
മലകളുടെ അരചന്മാരായിരുന്നു മലഅരയന്മാര്. പേരില്‍ തന്നെയുണ്ടത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഏറ്റവും വലിയ ആദിവാസി വിഭാഗങ്ങളിലൊന്നാണ് മലഅരയര്‍. അയ്യപ്പന്റെ പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെയും അധിപരായിരുന്ന മല അരയര്‍ അവിടെയിപ്പോള്‍ നാലു മലകളിലേക്കു ചുരുങ്ങി. പതിനെട്ടു മലകളുടെയും അധിപരായിരുന്ന അവരെ പുറത്താക്കിയപ്പോള്‍ ചരിത്രത്തില്‍നിന്നു തുടച്ചുനീക്കപ്പെട്ടത് വലിയൊരു നാഗരികതയും സമ്പന്നമായൊരു സംസ്കൃതിയുമാണ്.
1875-ലെ ജനസംഖ്യപ്രകാരം മല അരയര്‍ സമുദായത്തില്‍ 12,000 പേരുണ്ടായിരുന്നു. ആ സമയത്ത് കേരളത്തില്‍ നായര്‍ ജാതി ഉരുത്തിരിഞ്ഞിട്ടില്ല. നാലര ലക്ഷത്തോളം വരുന്ന ആ വിഭാഗം മലയാള ശൂദ്രര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലയുടെ അരചന്മാര് എങ്ങനെ ഇന്നത്തെ അവസ്ഥയിലേക്കു ചിന്നിച്ചിതറിപ്പോയെന്നും ശബരിമല അടക്കമുള്ള പതിനെട്ടു മലകളുടെയും അധിപരായിരുന്ന ആ വിഭാഗത്തില്‍നിന്ന് ശബരിമല എങ്ങനെ അന്യാധീനപ്പെട്ടു എന്നുമൊക്കെ കാരണവന്മാരോടു ചോദിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്നൊരു ഭയമുണ്ട്; അവരുടെ കാരണവന്മാര് പറഞ്ഞ് അവര്‍ നേരിട്ടറിഞ്ഞ സംഭവകഥകളുടെ ഭീതിയാണ് ആ കണ്ണുകളില്‍ ദര്‍ശിക്കാനാവുക. അതുകൊണ്ടുതന്നെ അവരാരും അക്കാര്യത്തില്‍ വ്യക്തമായി ഒരു ഉത്തരം തരാറില്ല.

1950 വരെ മാത്രം പഴക്കമുള്ളൊരു ചോര മണക്കുന്ന ചരിത്രമാണ് ആ ഭയപ്പാടിനു പിന്നില്‍. 1950-ല്‍ ശബരിമല തീവച്ചപ്പോള്‍ അവിടെ താമസിച്ചിരുന്ന ആദിവാസികളെ മറ്റു പ്രദേശങ്ങളിലേക്ക് അടിച്ചോടിക്കുകയായിരുന്നു. ഒരു കൂട്ടക്കുരുതി തന്നെയാണ് അവിടെ നടന്നത്. പിന്നെ മലകളില്‍ ബാക്കി ശേഷിച്ചവരെ നിര്‍ദാക്ഷിണ്യം അടിച്ചോടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെക്കൂടി ഉപയോഗിച്ചാണ് ബ്രാഹ്മണ മേധാവിത്വം ഞങ്ങളുടെ മുന്‍ തലമുറക്കാരെ കാട്ടില്‍നിന്നു കുടിയിറക്കിയത്. ശബരിമല ക്ഷേത്രം മാത്രമല്ല, മല അരയന്മാരുടെ പതിനെട്ടു മലകളിലാകെ ഇതുപോലെ ക്ഷേത്രങ്ങളുണ്ടായിരുന്നു. അവിടെയൊക്കെ വിശ്വാസാധിഷ്ഠിതമായി ജീവിച്ചിരുന്ന ഞങ്ങളെ, ഞങ്ങളുടെ ആവാസവ്യവസ്ഥയെ തുടച്ചുനീക്കുകയായിരുന്നു. ഏറെ പണ്ടൊന്നുമല്ല ഇതൊക്കെ നടന്നത്. 1950 വരെ ഈ പറയുന്ന പ്രദേശങ്ങളില്‍ കൃഷിയിടങ്ങളും നാഗരിക സംസ്കാരവും മല അരയരുടേതായിരുന്നു. ചരിത്രം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്. അമേരിക്കയില്‍ നിന്ന് റെഡ് ഇന്ത്യക്കാരെ നിഷ്കാസിതരാക്കിയതു പോലെയാണ് പൊന്നമ്പലമേട്ടില്നിന്നും ഞങ്ങളെ പുറത്താക്കിയത്.
യഥാര്‍ത്ഥ രാജാക്കന്മാര്.
സിന്ധുനദീതട സംസ്കാരം പോലെ ഒരു വലിയ നാഗരികതയുടെ ഭാഗമാണ് ശബരിമല. ദക്ഷിണേന്ത്യന്‍ നാഗരികത എന്നു വേണമെങ്കില്‍ ഇതിനെ പറയാം. ശബരിമലയുടെ ചരിത്രം മല അരയരുടെ തന്നെ ചരിത്രമാണ്. അതിന് സംഘകാലത്തോളമാണ് പഴക്കം. ചരിത്രം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിച്ചാല്‍ മാത്രമേ അതിനു മൂല്യമുണ്ടാകൂ. പക്ഷേ, ശബരിമലയുടെ കാര്യത്തില്‍ അത് ഐതിഹ്യവും വിശ്വാസവുമായി മാറ്റപ്പെടുകയാണ്. ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത വിശ്വാസത്തിനു പ്രസക്തിയില്ല. ചരിത്രത്തിനു പകരം കഥകളെ സംസ്കാരങ്ങള്‍ക്ക് അടിസ്ഥാനമാക്കാനാണ് അധികാരശ്രേണിയിലുള്ളവര്‍ ശ്രമിക്കുന്നത്.
യഥാര്‍ത്ഥത്തില്‍, കമ്പം മുതല്‍ കന്യാകുമാരി വരെ നിലനിന്നിരുന്ന ആയ് രാജവംശമായിരുന്നു ഇവിടത്തെ ഭരണാധികാരികള്‍. ടോളമി ഇതു ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ചിറ്റരചര്‍ എന്ന ഗോത്രത്തില്‍നിന്നാണ് ആയ് രാജവംശം രൂപംകൊള്ളുന്നത്. വിക്രമാദിത്യ വരുഗുണനായിരുന്നു ഇതിലെ ഏറ്റവും പ്രശസ്തനായ അവസാനത്തെ രാജാവ്. മല അരയ സമുദായത്തില്‍ നിന്നാണ് ഇതേ ആയ് രാജവംശം രൂപംകൊള്ളുന്നത്.
ശബരിമലയുടെ സമീപത്തുള്ള നിരവധി മലകളിലേക്കു ചെന്നാല്‍ നഷ്ടപ്പെട്ടുപോയൊരു നാഗരികതയുടെ വളരെയേറെ തെളിവുകള്‍ ഇന്നും കണ്ടെടുക്കാം. തമിഴ്നാടിന്റെയും ആന്ധ്രയുടെയും തീരപ്രദേശങ്ങളില്‍ വസിച്ചിരുന്ന ചോളന്മാര് തമിഴ്നാട്ടിലേക്കു പട നയിച്ചു. നൂറു വര്‍ഷം നീണ്ട ഒരു യുദ്ധത്തിനാണ് തെക്കന്‍ ദേശം അന്നു സാക്ഷ്യം വഹിച്ചത്. നൂറ്റാണ്ടുയുദ്ധം എന്നാണ് ഇതറിയപ്പെടുന്നത്. സംഘകാലഘട്ടത്തിലെ പ്രധാന കൃതികളായ അകനാനൂറിലും പുറനാനൂറിലുമൊക്കെ ഈ യുദ്ധത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഈ യുദ്ധത്തില്‍ ഈ പ്രദേശത്തുണ്ടായിരുന്ന ഭൂരിഭാഗം പുരുഷന്മാരും കൊല്ലപ്പെട്ടുവെന്നാണു ചരിത്രം പറയുന്നത്.
കേരളം ഭരിച്ചിരുന്ന ചേരരാജവംശവും ആയ് രാജവംശവും ചോളന്മാരെ എതിരിട്ടു. പത്തു ലക്ഷത്തോളം സൈനികരുമായി പടയോട്ടം നടത്തിയ ചോളന്മാരെ നേരിടുക ഒട്ടും എളുപ്പമായിരുന്നില്ല. ചീരപ്പന്ചിറയിലും പെരിയാറിലും പോയി ആയുധവിദ്യയും യുദ്ധമുറകളും പഠിച്ച ശ്രീ അയ്യപ്പന് തന്റെ സൈന്യവുമായി ചോളന്മാരോട് ഏറ്റുമുട്ടാനെത്തുന്നത് ഈ സമയത്താണ്. നീണ്ട യുദ്ധത്തിനൊടുവില്‍ കരിമലയില്‍ വച്ച് ചോളന്മാര് അയ്യപ്പനോട് അടിയറവു പറഞ്ഞു. (സാമുവല്‍ മറ്റീറിന്റെ 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ചു പരാമര്‍ശമുണ്ട്.)
ആയ് ഭരണകാലത്തുനിന്നുള്ള ശേഷിപ്പുകള്‍ തെക്കന്‍ കേരളത്തില്‍ പലയിടത്തും ഇന്നും കാണാന്‍ കഴിയും. ശവകുടീരങ്ങളും ശില്പങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടുന്നു. വളരെ പ്രാധാന്യത്തോടെയാണ് അവര്‍ ശവകുടീരങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഇന്നിപ്പോള്‍ ഇടുക്കി ജില്ലയിലുള്ള എണ്ണയ്ക്കാവള്ളി ക്ഷേത്രം മുന്‍കാലത്ത് പ്രശസ്തമായിരുന്നു. എന്നാല്‍, ആ ക്ഷേത്രങ്ങളില്‍ ഇന്ന് ശില്പങ്ങളൊന്നും കാണാനില്ല. ചോളന്മാര് അതൊക്കെ ഇളക്കിയെടുത്ത് കഴുതപ്പുറത്തു കയറ്റി തഞ്ചാവൂര്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയെന്നാണ് ചരിത്രം പറയുന്നത്.

പ്രാചീന ക്ഷേത്രങ്ങളായ കുളത്തൂപ്പുഴ, അച്ചന്‍കോവില്‍, ആര്യന്‍കാവ് എന്നിവിടങ്ങളിലും ചരിത്രത്തിന്റെ ശേഷിപ്പുകള്‍ അധികം ബാക്കിയില്ല. ആര്യന്‍കാവ് ക്ഷേത്രത്തില്‍ പ്രാചീനമായ ചില തൂണുകള്‍ മണ്ണിനടിയില്‍ കിടക്കുന്നു. ക്ഷേത്രത്തില്‍ പ്രാചീനമായ സ്തൂപങ്ങളൊക്കെ സിമന്റ് തേച്ചു മറച്ചിരിക്കുന്നു. ചിലത് ഇളക്കിയെടുത്ത് ആളുകള്‍ നടന്നുപോകുന്ന വഴിയില്‍ പടികളായി ഉപയോഗിച്ചിരിക്കുന്നു. കേരളത്തീലെ പ്രാചീന ക്ഷേത്രങ്ങളും അവയുടെ ചരിത്രവും മുഴുവന്‍ നശിപ്പിച്ചുകൊണ്ടുള്ള ഒരു കൈയേറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മല അരയരുടെ കൈയില്‍നിന്നു ശബരിമല ക്ഷേത്രം എങ്ങനെ നഷ്ടപ്പെട്ടു എന്നുള്ളതിന് ഉദാഹരണങ്ങള്‍ കൂടിയാണ് ഇവ. പ്രാചീനകാലത്ത് പൊന്നമ്പലമേട്ടില്‍ ക്ഷേത്രമുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ഈ അടുത്തകാലം വരെ അവിടെയുണ്ടായിരുന്നു. ചരിത്രസത്യങ്ങളുടെ ഈ വിളിച്ചുപറയല്‍ പലരെയും പൊള്ളിക്കുന്നുണ്ടെന്നറിയാം. അവരോ അവരുടെ മുന്‍ഗാമികളോ ആണല്ലോ ചരിത്രസത്യമെന്ന സൂര്യതേജസ് മറയ്ക്കാന്‍ അവരുടെ ന്യായവാദങ്ങളുടെ ഒരു തുണ്ടു കറുത്ത ശീല ഉയര്‍ത്തിപ്പിടിക്കുന്നത്.
ചരിത്രത്തിന്റെ ബ്രാഹ്മണ്യവത്കരണം
സംസ്കാരങ്ങളെ മിത്തുവത്കരിക്കുന്നതിലൂടെയാണ് ചരിത്രത്തിന്റെ പിന്‍ബലമുള്ള സംസ്കാരങ്ങള്‍ ബ്രാഹ്മണ്യവത്കരിക്കുന്നത്. ശ്രീകൃഷ്ണന് കാരാഗൃഹത്തില്‍ ദേവകിയുടെയും വസുദേവന്റെയും മകനായി ജനിച്ചതാണന്നു പറയാന്‍ മടിയില്ലാത്തവര്‍ തന്നെയാണ് അയ്യപ്പന് വിഷ്ണുവിന്റെ തുട പിളര്‍ന്നു ജന്മംകൊണ്ടതാണെന്നു പറയുന്നത്. ശ്രീകൃഷ്ണന് 5000 വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന ആളാണെന്ന ചരിത്രം വസ്തുനിഷ്ഠമായി പഠിക്കാന്‍ ഇനി കഴിയില്ലെന്ന് അവര്‍ക്കറിയാം. എന്നാല്‍, അയ്യപ്പന്റെ കാലഘട്ടത്തിന് കേവലം 900 വര്‍ഷമേ പഴക്കമുള്ളൂ. ഇനിയും ശാസ്ത്രീയമായി പഠിക്കാന്‍ തെളിവുകള്‍ അവശേഷിക്കുന്ന ചരിത്രമാണ് അയ്യപ്പചരിതം. ആ ചരിത്രം ഐതിഹ്യവത്കരിക്കപ്പെടുന്നതിനു കാരണം തത്പരകക്ഷികളുടെ നിലനില്‍പ്പ് തന്നെയാണ്.
ഭാഷയുടെ സ്വാധീനവും ഇത്തരം നീക്കങ്ങളില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ബുദ്ധന് പാലി ഭാഷ പ്രചരിപ്പിച്ചത് സംസ്കൃതത്തിന്റെ കുത്തക ഇല്ലാതാക്കാനുദ്ദേശിച്ചാണെന്ന് ചരിത്രാന്വേഷികള്ക്കറിയാം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജകളും മന്ത്രങ്ങളുമൊക്കെ നടത്തുന്നത് തമിഴ് ഭാഷയിലാണ്. ദ്രാവിഡ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ സംഭാവനയാണത്. എന്നാല്‍, നമ്മുടെ പൈതൃകഭാഷയെക്കുറിച്ച് തീരെ ബഹുമാനമില്ലാത്തവര്ക്കും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും പോലും പൂജാരിയോ മന്ത്രവാദിയോ ആരുമായിക്കൊള്ളട്ടെ, അവര്‍ ഉരുവിടുന്ന വേദഭാഷ സ്വീകാര്യം-ഓമ്പ്രാ! അവര്‍ ഉരുവിടുന്നതിന്റെ അര്‍ത്ഥം ചോദിച്ചാല്‍ നമ്രശിരസ്കരായി കൈകൂപ്പി നിന്നു കേട്ട ഇക്കൂട്ടര്ക്കറിയുമോ?

നിലയ്ക്കല്‍ ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് 13-ാം നൂറ്റാണ്ടിലെ രണ്ടു വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അവയുടെ നിര്‍മ്മാണരീതിയിലും മറ്റും ബ്രാഹ്മണ സ്വാധീനം തീരെയില്ല എന്നു കാണാം. പക്ഷേ, ഏതൊരു സര്‍ക്കാരും അതിന്റെ പുരാവസ്തു മൂല്യമെങ്കിലും മനസ്സിലാക്കിയതായി തോന്നുന്നില്ല. അല്ലെങ്കില്‍ ഇന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആ ചരിത്രശേഷിപ്പുകള്‍ കിടക്കുമായിരുന്നില്ലല്ലോ. ക്ഷേത്രത്തിലെ പഴയ തൂണുകളും മറ്റും നവീകരണത്തിന്റെ പേരില്‍ നശിപ്പിച്ചു. ആ നശിപ്പിക്കലില്‍ മല അരയരുടെ പാരമ്പര്യങ്ങളുണ്ട്. അത്തരം നശിപ്പിക്കലുകളോട് ചരിത്രവും കാലവും പൊറുക്കില്ല. കേവല വിശ്വാസത്തിനും ഐതിഹ്യപ്പെരുമയ്ക്കും വേണ്ടി അലയാതെ ചരിത്രത്തെ ഉള്‍ക്കൊണ്ട് വേരുകള്‍ അന്വേഷിക്കുകയാണു വേണ്ടത്. ചവറ്റുകുട്ടയില്‍ എറിയപ്പെടുന്നതുകൊണ്ട് ചരിത്രം ചരിത്രമല്ലാതാവില്ല.
ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍ കരിമലയിലും പൊന്നമ്പലമേട്ടിലും കൊതകുത്തി പാറയിലും നിലയ്ക്കലിലും തലപ്പാറമലയിലുമുണ്ട്. സംരക്ഷിക്കാനുള്ളവര്‍ വരേണ്യവര്ഗ്ഗത്താലും ഭരണവര്ഗ്ഗത്താലും ആട്ടിയോടിക്കപ്പെട്ടതു മൂലം കാനനമധ്യത്തില്‍ നാശോന്മുഖമാണതെല്ലാം. ബോധപൂര്‍വം ഈ ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതു മൂലം പുതിയ ആചാരങ്ങളും വിശ്വാസങ്ങളും അടിച്ചേല്‍പ്പിക്കാമെന്നാണ് അവരുടെ വൃഥാമോഹം. ശിലയിലോ ലോഹത്തിലോ തീര്‍ത്ത വിഗ്രഹങ്ങള്‍ തച്ചുടയ്ക്കുകയോ കുഴിച്ചിടുകയോ ചെയ്തതുകൊണ്ട് ഒരു സംസ്കൃതിയെയോ പാരമ്പര്യത്തെയോ അതിന്റെ പിന്മുറക്കാരുടെ അനുഷ്ഠാനങ്ങളെയോ അവര്‍ക്കു കുഴിച്ചിടാനാവില്ല.

ശബരിമല ക്ഷേത്രത്തില്‍ 1942-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എടുത്ത ചിത്രം വളരെ പ്രസക്തമാണ്. ചിത്രത്തില്‍ കാണുന്ന ശബരിമലയ്ക്ക് ഇന്നത്തെ ശബരിമലയുമായി യാതൊരു ബന്ധവുമില്ല. അതിനും അര നൂറ്റാണ്ടു പിന്നിലേക്ക് ചിന്തിച്ചുനോക്കുക. കൊടുംകാടിനുള്ളിലെ ആ ക്ഷേത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ മല അരയരുടെ കൈവശമിരുന്നിരുന്ന ശബരിമല. കാട് എന്നതിലുപരി നിറയെ പുരത്തറകളും കല്ലറകളും അവിടെയുണ്ടായിരുന്നു. ചരിത്രാന്വേഷകനായ സാമുവല്‍ മറ്റീറിന്റെ എഴുത്തുകളില്‍ ഇതു വ്യക്തമാണ്. ഇത്തരം പുരത്തറകളും ശിലാഫലകങ്ങളുമൊക്കെ ശബരിമല ക്ഷേത്രത്തോട് അനുബന്ധിച്ചു മാത്രമല്ല, ഞങ്ങള്‍- മല അരയര്‍- അവകാശപ്പെടുന്ന പതിനെട്ടു മലകളിലുമുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പുരാവസ്തു വകുപ്പോ ജിയോളജി വകുപ്പോ തയ്യാറുണ്ടോ? ഉണ്ടാവില്ലെന്നറിയാം. ചരിത്രം മൂടിവച്ചിട്ട് അതിനു മേലേ നിന്ന് ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ഉച്ചൈസ്ഥരം ഘോഷിക്കുന്ന വരേണ്യവര്‍ഗ്ഗത്തിന്റെയും അധികാരിവര്ഗ്ഗത്തിന്റെയും പിണിയാളുകളാണല്ലോ എല്ലാ വകുപ്പുകളും.
ശബരിമലയിലെ ആദ്യകാല പൂജാരിമാരായ അരയന്മാര് താമസിച്ചിരുന്നത് കരിമലയിലാണ്. ഈ പ്രദേശം പരിശോധിച്ചാല്‍ അറിയാം, വളരെ ഉന്നത നിലവാരമുള്ള ജീവിതമായിരുന്നു അവരുടേതെന്ന്. വെട്ടുകല്ലുകൊണ്ടായിരുന്നു അവര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. അന്നത്തെക്കാലത്ത് വെട്ടുകല്ല് കൊത്തി ചെത്തിയെടുത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക എന്നത് ഏറെ ശ്രമകരവും ചെലവേറിയതുമായ കാര്യമായിരുന്നു എന്നിരുന്നാലും അതിനു സാധിച്ചു എന്നത് അന്നത്തെ നാഗരികതയുടെ വലിയ തെളിവായി കണക്കാക്കാം.
മല അരയ സമുദായത്തിന്റെ അധീനതയില്‍ ശബരിമല ക്ഷേത്രം ഉണ്ടായിരുന്ന സമയത്ത് പൂജാരിമാരും അവരുടെ കുടുംബങ്ങളും താമസിച്ചിരുന്നത് കരിമലയില്‍ ആയിരുന്നു. കരിമലയില്‍ ഇപ്പോഴും മല അരയരുടെ ശവകുടീരങ്ങള്‍ ഉണ്ട്. പില്ക്കാലത്ത് വരേണ്യവര്‍ഗ്ഗ അധിനിവേശത്തെത്തുടര്‍ന്ന് ഓടിപ്പോകേണ്ടിവന്ന മല അരയര്‍ തൊടുപുഴയിലും മുള്ളരിങ്ങാട്ടുമൊക്കെ താമസമാക്കിയിരുന്നു. കോര്‍മന്‍ എന്ന ശബരിമല പൂജാരിയുടെ പിന്‍ഗാമിയായ ആദിത്യന് നൂറ്റിപ്പത്ത് വയസ്സ് വരെ ജീവിച്ചിരുന്നു. അദ്ദേഹത്തോട് ഈ ലേഖകന്‍ നേരിട്ടു സംസാരിച്ചിട്ടുണ്ട്. കരിമലയിലെ ബാല്യകാലം നിറകണ്ണുകളോടെയാണ് അദ്ദേഹം എന്നോടു വിവരിച്ചത്.
(ശബരിമല വിഷയവുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി വേദികളില്‍ സജീവമായിരിക്കുന്ന പി.കെ.സജീവുമായി ഒന്നിപ്പ് മാസിക പ്രതിനിധി നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന് പ്രസക്തമായവ ചേര്‍ത്ത് തയ്യാറാക്കിയത്.)