Image

EIA 2020 ഭൂമിയെ മരുഭൂമിയാക്കും

പരിസ്ഥിതിക്കു മേല്‍ കോര്‍പ്പറേറ്റുകള്‍ക്ക് എത്ര അളവു വരെയും കടന്നു കയറാന്‍  സമ്മതംകൊടുക്കുന്ന കരട് വിജ്ഞാപനമാണ് EIA 2020. ഇത് നയത്തില്‍  അംഗീകരിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൊതുജനാഭിപ്രായം ആരാഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് പതിനൊന്ന് ആണ് അഭിപ്രായം അറിയിക്കേണ്ട അവസാന ദിനം. പരിസ്ഥിതിയെയും സാധാരണക്കാരുടെ ജീവിതത്തേയും തകര്‍ക്കുന്ന വിജ്ഞാപനമാണിത്. ഈ പരിസ്ഥിതി മരണ രേഖയ്ക്കെതിരെ കണ്ടല്‍ക്കാടുകളുടെ സംരക്ഷകനായ കല്ലേന്‍ പൊക്കുടന്‍റെ മകനായ ആനന്ദന്‍ പൊക്കുടന്‍ പ്രതികരിക്കുന്നു.

ആനന്ദന്‍ പൊക്കുടന്‍ : 
പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധം പുന:സ്ഥാപിക്കാന്‍ യുഎന്‍ അടക്കമുള്ള ഏജന്‍സികള്‍ കിണഞ്ഞുശ്രമിക്കുമ്പോള്‍ ഇവിടെ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കുകയാണ്. വിഭവങ്ങള്‍ക്ക്  മേലുള്ള സാധാരണക്കാരന്‍റെ, പരിമിതമായെങ്കിലും ഉള്ള അധികാരം നിലനില്ക്കു ന്ന പാര്‍ലമെന്‍റില്‍ നിയമമായി അവതരിപ്പിച്ചു നിയമമാക്കിയ നാടാണ് ഇന്ത്യ. അതിനു മേലാണ് ഇനി വരുന്ന ‘വികസന പദ്ധതി’ യാതൊരു പാരിസ്ഥിതിക പഠനങ്ങളും അനുവാദങ്ങളും ആവശ്യമില്ലെന്നു വിധിക്കുന്ന പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനവുമായി (EIA 2020) കേന്ദ്ര ഗവണ്‍മെന്‍റ് ഹാജര്‍ പറയുന്നത്. മഹാ ദുരന്തങ്ങളുടെ മറവില്‍ കൂടുതല്‍ പ്രകൃതി ദുരന്തങ്ങളിലേക്ക് ഒരു രാജ്യത്തെ തള്ളിയിട്ട്, ഏത് മഹാമാരിയെയും മസാല ചേര്‍ത്ത് റോസ്റ്റ് ചെയ്തു വിറ്റു മാറാം എന്ന ഭരണകൂടത്തിന്‍റെ കഴുകന്‍ കണ്ണുകള്‍ തന്നെയാണ് ഈ കരട് വിജ്ഞാപനത്തിലും ഉള്ളത്. 
കേരളത്തിന്‍റെ പുഴയും കായലും മരുപ്പറമ്പായി. കുഞ്ഞുടുപ്പ് ആറാനിട്ടതു പോലുള്ള കേരളത്തില്‍ രണ്ടായിരത്തി അഞ്ഞൂറ് ക്വാറികളാണ് ഉള്ളത്. അവയില്‍ എത്ര നിയമാനുസൃതം, എത്ര രാഷ്ട്രീയക്കാരുടേത്, എത്ര ഉദ്യോഗസ്ഥന്മാരുടേത്, ഇതൊന്നും നമ്മുടെ അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തിന്‍റെ ചാനല്‍ വഴികളില്‍ ഇല്ലേയില്ല. കാരണം മണ്ണടിഞ്ഞ് മരിക്കുന്നവരില്‍ സംഘടിത മത- രാഷ്ട്രീയക്കാര്‍ ഇല്ലല്ലോ. അതിന്‍റെ ഏറ്റവും അവസാനത്തെ തെളിവല്ലേ പെട്ടിമുടി?

കേരളത്തിന്‍റെ കടല്‍ത്തീരങ്ങള്‍ ഭൂപടത്തില്‍ നിന്നു ഏതാണ്ട് ഇല്ലാതായി. അധികജലത്തെ പിടിച്ചുവെക്കുന്ന പ്രകൃതിദത്ത മെത്തകള്‍ ആയ കണ്ടലുകള്‍ ഹിറ്റാച്ചികള്‍ വെച്ചു മാന്തി ചതുപ്പില്‍ തന്നെ മറവ് ചെയ്തു കൊണ്ടാണ് കേന്ദ്ര വിനോദ പദ്ധത്തികള്‍ക്കും സങ്കര വിത്തിന് വിളയൊരുക്കുന്ന 'കാര്‍ഷിക വിപ്ലവ'ത്തിനും കേരളം വഴിയൊരുക്കുന്നത്. കണ്ടലുകള്‍ മത്സ്യങ്ങളുടെ തീറ്റപ്പാടം, ഹരിതഗൃഹവാതകങ്ങളെ പിടിച്ചുനിര്‍ത്തുന്ന  കാര്‍ബണ്‍ സിങ്കുകള്‍, പക്ഷികളുടെ കൂടാരം; ഇവയെല്ലാം ഇനി പ്രൈമറി സ്കൂളിലെ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന കഥകളായി മാറും. 

കേരളത്തിന് ഒരു പരിസ്ഥിതി നയമുണ്ടോ? ഉണ്ടെങ്കില്‍ സംസ്ഥാനം അതിന്‍റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗപ്പെടുത്തി ഈ കോര്‍പ്പറേറ്റ് വികസനത്തിന്‍റെ കരട് തെരുവില്‍ കീറി എറിയുമായിരുന്നു. അത് ചെയ്യില്ല, കാരണം, ഈ കരടിന്‍റെ അവതാരകരാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ എന്നു വേദനിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനിമേല്‍ ഭൌമ രാഷ്ട്രീയവും ഹരിത രാഷ്ട്രീയവും ദളിതന്‍റെ വേദനകളും പറയുന്നതില്‍ നിന്ന് പോലും അവര്‍ സ്വയം റദ്ദായി പോകുന്നു. ഈ ബില്ലിനെ സംബന്ധിച്ച നിര്‍ദ്ദേശം കൈമാറാന്‍ കേരളത്തിന് അതിന്‍റെ പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നു. എത്ര ദുര്‍ബലമാണ് ഈ അവസ്ഥ ! 

കണ്ടല്‍ക്കാടുകള്‍ക്ക് വേണ്ടി ജീവന്‍ കൊടുത്ത കല്ലെന്‍ പൊക്കുടന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ഇക്കൂട്ടരുടെ കുത്തിനു പിടിച്ചെനെ. അച്ഛന്‍ തന്‍റെ ജീവിതത്തില്‍ നിന്നു തിരിച്ചു നടന്നത് നന്നായി. കാരണം ഈ പാരിസ്ഥിതിക അന്തസ്സില്ലായ്മക്കും കൂട്ടിക്കൊടുപ്പിനും സാക്ഷിയാകേണ്ടി വന്നില്ലല്ലോ... 


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image