Image

ചിത്രലേഖ ഇസ്ലാമിലേക്ക് ദലിത് സംഘടനകള്‍ സഹായിച്ചില്ല

കേരളത്തിലെ സിപിഎമ്മിന്‍റെ അക്രമണങ്ങള്‍ തുടര്‍ച്ചകളാകുമ്പോള്‍ ദലിത് സംഘടനകള്‍ ഒന്നും തന്നെ സഹായിച്ചിട്ടില്ലെന്ന് ചിത്രലേഖ പറയുന്നു. തനിക്ക് ഇനി രാഷ്ട്രീയമായ രക്ഷ ഇസ്ലാമിലാണെന്ന് അവര്‍ തിരിച്ചറിയുന്നു. ചിത്രലേഖ ഇസ്ലാമിലേക്ക് മതം മാറാനുള്ള തീരുമാനത്തെക്കുറിച്ച് ഒന്നിപ്പിനോട് സംസാരിക്കുന്നു.

 

ഇസ്ലാം മതം സ്വീകരിക്കാനുള്ള തീരുമാനത്തിന്‍റെ പ്രധാന കാരണം രാഷ്ട്രീയം തന്നെയാണ്. സി പി എം എന്നോടു കാണിച്ച ക്രൂരതയും അക്കാര്യങ്ങളില്‍ ഇതുവരെയും എനിക്കു നീതി കിട്ടാത്തതും എല്ലാം അതില്‍ വിഷയമാകുന്നുണ്ട്. സി പി എമ്മിന്‍റെ അക്രമം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ ദലിതരോടു കാണിക്കുന്ന വയലന്‍സ് സി പി എം ദലിതരോടു കേരളത്തില്‍ കാണിക്കുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്. വാളയാര്‍ കേസ്സിലെ കുട്ടികള്‍ക്ക് നീതി കിട്ടാത്തത് തന്നെ അത്തരം സംഭവങ്ങളിലെ ഏറ്റവും വലിയ ഉദാഹരണമാണ്.

കേരളത്തിലെ ദലിത് സംഘടനകള്‍ക്ക് ഒന്നിച്ചു കൊണ്ട് ഒരു രാഷ്ട്രീയവുമായി മുന്നോട്ടുപോകുവാന്‍ പറ്റുന്നില്ല. പക്ഷേ മുസ്ലീങ്ങള്‍ ഒത്തൊരുമയോടെ പോകുന്ന ഒരു രാഷ്ട്രീയ സമൂഹമാണ്. ഒരാള്‍ക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ മുസ്ലീം സമൂഹം ഒരുമിച്ച് നില്‍ക്കുന്ന ഒരു രാഷ്ട്രീയ സ്വഭാവമുണ്ട്. അതിനെക്കുറിച്ച് മനസ്സിലാക്കിയിട്ടാണ് ഞാന്‍ ഇസ്ലാമിലേക്ക് മതം മാറുക എന്ന രാഷ്ട്രീയചിന്തയിലേക്ക് എത്തുന്നത്. അത്തരം സഹായമോ അത്തരത്തിലൊരു ഐക്യപ്പെടലോ ദലിത് സമൂഹങ്ങളില്‍ നിന്നും എനിക്കു കിട്ടിയിട്ടില്ല.

ഇസ്ലാമിലേക്ക് മതം മാറിയാല്‍ ജാതി ഇല്ലാതാകുമോ എന്നു ചോദിച്ചാല്‍... സി പി എമ്മുകാരുടെ എന്നോടുള്ള മനോഭാവം മാറുമോ എന്നും അവര്‍ അത് മാറ്റുമോ എന്നും എനിക്കു തോന്നുന്നില്ല. ഈ ജാതി അതിക്രമങ്ങള്‍ ഇനിയും തുടര്‍ന്നു കൊണ്ടേ ഇരിക്കും. ഇസ്ലാമിലേക്ക് പോയാല്‍ ആര്‍ എസ് എസ്സിന്‍റെയും സിപിഎമ്മിന്‍റെയും ഭാഗത്തുനിന്നുള്ള ആക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കും. അവര്‍ നേരിട്ടു വരെ ആക്രമിക്കാനുള്ള പ്രവണത കൂടുതലാണ്. അവര്‍ ഇസ്ലാമിനോടു കാണിക്കുന്ന വിരുദ്ധത ഇനിയും ഞാന്‍ സഹിക്കേണ്ടതായി വരും. മുസ്ലീമിനെ തീവ്രവാദിയാക്കുന്ന ഇന്ത്യയില്‍ ഇസ്ലാമിലേക്കുള്ള യാത്ര എത്രത്തോളം ദുഷ്കരമാണ് എന്ന നല്ല തിരിച്ചറിവും എനിക്കുണ്ട്.

ഞാന്‍ എല്ലാ ദലിത് സംഘടനകളോടും എന്‍റെ പ്രശ്നങ്ങള്‍ സംസാരിച്ചിരുന്നു. ഒരു ദിവസത്തില്‍ കൂടുതല്‍ ഒരു സംഘടനകള്‍ എന്നെ സഹായിക്കുകയോ കൂടെ നില്‍ക്കുകയോ ചെയ്തിട്ടില്ല. പകരം ഒരു പാട് മനുഷ്യരാണ് എന്നെ സഹായിച്ചത്. പേരെടുത്ത് പറയുകയാണെങ്കില്‍ ആ ലിസ്റ്റ് നീളും. ഒരു ദലിത് സംഘടനകളും എന്‍റെ പ്രശ്നങ്ങള്‍ക്ക് ഒന്നിച്ചു നിന്നു പോരാടാന്‍ ഒരിയ്ക്കലും തയ്യാറായിട്ടില്ല.

ദലിത് സംഘടനകള്‍ രാഷ്ട്രീയമായി ഒന്നിക്കാത്തത് കേരളത്തില്‍ അതിഗുരുതരമായ പ്രശ്നം തന്നെ ആയിട്ടാണ് എനിക്കു തോന്നുന്നത്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ മാത്രം അത് പൊക്കിപ്പിടിച്ചു കൊണ്ട് വന്നു സംസാരിക്കുകയും പിന്നീട് അതിനൊരു തുടര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്ന രീതി ആണ് ദലിത് സംഘടനകളുടേത്. ദലിത് സംഘടനകള്‍ നോക്കുകയാണെങ്കില്‍ ഒരു സംഘടനക്ക് ഒരു നേതാവ് എന്ന രീതിയില്‍ ഇവിടെ ആയിരക്കണക്കിന് നേതാക്കളാണ്. ഞാനാണ് നേതാവ് ഞാന്‍ പറയുന്നതു അനുസരിക്കണം നിങ്ങളുടെ പ്രശ്നങ്ങള്‍ അവിടെ നിക്കട്ടെ എന്നതാണു നിലപാട്. ദലിതര്‍ക്ക് ഭൂമി കിട്ടാന്‍ വേണ്ടി ചലോ തിരുവനന്തപുരം പോലുള്ള പരിപാടികള്‍ സൃഷ്ടിച്ചു പരാജയമാക്കിയവരാണ് ദലിത് സംഘടനാ നേതാക്കള്‍.

ദലിത് സംഘടനകളില്‍ നിന്നു വ്യത്യസ്തമായി രാഷ്ട്രീയ സംരക്ഷണം മുസ്ലീമില്‍ നിന്നു കിട്ടും എന്നു പ്രതീക്ഷയുണ്ട്. കൂടാതെ എന്‍റെ ജീവചരിത്രപുസ്തകം ഉടന്‍ തന്നെ പുറത്തിറങ്ങും. അതോടെ എന്‍റെ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ചിത്രം മനുഷ്യരിലെത്തും എന്ന്എനിക്കു പ്രതീക്ഷയുണ്ട്.

 


കുറു കുറെ ബ്രോസ് എന്ന വീഡിയോ ആല്‍ബം


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image