Image

കാര്ഷികാധ്വാനത്തിന്റെ ചൂരും തീയുമായ കലകള്

കാടും കാവും കണ്ടൽകാടുകളും കടൽത്തീരങ്ങളും ആവാസ വ്യവസ്ഥയായിട്ടുള്ള ജനതയുടെ കുന്നുകളിലെയും കണ്ടികളിലെയും കൈപ്പാടുകളിലെയും കടലോരത്തേയും ജൈവജീവനം മനുഷ്യാധ്വാനത്തിലധിഷ്ഠിതമായിരുന്നു. സ്വയം സമ്പൂർണ്ണവും സാംസ്കാരിക വൈവിധ്യവും ഭൗതികാടിത്തറയുമുള്ള ആത്മീയജീവിതത്തിന്റെ പ്രകാശനങ്ങളായിരുന്നു ഈ സ്ഥലരാശി. യാതൊരു ഭരണകൂടത്തിന്റെയും പിന്തുണയോ ഒത്താശയോ ലഭിക്കാതെയാണ് ഈ സാംസ്കാരികഭൂമിശാസ്ത്രത്തെ തങ്ങൾക്കനുകൂലമായി കഠിനാധ്വാനത്തിലൂടെ ഇവർ മാറ്റിയെടുത്തത്. ആ അർത്ഥത്തിൽ  പ്രതിജനഭിന്നസർഗാത്മകതയുടെ ആഴം ഈ സംസ്കാരങ്ങൾക്കവകാശപ്പെടാനാവും. ജനജീവിതാവബോധത്തിന്റയും പാരിസ്ഥിതിക ലോകവീക്ഷണത്തിന്റെയും നാട്ടുസംസ്കാരത്തിന്റെ 'അറ'യാണ് (ധമ്മം) തെയ്യമായും തിറയായും മറ്റ് അനുഷ്ഠാനകലകളായും സർഗ്ഗാത്മകമായത്. കാർഷികാധ്വാനത്തിന്റെ ചൂടും ചൂരും എങ്ങനെ കലകളായി, അനുഷ്ഠാനമായി മാറി എന്നത് വേണ്ടത്ര അന്വേഷണത്തിന് വിധേയമായിട്ടില്ല. ഫോക്ക് ലോറിന്റെ ഭാഗമായി ഇവയെ പഠനവിധേയമാക്കിയെങ്കിലും  തദ്ദേശീയ ജനതയുടെ സമഗ്ര രാഷ്ട്രീയ പരിസരത്തു വച്ച് പരിശോധിച്ചിട്ടില്ല.


ഇന്ത്യന് അവസ്ഥയെന്നത്, കേരളത്തിന്റേത് സവിശേഷമായും, എട്ടാം നൂറ്റാണ്ടിന് ശേഷം വർണാധിഷ്ഠിതമോ ജാത്യാധിഷ്ഠിതമോ ആയ സമൂഹമായി വിഭജിക്കപ്പെടുന്നുണ്ട്. സമത്വാധിഷ്ഠിതമായ ജൈന-ബുദ്ധ ജനജീവിതാധികാരത്തെ സാമൂഹികമായും പ്രത്യയശാസ്ത്രപരമായും ഉന്മൂലനം ചെയ്തുകൊണ്ടാണ് അസമത്വാധിഷ്ഠിത ബ്രാഹ്മണ്യാധികാരം സ്ഥാപിതമാകുന്നത്. ബ്രാഹ്മണ്യ പൗരോഹിത്യത്തിന്റെ ഭൗതികസുഖത്തിനും ഹിതത്തിനും അനുകൂലമായി സാമൂഹിക പ്രക്രിയയെ മാറ്റിയെഴുതിയത് ജാതി വ്യവസ്ഥയെ  സ്ഥാപനവൽക്കരിച്ചു കൊണ്ടാണ്. അടിമത്തസമ്പ്രദായം അതിന്റെ അതിക്രൂരവും ആഖ്യാനാതീതവുമായ ചൂഷണവ്യവസ്ഥയായിരുന്നു. മിഷണറിമാരുടെ നിരന്തര ശ്രമഫലമായി1853-ൽ നിയമം മൂലം നിർത്തലാക്കുന്നതു വരെ കേരളത്തിൽ അടിമത്തം നിലനിന്നു. അതിനു ശേഷവും വ്യത്യസ്ത രീതികളിൽ കേരളത്തിൽ അടിമത്തം തുടരുന്നുണ്ട്. പഴയ തിരുവിതാംങ്കൂർ ദേശരാഷ്ട്രമായി നിലനിന്നതു തന്നെ കാർഷികാടിമകളായ ജനതയുടെ ശാരീരികാധ്വാനത്തിന്റെ മുകളിലാണ്. ചരിത്രത്തിലുടനീളം ഈ ജനത ചൂഷണത്തിനടിപ്പെട്ടു. എങ്കിലും അവരുടെ ശാരീരികാധ്വാനത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളിൽ നിന്ന് നാടൻകലകൾ ഉരുവായി. ആട്ടവും കൊട്ടും പാട്ടുമുണ്ടായി. ആട്ടുകൊട്ടുപാട്ട്ലാതൻമാരും കോതമാരുമുണ്ടായി.

 

കാട് ആളുന്നവരുടെ, കാട്ടളരുടെ ആദിമനിവാസികളുടെ ജീവിതാധികാരത്തിന്റെ പുരാവൃത്തലോകമാണ് ഗോത്രകലകളിലൂടെ പ്രതിനിധാനം ചെയ്യപ്പെട്ടത്. മേൽ ലോകത്താൽ കീഴ് ലോകം ചൂഷണവിധേയമാകുന്നതിന്റെയും ചൂഷണാധിഷ്ഠിത ലോകത്തെ മറിക്കടക്കുന്നതിന്റെയും വിശാല സ്വാതന്ത്ര്യഭാവനയുടെ പുരാവൃത്തങ്ങളായി ഗോത്രകലകൾ മാറുന്നു. കീഴ്പ്പെടുത്തപ്പെട്ടവരുടെ ചരിത്രവും നീതിബോധവും ലോകവീക്ഷണവും സാംസ്കാരികമായി സമത്വദർശനത്തിന്റെ നിദർശനമായി മാറുന്നതെങ്ങനെയെന്ന് ഗോത്രകലകൾ പറഞ്ഞു തരും. പ്രകൃതിയും പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യരും ജന്തുജാലങ്ങളും സമ്യക്കായി ഇവിടെ ചുവടുറപ്പിക്കുന്നു. ജൈവപ്രകൃതിയുടെ താളലയങ്ങൾ അത്രമേൽ ഗോത്രകലകളിൽ അന്തർലീനമായിരിക്കുന്നു.

 

പുനം കൃഷിയിൽ നിന്ന് കോൾ കൃഷിയിലേക്കുള്ള ഇറക്കത്തോടൊപ്പം അടിമത്തവും ജാതി വ്യവസ്ഥയും പീഢവൽക്കരിക്കപ്പെടുന്നുണ്ട് കേരളത്തിൽ. പരശുരാമൻ ഉപയോഗിച്ച മഴു ഈയർത്ഥത്തിൽ കേരളത്തിന്റെ ജൈവ പരിസ്ഥിതിക്കു മേൽ ഉപയോഗിക്കപ്പെട്ട ആയുധം കൂടിയായിരുന്നു. ഈ മാറ്റം കേരളത്തെ സംബന്ധിച്ചിടത്തോളം ബഹുജന ജീവിതാധികാരത്തിന്റെ മേലെയുള്ള വർണ ജാതി ഭരണകൂടാധിപത്യം കൂടിയാണ്. അധികാര രാഷ്ട്രീയത്തിന്റെ ഈ ആധിപത്യ വഴികൾ പ്രയോജനകരമായത് ബ്രാഹ്മണ്യ പുരോഹിത സമൂഹത്തിനും ആ വ്യവസ്ഥയുമായി സാമൂഹിക ഉടമ്പടിയിലേർപ്പെട്ടവർക്കുമായിരുന്നു. തിരുവിതാംകൂർ രാജാക്കന്മാർ അധികാരാരോഹണ സമയത്ത് എടുക്കുന്ന പ്രധാന പ്രതിജ്ഞ ബ്രാഹ്മണരെയും പശുക്കളെയും സംരക്ഷിക്കുമെന്നായിരുന്നു. മാർത്താണ്ഡവർമ്മ ഒടുവിൽ പത്മനാഭദാസനായി മാറി ഹിന്ദുത്വഭരണകൂടത്തിന് തറക്കല്ലിട്ടു. അതിൽ നിന്ന് തദ്ദേശീയ ജനതയ്ക്ക് മോചനം നൽകാൻ അയ്യൻകാളിയും പൊയ്കയിൽ അപ്പച്ഛനും ജനിക്കേണ്ടി വന്നു. പൊയ്കയിൽ അപ്പച്ഛന്റെ അടിമപ്പാട്ടുകളാണ് തിരുവിതാംകൂറിലെ അടിത്തട്ടു ജനതയുടെ ചരിത്രാഖ്യാനങ്ങൾ. അടിമത്ത ജനതയുടെ നേരും നെറിയും ഉൾക്കൊള്ളുന്ന ആ ആഖ്യാനങ്ങൾ വർണ ജാതി സങ്കുചിതബോധത്തെ റദ്ദ്ചെയ്ത് പുതിയൊരു മലയാളിയെ സങ്കല്പിക്കുന്നതിന്റെ പ്രായോഗിക ചിത്രമാണ്.


കേരളത്തിലെ ക്ലാസിക്ക് കലകൾ ഈ ഭരണകൂട സ്ഥാപനവൽക്കരണത്തിന്റെ പരിലാളനയ്ക്കൊപ്പമാണ് വളർന്നു വികസിക്കുന്നത്. കഥകളി, ചാക്യാർകൂത്ത്, കൂടിയാട്ടം, എന്നീ കലകൾക്ക് കിട്ടിയ അതാതു കാലത്തെ ഭരണകൂട കേന്ദ്രീകൃതമായ സഹായം നിസ്സീമമായിരുന്നു. വളരെ ചെറിയൊരു ശതമാനം ക്ഷേത്ര ജനതയ്ക്കായി കൃത്രിമമായി ചിട്ടപ്പെടുത്തിയവയായിരുന്നു ഈ കലകൾ. കഥകളിയെന്ന കലാരൂപം പ്രകടമായി തന്നെ വർണ്ണവ്യവസ്ഥയും ജാതി വ്യവസ്ഥയും പരിപാലിക്കുന്നതാണ്. അതിലെ പച്ച, കത്തി വേഷങ്ങൾ പ്രത്യക്ഷമായും സവർണ ദൈവ സങ്കല്പങ്ങളെയും അസുര ഭൗതിക പരിസരത്തെയും പ്രതിനിധീകരിക്കുന്നവയാണ്. അസുര വീരനായകരെ അത്രയും ഹിംസാത്മകമായി ഉന്മൂലനം ചെയ്യപ്പെടുന്നതിന്റെ ആഖ്യാനമാണ് കഥകളി. കേരളത്തിലെ അമ്പലവട്ടത്ത് മാത്രം കേന്ദ്രികരിക്കപ്പെട്ട ഈ കലാരൂപത്തിന് വള്ളത്തോൾ സ്ഥാപിച്ച കലാമണ്ഡലത്തിലൂടെയാണ് പൊതുസമ്മതി ലഭിക്കുന്നത്. നിരന്തരം ഹിംസയെ ആഖ്യാനവൽക്കരിക്കുന്ന ഈ കലാരൂപത്തെയാണ് മലയാളിദേശീയതയായി വ്യാഖ്യാനിക്കാൻ സാംസ്കാരിക നായകന്മാർ ഉണ്ടായത്. പില്ക്കാലത്ത് ഇടതും വലതുമായ അക്കാദമിക് വരേണ്യർ ഈ കലയെ വിമർശനരഹിതമായി പിന്തുണയ്ക്കുകയുണ്ടായി.

 

അധ്വാനപരമായി ജ്ഞാനികളാണെങ്കിലും എല്ലാ അർത്ഥത്തിലും വിഭവ ദരിദ്രരായി തീർന്നവരായിരുന്നു കേരളത്തിലെ ജാതിവ്യവസ്ഥാനന്തര കാലത്തെ ബഹുജനങ്ങൾ. ജാതി വ്യവസ്ഥയും അതിന്റെ തീക്ഷ്ണരൂപമായ അടിമത്തവും ഇവരെ കൂടുതൽ വിഭവ ദരിദ്രരാക്കി. ബ്രഹ്മസ്വമെന്നും ദേവസ്വമെന്നും പേരിൽ ഇടനാടൻ ശുദ്ധ ജലവിഭവങ്ങളുള്ള ഇടങ്ങളെല്ലാം ബ്രാഹ്മണർ ജന്മം തീറാധാരമായി കൈവശപ്പെടുത്തി. ജൈനരും ബൗദ്ധരും കൊണ്ടു നടന്ന പ്രധാനപ്പെട്ട മുക്കാൽവട്ടങ്ങൾ ബ്രാഹ്മണ പൗരോഹിത്യത്തിന്റേതാക്കി. അല്ലാത്ത ജൈന ബൗദ്ധവിഹാരങ്ങൾ ഉപയോഗശൂന്യമായി മണ്ണടിഞ്ഞ് നശിച്ചു. നശിച്ചുപോയ പല വിഹാരങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിണ്ടിനെറെ ആദിയിലും കണ്ടെടുക്കപ്പെടുന്നവയാണ്.

 

1891-ലെ സെൻസസ് പ്രകാരം ബ്രാഹ്മണരുടെ ജനസംഖ്യ 0.37 % മാത്രമാണ്. ഈഴവർക്കും മറ്റ് ദലിത് ബഹുജന വിഭാഗങ്ങൾക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതു പോയിട്ട് അതിനു ചുറ്റുവട്ടത്തു കൂടി പോലും അന്ന് പ്രവേശനാനുമതിയുണ്ടായിരുന്നില്ല എന്നോർക്കണം. അഹിന്ദുക്കളായിരുന്നല്ലോ ഇവർ. ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ട ഒരു ഗതികേടും ഇവർക്കുണ്ടായിരുന്നില്ല എന്നതാണ് സാമൂഹിക യാഥാർത്ഥ്യം. ബ്രാഹ്മണ്യ പൗരോഹിത്യത്തെ ദലിത് ബഹുജനങ്ങൾ അംഗീകരിച്ചിരുന്നില്ല. അതിനേക്കാൾ ഭൗതികാടിത്തറയുളള ആത്മീയ പാരമ്പര്യം ഉൾവഹിച്ചവരായിരുന്നല്ലോ ദലിത് ബഹുജനങ്ങൾ. കാവ് പാരമ്പര്യം ദലിത് ബഹുജനങ്ങളുടെ ശക്തമായ ശാക്തേയ ഇടമായിരുന്നു. മരിച്ചുപോയ പിതൃക്കളെ അവർ ഇവിടെ കുടിയിരിത്തി ആരാധിച്ചു. മുത്തപ്പനും ചാത്തനും ഗുളികനും അമ്മദൈവങ്ങൾക്കും അവർ പ്രാധാന്യം നൽകി. ചത്തോറെ കോലങ്ങളെ വിളിച്ചുണർത്തി അവർ തോറ്റംപാട്ടുണ്ടാക്കി. നമ്മുടെ വാമൊഴി തോറ്റങ്ങൾ, നാടൻ പാട്ടുകൾ, മന്ത്രവാദങ്ങൾ, നാടൻ കളികൾ, യക്ഷി കഥകൾ, രംഗകലകൾ, നാട്ടുഭക്ഷണങ്ങൾ, കൈവേലകൾ, ഐതിഹ്യങ്ങൾ, പൊറാട്ടുകൾ, പുരാവൃത്തങ്ങൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ, കളമെഴുത്തുകൾ, കാളി നാടകങ്ങൾ ഇങ്ങനെ ബഹുജന സംസ്കാരത്തിന്റെ പ്രപഞ്ചമെന്നത് വിശാലമായിരുന്നു. ബ്രാഹ്മണ പൗരോഹിത്യത്തെ ആശ്രയിക്കാതെ തന്നെ അതിവിശാലവും പരിസ്ഥിതി നിഷ്ഠവും സ്വയം സമ്പൂർണ്ണവുമായിരുന്നു ദലിത് ബഹുജൻ ജീവിതാധികാരമെന്ന് ഈ സംസ്കാരിക വൈവിധ്യം വെളിപ്പെടുത്തുന്നുണ്ട്. ജാതിയും അതിന്റെ ചൂഷണാധിഷ്ഠിത സാമൂഹികരൂപങ്ങളും രൂക്ഷമായിട്ടും സവർണജാതിസമഗ്രാധിപത്യത്തിന് ബഹുജന സംസ്കാരത്തിന് മേൽ അത്രമേൽ മേൽക്കോയ്മ സ്ഥാപിക്കാൻ  കഴിഞ്ഞിരുന്നില്ല എന്നത് സാംസ്കാരിക യാഥാർത്ഥ്യമാണ്. അത്രമാത്രം വൈവിധ്യം സാംസ്കാരികമായി തദ്ദേശീയ ജനതയുടെ കലകൾക്കുണ്ട്,  അനുഷ്ഠാനങ്ങൾക്കുണ്ട്.

പൊലിക പൊലിക കാട് പൊലിക.

പൊലിക പൊലിക നാട് പൊലിക
പൊലിക പൊലിക ദേശം പൊലിക
പൊലിക പൊലിക ലോകം പൊലിക


എന്നതായിരുന്നു ഇവരുടെ ദർശനം. കാടും നാടും ദേശവും പൊലിയുമ്പോൾ ലോകം മാറുന്നു എന്നത് അടിത്തട്ട് ജനതയുടെ ഭാവന മാത്രമല്ല; മറിച്ച് നീതിയുക്തമായൊരു സമൂഹ നിർമിതിയുടെ പ്രായോഗിക രാഷ്ട്രീയം കൂടിയായിരുന്നു.
കൊട്ടിവിളിച്ചു ഞാൻ പാടുന്ന നേരത്തു ഞെട്ടിയുണർന്നു പന്തലിൽ വാഴ്കയെന്നവർ പാടി. ഉടലെടുത്തു വരുന്ന നാടൻ ദേവതകളെ തോറ്റിയുണർത്തുന്ന സർഗ്ഗാവിഷ്ക്കാരമായി തോറ്റങ്ങൾ. വർണ-ജാതി- അടിമത്ത വ്യവസ്ഥക്കെതിരെ നിലകൊണ്ട വീരനായകരുടെ ജീവചരിത്രം കൂടിയാണ് തോറ്റങ്ങൾ. അതിൽ പെണ്ണും ആണും പെടും. കണ്ടി തെയ്യം തോറ്റങ്ങളും, ഭഗോതി തോറ്റങ്ങളും കീഴടങ്ങാൻ കൂട്ടാക്കാത്ത തദ്ദേശീയ ജനാവലിയുടെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ ഈടുവെപ്പുകളാണ്. ആചാരത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും സൂക്ഷമാർത്ഥത്തിൽ ഇളക്കിനോക്കിയാൽ അവയിൽ നിന്ന് ചോരപൊടിയുന്നതു കാണാം. ചെറുത്തുനിൽപ്പിന്റേയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ചോര.

 

എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടലെന്ന പൊട്ടൻ തെയ്യത്തിന്റെ ജ്ഞാനപരിസരം ജാത്യാധികാരത്തിന്റ സങ്കുചിതാവബോധത്തെ പരിഹസിക്കുക മാത്രമല്ല ബഹുജനസംസ്കാരത്തിന്റെ സമത്വദർശനത്തെയും നീതിബോധത്തെയും വാദിച്ചുറപ്പിക്കുന്നുണ്ട്. തദ്ദേശീയ ജനതയുടെ സാമൂഹിക വിമർശാവബോധത്തിന്റെ അടിത്തറയായി അത് പരിണമിച്ചു. ഉത്തരകേരളത്തിലെ പുലിമറഞ്ഞതൊണ്ടച്ഛൻ നാടുവാഴിത്ത അസമവ്യവസ്ഥയെക്കതിരെയുള്ള പ്രതിരോധവും രാഷ്ട്രീയവുമായി. ചത്തോറെ കോലങ്ങൾ ഭൗതിക യാഥാർത്ഥ്യമായി ജീവിച്ചു തീർക്കുന്നവർക്കിടയിൽ ഉറഞ്ഞു നിറഞ്ഞു. കുമ്മാട്ടി, പൂതനും തിറയും, കാളിക്കെട്ട്, മുടിയാട്ടം, മംഗലംകളി എന്നീ അനുഷ്ഠാനകലകൾ സാംസ്കാരിക വൈവിധ്യങ്ങളെ വെളിപ്പെടുത്തുന്നതോടൊപ്പം അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയാവിഷ്ക്കാരം  കൂടിയായി മാറിയതിന്റെ ചരിത്രമാണ് ബഹുജന കലകളുടേത്. ഇന്നും ഈ സാംസ്കാരിക തലമാണ് മലയാളിയുടെ ജനാധിപത്യ ബോധത്തെ  ചലനാത്മകമാക്കി മാറ്റുന്നത്.


വൈവിധ്യമാർന്ന ഈ സാംസ്കാരിക  ധാരകളെ ഏകശിലാത്മക പ്രത്യയശാസ്ത്രത്തിലേക്ക് ഒതുക്കി അധികാര രാഷ്ട്രീയത്തിനുള്ള വഴി തേടുകയാണ് ഫാസിസ്റ്റു രാഷ്ട്രീയക്കാർ. ബഹുജന സംസ്കാരത്തെ സ്വാംശീകരിച്ച് ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ പ്രത്യയശാസ്ത്രം തന്ത്രം. അതിനാൽ ഫാസിസത്തിനെതിരെയുള്ള ജനാധിപത്യ രാഷ്ട്രീയമെന്നത് സാംസ്കാരികരാഷ്ട്രീയം കൂടിയാണ്. ബഹുജനങ്ങളുടെ തിരിച്ചറിവുകളാണ് ഇവിടെ രാഷ്ട്രീയായുധം. പ്രാന്തം മുഖ്യമാകുന്നതിന്റെ സാമൂഹിക രാഷ്ട്രീയ പരിസരമാണിത്.

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image