Image

കല്ലുത്താൻകടവിലെ കക്കൂസ്മാലിന്യമാണ് പുരോഗമനകേരളം

കേരളത്തിന്റെ വികസന മാതൃക ശുഷ്കമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചേരികളിൽ ദളിതർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ. കേരള ഡെവലപ്മെന്റ് അജണ്ടയിൽ ഒരിടത്തും ദളിതരെ ആക്റ്റീവ് പ്രൊഡക്ഷൻ ഏജന്റുകളായി ഒരിക്കലും  അംഗീകരിച്ചിട്ടില്ല. മറിച്ച് അവരെ ക്ഷേമസ്വീകർത്താക്കളായി (welfare recipients) മാത്രമാണ് കാലാകാലം പൊതുസമൂഹവും സർക്കാരും കണ്ടുപോരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം മറ്റ് സാമൂഹിക സുരക്ഷാപരിപാടികൾ എന്നിവയിലും 1950-നു ശേഷവും അവർ ക്ഷേമസ്വീകർത്താക്കൾ മാത്രമായി അംഗീകരിക്കപ്പെട്ടുപോരുന്നു. ആയതിനാൽ, കേരള മോഡൽ ഡിസ്‌കോഴ്‌സിൽ ദളിതരെ productive agents ആയി അംഗീകരിക്കുവാൻ ഭരണകൂടം തയ്യാറായിട്ടില്ല.  1930 മുതൽ കല്ലുത്താൻകടവ് കോളനിയും അവിടത്തെ ദളിതരുടെ പ്രശ്നങ്ങളും സംബോധനചെയ്യപ്പെടാതെ പോയതും അത്തരമൊരു ദളിത്‌ സാമൂഹിക ബഹിഷ്കരണ(social exclusion) പ്രവണത കൊണ്ടുതന്നെയാണ്. അധികാര വികേന്ദ്രീകരണ പരിപാടികൾക്കു പോലും ഇത്തരം അരക്ഷിതാവസ്ഥകളെയും അസമത്വങ്ങളെയും വേണ്ടവിധം സംബോധനചെയ്യാനാകാത്തത് നിരാശാജനകമാണ്.

കേരളവികസന മാതൃകയുടെ അസാമാന്യവിജയത്തിന്റെ പശ്ചാത്തലത്തിൽ അസമത്വങ്ങളെ മനസ്സിലാക്കുമ്പോൾ വാസയിടങ്ങൾക്ക് (location of habitation) സുപ്രധാനമായ പങ്കാണുള്ളത്. ഭൂപരിഷ്കരണത്തിനു മുൻപും പിൻപും കേരളത്തിൽ കോളനികൾ പുതുതായി ഉണ്ടാകുകയും നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ലക്ഷംവീട് പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെട്ടിട്ടുള്ള കോളനികൾ (government produced colonies), കലാകാലങ്ങളായി  നിലനിൽക്കുന്ന ചരിത്രപരമായ കോളനികൾ (legalised settlements) സർക്കാർ പുറമ്പോക്ക് ഭൂമികളിൽ കുടിൽകെട്ടിപാർക്കുന്നവർ എന്നിങ്ങനെ വിവിധതരം കോളനികൾ കേരളത്തിൽ നിലനിൽക്കുന്നു. ദളിതരും ഒ.ബി.സി.ക്കാരും കൂടുതലായി അധിവസിക്കുന്ന ഇത്തരം കോളനികൾ പൊതുവെ പ്രാന്തപ്രദേശങ്ങളിലോ (peripheries) നഗരത്തിന്റെ അരികുകളിലോ (fringes) ആണ് പൊതുവായി സ്ഥിതിചെയ്യുന്നത്. അതിൽത്തന്നെ നഗര ചേരികൾ കൂടുതലായും നിലവാരം കുറഞ്ഞ പാർപ്പിടങ്ങൾ, ക്രമാതീതമായ ജനസംഖ്യ, വൃത്തിഹീനമായ ചുറ്റുപാട്, ഡ്രെയിനേജ് പ്രശ്നങ്ങൾ എന്നിവയാൽ ബാധിക്കപ്പെട്ടവയാണ്. ഭൗതികമായ ദാരിദ്ര്യം (material deprivation) എന്നതിനേക്കാളുപരി ജാതിയുടെ കൂടി ഉപഉത്പന്നങ്ങളാണ് ഇത്തരം കോളനികൾ. അതിനാൽ തന്നെ ഇത്തരം സെറ്റിൽമെന്റുകളോ മനുഷ്യരോ കേരള വികസന മാതൃകയ്ക്ക് പുറത്തുതന്നെയാണ് എന്നതാണ് വസ്തുത. ഇത്തരത്തിലുള്ള ഒരു വിഭാഗം ജനങ്ങളാണ് കോഴിക്കോട് കല്ലുത്താൻകടവ് കോളനിയിലുള്ളവർ.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത്, നുരയ്ക്കുന്ന പുഴുക്കളും, കക്കൂസ്, ഓട മാലിന്യങ്ങളും നിറഞ്ഞ ഒരു കോളനിയാണ് കല്ലുത്താൻകടവ്. കനോലി കനാലിന്റെ തീരത്ത്, ഭൂരിഭാഗവും ദളിതരുടെ ഇടമായ ഇവിടം 1936 മുതൽ മനുഷ്യന്റെ വാസയിടമാണ്. അത് അവിശ്വസനീയമായ ഒരു വസ്തുതയായി തോന്നിയേക്കാം. ആരംഭകാലത്ത് വെറും 13 കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 89 വീടുകളും അതിനേക്കാൾ അധികം കുടുംബങ്ങളുമുണ്ട്. മലയാളികളും മലയാളി ഇതര താമസക്കാരുമുണ്ട്. ദളിതരായ തമിഴ് നാട്ടുകാരുണ്ട്, തെലുങ്കരുണ്ട്, ഒ.ബി.സി. വിഭാഗക്കാരുണ്ട്. ചരിത്രപരമായ വസ്തുതകൾ വിശകലനം ചെയ്യുന്നതിന് ഇവിടെ ഏറെ പ്രസക്തിയുണ്ട്. ഇവരിൽ ഏറെ പേരും കക്കൂസ് ഓട മാലിന്യങ്ങൾ വൃത്തിയാക്കാനായി കൊണ്ടുവന്ന പുറംനാട്ടുകാരാണ്. പലരും കോർപ്പറേഷനു വേണ്ടി തോട്ടിപ്പണി ചെയ്തിരുന്നവരാണ്. ജാതിയുടെയും തൊഴിലിന്റെയും സമ്മിശ്രമായ ദുരിതാവസ്ഥകൾ താണ്ടിയവരാണ്. 1930 കളിൽ കല്ലുത്താൻകടവ് കോളനി, മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഇടമായിരുന്നു. ചത്ത പശുവിനെ, കക്കൂസ് മാലിന്യത്തെ, പുഴുവരിക്കുന്ന മറ്റ് മാലിന്യങ്ങളെ കൂമ്പാരമാക്കി നിക്ഷേപിച്ചിരുന്ന ആ സ്ഥലത്ത് വന്നെത്തിപ്പെട്ടവർ അതിനെ വാസസ്ഥലമാക്കി മാറ്റുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെയോ, അതിന്റെ തിക്തഫലങ്ങളെയോ പറ്റി ഓർത്ത് പിന്നോക്കം പോയില്ല. പാർപ്പിടം അക്കൂട്ടർക്ക് അത്രമേൽ ആവശ്യമായിരുന്നു. മാലിന്യം മണ്ണിട്ട് മൂടി ഓല കൊണ്ട് അവർ താൽക്കാലിക വാസഇടങ്ങൾ ഉണ്ടാക്കി.

കറുപ്പമ്മ എന്ന എഴുപതുകാരിയുടെ ജന്മദേശം തമിഴ്നാടാണ്. അവരുടെ ഓർമ്മയിൽ ചത്ത മൃഗങ്ങളും കക്കൂസ് മാലിന്യങ്ങളും നിറഞ്ഞ കാടുപ്രദേശം പാർപ്പിടാവശ്യത്തിനായി അവർ മാറ്റിയെടുത്തതാണ്. "അന്നുമിന്നും മഴക്കാലം ദുരിതകാലമാണ്‌. അടുപ്പ് പുകയില്ല. കേരളത്തിന്‌ പ്രളയം രണ്ടേയുള്ളു. ഞങ്ങൾക്കെന്നും പ്രളയമാണ്." അവര് പറയുന്നു. അനിശ്ചിതാവസ്ഥ നിറഞ്ഞ, വെള്ളക്കെട്ടുകളായേക്കാവുന്ന അവസ്ഥയ്ക്ക് ഇപ്പോഴും യാതൊരു വ്യത്യാസവുമില്ല. ഇന്നും കാണപ്പെടുന്ന അവരുടെ പാർപ്പിടങ്ങളുടെ അനിശ്ചിതാവസ്ഥ വാക്കുകളിലൂടെ വിവരിക്കുക അസാധ്യമാണ്. വീടുകളെല്ലാം തന്നെ പോളിത്തീൻ ഷീറ്റുകൾ കൊണ്ട് മേൽക്കൂരയുള്ളവയാണ്. മഴവെള്ളം കുത്തിയൊലിച്ചു അകത്തേക്ക് വീഴാതിരിക്കാൻ ഫ്ലെക്സുകൾ ശേഖരിച്ചുകൊണ്ട് വരും. എന്നാലും മഴവെള്ളം മേൽക്കൂരയെ തകർത്ത് അകത്തേക്ക് വരും. ഓട നിറഞ്ഞു വെള്ളം അടുക്കളയുടെ അകങ്ങളിലേക്ക് പ്രവേശിക്കും. ഒരു ചെറുമഴയിൽ പോലും കോളനി മുഴുവൻ വെള്ളം കെട്ടിനില്ക്കും. കെട്ടിനില്ക്കുന്ന വെള്ളത്തിൽ പുഴു നുരയ്ക്കും. വെള്ളമൊഴുകിപ്പോകാൻ ഇടമില്ല. കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നതിനാൽ ഒരു പകർച്ചവ്യാധിയുടെ സാധ്യത തള്ളിക്കളയാൻ ആവില്ല. സങ്കടത്തോടെ അവർ വ്രണങ്ങൾ നിറഞ്ഞ കാലുകൾ കാട്ടിത്തരും. "മാലിന്യം നിറഞ്ഞ വെള്ളം കാരണം പലർക്കും അലർജി സംബന്ധമായ അസുഖങ്ങളുണ്ട്. കോളനിയുടെ ഉള്ളിലെക്കൊന്നും നിങ്ങൾക്ക് പോകാനാവില്ല. ചണ്ടിയാണ്. പുഴുക്കളുണ്ട്. ചൊറിഞ്ഞു മാന്തിപ്പൊളിച്ചു കാലൊക്കെ വ്രണമാണ്"

പന്ത്രണ്ട് പൊതുകക്കൂസുകളാണ് അവർക്കുള്ളത്. കുടിവെള്ളം പൈപ്പ് ലൈൻ വഴി എത്തും. കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ, കല്ലുത്താൻകടവും മാലിന്യത്തിലായിരുന്നു. വെള്ളക്കെട്ടുകളും വെള്ളപ്പൊക്കവും അവർക്ക് പുതിയ അനുഭവമല്ല. പ്രളയനാന്തരം കക്കൂസുകൾ നന്നാക്കിയെന്നല്ലാതെ മാലിന്യത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ വഴിയൊരുക്കിയില്ലെന്ന് സാരം.

പുനരധിവാസം കോളനിക്കാർക്കൊരു സ്ഥിരം കോമഡിയാണ്. 1990 ൽ സംസ്ഥാന മന്ത്രിസഭയാണ് ഫ്ലാറ്റ് വാഗ്ദാനം ചെയ്യുന്നത്. 2005 മുതൽ ഫ്ലാറ്റ് നിർമ്മാണ പരിപാടികൾക്ക് തുടക്കം കുറിച്ചു. 2009 ൽ ശിലാസ്ഥാപനം  നടത്തുകയും 2019 എത്തുമ്പോൾ പലവട്ടം മുടങ്ങുകയും വാഗ്ദാനപ്പെടുകയും ചെയ്ത സുരക്ഷിത ഫ്ലാറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ നിൽക്കുകയാണ്  

കാഡ്കോ (കല്ലുത്താൻകടവ് ഏരിയ ഡെവലപ്മെന്റ് കമ്മിറ്റി ആണ് നിർമ്മാണ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കരാർ പ്രകാരം 2017 ൽ പൂർത്തീകരിക്കേണ്ടിയിരുന്ന നിർമ്മാണം തുടർന്ന് കാലതാമസം വരികയും കാഡ്കോയ്ക്ക് ഒരു നിശ്ചിത തുക പിഴചുമത്തുകയും ചെയ്തിരുന്നു. 141 കുടുംബങ്ങൾക്കായി ഏഴു നിലകളുള്ള നാലു കെട്ടിട സമുച്ചയങ്ങളാണ് കാലാകാലമായി ഒരുങ്ങിക്കൊണ്ടേയിരിക്കുന്നത്. ഒരു കിടപ്പുമുറി അടുക്കള ഒരു ഹാൾ എന്നിങ്ങനെയാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കല്ലുത്താൻ കടവിലെ 89 കുടുംബങ്ങൾക്കും  ശേഷിക്കുന്നത് സ്റ്റേഡിയം, സത്രം കോളനി, ധോബി, ഖാമാ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുമായാണ് ലഭിക്കുക. പലതവണ താക്കോൽ  കൈമാറ്റ വാഗ്ദാനത്തിൽ നൈമിഷിക സന്തോഷങ്ങൾ അനുഭവിച്ച ഇവർ പ്രതീക്ഷ അസ്തമിച്ചുവെന്നും, ഉദ്ഘാടന വാഗ്ദാനം പോലും കള്ളത്തരമാണെന്നും പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഉൽഘാടനവും താക്കോൽ കൈമാറ്റവും പറഞ്ഞിരുന്നുവെങ്കിലും സ്ഥിരംപല്ലവി എന്ന വണ്ണം അതും മുടങ്ങിപ്പോകുകയാണുണ്ടായത്. വൈദ്യുതി സജ്ജീകരണമുൾപ്പടെ തയ്യാറായിട്ടുണ്ടെന്നും മറ്റും പറയുന്നുണ്ടെങ്കിലും കാലതാമസത്തിന്റെ യാഥാർഥ്യം വ്യക്തമല്ല.

പുതുതായി ഒക്ടോബർ 27 നു ഫ്ലാറ്റുകൾ ഉൽഘാടനം ചെയ്യപ്പെട്ടേക്കുമെന്ന വാഗ്ദാനമാണുള്ളത്. പിന്നെ അത് നവംബര് ഒന്നിലേക്ക് മാറ്റിയെന്നും പറയുന്നുണ്ട്. എന്തൊക്കെയായാലും ഇതെല്ലാം വിശ്വസിക്കാൻ കോളനിക്കാർക്ക് ബുദ്ധിമുട്ടുണ്ട്. മുപ്പതോളം വാഗ്ദാനങ്ങളിൽ നിന്നും അവരുടെ പാർപ്പിട സ്വപ്നം മുക്തമായിട്ടില്ല. ഫ്ലാറ്റുകൾ എന്ന നിർമ്മിതി ദളിതർ ക്ഷേമ സ്വീകർത്താക്കൾ (welfare recipients) ആണെന്ന വസ്തുത ഊട്ടിയുറപ്പിക്കുന്നുവെന്നത് വിസ്മരിക്കാൻ കഴിയില്ല. ദളിതരെ അവരുടെ ജൈവിക പരിസ്ഥിതി, sacred geography, ജൈവിക തൊഴിലിടങ്ങൾ എന്നിവയിൽ നിന്നും എന്നേക്കുമായി അകറ്റുകയാണ് ചെയ്യുന്നത്. എന്നിരിക്കിലും ഫ്ലാറ്റുകൾ എന്ന ക്ഷേമ വിഭാവന പോലും പൂർത്തീകരിച്ചു നടപ്പിലാക്കാൻ, ഈ പതിനഞ്ചു വർഷക്കാലയളവിൽ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല എന്നത് ദളിതരോടുള്ള വേർതിരിവായി മാത്രമേ കാണാൻ സാധിക്കൂ. ഫ്ലാറ്റ് മാതൃകകൾ കേരളത്തിൽ പലയിടത്തും പരാജയമാണെന്ന് ബീമാപള്ളി പോലുള്ള മാതൃകകളിൽ നിന്ന് വ്യക്തമാണ്. അധികാരത്തിന്റെ തലങ്ങളിലേക്ക് ദളിതരെ ഉയർത്താതെ, ക്ഷേമപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് കോളനിവൽക്കരണം പോലെയുള്ള മിഥ്യാക്ഷേമ സങ്കല്പങ്ങളെ തുടർപ്രക്രിയയായി കൊണ്ടുപോകുകയേയുള്ളു. ആയതിനാൽ തന്നെ welfare recipients എന്ന സങ്കൽപം വലിച്ചെറിയപ്പെടുകയും അധികാര രംഗങ്ങളിൽ കീഴാളർ എത്തിപ്പെടുകയും ചെയ്താൽ മാത്രമേ വികസന മാതൃക പൂർണ്ണമാകൂ.

 

 

Vipitha V
PhD Scholar,
Centre for Development Studies,
Thiruvananthapuram.

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image