
അയ്യന്‍കാളി ഒരു തിരുവിതാംകൂറിലെ മാത്രം വിപ്ലവകാരിയല്ല. പതിനെട്ടാം നൂറ്റാണ്ടില്‍ അടിമത്തത്തിനെതിരെ യുദ്ധംചെയ്ത ഹൈതിയന്‍ വിപ്ലവകാരി ടുസൈന് ലോവര്ച്വറിനെപ്പോലെ, ജാങ്കോ അണ്ചെയിന്റ് എന്ന സിനിമയിലെ ജാങ്കോയെപ്പോലെ, വ്യത്യസ്ത മാനങ്ങളാണ് അയ്യന്‍കാളിക്ക്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും, ടെക്നോളജിയുടെയും, ടെലിഗ്രാമിന്റെയും കാലത്തെ ന്യൂജെന്‍ തലമുറ അയ്യന്‍കാളിയെ വായിക്കുന്നു.

പി.കെ.അനില്‍കുമാര്‍ വരച്ച അയ്യന്‍കാളി
അഞ്ജലി ദിവാകരന്, നേഴ്സിങ്ങ് ട്രെയിനി, പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല.
അയ്യൻകാളിയെ ബിഗ് സ്ക്രീനിൽ കാണുവാണേൽ അതൊരു ബിഗ് ബജറ്റ് പൊളി മാസ്സ് പടമായിരിക്കണം. ചരിത്രം ഭയങ്കര സ്റ്റെലിഷ് ആയിട്ട് പറയണം. അയ്യൻകാളി എന്ന വ്യക്തി, അദ്ദേഹത്തിന്റെ രാഷ്ട്രീയം കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങേണ്ടതല്ല. മറിച്ച് ലോകം മുഴുവൻ അറിയപ്പെടണം. അതുകൊണ്ട് അതൊരു World wide release ആവണം. കാസ്റ്റിംഗ്, കോസ്സ്യൂംസ്, മ്യൂസിക്, സൗണ്ട് എഫക്റ്റ്സ് , ആർട്ട് വർക്ക് ഒക്കെ പൊളിയായിരിക്കണം. ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരം വിഷ്വൽ ട്രീറ്റ് ആവണം. വിനായകന് അല്ലാതെ വേറെ ഒരു ഹീറോ അത് ചെയ്യുന്നത് ആലോചിക്കാന്‍ വയ്യ. 'ജങ്കോ അണ്ചെയിന്റ്' പോലെ, ഒരു കിടിലന്‍ Hollywood മൂവി പോലെ ചിത്രീകരിക്കണം. സബ്കാസ്റ്റിംഗ് കഴിവതും മുഖ്യധാര ആർട്ടിസ്റ്റുകളെ എടുക്കാതെ ആ പ്രദേശത്തെ ആ കാലഘട്ടത്തിലെ ആളുകളുടെ ശാരീരിക പ്രകൃതി അനുസരിച്ച് അവരുടെ ഇടയിൽ നിന്ന് തന്നെ എടുത്താൽ പൊളിയായിരിക്കും. ജാതി സ്റ്റേറ്റ്മെന്റ് ചെയ്യാതെ കീഴാള രാഷ്ട്രീയത്തെ, ജനാധിപത്യത്തെ ഉയർത്തിക്കാണിക്കുന്നതായിരിക്കണം സിനിമ. റിയാലിറ്റിയിൽ എന്താണോ നടന്നത് അത് വ്യക്തമായിട്ട്, പെർഫക്റ്റായിട്ട് ചിത്രീകരിക്കണം. വില്ലുവണ്ടിയിൽ കേറിയുള്ള അയ്യൻകാളിയുടെ വരവ് സ്ക്രീനിൽ കാണുമ്പോള്‍ തിയേറ്ററിൽ ആർപ്പുവിളികൾ ഉയരണം. രോമങ്ങൾ പോലും എണീറ്റ് നിന്ന് കൈയ്യടിക്കണം. ഹെയ്തിയന്‍ വിപ്ലവകാരി ആയ ടുസൈന് ലോവര്ച്വറിനെപ്പോലെ ഇന്റര്‍നാഷണല്‍ മാനങ്ങളുള്ള അയ്യന്‍കാളി എന്ന അന്താരാഷ്ട്ര വിപ്ലവകാരി എന്നെപ്പോലുള്ള പുതിയ തലമുറയ്ക്ക് ഹീറോയിക് ആയ സ്റ്റൈല്‍ ഐക്കണ്‍ ആണ്. അത് കൊണ്ട് അയ്യന്‍കാളിയെ ഇന്റര്‍നാഷണല്‍ ആയി അവതരിപ്പിക്കണം. ബാഹുബലി പോലുള്ള മണ്ടന്‍ സിനിമകള്‍ ഇത്രയും ബിഗ് ബജറ്റില്‍ ചെയ്തു വിജയിപ്പിക്കാമെങ്കില് അയ്യന്‍കാളിയെപ്പോലുള്ള ഒരു ചരിത്രപുരുഷനെ കൂള്‍ ആയി ഇന്റര്‍നാഷണല്‍ ആക്കാം.
പഞ്ചമി സ്കൂളിലേക്കാണെങ്കില്‍ ഞങ്ങള്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയിലേക്കാണ്
അപർണ മോഹൻ, ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥിനി, ശ്രീ നാരായണ ഗുരു കോളേജ്, കോതമംഗലം.
ചെറുപ്പത്തിൽ അയ്യൻകാളിയെ ഞാൻ അറിഞ്ഞിരുന്നത് ഞങ്ങടെ നേതാവാണ്, അയ്യൻകാളി ഞങ്ങടെയാണ് എന്നൊക്കെയാണ്. പിന്നീട് സണ്ണി മാമന്റെ (സണ്ണി. എം. കപിക്കാട്) പ്രഭാഷണങ്ങളിലൂടെയും മറ്റുള്ളവരുടെ എഴുത്തുകളിലൂടെയുമാണ് അയ്യൻകാളി എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും മനസ്സിലായത്. പഞ്ചമി പോയത് സ്കൂളിലേക്കാണെങ്കിൽ ഞങ്ങള്‍ പോകുന്നത് യൂറോപ്യൻ യൂണിവേഴ്സിറ്റികളിലേക്കാണ്. പൊതുവഴി എന്നാൽ എല്ലാവർക്കും ഉപയോഗിക്കാം എന്നുള്ളതാണ്. പക്ഷേ തിരുവിതാംകൂറിലെ പൊതുവഴി ചില പ്രത്യേക ജാതിക്ക് വേണ്ടി മാത്രം ഉള്ളതായിരുന്നു. താഴ്ന്ന ജാതിയിൽ പെട്ടവർ അതുവഴി നടന്നാൽ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. ആ നിരത്തിലൂടെയാണ് വില്ലുവണ്ടി ഓടിച്ച് ഫ്യൂഡലിസത്തെ ചോദ്യംചെയ്തത്. അതൊരു മാസ്സ് എൻട്രി ആയിരുന്നു. കേവലം ദളിതരെ മാത്രം മുന്നോട്ട് കൊണ്ടുവരിക എന്നതല്ല, മറിച്ച് കേരളത്തെ ഒരു ജനാധിപത്യ സമൂഹമാക്കി മാറ്റുക എന്നതായിരുന്നു അയ്യൻകാളിയുടെ പ്രവർത്തനം. അന്ന് ഉന്നതകുലത്തിൽ ജനിച്ചവർക്ക് മാത്രമേ സ്വർണ്ണം, വെള്ളി മുതലായ ആഭരണങ്ങൾ ധരിക്കാൻ അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്നജാതിയിൽ പെട്ടവർക്ക് കല്ലുമാലകളോ കുപ്പിച്ചില്ലുകൾ ഉപയോഗിച്ചുള്ള മാലകളോ ഇരുമ്പ് വളകളോ ഒക്കെ ധരിക്കാനാണ് അനുവാദമുണ്ടായിരുന്നത്. മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്നവർ കല്ലുമാല ഉപയോഗിച്ചാണ് മാറ് മറച്ചിരുന്നത്. അതിനെതിരെ അയ്യൻകാളി നടത്തിയ കല്ലുമാല ബഹിഷ്കരണ സമരം ജാതീയതക്ക് നേരെ ആഞ്ഞടിച്ച കൊട്ടായിരുന്നു. ജാതി ബോധങ്ങളെ ഉടച്ച് പൊതുബോധത്തെ സൃഷ്ടിച്ചു. ജാതി വഴികളിലേക്ക് ഇടിച്ചു കയറി അവിടം പൊതുവഴിയാക്കി. ഞങ്ങടെ മുന്നിൽ കർഷകത്തൊഴിലാളി അയ്യൻകാളി അല്ല, വേഷത്തിലും ചിന്തയിലും ആധുനികത കാട്ടിത്തന്ന മനുഷ്യനാണ്. മലയാളിയുടെ പൊതുവിദ്യാഭ്യാസത്തിനായി ആദ്യമായി സമരം ചെയ്ത വ്യക്തി. ഫോട്ടോയിലും ചന്ദനത്തിരിയിലും പൂമാലയിലും ഒതുങ്ങേണ്ടതല്ല അയ്യൻകാളി എന്ന വ്യക്തി. അദ്ദേഹം കേരളവും ഇന്ത്യയും കടന്ന് ലോക ചരിത്രത്തിന്റെ ഭാഗമാകണം.
ദളിതരുടെ വിദ്യാഭ്യാസം അയ്യന്‍കാളിയുടെ പോരാട്ട ഫലമാണ്
അനാർക്കലി മരിക്കാർ, ഫാഷന്‍ ഡിസൈനര്‍, അഭിനേത്രി
സവർണ്ണ മാടമ്പികൾ ചട്ടംകെട്ടിയ കാലത്ത് പുലയനും പറയനും പഠിക്കുവാൻ അവകാശമുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ കേരളത്തിന്റെ നവോത്ഥാന നായകനായിരുന്നു അയ്യന്‍കാളി. പൊലപ്പിള്ളാരെ പഠിപ്പിക്കാൻ കഴിയില്ല എന്ന് പറഞ്ഞ മാടമ്പികളോട്, ഞങ്ങളുടെ മക്കളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ വയലില്‍ ഞങ്ങൾ പണിക്ക് ഇല്ല എന്നു പറഞ്ഞ് കേരളം കണ്ട ആദ്യ പണിമുടക്കിന് അയ്യന്‍കാളി നേതൃത്വം കൊടുത്തു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി സവർണ്ണർക്ക് ഒപ്പമിരുന്ന് പുലയർ വിദ്യ അഭ്യസിച്ചു. കേരളത്തിലെ ദളിത് സമൂഹം ഇന്ന് നേടിയെടുത്ത മുഴുവൻ അവകാശങ്ങളും സവർണ്ണരുടെ ഔദാര്യം കൊണ്ടല്ല മറിച്ച് അയ്യന്‍കാളി അടക്കമുള്ള ദലിതർ തന്നെ വങ്ങിയെടുത്തതാണെന്നതാണ് സത്യം.
ഫെറാറിയാണ് ഞങ്ങളുടെ വില്ലുവണ്ടി
കനിമൊഴി ടി. 7-ാം ക്ലാസ്, സെന്റ് പോള്‍സ് ഇ.എം.എച്ച്.എസ്. തേഞ്ഞിപ്പലം, മലപ്പുറം.
ഞങ്ങളുടെ പുസ്തകക്കടയിൽ നിന്നാണ് തലപ്പാവണിഞ്ഞ അയ്യങ്കാളിയുടെ മുഖചിത്രമുള്ള പുസ്തകം ആദ്യമായി കാണുന്നത്. അന്ന് ആ പുസ്തകം വായിക്കാനൊന്നും തോന്നിയിരുന്നില്ല. ഞായറാഴ്ചകളിൽ അച്ഛന്റെയും അച്ഛന്റെ കൂട്ടുകാരുടേയും സംസാരങ്ങളിൽ നിന്ന് മഹാത്മാ അയ്യന്‍കാളിയെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലും സിനിമാ നടൻ വിനായകന് സംസ്ഥാന അവാർഡ് കിട്ടിയ ദിവസം അച്ഛന്റെ ഫെയ്സ് ബുക്കിൽ നിന്നാണ് വിനായകൻ വാങ്ങിച്ച കാറിന്റെ ചിത്രത്തിനടിയിൽ " ഇതാണെന്റെ വില്ലുവണ്ടി " എന്ന കുറിപ്പോടെയെഴുതിയ ഒരു ചിത്രം കാണുന്നത്. അങ്ങനെയാണ് അയ്യനെക്കുറിച്ച് ചെന്താരശ്ശേരിയെഴുതിയ പുസ്തകം അച്ഛൻ എന്റെ ജന്മദിനത്തിന് സമ്മാനമായി തരുന്നത്. എന്നെപ്പോലുള്ള കുട്ടികൾക്ക് സ്കൂളിൽ പോയി അക്ഷരം പഠിക്കാൻ ആദ്യമായി അവസരമുണ്ടാക്കിയ മാഹാത്മാ അയ്യന്‍കാളിയെ കുറിച്ച് ഞാൻ എന്റെ ക്ലാസ് മുറികളിലെ കൂട്ടുകാരോട് പറഞ്ഞപ്പോൾ അത്ഭുതത്തോടെയാണവർ കേട്ടിരുന്നത്. ഈ വരുന്ന അയ്യന്‍കാളി ദിനത്തിലെങ്കിലും നമ്മുടെ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പാഠപുസ്തകമാകണം മഹാത്മ അയ്യങ്കാളിയെന്ന നമ്മുടെ പ്രിയപ്പെട്ട മുത്തച്ചൻ.
അയ്യന്‍കാളി ഒരു ഒന്നൊന്നര സംഭവമാണ്
ബോധി കെ. ആനന്ദ്, 9-ാം ക്ലാസ്, ജി.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് പയ്യാമ്പലം, കണ്ണൂര്‍.
നാലാം ക്ലാസിൽ അനിത ടീച്ചർ പറഞ്ഞാണ് മഹാത്മ അയ്യന്‍കാളിയുടെ പേര് ഞാൻ ആദ്യം കേൾക്കുന്നത്. ടീച്ചർക്ക് നന്ദി. വീട്ടുലൈബ്രറിയിൽ നീലയും പച്ചയുമായും കവറുകളിലായി അയ്യന്‍കാളിയെക്കുറിച്ച് ധാരാളം പുസ്തകങ്ങളുണ്ട്. മിക്കവാറും പുസ്തകങ്ങളുടെ ഇന്റെക്സ് നോക്കിയപ്പോ കാര്യങ്ങൾ എല്ലാം ഒന്നു തന്നെ എന്നു തോന്നി. പിന്നെ ഡിജിറ്റൽ സോഴ്സിലായി അന്വേഷണം. നിവർന്നുളള നിൽപ്പും നോട്ടവും ബോഡി ലാംഗ്വേജും ആകെക്കൂടി ഒരാവേശം.
അയ്യന്‍കാളി ഒരു പതിവ് ഓർമ്മയല്ല; കടുത്ത ഓർമ്മിപ്പിക്കലാണ്. അതിതീവ്ര രോഗബാധിത മേഖലയായി തീരുന്നതോടെ വഴികളെല്ലാം അടച്ചിട്ടു. വിദ്യാലയങ്ങളും അടച്ചു. ഇവ എന്ന് തുറക്കും എന്നല്ല ആലോചിക്കേണ്ടത്; എങ്ങനെയുണ്ടായി എന്ന ചിന്തയാവും നല്ലത്. സി.ബി.എസ്.ഇ. ക്ലാസിൽ സോഷ്യൽ പാഠപുസ്തകത്തിൽ അൺടെച്ചബിൾ ലൈഫ് അനുഭവം പഠിച്ചത് മഹാത്മാ അയ്യന്‍കാളിയെ കൂടുതൽ അറിയാൻ പ്രേരണയായി. ഓം പ്രകാശ് വാൽമീകിയിൽ നിന്നും ഡോ.അംബേദ്ക്കറിലേക്ക് വേഗം എത്തി.
കേരളത്തിൽ ഒരു ഒന്നൊന്നര സംഭവമാണ് അയ്യന്‍കാളി. സ്കൂളിൽ പോകാത്ത ഈ മഹാനായ മനുഷ്യൻ ഡിസൈൻ ചെയ്തതാണ് ഇന്നത്തെ നമ്മുടെ വിദ്യാലയങ്ങൾ. ഗാന്ധിജി കേരളത്തിൽ വന്നപ്പോ, ഗാന്ധി അങ്ങോട്ട് ചെന്ന് കണ്ടവരുടെ ചെറിയ പട്ടികയിൽ അയ്യന്കാളിയുണ്ടായിരുന്നുവെന്നത് എന്നെ സംബന്ധിച്ച് ഒരു കിടിലൻ ട്വിസ്റ്റാണ്. ഞങ്ങളെ കയറ്റാത്ത സ്കൂളിന്റെ പേരിൽ പാടത്ത് മുളപ്പിച്ച മുട്ടിപ്പുല്ലിന്റെ ശാസ്ത്രനാമം തേടുകയാണ്. ഞങ്ങൾ നിരത്തിൽ ഓടിച്ചു കയറ്റുന്ന ടിയാഗോ വില്ലുവണ്ടിയുടെ തുടർച്ചയാണെന്ന് ഞാൻ അമ്മയോട് പറഞ്ഞു. പഞ്ചമി ഒരു പെൺകുട്ടിയുടെപേരല്ല; ഒരു നാടിന്റെ വഴിയും വിദ്യാലയവുമാണ്.
പഞ്ചമിയെ പഠിപ്പിച്ചത് അയ്യന്‍കാളി
ജഹനാര ഉണ്ണികൃഷ്ണന്, 7-ാം ക്ലാസ്, ജി.യു.പി.എസ്. ഒളരിക്കര, തൃശ്ശൂര്‍.
പഞ്ചമി എന്ന ദലിത് പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചത് അയ്യന്‍കാളി എന്ന മഹദ് വ്യക്തി കാരണമാണ്. ആ കുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടായിരുന്നില്ല. അറിവ് ലഭിച്ചിരുന്നില്ല. ആ സമയത്ത് ദലിത് കുട്ടികളുടെ കാര്യം വളരെ കഷ്ടമായിരുന്നു. പഞ്ചമി എന്ന പെണ്‍കുട്ടിയോട് എനിക്ക് ദയ തോന്നിയിരുന്നു. അയ്യന്‍കാളി ചെയ്തത് ഒരു നല്ല കാര്യമായിരുന്നു. അല്ലെങ്കില്‍ ദലിത് കുട്ടികള്‍ക്ക് അറിവ് ലഭിക്കില്ലായിരുന്നു. നമ്മുടെ ചുറ്റുപാടും നടക്കുന്ന ഒരു കാര്യവും അറിയില്ലായിരുന്നു. പഞ്ചമി എന്ന പെണ്‍കുട്ടിയെക്കുറിച്ച് ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്.
അയ്യന്‍കാളിയെ മറച്ചുപിടിക്കാം, പക്ഷേ മായ്ച്ചുകളയാന്‍ കഴിയില്ല
മാനസി എം., എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംജി യൂണിവേഴ്സിറ്റി കാമ്പസ്.
പൊതുസമൂഹം ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാൻ ബോധപൂര്‍വ്വം ശ്രമിക്കുന്ന ഒരു മഹാത്മാവാണ് അയ്യന്‍കാളി. കീഴാളർക്കും സ്വത്വം ഉണ്ടെന്ന് പ്രഖ്യാപിച്ച്, സവർണ്ണ മേധാവിത്വത്തെ ചോദ്യംചെയ്ത വിപ്ലവ നേതാവ്. അയ്യന്‍കാളിയെ ഇല്ലാതാക്കേണ്ടത് ഇന്നും സവർണ്ണ മേധാവിത്വത്തിന്റെ ആവശ്യമാണ്. പഞ്ചമി എന്ന പുലയ പെണ്‍കുട്ടിയെ വിദ്യാലയത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയത് അയ്യന്‍കാളി മുന്നോട്ടുവെക്കുന്ന അന്താരാഷ്ട്രീയമായ വിപ്ലവമാണ്. വഴിനടക്കാനും സ്ത്രീ വിമോചനത്തിനുമുള്ള അയ്യങ്കാളിയുടെ പോരാട്ടങ്ങളുടെ ചരിത്രം കേരളത്തില്‍ മാത്രം വായിക്കപ്പെടേണ്ടതല്ല. അത് സാര്‍വ്വദേശീയമാണ്. അയ്യന്‍കാളിയുടെ പിന്മുറക്കാരായ നമ്മൾ ചിന്തിക്കണം, പരിശോധിക്കണം എവിടെയാണ് നമ്മുടെ പോരാളികൾ...? ജാതിവേരുകൾ പിഴുതെറിയപ്പെടണം എന്നതായിരിക്കണം അയ്യങ്കാളിയെ ഉയർത്തിപ്പിടിക്കുന്നിടത്ത് നമ്മൾ മുന്നോട്ടുവക്കേണ്ട മുദ്രാവാക്യം.
ഒന്നാണ് നമ്മള് എന്നു പഠിപ്പിച്ച അയ്യന്‍കാളി
ആദിവേല്, 7-ാം ക്ലാസ്, ഗവ. യു. പി. സ്കൂള്‍, ചൂരക്കാട്ടുകര, തൃശ്ശൂര്‍.
അയ്യന്‍കാളി എന്ന വ്യക്തിക്ക് ഒരു മഹാമനസ്സുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തികളും ഈ കേരളസമൂഹത്തെ മാറ്റിമറിച്ചു. ഓരോ മനുഷ്യമനസ്സിലും ചിന്തകള്‍ ഉണര്‍ന്നു. ഞാനും ഒരു മനുഷ്യന് തന്നെ, എനിക്കുമുണ്ട് അവകാശങ്ങള്‍ എന്ന ചിന്തകള്‍ മനുഷ്യമനസ്സിലേക്ക് വരാന്‍ തുടങ്ങി. നമ്മള്‍ക്ക് വിദ്യാഭ്യാസം വേണമെന്ന ചിന്തകള്‍ ഉണ്ടായി. ജാതിയും മതവുമല്ല വലുത്, വിദ്യാഭ്യാസമാണ് വലുതെന്ന് അയ്യന്‍കാളി നമ്മളെ പഠിപ്പിച്ചു. വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല, നമ്മളെല്ലാവരും ഒന്നാണ് എന്ന ചിന്ത അദ്ദേഹം നമ്മളില്‍ കൊണ്ടുവന്നു.
അയ്യന്‍കാളിയെ യൂത്ത് ആക്കിയ അബ്ബ
പി.എ.ശുഭ്രത, 6-ാം ക്ലാസ്, എല്‍.എഫ്.സി.എച്ച്.എസ്, ഇരിങ്ങാലക്കുട
കുഞ്ഞുകുട്ടിയായിരുന്നപ്പോള്‍ തന്നെ അബ്ബ (അച്ഛന്) എവിടെ പോയാലും എന്നെയും കൂടെ കൂട്ടാറുണ്ട്. ഞങ്ങള്‍ പോയ പലയിടങ്ങളിലെയും പരിപാടിയുടെ ഫ്ളക്സുകളില്‍ അയ്യന്‍കാളിയുടെ പടങ്ങള്‍ കാണാറുണ്ട്. അവിടെ എന്തൊക്കെയാണ് പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഒരിക്കല്‍ ഞങ്ങള്‍ ഒരു പരിപാടിയില്‍ വച്ച് അദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരു ഫിലിം കണ്ടിരുന്നു. അങ്ങനെയാണ് അയ്യന്‍കാളിയെക്കുറിച്ച് ഞാന്‍ ആദ്യം മനസ്സിലാക്കുന്നത്.
പിന്നീട് കിഷോര്‍ മാമന്റെ (കിഷോര്‍ ബാബു) നേതൃത്വത്തില്‍ അനില്‍ മാമന്റെ (യു.പി.അനില്‍) ബുദ്ധഭൂമിയിലേക്ക് ബുദ്ധപൂര്‍ണ്ണിമ ആഘോഷിക്കാന്‍ ഒരു ബസ് നിറയെ ആളുകളുമായി ഞങ്ങള്‍ ഒരു ടൂര്‍ പോയിരുന്നു. അന്ന് എനിക്ക് ഏഴ് വയസ്സായിരുന്നു. ആ യാത്രയില്‍ തന്നെ അയ്യന്‍കാളി ജീവിച്ചിരുന്ന വെങ്ങാനൂര്‍ എന്ന സ്ഥലവും ഞങ്ങള്‍ പോയി കണ്ടു. അദ്ദേഹം സ്ഥാപിച്ച അയ്യന്‍കാളി സ്മാരക യുപി സ്കൂള്‍, അയ്യന്‍കാളിയുടെ സ്മൃതിമണ്ഡപം, അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച കോടതി എന്നിവയെല്ലാം കണ്ടു. ഇതിനെ കുറിച്ചൊക്കെ കിഷോര്‍ മാമന് വിവരിച്ചു തന്നിരുന്നു. അതു കഴിഞ്ഞ് അയ്യന്‍കാളിയുടെ വീട് സ്ഥിതിചെയ്തിരുന്ന സ്ഥലം, ഭാര്യയെയും മക്കളെയും അടക്കിയിരിക്കുന്ന കല്ലറകള്‍, തകര്‍ന്നുകിടക്കുന്ന വീട്, അദ്ദേഹം നിര്‍മ്മിച്ച കിണര്‍ എന്നിവയെല്ലാം കണ്ടു. അയ്യന്‍കാളിയുടെ വീട് നിന്നിരുന്ന സ്ഥലത്ത് അപ്പോള്‍ കല്ലും കട്ടകളും ചെടികളുമാണ് ഞങ്ങള്‍ കണ്ടത്. കുറച്ചപ്പുറം നീങ്ങി അവിടെ അയ്യന്‍കാളിയുടെ സ്വന്തക്കാരിയായ ഒരു അമ്മൂമ്മയെ കണ്ടുമുട്ടി. അമ്മൂമ്മയുടെ വീട്ടില്‍ അയ്യന്‍കാളിയുടെയും മക്കളുടെയും ഫോട്ടോസ് തൂക്കിയിട്ടിരുന്നു. ആ അമ്മൂമ്മയോട് കിഷോര്‍ മാമനും അബ്ബയുമെല്ലാം പല കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കുന്നുണ്ടായിരുന്നു. അന്നതെല്ലാം ചെറുതായി എനിക്ക് മനസ്സിലായെങ്കിലും ഇന്നതെനിക്ക് ഒന്നും ഓര്‍മ്മയില്ല. എങ്കിലും അന്നത്തെ വെങ്ങാനൂര്‍ യാത്രയില്‍ കണ്ടതെല്ലാം ഇന്നും എന്റെ മനസ്സിലുണ്ട്.
രണ്ടു വര്‍ഷം മുമ്പ് കൊടുങ്ങല്ലൂര്‍ ചാപ്പാറയിലുള്ള ബോധി ബുക്സിന്റെ മുഖചട്ടക്കായി അബ്ബ അയ്യന്‍കാളിയുടെ ചെറുപ്പമുള്ള ഒരു ഫിഗര്‍ വരക്കാന്‍ തീരുമാനിച്ചു. ഞാനതുവരെ കണ്ടിട്ടുള്ളത് സ്വര്‍ണ്ണകളറില്‍ തിളങ്ങിനില്‍ക്കുന്ന കരയുള്ള വെളുത്ത തലേക്കെട്ടും വെളുത്തപൊട്ടും വെള്ള മീശയും പിന്നെ കാതില്‍ കടുക്കനും ഉള്ള അയ്യന്‍കാളി അപ്പൂപ്പനെയാണ്. അങ്ങനെയുള്ള ഒരാളെ ചെറുപ്പക്കാരനാക്കി വരക്കാന്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ എനിക്ക് വളരെ ആകാംക്ഷയായി. അബ്ബ അത് വരക്കാന്‍ പോകുന്നതിന് മുമ്പ് പല പ്രായങ്ങളിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ശേഖരിച്ച് അതിനെ പഠിക്കുകയാണ് ആദ്യം ചെയ്തത്. അവയില്‍ അയ്യന്‍കാളിയുടെ ചെറുപ്പമായ ചിത്രങ്ങളും വളരെ പ്രായം ചെന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. ആ അന്വേഷണങ്ങള്‍ക്കിടയില്‍ അബ്ബ എനിക്ക് അയ്യന്‍കാളിയെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞുതന്നു. അങ്ങനെ അബ്ബ ആ ചെറുപ്പക്കാരനായ അയ്യന്‍കാളിയെ വരച്ചു. അതെല്ലാം വളരെ കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. എന്തുകൊണ്ടാണ് ചിത്രത്തില്‍ പൊട്ട് ഒഴിവാക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അയ്യന്‍കാളി അന്ന് പൊട്ട് ഉപയോഗിച്ചിരുന്നോ ഇല്ലയോ എന്നതു നോക്കാതെ നമ്മള് അത് ഉപേക്ഷിക്കുകയാണ് എന്നും അത് എന്തുകൊണ്ടാണെന്നും അബ്ബ പറഞ്ഞുതന്നു. ആ ചിത്രം ബോധി ബുക്സിലും പിന്നീട് ഒന്നിപ്പ് ഓണ്‍ലൈന്‍ മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം അയ്യന്‍കാളി എന്നു കേട്ടാല്‍ അബ്ബ വരച്ച ആ ചിത്രമാണ് എന്റെ മനസ്സിലേക്ക് കൂടുതല്‍ തെളിഞ്ഞുവരുന്നത്.