
മൂന്നാര്‍, പെട്ടിമുടിയിലെ ജനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അനാസ്ഥക്കെതിരെ പൊട്ടിത്തെറിച്ച് പെണ്‍പിളൈ ഒരുമൈ നേതാവ് ഗോമതി. മൂന്നാര്‍ ടൌണില്‍ ഫെയ്സ് ബുക്ക് ലൈവ് ചെയ്താണ് ഗോമതി പ്രതിഷേധിച്ചത്. പെട്ടിമുടിയില്‍ ദുരന്തം സംഭവിച്ച് എണ്‍പത്തിനാല് പേര് മരിച്ചിട്ടും ഏഴാം ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നത്. ജീവന് പോയാലും മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചിട്ടേ പിന്‍വാങ്ങുകയുള്ളൂ എന്നു ഗോമതി പറയുന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ 'ഭൂമി കൊടുക്കാം' എന്നു പറഞ്ഞു പറ്റിച്ചു കോണ്ടിരിക്കുകയാണെന്നും പറയുന്നു. വീഡിയോവിന്റെ അവസാനം അവരെ പോലീസ് നീക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഗോമതിയെ ഇപ്പോള്‍ പോലീസ് അറസ്റ്റുചെയ്ത് മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.
ഗോമതി പറഞ്ഞത്:
മൂന്നാറിലെ തൊഴിലാളികള്‍ക്ക് ഭൂമി കൊടുക്കാം എന്ന് ഇവിടത്തെ രാഷ്ട്രീയക്കാര്‍ വാഗ്ദാനം ചെയ്തതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയുടെ അവകാശത്തിന്മേല് പട്ടയം വേണം എന്നു പറഞ്ഞു പോരാടുകയാണ്. എണ്‍പത്തിനാല് ജീവനുകള്‍ ഭൂമിക്കുള്ളിലായിട്ടു മുഖ്യമന്ത്രി ഇവിടെ വരുന്നത് ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ്. മറ്റുള്ളവരെപ്പോലെ എനിക്കു കാഴ്ചക്കാരിയായിരിക്കാന്‍ കഴിയില്ല. എനിക്കു വോട്ട് ചെയ്ത ജനങ്ങള്‍ക്ക് വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരു ജന പ്രതിനിധി ആയ എനിക്കു വികസനങ്ങള്‍ക്കുള്ള ഫണ്ട് പോലും അനുവദിച്ചു തരാറില്ല. മുഖ്യമന്ത്രിയെ കാണാതെ ഞാന്‍ ഇവിടെ നിന്നു മടങ്ങുന്ന പ്രശ്നമില്ല.
സി.പി.എമ്മിന്റെ രാജേന്ദ്രന് എം.എല്‍.എ. പത്തു സെന്റ് സ്ഥലം കൊടുക്കാം എന്നു വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എ. ആയതിനു ശേഷം അയാള്‍ പറയുന്നത് ഇവിടെ ടാറ്റായുടെ ഭൂമി മാത്രമേ ഉള്ളൂ വേറെ ഭൂമി ഇല്ല എന്നാണ്. പെണ്‍പിളൈ ഒരുമൈ സമരത്തില്‍ 'കുടിയും കൂത്താട്ടവുമാണ് നടന്നത്' എന്നു പറഞ്ഞു മന്ത്രി എം.എം. മണിയും ആ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ സ്ത്രീകളെയും അപമാനിച്ചിരുന്നു. ഇവിടെ ഒരു പെട്ടിമുടി അല്ല ആയിരം പെട്ടിമുടികള്‍ ഉണ്ട്. പെട്ടിമുടിയില്‍ എണ്‍പത്തിനാല് ജീവനുകള്‍ രക്തസാക്ഷികള്‍ ആയി മാറിയിരിക്കുകയാണ്. ഞങ്ങളുടെ കുട്ടികള്‍ ഇവിടെ പഠിച്ചു ഓട്ടോ ഡ്രൈവര്‍മാര്‍ ആയും കാര്‍ ഡ്രൈവര്‍മാര്‍ ആയും റിസോര്‍ട്ടുകളില്‍ കക്കൂസ് കഴുകിയും റോട്ടില് നിന്നു ‘റൂമിറുക്ക് വാങ്കെ റൂമിറുക്ക് വാങ്കെ” എന്നു വിളിച്ചും ജീവിക്കുകയാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് ജീവിതവും സ്വാതന്ത്ര്യവും വേണം. ഇവിടെ ആര്‍ക്കും നട്ടെല്ലില്ല. രാജമലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധനങ്ങള്‍ വാങ്ങിപ്പോയപ്പോള്‍, അവര്‍ക്ക് കഴിക്കാന്‍ പാത്രങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇന്ന് എന്റെ ജീവന് എന്തു സംഭവിച്ചാലും ഞാന്‍ മുഖ്യമന്ത്രിയെ കാണാതെ പോകില്ല.
വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക