Image

ഏഷ്യാനെറ്റേ ഈ പടം ശ്രീനിവാസന്‍റേതാണ്

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'മുന്‍ഷി' എന്ന സാമൂഹിക വിമര്‍ശന പരിപാടിയില്‍ ഓണവുമായി ബന്ധപ്പെട്ട് 'മഹാബലി കറുത്തതോ വെളുത്തതോ?' എന്ന തലക്കെട്ടോടെ ഒരു എപ്പിസോഡ് പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍, പൊതുവേ പ്രചരിക്കുന്ന മഹാബലിയുടെ ചിത്രത്തില്‍ നിന്നു വ്യത്യസ്തമായി മഹാബലി കറുത്തവനും ദ്രാവിഡനും ആണെന്ന് പരാമര്‍ശിച്ച്, കറുത്ത നിറമുള്ള മഹാബലിയുടെ ഒരു ചിത്രത്തെ കാണിച്ചു കൊണ്ടുള്ള സംസാരമുണ്ടാകുന്നുണ്ട്. 'ആ ചിത്രം ഉത്രാടം തിരുനാള്‍ മഹാരാജാവ് ഭംഗിയായി വരച്ചുവച്ചിട്ടുണ്ട്' എന്ന് പറഞ്ഞാണ് ഈ ചിത്രത്തെ പരിചയപ്പെടുത്തുന്നത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ആ ചിത്രം ഇരിങ്ങാലക്കുടക്കാരനായ ചിത്രകാരന്‍ ശ്രീനിവാസനാണ് വരച്ചത് എന്നറിയുന്നത്. ശ്രീനിവാസനുമായി സംസാരിച്ചതിന് ശേഷം ഒന്നിപ്പ് പ്രതിനിധി തയ്യാറാക്കിയ കുറിപ്പാണിത്.

  

ശ്രീനിവാസന്‍

ശ്രീനിവാസന്‍  കഴിഞ്ഞ ദിവസം വളരെ അവിചാരിതമായാണ് മുന്‍ഷിയുടെ എപ്പിസോഡ് കാണുന്നത്. മുന്‍ഷിയിലൂടെ സ്വന്തം ചിത്രം വീണ്ടും ചര്‍ച്ചയില്‍ വന്നതിലുള്ള സന്തോഷത്തിലാണ് ആദ്യം അത് കണ്ടത്. എന്നാല്‍ ഉത്രാടം തിരുനാള്‍ മഹാരാജാവ് ആണ് ഈ ചിത്രം വരച്ചത് എന്നു മുന്‍ഷിയിലെ ഒരു കഥാപാത്രം പറയുന്നതു കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടലാണ് ചിത്രകാരനുണ്ടായത്. തമാശയാണെങ്കില്‍ കൂടി, സറ്റയര്‍ ആണെങ്കില്‍ കൂടി വളരെ മന:പൂര്‍വ്വം ഒളിപ്പിച്ചു കടത്തുന്ന ഒരു ഹൈജാക്കിങ് അതായത് ഒരാളുടെ ഓതര്‍ഷിപ്പിനെ തട്ടിയെടുക്കുക എന്ന പരിപാടിയാണിതെന്ന് വിലയിരുത്തേണ്ടി വരും. കീഴാളസ്വത്വത്തിലെ ഒരു മനുഷ്യന്‍ വരച്ച ചിത്രം ഉത്രാടം തിരുനാളിലേക്ക് ചാര്‍ത്തിക്കൊടുക്കുക എന്നത് അത്ര നിഷ്കളങ്കമായ കാര്യമല്ല. പുതിയ ഏതൊരു ജ്ഞാനസിദ്ധാന്തം കീഴാളര്‍ ഉത്പാദിപ്പിച്ചാലും അത് സവര്‍ണ്ണന്‍റെ ഉടമസ്ഥതയിലേക്ക് ചാര്‍ത്തിക്കൊടുക്കുന്ന പരിപാടിയാണ് ‘മുന്‍ഷി’ ചെയ്തത്. 

ഇതുവരെ ഈ ചിത്രത്തിന്‍റെ ഉടമസ്ഥാവകാശമൊന്നും ശ്രീനിവാസന്‍ അവകാശപ്പെട്ടിട്ടില്ല. ആ ചിത്രം ആര് വേണമെങ്കിലും ഉപയോഗിച്ചോട്ടെ എന്നാണ് അദ്ദേഹം കരുതുന്നത്. പലരും ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആഘോഷപൂര്‍വ്വം കൊണ്ടാടിയിട്ടുമുണ്ട്. പക്ഷേ ഇപ്പോള്‍ ഏഷ്യാനെറ്റ് ഈ ചിത്രത്തിന്‍റെ ഓതര്‍ഷിപ്പ് കളവ് ചെയ്തുകൊണ്ടുപോകുന്നത് കേരളത്തിലെ കീഴാള സമൂഹങ്ങളെ മുഴുവന്‍ അപമാനിക്കുന്നതിന് വേണ്ടിയാണ് എന്നു ശ്രീനിവാസന്‍ പറയുന്നു. ഈ ചിത്രങ്ങള്‍ രാജകൊട്ടാരത്തിലെ തലച്ചോറില്‍ മാത്രമേ ഉണ്ടാകൂ എന്നു ‘മുന്‍ഷി’മാര്‍ ചിന്തിക്കുന്നത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. അംബേദ്കറെ പഠിപ്പിക്കാന്‍ സഹായിച്ചത് തമ്പുരാനാണ് എന്നു പറയുന്നതു പോലൊരു ഏറ്റെടുക്കലാണത്. ഈ ചിത്രം ശ്രീനിവാസന്‍ വരച്ചതാണ് എന്നതിനപ്പുറം കീഴാള വിഭാഗങ്ങളുടെ ഒരു സൃഷ്ടി എന്ന രീതിയിലാണ് ചിത്രകാരന്‍ അതിനെ കാണാന്‍ ശ്രമിക്കുന്നത്. അത് ഇങ്ങനെ തട്ടിയെടുത്തുകൊണ്ട് പോകുന്നതിന്‍റെ  ഉത്തരവാദിത്തം പൊതുസമൂഹത്തിനു മുഴുവനുമാണ്.

ഇ.വി.അനില്‍, പി.എസ്.ബാനര്‍ജി

ഈ ചിത്രം ശ്രീനിവാസന്‍ 2014-ല്‍ സ്വജനമിത്രം എന്ന മാസികയിലെ ഒരു  ലേഖനത്തിനു വേണ്ടി വരച്ചതാണ്. അന്ന് ചിത്രകാരന്മാരായ ഇ.വി. അനില്‍, പി.എസ്.ബാനര്‍ജി, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന്  മൂന്നു ചിത്രങ്ങള്‍ വരച്ചിരുന്നു. അതില്‍ ശ്രീനിവാസന്‍ വരച്ച ചിത്രമാണ് 'ഉത്രാടം തിരുനാള്‍ മഹാരാജാവ് വരച്ചത്' എന്നു പറഞ്ഞു മുന്‍ഷിയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അതൊരു ദലിത് മൂവ്മെന്‍റ് ആയിരുന്നു. കെട്ടുകഥകള്‍ എന്ന് പറഞ്ഞുനടന്നിരുന്ന കാര്യങ്ങള്‍ ചരിത്രമാണ് എന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍, അത് വസ്തുനിഷ്ഠമായി പരിശോധിക്കുന്ന അധ:സ്ഥിത സമൂഹത്തിലെ യുവതലമുറയുടെ ഉത്തരവാദിത്വബോധത്തില്‍ നിന്നാണ് അന്ന് അത്തരമൊരു ലേഖനവും ചിത്രങ്ങളും ഉണ്ടായത്. ‘ബലിനാട്’ എന്ന പേരിലാണ് ശ്രീനിവാസന്‍റെ  ചിത്രം അന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്. ‘ബലിനാട്’ എന്ന ചിത്രത്തിന് മാസികയില്‍ നല്‍കിയിരുന്ന വിവരണങ്ങള്‍ കൂടി ചേര്‍ക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. 

ശ്രീനിവാസന്‍റെ 'ബലിനാട്' ചിത്രം

അത് ഇതാണ്:  "ദ്രാവിഡനും കറുത്തവനുമായ മഹാബലിയെ കൂടുതല്‍ വിശദവും ലളിതവുമായി ചിതീകരിക്കുന്നതാണ് ശ്രീനിവാസന്‍റെ രചന. കെട്ടുകാഴ്ചകളൊന്നുമില്ലാത്ത, തന്‍റെ പ്രജകളില്‍ ഒരാളായിരിക്കുകയും അതേ സമയം അനിഷേധ്യമായ വ്യക്തിപ്രഭാവം കൊണ്ട് അവരെ നയിക്കാന്‍ തികച്ചും പ്രാപ്തനാണെന്ന് വെളിപ്പെടുത്തുന്നതുമായ ഗാംഭീര്യവും നിര്‍ഭയത്വവും അദ്ദേഹത്തിന്‍റെ കണ്ണുകളുടെ ആഴങ്ങളില്‍ പ്രതിബിംബിക്കുന്നുണ്ട്. വിശാലമായ നെറ്റിത്തടവും ഉയര്‍ന്ന നാസികയും അദ്ദേഹത്തിന്‍റെ ഭൗതികനിലവാരത്തെയും നേതൃപാടവത്തെയും സൂചിപ്പിക്കുന്നു. കറുത്തവരിലെ ശ്രേഷ്ഠരെയെല്ലാം നീലനിറം പൂശി സ്വന്തമാക്കുന്ന സവര്‍ണ്ണ മനോഭാവത്തോടുള്ള ചിത്രകാരന്‍റെ പ്രതീകാത്മകമായ വിരുദ്ധതയാണ് നിറങ്ങളുടെ ശ്രദ്ധാപൂര്‍വ്വമായ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ചരിത്രത്തിന്‍റെ മറനീക്കി വെളിച്ചപ്പെടുന്ന ആഭരണങ്ങളും വസ്ത്രങ്ങളും അടര്‍ത്തിമാറ്റപ്പെട്ട ചരിത്രത്താളുകളിലെ അവശേഷിപ്പുകളാണ്. ജനകീയനായ ആ ഭരണാധികാരിയുടെ ജനത എത്രമാത്രം സമൃദ്ധിയിലും സന്തോഷത്തിലും പുലര്‍ന്നിരുന്നു എന്ന യാഥാര്‍ത്ഥ്യം ചിത്രപശ്ചാത്തലം നമുക്കു മുന്നില്‍ അനാവൃതമാക്കുന്നു. നാഗരീക സംസ്കാരത്തില്‍ നിന്നും ഉള്‍ക്കാടുകളിലേക്ക് തുരത്തപ്പെട്ട ഒരു ജനത നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ സ്വൈര്യവും സ്വസ്ഥവുമായി ജീവിക്കുന്നു. കൃഷിയും ജലസേചനവും എന്നത്തേതിലും ഭംഗിയായും നിര്‍വ്യാജമായും നിര്‍വ്വഹിക്കുന്നു. അപ്രകാരം ഈ ചിത്രം കാലത്തെ മറികടന്ന് കാഴ്ചകളിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ഒരു വെറും കാഴ്ചയല്ലാതെ ഊര്‍ജ്ജവിനിമയത്തിന്‍റെ മാധ്യമം കൂടിയാക്കി മാറ്റുന്നത് അതിലെ നിലാവിന്‍റെ സാന്നിദ്ധ്യമാണ്. പശ്ചാത്തലത്തിലും ബലിയുടെ ശരീരത്തിലും പരസ്പരം പകര്‍ന്നിരിക്കുന്ന കറുപ്പു നിറം ദ്രാവിഡജനതയുടെ അദ്ധ്വാനശീലത്തെയും സര്‍വ്വോപരി പ്രകൃതിയും മണ്ണുമായുമുള്ള അവരുടെ ബന്ധത്തെയും സൂചിപ്പിക്കുന്ന ഒരു അമൂര്‍ത്തബിംബമാണ്. ഇരുട്ട് അവരുടെ സ്വതന്ത്രവും സജീവവുമായ രാത്രികാലജീവിതത്തിന്‍റെ കൂടി നേര്‍ക്കാഴ്ചകളായി പുനര്‍ജ്ജനിക്കുന്നു. ബൌദ്ധപാരമ്പര്യത്തിലും ചിട്ടയായ ജീവിതക്രമങ്ങളിലും മാത്രമല്ല 'മാനുഷരെല്ലാരുമൊന്നുപോലെ' എന്ന വരികളിലെ ഒരുമയും കൂട്ടായ്മയും കൂടിച്ചേര്‍ന്ന് വായിക്കുമ്പോഴാണ് ആഴങ്ങളില്‍ നിന്നും ആഴങ്ങളിലേക്ക് ഇറങ്ങുന്ന ഉള്‍ക്കാഴ്ചകളിലേക്ക് ചിത്രം നമ്മെ നയിക്കുന്നത്."  ഇതാണ് ആ ചിത്രത്തെ കുറിച്ചുള്ള വിവരണം. 

ബാനര്‍ജിയുടെ മഹാബലി ചിത്രം

പിന്നീട് ഈ ചിത്രം ജനകീയമാവുകയായിരുന്നു. കീഴാളരായ മനുഷ്യരും പുരോഗമനവാദികളും ഈ ചിത്രം എടുത്താഘോഷിച്ചു. പൊതുജനത്തിന് ചിത്രം വലിയ സര്‍പ്രൈസ് ആയിരുന്നു. ആ ചിത്രം മുന്നോട്ടുവക്കുന്ന കാര്യങ്ങള്‍ നിരാകരിക്കാനും പറ്റുന്നില്ല, ഒപ്പം തന്നെ ആ ചിത്രത്തെ ഉള്‍ക്കൊള്ളാനും പറ്റുന്നില്ല എന്ന അവസ്ഥയിലായി ഒരു വിഭാഗം കേരളം. വെളുത്ത നിറം, പൂണൂല്‍, കുടവയര്‍, കിരീടം എന്നിവ മാറ്റിവെച്ച ഈ ചിത്രത്തെ ഒരു വിഭാഗം കേരളത്തിന് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് വെളുത്ത മഹാബലിയെ ഉപേക്ഷിക്കാന്‍ ഒരു മനസ്സുണ്ടാകുന്നില്ല. എങ്കിലും ഈ ചിത്രം കേരള സമൂഹത്തിനു മുന്നില്‍ ആത്മാഭിമാനബോധത്തോടെ നെഞ്ചുവിരിച്ച് നില്‍ക്കുന്നുണ്ട്.

‘മാവേലി നാടുവാണീടും കാലം’ എന്ന പാട്ടിലെ സങ്കല്‍പത്തിലേതു പോലെ യാതൊരു വയലന്‍സുമില്ലാത്ത ഒരു ലോകം ചിത്രീകരിക്കാനാണ് ശ്രീനിവാസന്‍ ശ്രമിച്ചത്. പിന്നെ നാട്ടിന്‍പുറങ്ങളില്‍ കീഴാളരായ സ്വന്തം തൊഴിലിനെ കുറിച്ചുള്ള ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ അറിവുള്ള കാരണവന്മാരുടെ സ്നേഹപൂര്‍വ്വമുള്ള മുഖമാണ് മഹാബലിക്ക് കൊടുക്കാന്‍ ശ്രമിച്ചത്. അവരുടെ മുഖത്തെ സ്നേഹവും ശാന്തതയും അതില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരുടേയും അടിമയാകാതെയും ഉടമയാകാതെയും ജീവിച്ച മനുഷ്യനെയാണ് ഈ മഹാബലിയില്‍ കാണാന്‍ ശ്രമിച്ചത്. കറുപ്പ് എന്നതിനെ നീലയാണ് എന്നു പറഞ്ഞു കീഴാളമായ പല രൂപങ്ങളെയും മാറ്റി ചിത്രീകരിക്കാന്‍ പുരാണങ്ങള്‍ തൊട്ട് ഇന്നും സിനിമകളിലും ചിത്രങ്ങളിലും വരെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അവിടെയെല്ലാം നീലനിറം വരുമ്പോള്‍ പുറത്താകുന്നത് കറുത്തവനും അവന്‍റെ സ്വത്വവും ആണ്. ആ നീലനിറം മാറ്റി വയലറ്റ് നിറമാണ് ചിത്രകാരന്‍ ഉപയോഗിച്ചിരിക്കുന്നത്. (മുന്‍ഷിയില്‍ അതിനെ ഫാന്‍റം എന്ന തരത്തില്‍ പരിഹസിക്കുന്നുണ്ട്.) കൂടാതെ ഇത്തരമൊരു കഥാപാത്ര നിര്‍മ്മിതിക്കായി- പണിയെടുക്കുന്ന, അദ്ധ്വാനിക്കുന്ന പല മനുഷ്യരുടെയും രൂപാകാരങ്ങളും ഭാവങ്ങളും ചിത്രകാരന്‍ വിശദമായി പഠിച്ചിട്ടുണ്ട്. അതിന്‍റെയെല്ലാം ആകെത്തുകയിലാണ് ഇത്തരമൊരു ചിത്രം ജന്മമെടുക്കുന്നത്.    

ഇ.വി.അനിലിന്‍റെ മഹാബലി ചിത്രം

ആ ‘കറുത്ത മഹാബലി’യെ മുന്‍ഷിയില്‍ ഏറ്റെടുക്കുന്നത് സഖാവ് എന്ന കഥാപാത്രമാണ്. ഇത്തരം പുരോഗമനപരമായ ആശയങ്ങളും നീക്കങ്ങളും കമ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവച്ചുകൊണ്ട്  കമ്യൂണിസ്റ്റ് മഹാബലി എന്നു പറയുന്നുണ്ട്. അതായത് കീഴാളമായ എല്ലാ പുരോഗമന ആശയങ്ങളെയും കമ്യൂണിസ്റ്റുകാരുടെയോ തമ്പുരാക്കന്മാരുടെയോ ഉത്പന്നങ്ങളാക്കി മാറ്റിക്കൊണ്ട് അതിനെ തെറ്റായരീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ഹൈജാക്കിങ്ങ് പരിപാടികള്‍, കേവലം കോമഡിയോ നേരംപോക്കുകളോ നിഷ്കളങ്കതയോ അല്ല, മറിച്ച് അതൊരു ഗൗരവകരമായ, ആസൂത്രിതമായ കടന്നുകയറ്റമാണ്. ദലിത് സ്വത്വബോധത്തില്‍ നിന്നുണ്ടാകുന്ന പുരോഗമന മുന്നേറ്റങ്ങളെ വഴിതിരിച്ചുവിടുന്ന കപട സവര്‍ണ്ണയുക്തികളാണ് അതിനെ നയിക്കുന്നത്.


ഈ വിഷയത്തില്‍ ദി കേബിള്‍ വീഡിയോ മാഗസിനില്‍ ജോണി എം.എല്‍.  സംസാരിക്കുന്നു.  കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകഏഷ്യാനെറ്റ് ന്യൂസിന്‍റെ 'മുന്‍ഷി' എന്ന സാമൂഹിക വിമര്‍ശന പരിപാടിയില്‍ ഓണവുമായി ബന്ധപ്പെട്ട് വന്ന എപ്പിസോഡ് 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image