
അയ്യന്‍കാളി തന്റെ വില്ലുവണ്ടി ഓടിച്ച് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി വഴി പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് കേരളം പുരോഗമിച്ചു. നവോത്ഥാനിച്ചു. പക്ഷേ ചിത്രലേഖ കഴിഞ്ഞ ഇരുപതു വര്‍ഷമായി അയ്യന്‍കാളി പിടിച്ചെടുത്ത വഴിയില്‍ ഓട്ടോ ഓടിക്കാനായി യുദ്ധംചെയ്യുകയാണ്. ചിത്രലേഖ എഴുതുന്നു.

ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി മൂന്നില്‍ അയ്യന്‍കാളി ഒരു കാളവണ്ടി വാങ്ങി വില്ലുവണ്ടി ഉണ്ടാക്കി. തലപ്പാവ് ധരിച്ചു പൊതുവീഥിയിലൂടെ സാഹസികയാത്ര നടത്തി. ഒരുത്തനും തടയാനുണ്ടായില്ല. പിന്നീട് ഒരു നൂറ്റാണ്ടിലധികം കഴിഞ്ഞു. 1957 ല്‍ കേരള സംസ്ഥാനമുണ്ടായി. പിന്നേയും പത്തു നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ നൂറ്റാണ്ടില്‍ ഞാന്‍ ഒരു ഓട്ടോറിക്ഷ വാങ്ങി. ജീവിക്കാനായി പയ്യന്നൂരിലെ എടാട്ട് സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ ആരംഭിച്ചു. പുരോഗമന നവോത്ഥാന കേരളത്തില്‍ ഒരു പുരോഗമന പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയില്‍പ്പെട്ട ഓട്ടോ തൊഴിലാളികള്‍ “ഓ...പുലയാടിച്ചി ഓട്ടോ ഓടിക്കാന്‍ വരുന്നോ...?” എന്നു ചോദിച്ചു അവര്‍ സ്വീകരിച്ചു. പിന്നീട് എന്നെ ഓട്ടോ കയറ്റി കൊല്ലാന്‍ ശ്രമിച്ചു. തീയ്യ സമുദായത്തില്‍പ്പെട്ട എന്റെ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ആളു മാറി എന്റെ അനിയത്തിയുടെ ഭര്‍ത്താവിന് വെട്ട് കൊണ്ടു. എന്നെ ഇതേ പുരോഗമന പാര്‍ട്ടി തേവിടിശ്ശി ആയി ചിത്രീകരിച്ചു. എന്റെ ഓട്ടോ കത്തിച്ചു. എന്റെ മക്കളെ ആക്രമിച്ചു. പയ്യന്നൂരിലെ എടാട്ട് നിന്ന് എന്നെ പാലായനം ചെയ്യിച്ചു. സിപിഎം എന്ന പാര്‍ട്ടി എന്റെ ജീവിതത്തിനു നല്കിയ സംഭാവനകള്‍ ആണിത്. മഹാത്മാ അയ്യന്‍കാളി ഏകദേശം ഒന്നര നൂറ്റാണ്ടു മുമ്പ് വില്ലുവണ്ടി ഓടിച്ച കേരളത്തില്‍ ഞാന്‍ ഇപ്പോഴും ഒരു ദേശീയ പാതയുടെ ഓരത്ത് ഒരു ഓട്ടോയുമായി ഓടിക്കാനാകാതെ കാത്തുകെട്ടിക്കിടക്കുകയാണ്.
അതേ സിപിഎമ്മുകാരും ഫാസിസ്റ്റ് ബിജെപിക്കാരും ഇപ്പോള്‍ അയ്യന്‍കാളിയെയും ശ്രീനാരായണ ഗുരുവിനെയും കൊണ്ടുനടന്ന് ആഘോഷിക്കുകയാണ്. സിപിഎമ്മിന്റെ ഫ്ലക്സുകളിലൊക്കെ ഇപ്പോള്‍ അയ്യന്‍കാളി കടന്നുകൂടിയിട്ടുണ്ട്. ‘എന്തു പ്രഹസനമാണ് സജി’ എന്ന ഡയലോഗോക്കെ ഇവരുടെ മുന്നില്‍ ഒന്നുമാകില്ല. അയ്യന്‍കാളിയെ മറച്ചുവെച്ച് ഇഎംഎസ്സിനെയാണ് ഇവര്‍ ആഘോഷിക്കുക. കേരളത്തിന്റെ ചരിത്രം എഴുതിയപ്പോള്‍ അയ്യങ്കാളിയെ അറിയില്ല എന്നു പറഞ്ഞ ആളാണ് ഇഎംഎസ്. അതേ ഇഎംഎസ് സര്‍ക്കാരാണ് കേരളത്തില്‍ പട്ടിക ജാതിക്കാര്‍ക്ക് ഭൂപരിഷ്കരണത്തിലൂടെ ഭൂമി നല്‍കിയതെന്ന വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിനു വേണ്ടിയാണ് ഈ പാര്‍ട്ടി നിലനില്‍ക്കുന്നത് എന്നൊക്കെ വാചകമടിക്കും. അത് പട്ടിക ജാതി വിഭാഗങ്ങളുടെ വോട്ട് പിടിക്കാനുള്ള വ്യാജ പ്രചരണം മാത്രമാണ്. അയ്യന്‍കാളി ആയിരത്തി തോള്ളായിരത്തി മുപ്പതുകളില്‍ തന്നെ തൊഴിലാളി സമരം നടത്തിയിരുന്നു. അയ്യന്‍കാളി കീഴാളരുടെ വിദ്യാഭ്യാസത്തിനും വഴി നടക്കാനും നടത്തിയ സമരം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യായങ്ങളാണ്. എനിക്കു പത്തു ബിഎ-ക്കാരെ വേണം എന്ന ആഹ്വാനത്തില്‍ നിന്നാണ് കേരളത്തിലെ പട്ടിക ജാതിക്കാര്‍ പഠിച്ചു ജോലി നേടിയത്. അതേ സമയം സിപിഎം ഒരിയ്ക്കലും പട്ടിക ജാതിക്കാരോടു പഠിക്കാന്‍ പറഞ്ഞിട്ടില്ല. തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് അയ്യന്‍കാളി കാര്‍ഷിക സമരം നടത്തിയത്. 'ഞങ്ങളുടെ കുട്ടികളെ പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ മുട്ടിപ്പുല്ല് കിളിപ്പിക്കും' എന്ന് അയ്യന്‍കാളി പ്രമാണിമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതോടെ ജന്മികള്, സവര്‍ണര്‍ വയലില്‍ പണിയെടുക്കാന്‍ ശ്രമിച്ചു വാടിത്തളര്‍ന്നു വീണത് അയ്യങ്കാളിയുടെ കാലഘട്ടത്തിലാണ്.

ജനാധിപത്യ സംവിധാനത്തില്‍ കീഴാളരുടെ സംരക്ഷണത്തിന് വേണ്ടി ഉണ്ടാക്കി എന്നു വീമ്പടിക്കുന്ന സിപിഎം എന്ന പാര്‍ട്ടി ദളിത് ആദിവാസികളെ പാലായനം ചെയ്യിക്കുന്ന പരിപാടിയാണ് ചെയ്യുന്നത്. ആദിവാസികളുടെ അവകാശമാണ് അവരുടെ കാടുകള്‍. അവിടെ നിന്നു അവരെ ഇറക്കിവിടാനുള്ളതാണ് ലൈഫ് മിഷന് എന്ന പരിപാടി. ലൈഫ് മിഷന് പരിപാടിയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഭൂമിയില്‍ യാതൊരു അവകാശവുമില്ല. അവരെ ഉയര്‍ത്താനുള്ള പരിപാടിയാണ് ലൈഫ് മിഷന് എന്നാണ് പറയുന്നത്. പക്ഷേ അത് തട്ടിപ്പാണ്. അതുപോലെ അയ്യന്‍കാളി പഞ്ചമി എന്ന പുലയ പെങ്കുട്ടിയെയും കൊണ്ട് പിടിച്ചെടുത്ത വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ ഗതി എന്താണ്? കൊറോണക്കാലത്തെ ഓണ്‍ ലൈന്‍ വിദ്യാഭ്യാസം നടത്താന്‍ ഊരുകളില്‍ എവിടെയാണ് ടെലിവിഷന്‍ ? ഊരുകളിലെയും കോളനികളിലെയും വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കാന്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്തത്?
സിപിഎമ്മുകാരുടെ ആക്രമങ്ങള്‍ക്കു ശേഷം ഒരു പാട് പാലായനങ്ങള്ക്കു ശേഷമാണ് എനിക്കു ഒരു പുനരധിവാസം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എനിക്കു അനുവദിച്ച സ്ഥലം പിണറായി സര്‍ക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നു. മൂന്നാറിലെ ഉരുള്‍പ്പൊട്ടലില്‍ ലയങ്ങളില്‍ താമസിക്കുന്ന ദലിതരും തമിഴരുമായവരെ ഒരു കുഴിയില്‍ മൂടേണ്ടിവന്നതും ഭൂപരിഷ്കരണം വലിയ സംഭവമാണെന്ന് പറഞ്ഞുപരത്തിയവരുടെ പരാജയമാണ്. ഇഎംഎസ് കൊണ്ടുവന്ന ഭൂപരിഷ്കരണം പട്ടിക ജാതിക്കാര്‍ക്ക് ഇത്തിരിപ്പോന്ന സ്ഥലമാണ് കൊടുത്തത്. അവരെ കോളനികളില്‍ ഒതുക്കി. കോളനികളില്‍ മൂന്നു സെന്റും അഞ്ചു സെന്റുമാണ് അവര്‍ക്ക് കിട്ടിയത്. സിപിഎമ്മിന്റെ രാഷ്ട്രീയത്തിന് വോട്ടുപിടിക്കാന്‍ പോകുന്നവര്‍ക്ക് മാക്സിമം പത്തു സെന്റ് വരെ കൊടുത്തു. ഇഎംഎസ്സിന്റെ കാലത്ത് കെട്ടിയ പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍ തന്നെയാണ് ഇഎംഎസ്സിന്റെ ഭരണത്തിനു ശേഷം ഇന്നും മൂന്നും നാലും തലമുറകള്‍ കഴിഞ്ഞു കൂടുന്നത്. മനുഷ്യരുടെ എണ്ണം കൂടിയെങ്കിലും ഭൂമിയുടെയോ പാര്‍പ്പിടത്തിന്റെയോ വികാസം പട്ടികജാതിക്കാര്‍ക്ക് ഉണ്ടായിട്ടില്ല. അത് ഏത് രാഷ്ട്രീയ പാര്‍ട്ടി ആയാലും അതിനു യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇന്നും നിവര്ന്നുനില്ക്കാന് പോലും പറ്റാത്ത വീടുകളാണ് കോളനികളിലേത് എന്നതാണ് യാഥാര്‍ത്ഥ്യം.
പികെഎസ്, എകെഎസ് എന്ന സംഘടനകള്‍ പട്ടിക ജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി രൂപീകരിച്ചു സിപിഎം അവരുടെ വായടച്ചുനിര്ത്തും. ദലിത് കോണ്‍ഗ്രസ്, ദലിത് ലീഗ്, ദലിത് മോര്‍ച്ച എന്നീ ചെറിയ വിഭാഗങ്ങളാക്കി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഒതുക്കും. അവര്‍ക്കൊന്നും സംസാരിക്കാനുള്ള യാതൊരു അവസരവും എവിടേയും ഇല്ല. അവിശ്വാസത്തിലും നിയമസഭാ ചര്‍ച്ചകളിലും ദളിതര്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉന്നയിക്കണമെങ്കില്‍ അവരുടെ പ്രതിനിധികള്‍ ഉണ്ടാകണം. അയ്യന്‍കാളി അങ്ങനെ രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് പ്രജാസഭയില്‍ സംസാരിച്ച നേതാവായിരുന്നു. രാഷ്ട്രീയ അധികാരത്തിന്റെ സാധ്യത അദ്ദേഹത്തിന് അറിയാമായിരുന്നു. മാറിമാറി വരുന്ന ഭരണങ്ങളില്‍ ഒരു മന്ത്രിയാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഉണ്ടാവുക. ആ മന്ത്രിക്ക് പോലും അവിടെ സംസാരിക്കാന്‍ വോയിസ് ഉണ്ടാകില്ല. ഇപ്പോള്‍ എ.കെ.ബാലന് മന്ത്രി ആയപ്പോള്‍ ഏകദേശം അഞ്ഞൂറു കോടി രൂപയാണ് പട്ടിക ജാതിക്കാര്‍ക്ക് ഒരു പദ്ധതിയും നടപ്പിലാക്കാതെ ലാപ്സ് ആകാന്‍ പോകുന്നത്. അവരൊക്കെ വോയ്സ് ഉണ്ടെങ്കിലും സംസാരിക്കില്ല. കാരണം പലരേയും താങ്ങി നിന്നാല്‍ മാത്രമേ വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ. പെറ്റിമുടിയില് ഒരു കുഴിമടത്തിലാണ് ഒരുപാട് പേരുടെ ശവം അടക്കിയത്. കഴിഞ്ഞ അവിശ്വാസ പ്രമേയത്തില്‍ പെറ്റിമുടിയിലെ ഭൂമി സംബന്ധിച്ച വിഷയം ചര്‍ച്ചക്ക് വരും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ മുഴുവന്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയും കണ്ടു. പക്ഷേ അങ്ങനെ ഒരു ചര്‍ച്ചയും അവിശ്വാസ പ്രമേയത്തില്‍ ഉണ്ടായില്ല.

ബിഎസ്പി-ക്കു തന്നെ ഇപ്പോള്‍ രണ്ടു മൂന്നു വിഭാഗങ്ങളാണ്. കേരളത്തില്‍ ബിഎസ്പി-ക്കു ഒരു കാലത്ത് കുറച്ചു മുന്നേറ്റം ഉണ്ടായി എന്നത് നേരാണ്. അടിത്തറയില്‍ ഇറങ്ങി ആ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള നേതൃത്വങ്ങള്‍ ഒന്നും ഇപ്പോഴില്ല. അതിന്റെ ഇടയില്‍ ആ പാര്‍ട്ടിയില്‍ കയ്യിട്ടുവാരലാണ് നടക്കുന്നത്. ആ പാര്‍ട്ടിക്ക് യാതൊരു സാധ്യതയും ഇല്ല എന്നു മനസ്സിലായതോടെയാണ് എനിക്ക് അതില്‍ നിന്നും രാജിവെക്കേണ്ടതായി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എനിക്ക് അമ്പതിനായിരം രൂപയും തന്നാണ് ബിഎസ്പി-യുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ പറഞ്ഞത്. അതിന്റെ കണക്ക് ബോധിപ്പിക്കാത്തതു കൊണ്ട് ഇലക്ഷന് കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ചെലവുകള്‍ പാര്‍ട്ടിയാണ് ബോധിപ്പിക്കേണ്ടത്. അത് ഇതുവരെയും ചെയ്തിട്ടില്ല. ഇലക്ഷന് കമ്മീഷന് എനിക്കാണ് നോട്ടീസ് അയച്ചത്. ഞാന്‍ ഇവിടെ വാടക വീടുകള്‍ മാറിമാറി ഓടിക്കൊണ്ടിരിക്കുകയാണ്. കടങ്ങള്‍ പെരുകി ജപ്തി നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൊറോണ സമയത്ത് പണിയില്ലാതെ കുടുംബം പട്ടിണിയുടെ അവസ്ഥയിലുമാണ്.
ദലിത് ആക്റ്റിവിസ്റ്റുകളും അംബേദ്കറൈറ്റുകളും ഭരണഘടന സംരക്ഷണം എന്നു പറഞ്ഞുകൊണ്ട് നടക്കുകയല്ലാതെ എന്താണ് ചെയ്തിട്ടുള്ളത്? പട്ടിക ജാതി ദളിത് വിഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ ഏഴയലത്ത് പോലും എത്താന്‍ പറ്റിയിട്ടില്ല എന്നു മാത്രമല്ല അവര്‍ സംരക്ഷിക്കപ്പെട്ടിട്ടുമില്ല. താഴെത്തട്ടില്‍ നിന്ന് ഒരു ജനവിഭാഗം ഉയര്‍ന്നു വരണമെങ്കില്‍ ആദ്യം വേണ്ടത് ഒത്തൊരുമയാണ്. അത് അംബേദ്കറൈറ്റുകള്‍ക്കും ദളിത് സംഘടനകള്‍ക്കുമില്ല.
അയ്യന്‍കാളിയുടെ പ്രവര്‍ത്തനരീതിയും അയ്യന്‍കാളിയുടെ സമരരീതിയും അറിയാത്ത ആളുകളാണ് അയ്യന്‍കാളിയെ ഇപ്പോള്‍ വിഗ്രഹവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. അതിനോട് എനിക്കു വലിയ താല്പര്യമില്ല. സവര്‍ണ്ണര്‍ക്കെതിരെ ചാട്ടവാറുയര്‍ത്തി വില്ലുവണ്ടി ഓടിച്ചു പോകാനുള്ള ധൈര്യംകാണിച്ച മനുഷ്യനാണ് അയ്യന്‍കാളി. അടിമത്തത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിനു വേണ്ടിയാണ് അദ്ദേഹം ആ സാഹസത്തിന് പുറപ്പെട്ടത്. അങ്ങനെ ഒരു മനുഷ്യനെയാണ് താലപ്പൊലിയെടുത്ത് പൂജ ചെയ്യുന്ന രീതിയിലേക്ക് ഒരു സമൂഹം അധ:പതിക്കുന്നത്.
ജാതീയത കേരളത്തില്‍ ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലിടങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍, ചാനലുകളില്‍ എല്ലാം ജാതി പ്രവര്‍ത്തിക്കുന്നുണ്ട്. ദലിത് വിഭാഗത്തിന് എന്തെങ്കിലും അതിക്രമങ്ങള്‍ സംഭവിച്ചാല്‍ അത് കേരളത്തില്‍ വെറും ഒരു ദിവസത്തെ ചര്‍ച്ച മാത്രമാണ്. ഒരു ദിവസത്തെ ചര്‍ച്ചയില്‍ പോലും കേരളത്തിലെ പൊതുസമൂഹം അത് ഉള്‍പ്പെടുത്തില്ല. അയ്യന്‍കാളി പൊരുതിയതു പോലെ പുതിയ തലമുറ പൊരുതാതെ ഒന്നും നേടിയെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതിനുള്ള സംവിധാനങ്ങള്‍ പുതിയ തലമുറയില്‍ നിന്നു തന്നെ ഉയര്‍ന്നുവരണം. എങ്കില്‍ മാത്രമേ അയ്യന്‍കാളിയുടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുകയുള്ളൂ. അയ്യന്‍കാളി വില്ലുവണ്ടി ഓടിച്ച നാട്ടില്‍ ചിത്രലേഖയ്ക്ക് ഓട്ടോ ഓടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പുതിയ തലമുറകള്‍ ഫെറാറി കാര്‍ ഓടിക്കണം.
പുറത്തിറങ്ങാന്‍ പോകുന്ന ചിത്രലേഖയുടെ ആത്മകഥയുടെ പ്രമോഷന് വീഡിയോ.