Image

ശബരിമലയുടെ ചരിത്രം: വ്രതത്തെപ്പറ്റി പറയുന്നവര് ക്ലീന്ഷേവ് സ്വാമിമാര്

ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം


മകരവിളക്ക്
ശബരിമലയിലെ മകരദീപം തെളിക്കല്‍ മനുഷ്യനിര്‍മ്മിതമാണെന്ന വാര്‍ത്ത പുറത്തുവരുന്നത് 2011 പുല്ലുമേട് ദുരന്തത്തോടുകൂടിയാണ്. അതുവരെ ഇക്കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. അതിനു മുമ്പ് ദേവസ്വം ബോര്‍ഡും തന്ത്രിമാരും പ്രചരിപ്പിച്ചിരുന്നത് മകരവിളക്ക് ദൈവനിര്‍മ്മിതമാണ് എന്നായിരുന്നു. എന്നാല്‍, പുല്ലുമേട് ദുരന്തമുണ്ടായതിനു പിറകെ,  മല അരയരാണ് ദീപം തെളിക്കുന്നതെന്നു പറഞ്ഞ് ദേവസ്വം ബോര്‍ഡ് കൈകഴുകുകയായിരുന്നു. കുറ്റം മുഴുവന്‍ മല അരയര്‍ക്കു മേല്‍ കെട്ടിവച്ച് ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുന്ന വരേണ്യവിഭാഗം രക്ഷപ്പെട്ടു. ഞങ്ങള്‍ അന്ന് കോട്ടയത്ത് ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. ഇപ്പോള്‍ മകരവിളക്കു തെളിക്കുന്നത് ഞങ്ങളല്ലെന്നും അതേപ്പറ്റി ഒരു ചര്‍ച്ചയാകാമെന്നും ഞങ്ങളന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാനോ അതിനു മറുപടി പറയാനോ തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും ദേവസ്വം ബോര്‍ഡും ശ്രമിച്ചില്ല. തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിക്കുന്ന അവകാശം മല അരയര്‍ക്കു തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അവരത് കേട്ടമട്ടു കാണിച്ചില്ല. പക്ഷേ അതുകൊണ്ടൊരു ഗുണമുണ്ടായി. ഇതിന്‍റെ ഭാഗമായുള്ള എല്ലാ ചരിത്രവും മല അരയ സമുദായത്തിനു ശേഖരിക്കാനായി. എഴുന്നൂറോളം പേജുള്ള ചരിത്രരേഖകള്‍ ഇന്നു ഞങ്ങളുടെ കൈവശമുണ്ട്. പന്തളം രാജകൊട്ടാരത്തിന്‍റെ കൈവശമിരിക്കുന്ന അയ്യപ്പന്‍റെ തിരുവാഭരണങ്ങളുടെ കൂട്ടത്തില്‍ മല അരയരെ സംബന്ധിക്കുന്ന കൊടികള്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം പോലും ആ രേഖകളിലുണ്ട്.
മനുഷ്യര്‍ തെളിക്കുന്ന ഒന്നാണ് മകരവിളക്ക് എന്നുള്ള കാര്യം ഏവര്‍ക്കും അറിയാം. 1950 വരെ അത് തെളിയിച്ചുകൊണ്ടിരുന്നത് മലയരയന്‍ വിഭാഗത്തില്‍ പെട്ട പുത്തന്‍വീട്ടില്‍ കുഞ്ഞനാണ്. എന്നാല്‍, വരേണ്യവിഭാഗവും ദേവസ്വം ബോര്‍ഡും, മകരവിളക്ക് തെളിക്കുന്നത് മനുഷ്യരാണെന്നു സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് യുക്തിവാദികള്‍ ഈ സത്യം പുറത്തുകൊണ്ടുവരുന്നതിന്  പൊന്നമ്പലമേട്ടില്‍ പ്രവേശിച്ചതും പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങിയതും ആരും മറന്നിട്ടില്ല. അന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ യുക്തിവാദികളോടു പറഞ്ഞത്,  'മകരവിളക്ക് എങ്ങനെയാണു തെളിയുന്നത് എന്നുള്ള കാര്യം ഞങ്ങള്‍ക്കറിയാം. പക്ഷേ, അതിന്‍റെ സത്യം കണ്ടുപിടിക്കാന്‍ നിങ്ങളെ അങ്ങോട്ടേക്ക് കയറ്റിവിടാന്‍ കഴിയില്ല' എന്നാണ്.

പൊന്നമ്പലമേട്ടില്‍ നിന്നുള്ള ശബരിമലയുടെ ദൃശ്യം. ഈ തറയില്‍ മല അരയ സമുദായക്കാര്‍ തെളിച്ചിരുന്ന അഗ്നിയെയാണ് മകരജ്യോതി എന്ന പേരില്‍ അയ്യപ്പഭക്തര്‍ ഭക്തിയോടെ വണങ്ങിയിരുന്നത്. ഇപ്പോള്‍ ഇത് തെളിക്കുന്നത് മല അരയന്‍ സമുദായക്കാരല്ല, ദേവസ്വം ബോര്‍ഡാണ്.

ഓരോ മണ്ഡലകാലത്തും സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന കോടിക്കണക്കിനു രൂപയുടെ ഒഴുക്കു നിലയ്ക്കുമോ എന്ന സന്ദേഹമായിരുന്നു മകരവിളക്ക് സത്യം ജനങ്ങളില്‍നിന്നും മറച്ചുവയ്ക്കാന്‍ കാരണം. മകരജ്യോതി താനേ തെളിയുന്നു എന്ന തരത്തില്‍ ഒരു ഐതിഹ്യവും ഇല്ല. ശ്രീ അയ്യപ്പന്‍ സമാധികൊണ്ട ഇടമാണ് ശബരിമല. സ്വസ്ഥതയോടെ  അവസാനകാലം കഴിച്ചുകൂട്ടാനാണ് ശ്രീ അയ്യപ്പന്‍ ശബരിമല തെരഞ്ഞെടുത്തത്. ശബരി എന്ന താപസ്വി തപസ്സ് ചെയ്ത മലയാണ് ശബരിമല. അതുകൊണ്ടുകൂടിയാണ് ശ്രീ അയ്യപ്പന്‍ അവിടം തെരഞ്ഞെടുത്തത്. ശ്രീ അയ്യപ്പന്‍ ശബരിമലയില്‍ സമാധിയാകുന്ന സമയത്ത് പൊന്നമ്പലമേട്ടില്‍ അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും താമസിച്ചിരുന്നു.
ശ്രീ അയ്യപ്പന്‍ സമാധിയായ ശേഷം,  ആ സമയം സങ്കല്പിച്ച് പൊന്നമ്പലമേട്ടില്‍ അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും സ്വജനങ്ങളും ദീപം തെളിക്കാന്‍ തുടങ്ങി. വനത്തില്‍ നിന്നും ശേഖരിക്കുന്ന തെള്ളിപ്പൊടി കൊണ്ടായിരുന്നു അവര്‍ അന്ന് ദീപം തെളിച്ചിരുന്നത്. മല അരയരിലെ പിന്‍ഗാമികള്‍ ഇതു തുടര്‍ന്നുവന്നു. ഈ ആചാരമാണ് അധിനിവേശക്കാര്‍ കൈയേറി മകരവിളക്ക് തെളിക്കല്‍ ആക്കിയത്.

മല അരയരുടെ ആചാരം
മല അരയന്മാര്‍ എന്നും ആചാരപ്രകാരമാണ് ശബരിമലയില്‍ പോയിരുന്നത്. 41 നാള്‍ വ്രതവും അതില്‍ എഴു നാള്‍ കഠിനവ്രതവും. എഴു നാള്‍ കുടില്‍ കെട്ടി പുറത്താണു വാസം. ഭക്ഷണത്തിനായി ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.
ശബരിമലയ്ക്കു പോകുന്ന ദിവസം അയ്യപ്പന്മാര്‍ ഭക്ഷണം കഴിച്ച് കെട്ടുമുറുക്കി ഇറങ്ങുമ്പോള്‍ വീട്ടില്‍ സ്ത്രീകള്‍ നിലവിളിക്കുമായിരുന്നു. ഇന്ത്യയിലെ മറ്റൊരു ക്ഷേത്രത്തിലേക്കുള്ള യാത്രയിലും, ഹിമാലയത്തിലേക്ക് പോകുമ്പോള്‍ പോലും ഇത്തരമൊരു കാഴ്ച കാണാനാവില്ല. എന്താണ് ഇതിനു കാരണമെന്ന് അന്വേഷിച്ചു ചെന്നപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്, അയ്യപ്പന്മാരുടെ ശബരിമല യാത്രയ്ക്കുള്ള യുദ്ധസ്മരണയെക്കുറിച്ചാണ്. ശബരിമല യാത്രയും ശരംകുത്തിയും അവിടെ ശരം കുത്തുന്ന കന്നി അയ്യപ്പന്മാരും രാജ്യത്തിന്‍റെ തെക്കു നടന്ന യുദ്ധത്തെയാണ് അനുസ്മരിപ്പിക്കുന്നത്. അതായത്, ചോളന്മാരും ആയ് രാജവംശവും തമ്മിലുള്ള യുദ്ധം. ശബരിമലയിലേക്കു പോകുകയെന്നാല്‍ യുദ്ധത്തിനു പോകുന്നു എന്ന സ്മരണാര്‍ത്ഥമാണ് ഈ നിലവിളിയെന്നു സാരം.

ആചാരപ്രകാരം സ്ത്രീനിഷേധമില്ല
സ്ത്രീകള്‍ സാധാരണ ഗതിയില്‍ ശബരിമലയില്‍ പോയിരുന്നില്ല. എന്നാല്‍, അതു പൂര്‍ണ്ണമായി നിഷിദ്ധവുമായിരുന്നില്ല. പ്രസവാനന്തരം ആര്‍ത്തവചക്രം നിലച്ചിരിക്കുന്ന സമയത്ത് സ്ത്രീകള്‍ കുട്ടികളുടെ ചോറൂണിനും മറ്റും ശബരിമലയില്‍ പോയിരുന്നു. അല്ലാത്ത സമയത്ത് അവര്‍ക്ക് 41 ദിവസം വ്രതമെടുക്കാന്‍ സാധിക്കില്ലെന്നാണു ചിലര്‍ പറയുന്നത്. ഇപ്പോള്‍ വ്രതത്തെപ്പറ്റി പറയുന്നവരില്‍ പലരും ക്ലീന്‍ ഷേവ് സ്വാമിമാരാണല്ലോ. വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി മുഖസൗന്ദര്യം തന്നെ വേണ്ടെന്നു വച്ച് ദീക്ഷ വളര്‍ത്തിയിരുന്നവരായിരുന്നു മുന്‍കാലത്ത് അയ്യപ്പഭക്തര്‍.

ശബരിമലയുടെ അധികം പഴക്കമില്ലാത്ത ചിത്രം

യുവതീപ്രവേശന വിധി
യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, ചരിത്രസത്യം തുറന്നുപറയാന്‍ നല്ലൊരവസരമാണ് മല അരയ സമുദായത്തിന് ഒരുക്കിത്തന്നത്. സമുദായത്തിന്‍റെ അവകാശങ്ങള്‍ തിരികെ കിട്ടണമെന്നതാണ് ആവശ്യം. മറ്റൊരു സമുദായവുമായും മല അരയരെ താരതമ്യം ചെയ്യാനാവില്ല. കാരണം,  മീനിന് വെള്ളവും മനുഷ്യനു പ്രാണവായുവും പോലെയാണ് ഞങ്ങള്ക്ക് ഞങ്ങളുടെ ആചാരങ്ങള്‍.
ആര്‍ത്തവമുള്ള സമയത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല. എന്നാല്‍, ജനാധിപത്യത്തിന്‍റെ ഭാഗമെന്ന നിലയില്‍ ഭരണഘടനയെയും കോടതിയെയും സര്‍ക്കാരിനെയും പൂര്‍ണ്ണമായി അംഗീകരിക്കുന്നു. പാകമായൊരു സമൂഹത്തിലേക്കുള്ള മാറ്റമാണിത്. യുവതികള്‍ ശബരിമലയില്‍ പോയാല്‍, അവര്‍ക്ക് അയ്യപ്പനെ കാണാന്‍ തോന്നിയിട്ടാണെന്നോ ശ്രീ അയ്യപ്പന്‍ അവരെ ക്ഷണിച്ചിട്ടാണെന്നോ മാത്രമേ കരുതാനാവൂ. ഭക്തിപൂര്‍വ്വം ദര്‍ശനം നടത്തുന്നവരെക്കുറിച്ചാണ് ഇതു പറയുന്നത്. അങ്ങനെ പോകുന്നവരെ എന്തിനു തടയണം. ആ തടയലിനൊക്കെ കാരണമായി പറയുന്നത് ആചാരലംഘനം നടക്കുന്നു എന്നതാണ്. അതു പറയുന്നവര്‍ തന്നെ നിലവിലുള്ള ആചാരങ്ങള്‍ ലംഘിക്കുന്നതായി കണ്ടു. ശബരിമല ക്ഷേത്ര ചരിത്രവും അതു സംബന്ധിച്ച ആചാരങ്ങളും അറിയാത്തവരാണ് ആചാരസംരക്ഷകര്‍ എന്നതാണ് ഈ ക്ഷേത്രം സ്ഥാപിച്ചവരുടെ പിന്‍ഗാമികളെന്ന നിലയില്‍ മല അരയ സമുദായത്തിനു പറയാനുള്ളത്.


ഇന്ത്യയിലെ മറ്റ് ആരാധനാലയങ്ങള്‍ പോലെയല്ല ദ്രാവിഡ ക്ഷേത്രങ്ങള്‍. അവയുമായി ബന്ധപ്പെട്ട് ചരിത്രപരമോ ഐതിഹ്യപരമോ നാട്ടുവഴക്കങ്ങളോ ഒക്കെയായി ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ശബരിമലയെ സംബന്ധിച്ച് നിലനില്‍ക്കുന്ന ആചാരങ്ങളല്ല, നിലനിന്നിരുന്ന ആചാരങ്ങള്‍ എന്താണെന്ന് ആ ക്ഷേത്രസ്ഥാപനവുമായി ബന്ധപ്പെട്ട സമൂഹത്തോട് ആരും അന്വേഷിച്ചില്ല. നമ്മുടെ സമൂഹത്തിന്‍റെ വിധിവൈപരീത്യമെന്നു പറയട്ടെ; സാക്ഷാല്‍ ശ്രീ അയ്യപ്പന്‍റെ സമുദായാംഗങ്ങളായ മല അരയര്‍ സമീപകാലത്തെ സംഭവവികാസങ്ങളില്‍ അതീവ ദുഃഖിതരാണ്.


.....അവസാനിക്കുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി വേദികളില്‍ സജീവമായിരിക്കുന്ന പി.കെ.സജീവുമായി ഒന്നിപ്പ് മാസിക പ്രതിനിധി നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന് പ്രസക്തമായവ ചേര്‍ത്ത് തയ്യാറാക്കിയത്. ഐക്യ മല അരയ മഹാസഭയുടെ ജനറല് സെക്രട്ടറി കൂടിയാണ് ലേഖകന്.

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image