരുമ്പ് സാധനങ്ങൾ, പച്ചമരുന്ന് പൊടികൾ, കിടക്ക എന്നിവയെല്ലാമാണ് ഉള്ളത്. രണ്ടു ചേച്ചിമാർ അവിടെ ജോലി ചെയ്യുന്നുണ്ട്. എനിക്ക് എന്റെ കൂടെപ്പിറപ്പുകളെപ്പോലെയാണ് ആ രണ്ടുപേരും. അതില്‍ ഒരാൾ കുറച്ചു നാൾ മുൻപ് മരിച്ചുപോയി. ഞാൻ ജോലിക്ക് അപേക്ഷ എഴുതി കൊടുത്തവർ വരെ അവിടെ ജോലി ചെയ്യുന്നുണ്ട്. പലയിടത്തു നിന്നുമുള്ള ഉദ്യോഗസ്ഥർ വരെ വന്ന് ഞങ്ങളെക്കൊണ്ട് എഴുതിക്കാറുണ്ട്. നല്ല വിദ്യാഭ്യാസം ഉള്ളവരും ഇതിൽ പെടും. അതിന്റെ കാരണം ഒരു പക്ഷെ എഴുത്തുകാരന്റെ കയ്യക്ഷരം നല്ലതായതുകൊണ്ടോ എഴുത്തുകാരുടെ ശൈലിയുടെ പ്രത്യേകത കൊണ്ടോ ഒക്കെയാവാം.
ഇനി എന്റെ മനസ്സിനെ ഏറെ നോവിച്ച കാര്യങ്ങളിൽ ഒന്ന് പറയാം. ഒരു പെൺകുട്ടി ഭർത്താവും അമ്മായിയമ്മയും കൂടി തന്നെ നിരന്തരം മര്‍ദ്ദിക്കുന്നു എന്ന പരാതിയെഴുതാന്‍ വന്നു. പരാതി എഴുതിക്കൊണ്ടിരുന്നപ്പോൾ അവളെ അയാൾ വന്നു വിളിച്ചുകൊണ്ടു പോയി. ആ കൊച്ചിനെ മുറിയിൽ അടച്ചിട്ടു തല്ലുന്നു എന്ന ഒരു കോളാണ് പിന്നെ എനിക്ക് വന്നത്. അവളുടെ കരച്ചിൽ കേൾക്കാമായിരുന്നു ഇപ്പോൾ അതും ഇല്ല എന്നാണ് പറഞ്ഞത്. പരാതിയെഴുതാന്‍ അവളുടെ കൂടെ വന്ന കുട്ടിയാണ് ഇത് വിളിച്ചു പറഞ്ഞത്. അവിടെ ചെന്ന എനിക്ക് വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഒരു ഞെരക്കം മാത്രം അകത്തു നിന്നു കേൾക്കാം. ഞാൻ പോലീസിനെ വിളിച്ചു അവർ വന്നു വാതിൽ അടിച്ചു തുറന്നപ്പോൾ, വസ്ത്രം ഒന്നുമില്ലാതെ കെട്ടിയിട്ട് ആ കൊച്ചിനെ തല്ലി ചതച്ച്, ഭർത്താവ് കള്ളും കുടിച്ചു കിടക്കുന്നു. അമ്മായിഅമ്മ എങ്ങോട്ടോ പോയി. ആ വന്ന പോലീസ് അവനെ കയ്യോടെ കൊണ്ടുപോയി. ഇങ്ങനെയുള്ള അനുഭവങ്ങൾ കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. കാരണം അമ്മായിയമ്മപ്പോരൊക്കെ അതിന്റെ ഭീകരാവസ്ഥയിൽ തന്നെ അനുഭവിച്ച ഒരാളാണ് ഞാനും. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെയുമൊക്കെ അഭിമാനം കാക്കാൻ ജീവിതവും ജീവനും ബലിയർപ്പിക്കേണ്ട അവസ്ഥയാണ് പെണ്ണിന്റേത്. ഭർത്താവിന്റെ വീട്ടുകാർ കൊല്ലുമെന്ന് പറഞ്ഞാൽപ്പോലും സ്വന്തം വീട്ടിൽ അഭയം കിട്ടില്ല. കെട്ടിച്ച പെണ്ണ് വന്നു നിന്നാൽ വീട്ടുകാരുടെ അഭിമാനം പോകും. ഇതാണ് പെണ്ണിന്റെ അവസ്ഥ.
ഒരു പാലക്കാട് കാരി, പേര് വെളിപ്പെടുത്തുന്നില്ല. അവർ എന്റെയടുത്ത് എഴുതാൻ വന്നിരുന്നു. വീടും സ്ഥലവും ഇല്ല എന്നതാണ് കാര്യം. എഴുതി കൊടുത്തു. പിന്നീട് ഇടയ്ക്കു എന്തെഴുതാൻ ഉണ്ടെങ്കിലും എന്റെയടുത്താണ് വരാറ്. അങ്ങനെ ഒരിക്കൽ അവരെന്നോട് മറ്റൊരു അപേക്ഷ എഴുതി കൊടുക്കുന്നതിന്റെ ഭാഗമായി അവരെക്കുറിച്ച് പറഞ്ഞു. ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണവള് ജനിച്ചു വളർന്നത്. പത്ത് പാസ്സായി വീട്ടിലിരിക്കുന്ന സമയം. അപ്പോഴാണ് അവള്, അവിവാഹിതയായ അവളുടെ ചേച്ചിക്കൊരു കാമുകൻ ഉണ്ടെന്നും അയാൾ ആരുമില്ലാത്തപ്പോള്‍ നിരന്തരം വീട്ടില്‍ വരുന്നുണ്ടെന്നും മനസ്സിലാക്കിയത്. മദ്യത്തിനും മയക്കു മരുന്നിനും അടിമയായ അയാളെ അവൾക്കു വെറുപ്പായിരുന്നു. അയാൾ വീട്ടിൽ വന്നു പോകുന്നതിനോട് അവള്‍ക്ക് എതിർപ്പായിരുന്നു. ഇനി അയാള്‍ വീട്ടിൽ വന്നാൽ അച്ഛനോട് പറയുമെന്ന് പല തവണ ചേച്ചിയോട് പറഞ്ഞു. ചേച്ചി അത് കാമുകനോട് പറയുകയും അവളെ ചേച്ചിയുടെ കാമുകൻ നശിപ്പിച്ചു കളയുകയും ചെയ്തു. കേവലം 16 വയസ്സ് മാത്രം പ്രായമുള്ള ഈ പെൺകുട്ടി മാതാപിതാക്കളുടെ അഭിമാനത്തെ ചൊല്ലി അയാളുടെ വീട്ടിലേക്ക് പോയി. മറ്റുള്ളോരുടെ മുന്നിൽ അവൾ തെറ്റുകാരിയും ആയി. ഒരു വീട് പോലും ഇല്ലാത്ത ഏഴംഗങ്ങൾ ഉള്ള ഒറ്റമുറി ഓലപ്പുരയിൽ ആയി അവളുടെ ജീവിതം. ഒരു ജോലിക്കും പോകാത്ത ഭർത്താവ്. സെക്സിനു പോലും മാറനോക്കാതെ വരുന്ന ഭർത്താവ്. എല്ലാം സഹിച്ചു ജീവിതം തുടങ്ങി. ഒരു പെണ്‍കുഞ്ഞും ജനിച്ചു. പട്ടിണിയുടെ നാളുകൾ. ഒരു ഉപകാരം അയാൾ ചെയ്തു, പിന്നീട് അയാള്‍ ചേച്ചിയുടെ അടുത്ത് പോയിട്ടില്ല. അക്കാര്യത്തിൽ അയാൾ വാക്കു പാലിച്ചു. കുഞ്ഞിന് നാലു വയസ്സായപ്പോൾ അയാൾ മരിച്ചു. ഭർത്താവിന്റെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി പിഞ്ചു പെണ്കുഞ്ഞിനെയും കയ്യിലെടുത്ത് ഇറങ്ങി. അവർ ഇറക്കി വിട്ടതാണ്. ഇതിനിടയിൽ സ്വന്തം ചേച്ചി വിവാഹിതയായിരുന്നു. സ്ത്രീധനമായി ഉണ്ടായിരുന്ന ചെറിയ വീടും പുരയിടവും അവർ ചേച്ചിക്കു കൊടുക്കുകയാണുണ്ടായത്. സ്വന്തം വീട്ടിൽ ചെന്ന അവൾക്കു രണ്ട് ദിവസം അവിടെ നിൽക്കാൻ പറ്റി. പിന്നീട് ഭർത്താവിന്റെ വീട്ടിൽ പോകാൻ പറഞ്ഞുകൊണ്ട് ഇറക്കി വിട്ടു.
പിന്നെ ഒരു രാഷ്ട്രീയപ്രവർത്തകൻ അവരെ എറണാകുളത്തു എത്തിച്ചുവെന്നാണ് പറയുന്നത്. ഇതിനു ശേഷം അവർ പലയിടത്തും ജോലിക്ക് പോയി. നല്ല വണ്ണമുള്ള ശരീരമാണവര്ക്ക്. എന്തോ അസുഖം മൂലം വീർക്കുന്നു എന്നാണു പറഞ്ഞത്. പലരും അവരോട് മോശമായി തന്നെയാണ് പെരുമാറിയത്. പലയിടത്തും അവർ പോയി ജോലി അന്വേഷിച്ചു. അത്യാവശ്യം വീട്ടുപണികളൊക്കെ കിട്ടി. അവിടെ നിന്നും ഒരു ഓഫീസിൽ ജോലിക്ക് ആളെ എടുക്കുന്നു എന്നറിഞ്ഞു അവർ ജോലി തേടി അവിടെ എത്തി. വീടും ഓഫീസും കൂടി ആണ് അവിടം. അവിടത്തെ ഓഫീസർ കുറേ നേരം സംസാരിച്ചു. സംസാരം ബോറായി തോന്നിയതിനാൽ അവിടെ നിന്നും ഇറങ്ങിപ്പോരാൻ ശ്രമിച്ച ഇവരെ ശാരീരികമായി ഉപയോഗിക്കുകയും ജോലി കൊടുക്കാതെ പത്തു രൂപ പോലും കൊടുക്കാതെ ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാതെ പറഞ്ഞു വിടുകയും ചെയ്തു. ഇതിനു ശേഷം ക്ളീനിംഗ് ജോലികൾക്ക് തന്നെ പോയിത്തുടങ്ങി. അവര്‍ വല്ലപ്പോഴും ചെന്നുനിൽക്കുന്ന ഒരു വീടുണ്ടായിരുന്നു. അവിടെത്തെ ചേച്ചി പറഞ്ഞതു പ്രകാരം ഒരു ഓഫീസില്‍ ജോലിക്ക് പോയി. ഓഫീസ് എന്നു പറഞ്ഞാല്‍ ഒരു സംഘടനയുടെ ജില്ലാ ഓഫീസ്. അവിടത്തെ പ്രമുഖ സംഘടനാ പ്രവർത്തകൻ ആ ഓഫീസിൽ വെച്ചുതന്നെ അവരെ ഉപയോഗിച്ചു. അവരുടെ കൂട്ടുകാരി വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് അയാൾ ഇതിനു മുതിർന്നതെന്ന് അവള് അറിഞ്ഞു. അതുകൂടി പറഞ്ഞപ്പോൾ എനിക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല.
ഇതില്‍ നിന്നുമെല്ലാം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, ഒരു പെണ്ണിനെ ഈ വഴിയിലേക്ക് തള്ളിവിടുന്നത് സ്വന്തം കുടുംബം തന്നെയാണ് എന്നതാണ്. കൂടെ നിൽക്കാൻ ആരുമില്ല, എന്നെ ആർക്കും മനസ്സിലാക്കാൻ കഴിയില്ല, എനിക്ക് സുരക്ഷിതമായി കിടക്കാൻ ഒരിടം ഇല്ല, ഇനി ഞാന്‍ എന്ത് ചെയ്യും എന്നെല്ലാമുള്ള തോന്നലാണ് ഓരോ വിവാഹിതരായ പെണ്ണിന്റെയും ആത്മഹത്യകള്‍ക്ക് പിന്നിലുള്ളത്. ഇവിടെ നിന്നും ഇറക്കി വിട്ടാൽ അവളുടെ വീട്ടുകാരും അഭിമാനത്തിന്റെ പേരിൽ കയ്യൊഴിയും, അതോടെ എത്ര ചവിട്ടിയരച്ചാലും ഇവിടെ കിടന്നോളും എന്ന തരത്തിലുള്ള പുരുഷന്മാരുടെ വൃത്തികെട്ട ചിന്താഗതിക്ക് വളംവക്കുകയാണ് ഇവിടെ കുടുംബവും സമൂഹവും ചെയ്യുന്നത്. അതാണ് പാമ്പ് കടിയേറ്റും ഗ്യാസ് സ്റ്റൗവ് പൊട്ടിത്തെറിച്ചും വെട്ടി കഷണങ്ങളാക്കിയും വണ്ടി കേറ്റിയുമൊക്കെ സ്ത്രീകളെ കൊല്ലാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്. ഒരു മകൾ ആയതിനു ശേഷം മാത്രമാണ് അവൾ കാമുകിയും ഭാര്യയും അമ്മയും അമ്മൂമ്മയും ഒക്കെ ആകുന്നത്. അപ്പോൾ അവളെ ആദ്യം അറിയുന്നത് അമ്മ തന്നെയാണ്. ചേർത്തുപിടിക്കാൻ ഒരമ്മയുണ്ടെങ്കിൽ, എന്റെ മകൾക്ക് ഒരു പ്രശ്നം വന്നാല്‍ പരിഹരിക്കാൻ ഞാനുണ്ട് അവളെന്റെ വീട്ടിൽ നിൽക്കട്ടെ ഇത് അവളുടെ കൂടി വീടാണ് എന്ന് ഒരച്ഛൻ പറഞ്ഞാൽ, നമുക്കിവിടെ ഒരുമിച്ചു കഴിയാം നീ എങ്ങും പോകണ്ട എന്നൊരു കൂടെ പിറപ്പ് പറഞ്ഞാൽ... ഒരു പക്ഷേ അവൾ ഇതെല്ലാം അതിജീവിക്കും.
ഞാനൊരു പുരുഷ വിദ്വേഷി ഒന്നുമല്ല. സ്ത്രീകളും ഇത്തരം കൊലപാതകങ്ങൾ ചെയ്തതായി കേൾക്കാറുണ്ട്. എന്നാൽ 6 പുരുഷന്മാർ സ്ത്രീകളാൽ കൊല ചെയ്യപ്പെടുമ്പോൾ 600 സ്ത്രീകൾ പുരുഷൻമാരാൽ കൊല ചെയ്യപ്പെടുന്നുണ്ട്. പല കേസ്സുകളും 'പെണ്ണ് ആത്മഹത്യ ചെയ്തു' എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ മുറിവുകളും ചതവുകളും നോക്കി പോസ്റ്റ്മാർട്ടം റിപ്പോർട്ട് തയ്യാറാക്കുമ്പോഴും അവളെ അതിലേക്ക് നയിച്ച മാനസിക വ്യഥ പലരും മൈൻഡ് ചെയ്യാറില്ല. അവളെ ആ ജഡാവസ്ഥയിലേക്ക് നയിച്ചവനെ അധികമാരും പഴിക്കാറില്ല. അവൾ പറയുന്നത് തുടക്കം മുതൽ കേൾക്കാൻ ഒന്ന് ക്ഷമ കാണിച്ചാൽ മാത്രം ആ അവസ്ഥയിൽ നിന്നും ഏതൊരാൾക്കും അവളെ പിന്തിരിപ്പിക്കാൻ കഴിയും. എന്നാല്‍ സാമുദായിക നേതാക്കളോ നിയമവ്യവസ്ഥയുടെ ഭാഗമായ പോലീസൊ ആരും തന്നെ അവളെ മുഴുവൻ കേൾക്കാറില്ല. 'പഴയതൊക്കെ പോട്ടെ വന്നതൊക്കെ വന്നു ഇനി എന്ത്?', 'പറഞ്ഞതു മതി. നിന്റെ പഴം കഥകൾ കേൾക്കാൻ അല്ല ഞങ്ങൾ ഇരിക്കുന്നത്' എന്നതെല്ലാമാണ് ഇത്തരം 'ഉപദേശി'കളുടെ സ്ഥിരം പല്ലവികള്‍. അവര്‍ ഒന്നോർക്കുക- അനുഭവിച്ചവൾക്ക് പഴയത് പുതിയത് എന്നൊന്നുമില്ല എല്ലാം അനുഭവങ്ങളാണ്. പെണ്ണിന് സ്ത്രീധനമല്ല വേണ്ടത്. അതല്ല ഓരോ അച്ഛനും അമ്മയും വാരിക്കോരി കൊടുക്കേണ്ടത്. അവൾക്ക് അവളുടെ വീട്ടിൽ ഒരു മുറി വേണം. ഏതവസ്ഥയിലും അവൾക്കു എത്രകാലം വേണമെങ്കിലും മരണം വരെയും ആരെയും പേടിക്കാതെ ജീവിക്കാൻ കഴിയണം. അവൾ ജനിച്ചതാണ് അവളുടെ വീട്. ചേർത്തുപിടിക്കാൻ അവിടെയുള്ളവർ എന്നും കൂടെ ഉണ്ടാവണം. ഏതാണ് എന്റെ വീട് എന്ന് തിരിച്ചറിയാനാകാതെ ഇനിയൊരു പെണ്ണും നിസ്സഹായതയോടെ നിൽക്കാൻ ഇടവരാതിരിക്കട്ടെ.