Image

അതെ, ഇവിടെ ഫ്ലാറ്റും ഭൂമിയും ജാതിബന്ധിതമാണ്

കേരളത്തിലെ ഭൂ പാർപ്പിട അധികാരവ്യവസ്ഥയിലെ പുതിയ മുഖമാണ് മരട് വിഷയത്തിലൂടെ വെളിപ്പെടുന്നത്. പൊതുവായിപ്പറഞ്ഞാൽ, ജാതിയുടെ ബന്ധനത്തിൽ നിന്ന് ഭൂമിയോ, പാർപ്പിട ആവാസ വ്യവസ്ഥകളോ കേരളത്തിൽ തീർത്തും മുക്തമായിട്ടില്ല എന്ന നിർണായക വസ്തുതകളാണ് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലെ കുടിയൊഴിപ്പ് സംബന്ധിച്ച  തർക്കപ്രശ്നങ്ങൾ, തുറന്നുകാട്ടുന്നത്. ബലപ്രയോഗത്തിന്റെ അനന്തസാധ്യതകളിലൂടെ ദളിത് ആദിവാസി ഭൂമി തട്ടിയെടുക്കുകയോ, പ്രലോഭനങ്ങളിലൂടെ കൈക്കലാക്കുകയോ ചെയ്യുകയാണ് കാലാകാലങ്ങളായി സർക്കാർ മുതലാളിത്ത അജണ്ടയുടെ കാതൽ. 'കയ്യേറപ്പെട്ട ഭൂമിയെ', ജാതിയുടെ അടിസ്ഥാനത്തിൽ രണ്ട് മാനങ്ങൾ നൽകിയാണ് പൊതുസമൂഹവും വ്യവസ്ഥിതിയും സ്വീകരിച്ചുപോരുന്നത്. മരട്- പാർപ്പിട സമുച്ചയവും, ചെങ്ങറയും  ആറളവും മുത്തങ്ങയും കൈയേറ്റപ്രദേശവുമാകുന്നത് ഭൂമിയുടെ മേൽ ജാതിയുടെ സൂക്ഷ്മമായ പ്രവർത്തനം കൊണ്ട് തന്നെയാണ്. നീതിന്യായ വ്യവസ്ഥയുടെ അന്തിമവിധിക്കും മീതെ സവർണ പ്രീണന രാഷ്ട്രീയത്തിന്റെ ഇടപെടലുകളിൽ നിന്നാണ് മരടുകൾ ഉണ്ടാകുന്നത്. കുടിയൊഴിപ്പിക്കേണ്ട ദളിത്‌ കോളനിയോ ആദിവാസി ഊരോ സങ്കൽപിച്ചാൽ എല്ലാ നീതിന്യായധാർമ്മികതകളും സർവ  മൂലേന പ്രവർത്തിക്കുകയും രക്തച്ചൊരിച്ചിലിലൂടെ കുടിയൊഴിപ്പിക്കൽ (eviction) ഒരു സർവ്വസാധാരണ പ്രക്രിയ ആവുകയും ചെയ്യുന്നു.  ഇടങ്ങൾ (space) അതിനാൽത്തന്നെ വ്യത്യസ്തമായ നിയമസംഹിതകൾക്കും നിയമാവലിക്കും അനുബന്ധമായി വരേണ്യഇടമെന്നും (elite space),  കീഴാളഇടമെന്നും (subaltern space) നിർബന്ധിതമായ വേർതിരിവുകൾക്ക് വിധേയമാണ്. മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ നാടകങ്ങളുടെ സാഹചര്യത്തിൽ, കേരളത്തിലെ വികസനമാതൃകയും, അതിലെ ദളിത് ഭൂവിതരണ പ്രക്രിയയെ സംബന്ധിച്ച വിശകലനവും ആശങ്കാജനകമാണ്. ദളിത്‌ ഇടങ്ങളിൽ, കുടിയൊഴിപ്പിക്കൽ പ്രക്രിയക്ക് മുന്നിട്ടിറങ്ങുന്ന സർക്കാർ മുതലാളിത്ത ശക്തികൾക്കൊപ്പം, ദലിതർക്കെതിരെ ദളിതരെ ഉപയോഗിക്കുന്ന പഴയ പാർട്ടി മാതൃകകൾ ഇപ്പോഴും സർവ്വസജ്ജമാണെന്ന് വേണം കരുതാൻ.  ഭൂമി അത്രമേൽ ജാതി ബന്ധിതവും അധികാരവ്യവസ്ഥയ്ക്ക് വിധേയവുമാണ്.
 
 
ചരിത്രപരമായ വസ്തുതകളെ മുൻനിർത്തിയുള്ള കേരള വികസന മാതൃകയുടെ പഠനത്തിൽ ഭൂമിയുടെ വിതരണം സംബന്ധിച്ച തർക്കപരമായ ചർച്ചകൾ ചെറുതല്ല. വികസനമാതൃകയുടെ ഹൃദയഭാഗം ഭൂമിയുടെ വിതരണത്തിനുള്ള ഫലപ്രദമായ ശ്രമവും അവയുടെ വിജയവുമാണെന്ന് ഒരു വിഭാഗം അംഗീകരിക്കുന്നുണ്ട്.
 
എന്നിരുന്നാലും ദളിതരുടെ ഭൂരഹിതാവസ്ഥയുടെ ചരിത്രം അവരുടെ അടിമത്തത്തിന്റെയും, അവഗണയുടെയും ചരിത്രത്തോളം പഴക്കമുള്ളതാണ്. സർക്കാർ സംവിധാനത്തിൽ, ഭൂമിയെ പാർപ്പിടാവശ്യങ്ങൾക്കുള്ള ഉപാധിയായി മാത്രം കാണുകയും, വരുമാന സംബന്ധിയായി, ഭൂമി ഉല്പാദന സാധ്യതകളുള്ള  ഒരു വിഭവമാണെന്ന വസ്തുത മറച്ചുവയ്ക്കുകയും ചെയ്യുകയാണുണ്ടായത്. ദളിത്‌ ആദിവാസി വിഭാഗങ്ങളുടെ നിലവിലുള്ള ഭൂരഹിതാവസ്ഥയെ, നവലിബറൽ നയങ്ങളുടെ ചൂഷണാവസ്ഥയുടെ ഉപഉല്പന്നമായിക്കൂടി കാണാതെ വയ്യ.

1990-കളിലെ അധികാര വികേന്ദ്രീകരണ പരിപാടികൾക്കപ്പുറവും സ്ഥിതിഗതികൾ ഇപ്രകാരം തുടർന്നുപോവുകയാണുണ്ടായത്.  പാർപ്പിടം എന്ന ആവശ്യത്തിന് മാത്രമായി ദളിതരെ സാമ്പത്തികമായി സാഹായിക്കുന്ന, ഉത്തരവാദിത്തനിഷ്ഠമായ ക്ഷേമ (responsibilised welfare) പരിപാടികളാണ് സർക്കാർ വിഭാവന ചെയ്തത്. എന്നാൽ അത്തരം ആശയങ്ങളെ ദളിതരും ആദിവാസികളും എതിർക്കുകയും, തുടർന്നുള്ള കാലയളവിൽ, പഞ്ചായത്തിരാജിലൂടെ നടപ്പിലാക്കപ്പെട്ട പൊള്ളയായ ക്ഷേമ പരിപാടികൾക്കെതിരെ ഭൂസമരങ്ങളിലൂടെ സംഘടിക്കുകയും ചെയ്തു. ഭൂപരിഷ്കരണം ഒരു കളവാണെന്നും, അത് ടാറ്റയും ഹാരിസണും പോലുള്ള വൻകിട ഭൂഅധികാരി തോട്ട ഉടമകൾക്ക് വേണ്ടിയുള്ള ഒത്തുകളിയാണെന്നും ആക്ഷേപമുണ്ടായി. ഭൂരഹിതരായ ദളിതർ, ഇത്തരം ഇരട്ടത്താപ്പുകൾക്കെതിരെ ചെങ്ങറ, ആറളം തുടങ്ങിയ സമരങ്ങളിലൂടെ തോട്ടഭൂമി പിടിച്ചെടുത്തു കൊണ്ടാണ് പ്രതികരിച്ചത്.  
 


 ഭൂസമരങ്ങളിൽ, ചെങ്ങറ മറ്റു സമരങ്ങളെ അപേക്ഷിച്ച്, ദളിതരോടുള്ള സർക്കാർ വിവേചനത്തിന്റെ 'ഉത്തമ' മാതൃകയും സൃഷ്ടിയുമാണ്. തോട്ടമുതലാളിയായ  ഹാരിസൺ പ്ലാന്റേഷനൊപ്പം തോട്ടം തൊഴിലാളികളായ ദളിതരെ സംഘടിപ്പിക്കുകയും, സർക്കാർ ഒപ്പംനിന്ന് പ്രതിപ്രവർത്തങ്ങൾക്ക് നേതൃത്വംകൊടുക്കുകയും ചെയ്തു. ദലിതർക്കെതിരെ ദളിതരെ അണിനിരത്തിയുള്ള ഇത്തരമൊരു സമരചരിത്രം കേരളത്തിന്‌ വേറെയുണ്ടോയെന്നത് തന്നെ സംശയകരമാണ്. 2007-ൽ ചന്ദനപ്പള്ളിയിലെ ഗവണ്മെന്റ് തോട്ടം പിടിച്ചടക്കിയതു മുതൽ ഇന്ന് വരെയ്ക്കും നീളുന്ന സമരത്തിൽ, ദളിത് സമൂഹത്തിന് വാഗ്ദാനങ്ങൾ നൽകി, നിരസിക്കുകയോ, കാലവിളംബമുണ്ടാക്കുകയോ ആണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യകാലത്ത് 7000 കുടുംബങ്ങളുമായി സമരക്കാർ പത്തനംതിട്ടയിലെ ഹാരിസൺസ് മലയാളം പ്ലാന്റേഷനിൽ, കുറുമ്പേറ്റി ഡിവിഷനിൽ, സാധുജന വിമോചന സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ അത്രിക്രമിച്ചുകടക്കുകയും കുടിലുകെട്ടിപ്പാർക്കുകയും ചെയ്തു. തോട്ട മുതലാളിയുടെത് കണക്കിൽപ്പെടാത്ത ഭൂമിയാണെന്ന വാദം അവർ ഉന്നയിച്ചു. സർക്കാരിന്റെ നിരസന സമീപനങ്ങൾക്കെതിരെ അവർ നില കൊള്ളുകയും 'ഭൂമി തരിക, അല്ലെങ്കിൽ വെടി വച്ചുകൊല്ലുക (Give us land or shoot us down) എന്ന മുദ്രാവാക്യമുന്നയിക്കുകയും ചെയ്തു. അഗംബന്റെ bare life നു സമാനമായ ആശയമായിരുന്നു അത് (See Agamben, Giorgio:Homosacer: Sovereign Power and Bare life, 1998). ഈ സമരമുഖത്ത്,  ഇരുവശങ്ങളിലായി അണിനിരന്ന, തോട്ടം തൊഴിലാളികളുടെയും ഭൂരഹിതരായ ദളിതരുടെയും വിശദമായ ഒരു പഠനത്തിൽ,  അവരുടെ സാമ്യതകളെപ്പറ്റി നാം ചിന്തിച്ചിട്ടുണ്ടാവില്ല. കുമ്പഴ എസ്റ്റേറ്റിലെ 468-ഓളം വരുന്ന തൊഴിലാളികളിൽ 407 സ്ഥിരതൊഴിലാളികളും ബാക്കി നിയമനം സ്ഥിരപ്പെടുത്താത്തവരുമാണ്. (as per 2016 data). തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് റോഡ് മാർഗം, ആര്യങ്കാവ് തെന്മല റൂട്ട് വഴി ബ്രിട്ടീഷുകാരുടെ കാലത്ത് അവരെ കങ്കാണിമാർ പത്തനംതിട്ടയിലെത്തിക്കുകയായിരുന്നു. വിശദമായ രേഖകൾ ബാക്കിന്റെ പുസ്തകത്തിൽ ലഭ്യമാണ്  (Baak, Paul Eric, Plantation production and political power:plantation development in south west India in a long term hiatorical perspective, 1743- 1963,  1997). സാമൂഹികവും സാമ്പത്തികവുമായ അസ്ഥിരതകളും ദുരിതപ്പാടും നിറഞ്ഞ ജീവിതത്തിൽ,  പാർപ്പിടമോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ ഇല്ലാത്തതിനാൽ 1930-കളിൽ കങ്കാണിമാരുടെ വാഗ്ദാനങ്ങൾക്ക് വഴങ്ങി അവർ കുമ്പഴ എസ്റ്റേറ്റിലെത്തി. എഴുതപ്പെട്ട കരാറുകളോ വ്യവസ്ഥകളോ ഉണ്ടായിരുന്നില്ല. വാങ്മൂലമുള്ള ഉറപ്പിന്മേൽ, 200 ഓളം കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് എത്തിയ അവർക്ക്, കാടു വെട്ടിത്തെളിക്കുന്ന ദൗത്യമായിരുന്നു ഉണ്ടായിരുന്നത്.  
 
 
 വലിയൊരു വിഭാഗം തൊഴിലാളികളും പാർപ്പിടരഹിതാവസ്ഥയിൽ നിന്ന് എത്തിപ്പെടുകയും, തോട്ടത്തിൽ നിന്ന് ലഭ്യമാക്കിയ ലയങ്ങളിൽ, ഒരു റൂമിൽ പത്ത് പേരെന്ന വണ്ണം ആദ്യകാലങ്ങളിൽ കഴിച്ചുകൂട്ടുകയാണുണ്ടായത്. ഇന്ന് ഹാരിസണിന്റെ ലയങ്ങളിൽ ജീവിക്കുന്ന 77 മുതൽ 80 ശതമാനം തൊഴിലാളി കുടുംബങ്ങളും തിരുനെൽവേലിക്കാരുടെ പിന്മുറക്കാരാണ്.  
 


ഇത്തരത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരോ, ഇതേ തരത്തിലോ സമാനമായതോ ആയ സാമൂഹികാവസ്ഥയുടെ ഉത്പന്നങ്ങളോ ആണ് ചെങ്ങറ സമരത്തിലെ ഭൂരഹിതരും. അംബേദ്കർ മാതൃക ലഹരി വിമുക്ത ഗ്രാമം എന്ന പ്രത്യേക,  ഭരണ,  ജീവിതരീതികളുള്ള ഇടം രൂപീകരിക്കുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത അവർ, സാമൂഹികമായും സാമ്പത്തികമായും അനുഭവിക്കുന്ന ദുരിതാവസ്ഥയ്ക്ക് വിപരീതമായ അതിജീവനരീതിയായാണ് ഇതിനെ കരുതുന്നത്. ഭൂരഹിത ദളിത്‌ കുടുംബങ്ങളിൽ പലരും പുറമ്പോക്ക് ഭൂമിയിലെ അന്തേവാസികളോ, സ്ത്രീകൾ കടുത്ത ഗാർഹിക പീഡനത്തിന്റെ ഇരകളോ ആണ്. തോട്ടംതൊഴിലാളികളുടെയും ചെങ്ങറ സമരക്കാരുടെയും സർവൈവൽ ശ്രമങ്ങളായി വേണം ഇത്തരം കുടിയേറ്റങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും.  


 
സമരക്കാരിൽ 90 ശതമാനവും ദളിതരാണ്. ശേഷിക്കുന്നവർ മതം മാറിയ ദളിത്‌ കത്തോലിക്കരോ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവരോ ആണ്. ഉപജാതി പരിശോധിക്കുകയാണെങ്കിൽ അതിൽ 75 ശതമാനവും കുറവ വിഭാഗത്തിൽപ്പെട്ടവരാണ്. തോട്ടം തൊഴിലാളികളിലാകട്ടെ 72 ശതമാനത്തിൽ കൂടുതലും ദളിതരാണ്. അതിൽ തന്നെ  60 ശതമാനം സാമൂഹികമായി പിന്നോക്കാവസ്ഥയിലുള്ള പള്ളൻ ജാതിയിൽ പെട്ടവരുമാണ്. സാമൂഹികവും സ്വത്വപരവുമായ സാമ്യതകളുള്ള സാഹചര്യത്തിൽ, ചരിത്രപരമായ പ്രതികൂല സാഹചര്യങ്ങളിലും അവർ പോരാടി എന്നത് വ്യത്യസ്തമായ ഒരു സാഹചര്യമാണ്. ചെങ്ങറ സമരക്കാർ, തികഞ്ഞ നിയന്ത്രണ സംബന്ധിയായ, ഒരു സമാന്തര ഭരണ വ്യവസ്ഥയിൽ, ഒരു സംഘടനയുടെയോ ഒരു നേതാവിന്റെയോ കീഴെ ജീവിച്ചതും അത്തരം പ്രതികൂലതകളെ (disadvantage) നേരിടാനുള്ള മാർഗ്ഗമെന്ന നിലയ്ക്കാണ്. തൊഴിലാളികൾ മുതലാളിത്തത്തിന്റെ വിഭജന തന്ത്രങ്ങൾക്കിരയായപ്പോഴും, പ്രത്യക്ഷമായും പരോക്ഷമായും  വാസ,  ക്ഷേമ സൗകര്യങ്ങളിൽ അപര്യാപ്തതകളും, കാലി വളർത്തൽ ഉൾപ്പടെയുള്ള, അനുബന്ധ വരുമാന മാർഗങ്ങൾക്ക് നിയന്ത്രണങ്ങളും നേരിട്ടവരാണ്. തൊഴിലാളികൾക്കിടയിൽ സ്വന്തമായി വാസഭൂമിയോ കൃഷി ഭൂമിയോ ഉള്ളവർ വിരളമാണ്. 80 ശതമാനം കുടുംബങ്ങൾക്കും ജന്മസ്ഥലത്തോ കേരളത്തിലോ സ്വന്തമായി ഭൂമിയില്ല. മലയാളികളായ തോട്ടം തൊഴിലാളികൾ മാത്രമാണ് സ്വന്തമായി ഭൂമിയുള്ളവർ. ഭവന-ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക്, ശവസംസ്കാര ആവശ്യങ്ങൾക്കായി, കമ്പനി ഭൂമി അലോട്ട് ചെയ്തു നൽകിയിട്ടുണ്ട്. ഇത് തൊഴിലാളികളിൽ മറ്റൊരു സമ്മർദ്ദവും ചെലുത്തുന്നുണ്ട്. തലമുറാനന്തരം, കുടുംബത്തിലെ ഒരംഗത്തെയെങ്കിലും തോട്ടംതൊഴിലാളിയാക്കുന്നതിന് കുടുംബം നിർബന്ധിതരാകുകയും, അതുവഴി ലയങ്ങളുടെ ഉടമസ്ഥാവകാശം, കാലാകാലം, താൽക്കാലികമായെങ്കിലും നിലനിർത്തിപ്പോരുന്നു.  
 
തൊഴിലാളികൾ സംഘടിതർ (organised) ആണെന്നതൊഴിച്ചാൽ, അവർ  അസംഘടിതരായ മറുഭാഗത്തുള്ള തൊഴിലാളികൾക്കെതിരെ, മുതലാളിത്തത്തിന് കുടപിടിച്ചുവെന്നു വേണം കരുതാൻ. എന്നിരുന്നാലും തൊഴിൽ നഷ്ടത്തിന്റെ ഭയത്താൽ ചെയ്ത ഈ സന്ധിചേരൽ, വർഗ്ഗബോധത്തിന്റെ സൃഷ്ടിയായി കാണാൻ തരമില്ല. തൊഴിലാളികളിൽ പലരും  പരസ്യമല്ലാത്ത വിധം, അവർ 'ആദിവാസികൾ' എന്ന് ഒന്നടങ്കം സംബോധനചെയ്യുന്ന, ഭൂരഹിത സമരക്കാർക്കൊപ്പം നിലകൊള്ളാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു.  എന്നാൽ ജാതി സംബന്ധമായി സന്ധിചേരുന്നതിൽ നിന്ന് അവരെ വിലക്കിയത്, ആറു തലമുറകളിലായി അവരനുഭവിക്കുന്ന, തോട്ടം തൊഴിലാളികൾ എന്ന മേൽവിലാസവും പരിധിയിൽ കവിഞ്ഞ ഫ്യൂഡൽ ഭക്തിയുമാണ്.  
 
ചെങ്ങറ സമരത്തെ അതുകൊണ്ട് തന്നെ, മറ്റൊരു വീക്ഷണ കോണിൽ  നിന്ന് നോക്കിക്കാണുമ്പോൾ, മുതലാളിത്ത സർക്കാർ ശ്രമങ്ങളുടെ ഭാഗമായ, പാരസ്പരിക ദളിത് സംഘർഷമായി (intercaste tension) കൂടി വേണം കാണാൻ. ethnicity യുടെ വേർതിരിവ് മാത്രമേ അവരുടെ പൊതുസ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി കാണാൻ സാധിക്കൂ. മറ്റെല്ലാ തരത്തിലും സമാനതകളുള്ള ദളിത്‌ വിഭാഗങ്ങളാണ് ഇരുവരുമെന്ന കാര്യത്തിൽ സംശയമില്ല.

Vipitha V
PhD Scholar,
Centre for Development Studies,
Thiruvananthapuram.

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image