Image

എന്റെ സ്ത്രീ കഥാപാത്രങ്ങൾ സാങ്കൽപികമാണ്

എന്റെ കവിതകളിലെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം വെറും സാങ്കൽപികമാണ്. അവർക്കൊന്നും എന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല. ആയതുകൊണ്ടുതന്നെ ആരും ഒന്നും അവകാശപ്പെട്ട് വരില്ലെന്നു തീർത്തുപറയാം.

കുട്ടിക്കാലത്തെ ഓർമ്മകളിൽ, മൂന്നാം വയസ്സിൽ തേയിലത്തോട്ടത്തിലെ റ്റാറ്റയുടെ കമ്പനി സ്കൂളിൽ ചേച്ചിയുടെ കൈപിടിച്ച് തമിഴ് മീഡിയത്തിൽ പഠിക്കാൻ പോയിരുന്ന ഞാൻ. അഞ്ചാം വയസ്സിൽ വീട്ടുകാരിൽ നിന്നും അകന്ന് എമ്പതോളം (80) കിലോമീറ്റർ കടന്ന് മറയൂർ ഹോസ്റ്റലിലെത്തുന്ന ഞാൻ. ആ എനിക്ക് എത്ര മാത്രം ഒരമ്മയുടെ സ്നേഹം കിട്ടീട്ടുണ്ടാവും എന്നോർക്കുക. ഹോസ്റ്റലിലെത്തി സ്വന്തം തുണിയലക്കി മഴക്കാലത്തും മറ്റും ഉണങ്ങിയും ഉണങ്ങാതെയും ഇട്ട് സ്കൂളിൽ പോകുന്നതിനെക്കുറിച്ചുള്ള പ്രയാസം പറയാതെ തന്നെ അറിയാമല്ലോ. വസ്ത്രങ്ങള് സ്വയം അലക്കിയും കഴിച്ച പ്ലെയ്റ്റ് സ്വയം തന്നെ കഴുകിയും ശീലിച്ച ഞാൻ അതിനുശേഷം ഇന്നോളം എന്റെ അത്തരം അവകാശത്തിലേക്ക് ആരേയും തൊടാൻ അനുവദിക്കാതെ കാത്തുസൂക്ഷിച്ചുവരുന്നുണ്ട്. എന്നെ സംബന്ധിച്ച്, ഹോസ്റ്റൽ ജീവിതം എന്നത് മറ്റൊരു ലോകമാണ്. ജാതിസങ്കൽപങ്ങള് നിറഞ്ഞ, നിരന്തരമായി ജാതിക്കുവിളിക്കുന്ന കൂട്ടുകാരുള്ള പൊതിടങ്ങളിൽ ഒരു പെൺകുട്ടിയോട് മിണ്ടുക, ഇഷ്ടമെന്ന് പറയുക ഇതെല്ലാം ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണ്.

മൈക്കിൾഗിരി സ്കൂളിലെ അശോകൻ മറയൂരിന്റെ 4-ാം ക്ലാസ് ഫോട്ടോ.
(ഒരു സൗഹൃദ മത്സരം: ഇതിൽ ലേഖകൻ ആരെന്ന് കണ്ടെത്തി comment ചെയ്യുക)

എന്റെ അറിവിൽ ഞാൻ ഇന്നേവരെ അച്ഛന്റെയോ അമ്മയുടെയോ വീടുകളിലേക്കോ ബന്ധുവീടുകളിലേക്കോ പോയിട്ടില്ലെന്നു വേണം പറയാൻ. ആകെ പോയാൽ തന്നെ അത് ചിറ്റയുടെ വീട്ടിൽ, അതും ഒന്നോരണ്ടോ ദിവസങ്ങൾ. അല്ലാതെ ആരുമായും ബന്ധപ്പെടാറില്ല. പലർക്കും എന്നെയറില്ല, അവരെ എനിക്കും. ഗോത്രസമുദായത്തിലായതു കൊണ്ട് അതിന്റെ ചിട്ടകൾ, ചട്ടങ്ങൾ അതു വേറെയാണ്. കൂടെ പിറന്ന ചേട്ടന്റെ കൂടെ പോലും അനിയത്തി ദൂരെ നിന്നു വേണം മിണ്ടാൻ. അതും എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രം. ഇനി വീട്ടിനുള്ളിൽ ഒറ്റയ്ക്ക് അമ്മയുണ്ടെങ്കിലും അനിയത്തിയുണ്ടെങ്കിലും ചേച്ചിയുണ്ടെങ്കിലും ആൺകുട്ടികൾക്ക് പ്രവേശനമില്ല. പോകണമെങ്കിൽ കൂടെയൊരു കൂട്ടുകാരൻ വേണം. ഊരുകളിൽ ചെന്നാലേ ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നുള്ളു. ഊരുകളിൽ ചെന്നാൽ തന്നിഷ്ടത്തിന് നടക്കാൻ പറ്റില്ല ആൺകുട്ടികൾ ഒരു കൂട്ടമായും പെൺകുട്ടികൾ മറ്റൊരു കൂട്ടവുമായേ നടക്കാൻ പറ്റുകയുള്ളു. ഇതിനൊക്കെയിപ്പോൾ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഗോത്രചിട്ടകൾ ഇപ്പോഴും പലയിടത്തും നടക്കുന്നുണ്ട്. (ഇപ്പറഞ്ഞതൊന്നും പൊതിടങ്ങളിൽ പറയാൻ പാടുള്ളതല്ല. കാരണം, കഴിഞ്ഞ ദിവസങ്ങളിൽ സമുദായത്തിനുള്ളിൽ നടന്ന ചില സംഭവവികാസങ്ങൾ അങ്ങനെയാണ്).

ഒരിക്കൽ സ്കൂൾ കാലങ്ങൾ നിർത്തി വീട്ടിൽ കുറച്ചുനാൾ നിൽക്കാമെന്നു വച്ചു. അമ്മയും ഞാനും പണ്ടു മുതലേ എന്തെങ്കിലും പറഞ്ഞാല് തമ്മിൽ തർക്കമാണ്. ഞങ്ങൾ തമ്മിൽ ഉൾക്കൊള്ളാൻ പ്രയാസങ്ങൾ നേരിടുന്നതിന്റെ കാരണം പത്തുപതിനാല് വർഷങ്ങൾ ഇങ്ങനെ അകന്നു നിന്നതു കൊണ്ടായിരിക്കാം എന്നു കരുതുന്നു. അങ്ങനെ വീട് വിട്ട് 19ാം വയസ്സിൽ ആദ്യമായി ഞാൻ വണ്ടി കയറി തൂത്തുക്കുടിയിലേക്ക്... കടലോരത്തെ ഉപ്പുവിളയുന്ന പാടങ്ങളിലേക്ക്.

മേൽ സൂചിപ്പിച്ച കാരണങ്ങൾ, അതുകൊണ്ടൊക്കെ തന്നെയാണ് എന്റെ കവിതകളിലെ സ്ത്രീ കഥാപാത്രങ്ങൾ വെറും സാങ്കൽപികം മാത്രമാണെന്ന് ഞാൻ പറയുന്നത്. അങ്ങനെ ഇന്നോളം സ്നേഹമെന്തെന്നോ പ്രണയമെന്തെന്നോ ബന്ധങ്ങളെന്തെന്നൊ അറിയാത്ത എനിക്ക്, അത് പലരിൽ നിന്നും ലഭിക്കുമ്പോള്, അവയെ കൃത്യമായി തിരിച്ചറിയാൻ കഴിയാത്തത് ഇപ്പോള് ജീവിതത്തിൽ  പലവീഴ്‌ചകൾക്കും കാരണമാകുന്നുണ്ട്. ഒന്നും തിരിച്ച് പ്രകടിപ്പിക്കാൻ കഴിയുന്നില്ല. ഇതിനെയൊക്കെ മറികടക്കുന്നത് എഴുത്തുകൊണ്ട് മാത്രമാണ്. അതെ, മൊത്ത ഹിറ്റ്ലറിൽ നിന്നും പാതി ബുദ്ധനിലേക്ക് എന്നെ കൊണ്ടുവന്നത് എഴുത്തുതന്നെയാണ്.

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image