Image

കറുപ്പിന്‍റെ 10 സീനുകള്‍

നല്ല കറുത്ത നിറവും  തടിച്ച ചുണ്ടുകളും  ചുരുണ്ട മുടിയുമുണ്ടോ? മലയാളിയുടെ വംശീയ വെറിയുടെ ചൊറിച്ചിലുകൾ നേരിടാതെ കേരളത്തിൽ ജീവിക്കാനാവില്ല. എന്‍റെ ഈ പത്ത് അനുഭവങ്ങളെക്കുറിച്ച് കേൾക്കൂ... വിപിത വി. എഴുതുന്നു.

ഒന്ന്.

സ്കൂളിൽ ഇംഗ്ലീഷ് ക്ലാസ് പീരിയഡ് കഴിഞ്ഞ് ബെല്ലടിക്കുന്നതിനു മുൻപൊരു ചർച്ചയുണ്ട്. കലാതിലകത്തെപ്പറ്റിയും കലാപ്രതിഭയെപ്പറ്റിയും ചർച്ച കൊഴുക്കുന്നു. അധ്യാപിക വെളുത്തു സുന്ദരിയായ കുട്ടിയോട്, നൃത്ത മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് പറയുന്നു. ഇടയ്ക്കെപ്പോഴോ അധ്യാപികയുടെ നോട്ടം എന്‍റെ മുഖത്തേക്ക്. പെട്ടെന്ന് അധ്യാപികയിലെ തമാശക്കാരി ഉണർന്നു. വിപിതയ്ക്ക് സിനിമയിൽ അഭിനയിക്കാനായിരിക്കും താല്പര്യമല്ലേ, എന്നും പറഞ്ഞു അവർ ചിരിക്കുന്നു, ക്ലാസ്സിൽ പൊട്ടിച്ചിരികളുയരുന്നു. ബെല്ലടിക്കണേ എന്ന് പ്രാർത്ഥിച്ചു ഞാൻ ചൂളിയിരിക്കുന്നു.

രണ്ട്.

പരിചയക്കാരായ ആരുടെയോ കല്യാണമാണ്. അമ്മക്ക് അസൗകര്യമുള്ളതിനാൽ, ബന്ധുവിനൊപ്പം കല്യാണത്തിന്‍റെ തലേദിവസം വിവാഹ സമ്മാനം നൽകാൻ പോകുന്നു. തിരിച്ചു വരുമ്പോൾ, ബന്ധുവിനോട്, പരിചയക്കാരി, "മോളാണല്ലേ? ". ഉടനടി ബന്ധുവിന്‍റെ ഉത്തരം "അയ്യേ മോളൊന്നുമല്ല, എന്‍റെ മോൾ, ഇതേ കണക്ക് കറുത്തതല്ല "ഞെട്ടലിൽ എന്‍റെ കാലിടറുന്നു. ചെളിയിൽ പുതഞ്ഞ കാൽ ഒറ്റയ്ക്ക് വലിച്ചെടുത്ത് വിങ്ങലോടെ ഞാൻ വീട്ടിലേക്ക് നടക്കുന്നു.

മൂന്ന്.

ആറാം ക്ലാസ്സിൽ, കണക്ക് പരീക്ഷക്ക്, കൂട്ടുകാരിക്ക് അൻപതിൽ അൻപത്. ഞാൻ പലവട്ടം എന്‍റെ ഉത്തരക്കടലാസ് കൂട്ടിയും കുറച്ചും നോക്കുന്നു. എനിക്കും അൻപത് തന്നെ. നാൽപ്പത്തി രണ്ടേയുള്ളൂ ടീച്ചർ തന്നത്. ഞാൻ ടീച്ചറെ സമീപിച്ചു ചോദിക്കുന്നു. കൂട്ടാൻ നീയെന്നെ പഠിപ്പിക്കണ്ട കറുമ്പീ, ഫുൾ മാർക്ക് കിട്ടാൻ നിന്‍റെ നമ്പറല്ലേന്ന് എന്നെ ചൊടിപ്പിക്കുന്നു. ശേഷം പേപ്പർ വാങ്ങി കൂട്ടി നോക്കുമ്പോൾ, അമ്പതെന്ന് കണ്ട്, കരിമോന്തയാണെങ്കിലും മുഖത്തിന്‌ ഐശ്വര്യമൊക്കെയുണ്ടെന്ന് പറഞ്ഞു ചിരിക്കുന്നു. തോറ്റാലും വേണ്ടിയിരുന്നില്ല, ചോദിക്കേണ്ടായിരുന്നെന്ന് എന്‍റെ ഉള്ളു പിടയുന്നു.

നാല്.

ബാത്ത്റൂം വൃത്തിയാക്കൽ പരിപാടികൾക്ക് ക്ലാസ്സിൽ നിന്നൊരാളോ രണ്ടാളോ വേണം, ടീച്ചർമാരുടേത് ഉൾപ്പടെയുള്ള ബാത്ത്റൂം കഴുകണം. ക്ലാസ്സിൽ ചോദിക്കുന്നു ആളൊണ്ടോ. ആരും മിണ്ടുന്നില്ല. ഒടുവിൽ പേര് നിർദ്ദേശിക്കാൻ ടീച്ചർ നിർബന്ധിതയാകുന്നു. ആദ്യത്തെ പേര് വിളിക്കുന്നത് എന്നെയാണ്, പിന്നെ ക്ലാസ്സിലെ മറ്റൊരു കറുത്ത കുട്ടിയേയും. എനിക്ക് അത്ഭുതം തോന്നിയില്ല. അവൾ എതിർക്കുന്നില്ല. ഞാൻ താല്പര്യമില്ലെന്ന് പറയുന്നു. മാറ്റാരെയോ ഏർപ്പാടാക്കുന്നു. അത് കഴിഞ്ഞ് രണ്ടാം നാൾ ചിത്ര രചനാമത്സരത്തിന് വൈകി പേര് കൊടുത്ത്, സ്റ്റാഫ്‌ റൂമിൽ പടം വരയ്ക്കാൻ ചെന്നപ്പോൾ ടീച്ചർ, "ചിലർക്കൊരു വിചാരമുണ്ട്, കക്കൂസ് കഴുകുന്നത് പോലെയാണ് പടം വരയ്ക്കുന്നതെന്ന്, ലോക സുന്ദരിമാർ കക്കൂസ് കഴുകില്ലല്ലോ " ഞാൻ മുഖം താഴ്ത്തി നിൽക്കുന്നു. വരച്ചതെല്ലാം തെറ്റിപ്പോകുന്നു.

അഞ്ച്.

കുട്ടിക്കാലത്ത്,  ചായ കുടിച്ചോണ്ട്, വരാന്തയിലിരിക്കുന്നു. നന്നായി കറുത്ത നിറമുള്ള, കുറവ ജാതിയിൽപ്പെട്ട, എന്‍റെ ചങ്ങാതിയുടെ അമ്മ പണിക്ക് പോകുമ്പോൾ അയൽക്കാരും വീട്ടുകാരും കുറത്തീടെ മോളെ എന്ന് വിളിക്കുന്നു. അവരും ഇടയ്ക്കിടെ നീയെന്‍റെ മോളാ, നിന്‍റെ അമ്മ ഞാനാ എന്ന് പറയുന്നു. കറുത്തവരുടെ, കുറത്തിയുടെ മോളാകുന്നത് എന്തോ നാണക്കേടെന്ന മട്ടിൽ എന്നിലെ പതിമൂന്ന്കാരി കരഞ്ഞു നിലവിളിക്കുന്നു. അവരെ കരുണയില്ലാതെ പോടീന്ന് വിളിക്കുന്നു.

ആറ്.

ചൊകന്ന പട്ടു പാവാടയും ബ്ലൗസും അപ്പച്ചി ഓണത്തിന് വാങ്ങി തരുന്നു. പുത്തനുടുപ്പ് കിട്ടിയ സന്തോഷത്തിൽ ഞാൻ തുള്ളിച്ചാടുന്നു. ആദ്യമായി, ആ ഉടുപ്പുമിട്ട് ഗമയിൽ ട്യൂഷന് പോകുന്നു. എവിടുന്ന് കിട്ടി ആൾജാതിക്കാരുടെ ഉടുപ്പെന്ന് ചോദിച്ചു ട്യൂഷൻ സാർ ചിരിക്കുന്നു. ഞാനും ആൾ ജാതിയെന്നാൽ മനുഷ്യ ജാതിയാണെന്ന് ചിന്തിച്ചു ഒപ്പം ചിരിക്കുന്നു. പിന്നീട് കടും റോസ്, കടും പച്ച നിറമുള്ള തുണികൾ ഇടുമ്പോഴും അതേ ആൾജാതി കമന്‍റുകൾ വരുന്നു. വീട്ടുകാർ ഇളംനിറത്തിലേക്ക് എന്‍റെ ഇഷ്ടങ്ങളെ മാറ്റിപ്പിടിപ്പിക്കുന്നു.

ഏഴ്.

സുഹൃത്തുക്കളുമായി ശംഖുമുഖം ബീച്ചിലിരിക്കുന്നു. നല്ല ജനനിബിഢമായ സമയം. എന്‍റെ ചുരുണ്ട മുടിയൊക്കെ കാറ്റത്ത് പറക്കുന്നു. പെട്ടെന്ന് ഒരു കൂട്ടം കുട്ടികൾ, ഒരു പതിനഞ്ച് വയസ് പ്രായം വരും, അവർ ഒരു ചിരിയോടെ എന്നെ നോക്കുന്നു. ശേഷം കൂകി വിളിക്കുന്നു. നീഗ്രോ ചേച്ചി നീഗ്രോ ചേച്ചി എന്ന വിളി കടല് കാണാൻ വന്നവർ ശ്രദ്ധിക്കുന്നു. ഞാൻ ചൂളിപ്പോകുന്നുവെങ്കിലും, അതൊരു തമാശയായിക്കണ്ടു ചിരിക്കാൻ ശ്രമിക്കുന്നു.

എട്ട്.

സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കുകയാണ്. അവരുടെ ബന്ധുക്കളായ ഒരു കൂട്ടം ആളുകൾ മാറി നിന്ന്, എന്തോ അടക്കംപറയുന്നു. എന്നെ പറ്റിയാണെന്ന് മനസ്സിലായ ഞാൻ ശ്രദ്ധിക്കുന്നു. അവർ ഒരു കുടുംബാംഗത്തെ കളിയാക്കാൻ ശ്രമിക്കുകയാണ്. അയാളെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാമെന്നും, ശേഷം അയാൾക്ക് സൗത്ത് ആഫ്രിക്കയിൽ പോകാൻ നേരിട്ട് ഫ്ലൈറ്റ് കിട്ടുമെന്നും പറഞ്ഞ് അവർ പൊട്ടിച്ചിരിക്കുന്നു. അപ്പോഴേക്കും മാനസികമായി പക്വത കൈവന്ന ഞാൻ പോടാ പുല്ലേ, എന്ന ഭാവത്തിൽ അവരെ നോക്കുന്നു, അതിഷ്ടപ്പെടാതെ അവർ നോട്ടം മാറ്റുന്നു.

ഒൻപത്.

ഒരു വിവാഹ സൽക്കാരത്തിൽ, ഭക്ഷണം കഴിഞ്ഞ് ഞാൻ കസേരയിലിരിക്കുകയാണ്. പെട്ടെന്ന്, വളരെ well dressed and educated എന്ന് തോന്നിക്കുന്ന ഒരു അമ്മാവൻ, ഒപ്പമുള്ള പുരുഷന്മാരെയും സ്ത്രീകളെയും വിളിച്ചു കാണിച്ചിട്ട് പറയുന്നു, "ദേ ഒരു നീഗ്രോ കൊച്ചിരിക്കുന്നു. " എല്ലാരും എന്നെ നോക്കുന്നു. എന്‍റെ അനുവാദം പോലും ചോദിക്കാതെ അയാൾ ഫോട്ടോയെടുക്കുന്നു, ഞാൻ പ്രതികരിക്കുന്നു.

പത്ത്.

ഫേസ്‌ബുക്കിൽ ഇത്തരം അനുഭവങ്ങളെപ്പറ്റി പോസ്റ്റ്‌ ചെയ്യുന്നു. ഒന്നോ അതിലധികമോ പോസ്റ്റുകളിലൂടെ നിരന്തരം ഇതേ വിഷയത്തെ കുറിച്ച് സംവദിക്കാൻ ശ്രമിക്കുന്നു. സുഹൃത്തുക്കളടക്കം, സാന്ത്വനത്തിന്‍റെ സ്വരത്തിൽ, ആശ്വസിപ്പിക്കൽ കമന്‍റുകളുമായി എത്തുന്നു.  "കറുപ്പാണെങ്കിലും നീ സുന്ദരിയല്ലേ", "യൂ ആർ ബ്യൂട്ടിഫുൾ" കമന്‍റുകൾ കൊണ്ട് കമന്‍റ് ബോക്സ്‌ നിറയുന്നു.


ഒന്നിപ്പ് ഓണ്‍ലൈന്‍ മാഗസിനും ഗൂസ്ബെറി ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ‘കുറു കുറെ ബ്രോസ്’ എന്ന മ്യൂസിക് വീഡിയോ കാണുക.


 

 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image