Image

“നാന്‍ വീഴുവേനെന്‍ട്രു നിനയ്ത്തായോ?”

കുമാരദാസ് എന്ന കോട്ടയം മംഗളം-മനോരമ നാട്ടുകാരന്‍ ജീവിതത്തില്‍ വീണും എഴുന്നേറ്റും വാര്‍ക്കപ്പണി ചെയ്തും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും പിന്നെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അതുവഴി സിനിമയിലേക്കും നടന്ന ജീവിതകഥ പറയുന്നു.


ഈ നടന് മറ്റു ഇന്ത്യന്‍ നടന്മാരെപ്പോലെ ഒരു ലുക്കില്ല, സ്റ്റൈല്‍ ഇല്ല, പിന്നെ അഭിനയ രംഗങ്ങള്‍ക്ക് ഒരു അവാര്‍ഡ്  സിനിമയുടേതു പോലുള്ള വിരസത. ഡാന്‍സ് കളിക്കില്ല, സ്റ്റണ്ട് ചെയ്യില്ല, നേരെ ചൊവ്വേ പ്രേമിക്കില്ല. അമിതാഭ് ബച്ചനെപ്പോലെയോ മിഥുന്‍ ചക്രവര്‍ത്തിയെപ്പോലെയോ അനില്‍കപൂറിനെപ്പോലെയോ ഗോവിന്ദയെപ്പോലെയോ ഒന്നും ഇദ്ദേഹം അഭിനയിക്കാത്തതു കൊണ്ട്, ദൂരദര്‍ശന്‍റെ ശനിയാഴ്ചകളില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഹിന്ദി ചിത്രങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രം വരുമ്പോള്‍ അത് കാണുവാന്‍ ഒട്ടും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മമ്മൂട്ടിയുടെ 'പൊന്തന്‍മാട'എന്ന സിനിമയുടെ വാര്‍ത്ത വന്നപ്പോഴാണ് അദ്ദേഹത്തിന്‍റെ പേരു തന്നെ ആദ്യം കേള്‍ക്കുന്നത്. ഇനി ഇദ്ദേഹം ഇന്ത്യക്കാരന്‍ തന്നെയാണോ? അതെ, ഒരു ഹിന്ദി സിനിമാ നടന്‍. ഞങ്ങടെ രാജനീകാന്തിനും കമലാഹാസനും മുന്നില്‍ ഇയാളൊക്കെ എന്ത്? ഇത്തരം ഒരു ധാരണ വളരെ ചെറുതിലെ തന്നെ രൂഢമൂലമായതുകൊണ്ട് തന്നെയാണ്, അന്ന് ഞാന്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍, പരിശീലനത്തിനിടയില്‍, ക്ലാസ്റൂമിന്‍റെ താഴെയുള്ള ഓഫീസില്‍ ഇദ്ദേഹം വന്ന സമയത്ത് ക്ലാസ്സിലുള്ള മറ്റെല്ലാ സഹപാഠികളും വാ പിളര്‍ന്നു ഓടി പോയപ്പോള്‍ അവരോടൊപ്പമൊന്നും പോകാതെ അവര്‍ മടങ്ങിവരുന്നതു വരെ ക്ലാസ്സില്‍ത്തന്നെ ഒറ്റയ്ക്ക് ഇരിക്കുവാന്‍ തീരുമാനിച്ചത്. കുറേ നേരമായിട്ടും അവര്‍ തിരിച്ചു വരാത്തതിനാല്‍ അവരെ പോയി ഒന്ന് അന്വേഷിച്ചുകളയാം എന്ന ധാരണയില്‍ തന്നെയാണ് ഞാന്‍ ക്ലാസ്സില്‍ നിന്നിറങ്ങി ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നത്. മലര്‍ക്കെ  തുറന്നിരിക്കുന്ന ഓഫീസ് റൂമിനു മുന്നില്‍ ഒരു സിനിമയ്ക്കുള്ള ആളുണ്ട് വിദ്യാര്‍ത്ഥികളും മറ്റിതര സ്റ്റാഫുകളുമായിട്ട്. ഈ കാഴ്ച കണ്ടപ്പോള്‍ എന്‍റെ മനസ്സിലും തോന്നി, എന്തൊക്കെയായാലും ഒരു ഹിന്ദി സിനിമാ നടനെ നേരില്‍ കാണാന്‍ കിട്ടുന്ന അവസരമല്ലേ കളയണ്ട! ഞാനും ചെന്ന് അവരുടെ പിന്നില്‍ നിലയുറപ്പിച്ചു. റൂമിന്‍റെ ഉള്ളില്‍ നിന്നും കര കര മുഴങ്ങുന്ന ശബ്ദം മാത്രം കേള്‍ക്കാം. മുന്നില്‍ നില്‍ക്കുന്ന ആളുകളുടെ തലകള്‍ കാരണം ഒന്നും കാണാന്‍ പറ്റുന്നില്ല. ഞാന്‍ കാലില്‍ എത്തിവലിഞ്ഞു നോക്കിയപ്പോള്‍ മുറിയുടെ വശത്ത് ഇരിക്കുന്ന ആ മഹാനുഭാവന്‍റെ നരച്ച മുടിയുടെ ഒരറ്റം കണ്ടതും, ഉള്ളില്‍ നിന്ന് അദ്ദേഹം, തന്നെ കണ്ടുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ ക്ലാസ്സിലേക്ക് മടങ്ങിപ്പോകുവാന്‍ ആക്രോശിക്കുന്നതും ഒരുമിച്ചായിരുന്നു. ഏറ്റവും പിന്നിലായി നിന്ന എനിക്കു തന്നെ മുറപ്രകാരം ആദ്യം ഓടേണ്ടി വന്നു, ആ നരച്ച ചുരുണ്ട മുടിയുടെ അറ്റം മാത്രമായിരുന്നു എനിക്കദ്ദേഹം.

 

പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം, അതെ സ്കൂളിന്‍റെ ഇടനാഴിയില്‍ വച്ച് ആ ചുരുണ്ട നരച്ച മുടിയുടെ ഉടമസ്ഥന്‍റെ മുന്നില്‍ ഞാന്‍ ഒറ്റയ്ക്കകപ്പെട്ടു. എനിക്കെന്‍റെ  കണ്ണുകളെ വിശ്വസിക്കാനാവാതെ ആ നരച്ച ചുരുണ്ട താടി മുടിക്കാരന്‍ എന്നെ നോക്കി മന്ദസ്മിതം പൊഴിച്ചുകൊണ്ട് എന്‍റെ  അടുത്തേക്കു തന്നെ നടന്നു വരികയായിരുന്നു. “നിന്നെ ഞാന്‍  അന്വേഷിക്കുകയായിരുന്നു” എന്നും പറഞ്ഞു ഇരുകൈകളും വിടര്‍ത്തിപ്പിടിച്ചു കൊണ്ട് ആ ചുരുണ്ട നരച്ച മുടിക്കാരന്‍ എന്നെ ആലിംഗനം ചെയ്യുകയായിരുന്നു. “ദൂണ്ട് നെ സെ ഖുദാ ഭി മില്‍ ജാതാ ഹൈന്‍!  ഇന്ത്യന്‍ സിനിമ-നാടക അഭിനയലോകത്തെ നസറുദ്ദീന്‍ ഷാ എന്ന അതികായന്‍. അഭിനയ പ്രതിഭ, ഇന്ത്യന്‍ സിനിമയിലെ മിക്ക അഭിനേതാക്കളെയും വാര്‍ത്തെടുക്കുന്നതില്‍ പ്രഥമ ഗണനീയനായ ഗുരുനാഥന്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് എങ്ങനെയാണ് കോട്ടയം ജില്ലയിലെ കോത്തല എന്ന ഒരു മംഗളം-മനോരമ  ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന, വളരെ ചെറുപ്പം മുതലേ ഒരു നടന്‍ ആവാന്‍ വേണ്ടി സ്വപനം കണ്ടുനടന്ന് ക്ലബിന്‍റെ വാര്‍ഷികത്തിനും അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷത്തിനും മിമിക്രിയും സിനിമാറ്റിക് ഡാന്‍സും മാട്ടകളിച്ചു നടന്ന എന്‍റെ ജീവിതത്തില്‍ ഇത്രയധികം സ്വാധീനംചെലുത്തുവാന്‍ പറ്റിയത് എന്നത് ഇപ്പോഴും അവിശ്വസനീയമാണ്.  

കുമാരദാസ്  നസറുദ്ദീന്‍ ഷായോടൊപ്പം

കുട്ടിക്കാലത്ത് കവലയില്‍ ഒട്ടിച്ചിട്ടുള്ള ദളപതി, അണ്ണാമലൈ, മന്നന്‍ തുടങ്ങിയ തമിഴ് സിനിമാ പോസ്റ്ററുകളില്‍ രജനികാന്തിനെ കണ്ട അന്നുമുതല്‍ തുടങ്ങിയ ഒരു സ്വപ്നമായിരുന്നു വലുതാവുമ്പോള്‍ അതുപോലെ എന്തോ ഒന്നാകുക. രജനീകാന്തിനെ പോസ്റ്ററില്‍ കണ്ടു വെള്ളം ഇറക്കിയിട്ടുള്ളതല്ലാതെ ചൊവ്വാഴ്ചകളിലോ വെള്ളിയാഴ്ചകളിലോ തിരുവനതപുരം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന തിരൈമലരില്‍ രജനീകാന്ത് പാടി അഭിനയിക്കുന്ന ഒരു ഗാനരംഗം പോലും ഒരിക്കല്‍പ്പോലും ക്ലബ്ബിന്‍റെ തിണ്ണയില്‍ ടിവിയുടെ ചുവട്ടില്‍ കുത്തിയിരുന്ന് നിക്കറിന്‍റെ മൂട് കുറേ കീറിയ ഞങ്ങള്‍ കണ്ടിട്ടില്ല. ഒരുപാട് കാത്തിരിപ്പിനൊടുവില്‍ കാറ്റും മഴയും കരണ്ടുകട്ടുമുള്ള ഒരു ശനിയാഴ്ച വൈകുന്നേരം രജനീകാന്ത് അഭിനയിച്ച “ഹം” എന്ന ഹിന്ദി സിനിമ ടിവിയില്‍ വന്നപ്പോള്‍,  ആ ക്ലബ്ബിന്‍റെ കൊച്ചു തിണ്ണയില്‍ ഒരു ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു. തറടിക്കറ്റുകാരായ ഈ കുഞ്ഞുപൈതങ്ങള്‍ക്ക് അവരുടെയൊക്കെ കാലിന്‍റെ ഇടയില്‍ക്കൂടിയും ഓഞ്ഞ തലകളുടെ ഇടയില്‍ക്കൂടിയും തലൈവരുടെ മുഖം ആദ്യം തെളിഞ്ഞപ്പോള്‍, പട്ടികജാതി-പട്ടിക വര്‍ഗ്ഗക്ഷേമ വകുപ്പിന്‍റെ പേരില്‍ നല്‍കപ്പെട്ട ആ കെല്‍ട്രോണ്‍ ടിവിയില്‍ മുഴുവന്‍ ഗ്രെയിന്‍സായിരുന്നു.

അടുത്ത രജനീകാന്താവാന്‍ സ്വപ്നം കണ്ടുനടന്ന് ബിഎ പൂര്‍ത്തിയാക്കാന്‍ പറ്റാതെ, പതിമൂന്നു വയസ്സു മുതല്‍ സ്വയംപര്യാപ്തമാവാന്‍ വേണ്ടി വാര്‍ക്കപ്പണിക്കും പെയിന്‍റിങ്ങ് പണിക്കും കേറ്ററിംഗ് പണിക്കും പോയി  കൈ പൊള്ളിച്ച ഈ ഞാനെന്ന സൂപ്പര്‍സ്റ്റാര്‍ തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ആത്യന്തികമായി എത്തപ്പെട്ടത്‌ ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയെന്ന രാജ്യത്തെ പ്രഥമ നാടക വിദ്യാലയത്തിലാണ്. ആ അങ്കലാപ്പില്‍ ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നുള്ള സഹപാഠികളോടൊപ്പം മുറി ഇംഗ്ലീഷും മുറി ഹിന്ദിയും പറഞ്ഞു പിടിച്ചു നില്‍ക്കുമ്പോഴാണ് ആ ചുരുണ്ട് നരച്ച മുടിയുള്ള നമ്മുടെ കഥാനായകനാല്‍ ഒരു ദാക്ഷീണ്യവുമില്ലാതെ മറ്റു സഹപാഠികളോടൊപ്പം ഞാന്‍ ആട്ടിയോടിക്കപ്പെട്ടത്‌.

പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ അധ്യാപകരോടും സഹവിദ്യാര്‍ത്ഥികളോടുമൊപ്പം

ഒരു മേസ്തിരിയുടെ മകനായി പിറന്നു ചെറുപ്പം മുതലേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും, സ്കൂള്‍ മുതല്‍ നാട്ടിന്‍പുറത്തെ വായനശാലയിലും കോളേജ് ക്യാമ്പസ്സുകളിലും കലാപരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുകയും നാട്ടിലെ സുഹൃത്തുക്കളെ ഒരുമിച്ചു നിര്‍ത്തി ഒരു മെഗാഷോ ട്രൂപ്പിന് നേതൃത്വം കൊടുത്തു കൊണ്ടുനടന്നതിന്‍റെയുമൊക്കെ അനുഭവസമ്പത്ത് കൊണ്ടാവാം, നടന്‍ ആവാന്‍ ചെന്ന ഞാന്‍ നാടകങ്ങളില്‍ ഭടന്‍ ആയി കുന്തം പിടിച്ചു നിന്ന് പോസ്റ്റാവും എന്ന് പേടിച്ച് അഭിനയപഠനം സ്പെഷലൈസേഷനായി എടുക്കാതെ സംവിധാനവും ഡിസൈനിങ്ങും സ്പെഷലൈസേഷന്‍ എടുത്തു പഠനം തുടര്‍ന്നത്. എങ്കിലും മൊത്തമായും ചില്ലറയായും തലയും ഉടലും കാണിക്കാന്‍ അവസരം ലഭിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളൊന്നും തന്നെ ഞാന്‍ ഒരിക്കലും ഒഴിവാക്കിയിരുന്നില്ല. അതുകൊണ്ടാവാം ഒരു അഭിനയവിദ്യാര്‍ത്ഥി അല്ലായിരുന്നിട്ടുകൂടി,  അവസാന വര്‍ഷം, ഷേക്സ്പീരിയന്‍ അഭിനയ വര്‍ക്ക്ഷോപ്പിന്‍റെ പര്യവസാനം കുറിച്ചുകൊണ്ട് നടത്തിയ നാടകവതരണത്തില്‍, എന്‍റെ ബാച്ചിലെ  അഭിനയവിദ്യാര്‍ത്ഥികള്‍ക്ക് തുല്യം പ്രാധാന്യമുള്ള വേഷത്തിലും രംഗങ്ങളിലും എന്നെയും പരിഗണിച്ചത്. അങ്ങനെയാണ് അതേ ആഴ്ചയില്‍ അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെട്ടുകൊണ്ടിരുന്ന റിയലിസ്റ്റിക് ആക്ടിംഗിന്‍റെ മാസ്റ്റര്‍ ക്ലാസ് എടുക്കാന്‍ വന്ന നസറുദ്ദീന്‍  ഷാ എന്ന നസീര്‍ സാര്‍ ആ നാടകാവതരണം കാണുവാന്‍ വരുന്നതും, തന്‍റെ മാസ്റ്റര്‍ ക്ലാസ്സില്‍ അഭിനയ വിദ്യാര്‍ത്ഥികളോടൊപ്പം ഒരിക്കലും കണ്ടിട്ടില്ലാത്ത വാര്‍ക്കപ്പണിക്കുപോയി കൈപൊള്ളിച്ച 'സൂപ്പര്‍ സ്റ്റാറി'ന്‍റെ തീപാറുന്ന അവതരണം കണ്ടു ഞെട്ടുന്നതും.

ഉച്ചസമയത്തെ ആ നാടകാവതരണം കഴിഞ്ഞു എല്ലാവരും അവരവരുടെ  മൂട്ടിലെ പൊടീം തട്ടിപോയിക്കഴിഞ്ഞാണ് ഞാനറിയുന്നത് ആ അവതരണം കാണുവാന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഓഫീസ് റൂമിന്‍റെ വാതില്‍ക്കല്‍ നിന്നും ആട്ടിയോടിച്ച ദേഷ്യക്കാരനായ ആ നരച്ച ചുരുണ്ട താടി മുടിക്കാരനും  ഉണ്ടായിരുന്നെന്ന്. ജനുവരി മാസത്തെ ആ തണുത്തുറഞ്ഞ ഉച്ചനേരത്ത് മെസ്സിലെ ഭക്ഷണവും കഴിച്ച് പരാമര്‍ശിക്കപ്പെടാന്‍ ആരോരുമില്ലാതെ അന്ത്യകൂദാശ ചെയ്യപ്പെടാത്തവനെപ്പോലെ ഇഴഞ്ഞുനീങ്ങിയ എന്‍റെ  കാതിലേക്ക് “നീയാണോ ഇപ്പോള്‍ ഇവിടെ അവതരിക്കപ്പെട്ട ഈ നാടകത്തില്‍ അഭിനയിച്ചത്?” എന്നൊരു ഗര്‍ജ്ജനം വന്നുപതിക്കുകയായിരുന്നു. “അതേ” എന്ന നിലവിളിയോടെ ഞെട്ടിത്തിരിഞ്ഞ എന്‍റെ കണ്ണുകളെ വിശ്വസിക്കാനാവാതെ ആ നരച്ച ചുരുണ്ട താടി മുടിക്കാരന്‍ എന്നെ നോക്കി മന്ദസ്മിതം പൂകി തന്‍റെ ഇരു കരങ്ങളും വിടര്‍ത്തി  തുറന്നുപിടിച്ചു കൊണ്ട് എന്‍റെ അടുത്തേക്കു തന്നെ നടന്നുവരികയായിരുന്നു. “നിന്നെ ഞാന്‍  അന്വേഷിക്കുകയായിരുന്നു” എന്നു പറഞ്ഞു തന്‍റെ ഇരുകരങ്ങല്‍ വിടര്‍ത്തി എന്നെ ചങ്കോടണച്ചുകൊണ്ടു ഇങ്ങനെ അഭിനന്ദിച്ചു. “ നീ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു, നിന്നെ ഇതുവരെ എന്‍റെ ഒരു ക്ലാസ്സിലും കണ്ടിട്ടേ ഇല്ലാ, എന്തേ നീ ഇതുവരെ എന്‍റെ ഒരു ക്ലാസ്സിലും പങ്കെടുക്കാഞ്ഞത്?” അഭിനന്ദനവും ഒപ്പം ഇഷ്ടവും കരുതലും കലര്‍ന്ന പരിഭവഭാവത്തിലുള്ള ആ ചോദ്യത്തിന് മുമ്പില്‍, താടിക്കാരനേപ്പോലെതന്നെ വെളുത്തു നരച്ച കമ്പിളി ഉടുപ്പിന്‍റെ ചൂടിലമര്‍ന്ന് ഞാന്‍ ചുറ്റും നടക്കുന്നത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാനാവാതെ ആ ഇടനാഴിയില്‍ പകച്ചുനിന്ന് ഉത്തരം പറയുവാന്‍ വിക്കി. "സ..സ... സര്‍ സര്‍ സ... സര്‍..ഞ..ഞാ.ഞാന്‍...ഞാന്‍ അഭിനയ വിദ്യാത്ഥി അല്ലാ സാര്‍.... ഞ..ഞാ ഞാന്‍ ഒരു സംവിധാന വിദ്യാര്‍ത്ഥിയാണ് സാര്‍." "നിനക്കാരാണിവിടെ സംവിധാനം നല്‍കിയത്? നീ ഒരു നല്ല നടനാണ്‌.  നീ അഭിനയിക്കണം. സംവിധാനവും ഡിസൈനിങ്ങും വിട്ടോ... എന്നിട്ട്‌ നീ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കു..." അതൊരു വാത്സല്യം നിറഞ്ഞ ആക്രോശമായിരുന്നു. അതെ, ആട്ടിയോടിക്കപ്പെട്ട ആക്രോശം, പക്ഷേ ആ ആക്രോശങ്ങളുടെയും ആട്ടിയോടിക്കലുകളുടെയും പിന്നില്‍, അഭിനയകലയെ ജീവവായു പോലെ കൊണ്ടുനടക്കുന്ന, ഓരോ മനുഷ്യാത്മക്കളുടെയും പ്രാധാന്യത്തെ തിരിച്ചറിയുന്ന, അതിനുവേണ്ടി വാദിക്കുന്ന കാര്‍ക്കശ്യവും സഹാനുഭൂതിയും നിറഞ്ഞ കരുതലുണ്ടായിരുന്നു, വാത്സല്യമുണ്ടായിരുന്നു. ആദ്യ സിനിമയ്ക്ക് തന്നെ ബെസ്റ്റ് ആക്ടര്‍ക്കുള്ള ഓസ്കാര്‍ അവാര്‍ഡ് കിട്ടിയവനെപ്പോലുള്ള എന്‍റെ പരവേശവും അന്ധാളിപ്പും കാണാന്‍ ആ ഒറ്റപ്പെട്ട നീണ്ടുനിവര്‍ന്ന ഇടനാഴിയില്‍ എന്‍റെ ബാച്ചില്‍ പഠിച്ച ആരുമുണ്ടായിരുന്നില്ല. അനുഗ്രഹിച്ചാശീര്‍വ്വദിച്ച കൊടിമരം പോലെ എന്നെ ഒറ്റയ്ക്ക് നിര്‍ത്തിയിട്ടു പോയ ആ മെത്രാനെക്കാണാന്‍ ഭാഗ്യത്തിനു എന്‍റെ ജൂനിയര്‍ ബാച്ചില്‍ പഠിച്ച ഒന്നുരണ്ടു വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. പക്ഷെ ഇതൊക്കെ ആരോട് പറയാന്‍, ആര് വിശ്വസിക്കാന്‍? മഹാനടന്‍, അഭിനയ ഗുരു നസറുദ്ദീന്‍ ഷാ, ക്ലബ്ബിന്‍റെ വാര്‍ഷികത്തിനും അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷത്തിലും മിമിക്രിയും, സിനിമാറ്റിക് ഡാന്‍സും മാട്ടകളിച്ചു നടന്ന എന്നെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു എന്ന് വിളിച്ചുകൂവി നടന്നാലും, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പോലും ഒരിക്കലും വിശ്വസിക്കാന്‍ പോകുന്നില്ല.  ആഗ്രഹിക്കപ്പെടാത്ത ആ കെട്ടിപ്പിടുത്തകഥയെ ഒരു കെട്ടുകഥയായി മാത്രം വിശ്വസിക്കാനേ ആള്‍ക്കാര്‍  തുനിയുകയുള്ളൂ. ആദ്യ ദര്‍ശനത്തിനു ശേഷം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പഴയ രജനീകാന്തിനെ വീണ്ടും തിരിച്ചറിയുമോ എന്ന ശങ്കയാല്‍ മുഖം തിരിച്ചുപോവാന്‍ തുടങ്ങിയപ്പോള്‍ അത് വീണ്ടും സംഭവിച്ചു, ദൂരെ നിന്നേ കൈകള്‍ വിടര്‍ത്തി  മന്ദസ്മിതം പൊഴിച്ചുകൊണ്ട്‌ വീണ്ടും അരികിലേയ്ക്ക്... കെട്ടിപ്പിടുത്തകഥ മറ്റുള്ളവര്‍ കെട്ടുകഥയായി വിശ്വസിക്കുന്നു എന്ന് ഒരൊറ്റ ശ്വാസത്തില്‍ പരാതിപ്പെട്ടപ്പോള്‍, ആരുടേയും കൂടെ ഒരു പടങ്ങള്‍ക്കും പോസ് ചെയ്യാത്ത ആ നരച്ച താടി, ഞാന്‍ ആദ്യ പ്രതിഫലത്തിനു വാങ്ങിയ മൈക്രോ മാക്സ് ഫോണില്‍ കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുപ്പിച്ചു, ആ ഫോട്ടോ എടുത്തതോ... എന്നിലെ നടനെ തിരിച്ചറിഞ്ഞിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ മറ്റൊരു അതുല്യ നടന്‍, സീനിയര്‍ ആദില്‍ ഹുസൈന്‍! 

കുമാരദാസ്  രജനീകാന്തിനോടൊപ്പം 

രജനീകാന്താവാന്‍ പറ്റാത്തതിലുള്ള നിരാശയിലും വേദനയിലും, മഹാനടനാല്‍ അഭിനന്ദിക്കപ്പെട്ട ആ കറുത്തവെടച്ച സൂപ്പര്‍ സ്റ്റാറിനെ ഉള്ളില്‍ തന്നെ ഉറക്കികിടത്തി, ഇന്ത്യന്‍ ദലിത്‌വത്ക്കരണത്തിന്‍റെ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ഗ്രീക്ക് നാടകം “ദി ട്രോജന്‍ വുമന്‍” ഡിപ്ലോമ നാടകമായി സംവിധാനവും ഡിസൈനിങ്ങും നിര്‍വ്വഹിച്ചു, നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും മൂന്നു വര്‍ഷത്തെ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ വിജയകരമായി പൂര്‍ത്തിയാക്കി പുറത്തുവന്നു. തുടര്‍ന്ന് സ്വതന്ത്ര നാടക സംവിധായകനായും ചെക്കോസ്ലോവാക്യയിലെയും ചൈനയിലെയും അന്താരാഷ്ട്ര തിയ്യേറ്റര്‍ ഡിസൈനിംഗ് ഫെസ്റ്റിവലുകളില്‍ പങ്കെടുത്തതുള്‍പ്പെടെ ദേശീയ- അന്തര്‍ ദേശീയ നാടകങ്ങളുടെ ഡിസൈനറായും പഞ്ചാബ്‌ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് ഫാക്കല്‍ട്ടിയായും മൂന്നുവര്‍ഷത്തെ ഡെല്‍ഹി ജീവിതം. അന്ന് ഒരിക്കല്‍പ്പോലും എന്നില്‍ ഉറങ്ങിക്കിടന്ന സൂപ്പര്‍സ്റ്റാറിനെ വിളിച്ചുണര്‍ത്തി ഒന്ന് മൂത്രം ഒഴിപ്പിക്കാന്‍ പോലും അവസരം ലഭിച്ചിട്ടില്ല.

മൂന്നുവര്‍ഷത്തിന് ശേഷം വളരെ ആകസ്മികമായി ഹോസ്പിറ്റലില്‍ ആഡ്മിറ്റായ ഞാന്‍, ഒരു ഞെട്ടലോടെയാണ് എന്‍റെ രോഗവിവരത്തെപ്പറ്റി അറിയുന്നത്‌. ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത മേജര്‍ സര്‍ജറിക്ക് വിധേയനായതിനു ശേഷം ഭാഗികമായി കാഴ്ചയും സംസാര ശേഷിയും ശരീരത്തിന്‍റെ ബാലന്‍സും നഷ്ടപ്പെട്ട എന്നെ ഏറെ വേദനിപ്പിച്ചത്, നീണ്ട പത്തു മുപ്പതുവര്‍ഷം നടന്‍ ആവാന്‍ വേണ്ടി സ്വപ്നം കണ്ടുനടന്ന് മിമിക്രിയും സിനിമാറ്റിക് ഡാന്‍സും മാട്ടകളിച്ചു കൈയും പൊള്ളിച്ചു തൃശ്ശൂര്‍ ജില്ലയിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ വരെ എത്തിയ, കോട്ടയം ജില്ലയിലെ കോത്തല എന്ന ഒരു മംഗളം-മനോരമ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്കിനി എന്‍റെ അഭിനയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കില്ലല്ലോ എന്ന ചിന്തയായിരുന്നു. മനസ്സും ശരീരവും കൈവിട്ട്  ജീവിതം വഴിമുട്ടിപ്പോയപ്പോള്‍ ഒരൊറ്റ പ്രാര്‍ത്ഥന മാത്രമേ അവശേഷിച്ചിരുന്നുള്ളൂ എന്‍റെയുള്ളില്‍. ഒരു നടനാവാന്‍ ആത്യന്തികമായും വേണ്ട നഷ്ടപ്പെട്ട കാഴ്ചയും സംസാരശേഷിയും ആരോഗ്യവും ഒരിക്കല്‍ക്കൂടി തിരിച്ചു തരണേ എന്ന് മാത്രമായിരുന്നു. എങ്കില്‍, മുപ്പത്തിരണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാവാതെ പോയ ആ ചിരകാല  സ്വപ്നം ഞാന്‍ പൂര്‍ത്തീകരിക്കും എന്ന ദൃഢശപഥവും.

ജീവിതം വഴിമുട്ടി രോഗശയ്യയില്‍ ഏഴു മാസത്തെ വിശ്രമജീവിതം നയിച്ച എനിക്ക് തികച്ചും അത്ഭുതകരമായി കൈവന്നത് മധ്യപ്രദേശ്‌ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ് എന്ന ഉന്നതപദവി ആയിരുന്നു. ഞാനുള്‍പ്പെടെ മാതാപിതാക്കന്മാരുടെ ചികിത്സാച്ചെലവും സംരക്ഷണയും എന്നെ ചെറുപ്പം മുതലേ നോക്കി വളര്‍ത്തിയ വല്യമ്മച്ചിയുടെ വിയോഗവും ഞാന്‍ നേരിട്ട സാമ്പത്തിക ബാധ്യതകളും ആ ജോലി ഏറ്റെടുക്കുവാന്‍ എന്നെ നിര്‍ബന്ധിതനാക്കി. മൂന്നര വര്‍ഷത്തെ നാടക ഡിസൈനിംഗ് അധ്യാപനത്തിന്‍റെയും സംവിധാനത്തിന്‍റെയും ഇടയില്‍ അയര്‍ലണ്ടില്‍ ആദ്യമായി ഒരു ഇന്ത്യന്‍ നാടകം സംവിധാനം ചെയ്തു അവതരിപ്പിക്കുവാന്‍ സാധിച്ചെങ്കിലും എന്‍റെ  പരമ പ്രധാനമായ ജീവിതദൗത്യത്തില്‍ നിന്നും പിന്മാറിയില്ല. ഞാന്‍ നേരിട്ട കടങ്ങള്‍ എല്ലാം വീട്ടി  മുന്‍പോട്ടു പഠിക്കുവാനുള്ളതും മാതാപിതാക്കന്മാരുടെ സംരക്ഷണത്തിനുള്ളതുമായിട്ടു കുറച്ചു പൈസയും സമ്പാദിച്ചു ഞാന്‍ വീണ്ടും പഠിക്കുവാന്‍ തീരുമാനിച്ചപ്പോള്‍, എനിക്ക് അഡ്മിഷന്‍ കിട്ടിയത് ഇന്ത്യാമഹാരാജ്യത്തിന്‍റെ അടുത്ത മഹാവിദ്യാലയത്തില്‍. പെണ്ണും പിടക്കോഴിയുമായിട്ട്, വീട്ടുകാര്‍ക്ക് ചെലവിനും കൊടുത്തു ജീവിക്കേണ്ട ഞാന്‍, നല്ല ഒന്നാംതരം ജോലിയും  കളഞ്ഞു, സ്കൂള്‍ ഓഫ് ഡ്രാമായിലും, ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചതും പോരാഞ്ഞു, മുപ്പത്തഞ്ചാം വയസ്സിലും സിനിമാ നടന്‍ ആകാന്‍ ചെന്നത് ചരിത്ര പ്രസിദ്ധമായ പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍. 

മാസ്റ്റര്‍ ക്ലാസ്സിന്‍റെ ആദ്യ ദിവസം അന്വേഷിച്ചിറങ്ങിയാല്‍ പടച്ചംമ്പ്രാനെ വരെ കൈയ്യില്‍ കിട്ടും എന്നര്‍ത്ഥമുള്ള  “ദൂണ്ട് നെ സെ ഖുദാ ഭി മില്‍ ജാതാ ഹൈന്‍! എന്ന ഹിന്ദുസ്ഥാനി ചൊല്ല് പറയുമ്പോള്‍  തന്‍റെ മുന്നില്‍ ഇരിക്കുന്ന പത്തു വിദ്യാര്‍ത്ഥികളിലോരാള്‍  എഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മാറോടണച്ച കറുത്ത് കണ്ണട വച്ച സൂപ്പര്‍സ്റ്റാര്‍  ആണെന്ന് നരച്ച വെളുത്തുചുരുണ്ട താടിക്കാരന്‍ തിരിച്ചരിഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നീടുള്ള ഒന്നര വര്‍ഷക്കാലത്തെ ഫിലിം ഇന്‍സ്റ്റിട്ടയൂട്ട് ജീവിതത്തില്‍  ഇരുപതിലധികം ദിവസമാണ് അദ്ദേഹത്തിന്‍റെ ശിക്ഷണത്തിലും കരുതലിലും റിയലിസ്റ്റിക് ആക്ടിംഗിന്‍റെ അടിസ്ഥാനതത്വം ബീയിംഗ് ഇന്‍ മോമെന്‍റ് പരിശീലിക്കുവാന്‍ സാധിച്ചത്. രാത്രിയിലും പകലിലും ഒരുമിച്ചുള്ള ആ ഇരുപതു ദിവസക്കാലം, അദ്ദേഹത്തിന്‍റെ  അച്ചടക്കവും കാര്‍ക്കശ്യവും നിറഞ്ഞ പരിശീലനത്തിനിടയില്‍  സ്നേഹവും പരിലാളനയും ഇടയ്ക്കിടയ്ക്ക് കുസൃതി നിറഞ്ഞ തമാശ രൂപേണയുള്ള പരിഹാസവും ആവോളം ലഭിച്ച് ക്ലാസ്സുകളുടെ അവസാനം അദ്ദേഹത്തിനെക്കൊണ്ട് ഭാരിച്ച തുകയാല്‍ ചെലവും ചെയ്യിപ്പിച്ചിട്ടാണ് തിരിച്ചയക്കുക. ഒരിക്കല്‍ ക്ലാസ്സിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്ന എന്‍റെ ചുമലില്‍  മറ്റു സഹപാഠികള്‍ പ്രായത്തില്‍ മൂത്ത എന്നെ വിളിക്കുന്നതു പോലെ “കുമാര്‍ ദാ” എന്നു വിളിച്ചുകൊണ്ട് ഒരു കൈ വന്നു പതിഞ്ഞു. ഞാന്‍ വലിയ  ഭാഗ്യവാനാണെന്ന് തോന്നിയ മറ്റൊരു അനുഭവം, പിന്നീട് പരിശീലനത്തിന്‍റെ ഭാഗമായി ഞാന്‍ ചെയ്ത ഒരു രംഗാവതരണത്തിനു ശേഷം വിധിന്യായം കേള്‍ക്കുവാന്‍ പേടിച്ചരണ്ട് അദ്ദേഹത്തിന് മുന്നില്‍ നിന്നപ്പോള്‍,  അദ്ദേഹം ഇരിപ്പിടത്തില്‍ നിന്നും മെല്ലെ എഴുന്നേറ്റ് ഒരിക്കല്‍ക്കൂടി എന്‍റെ അരികില്‍ എത്തി !  നിശ്ശബ്ദത...ദൂണ്ട് നെ സെ ഖുദാ ഭി മില്‍ ജാതാ ഹൈന്‍ ! അഭിനന്ദനത്തിന്‍റെ ചൂട്.

"ഇവരെല്ലാം അങ്ങനെ പഠിച്ചിട്ടാണോടാ ഈ സിനിമേല്‍ അഭിനയിക്കുന്നത്” എന്ന് അപ്പന്‍റെയും അമ്മേടെയും ചോദ്യത്തിന് മുമ്പില്‍ ഉത്തരം കിട്ടാതെ, വായില്‍ പഴം തള്ളിയവനെപ്പോലെ ഇങ്ങനെ ജീവിക്കുന്ന എന്‍റെ പേരും, അങ്ങനെ രാജ്യത്തെ  മഹത് വിദ്യാലയങ്ങളായ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും, പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍  നിന്നും ഇതുവരെ പഠിച്ചിറങ്ങിയ രണ്ടേ രണ്ടു നടന്മാര്‍ എന്ന് ഖ്യാതി നേടിയ അഭിനയ കുലപതികളായ നസറുദ്ദീന്‍ ഷാക്കും ഓം പുരിക്കുമൊപ്പം മൂന്നാമതൊരാളായി ചേര്‍ക്കപ്പെട്ടു.

“നാന്‍ വീഴുവേനെട്രു നിനയ്ത്തായോ” എന്നാ തലൈവരുടെ മാസ് ഡയലോഗു പോലെ പിടിവിട്ടുപോയ ജീവിതം ഹ ഹാ ഹാ ഹാ എന്ന് ചിരിച്ചു തിരിച്ചു പിടിച്ചു. 'ഇരുപത്തഞ്ചു വര്‍ഷത്തിക്ക് മുന്നാലെ എപ്പടി പോനാണോ കബാലി അപ്പടിയേ തിരുമ്പി വന്തിട്ടെനു' എന്ന് പറഞ്ഞു, കാല കാരികാലന്‍റെ മുന്നില്‍ ഒരൊറ്റനില്‍പ്പായിരുന്നു മുംബയില്‍. കാറ്റും മഴയും കരണ്ടുകട്ടുമുള്ള ആ വൈകുന്നേരം ക്ലബ്ബിന്‍റെ കൊച്ചുതിണ്ണയിലെ ഗ്രെയിന്സുള്ള ആ കെല്‍ട്രോണ്‍ ടിവിയില്‍ കണ്ട സര്‍പ്പസൗന്ദര്യമുള്ള, വശ്യമായി തിളങ്ങുന്ന ആ കണ്ണുകള്‍, കാലയില്‍ കരികാലനായി വേഷപ്പകര്‍ച്ച നടത്തുന്നത് നേരിട്ടു കണ്ടു.

ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ പഠനത്തിന്‍റെ ഭാഗമായി ദിവസവും വൈകുന്നേരം അക്കാദമിക് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാറുള്ള മെയിന്‍ തിയറ്റര്‍ എന്ന പ്രദര്‍ശനശാലയില്‍ തന്‍റെ കബാലി എന്നചിത്രം പ്രദര്‍ശിപ്പിക്കാന്‍ വന്നപ്പോള്‍, പാ രഞ്ജിത്ത് കാണുന്നത്, ഒരു ക്യാമ്പസ് മുഴുവന്‍ ഇളകി മറിഞ്ഞു വിസിലടികളും പേപ്പര്‍ ഏറുകളും തലൈവാ എന്ന നീട്ടിവിളികളാലും  കൂക്കിവിളികളാലും കരഘോഷങ്ങളാലും ഡയലോഗുകളാലും മുഖരിതമായ ഹൗസ്ഫുള്‍  തെന്നിന്ത്യന്‍ സിനിമാ കൊട്ടകയാണ്. ആ സന്ദര്‍ശനത്തില്‍ പരിചയപ്പെട്ട രഞ്ജിത്ത് അണ്ണന്‍ എന്ന കരുത്തുറ്റ സംവിധായകന്‍റെ കാല എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ, ഞങ്ങളുടെ സിനിമാട്ടോഗ്രാഫി പ്രൊഫസര്‍ ദിവാകരന്‍ സാറിനോടൊപ്പം വന്ന ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തിയത്, അദ്ദേഹത്തിന്‍റെ സ്റ്റുഡന്‍റും ഞങ്ങളുടെ സീനിയറും കബാലിയുടെയും കാലയുടെയും ഛായാഗ്രാഹകനായ മുരളി അണ്ണന്‍ (മുരളി ജി.) ആയിരുന്നു. ചിത്രീകരണത്തിനിടെ ഒരു ഫൈബര്‍ ചെയര്‍ ഒരു കയ്യില്‍ എടുത്തിട്ട് “ഞാന്‍ ഈ കസേര എടുത്തു അവിടെക്കൊണ്ട് പോയി ഇരുന്നോട്ടെ” എന്ന് ചോദിച്ചു കസേര ഇട്ടിരുന്നു സ്ക്രിപ്റ്റ് പഠിക്കുന്ന  തലൈവരുടെ മുന്നിൽ നൻപൻ ശ്രീകാന്ത് ശിവസ്വാമി സമ്മാനിച്ച 'സൂപ്പർസ്റ്റാർ ഫോർ എവർ' എന്നെഴുതിയ അദ്ദേഹത്തിന്‍റെ മുഖമുള്ള ടീ ഷര്‍ട്ട്  ധരിച്ച്, സാര്‍ ഞാന്‍ കുമാരദാസ്, അഭിനയം പഠിക്കുന്ന ഒരു സ്റ്റുഡന്‍റ് എന്ന് പറഞ്ഞു ആ കരങ്ങളില്‍ തൊടുമ്പോള്‍. "ഓ..എഫ് ടി ഐ യാ?  ഓ കേരളാ വാ..." എന്നു കുശലാന്വേഷങ്ങള്‍ ചോദിച്ചു ചേര്‍ത്ത് പിടിച്ചു അദ്ദേഹം പറഞ്ഞു, "ഏയ് ഗ്രൂപ്പ് ഫോട്ടോ?, ഇന്‍റിവിജ്വലാ എടുക്കലാം...." ഒരു നടനാവാന്‍ വേണ്ടി തൊഴില്‍ കളഞ്ഞ് ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്ന്  “ഏന്‍ വഴി... തനി വഴി....” എന്ന് ലോക സിനിമയില്‍ സ്വന്തം പാത വെട്ടിത്തുറന്ന തലൈവര്‍ രജനീകാന്തും മഹാനടന്‍ നസറുദ്ദീന്‍ ഷായും; നടനാവാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട എനിക്ക്, അഭിനയത്തിന്‍റെ രണ്ടു വഴികള്‍ തുറന്നുനല്‍കിയ എന്‍റെ കാണപ്പെട്ട രണ്ടു ദൈവങ്ങള്‍.

ഖുദ ! ദൂന്ദ് നെ സെ മില്‍ ഹി ജാതാ ഹൈന്‍ !

 
2020 തുടക്കത്തിൽ പൂർത്തിയായ, രവിശങ്കർ കേരള സംവിധാനം ചെയ്ത ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ  2016-19 ബാച്ച് ഫൈനൽ ഇയർ  ഡിപ്ലോമ ഫിലിം  (Utopia) ബൗദ്ധവപുരം ടീസർ. 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image