Image

കള്ളവും ചതിയുമായി മാധ്യമ മുന്‍ഷികള്‍

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒന്നിപ്പില്‍ വന്ന ആദ്യ ലേഖനം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഓണത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മുന്‍ഷി എന്ന ആക്ഷേപഹാസ്യ പരിപാടിയില്‍ പി.കെ. ശ്രീനിവാസന്‍ എന്ന ചിത്രകാരന്‍റെ ‘ബലിനാട്’ എന്ന മാവേലിയുടെ ചിത്രം ഉത്രാടം തിരുനാളിന്‍റേതായി അവതരിപ്പിച്ചിരുന്നു. ഇത് സംസ്കാരികമായി ദലിത് വിഭാഗങ്ങളുടെ സൃഷ്ടികളെ ഹൈജാക്ക് ചെയ്യുന്ന സവര്‍ണ്ണതയുടെ തന്ത്രമാണെന്ന ചര്‍ച്ച ഒന്നിപ്പ് ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. അതിനു ശേഷം മുന്‍ഷിയുടെ സംവിധായകന്‍ അനില്‍ ബാനര്‍ജി ചിത്രകാരന്‍ ശ്രീനിവാസനെ ഫോണില്‍ വിളിച്ചു സംസാരിച്ച് ആ വീഡിയോ പുതിയ രൂപത്തില്‍ ഷൂട്ട് ചെയ്തു യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാം എന്നു പറഞ്ഞു. (ലക്ഷക്കണക്കിനു ആള്‍ക്കാര്‍  ടി വിയില്‍ കണ്ട പരിപാടിക്ക് ‘യൂടൂബിലൂടെയുള്ള തിരുത്ത്’ എന്നതൊക്കെ തമാശയാണ്). പിന്നീട് യൂടൂബില്‍ വന്ന വീഡിയോയില്‍ ഇങ്ങനെയാണ് പറയുന്നത്- “ഉത്രാടം തിരുനാൾ മഹാരാജാവ് മഹാബലിയെ വരച്ചതും അങ്ങനെയൊന്നല്ലേന്ന്, നമ്മുടെ ചിത്രകാരൻ ശ്രീനിവാസൻ മൂപ്പര് വരച്ചുവച്ചതും ഹെൽത്തി മാവേലിയല്ലേപ്പാ ഫാൻറം സ്റ്റൈല്”. അനില്‍ ബാനര്‍ജിക്ക് ഉത്രാടം തിരുനാളിനെ വിട്ടൊരു കളിയില്ല എന്നു ചിത്രകാരന്‍ പി.കെ. ശ്രീനിവാസന്‍ പറയുന്നു. ഈ വിഷയത്തിനു ശേഷം ഒന്നിപ്പ് ഉയര്‍ത്തിക്കൊണ്ടു വന്ന ചര്‍ച്ചയുടെ ലിങ്കും അനില്‍ ബാനര്‍ജിയുമായുള്ള സംസാരത്തിന് ശേഷം മറുപടിയായി പി.കെ. ശ്രീനിവാസന്‍ ചെയ്ത തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റും ഇവിടെ ചേര്‍ക്കുന്നു. ഈ പ്രശ്നത്തിന് ശേഷം ഉണ്ടായ സാംസ്കാരിക മേഖലയുടെ പ്രതികരണമാണ് ഈ ലക്കം ഒന്നിപ്പില്‍. 

 

പി.കെ.ശ്രീനിവാസന്‍റെ ഫെയ്സ് ബുക്ക് പ്രതികരണം

'ബലിനാട്' എന്ന ചിത്രത്തിന്‍റെ ഉടമസ്ഥാവകാശം ഞാൻ FB യിലൂടെ ഉന്നയിച്ചതുമായി ബന്ധപ്പെട്ട് എനിക്ക് പല പ്രതികരണങ്ങളും ലഭിച്ചു. അതിനുള്ള മറുപടിയാണ് ഇത്. ഇതേ സംബന്ധിച്ച അവസാനത്തെ കുറിപ്പ് കൂടിയാണ് ഇത്.

ഈ മഹാബലിച്ചിത്രം പ്രസിദ്ധീകരിക്കുന്നത് മഹാബലിയെപ്പറ്റിയുള്ള ഒരു ലേഖനത്തിനു വേണ്ടിയാണ്. അതുകൊണ്ടു തന്നെ ഈ ചിത്രം എന്‍റെ ജീവിതത്തിൽ ഒരു പാട് പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചു. അതിൽ ചിലതെല്ലാം അവസാനിക്കുകയും ചിലതെല്ലാം ഇപ്പോഴും തുടരുകയും ചെയ്യുന്നു. വളരെക്കാലമായി ഞാൻ ഒന്നിലും ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. വളരെ പ്രയാസപ്പെട്ട് ഒരു കുടുംബം മുമ്പോട്ട് കൊണ്ടുപോവുകയായിരുന്നു. എന്‍റെ സുഹൃത്തുക്കളിൽ പലർക്കും അതറിയാം. അപ്പോഴെല്ലാം ഈ ചിത്രം പലയിടങ്ങളിൽ, മേഖലകളിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഞാനറിഞ്ഞും അറിയാതെയും. ആദ്യമായാണ് ഇപ്പോഴുണ്ടായതുപോലെ ഒരു നീക്കം ശ്രദ്ധയിൽപ്പെടുന്നത്. ഇവിടെ മുന്‍ഷിയുടെ പ്രസ്തുത എപ്പിസോഡില്‍ എന്‍റെ ചിത്രത്തിലേതുപോലെ ഒരു മഹാബലിയെ അണിയിച്ചൊരുക്കുന്ന പശ്ചാത്തലമുണ്ട്. അതിലെ ആശയങ്ങൾ രേഖപ്പെടുത്തുന്ന സംഭാഷണങ്ങളുണ്ട്, ചിത്രവുമുണ്ട്. പക്ഷേ ചിത്രകാരൻ ഉത്രാടം തിരുനാൾ ആണെന്നു മാത്രം. മൊത്തത്തിൽ ആ വീഡിയോ ആധാരമാക്കിയിരിക്കുന്നത് ഈ ചിത്രത്തെയാണ്. അല്ലാതെ ചിത്രം ഒരു 'passing Comment ' അല്ല. ഒരു നുണ ഉത്രാടം തിരുനാളിന്‍റെ ചരിത്രത്തിലേക്ക് / അക്കൗണ്ടിലേക്ക് തിരുകിക്കയറ്റുന്നതായി എനിക്ക് മനസ്സിലായി. അത് മന:പൂർവ്വമാണെന്ന് ഞാൻ സംശയിച്ചു. ഇപ്പോഴും സംശയിക്കുന്നു .എന്നാൽ ഒരുപാട് പ്രശ്നങ്ങൾ എനിക്കു സമ്മാനിച്ച ഈ ചിത്രവും കയ്യിലെടുത്ത് പൊതുസമൂഹത്തിൽ ഇറങ്ങി നിൽക്കുന്നതിന്‍റെ അപകടം എനിക്കറിയാം. ഞാനത് അനുഭവിച്ചതാണ്. ഞാൻ നിശബ്ദനും നിരായുധനുമായിരുന്നു അതുവരെ. നിരായുധനായി നിന്നുകൊണ്ട് പ്രതികരിക്കേണ്ടി വന്നു. എന്‍റെ പേരുപയോഗിക്കാത്തതു കൊണ്ടല്ല ഞാൻ പ്രതികരിച്ചത്- മറ്റൊരാളുടെ പേരുപയോഗിച്ചതുകൊണ്ടാണ്. സംവിധായകൻ എന്നെ ബന്ധപ്പെട്ടു. എന്നെപ്പോലെ ഒരാളെ അയാൾ കൈകാര്യം ചെയ്ത രീതി വളരെ രസകരമാണ്. നിശബ്ദത വായിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും അത് ചെയ്യുന്നവരുടെ ഇച്ഛക്കനുസരിച്ചാണ്. ഒരു കാര്യം എനിക്കു ബോധ്യപ്പെട്ടു. അതിന്‍റെ സംവിധായകന് ചിത്രകലയെപ്പറ്റി നന്നായി അറിയാം. അദ്ദേഹത്തിന് ചിത്രകാരന്മാരുമായി ബന്ധമുണ്ട്. അങ്ങനെയൊരാൾക്ക് ഈ ചിത്രം ഉത്രാടം തിരുനാളിന്‍റേതാണെന്ന് തോന്നിയതിന് എന്തായിരിക്കും കാരണം? ആ ചോദ്യത്തിന് കൂടുതൽ വ്യക്തത വന്നത് മുൻഷിയുടെ തിരുത്തിയ വീഡിയോ കണ്ടതോടെയാണ്. ഉത്രാടം തിരുനാളും ശ്രീനിവാസനും വരച്ചു. ആദ്യം വരച്ചത് ഉത്രാടം തിരുനാളാണ്. അങ്ങനെ പ്രചോദനവും റഫറൻസും ഉത്രാടം തിരുനാളിന്‍റേതാണെന്ന് കേൾക്കുന്നവൻ വിചാരിച്ചോട്ടെ. അതൊരു അബദ്ധമല്ല എന്നു ഞാൻ വിശ്വസിക്കുന്നു. അത്തരം തിരുകിക്കയറ്റലുകൾക്ക് ഒരു രാഷ്ട്രീയ മാനമുണ്ട്. നിയമപരമായി ഇതൊരു കോപ്പിറൈറ്റുമായി ബന്ധപ്പെട്ട വിഷയമാണ്. പക്ഷേ അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. 

"ഇപ്പോഴും ആരൊക്കെയോ ചവിട്ടുന്നുണ്ട്...."
ചവിട്ടുകൾ പുറത്താക്കലുകളാണ്. അനുഗ്രഹങ്ങളോ പ്രസാദങ്ങളോ ആയി കരുതാനാകില്ല.

 


ഡോ.അജയ്ശേഖര്‍
എഴുത്തുകാരന്‍, ചിത്രകാരന്‍

കള്ളവും ചതിയുമായി മാധ്യമ മുന്‍ഷി

സ്നേഹവും നാണവും കെട്ട രീതി മാനവര്‍ക്കേകമാം ധര്‍മ്മമായി...
-ഓണപ്പാട്ട്, സഹോദരനയ്യപ്പന്‍.
 
നാസി ഭരണകാലത്ത് ദേശീയ സോഷ്യലിസം എന്നവര്‍ നാമകരണം ചെയ്ത ആര്യമേന്മാ സിദ്ധാന്തത്തെയും അപരഭീതി പെരുക്കിയ വംശോന്മൂലനത്തേയും സാംസ്കാരികമായും സൗന്ദര്യാത്മകമായും സാധൂകരിക്കാനാണ് കലാവസ്തുക്കളെ ദുരുപയോഗം ചെയ്തത്. ലാവണ്യ സാഹിത്യ വിമര്‍ശ ലേബലിലാണല്ലോ ഇവിടെ ബഹുജനങ്ങളെ മൃഗവല്ക്കരിക്കുന്ന വരേണ്യ ഹൈന്ദവേതിഹാസ പുരാണ പട്ടത്താനങ്ങളും പാരായണങ്ങളും അരങ്ങേറുന്നത്. അവിടെ വംശഹത്യയുടെ ആരംഭമായിരുന്നു കലാഹത്യയും പ്രതീക ഹിംസകളും ലാവണ്യ ആഖ്യാനങ്ങളും. നീതിക്കെതിരായ പ്രതിവിപ്ലവങ്ങളുടെ നിലമൊരക്കുന്നത് 2018-ലെ ശബരിമല ശൂദ്രലഹളയിലെന്ന പോലെ പലപ്പോഴും ലാവണ്യ സാഹിത്യ വ്യവഹാരങ്ങളും കലാമൌലികവാദങ്ങളുമാണ്. പ്രതിനിധാന ഹിംസകളിലായിരുന്നു വംശഹത്യയുടെ വ്യവഹാരം തുടങ്ങിയത്. ജൂതരേയും ഇതര മത, വംശജരേയും മൃഗവല്ക്കരിച്ചും രാക്ഷസീകരിച്ചുമായിരുന്നു ഹൈന്ദവ പുരാണങ്ങളിലേതു പോലുള്ള അപരവല്ക്കരണം തുടങ്ങിയത്. ഹൈന്ദവപുരാണങ്ങളിലെ കുരങ്ങും കരടിയും പാമ്പും പക്കിയും അവരുടെ പട്ടടകളും മാവാരത പട്ടത്താനത്തെ കുറിച്ചു മുന്നറിയിപ്പു തന്ന ഇളംകുളം തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട് നമ്മുടെ ഭരണഘടന വന്ന 1950 കളില്‍ കേരളത്തില്‍. മഹാമാരി പരത്തുന്ന കൃമികീടങ്ങളും പാഷാണ മൂഷികരുമൊക്കെയായാണ് ജൂതരെയും റോമകളും ജിപ്സികളുമടക്കമുള്ള അടിസ്ഥാന ജനതയേയും ഉദാത്ത വരേണ്യ കുലീന കല തികച്ചും സനാതന ശൈലിയില് പ്രതിനിധാനം ചെയ്തു പോന്നത്.  ജൂതരുടേയും ജിപ്സികളുടേയും ഇതര ന്യൂനപക്ഷ കീഴാള ജനതകളുടേയും കലാവസ്തുക്കളെ മോഷ്ടിക്കുകയും പിടിച്ചെടുക്കുകയും പേരുമാറ്റിയെടുക്കുകയും വിറ്റഴിച്ച് വമ്പിച്ച മൂലധനം കൊയ്യുകയും അവ വിരചിച്ച കലാകാരന്മാരെയും കലാകാരിമാരേയും നിഷ്കരുണം ഓഷ്വിറ്റ്സ് അടക്കമുള്ള വിദൂര മരണത്തമ്പുകളിലേക്കയച്ചു ചാരമാക്കിയെടുത്ത് അവരുടെ എല്ലും പല്ലും തൊലിയും മുടിയും ഉപയോഗിച്ച് കൂടുതല് കലാവസ്തുക്കളും കരകൗശലവേലകളും മെനയുകയും ചെയ്തു ട്യൂടോണിക് നീലരക്തം സ്വപ്നം കണ്ട കുലീനരായ തമ്പുരാക്കന്മാര്‍. ബ്രാഹ്മണിക പൈതൃകത്തിലൂടെ ഇന്ത്യയിലും ഈ ക്ഷുദ്രത ഹിന്ദുത്വകാലത്ത് തെഴുക്കുകയാണ്. അടിസ്ഥാന ജനതയില്‍ നിന്നും വരുന്ന എഴുത്തുകാരുടേയും കലാകാരന്മാരുടേയും രചനകളെ മോഷ്ടിച്ചു പേരുമാറ്റി ദുരുപയോഗം ചെയ്തു സത്യത്തേയും നീതിയേയും ഇല്ലായ്മ ചെയ്യുന്ന പരിപാടി കേരളത്തിലും ഹൈന്ദവ കോവിദ സമഗ്രാധിപത്യ കാലത്ത് പ്രമാദമാകുകയാണ്. 

 
'Kopai'  പി.കെ.ശ്രീനിവാസന്‍റെ  പെയിന്‍റിങ്ങ്

ഡാവിഞ്ചിയുടെ മോണലിസയും വാന്‍ഗോഗിന്‍റെ മഞ്ഞ സൂര്യകാന്തികളും മഞ്ചിന്‍റെ നിലവിളിയുമെല്ലാം ജനപ്രിയസംസ്കാരത്തില്‍ പ്രശസ്തമായത് കലാചോരണ വിവാദങ്ങളിലും കൂടിയാണല്ലോ. പക്ഷേ അവിടെയെല്ലാം സത്യം വെളിവാകുമ്പോള്‍ ചോരന്മാരും ചതിയന്മാരും അവരെത്ര വലിയ തമ്പുരാക്കളും മാടമ്പികളും കുലീനരുമാണെങ്കിലും നിരുപാധിക ക്ഷമാപണവും ന്യായമായ പിഴയും ഒടുക്കാറുണ്ട്. ഇതെല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. അതാണ് കേരള കുലീനതയുടെ തമ്പുകളിലും തമ്പുരാന്മാരിലും ഉള്ള നാണവും മാനവും കെട്ട ഇല്ലായ്മയും. സത്യത്തിനും നീതിക്കും കടകവിരുദ്ധമാണ്, സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിതാന്തഭീഷണിയാണ് ഹിന്ദുബോധമെന്ന പാഷണ്ഡതയും അതിന്‍റെ പൗരോഹിത്യ പടയാളി ആണത്ത വ്യവഹാരങ്ങളും ശ്രേണീകൃത വരേണ്യ സ്ഥാപനങ്ങളും.

മഹാമാരിയുടെ ഇരുട്ടുമറയിലൂടെ ദേശീയ വിദ്യാഭ്യാസ നയമെന്ന പോലെ കലാരചയിതാക്കളറിയാതെ കലാസൃഷ്ടികള്‍ രായ്ക്കുരാമാനം ദുരുപയോഗം ചെയ്യുകയും മോഷ്ടിക്കുകയും പേരുമാറ്റുകയും അവയുടെ രചനാകര്‍തൃത്വം മാറ്റിക്കൊടുക്കുകയും ചെയ്യുന്ന കുല്സിത കര്‍മ്മപരിപാടി മാധ്യമരംഗത്തിനു തന്നെ ആക്ഷേപമാണ്. ഭരണഘടനയുടെ സാമൂഹ്യനീതി ആധാരത്തെ ചരിത്ര യാഥാര്‍ത്ഥ്യ വിരുദ്ധമായ സാമ്പത്തിക കുയുക്തിയിലൂടെ അട്ടിമറിച്ച പോലെ ഇതും കേരളത്തിലാണ് മലയാളി കുലീനത നടപ്പാക്കുന്നത്. സാംസ്കാരിക ലോകത്തെ വലിയ കുറ്റകൃത്യവും ജനവഞ്ചനയും കേരളത്തിനും നാഗരിക ലോകത്തിനും ആക്ഷേപവുമാണത്തരം ക്ഷുദ്രമായ കുടിലനാരദ വേല. വിനോദ ആക്ഷേപഹാസ്യ ലേബലില്‍ അരങ്ങേറുന്ന ഇത്തരം സത്യത്തിനും നീതിക്കും നിരക്കാത്ത പരിപാടികളെ സാംസ്കാരിക ലോകം മാവാരത പട്ടത്താനം പോലെ തന്നെ ഗുരുതരമായി തിരിച്ചറിഞ്ഞു തള്ളുകയും അപലപിക്കുകയും ചെയ്യേണ്ടതാണ്. 

പി.കെ.ശ്രീനിവാസന്‍റെ  പെയിന്‍റിങ്ങ്

പി. കെ. ശ്രീനിവാസന്‍ എന്ന ചിത്രകാരന്‍ ആറു വര്‍ഷം മുമ്പ് വരച്ചു തൃശ്ശൂര്‍ നിന്നുമുള്ള സ്വജനമിത്രം മാസികയില്‍  പ്രസിദ്ധീകരിച്ച മാവേലിയുടെ തെന്നിന്ത്യന്‍  ശൈലിയിലുള്ള സവിശേഷമായ ഒരു സര്‍ഗ്ഗാത്മക ഛായാ ചിത്രം ഉത്രാടം തിരുനാളിനു ചാര്‍ത്തിക്കൊടുക്കുന്ന കുല്സിതവും അല്പത്തമാര്‍ന്നതുമായ പ്രവൃത്തിയാണ് പ്രമുഖ വരേണ്യ മാധ്യമസ്ഥാപനം നടത്തിയിരിക്കുന്നത്. തെറ്റേറ്റു പറഞ്ഞ് നിരുപാധികം മാപ്പപേക്ഷിക്കുകയും കലാകാരനും കലാനൈതികതയ്ക്കും സാംസ്കാരിക സത്യസന്ധതയ്ക്കും ഉണ്ടാക്കിയ മാരകമായ നാശനഷ്ടങ്ങള്‍ക്ക് നീതിനിയമാനുസരണമായ ന്യായമായ പരിഹാരം നല്കുകയും ചെയ്യേണ്ടതാണ്. മുന്‍ഷി എന്ന പേരിലുള്ള കലാപരിപാടിയിലൂടെയാണീ ഗൂഢ അധീശ പദ്ധതി വെളിച്ചം കണ്ടത്. ഒരേ സമയം കലാകാരനേയും കലാനിര്‍മ്മിതിയേയും അനാദരിക്കുകയും സംസ്കാര നിര്‍മ്മിതിയുടെ ഉടമസ്ഥതയും രചനാകര്‍തൃത്വവും മാറ്റുകയും അതൊരു മുസ്ലീം കഥാപാത്രത്തിന്‍റെ വായിലൂടെ പറയിപ്പിച്ച് ആ സാമൂഹ്യ പാത്ര പ്രതിനിധാനത്തെയും കര്‍തൃത്വത്തേയും തന്നെ തേജോവധവും സാമൂഹ്യഹത്യയും നടത്തുന്ന കുടില പദ്ധതിയാണിത് എന്നു ചിത്രകാരന്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലെ വിശദീകരണത്തിലൂടെ വെളിവാക്കിയിരിക്കുകയാണ്. കലാചരിത്ര വിമര്‍ശകരും ജോണി എം. എലിനെ പോലെ ദൃശ്യമാധ്യമത്തില്‍  ഇതേ അഭിപ്രായം തുറന്നു പറഞ്ഞുകഴിഞ്ഞു. 

എന്തിനും ഏതിനും സ്വയം നിര്‍മ്മിക്കുന്ന അടഞ്ഞ ഇട്ടാവട്ട മുട്ടാപ്പോക്കും കുയുക്തിയുടെ അവസാനവാക്കും ലളിത ഫലിതയുക്തികളും ആവര്‍ത്തിക്കുന്ന മുന്‍ഷി എന്ന മെഗാസീരിയല്‍ പോലുള്ള നിരന്തര കോമഡി പരിപാടി തന്നെ ഏറെക്കാലമായി കേരളത്തിലെ അടിസ്ഥാന ജനതയേയും പ്രസ്ഥാനങ്ങളേയും തേജോവധം ചെയ്യുകയും പ്രതിനിധാന ഹിംസകള്‍ നടത്തി മൃഗവല്ക്കരണത്തിനും രാക്ഷസീകരണത്തിനും അപരവല്ക്കരണത്തിനും ഇടയാക്കുന്നതാണെന്ന് നിരവധി വിമര്‍ശനങ്ങള്‍ ബഹുജനപക്ഷത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതിന്‍റെ പ്രതിനിധാന പാത്രങ്ങളും സന്ദര്‍ഭങ്ങളും അടിയന്തരമായി മാനവീകരിക്കേണ്ടതും ജനായത്ത ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുമാണ്. അത്യന്തം അപലപനീയവും നീതിവിരുദ്ധവുമായ ഇത്തരം പരിപാടികള്‍ പൊതുസമൂഹത്തില്‍ സംവാദമാക്കുകയും നീതിനിയമനടപടികള്‍ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. കേരളത്തെ ക്ഷുദ്രമായ ഹൈന്ദവ സമവായത്തിലും ജാതിഹിന്ദു പൊതുബോധത്തിലുമാക്കുന്ന നിരവധി കര്‍മ്മപരിപാടികള്‍  മാധ്യമ അക്കാദമിക തലങ്ങളിലാണരങ്ങേറുന്നത്. അക്കാദമിക മന്യരായ മലയാളി കുലീന മുന്‍ഷിമാരുടെ മാവാരത, രാമായണ പട്ടത്താനങ്ങളും ക്ഷുദ്രപുരോഹിതന്മാരുടേയും അഭിനവ രാജര്‍ഷിമാരുടേയും ഗീതാഗിരിശിബിരങ്ങളുമാണ് ചവരിമലയെ ശബരിമലയാക്കി രാമവല്ക്കരിച്ച് ഇന്ത്യന്‍  ഭരണഘടന അട്ടിമറിച്ച 2018-ലെ സ്വയംസേവകരും ഭൃത്യജനസമാജവും തെരുവില്‍ നയിച്ച നീതിനിയമ വിരുദ്ധ ശൂദ്രലഹളയുടെ അരങ്ങൊരുക്കിയത്. ഉന്നത സാങ്കേതിക വിദ്യാസമ്പന്നരായ മലയാളി കുലീന വനിതകള്‍ പോലും മുഖ്യമന്ത്രിമാരെ തെരുവില്‍ ജാതിത്തെറിവിളിക്കുന്ന മണിച്ചി പിള്ളയെ അസ്ഥാനത്താക്കുന്ന രീതിയില്‍  തങ്ങളശുദ്ധരും രണ്ടാം പൌരരുമാണെന്നലറി വിളിച്ചു കുരവയിട്ട് ആര്‍പ്പുവിളിച്ച് വിശ്വാസി, തീണ്ടാരി, നാമജപ ലഹളകളില്‍  തെരുവിലിറങ്ങുന്ന രീതിയിലേക്കാണ് ഈ ജാതിഹിന്ദു പരിഷദുകളും പട്ടത്താനങ്ങളും ജനങ്ങളെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്.

'That is in the woods'  പി.കെ.ശ്രീനിവാസന്‍റെ  പെയിന്‍റിങ്ങ്

അക്കാദമിക സാഹിത്യ ലാവണ്യ മൃദു ഹൈന്ദവ ആത്മീയ ലേബലിലാണ് അവിടെ കളിയാട്ടമെങ്കില്‍ ഇവിടെ കോമഡി മിമിക്രി ശൈലിയില്‍ കുറച്ചു കൂടി ജനപ്രിയസംസ്കാരത്തെ മുമ്പില്‍ നിര്‍ത്തിയാണെന്ന ഭേദം മാത്രം. മുന്‍ഷിയടക്കമുള്ള ഈ വരേണ്യ ചാനലിന്‍റെ നിരവധി മറ്റു പരിപാടികളും ഇത്തരം പാദജമായ ഹൈന്ദവ ബോധത്തെ പരോക്ഷമായി സ്ഥാപിക്കുന്ന ക്ഷുദ്രമായ മാടമ്പി മനോനിലയെ ഉല്പാദിപ്പിക്കുന്നതായും അഭിസമ്മതിയിലൂടെ സ്ഥാപിക്കുന്നതായും വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.  അങ്ങനെയാണ് സ്വയംസേവക അജണ്ട, കേരളത്തിലെ ബഹുജനങ്ങളുടെ ചോരയും നീരും കൊണ്ടു കെട്ടിപ്പടുത്ത ഇടതുപക്ഷത്തിലൂടെ ബ്രഹ്മണിക ശൂദ്ര സഖ്യം ചില ന്യൂനപക്ഷവരേണ്യരേയും കൂടി വശത്താക്കി നടപ്പാക്കിയെടുത്തത്. 

ഭരണഘടനയുടെ ആധാരമായ സാമൂഹ്യനീതിയെ തകര്‍ത്താല്‍ പിന്നെ മതേതരത്തവും പൌരത്തവും ഫെഡറലിസവും വിദ്യാഭ്യാസത്തിന്‍റെ കണ്‍കറന്‍റ് പദവിയും ന്യൂനപക്ഷാവകാശങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളും ഒന്നും നിലനില്ക്കില്ല എന്ന യാഥാര്‍ത്ഥ്യം വൈകിയെങ്കിലും ഓരോ സാമൂഹ്യ വിഭാഗങ്ങളും മനസ്സിലാക്കിയാല്‍ നന്ന്. നേരിനേയും നീതിയേയും കാക്കാന്‍ അടിസ്ഥാന ജനത ഒന്നിച്ചേ തീരൂ. സത്യത്തേയും നീതിയേയും ഇല്ലായ്മ ചെയ്യുന്ന ഇത്തരം അധീശ മാധ്യമിക അക്കാദമിക സമവായങ്ങള്‍  തിരിച്ചറിഞ്ഞു ചെറുത്തെങ്കിലേ നീതിയും ന്യായവും നാട്ടില്‍ നിലനില്ക്കൂ. ഇന്ത്യന്‍ ഭരണഘടനയാണതിന്‍റെ ആധാരം. അതാണീ ക്ഷുദ്രപൌരോഹിത്യ വരേണ്യതയുടെ ലക്ഷ്യവും. കുടില വാദങ്ങളിലൂടെ അതിന്‍റെ അന്തസത്തയായ സാമൂഹ്യ നീതിയെ ഇല്ലാതാക്കിയാല്‍ പിന്നെ എന്തു സ്വകാര്യവും നേടിയെടുക്കാം. അതിലവര്‍ 2018 മഞ്ഞുകാലത്തു വിജയിച്ചു. കേന്ദ്രത്തിലെ ഷാ-മോദി ഭരണകൂടത്തെ പോലും വെല്ലുവിളിക്കുന്ന രീതിയില് സാമ്പത്തിക സംവരണം ആദ്യം നടപ്പാക്കി. അതും അമിത പ്രാതിനിധ്യമുണ്ടായിരുന്ന ദേവസ്വം ബോഡിലായിരുന്നു ഈ നഗ്നമായ കാവുതീണ്ടല്‍. ഇങ്ങനെയാണവര്‍ ഓരോ കാവുകളും പള്ളികളും പിടിച്ചത്. സഹോദരന്‍ ഓണപ്പാട്ടില്‍ എഴുതിയ പോലെ വാമനാദര്‍ശം വെടിഞ്ഞാല്‍ മാത്രമേ മാബലി വാഴ്ച്ച തിരിച്ചു പിടിക്കാനാവൂ. എല്ലാ ജനായത്ത വിശ്വാസികളും, നേരിലും നീതിയിലും ജനായത്തത്തിലും ഇന്ത്യന്‍ നീതിനിയമ സംവിധാനമായ ഭരണഘടനയിലും വിശ്വസിക്കുന്നവരെല്ലാം ഇത്തരം ജനവഞ്ചനയ്ക്കും ചതിക്കുമെതിരേ പ്രതികരിക്കട്ടേ. ചരിത്രത്തേയും നീതിസംവിധാനത്തേയും തങ്ങളുടെ തല്ക്കാലത്തെ സാമ്പത്തിക ഉന്നമനത്തിനായി മാറ്റിമറിക്കുന്നവര്‍ ഇതാ കലയിലും കൈവച്ചിരിക്കുന്നു. ബഹുജനങ്ങള്‍ ബഹിഷ്കരിച്ചാല്‍ സ്വകാര്യ മാധ്യമങ്ങളല്ല ഹൈന്ദവ ക്ഷേത്രങ്ങള്‍ പോലും ഇല്ലാതാവുന്ന യാഥാര്‍ത്ഥ്യം ചരിത്രമാണ് 1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിലേക്കു നയിച്ചതെന്ന സത്യം നാമോര്‍ക്കേണ്ടതുണ്ട്. ജാതിഹിന്ദുത്വത്തിന്‍റെ ആണിക്കല്ലിളക്കാനും ബഹുജനങ്ങളുടെ മാനസിക മാറ്റത്തിനു കഴിയും. സഹോദര ഭാഷയില്‍ പറഞ്ഞാല്‍ ജാതിഹിന്ദുക്കള്‍ ന്യൂനപക്ഷമാകാതെ നോക്കുന്ന പൂനാ പട്ടിണികള്‍ ഇനിയും ആവര്‍ത്തിച്ചു കൂട. മലയാളി കുലീനതയുടെ മാധ്യമ ദല്ലാളര്‍ സത്യവും നീതിയും തിരിച്ചറിയട്ടെ, കലാകാരനോടു ക്ഷമയാചിക്കട്ടെ. കേരളത്തിലെ ലോകമറിയുന്ന കലാപ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ ജനായത്തപരമായി ഉയരട്ടെ. അല്ലാത്തപക്ഷം നാമിരുട്ടിലേക്കു വേഗം വഴുതിവീഴും, സത്യം പറയുന്നവരെ എക്കാലത്തും വെട്ടിനീക്കിയും നാവുമുറിച്ചു നാടുകടത്തിയും മൂകരാക്കുക ആത്മഹത്യാപരമായേക്കാം. കലയെ കൊലചെയ്യുന്നത് ചരിത്ര ഹത്യകള്‍ പോലെ തന്നെ മാനവികതയുടേയും നീതിവാഴ്ചയുടേയും മരണമണിയാകുന്നു. സത്യവും നീതിയും വാഴ്ക. 

 


പി.എസ്.ജലജ
ചിത്രകാരി

നിഷ്കളങ്ക തെറ്റുകള്‍ അഥവാ കാവി ഫാസിസ്റ്റ് ഭീകരത

നിഷ്കളങ്കമായി സംഭവിക്കുന്ന തെറ്റുകൾ എന്ന മട്ടിൽ മനപ്പൂർവമായ ഗൂഡാലോചനകൾ നമ്മുടെ സാംസ്കാരിക, ചരിത്ര പാഠങ്ങളിലേക്ക്, തിരുകിക്കയറ്റുന്ന ഒരു പ്രവണത ഇതാദ്യത്തെയല്ല. കലയും സുരക്ഷിതമല്ല! ബിംബങ്ങളെയും, പ്രതീകങ്ങളെയും ബ്രാഹ്മണിക്കൽ സവർണ്ണ യുക്തികളുടെ പ്രചരണത്തിനും വളർച്ചയ്ക്കും വേണ്ടി പ്രയോഗിക്കാനും സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവിനും കലാപങ്ങൾക്കും വേണ്ട വഴിമരുന്നിടാനുമായി തെറ്റിയ ദൃശ്യ വ്യാഖ്യാനങ്ങൾ നൽകുന്നത്, ലക്ഷണമൊത്ത കാവി ഫാസിസ്റ്റ് പദ്ധതിയുടെ തുടർച്ചയാണ്. നീണ്ട വർഷങ്ങളുടെ പ്രയോഗത്തിലൂടെ അതിന്ന് തടിച്ചുകൊഴുത്ത് ഭീമാകാരം പൂണ്ട് ഇന്ത്യയെത്തന്നെ വിഴുങ്ങാൻ പാകത്തിലായിരിക്കുന്നു. ചെറിയ ചെറിയ സംഭവങ്ങളുടെ അനുരണനങ്ങൾ വലിയ സ്ഫോടനങ്ങളായി രൂപാന്തരപ്പെടുന്നു. ഇത്തരം അനുഭവങ്ങളുടെ ഉറച്ച ബോധ്യമാണ് എന്നെ ശ്രീനിവാസൻ എന്ന ചിത്രകാരൻ വരച്ച, ഇപ്പോൾ വിവാദമായിരിക്കുന്ന മഹാബലി ചിത്രത്തിന്‍റെ വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രതികരണത്തിന് തയ്യാറാക്കുന്നത് എന്ന് ആദ്യമേ പറയട്ടെ.

ബലിനാട് എന്ന പേരിൽ 2014 സെപ്തംബറിൽ ശ്രീനിവാസൻ സ്വജനമിത്രം എന്ന ദലിത് പ്രസിദ്ധീകരണത്തിനു വേണ്ടി വരച്ച മഹാബലി ചിത്രത്തെ ഏഷ്യാനെറ്റ് ചാനലിന്‍റെ  മുൻഷി എന്ന പരിപാടിയിൽ, അതേ ചിത്രം ഉത്രാടം തിരുനാൾ മഹാരാജാവിന്‍റെ  കലാസൃഷ്ടിയാണ് എന്ന് ചിത്രീകരിച്ചതിലെ അജണ്ട ശക്തമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സമകാലീന ഇന്ത്യൻ രാഷ്ടീയo ഇവിടെ ഊട്ടി ഉറപ്പിക്കാൻ ശ്രമിക്കുന്ന സവർണ്ണ ബ്രാഹ്മണിക്കൽ മൂല്യങ്ങളുടെ പ്രചാരകരാണ് ചിത്രത്തിന്‍റെ  സൃഷ്ടാവ് ശ്രീനിവാസൻ ആണെന്ന യാഥാർത്ഥ്യത്തെ റദ്ദുചെയ്യുകയും പകരo അസുരരാജാവായിരുന്ന മഹാബലിയുടെ ദ്രാവിഡ ശരീര കലാസൃഷ്ടിയുടെ സൃഷ്ടാവ് ഉത്രാടം തിരുനാൾ മഹാരാജാവ് ആണെന്ന് ജനപ്രിയതയുടെ പ്രിവിലേജ് നുണകളിലൂടെ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. ഇത്രയും കാലം കെട്ടുകഥകളായി പാടി നടന്നതൊക്കെ ചരിത്രമാണെന്ന് അവകാശപ്പെടുന്ന കാലമാണ് ഇന്ന് ഇന്ത്യയിലേത്. മനുഷ്യരുടെ യുക്തിക്ക് നിരക്കാത്ത കെട്ടുകഥകളുടെ പേരിൽ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും മനുഷ്യാവകാശങ്ങളെയും നിയമങ്ങളെയും ഇല്ലാതാക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട് നമ്മളിതുവരെ കേട്ടിരുന്ന മഹാബലി എന്ന നീതിമാനായ രാജാവിന്‍റെ  കഥയ്ക്ക് ഉള്ള ദ്രാവിഡ പശ്ചാത്തലം ഇന്ന് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട് ഓണം വാമന ജയന്തിയായിട്ടാണ് ആഘോഷിക്കേണ്ടത് എന്ന വിചിത്ര വാദം കഴിഞ്ഞ ഏതാനും വർഷങ്ങളായി തീവ്ര ഹിന്ദുത്വ വാദികളുടെ ജിഹ്വകളിൽ നിന്ന് നിരന്തരമായി പുറപ്പെടുവിക്കുന്നുണ്ട്. അതെല്ലാം മിത്തുകളുടെ നിഷ്ക്കളങ്കമായ പുനർവായനകളല്ല മറിച്ച് ബാബറി മസ്ജിദ് തകർത്തത് പോലെയുള്ള വലിയ ഗൂഡാലോചനകളുടെ തുടർച്ചയാണ്. കറുത്തവരും ദളിതരും നിരന്തരം വേട്ടയാടപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന രാജ്യത്ത് 'മഹാബലി കറുത്താലും വെളുത്താലും ഓണം ആഘോഷിച്ചാൽപ്പോരെ' എന്ന മുൻഷി ചോദ്യം നിഷ്കളങ്കമോ നിഷ്പക്ഷമോ ആയ ഒരു ചോദ്യമായി നോക്കിക്കാണാൻ കഴിയില്ല. ഒരു ജനത നൂറ്റാണ്ടുകളായി ജാതി, വർണ്ണ, അടിമത്തം അനുഭവിക്കുകയും ഇന്നും അതിനെതിരെ പോരാടുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. കരുതലോടെയിരിക്കുകയും ശബ്ദമുയർത്തുകയും തെറ്റ് ചൂണ്ടിക്കാണിക്കുകയും തന്നെയാണ് വേണ്ടത്. കള്ളം പറയുന്ന മുൻഷിമാരെ തിരുത്തുക തന്നെ വേണം. മുൻഷി ശ്രീനിവാസനോട് മാപ്പ് പറയുന്ന ഒരു എപ്പിസോഡ് ആണ് ഇവിടെ ഇനി നീതിയാവുക.

#ചിത്രകാരനായ ശ്രീനിവാസനോടൊപ്പം.

 


വി.വി.വിനു
ചിത്രകാരന്‍

ആ ചിത്രം അതിന്‍റെ  ചിത്രകാരന് തിരികെ കൊടുക്കുക

ഒരു ചിത്രകാരന്‍ വരച്ചൊരു ചിത്രത്തെ അത് കൃത്യമായിട്ടുള്ള അടയാളങ്ങള്‍ ഉണ്ടായിരിക്കെത്തന്നെ അതിനെയെല്ലാം തമസ്കരിച്ചുകൊണ്ട് പ്രത്യേകമായ ഉദ്ദേശ്യത്തോടെ ദുരുപയോഗം ചെയ്യുക എന്നു പറയുന്നത് ഒരിക്കലും ശരിയല്ല. കേരളത്തില്‍ മഹാബലി എന്നുപറഞ്ഞാല്‍ ഒരു പ്രത്യേക വിഭാഗത്തിന്‍റേതാണെന്ന് പ്രഖ്യാപിക്കുന്ന പ്രത്യേകസമയത്താണ് മഹാബലിയെക്കുറിച്ചിട്ടുള്ള വേറൊരു ചര്‍ച്ച ഉയര്‍ന്നുവന്നിട്ടുണ്ടായിരുന്നത്. ആ സവിശേഷ സാഹചര്യത്തില്‍ ശ്രീനിവാസന്‍ വരച്ചിട്ടുള്ള പെയിന്‍റിങ്ങ് ആയിരുന്നു അത് എന്ന് ഞാന്‍ ഊഹിക്കുന്നു. ഒരു കല ചെയ്യുന്ന ഒരാള്‍ എന്ന നിലക്ക് ഓരോരുത്തര്‍ക്കും ഒരു ഉത്തരവാദിത്വമുണ്ട്. കലാകാരന്‍ ഒരു ഇമേജ് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അതിന്‍റെ എല്ലാ പരിസരങ്ങളെയും കുറിച്ച് പഠിക്കാന്‍ ശ്രമിക്കാറുണ്ട്. അത് എങ്ങനെയാണ് രൂപപ്പെട്ടത്? പശ്ചാത്തലമെന്താണ്?  അതിന്‍റെ ഇടങ്ങള്‍ എവിടെയൊക്കെയാണ്? രാഷ്ട്രീയ മാനങ്ങള്‍ എന്താണ് അങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യബോധത്തോടെ പഠിക്കാന്‍ ശ്രമിക്കും. എന്നെ സംബന്ധിച്ചിടത്തോളം മഹാബലി എന്നുപറയുന്നത് ഒരു ഹ്യൂമന്‍ ഫിഗര്‍ എന്നതില്‍ കവിഞ്ഞ് വേറൊരു തരത്തിലൊരു ജീവിതസങ്കല്‍പത്തെയാണ് ഞാന്‍ കാണുന്നത്. അവിടെ ഒരു മനുഷ്യരൂപത്തെ സ്ഥാപിക്കേണ്ടതുണ്ടോ എന്നത് മറ്റൊരു കാര്യമാണ്. പക്ഷേ, മഹാബലി എന്നാല്‍ വരേണ്യമായ, സവര്‍ണ്ണമായ ഒരു മാതൃകയാണ് പൊതുവേ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. അസുരനാണെന്ന് പറയപ്പെടുകയും എന്നാല്‍ കാലങ്ങളുടെ കുത്തൊഴുക്കില്‍ പല തരത്തിലുള്ള വരേണ്യ/സവര്‍ണ്ണ ചിഹ്നങ്ങള്‍ ആ രൂപത്തില്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍, അതില്‍ വേറിട്ട ചിന്തകള്‍ അഥവാ ചരിത്രാന്വേഷണ ചിന്തകള്‍ കടന്നുവരുന്ന തരത്തിലുള്ള വായനകള്‍ നടക്കുന്ന സമയത്ത് രൂപപ്പെട്ട ഒരു ചിത്രമാണത്. അത് ഒരു കലാകാരന്‍റെ ചിന്തയില്‍ പിറന്ന കലാരൂപമാണ്. അതിന്‍റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരിക്കെത്തന്നെ അതിനെ ഇങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തികച്ചും കുറ്റകരമായ പ്രവണത തന്നെയാണ്.  ഇങ്ങനെ സംഭവിച്ചതില്‍ അതിന്‍റെ ഉത്തരവാദിത്തപ്പെട്ടവര്‍ ആ ചിത്രകാരനോട് മാപ്പുപറയുകയും ആവശ്യമായ തരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും  കലാകാരന് ഏല്‍ക്കേണ്ടി വന്ന അപമാനത്തിന് പരിഹാരം നല്‍കുകയും വേണം. അതിനു വിപരീതമായി അവര്‍ സ്വീകരിച്ച സമീപനങ്ങളോട് എനിക്ക് ശക്തമായ പ്രതിഷേധമുണ്ട്.

 


ഷിനോജ് ചോരന്‍
ചിത്രകാരന്‍

ചിത്ര മോഷണം മാടമ്പിത്തരം

കലാസൃഷ്ടിയുടെ ഉടമസ്ഥാവകാശവും കാണിസമൂഹത്തിന്‍റെ ഉത്തരവാദിത്വങ്ങളും തുറന്ന ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഈ വിഷയത്തെ അധികരിച്ചുള്ള അനേകം തർക്കങ്ങൾക്കും വിവാദങ്ങൾക്കും കേരള കലാഭൂമിക വേദിയായിട്ടുണ്ട്. സൃഷ്ടി കഴിയുന്നതോടെ സ്രഷ്ടാവിന്‍റെ റോൾ കഴിഞ്ഞെന്നും പിന്നെ അതിന്‍റെ ഗതിവിഗതി തീരുമാനിക്കുന്നത് സമൂഹമാണെന്നും വളരെ ആലങ്കാരികമായിത്തന്നെ പലരും പറയാറുണ്ട് ! ഇന്ത്യൻ പൗരാണിക മ്യൂറലുകളോ ചിത്ര- ശില്പങ്ങളോ വാസ്തുസമുച്ചയങ്ങളോ അത് പണിത അനേകം കലാകൃത്തുക്കളെ തമസ്കരിച്ചാണ് നമ്മുടെ പൈതൃകസമ്പത്തായി കൊണ്ടാടപ്പെടുന്നത്. രാജകൽപന അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ട് എവിടെയും അടയാളപ്പെടാതെ പോയ അനേകം കലാകൃത്തുക്കൾ ! എന്നാൽ ആധുനികതയുടെ ഉദയത്തോടെ സ്ഥിതി ആകെ മാറുകയാണ്. കലാ-സാഹിത്യ മേഖലകളിൽ വ്യക്ത്യാധിഷ്ഠിതമായ (individual) മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. ആർട്ടിസ്റ്റ് ‘ഒറ്റ’യായ പ്രബലവ്യക്തിത്വമായി സമൂഹമനസ്സിൽ ഇടംപിടിക്കുന്നു. അതിന്‍റെ കൂടെത്തന്നെ കർതൃത്ത്വപദവി (Authorship) വിനിമയാവകാശം (Royalty) എന്നിവയും അതിപ്രധാനമായി വരുന്നു. കലാവസ്തു കൂട്ടായ്മയുടെ ഉൽപ്പന്നം എന്നതിൽ നിന്നും കലാകൃത്തിന്‍റെ സർഗ്ഗാത്മകസ്വത്ത് ആയി പരിഗണിക്കപ്പെടുകയും അതിന്‍റെ സകല വിൽപ്പന/വിനിമയ സാദ്ധ്യതകളും കലാകൃത്തിൽ നിക്ഷിപ്തമാവുകയും ചെയ്യുന്നു. ഈയ്യൊരു പരിസരത്തുനിന്നുകൊണ്ട് വേണം രചിച്ച് അനേകവർഷങ്ങൾക്കു ശേഷവും പി.കെ ശ്രീനിവാസന്‍റെ ‘ബലിനാട്’ എന്ന ചിത്രം കലാകൃത്തിനെ തമസ്കരിച്ച് പൊതുവേദികളിൽ കൊണ്ടാടപ്പെടുന്നതിനെ നോക്കിക്കാണാൻ. “രാജാവ് പണിതതാണ്” എന്ന് പറയുന്നതോടെ കലാകൃത്തിന്‍റെ പ്രാതിനിധ്യം റദ്ദുചെയ്യപ്പെടുമായിരുന്ന പഴയനൂറ്റാണ്ടിന്‍റെ അതേ യുക്തിയാണ് ഇവിടെയും പ്രയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാം ! ബ്രാഹ്മണിക്കൽ അജണ്ടകളെ കൃത്യമായി പ്രതിരോധിച്ചുകൊണ്ട് സവർണ്ണ/കുടവയറൻ/പൂണൂൽധാരി/കോമാളിരൂപ മഹാബലിയിൽ നിന്നും വിടുതൽ പ്രഖ്യാപിച്ച് ദ്രാവിഡനായ അടിസ്ഥാനവർഗ്ഗശരീരത്തെയും വർണ്ണവിന്യാസത്തെയും പ്രതിനിധാനം ചെയ്യുന്ന മഹാബലിയെ അവതരിപ്പിക്കുന്നു ശ്രീനിവാസൻ. കാലങ്ങളായി ജനമനസ്സിൽ ഉറച്ചുപോയ രൂപത്തിന് ഇളക്കംതട്ടുന്നു. ഇതിനെ, കലാകൃത്തിന്‍റെ കർതൃത്ത്വപദവിയെ നിഴലിൽ നിർത്തി ഇല്ലായ്മ ചെയ്യാമെന്നു കരുതുന്ന തരം ഏതൊരു പ്രവൃത്തിയും സവർണ്ണതമാടമ്പിത്വത്തിന്‍റെ ഉൽപ്പന്നങ്ങളായേ വിലയിരുത്താൻ കഴിയൂ. കീഴാളവൈജ്ഞാനികതയും ആസ്തെറ്റിക്സും അതിന്‍റെ ഗവേഷണമേഖലകളെ വിപുലപ്പെടുത്തിവരുന്ന സമകാലികതയിൽ തീർച്ചയായും തിരിച്ചറിയേണ്ടതും കൃത്യമായും പ്രതിരോധിക്കേണ്ടതുമാണ് ഇത്തരം തമസ്കരണങ്ങളും സവർണ്ണവത്കരണവും.

 


ആന്‍റോ ജോര്‍ജ്ജ്
ചിത്രകാരന്‍ 

പൂണൂലില്‍ മാനുഷരെല്ലാരും ഒന്നല്ല 

മാധ്യമങ്ങൾ ആർട്ടിസ്റ്റുകളുടെ കലാസൃഷ്ടികൾ എടുത്ത് കൈകാര്യം ചെയ്യുമ്പോൾ കുറച്ചു മാന്യത കാണിക്കേണ്ടതാണ്. 'മാവേലി കറുത്തതോ വെളുത്തതോ കുടവയറുള്ളതോ പൂണൂൽ ഉള്ളതോ മസിലുള്ളതോ ആയിക്കോട്ടെ, ഓണം ആഘോഷിച്ചാൽ മതി' എന്നു മുൻഷിയിൽ പരാമർശമുള്ളപ്പോൾ ബുദ്ധിജീവികൾ ചിന്തിക്കുന്നത് ഏതാണ്ട് ഇങ്ങനെയാണ്... 'മാവേലി കറുത്തതോ വെളുത്തതോ കുടവയറുള്ളതോ പൂണൂൽ ഉള്ളതോ മസിലുള്ളതോ ആയിക്കോട്ടെ നമുക്ക് മാനുഷരെല്ലാം ഒന്നുപോലെ എന്ന രാഷ്ടീയം മാത്രം ചർച്ച ചെയ്യാം' എന്നാണ്. അതായത് യുക്തിവാദികളൊക്കെ വേഷം മാറിയ ഹിന്ദുത്വവാദികളാണ് എന്നൊരിക്കൽ ജോയേട്ടൻ (ടി.എൻ.ജോയ്) പറഞ്ഞിട്ടുള്ളതിന്‍റെ അർത്ഥം അതാണ്. അത് കേവല മതേതര കമ്യൂണിസ്റ്റുകൾക്കും ബാധകമാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഒരു കലാകാരന് ബോധപൂർവ്വം ഒരു മിത്തിനെ അപനിർമ്മിക്കേണ്ടി വരുന്നത്. മാവേലിയുടെ ചിത്രങ്ങളിൽ ഇതും ഒരു സ്റ്റീരിയോ ടൈപ്പ് ഇമേജ് ആയി ഭാവിയിൽ ചുരുങ്ങി പോയാലും ഇപ്പോഴുള്ള അതിന്‍റെ പ്രസരണം പ്രസക്തമാണ്. 'ഉത്രാടം തിരുനാൾ വരച്ചതാണ് ആ ചിത്രം'  എന്ന ഏഷ്യാനെറ്റിന്‍റെ അക്രമണോത്സുകമായ പരിഹാസം പ്രതിഷേധം അർഹിക്കുന്നു.

 


ജോണി എം.എല്‍.
ആര്‍ട്ട് ക്രിട്ടിക്ക് ആന്‍റ് ക്യുറേറ്റര്‍

ജോണി എം.എല്‍. കേബിള്‍ യുട്യൂബ്  മാഗസിനിലൂടെ നടത്തിയ പ്രതികരണം 

കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image