
ഈ വര്‍ഷത്തെ ഫോക് ലോര്‍ അവാര്‍ഡ് നേടിയ പ്രകാശ് കുട്ടനെക്കുറിച്ച് സുഹൃത്തും കൊല്ലം ഉളിയനാട് ഹൈസ്കൂളിലെ മലയാളം അധ്യാപകനും നാടകപ്രവർത്തകനുമായ സി.കെ.പ്രേംകുമാർ എഴുതുന്നു.
ശാസ്താംകോട്ട കായൽ കടന്നാൽ വെട്ടുവഴിയാണ്. വെട്ടുവഴി കഴിഞ്ഞ് വിളന്തറ റോഡിലൂടെ മുന്നോട്ട് പോയാൽ ഷീറ്റിട്ട ചെറിയ വീട്ടുമുറ്റത്ത് ഫോക് ലോർ അവാർഡിന്റെ തിളക്കമൊന്നുമില്ലാതെ ചിരിച്ച മുഖവുമായി ഇരിക്കുകയാണ് പ്രകാശ് കുട്ടൻ. രോഗങ്ങൾക്ക് കീഴ്പ്പെടുത്താൻ കഴിയാത്ത, അരങ്ങിൽ നാട്ടുസംഗീതത്തിന്റെയും അഭിനയത്തിന്റെയും തീ പടർത്തിയ മനുഷ്യന്. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവാഹകൻ, ജനകീയ പ്രശ്നങ്ങളെ തെരുവിനെ അരങ്ങാക്കി ചോദ്യം ചെയ്തയാള്‍, തെക്കൻ കേരളത്തിലെ നാടൻ പാട്ടു സമിതികൾക്ക് വഴിവെളിച്ചം പകര്‍ന്ന മനുഷ്യന്, പ്രകാശ് കുട്ടൻ.
കുറച്ച് വൈകിയാണെങ്കിലും ലഭിച്ച കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡിലൂടെ പ്രകാശ് കുട്ടൻ വീണ്ടും അടയാളപ്പെടുന്നു. നാടകം, നാടൻപാട്ട്, മോണോആക്റ്റ്, കവിത, ചിത്രമെഴുത്ത്, ചൊൽക്കാഴ്ച, പരിസ്ഥിതി പ്രവർത്തനം, രാഷ്ട്രീയം തുടങ്ങിയ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ കലാകാരനാണ് ശാസ്താംകോട്ട, വിളന്തറ സ്വദേശിയായ പ്രകാശ് കുട്ടന്. അക്കാദമിയുടെ ഫോക് ലോർ അവാർഡ്, കരിന്തലക്കൂട്ടം കെ.സി.കണ്ണൻ അവാർഡ്, കേരളാ യൂണിവേഴ്സിറ്റി ബെസ്റ്റ് കൊമേഡിയൻ, സംസ്ഥാന ചൊൽക്കാഴ്ച പുരസ്ക്കാരം, സി.എൻ.ശ്രീകണ്ഠൻ നായർ സ്മാര നാടക പുരസ്കാരം തുടങ്ങി നിരവധി പ്രാദേശിക പുരസ്കാരങ്ങൾ ഈ കാലാകാരന് ലഭിച്ചിട്ടുണ്ട്.
കല്ലുവെട്ടുകേന്ദ്രത്തില് നിന്ന് കലാലയജീവിതത്തിലേക്ക്
പത്താംക്ലാസ് പരീക്ഷയില്‍ സെക്കന്റ് ക്ലാസ് മാര്‍ക്കോടെ വിജയിച്ചു. എന്നാല്‍ പ്രീഡിഗ്രിക്ക് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. മുന്നില്‍ ശൂന്യത. നിലനില്‍പ്പിനായി തൊഴില്‍ വേണം. അങ്ങനെ കല്ലുവെട്ട് തെരഞ്ഞെടുത്തു. കല്ലുവെട്ടിക്കൊണ്ടിരിക്കുന്നിടത്തു നിന്ന് സി.പി.ഐ. മണ്ഡലം സെക്രട്ടറി അനില്‍ കൈപിടിച്ചുകൊണ്ടുപോയി പ്രീഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷന് നടത്തി. പ്രകാശ് കൂട്ടന്റെ വഴി കല്ലുവെട്ടല്ലെന്ന് അനിലിന് ബോധ്യമുണ്ടായിരുന്നു. അങ്ങനെ പ്രീഡിഗ്രി എഴുതിയെടുത്ത് ശാസ്താംകോട്ട കോളേജില്‍ ബിരുദപഠനത്തിനായി വീണ്ടുമെത്തി. പിന്നീടുള്ള അവിടത്തെ പഠനമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. അപ്പോഴും കല്ലുവെട്ടും തൊടിപ്പണിയും ഒപ്പമുണ്ടായിരുന്നു.
സ്കൂള്‍ പഠനകാലത്തെ കലാജീവിതം
സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കൊച്ചുകൊച്ചു കലാപരിപാടികള്‍ അവതിപ്പിക്കാന്‍ തുടങ്ങി. കഥാപ്രസംഗമായിരുന്നു തുടക്കം. അന്നൊന്നും നാടന്‍പാട്ട് ഉള്ളിലുണ്ടായിരുന്നില്ല. സ്കൂള്‍ കലോത്സവ വേദികളില്‍ കഥാപ്രസംഗം, മിമിക്രി, മോണോആക്റ്റ് തുടങ്ങിയവയൊക്കെ അവതരിപ്പിച്ച് സമ്മാനങ്ങള്‍ നേടി. ഓണക്കാലത്ത് നാടുണരുമ്പോള്‍, ഓണാഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്ത് ഓണപ്പാട്ടുകള്‍ പാടിയിരുന്നു. അന്ന് കല്ലട പ്രകാശ് എന്നാണ് അറിയപ്പെട്ടിരുന്നത്.
കാമ്പസ് ജീവിതം; നാടകം, പാട്ട്, രാഷ്ട്രീയം
പ്രകാശ് കുട്ടന് നിര്‍ജ്ജീവമായ ഒരു കാലമാണ് പ്രീഡിഗ്രിയെങ്കില് ബിരുദപഠനം അങ്ങനെയായിരുന്നില്ല. യഥാര്‍ത്ഥ കാമ്പസ് ജീവിതം ആരംഭിക്കുകയായിരുന്നു. അവിടെ പ്രകാശ് കുട്ടനോടൊപ്പം സി.കെ.സുനില്‍കുമാര്‍ ഇട്ടി അനില്‍, സുജിത്ത്, ശശീന്ദ്രബാബു തുടങ്ങിയവരും ഉണ്ടായിരുന്നു. സുനിലിന്റെ ആശയത്തില്‍ നിന്നാണ് കാമ്പസ്സില്‍ ഒരു കലാകാരകൂട്ടായ്മ രൂപപ്പെടുന്നത്. അതിന് എസ്.എഫ്.ഐ.യുടെ പിന്തുണയുണ്ടായിരുന്നു. അന്ന് സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു പ്രകാശ് കൂട്ടന്. 'കാമ്പസ് രസിക' എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്. ക്ലാസ്മുറികളില്‍ സ്കിറ്റുകള്‍ അവതരിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. അതാത് ദിവസത്തെ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് സ്കിറ്റുകള്‍ രൂപപ്പെടുത്തിയിരുന്നത്. കാമ്പസ്സിനെ സംബന്ധിച്ചിടത്തോളം അതൊരു പുതുമയുള്ള അനുഭവം കൂടിയായിരുന്നു. വേഗം അത് ചര്‍ച്ചയാവുകയും ചെയ്തു. ഇതൊക്കെയായിരിക്കാം എസ്.എഫ്.ഐ. അദ്ദേഹത്തെ ആട്സ് ക്ലബ് സെക്രട്ടറിയായി മത്സരിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് എസ്.എഫ്.ഐ.യുമായി തെറ്റി 'കാമ്പസ് രസിക' ഒരു സ്വതന്ത്രഗ്രൂപ്പായി മാറി.
നാടകം, ബെസ്റ്റ് കൊമേഡിയന്‍
സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ അഹമ്മദ് മുസ്ലീം കോളേജില്‍ നാടകം ചെയ്യാന്‍ ഒരുങ്ങി. ജി.ശങ്കരപ്പിള്ള, ബാലചന്ദ്രന്, അഹമ്മദ് മുസ്ലീം എന്നിവര്‍ ജീവിച്ച കോളേജാണ് ശാസ്താംകോട്ട ഡി.ബി.കോളേജ്. അതുകൊണ്ട് വലിയ പ്രതീക്ഷയോടെയാണ് നാടകക്ലബ്ബിലേക്കുള്ള സെലക്ഷനില്‍ പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒന്നാമന് പ്രകാശ് കുട്ടനായിരുന്നു. പക്ഷേ, നാടകത്തിലെ പ്രധാന കഥാപാത്രം ലഭിച്ചില്ല. കിട്ടിയതാകട്ടെ ചെറിയ കഥാപാത്രവും. അതുകൊണ്ട് നാടകത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് അഹമ്മദ് മുസ്ലീം പ്രകാശ് കുട്ടനെ നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ നാടകപരിശീലനത്തില്‍ എത്തപ്പെടുകയും ചെയ്തു. ആ വര്‍ഷത്തെ കേരള യൂണിവേഴ്സിറ്റി നാടക മത്സരത്തില്‍ മൂന്ന് മിനിട്ടു മാത്രമുള്ള കഥാപാത്രത്തിലൂടെ യൂണിവേഴ്സിറ്റി ബെസ്റ്റ് കൊമേഡിയനായി പ്രകാശ് കുട്ടന് തെരഞ്ഞെടുക്കപ്പെട്ടു എന്നത് വളരെ ശ്രദ്ധേയമാവുകയുണ്ടായി.
കാമ്പസ് രസികയില്‍ നിന്ന് നാടോടിയിലേക്ക്
അഹമ്മദ് മുസ്ലീം സംവിധാനം ചെയ്ത 'കടല്‍ത്തീരത്ത്' എന്ന നാടകത്തിന്റെ പിന്നണിയൊരുക്കാന് വന്നയാളാണ് തട്ടേക്കാട് ജോസ് എന്ന നാടന്പാട്ടുകാരന്. അദ്ദേഹത്തില്‍ നിന്നുമാണ് നാടന്‍പാട്ടിന്റെ വഴികളിലേക്ക് പ്രകാശ് കുട്ടന് എത്തുന്നത്. മാത്രവുമല്ല അക്കാലത്ത് ശാസ്താംകോട്ട ഭരണിക്കാവ് കേന്ദ്രീകരിച്ച് 'അംബേദ്കര്‍ മൂവ്മെന്റ്' എന്ന ഒരു സംഘടന രൂപംകൊണ്ടിരുന്നു. അതിന്റെ നേതൃത്വത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് ആശയപ്രചരണം എന്ന നിലയില്‍ അംബേദ്കര്‍ കലാജാഥ നടത്താന്‍ തീരുമാനിച്ചിരുന്നു. ആ സംഘത്തില്‍ പ്രകാശ് കുട്ടനും ഉണ്ടായിരുന്നു. അങ്ങനെയാണ് സി.ജെ.കുട്ടപ്പന് സാറിന്റെ നാടന്‍പാട്ടുകളുടെ കാസറ്റുകള്‍ വാങ്ങി പാട്ടുകള്‍ കേട്ടുപഠിച്ച് പാടിത്തുടങ്ങിയത്. ഈ കലാജാഥ ഒരു വന്‍ വിജയമായിരുന്നു. പാട്ടും നാടകവും എത്രത്തോളം ജനങ്ങളെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ ഇതിലൂടെ പ്രകാശ് കുട്ടന് കഴിഞ്ഞു. ഈ കലാജാഥയിലൂടെയാണ് പി.എസ്.ബാനര്‍ജി കടന്നുവരുന്നത്. ഈയൊരു കൂട്ടുകെട്ടാണ് 'നാടോടി'യുടെ രൂപീകരണത്തിന് കാരണമായിത്തീര്‍ന്നത്.
നാടകത്തില്‍ നിന്നും നാടന്പാട്ടിലേക്ക്
'നാടോടി' എന്ന സംഘം രൂപീകരിച്ച് ആദ്യം നാടകങ്ങളാണ് അവതരിപ്പിച്ചു തുടങ്ങിയത്. 'നായ്ജന്മം', 'അരമനവട്ടന്', 'മൊട്ടസാമ്രാജ്യം' തുടങ്ങിയ നാടകങ്ങള്‍ അങ്ങനെ അവതരിപ്പിച്ചു. ഒപ്പം നിരവധി തെരുവു നാടകങ്ങളും അവതരിപ്പിച്ചു. അങ്ങനെയാണ് അരങ്ങില്‍ പാട്ടിന്റെ സ്ഥാനം തിരിച്ചറിഞ്ഞത്. ആദ്യം ആളിനെക്കൂട്ടാന് വേണ്ടിയാണ് നാടന്‍പാട്ടുകളെ ഉപയോഗിച്ചത്. എന്നാല്‍ പിന്നീട് നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുവാന്‍ തുടങ്ങി.

ബാനര്‍ജി, മത്തായി
നാടോടിയിലൂടെ നാടന്‍പാട്ട് രംഗത്ത് എത്തിയ അവര്‍ രണ്ടുപേരും പ്രകാശ് കുട്ടന് ഒരുപോലെ പ്രിയപ്പെട്ട പാട്ടുകാരാണ്. അവര്‍ ഉണ്ടായിരുന്ന കാലഘട്ടം നാടോടിയുടെ സുവര്‍ണ്ണകാലമായിരുന്നു എന്നാണ് പ്രകാശ് കുട്ടന് പറയുന്നത്. അവര്‍ നാടോടിയില്‍ നിന്ന് പോയപ്പോള്‍ അന്ന് ദു:ഖം തോന്നിയെങ്കിലും ഇപ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. പുതിയ പാതകള്‍ വെട്ടിത്തുറക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അത്തരമൊരു തീരുമാനമാണ് അന്നവര്‍ എടുത്തതെന്ന് പ്രകാശ് കുട്ടന് കരുതുന്നു. ഇന്നവര്‍ രണ്ടുപേരും കേരളത്തിലെ പ്രധാന നാടന്പാട്ടുകാരായി തലയെടുപ്പോടെ നില്ക്കുന്നതില് പ്രകാശ് കുട്ടന് അഭിമാനിക്കുന്നു.
നാടന്‍പാട്ടുകളിലെ രാഷ്ട്രീയം
നാടന്‍പാട്ടുകളിലെ രാഷ്ട്രീയത്തെപ്പറ്റി പ്രകാശ് കുട്ടന് ഇങ്ങനെ പറയുന്നു- “നാടന്‍പാട്ടുകളിലെ ഓരോ വരികളിലും രാഷ്ട്രീയമുണ്ട്. അതില്‍ സ്വപ്നങ്ങളുണ്ട്, നിലവിളികളുണ്ട്, പ്രതിഷേധമുണ്ട്, അതിജീവനമുണ്ട്. അതിജീവനമാണ് ഇതില്‍ പ്രസക്തമായിട്ടുള്ളത് എന്നെനിക്ക് തോന്നുന്നു. “മഴ പെയ്യുമ്പോഴേ” എന്നു തുടങ്ങുന്ന പാട്ടില്‍ ഈ അതിജീവനത്തിന്റെ സംഗീതം നമുക്ക് കേള്‍ക്കാവുന്നതാണ്. അതാണ് ആ പാട്ടിലെ രാഷ്ട്രീയവും. അത് എത്രത്തോളം പാട്ടുകാര്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഇന്ന് ചിന്തിക്കേണ്ടതാണ്. പാട്ടിനെ പ്രതിരോധത്തിന്റെ രാഷ്ട്രീയമാക്കിയവരുടെ പിന്തലമുറ ഇന്ന് അതത്ര ഗൗരവത്തോടെയെടുക്കുന്നില്ല.”
പാട്ടിലെ രാഷ്ട്രീയവും സാമൂഹ്യജീവിതവും
പാട്ടിലെ രാഷ്ട്രീയത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അത് എത്രത്തോളം വിജയിച്ചുവെന്ന് മറ്റുള്ളവരാണ് വിലയിരുത്തേണ്ടതെന്നുമാണ് പ്രകാശ് കുട്ടന്റെ അഭിപ്രായം. തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രാഷ്ട്രീയം പ്രയോജനപ്പെട്ടിട്ടുണ്ട് എന്നാണ് അയാള്‍ വിശ്വസിക്കുന്നത്. വലിയൊരു മാനവികദര്‍ശനം ഉള്‍ക്കൊള്ളുന്നതാണ് നാടന്‍ പാട്ടുകള്‍ എന്നതുകൊണ്ട് പ്രകാശ് കുട്ടന്റെ സാമൂഹിക ജീവിതത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്.
നാടന്‍പാട്ട് രംഗത്തെ അനുഭവങ്ങള്‍
ആദ്യം നാടന്‍പാട്ടുകളുമായി ഇറങ്ങിയപ്പോള്‍ പലര്‍ക്കും ഒരു പുച്ഛമായിരുന്നു. മാത്രമല്ല ഗ്രൂപ്പിലെ കലാകാരന്മാര്ക്കും ഒരുതരം അപകര്‍ഷതാബോധം ഉണ്ടായിരുന്നു. അത് ആദ്യംതന്നെ പറിച്ചുകളയുകയാണ് പ്രകാശ് കുട്ടന് ചെയ്തത്. ആദ്യമൊക്കെ ആളുകള്‍ പരിഹാസത്തോടെയാണ് കണ്ടത്. പലതരം കളിയാക്കലുകള്‍ അവര്‍ കേട്ടിട്ടുണ്ട്. പക്ഷേ, പിന്തിരിയാന് ഒരുക്കമല്ലായിരുന്നു. പതിയെപ്പതിയെ പരിഹസിച്ചവര്‍ ഇതിനെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു.

ദലിതന് എന്ന കലാകാരന്
ദലിതന്റെ കലാകാരജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണ്. അവന്റെ നിറം പലപ്പോഴും ഒരു പ്രശ്നമാണ്. ആദ്യകാലത്ത് ശരിക്കും അത്തരം അവഗണനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളതായി പ്രകാശ് കുട്ടന് സാക്ഷ്യപ്പെടുത്തുന്നു. ദലിത്ജനതയുടെ സംഗീതമായതുകൊണ്ട് സ്റ്റേജിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാടകം പോലുള്ള സ്റ്റേജ് പരിപാടിയിലെ കലാകാരന്മാര്ക്ക് നല്ല ഭക്ഷണവും സ്വീകരണവും ലഭിക്കുമ്പോള്‍ നാടന്‍പാട്ടുകാര്‍ പലപ്പോഴും തഴയപ്പെടുന്നത് കണ്ടിട്ടുണ്ട്. അന്ന് ഒരു രണ്ടാംതര കലാകാരന്റെ സ്ഥാനമാണ് നാടന്പാട്ടുകാര്ക്ക് ലഭിച്ചിട്ടുള്ളത്. പക്ഷേ, ആ അവസ്ഥ ഇന്ന് മാറിയിട്ടുണ്ടെന്ന് പ്രകാശ്കുട്ടന്‍ പറയുന്നു.
കോട്ടേക്കായല്‍ എന്ന ശാസ്താംകോട്ട കായല്‍
പാട്ടും നാടകവുമായി ബന്ധപ്പെട്ടു നടക്കുന്ന കാലത്താണ് ശാസ്താംകോട്ടയില്‍ പ്രൊഫസര്‍ ഗംഗപ്രസാദ്, എസ്.ബാബുജി, കെ.കരുണാകരന് പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട കായല്‍ സംരക്ഷിക്കുന്നതിന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ നാടകവും പാട്ടുമായി പ്രകാശ് കുട്ടനും കണ്ണിചേര്‍ന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നാക്കം പോകുമ്പോഴൊക്കെ വിവിധ പരിപാടികളോടെ അതിനെ തിരികെ പിടിക്കുകയായിരുന്നു പ്രകാശ്കുട്ടനും കൂട്ടരും. ശാസ്താംകോട്ട കായലിന്റ മദ്ധ്യത്തില്‍ വാഴപ്പിണ്ടി കൊണ്ട് ചങ്ങാടമുണ്ടാക്കി അതില്‍ നടത്തിയ സത്യാഗ്രഹസമരം പ്രധാനപ്പെട്ട ഒന്നാണ്. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സുകുമാര്‍ അഴിക്കോടാണ് അന്നത് ഉദ്ഘാടനം ചെയ്തത്. പിന്നീട് കായല്പ്രശ്നങ്ങള് ഉയര്‍ത്തിക്കൊണ്ട് സെക്രട്ടേറിയറ്റിലേക്ക് കാളവണ്ടിയില്‍ ഒരു തെരുവുകലാജാഥയും സംഘടിപ്പിച്ചു. കൂടാതെ 'ഇനിയും മരിക്കാത്ത കായല്‍' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. തടാകത്തിന്റെ തീരപ്രദേശങ്ങളില്‍ മുളകള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടി 'നാടോടി' മുന്‍കയ്യെടുത്ത് നടപ്പിലാക്കി. മുളംകാടുകളില്‍ പാമ്പുകയറും എന്ന ഭീതിയില്‍ നാട്ടുകാര്‍ അതില്‍ കുറെയേറെ വെട്ടിനശിപ്പിച്ചിട്ടുണ്ട്. എങ്കിലും വളരെയധികം മുളകള്‍ തലയെടുപ്പോടെ നില്‍ക്കുന്നത് ഇന്നും കാണാം. ഒരു ശാസ്താംകോട്ടക്കാരന്‍ എന്ന നിലയില്‍ കായലിന്റെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി പ്രകാശ് കുട്ടനും ഗ്രൂപ്പിനും കഴിഞ്ഞു.
സഫ്ദര്‍ ഹഷ്മിയും തെരുവുനാടകങ്ങളും
സഫ്ദര്‍ ഹഷ്മിയുടെ നാടകജീവിതം പ്രകാശ് കുട്ടനെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ഉള്ക്കൊണ്ടുകൊണ്ടാണ്ട് തെരുവിനെ അരങ്ങാക്കാന് തീരുമാനിച്ചത്. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള തെരുവുനാടകങ്ങള്‍ ആണ് അവതരിപ്പിച്ചത്. ഇംപ്രൊവൈസേഷന് രീതിയിലായിരുന്നു നാടകം രൂപപ്പെടുത്തിയത്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഹഷ്മിയുടെ രീതിയില്‍ തന്നെ തെരുവില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താനാണ് പ്രകാശ് കുട്ടനും സംഘവും ശ്രമിച്ചത്.
അംബേദ്കര്‍-അയ്യന്‍കാളി ദര്‍ശനങ്ങളുടെ പിന്‍ബലം
പഠിക്കുന്ന കാലത്ത് പ്രകാശ് കുട്ടന് ഒരു എസ്.എഫ്.ഐ.ക്കാരന് ആയിരുന്നു. എങ്കിലും അക്കാലത്തു തന്നെ അയ്യന്‍കാളിയെക്കുറിച്ചും ഡോ. ബി.ആര്.അംബേദ്കറെക്കുറിച്ചും പഠിക്കാന്‍ ശ്രമിച്ചിരുന്നു. ഭരണിക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച അംബേദ്കര്‍ മൂവ്മെന്റ്, കെ.പി.വൈ.എം.ന്റെ പ്രസിഡണ്ട് സ്ഥാനം ഇതൊക്കെ പ്രകാശ് കുട്ടന് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ പഠിക്കുന്നതിന് പ്രചോദനമായി. അതുകൊണ്ടുതന്നെ അവരുടെ ആശയങ്ങളും സ്വപ്നങ്ങളുമാണ് പാട്ടിലൂടെയും നാടകങ്ങളിലൂടെയും പ്രകാശ് കുട്ടന് പറയാന്‍ ശ്രമിച്ചത്.
കുടുംബവും കുട്ടികളും
ശാസ്താംകോട്ട കോളേജില്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ കവിതകള്‍ ചൊല്ലി നടന്ന കാലമുണ്ടായിരുന്നു. കടമ്മനിട്ട പ്രകാശ് കുട്ടനെ ശരിക്കും സ്വീധീനിച്ചിട്ടുള്ള കവിയാണ്. 'കാട്ടാളന്' എന്ന കവിതയുടെ പ്രതിവായന എന്ന രീതിയില്‍ പ്രകാശ് കുട്ടന് എഴുതിയ 'ഞാന്‍ കാട്ടാളന്' എന്ന കവിതക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അക്കാലത്ത് നന്നായി വരക്കാറുമുണ്ടായിരുന്നു. കവിതയെഴുത്തിനും ചിത്രമെഴുത്തിനും കാരണമായിത്തീര്‍ന്നത് പ്രതീക്ഷയാണ്. അതായത് പ്രകാശ് കൂട്ടന്റെ ഭാര്യ പ്രതീക്ഷ തന്നെ. അവളെക്കുറിച്ചാണ് പ്രകാശ് കുട്ടന് എഴുതിയതും വരച്ചതും എല്ലാം. എന്നാല്‍ ഇന്നതില്‍ നിന്നെല്ലാം പ്രകാശ് കുട്ടന് പൂര്‍ണ്ണമായും പിന്മാറിയിട്ടുണ്ട്. ഒരു പ്രണയവിവാഹമായിരുന്നെങ്കിലും അതിനപ്പുറത്തുള്ള സൗഹൃദമായിരുന്നു അവരുടേത്. ഇനി കുടുംബത്തെ പറ്റി പറഞ്ഞാല്‍, അച്ഛന് വെളുമ്പന്‍ കുട്ടന്. കല്ലുവെട്ടായിരുന്നു തൊഴില്‍. അമ്മ താളിനാണി. ഭാര്യ പ്രതീക്ഷ. മക്കള്‍ ബുദ്ധ പ്രകാശ്, ബോധി പ്രകാശ് എന്നിവര്‍.
ഇന്നിന്റെ പ്രതിസന്ധികള്‍
സ്വയം വഴങ്ങാത്ത ഒരു ശരീരം മാത്രമാണ് ഇന്ന് പ്രകാശ് കുട്ടന്റെ പ്രതിസന്ധി. പണസമ്പാദനം അന്നുമിന്നും അയാള്‍ക്കൊരു ലക്ഷ്യമേ ആയിരുന്നില്ല. അപ്പനപ്പൂപ്പന്മാരുടെ ഒരു കൂട്ട് അദ്ദേഹത്തോടൊപ്പമുണ്ട്. അവര്‍ തലയറഞ്ഞുപാടിയ പാട്ടുകള്‍ അദ്ദേഹത്തോടൊപ്പമുണ്ട്. അതുവച്ച് എല്ലാറ്റിനേയും ഒരു പുഞ്ചിരികൊണ്ട് നേരിടുവാനാണ് പ്രകാശ് കുട്ടന് ആഗ്രഹിക്കുന്നത്.
"ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ലുപൊട്ടി നമ്മളും ചാകും... ചാവാണ്ടിരിക്കാനെങ്കിലും പാടടി തേയിയേ..." അതെ, പ്രകാശ് കുട്ടന് ഇന്നും പാടിക്കൊണ്ടിരിക്കുകയാണ്. കെട്ടകാലത്തില്‍ നിന്ന് നമ്മെ തോറ്റിയുണര്‍ത്താന്‍...
ലേഖകന്‍ സി.കെ.പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ആകാശത്തിലെ മീനുകള്‍' എന്ന ഹ്രസ്വചിത്രം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.