Image

ശബരിമലയുടെ ചരിത്രം: താഴമണ്‍ കുടുംബത്തിന് ശബരിമലയില് എന്തവകാശം?

ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം

കൈയേറ്റക്കാരുടെ അവകാശവാദം

ബ്രിട്ടീഷുകാര്‍ 200 വര്‍ഷം ഇന്ത്യ ഭരിച്ചു. എന്നുവച്ച് ഇപ്പോള്‍ ഇവിടെയുള്ള നിര്‍മ്മിതികള്‍ അവരുടേതാണെന്നു വരുമോ? അതുപോലെ തന്നെയാണ് പന്തളം രാജകുടുംബത്തിന്‍റെയും താഴമണ്‍ തന്ത്രി കുടുംബത്തിന്‍റെയും അവകാശവാദങ്ങള്‍. 1902 മുതലാണ് തന്ത്രികുടുംബം ശബരിമലയിലെ പൂജാദികാര്യങ്ങളിലേക്ക് എത്തിപ്പെടുന്നത്. അതായത്, വെറും നൂറില്‍പ്പരം വര്‍ഷം മുന്‍പ്. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ ക്ഷേത്രം അവിടെയുണ്ട്. മല അരയ നാഗരികതയില്‍ 800 വര്‍ഷം മുന്‍പു നിര്‍മ്മിക്കപ്പെട്ടതാണ് ശബരിമല ക്ഷേത്രം. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ശബരിമല ക്ഷേത്രത്തില്‍ തന്ത്രികുടുംബം വന്നതിനു ശേഷമുള്ള കാര്യങ്ങള്‍ മാത്രം! അതായത്, ചരിത്രസത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ കഥകളുടെയും ഐതിഹ്യങ്ങളുടെയും മേലാപ്പു ചാര്‍ത്തി ഉപരിപ്ലവമായ ചില ചിന്താപദ്ധതികളും ചര്‍ച്ചകളും. ചരിത്രാവബോധമുള്ളവര്‍ ആഴത്തില്‍ ചിന്തിച്ചാല്‍, ചരിത്രം പരിശോധിച്ചാല്‍ താഴമണ്‍ കുടുംബത്തിലെ ആര്‍ക്കും ശബരിമലയില്‍ താന്ത്രികാവകാശമില്ലെന്നു കാണാം. ഓണക്കൂര്‍ ശങ്കര ഗണകന്‍ എഴുതിയ ദേവപ്രശ്നം പുസ്തകത്തില്‍ 34 ദേവതകളെ പൂജിക്കാനുള്ള വിധികള്‍ പരാമര്‍ശിക്കുന്നു. അതിലൊരിടത്തും പരാമര്‍ശമില്ല ഈ താന്ത്രികവിധികളെക്കുറിച്ച്. ബ്രാഹ്മണ്യരീതിയിലുള്ള പല ക്ഷേത്രങ്ങളിലും അയ്യപ്പവിഗ്രഹം പുറത്താണു പ്രതിഷ്ഠിച്ചിരുന്നത്. ശബരിമല അയ്യപ്പനെ കാണാനും തൊഴാനും ഭക്തകോടികള്‍ ഭാരതസീമകള്‍ക്കുപ്പുറത്തു നിന്നുപോലും എത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭണ്ഡാരം കുമിഞ്ഞുകൂടിയപ്പോഴാണ് മല അരയനായ പാവം ശ്രീ അയ്യപ്പന് കേരളത്തിലങ്ങളോളമിങ്ങോളമുള്ള ക്ഷേത്രത്തിനു പുറത്തുനിന്ന് അകത്തേക്കു സ്ഥാനക്കയറ്റം കിട്ടിയത്.

ശബരിമല പതിനെട്ടാംപടി തീവക്കപ്പെട്ടപ്പോള്‍ (പഴയത്)

ഇന്നു കാണുന്ന തരത്തിലുള്ള ജാതിസമ്പ്രദായം കേരളീയമേയല്ല. ബ്രാഹ്മണ്യാധിപത്യത്തിനും മുമ്പേ ഇവിടെ സവര്‍ണ ഹൈന്ദവവത്കരണം നടന്നിട്ടുണ്ട്. ആദിവാസികളുടേത് പ്രത്യേക മതമാണെന്നാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞിട്ടുള്ളത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. സ്വന്തമായൊരു ദൈവസങ്കല്പവും അതനുസരിച്ചു നിഷ്ഠയായ ആചാരപരമായ ജീവിതരീതികളും ആരാധനാസമ്പ്രദായവും ഉള്ളൊരു പാരമ്പര്യസമൂഹമാണ് ആദിവാസികള്‍. ആധുനികസമൂഹം വിവക്ഷിക്കുന്നതുപോലെ അപരിഷ്കൃതരല്ല; ഇന്നു കാണുന്ന സര്‍വ്വ പരിഷ്കാരങ്ങള്‍ക്കും അടിത്തറയുണ്ടാക്കിയവരാണവര്‍. അധികാരവും സാമ്പത്തികലക്ഷ്യവും മുന്നില്‍ക്കണ്ട് ചരിത്രങ്ങളെയൊക്കെ വരേണ്യവത്കരിക്കപ്പെടുകയും അതിനു കളമൊരുക്കാനായി ചരിത്രസാക്ഷികളായ മല അരയരെ തല്ലിയോടിക്കുകയുമായിരുന്നു.
ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് ഗോത്രവര്‍ഗ്ഗങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ആ രാജാക്കന്മാരിലൊരാള്‍ക്ക് ഒരു മാറാരോഗം വന്നതും, കേരളത്തിലെ വൈദ്യന്മാരെല്ലാം ചികിത്സിച്ചിട്ടും രോഗം മാറാതെ, കേരളത്തിനു പുറത്തുനിന്നു വന്ന ഒരു ബ്രാഹ്മണന്‍ രോഗം മാറ്റിക്കൊടുത്തതുമായ ഒരു കഥയുണ്ട്. സന്തോഷവാനായ രാജാവ് അദ്ദേഹത്തിനു പണം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അതു നിരസിക്കുകയും, തന്നെ കൊട്ടാരത്തിലെ പ്രധാന പൂജാരിയാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കേരളത്തിലുടനീളം ദൈവസങ്കല്പങ്ങള്‍ ബ്രാഹ്മണ്യവത്കരിക്കപ്പെടുന്നതിന്‍റെ തുടക്കമായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്.
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരാണ് താഴമണ്‍ കുടുംബത്തിനു ശബരിമലയില്‍ അധികാരം നല്‍കിയത്. 1920-ല്‍ രാജാവ് ശബരിമല സന്ദര്‍ശിച്ചപ്പോള്‍ പൂജ ചെയ്യാന്‍ സ്വന്തമായി തന്ത്രിയെയും കൂടെ കൂട്ടിയിരുന്നു. അതിനു മുന്‍പൊന്നും അവിടെ പടിപൂജയില്ല. മല അരയ പൂജാരിമാര്‍ നടത്തിയിരുന്ന പൂജാദി കര്‍മ്മങ്ങളെക്കുറിച്ച് ലവലേശം ബോധ്യമോ ബോധമോ ഇല്ലാത്തവരാണ് ഇത്തരം കര്‍മ്മങ്ങളിലേക്കു വഴിമാറി ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റിമറിക്കാന്‍ തുടക്കമിട്ടത്. ഇന്നു കാണുന്ന പല ആചാരങ്ങളും 1902-നു ശേഷമുണ്ടായതാണ്.


ശബരിമലയിലെ ആദ്യകാല പൂജാരികളുടെ പേരുകള്‍ പരിശോധിച്ചാലറിയാം അതു താഴമണ്‍ കുടുംബക്കാരല്ലെന്ന്. ആദ്യത്തെ പൂജാരിയുടെ പേര് കരിമല അരയന്‍ എന്നാണ്. അദ്ദേഹമാണ് ആദ്യത്തെ പടിയിട്ടത്. അതില്‍ ആ പേരും കൊത്തിവച്ചിട്ടുണ്ട്. താളനാനി അരയന്‍ ശബരിമലയിലെ പൂജാരിയായിരുന്നു എന്ന് സാമുവല്‍ മറ്റീര്‍ 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കരിങ്കോതി ഓപ്പന്‍, കോര്‍മന്‍ അരയന്‍, കരിമല മൂര്‍ത്തി, കരിമല കോര്‍മന്‍, വല്യേരി കടുത്ത, കൊമ്പുകുത്തി കൊച്ചുരാമന്‍ എന്നിവരും മല അരയ വിഭാഗത്തില്‍പ്പെട്ട ശബരിമലയിലെ പൂജാരിമാരാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. 1800-കളുടെ അവസാനം വരെ മല അരയര്‍ തന്നെയാണ് ശബരിമലയില്‍ പൂജകള്‍ നിര്‍വഹിച്ചുവന്നത്. 1883-ല്‍ പ്രസിദ്ധീകരിച്ച സാമുവല്‍ മറ്റീറിന്‍റെ പുസ്തകത്തില്‍ പത്തോളം പേജുകളിലാണ് ശബരിമലയേക്കുറിച്ചു പരാമര്‍ശിക്കുന്നത്. അതിലെവിടെയും താഴമണ്‍ മഠത്തിന്‍റെ പേരില്ല; എന്നാല്‍, മല അരയ വിഭാഗത്തിന് ശബരിമലയുമായുള്ള ബന്ധം സുവ്യക്തവുമാണ്.
മലകളിലും പര്‍വ്വതങ്ങളിലും കാടുകളിലുമായി പൂര്‍ണ്ണമായും പ്രകൃത്യാ ഉള്ള ആവാസവ്യവസ്ഥയില്‍ ജീവിച്ചുവന്നിരുന്ന ഗോത്രമായിരുന്നു ചിറ്റരചര്‍. അവര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ മാത്രമാണ് തെക്കന്‍ കേരളത്തില്‍ അന്നുണ്ടായിരുന്നത്. ഇന്നു കാണുന്ന പല ക്ഷേത്രങ്ങളും അവയില്‍പ്പെട്ടവയാണ്. ഇതൊന്നും ചിലര്‍ പറയുന്നതുപോലെ പന്തളം രാജവംശം നിര്‍മ്മിച്ചതല്ല. പന്തളം രാജകുടുംബം അയ്യപ്പന്‍റെ കാര്യത്തില്‍ ചെയ്തത് ബ്രാഹ്മണര്‍ക്ക് അനുകൂലമായി കഥകളുണ്ടാക്കുക എന്നതു മാത്രമായിരുന്നു.
ആ കഥകളുടെ പേരിലാണ് ഇന്ന് ചിലര്‍ നിലനില്‍ക്കുന്നതുതന്നെ. വിശ്വാസികള്‍ പറയുന്നതുപോലെ, അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുന്നതുപോലെ ശബരിമല ക്ഷേത്രവും അയ്യപ്പനും സ്വയംഭൂവല്ല. പക്ഷേ, അങ്ങനെ  വിശ്വസിപ്പിക്കാനാണ് വരേണ്യവിഭാഗം ശ്രമിച്ചതും ഇപ്പോള്‍ ശ്രമിക്കുന്നതും. അന്ന് തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലമായിരുന്നു. ഇന്ന് ജനാധിപത്യ യുഗമാണ്. ശബരിമല ക്ഷേത്രം കൈവശം ഉള്ളതുകൊണ്ടാണ് താഴമണ്‍ തന്ത്രിമാര്‍ ഇന്നു പ്രശസ്തരായി നില്‍ക്കുന്നത്. മല അരയരാണ് അവിടത്തെ കാര്യക്കാരെങ്കില്‍ അവരായിരിക്കും സമൂഹത്തില്‍ അറിയപ്പെടുന്നത്. വരുംകാലങ്ങളിലെ നേട്ടങ്ങള്‍ മുന്‍കൂട്ടിക്കണ്ട ബ്രാഹ്മണ മേധാവിത്വവും ഭരണാധിപരും ദുര്‍ബലരായ മല അരയരെ അടിച്ചോടിച്ച് ക്ഷേത്രം കൈവശപ്പെടുത്തുകയായിരുന്നു.

എണ്ണക്കാവള്ളി ക്ഷേത്രം


മല അരയനായ മൂഴിക്കല്‍ കുഞ്ഞിരാമന്‍ എന്ന വ്യക്തി മരിച്ചിട്ട് ഇപ്പോള്‍ 40 വര്‍ഷത്തോളമേ ആയിട്ടുള്ളൂ. മൂഴിക്കല്‍ കുഞ്ഞിരാമന്‍റെ അച്ഛന്‍റെ പേര് അയ്യപ്പന്‍ എന്നായിരുന്നു. നിലയ്ക്കല്‍ ക്ഷേത്രവും അതിനു പുറകിലുള്ള വലിയ കുളവും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ധനികനായ കുഞ്ഞിരാമന് അക്കാലത്ത് ആനയും ജീപ്പുമുണ്ടായിരുന്നു. ശ്രീ അയ്യപ്പന്‍റെ പ്രതിഷ്ഠ പരശുരാമന്‍ സ്ഥാപിച്ചു എന്നു പറയുന്നതൊക്കെ വരേണ്യ കഥകളുടെ ഭാഗമാണ്. ഒരിക്കലും അങ്ങനെയല്ലെന്ന് മല അരയ സമുദായത്തിന് വ്യക്തമായി അറിയാം. എന്നാല്‍, അതാരും ചോദിക്കുന്നില്ല, അവരെക്കൊണ്ടു പറയിക്കുന്നില്ല. എല്ലാവര്‍ക്കും ശബരിമല ക്ഷേത്രത്തിലെ തന്ത്രിമാരുടെയും മറ്റു പൂജാരിമാരുടെയും വാക്കുകള്‍ വിശ്വസിക്കാനാണു താത്പര്യം. ബ്രാഹ്മണ മേധാവിത്വവും ഭരണ നേതൃത്വവുമൊക്കെ ക്ഷേത്രം കൈക്കലാക്കിയതോടെ യഥാര്‍ത്ഥ അയ്യപ്പവിഗ്രഹത്തിനു തന്നെ മാറ്റം വന്നിരിക്കുന്നു. ആ വിഭാഗക്കാരുടെ സ്റ്റാറ്റസിന് അനുസരിച്ചുള്ള വിഗ്രഹം അവര്‍ വച്ചു എന്നു പറയാം. കാടും മലയുമായി ബന്ധമുള്ള മലഅരയരുടെ ചരിത്രപുരുഷനെ സ്വര്‍ണ്ണലോഹത്തില്‍ കാണാന്‍ അരയര്‍ക്കാഗ്രഹമില്ല. സവര്‍ണ്ണാധിപത്യത്തിന്‍റെയും അധികാര മേല്‍ക്കോയ്മയുടെയും ഭാഗമാണിവയൊക്കെ. അവയൊന്നും വിശ്വാസത്തിനോ ആചാരത്തിനോ അനുസൃതമല്ല.

ചരിത്രപുരുഷനായ ശ്രീ അയ്യപ്പന്‍
എ.ഡി. 1110-ലാണ് അയ്യപ്പന്‍ എന്ന ചരിത്രപുരുഷന്‍റെ ജനനമെന്ന് അനുമാനിക്കാം. ചോളര്‍ കേരളം ആക്രമിക്കുന്ന കാലമായിരുന്നു അത്. അത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ മല അരയ വിഭാഗത്തിനു സാധിക്കാതെ വന്നു. 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് കണ്ടനോടും കറുത്തമ്മയോടും അന്നത്തെ പുരോഹിതന്‍ കോര്‍മ്മന്‍ ആവശ്യപ്പെട്ടത്. ഇവര്‍ക്കു ജനിക്കുന്ന കുട്ടി ചോളരെ പരാജയപ്പെടുത്തുമെന്നായിരുന്നു കോര്‍മ്മന്‍റെ പ്രവചനം. പൊന്നമ്പലമേട്ടിലെ ഗുഹയിലാണ് ആ കുട്ടി ജനിക്കുക- അയ്യപ്പന്‍. ശബരിമല ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം പൊന്നമ്പലമേടാണെന്നു പറയുന്നതിന്‍റെ അടിസ്ഥാനം ഇതാണ്. കണ്ടനും കറുത്തമ്മയ്ക്കും ജനിച്ച അയ്യപ്പന്‍  പെരിയാറില്‍ നിന്നും മുഹമ്മയ്ക്കടുത്ത ചീരപ്പന്‍ചിറയില്‍ നിന്നും കളരിവിദ്യയും അഭ്യസിച്ചുവെന്നതിനു ചരിത്രസാക്ഷ്യങ്ങള്‍ ഏറെയുണ്ട്.
ശബരിമലയില്‍ ആദ്യ പൂജാരിമാരിലൊരാളുടെ പേര് കോര്‍മ്മനെന്നായിരുന്നു. കരിമല അരയനാണ് അവിടത്തെ ആദ്യത്തെ പൂജാരി. രണ്ടാമത്തേത് താളനാനി അരയന്‍. മൂന്നാമത്തെയാളാണ് കോര്‍മ്മന്‍ അരയന്‍. കൊച്ചുരാമന്‍ എന്ന പൂജാരിയെയും കരിങ്കോന്തി ഓപ്പ എന്ന പൂജാരിയെയും ശബരിമലയുടെ ചരിത്രത്തില്‍ കാണാം. കരിങ്കോന്തി ഓപ്പന്‍റെയും കൊച്ചുരാമന്‍ അരയന്‍റെയും പിന്‍തലമുറക്കാര്‍ ഇപ്പോഴുമുണ്ട്. ഈ ചരിത്രസത്യങ്ങള്‍ മറച്ചുവച്ചാണ് ശബരിമല ക്ഷേത്രം ബ്രാഹ്മണര്‍ സ്വന്തമാക്കിയത്.
'മണികണ്ടന്‍' എന്ന പേരുപോലും സംസ്കൃതവത്കരിച്ച് 'മണികണ്ഠന്‍' എന്നാക്കുകയായിരുന്നു. അയ്യപ്പന്‍റെ അച്ഛന്‍റെ പേര് കണ്ടന്‍ എന്നായിരുന്നു. 'മണി' എന്നാല്‍ നാട്ടുഭാഷയില്‍ ചെറുത് എന്നര്‍ത്ഥം. വലിയ കണ്ടന്‍റെ മകന്‍ ചെറിയ കണ്ടന്‍ അഥവാ 'മണികണ്ടന്‍'. അയ്യപ്പന്‍റെ വിളിപ്പേര് അതായിരുന്നു. ശബരിമല ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ കടന്നുകയറിയതോടെയാണ് 'കഴുത്തില്‍ മണി കെട്ടിയ കുട്ടിയെ പന്തളം രാജാവിനു കിട്ടിയപ്പോള്‍ മണികണ്ഠനെന്നു പേരിട്ടു' എന്ന കഥയൊക്കെ വരുന്നത്. അയ്യപ്പനെ മോഹിനിയുടെയും ശിവന്‍റെയും മകനായി അവതരിപ്പിക്കുന്നതും ബ്രാഹ്മണരുടെ വെറും കഥയാണ്. ചരിത്രത്തെ ഐതിഹ്യമാക്കുന്നതിന്‍റെ ഭാഗമായ കഥകളാണവ. എന്നാല്‍, ആധുനികലോകം കാത്തിരിക്കുന്നതു കഥ കേള്‍ക്കാനല്ല, ചരിത്രമറിയാനാണ്; യഥാര്‍ത്ഥ ചരിത്രം!
അയ്യപ്പന്‍ എന്ന പേരുപോലും ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു തെളിവാണ്. അയ്യനും അപ്പനും ചേര്‍ന്നതാണ് അയ്യപ്പന്‍. പേരിനൊപ്പം ബഹുമാനത്തോടെയുള്ള കൂട്ടിച്ചേര്‍ക്കലാണ് അപ്പന്‍ എന്നത്. പുരാതന കാലങ്ങളില്‍ കേരളത്തില്‍ പ്രചാരമുള്ള പേരായിരുന്നു അയ്യന്‍ എന്നത്. മല അരയ സമുദായത്തിലെ പല കാരണവന്മാര്‍ക്കും അയ്യപ്പനെന്നു പേരുണ്ടായിരുന്നു. എന്നാല്‍, അയ്യപ്പന്‍ നമ്പൂതിരി എന്നൊരു പേര് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ശബരിമല ഉപയോഗിച്ച് ഇത്രയേറെ പണമുണ്ടാക്കിയിട്ടും അങ്ങനെയൊരു പേരിടാന്‍ ആ കുടുംബക്കാര്‍ക്കൊന്നും ഇതുവരെ തോന്നാത്തതെന്ത്?

എണ്ണക്കാവള്ളി ക്ഷേത്രം


അതുപോലെ തന്നെയാണ് ശബരിമല സന്നിധാനത്ത് എത്താനുള്ള പതിനെട്ട് പടികളുടെ കാര്യവും. ഇതു പ്രതിനിധാനം ചെയ്യുന്നത് ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന 18 മലകളെയാണ്. ഈ പതിനെട്ടു മലകളെയും വണങ്ങിയ ശേഷമേ അയ്യപ്പനെ കാണാനാവൂ എന്നാണു സങ്കല്പം. എന്നാല്‍, വരേണ്യവിഭാഗം അതു പതിനെട്ട് പുരാണങ്ങള്‍ ആക്കി. ഈ ലേഖകന്‍ മനസ്സിലാക്കിയിടത്തോളം, 18, 41 എന്നീ സംഖ്യകള്‍ക്ക് ഹൈന്ദവപുരാണങ്ങളില്‍ വലിയ പ്രാധാന്യമില്ല. ശബരിമലയിലെ നെയ്യഭിഷേകവും പരമ്പരാഗത ആചാരമല്ല. മലയരയര്‍ നടത്തിവന്നിരുന്ന തേനഭിഷേകമാണ് ശ്രീ അയ്യപ്പന് പ്രിയമായി കരുതുന്നത്.  അത് ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുമായിരുന്നു.
ക്ഷേത്രത്തിന്‍റെ തുടക്കത്തിലും ശ്രീ അയ്യപ്പന്‍റെ പ്രതിഷ്ഠ തന്നെയായിരുന്നു ശബരിമലയില്‍ ഉണ്ടായിരുന്നത്. ശാസ്താവ് എന്നൊരു സങ്കല്പം അന്നു കടന്നുവന്നിട്ടില്ല. ശബരിമലയില്‍ കുടികൊള്ളുന്ന അയ്യപ്പനും ശാസ്താവ് എന്ന സങ്കല്പവും രണ്ടും രണ്ടാണ്. ശാസ്താവ് വിവാഹം കഴിച്ച വ്യക്തിയാണ്. ശ്രീ അയ്യപ്പനോ, ചരിത്രപുരുഷനായ നൈഷ്ഠിക ബ്രഹ്മചാരിയും. അവര്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍, വരേണ്യ വിഭാഗം പുതിയ കഥകള്‍ ഉണ്ടാക്കി പേരുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയായിരുന്നു. ശബരിമല ക്ഷേത്രം അയ്യപ്പക്ഷേത്രം തന്നെയാണ്. അത് ശാസ്താ ക്ഷേത്രമല്ല. ഇക്കാര്യത്തിലും ചില ചരിത്രങ്ങള്‍ നമുക്കു പറയേണ്ടിവരും.
ബുദ്ധമതവും ജൈനമതവും ഒരുകാലത്ത് ഹിന്ദുമതത്തെ വിഴുങ്ങിയ മതങ്ങളായിരുന്നു. അതിനുശേഷം ശ്രീ ശങ്കരാചാര്യര്‍ അദ്വൈത സിദ്ധാന്തം അവതരിപ്പിക്കുകയും അതുവഴി ഹിന്ദുമതം ഇവിടെ ചുവടുറപ്പിക്കുകയുമായിരുന്നു. ഇപ്പോഴും കര്‍ക്കിടകത്തില്‍ വലിയ ആഘോഷപൂര്‍വം നടക്കുന്ന ഒരു കാര്യമാണ് ആലുവയിലെ പിതൃതര്‍പ്പണം. സത്യത്തില്‍ എന്താണ് അതിന്‍റെ ചരിത്രം? ആയിരക്കണക്കിന് ബുദ്ധസന്യാസിമാരെ കൂട്ടക്കുരുതി ചെയ്തതിന്‍റെ ഭാഗമായി വന്ന ഒരു ചടങ്ങാണ് ആലുവയിലെ പിതൃതര്‍പ്പണം. കൊടുങ്ങല്ലൂരില്‍ ബുദ്ധഭിക്ഷുണികളുടെ ഒരു മഠവുമുണ്ടായിരുന്നു. അതിനു മുന്നില്‍ തദ്ദേശീയരായ ആളുകള്‍ മദ്യപിച്ച് അസഭ്യവര്‍ഷം നടത്തിയിരുന്നു. ബുദ്ധഭിക്ഷുക്കളെ അവിടെനിന്ന് ഓടിക്കാനായിരുന്നു അതു ചെയ്തിരുന്നത്. പില്‍ക്കാലത്ത് അസഭ്യവര്‍ഷം ആചാരമായി മാറി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ആചാരമായിരുന്ന തെറിപ്പാട്ടിന്‍റെ (ഇപ്പോള്‍ നിയമം മൂലം നിരോധിച്ചിരിക്കുന്നു) ജനനം അങ്ങനെയാണ്.
ശാസ്താവ് എന്ന സങ്കല്പം വന്നത് ബുദ്ധമതത്തില്‍ നിന്നുമാണ്. എന്നാല്‍, അതുമായി ശ്രീ അയ്യപ്പനു ബന്ധമില്ല. ഐതിഹ്യങ്ങള്‍ പറയുന്നത്, ശാസ്താവ് ഭാര്യാസമേതന്‍ ആണെന്നാണ്. അങ്ങനെയെങ്കില്‍ ബ്രാഹ്മണര്‍ ഇപ്പോള്‍ പറയുന്ന നൈഷ്ഠിക ബ്രഹ്മചാരി എന്നുള്ള സങ്കല്പത്തിന് പ്രസക്തിയില്ലല്ലോ. ശബരിമല അയ്യപ്പക്ഷേത്രമാണ്. മല അരയ സമുദായത്തില്‍പ്പെട്ട ശ്രീ അയ്യപ്പന്‍റെ ക്ഷേത്രം.

ഇഞ്ചിപ്പാറ മലയിലെ കല്ലറ

ഐതിഹ്യത്തിന്‍റെ പേരില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രമല്ല ശബരിമല. ജീവിച്ചിരുന്ന ഒരു വ്യക്തിക്കു നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ്. സായിബാബ മരിച്ചശേഷം അദ്ദേഹത്തിന് ക്ഷേത്രങ്ങള്‍ വന്നില്ലേ. അദ്ദേഹത്തെ ആരാധിക്കുന്നവരാണ് അതു ചെയ്തത്. അതുപോലെ അന്ന് ജനങ്ങളെ അക്രമികളില്‍ നിന്നു രക്ഷിച്ച,  വില്ലാളിവീരനായ അയ്യപ്പനു വേണ്ടിയാണ് ശബരിമലയില്‍ ക്ഷേത്രം ഉയര്‍ന്നതും ആരാധന തുടങ്ങിയതും. അയ്യപ്പനും ഇപ്പോള്‍ ഇക്കാര്യങ്ങള്‍ സംസാരിക്കുന്ന ഞാനും ഇതു കേള്‍ക്കുന്ന താങ്കളും കേരളത്തിലെ മറ്റു ജനങ്ങളും ദ്രാവിഡരാണ്. നമ്മളാണ് തദ്ദേശീയര്‍. ആര്യന്മാരാണ് നടന്നുകയറി വന്നവര്‍. ദ്രാവിഡരുടെ പ്രധാന ദേവതയായിരുന്നു കൊറ്റവൈ. കേരളത്തിലെ ക്ഷേത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും. ദേവീപ്രതിഷ്ഠ ഇല്ലാത്ത ഒരു ക്ഷേത്രവും കേരളത്തിലില്ല. ദേവന്‍റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ഉപദേവതയായി ദേവി കാണും. അതുതന്നെയാണ് ശബരിമലയിലും ഉള്ളതെന്നാണ് മല അരയരുടെ വിശ്വാസം. ദ്രാവിഡ സംസ്കൃതിയെ പിന്തള്ളി ആര്യ മേധാവിത്വം കേരളത്തില്‍ ഉറച്ചതിന്‍റെ ഫലങ്ങളാണ് ഇതെല്ലാം. അതിന്‍റെ ഭാഗമാണ് ശ്രീ അയ്യപ്പന്‍റെ പേരുമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍.


.....തുടരും

(ശബരിമല വിഷയവുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി വേദികളില്‍ സജീവമായിരിക്കുന്ന പി.കെ.സജീവുമായി ഒന്നിപ്പ് മാസിക പ്രതിനിധി നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന് പ്രസക്തമായവ ചേര്‍ത്ത് തയ്യാറാക്കിയത്.)

 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image