
"പട്ടി.... പട്ടി..."
നാട്ടിലുള്ളവരുടെ മുഴുവന്‍ വാമൂടിക്കെട്ടിയാലും എവിടെ നിന്നെങ്കിലും ഒരു വിളിപ്പാടകലം ആ വിളിപ്പേര് മുഴങ്ങിക്കേള്‍ക്കാം.
അതെ, അയാള്‍ പട്ടിയാണ്. എല്ലാവരും അയാളെ പട്ടി എന്നാണ് വിളിക്കാറുള്ളത്. അതുകൊണ്ട് താനൊരു ശ്വാനജന്മമാണെന്ന് ഉറപ്പുവരുത്തുവാന്‍ ഇടയ്ക്കിടെ രാത്രികാലങ്ങളില്‍ ഇരുട്ടിന്റെ മറപറ്റി മണപ്പിച്ച് ഒരു സ്വപ്നാടകനെപ്പോലെ നടന്ന് നെഞ്ചുന്തിപ്പിടിച്ച് കഴുത്തുയര്‍ത്തി ഓരിയിടുന്നത് കേള്‍ക്കാം. തൊണ്ട കോച്ചിവലിയുമ്പോള് ഒച്ച പതറും. ചിലപ്പോള്‍ കാസം കുറുകി നെഞ്ചുകുത്തി ചുമച്ച് ചുമച്ച് കഫം തുപ്പി കണ്ണ് മിഴിയ്ക്കും. ആരോടും പരിഭവമില്ലാതെ കണ്ണില്‍ നിന്നും നീങ്ങിപ്പോകുന്ന വെണ്മേഘങ്ങളെ നോക്കി ഉറക്കെ ചിരിക്കും. തന്നോടൊപ്പം ഓരിയിടാതെ ഉറക്കംനടിച്ച് കിടക്കാറുള്ള നായ്ക്കളെ മാടിവിളിക്കും. കുപ്പായ ക്കീശയില്‍ കരുതിയിരുന്ന ബിസ്കറ്റ് തുണ്ടുകള്‍ എറിഞ്ഞുകൊടുക്കും. പിന്നെയും അയാള്‍ ഓരിയിടല്‍ ആരംഭിക്കും. അത് കണ്ടും കേട്ടും നായ്ക്കൂട്ടങ്ങള്‍ ഒന്നിനുപുറകെ ഒന്നുചേര്‍ന്ന് തലയുയര്‍ത്തിപ്പിടിച്ച് ആകാശത്തിന്റെ വക്കുകളില്‍ ചെന്നിടിക്കുന്ന ഭയാനക ശബ്ദം പുറപ്പെടുവിക്കും. ചെകുത്താന് പിറവിയെടുക്കുന്ന ഒരന്തരീക്ഷമായി അനുഭവപ്പെടും. അതുകേട്ട് ആസ്വദിച്ച് കണ്ണുകള്‍ പൂട്ടി മിണ്ടാതെ നിലാവെളിച്ചത്തില്‍ നേര്‍ക്ക് മുഖമുയര്‍ത്തിപ്പിടിച്ച് ധ്യാനത്തിന്റെ സാന്ദ്രനീലിമ പുതച്ച് അയാള്‍ അങ്ങനെ നില്ക്കും.
പകല്‍ സമയങ്ങളില്‍ നായ്ക്കളോടൊപ്പം അലഞ്ഞുതിരിഞ്ഞ് നടക്കും. നാവ് ഒരിക്കലും വെറുതെയിരിക്കില്ല. ചുമ്മാതെ അവ്യക്തമായതെന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കും. ചിലപ്പോള്‍ ഉറക്കെ സംസ്കൃതശ്ലോകങ്ങള്‍ ചൊല്ലുന്നത് കേള്‍ക്കാം. പുഴയില്‍ മുങ്ങിമറിഞ്ഞുള്ള നട്ടുച്ചക്കുളി അയാള്‍ക്ക് പ്രധാനമായിരുന്നു. ഈറനോടെ പുഴക്കരയിലിരുന്ന് ശനീശ്വരമന്ത്രങ്ങള് ഉരുവിടുന്നത് വ്യക്തമായി കേള്‍ക്കാം. അത്ഭുതം തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അമ്പലപ്പറമ്പിന്റെ പുറകിലെ ആളൊഴിഞ്ഞ പറമ്പില്‍ വന്നിരുന്ന് ഉറക്കെക്കരയും. അവിടെയുള്ള പൊട്ടക്കിണറ്റിലേക്ക് തലപൂഴ്ത്തി കിടക്കും. കിണറിനകത്തെ പച്ചിലപ്പടര്‍പ്പുകളും ചിലന്തിവലകളും കല്ലെറിഞ്ഞ് ഇല്ലാതാക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. കിണറിലേക്ക് നോക്കി ഉച്ചത്തില്‍ കൂക്കിവിളിക്കും. കേട്ടുപരിചയമില്ലാത്ത ഭാഷയില്‍ സംസാരിക്കും. പിന്നെയും കൂവിനോക്കും. കിണറില്‍ നിന്നും കയറിവരുന്ന പ്രതിധ്വനിമുഴക്കത്തെ അയാള്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പാതി അടര്ന്നുപൊട്ടിയ ശംഖുമുഖമുള്ള പാറയിടുക്കിന് മുകളിലുള്ള ഒറ്റമുറി വീട്ടിലാണ് അയാളും നായ്ക്കൂട്ടങ്ങളും കഴിയുന്നത്. അധികമാരും അങ്ങോട്ട് പോകാറില്ല. പ്രത്യേകിച്ച് കുട്ടികള്‍.
നാട്ടിലുള്ള തെരുവുപട്ടികളെ മുഴുവനായി അയാള്‍ ദത്തെടുത്തു വളര്‍ത്തി നാടിനെയൊരു പട്ടിഗ്രാമമാക്കി മാറ്റുകയാണെന്ന ഒരു ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അലഞ്ഞുതിരിയുന്ന പട്ടികള്‍ അയാളെ തേടിവരുന്നു. അയാള്‍ ഒന്നിനെയും ആട്ടിപ്പായിക്കാറില്ല. ആ വീടിന്റെ പരിസരങ്ങളില്‍ നാടന്‍പട്ടികള്‍ വിഹരിച്ചു നടക്കുന്നത് കാണാം. പട്ടികളുടെ ശല്യം രൂക്ഷമാകുന്നു എന്ന നാട്ടുകാരുടെ പരാതിയെക്കുറിച്ചൊന്നും അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നില്ല.
അയാള്‍ താമസിക്കുന്നയിടത്തിനെ ചാരക്കൂന എന്നാണ് നാട്ടുകാര്‍ പേരിട്ടു വിളിച്ചിരുന്നത്. പേരു പോലെ തന്നെ അന്തരീക്ഷത്തില്‍ എപ്പോഴും ചാരത്തിന്റെ കുത്തല് ഉളവാക്കുന്ന രൂക്ഷത അനുഭവപ്പെടും. വിസര്‍ജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയപ്പെട്ട, മുട്ടോളം വളര്‍ന്ന കുതിരപ്പുല്ലുകളും ഉണങ്ങിനില്ക്കുന്ന പാഴ്വൃക്ഷങ്ങളുമുള്ള ആ പ്രദേശം മനംമടുപ്പിക്കുന്ന വരണ്ട അവസ്ഥയാണ് തരുന്നത്. ചാരം തൂവിപ്പറക്കുന്ന അന്തരീക്ഷത്തിന്റെ നടുവില്‍ അസ്ഥിപഞ്ചരം പോലൊരു വീട്. മുറിയില്‍ തളംകെട്ടിനില്ക്കുന്ന മൂത്രത്തിന്റെ രൂക്ഷഗന്ധം ഇടക്കിടെ പൊങ്ങിവരും. പടിഞ്ഞാറന്‍ കാറ്റിന്റെ എത്തിനോട്ടത്തില്‍ പലപ്പോഴും ആ ഗന്ധം അകന്നുപോകും. അപ്പോള്‍ ചാരം കൂടുതലായി പറക്കും.
ഇടുങ്ങിയ മുറിയുടെ നാലു ചുവരുകളില്‍ രണ്ടിലും വേരുകള്‍ തുന്നിയ വിള്ളലുകള്‍ മുറിവു വീഴ്ത്തിക്കിടന്നു. കരിക്കഷണങ്ങളുടെ ചുണ്ടുരച്ച് പലപ്പോഴായി രൂപപ്പെടുത്തിയെടുത്ത ചിറകുകളും തലയുമുള്ള പാമ്പിന്റെ രൂപത്തിനെ അയാള്‍ തൊഴുത് പ്രാര്‍ത്ഥിച്ചിരുന്നു. ചിലപ്പോള്‍ അതിനു മുന്നില്‍ കമഴ്ന്നുകിടന്ന് മുരണ്ടുമോങ്ങുവാനും മടിക്കാറില്ല.
ചീന്തിയെറിയപ്പെട്ട വസ്ത്രങ്ങളുടെ കോര്‍മ്പലുകള്‍ തലങ്ങുംവിലങ്ങും വലിച്ചുകെട്ടിയിരിക്കുന്നതിന് താഴെയുള്ള ചാരക്കൂമ്പാരത്തിലാണ് അയാള്‍ കിടന്നിരുന്നത്. പെറുക്കിക്കൂട്ടുന്ന ചുള്ളികളും പത്രക്കടലാസ്സുകളും കൂട്ടിയിട്ട് കത്തിച്ച് അയാള്‍ ചാരമുണ്ടാക്കിയിരുന്നു. ചാരം ചാക്കുകളിലായി ശേഖരിച്ച് തൂവിപ്പറപ്പിക്കുക അയാള്‍ക്ക് ഒരു വിനോദമായിരുന്നു. പിന്നെ കുറെ ചിരിക്കും. പടര്‍ന്നുപന്തലിക്കുന്ന ഒരു ചിരി അയാളില്‍ നിന്ന് ഉയരും. തീരെ ഉറക്കമില്ലാത്ത ചില രാത്രികളില്‍ മൂങ്ങക്കണ്ണ് തുറന്നുപിടിച്ച് അയാള്‍ മോങ്ങും. പിന്നെ വക്കുപൊട്ടിയ ചൂരല്‍ക്കസേരയില്‍ കയറിനിന്ന് പുറത്തേക്ക് നോക്കി പല്ലിളിച്ച് കുരച്ച് കൂവി മുഴുത്ത തെറി പുലമ്പി നേരങ്ങളെ കൊല്ലും.
ചിലര്‍ രാത്രിയുടെ മറവില്‍ അങ്ങോട്ടു പോകുന്നത് കാണാം. ഒരു യുദ്ധം ചെയ്യാനെത്തിയതുപോലെ അവര്‍ അട്ടഹസിക്കും. കല്ലുകള്‍ പെറുക്കി മത്സരിച്ച് അലറിവിളിച്ച് അവര്‍ ആ സാധുമനുഷ്യനെ എറിഞ്ഞോടിക്കും. ഓടിയൊളിക്കാന്‍ ഉതകുന്ന ഇടങ്ങളില്‍ നിന്നും അയാളുടെ ഞരക്കവും മോങ്ങലും കട്ടപിടിച്ച ഇരുട്ടില്‍ ഗതികെട്ട വിലാപമായി നേര്‍ത്തു കേട്ടിരുന്നു. പട്ടിക്കൂട്ടങ്ങളുടെ കുര ഇടക്കിടെ താനെ അടങ്ങും എങ്കിലും അവറ്റകള് അയാള്‍ക്കു വേണ്ടി കുരച്ചുകൊണ്ടിരിക്കും. ചോരപ്പശയുടെ വീര്പ്പുകെട്ടിയ മുറിവുകള്‍ കരിയും മുന്‍പേ അയാള്‍ക്ക് കഴിഞ്ഞതിനെ മറന്നുകളയാന്‍ എളുപ്പമായിരുന്നു.
വീണ്ടും ചില രാത്രികളില്‍ അവര്‍ വരും. മദ്യം ഒഴിച്ചുകൊടുത്ത് അയാളെ മത്തുപിടിപ്പിക്കും. നിര്‍ത്താതെ കുരക്കുവാന്‍ പറയും. ചാടുവാനും മറിയുവാനും കല്പിക്കും. അയാള്‍ കൃത്യമായി എല്ലാം ചെയ്തുതീര്‍ക്കും. ആവേശം ഇരമ്പിക്കയറുമ്പോള്‍ അവരില്‍ ചിലര്‍ മൂത്രം കലര്‍ത്തിയ മദ്യം അയാളെ നിര്‍ബന്ധിച്ച് കുടിപ്പിക്കും. തട്ടിക്കളഞ്ഞാലും കുതറിയോടാന്‍ ശ്രമിച്ചാലും വിടില്ല. നെറ്റിത്തടത്തില്‍ പൊട്ടുകുത്തുവാന് ചുണ്ടിലെരിയുന്ന സിഗററ്റുകള്‍ കനല് നിറച്ച് കാത്തിരിക്കുക പതിവായിരുന്നു. എങ്കിലും ക്രിത്രിമ പരിഹാസങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കിടയില്‍ വാലില്ലാത്ത യജമാനസ്നേഹിയായി അയാള്‍ കൈകള്‍ മണ്ണിലൂന്നി അനുസരണയോടെ അരികിലുണ്ടാകും. വീണ്ടും വീണ്ടും ഭ്രാന്തിന്റെ പകര്ന്നാട്ടവേഷത്തിന് കഴുത്തുനീട്ടിക്കൊടുക്കാന്‍ മടിയില്ലാത്ത നിഷ്കളങ്ക മനുഷ്യന്!
തെരുവുനായ ശല്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ മനസ്സ് വരച്ചുകൊണ്ടിരുന്നത് അയാളുടെ ചിത്രമായിരുന്നു. പേവിഷബാധയെക്കുറിച്ച് വാചാലനാകുന്ന കുടവയറുള്ള നേതാവിന്റെ വാക്കുകള്‍ ഉന്നംവച്ച് വന്നത് 'പട്ടി' എന്ന സാധു മനുഷ്യനെക്കുറിച്ചായിരുന്നു. "പട്ടിപ്പേടി ഇല്ലാതാക്കണം. വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ പട്ടിപ്പേടിയില്‍ ഒതുങ്ങുന്ന സ്ഥിതി വരരുത്. ഒന്നിനെയും വെറുതെ വിടരുത്. കൊന്നു തള്ളണം." അയാളുടെ കട്ടിപ്പുരികം ചോദ്യചിഹ്നം കണക്കെ വളഞ്ഞു. അസഹ്യതയോടെ അവിടെ നിന്നും ചാരക്കൂന ലക്ഷ്യമാക്കി നടന്നു. ഇനി വിഷം പുരണ്ട ബിസ്കറ്റുകളും കുടുക്കുകെണികളുമായി നായ്മരണം ആഗ്രഹിക്കുന്നവര്‍ കാത്തിരിക്കും. ബാക്കി വക്കുവാനാവാത്ത വിശപ്പിന്റെ വയറുകുത്തിപ്പിരിച്ചല്, വിഷച്ചുവ മരണഭയം മറികടന്ന് എന്തും ആസ്വദിച്ച് വയറിനകത്താക്കും. ചത്തുകുഴഞ്ഞുവീഴുന്ന അവറ്റകളുടെ മരണത്തിനിടയില്‍ അയാളും പട്ടിമരണം കൈവരിക്കും എന്നോര്‍ത്തപ്പോള്‍ നിശ്ചയമില്ലാത്ത ഒരു ഉള്‍ഭയം. അയാളെ തിരഞ്ഞുനടന്ന് കാല്‍കഴച്ചു. പലരോടും തിരക്കി.
"....ആ പട്ടിയെ എന്തിന് തിരയുന്നു...? എന്തെങ്കിലും മോഷ്ടിച്ചുവോ...? ആ തലതിരിഞ്ഞവനെ കണ്ടാല്‍ ഞാന്‍ എറിഞ്ഞോടിക്കും. നിനക്ക് വട്ടായോ...?, അവനെയൊക്കെ എന്തിന് തിരയണം?..." ഇതെല്ലാമായിരുന്നു പലരുടെയും പ്രതികരണങ്ങള്‍
"ഹും ന്താ കാര്യം...?" നീളുന്ന ചോദ്യങ്ങളുടെ ചെറുപട്ടിക കാതടഞ്ഞു നിന്നു. തെണ്ടിത്തിന്ന് ആര്‍ക്കും ശല്യമാവാതെ കഴിയുന്ന ആ പാവത്തിനെ ആളുകള്‍ ഭ്രാന്തനെന്നും കള്ളനെന്നും മുദ്രകുത്തി സംസാരിക്കുന്നതിലുള്ള ഈ യോജിപ്പുകള്‍ അയാള്‍ ഒറ്റപ്പെട്ടവനായതുകൊണ്ട് മാത്രമാണ്. സമൂഹം തള്ളിക്കളഞ്ഞവനാണെന്ന് ആളുകള്‍ അയാളെക്കുറിച്ച് രേഖപ്പെടുത്തി പറയുന്നു. പൂത്തുലഞ്ഞ മൈലാഞ്ചിക്കാടുകള്‍ കടന്ന് അയാളെത്തേടി മുന്നോട്ടു നീങ്ങി. കരിമ്പാറയിടുക്കിനു മുകളില്‍ രോഗിയായി നിലനിന്ന വീടിനകത്തേക്ക് കടന്നപ്പോള്‍ മനംപുരട്ടിവന്നു. ഉണങ്ങിയ മലത്തിന്റെ ദുഷിച്ച ഗന്ധം. ഒളിച്ചുനോക്കുന്ന ആകാശക്കീറുകള്‍ തെളിഞ്ഞുനിന്ന മേല്‍ക്കൂരയില്‍ നിന്ന് വേര്‍പെട്ട് തല്ലിപ്പറന്നകലുന്ന വവ്വാലുകള്‍ എന്നെ ഭയപ്പെടുത്തി. മുറിയുടെ മൂലയില്‍ കുമിഞ്ഞുകിടന്ന പഴയ പിഞ്ഞാണങ്ങള്‍ക്കും ഉടഞ്ഞ പൊട്ടക്കലങ്ങള്ക്കിടയില് ചുരുണ്ടുകൂടിക്കിടന്ന ചൊക്ലിപ്പട്ടികളില് ഒന്ന് എന്നെ കണ്ടിട്ടും തലയുയര്‍ത്താതെ കിടന്നു. മറ്റൊന്ന് കുരക്കാന്‍ മറന്ന് നിന്നു. അത് പിന്നെ പുറത്തേക്കിറങ്ങി നടന്നു. ക്ഷീണിച്ച് പടുകിഴവനായിത്തീര്ന്നിരിക്കുന്ന പട്ടിയുടെ ദേഹത്തെ വ്രണങ്ങളില്‍ ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്നു. കാലടികള്‍ വക്കുമ്പോള്‍ നിയന്ത്രണമില്ലാതെ ശരീരം വേച്ചുപോകുന്നു. ജീര്‍ണ്ണിച്ച ചുമരില്‍ കടവാവലിനെപ്പോലെ തൂങ്ങിക്കിടന്ന മുഷിഞ്ഞ സഞ്ചിയെ ചുമരിലെ ആണിയില്‍ നിന്നും വേര്‍പെടുത്തിയെടുത്തു നിലത്തേക്ക് കുടഞ്ഞു. പരക്കംപായുന്ന പാറ്റകള്‍ തുരുതുരെ പാഞ്ഞു. കിടന്നകിടപ്പില്‍ നിന്നും തലനീട്ടി പാറ്റകളെ പിടിച്ചെടുക്കാനുള്ള വ്യഗ്രതയോടെ ചൊക്ലിപ്പട്ടി നിവര്‍ന്നുവന്നു. കിട്ടിയതിലൊന്നിനെ വായിലാക്കിയും ചവിട്ടിപ്പിടിച്ച് ബാക്കിവച്ചും അശ്രദ്ധയോടെ ഇടക്കിടെ അതെന്നെ നോക്കി.
സഞ്ചിയില്‍ നിന്നും പുറത്തെടുത്ത കാലപ്പഴക്കമുള്ള നാണയങ്ങളും ചിന്നല്പ്പാടുകള് വീണ് വെള്ളം കയറിത്തുടങ്ങിയ ഫ്രെയിം ചെയ്ത ഫോട്ടോയും ഞാന്‍ കൈവശം വച്ചു. അഴുക്കുപുരണ്ട നാണയങ്ങളും മങ്ങിയ ചില്ലിനുള്ളിലെ ഫോട്ടോയും കൈവിട്ടുകളഞ്ഞില്ല. മുഷിഞ്ഞ സഞ്ചിയില്‍ തന്നെ സൂക്ഷിച്ചു. വീണ്ടും അയാളുടെ സൂക്ഷിപ്പുകള്ക്കു വേണ്ടി അവിടെ തിരഞ്ഞു. ഉടഞ്ഞ ചില പാത്രങ്ങളും പാതി കത്തിക്കരിഞ്ഞ പത്രത്താളുകളും പോത്തിന്റേതിന് സാമ്യം വരുന്ന ഏതോ മൃഗത്തിന്റെ തുടയെല്ലും മണ്ണില്‍ പുരണ്ട അവസ്ഥയില്‍ കിടന്നുകിട്ടി. വേറൊന്നും തന്നെ കണ്ടെത്തുവാന്‍ സാധിച്ചില്ല. അയാള്‍ കേള്‍ക്കട്ടെ എന്ന വിചാരത്തോടെ ഉച്ചത്തില്‍ കൂവി. ആ ശബ്ദം പാറമടയ്ക്കിടിച്ച് പ്രതി ധ്വനിച്ചു. നരിച്ചീറുകളില്‍ ചിലത് പിന്നെയും മേല്‍ക്കൂരയില്‍ വന്ന് സ്ഥാനംപിടിച്ചു.
അവിടെ നിന്നും പുറത്തേക്കിറങ്ങി നടക്കവേ അകത്തു കിടന്ന് അവശനായ നായ തലയുയര്‍ത്തി നോക്കി. പാറ്റകള്‍ ആ സാധുവിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരിക്കുന്നു. ഇരമ്പിയാര്‍ക്കുന്ന ഉഷ്ണക്കാറ്റ് ചാരം പറപ്പിച്ച് വിര്പ്പു മുട്ടിച്ചു. മുന്നിലൂടെ നീണ്ടുകിടന്ന ചരല്‍വഴി നിശ്ശബ്ദമായിരുന്നു. വഴിനീളെ കണ്ണുകള്‍ പട്ടിമനുഷ്യനെ തിരഞ്ഞുകൊണ്ടിരുന്നു. കടുത്ത വേനല്‍ച്ചൂടിനൊപ്പം വിരസതയകറ്റുവാന്‍ സിഗററ്റിലൊന്ന് പുകച്ചു. നീണ്ടു മെലിഞ്ഞ പുഴയ്ക്കരികിലൂടെ നടന്ന് പുകയൂതി പറത്തിവിട്ടു. കണ്ണാടി പോലെ പുഴ വെയിലേറ്റ് തിളങ്ങിക്കിടന്നു. പുഴയിലെ ഓളങ്ങളില്‍ നീന്തിമറിയാനൊരു കൊതി തോന്നി. പട്ടിമനുഷ്യന്റെ സാഹസിക നീന്തലുകള്ക്ക് വേദിയാണ് മരണക്കയങ്ങള്‍ ഒളിപ്പിച്ച് മയങ്ങിയൊഴുകുന്ന പുഴ. രണ്ട് രണ്ടര വര്‍ഷം മുമ്പ് ഒരു വേനലവധിക്ക് കുളിക്കാനിറങ്ങി നീന്തിത്തുടിച്ച അഞ്ചു കുരുന്നുകള്‍ ഒഴുക്കില്‍ പെട്ടു. പന്ത്രണ്ടും ഏഴും വയസ്സു വരുന്ന അഞ്ചു കുട്ടികള്‍. അതില്‍ ഒരു പെണ്‍കുട്ടി മാത്രം രക്ഷപ്പെട്ടു. കരയ്ക്കടുപ്പിച്ചത് അയാളും; മനുഷ്യസ്നേഹിയായ പട്ടിമനുഷ്യന്. എന്നിട്ടും ആ ദൈവകരങ്ങള്‍ ആളുകള്‍ തിരിച്ചറിഞ്ഞില്ല.
വിജനമായ പുഴയിലിറങ്ങി മുഖം നോക്കി നിന്നു. എരിഞ്ഞുതീര്‍ന്ന സിഗററ്റ് കുറ്റിയെ പുഴയോളങ്ങള്‍ കവര്‍ന്നെടുത്തു. മുഷിഞ്ഞ ആ സഞ്ചിയില്‍ നിന്ന് പുറത്തെടുത്ത നാണയങ്ങള്‍ കൈവെള്ളയിലിട്ട് ഉരച്ചുകഴുകി. കറുത്ത ചേറ് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന് വെള്ളത്തില്‍ കലര്‍ന്നു.
"ഗോള്‍ഡ് കോയിന്‍സ്...!" അറിയാതെ ചുണ്ടുകള്‍ നിശ്ശബ്ദം മന്ത്രിച്ചു.
വീണ്ടും കഴുകി വെയിലില്‍ നിവര്‍ത്തിപ്പിടിച്ചു. കൈവെള്ളയിലെ നാണയങ്ങളില്‍ ചിലതിനു മാത്രം പൊന്‍തിളക്കം. ഏതോ രാജാവിന്റെ കിരീടവും പെങ്കോലും അടയാളപ്പെടുത്തിയ എട്ട് സ്വര്‍ണ്ണ നാണയങ്ങള്‍! കുറക്കൂടി വൃത്തിയായി കഴുകിയെടുക്കുവാന്‍ മനസ്സ് തിടുക്കപ്പെട്ടു. സ്വര്‍ണ്ണമോ? എന്ന് ഉറപ്പുവരുത്തുവാന്‍ ഓരോന്നും കടിച്ച് ചളുക്കിനോക്കി.
അഴുക്കു കലര്‍ന്ന മൂടല്പിടിച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ നിന്നും ഇളകിയാടുന്ന കണ്ണാടിച്ചില്ല് അടര്‍ത്തിമാറ്റി കുറെക്കൂടി വ്യക്തമായി നോക്കി. ഒരു സ്ത്രീയുടെ ചിത്രമാണ്. വെയിലേറ്റ് കണ്ണ് മഞ്ഞളിച്ചു. ഇടത്തേ തോളിലേക്ക് വകഞ്ഞിറങ്ങിയ ചുരുളന്മുടി നിറയെ മുല്ലപ്പൂക്കള്‍, കട്ടിപ്പുരികങ്ങള്‍, ചിരിക്കുന്ന കരിമിഴികള്‍, മേല്‍ച്ചുണ്ടിനു മുകളില്‍ എടുത്തറിയുന്ന കറുത്ത മറുക്, നീളന്‍ മൂക്കിനിരുവശവും കല്ലുവച്ച മൂക്കുത്തി. നെറ്റിയിലെ സിന്ദൂരം, വലത്തേ കവിള്‍ത്തടം എല്ലാം മഞ്ഞ കലര്‍ന്ന് അവ്യക്തമായിത്തുടങ്ങി. കഴുത്തില്‍ നിറയെ മാലകളും വലത്തേ കാതില്‍ കുടക്കമ്മലും കാണാം. ഉടുത്തിരിക്കുന്നത് പട്ടുസാരിയാണെന്ന് മനസ്സിലാക്കാം. വെള്ളപ്പാടുകളും മഞ്ഞ കലര്‍ന്ന ചിതല്ക്കുത്തുകളും ചിത്രത്തിന്റെ പല ഭാഗങ്ങളും നഷ്ടപ്പെടുത്തിയിരിക്കുന്നു. ഫോട്ടോയിലെ സുന്ദരിയായ സ്ത്രീയും വിലപിടിപ്പുള്ള സ്വര്‍ണ്ണനാണയങ്ങളും മനസ്സില്‍ സംശയം ജനിപ്പിച്ചു. ചിലപ്പോള്‍ കളഞ്ഞുകിട്ടിയതാവാം എന്നൊരു ആശ്വാസഉത്തരം കലങ്ങിത്തെളിഞ്ഞ് നിറംപിടിച്ചു. എങ്കിലും ഐശ്വര്യം മായാതെ നില്ക്കുന്ന സ്ത്രീമുഖത്തിലെവിടെയോ ഒഴിഞ്ഞിരിക്കുന്ന സാദൃശ്യങ്ങള്‍ പട്ടിമനുഷ്യന്റേത് തന്നെയാണെന്ന് പലവട്ടം മനസ്സ് പറഞ്ഞു.
ഹോയ്.... നീ ഇവിടെ നില്ക്കാണോ...? ന്താ അവിടെ...?
പെട്ടെന്ന് ചിന്തകളെ തെറ്റിത്തെറിപ്പിച്ച് പുഴയിലേക്കിറങ്ങി വന്ന പരുക്കന്‍ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കി. അത് അടുത്ത സുഹൃത്താണ്. ആളൊരു വങ്കന്. എന്തോ സൂചിപ്പിക്കാനുള്ള വരവാണെന്ന് മനസ്സിലാക്കി അവന് കാണാതെ ഫോട്ടോ മറച്ചുപിടിച്ചു. കോയിന്‍സ് പോക്കറ്റിലേക്കിട്ടു.
"നല്ല ആളാ... എവിടെയൊക്കെ അന്വേഷിച്ചെന്നറിയാവോ... നീ പട്ടിയെ നോക്കി നടക്കാണെന്ന് കേട്ടു. അവനെ ഇനി കിട്ടൂല. അവന് ആവിയായി." പുഴവെള്ളത്തില്‍ കൈകള്‍ നനച്ച് സുഹൃത്ത് ചിരിച്ചുകുഴഞ്ഞു.
"ആ പൊട്ടക്കിണറ്റില്ച്ചാടി അവന് തീര്‍ന്നൂന്ന്! അവന് ചാടും മുന്‍പ് കുറെ പട്ടികളെയും അതിലേക്ക് പെറുക്കിയിട്ടൂന്നാ കേട്ടത്. ന്തായാലും നാടു വൃത്തിയായി. അല്ലെങ്കില്‍ തന്നെ പിശാശ് ജീവിച്ചിട്ട് എന്തിനാ. ഇനിയാ കെണറങ്ങ് മൂടിക്കളഞ്ഞാല്‍ സംഗതി ക്ലീന്‍." സുഹൃത്തിന്റെ ചിരി പിന്നെയും മുഴങ്ങി.
ചെവികള്‍ പൊത്തുവാന്‍ തോന്നി. ഭാരമൊഴിഞ്ഞ മുഷിഞ്ഞ സഞ്ചി കാറ്റില്‍ പറന്ന് ജലനിരപ്പില്‍ പാതി മുങ്ങിത്താണു.
"അല്ല, നീയെന്തിനാ ആ പന്ന പട്ടിയെ തിരഞ്ഞത്...? ആ പ്രകൃതിവിരുദ്ധന്‍ ചത്തത് നമുക്കൊന്ന് ആഘോഷിക്കണ്ടേ...? ന്താ നിന്റെ കയ്യില്‍...?" സുഹൃത്തില്‍ നിന്നും നീണ്ടുവന്ന ചോദ്യങ്ങള്‍ക്ക് ഒന്നിനും മറുപടി പറഞ്ഞില്ല. മറച്ചുപിടിച്ചിരുന്ന ഫോട്ടോയുടെ ഒരു വക്ക് അവന്റെ കണ്ണില്‍പ്പെട്ടു.
"എന്ത് ഫോട്ടോയാ? ഒരു തമിഴത്തി ലുക്കുണ്ടല്ലോ. ആരാത്...?" ആകാംക്ഷയോടെ പിടിച്ചുവാങ്ങിയ ഫോട്ടോയിലേക്ക് പുച്ഛത്തോടെ നോക്കി സുഹൃത്ത് പുലമ്പി. അയാളുടെ വാക്കുകളോട് പ്രതികരിക്കാന്‍ നില്‍ക്കാതെ മുന്നോട്ടുനടന്നു. പട്ടിമനുഷ്യന് ശിരസ്സ് ഉയര്‍ത്തിപ്പിടിക്കും വിധം പുഴയിറമ്പിലൂടെ മുന്നോട്ടു നടന്നു. എവിടെ നിന്നോ പാറി വീണ മുല്ലപ്പൂ സുഗന്ധം വാരിപ്പുതച്ച പോലെ ശരീരമാകെ ഒരു കുളിര്‍മ്മ. പോക്കറ്റിന് ചെറുതായി നാണയക്കിലുക്കം അനുഭവപ്പെട്ടു. പഴയ ഫോട്ടോ അറപ്പോടെ പുഴയിലേക്ക് വലിച്ചെറിഞ്ഞു സുഹൃത്ത് എനിക്കു പിന്നാലെ ഗമിച്ചു. ജലപാളികളില്‍ തല്ലിപ്പതിച്ച് മാനം നോക്കി കിടന്ന ചിത്രത്തെ ഒഴുക്ക് കവര്‍ന്നു.
പട്ടി മരിച്ചതിനെക്കുറിച്ച് സുഹൃത്ത് പിന്നെയും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ആഹ്ലാദം അലതല്ലുന്ന കോമാളിയെപ്പോലെ അയാള്‍ കൂക്കിവിളിച്ച് ശരീരമിളക്കി ചിരിച്ചു. ഇരമ്പിയാര്‍ക്കുന്ന കാറ്റിന് ഇടക്കിടെ ശ്ലോകങ്ങള്‍ ഉരുവിടുന്ന പതിഞ്ഞ താളം കൈവന്നിരിക്കുന്നു. ചെവിയോര്‍ത്തു നില്ക്കാന് നേരമില്ലാതെ മുന്നോട്ട് ചുവടുകള്‍ വച്ചു. കഴുത്തുയര്‍ത്തിപ്പിടിച്ച് കൈകള്‍ വീശി പിന്തിരിഞ്ഞു നോക്കാതെ മുന്നോട്ട്. ശ്ലോകങ്ങള്‍ വിഴുങ്ങിയ കാറ്റിന്റെ തലോടല്‍ എന്നെ പട്ടിയെപ്പോലെ നടക്കാന്‍ പഠിപ്പിച്ചു. മുല്ലപ്പൂവിന്റെ സൗരഭ്യം അപ്പോഴും മായാതെ നിലനിന്നു.