Image

കിടിലന്‍ ബ്രേക്കിങ്ങ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയിലെ ജയിലിലടക്കപ്പെടുന്നവര്‍ തകര്‍ക്കുന്നത് ജയില്‍ മാത്രമല്ല. സ്റ്റേറ്റിന്‍റെ അധികാരങ്ങളെയും ദേശത്തിന്‍റെ അതിര്‍ത്തികളെയും ദേശീയതയെയും ആണ്. പൊതുബോധ മൊറാലിറ്റികളെയും ജയില്‍ സിസ്റ്റം എന്ന സങ്കല്പത്തെയും ഒരു കൂട്ടം ‘കുറ്റവാളികള്‍’ തകര്‍ത്തു പറക്കുകയാണ്. രൂപേഷ് കുമാര്‍ എഴുതുന്നു. 

“ഞങ്ങള്‍ അവതരിപ്പിക്കുന്ന കഥ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” എന്നു ഒരു തമാശ പോലെ ചെമ്പന്‍ വിനോദിന്‍റെ കള്ളന്‍ ദേവസ്സി പറഞ്ഞു കൊണ്ടാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയിലെ ജെയില്‍ ബ്രേക്കിങ് ഓപ്പറേഷന്‍ ആരംഭിക്കുന്നത്. ബ്രിട്ടീഷുകാരില്‍ നിന്നു ഇന്ത്യന്‍ ജാതി വംശീയ സവര്‍ണ്ണതയിലേക്ക് കൈമാറിയെ സ്വാതന്ത്ര്യത്തില്‍  രാഷ്ട്രീയവും ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും ഭരണകൂടവും ഭരണഘടനയും സൃഷ്ടിച്ചെടുത്ത ജയില്‍സിസ്റ്റത്തെ കൂള്‍ ആയി ട്രോളിക്കൊണ്ടാണ് കള്ളന്‍ ദേവസ്സി ഒരു സെല്ലില്‍ നിന്നു കൊണ്ട് അങ്ങനെ പറയുന്നത്. യാതൊരു പൊതുബോധ മൊറാലിറ്റിയും ഇല്ലാതെ, ആക്റ്റിവിസ്റ്റ് ഭാരങ്ങളില്ലാതെ, പൊളിറ്റിക്കല്‍ തിയറിയുടെ, കറക്ട്നസ്സിന്‍റെ ഭാരം ഇല്ലാതെ ‘വിയര്‍ത്ത’ ഒരു ബംഗാളിയെ ദേവസ്സി കെട്ടിപ്പിടിച്ചു “സാറിനിതൊന്നും അറിയാത്തത് പോലെ” എന്നു പോലീസുകാരെയും കബളിപ്പിച്ചു ജയിലില്‍ തുരങ്കം തീര്‍ത്ത് പൊളിച്ച് പുറത്തു കടക്കുന്ന ഒരു കൂട്ടം കുറ്റവാളികള്‍. അവര്‍ ജയിലിനെയും രാഷ്ട്രത്തെയും ദേശീയതയെയും പൊളിച്ച് ദേശീയതയുടെ സകല അതിര്‍ വരമ്പും പൊളിച്ച് ഒരു ബോട്ടില്‍ കടലില്‍ വേറെ ദേശങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. അതിനിടയില്‍ ജയിലിന്നകത്തു വെച്ചു തന്നെ ഒരു പട്ടാളക്കാരനെ നല്ല ചാമ്പ് ചാമ്പുകയും ചെയ്യുന്നുണ്ട്.  മലയാള സിനിമ അടുത്ത കാലത്ത് കണ്ട, സമൂഹത്തിലെ വിവിധ ഭരണകൂട രൂപങ്ങളോടെ ഒരു കൂട്ടം  തടവുകാര്‍ നടുവിരല്‍ കാണിച്ചു  അരുക്കാക്കിയ  സിനിമയാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’.  

സംഘപരിവാര്‍/ആര്‍.എസ്.എസ്. രാഷ്ട്രീയത്തിന്‍റെ ആള്‍ക്കൂട്ട ആക്രമത്തിന്‍റെ ഇടയില്‍പ്പെട്ടാണ് ജേക്കബ്ബും ബെറ്റിയും വേര്‍പിരിയേണ്ടതായി വരുന്നത്. സംഘപരിവാര്‍/ആര്‍.എസ്.എസ്. ആക്രമത്തില്‍ നിന്നു രക്ഷപ്പെട്ടു ബെറ്റി ചോരയോലിപ്പിച്ച് കയറിച്ചെല്ലുന്നത് ഒരു  ഭ്രാന്താശുപത്രിയുടെ വാഹനത്തിലേക്കാണ്. അറിയാത്ത ഭാഷയും ചോരയും ആക്രമത്തിനിരയായതുമെല്ലാം  ചേര്‍ത്ത് ബെറ്റിയും ഭ്രാന്തിയാക്കപ്പെടുകയാണ്. സ്റ്റേറ്റിന്‍റെ ഉപകരണമായ ഭ്രാന്താശുപത്രിയിലെ പൊള്ളത്തരമാണ് ബെറ്റിയെ ഭ്രാന്തിയാക്കി മാറ്റുന്നത്. അത് പിന്നെ ബെറ്റിക്ക് ജയില്‍ ആയി മാറുകയാണ്. അതേ സമയം ഗിരിജന്‍ എന്ന ജയില്‍പ്പുള്ളി ജയിലിനകത്ത് ഭ്രാന്ത് രസകരമായി ‘ഉപയോഗിച്ച്’ ജയില്‍ എന്ന സ്റ്റേറ്റ് സിസ്റ്റത്തെ തന്നെ കബളിപ്പിക്കുന്നുണ്ട്. ജയിലിലെ വാര്‍ഡന്മാരേയും പറ്റിച്ച് ഗിരിജന്‍ നന്നായി ശാപ്പാടടിക്കുന്നുണ്ട്. ജേക്കബിന്‍റെയും കൂട്ടരുടെയും ജയില്‍ചാടല്‍ ഓപ്പറേഷനെ സഹായിക്കാന്‍ അയാളുടെ 'ഭ്രാന്ത്' പലപ്പോഴും രസകരമായി  ഉപയോഗിക്കുന്നുമുണ്ട്. ജയില്‍ പൊളിക്കാന്‍ തുനിഞ്ഞിറങ്ങിയ ഈ കൂട്ടത്തിന് ഭ്രാന്ത്, മൊറാലിറ്റി, കഞ്ചാവ്, വയലന്‍സ്, ബന്ധങ്ങള്‍ എന്നതൊന്നും വലിയ കാര്യമൊന്നുമല്ല. അവര്‍ അതിനെ പലപ്പോഴും തിരിച്ചും മറിച്ചും ഉപയോഗപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നുമുണ്ട്. ഒന്നിലും കൃത്യമായ നേര്‍രേഖയില്‍ പോകാത്ത ഈ മനുഷ്യര്‍ ജയില്‍ ചാടി സ്വാതന്ത്ര്യത്തിന്‍റെ ലോകത്തിലേക്കെത്താന്‍ എന്തു വയലന്‍സിനും തയ്യാറാണ് താനും.

ബെറ്റി എന്ന പെങ്കുട്ടിയോട് നിരന്തരം അക്രമം കാണിച്ച പോലീസുകാരനെയാണ് ജേക്കബ് കൊല്ലുന്നത്. പോലീസും യൂണിഫോമും അധികാരവും എല്ലാം ഉള്ള ഭരണകൂടത്തിന്‍റെ പോലീസിങ്ങ് എന്ന പ്രതീക്ഷയില്‍ നില്ക്കുന്ന ഒരു സമൂഹത്തിന്‍റെ യൂണിഫോമിനെയാണ് ജേക്കബ് തട്ടിക്കളയുന്നത്. അത് അറിഞ്ഞ അവന്‍റെ കൂട്ടുകാരനായ ചാര്‍ളി എന്ന ഡ്രൈവര്‍ സ്വന്തം കമ്പനിയില്‍  നിന്നു പൈസയും മോഷ്ടിച്ചു തന്‍റെ അപ്പനെ തകര്‍ത്ത അതേ മൊതലാളിക്കിട്ട് പണി കൊടുത്തു മുങ്ങുകയാണ്. പലതരത്തിലുള്ള അധികാര വ്യവസ്ഥകളായും  ഭരണകൂടങ്ങളായും സ്ഥാപനങ്ങളായും അല്ലാതെയും നിലനില്ക്കുന്ന സമൂഹത്തിലെ മറ്റൊരു അധികാര വ്യവസ്ഥയാണ് പലിശ സ്ഥാപനങ്ങള്‍. അതിലെ ഡ്രൈവര്‍ ആയ ചാര്‍ളി കോടിക്കണക്കിനു രൂപ മോഷ്ടിച്ചു ആസ്ത്രേലിയയിലേക്ക് കടക്കുകയാണ്. അതേ സമയം ആ രാത്രി തന്നെയാണ് ജേക്കബ് പോലീസിനെയും കൊല്ലുന്നത്. ഇതിലെ ‘ക്രിമിനല്‍ വര്‍ഗ്ഗം’ മുക്കാലും പലതരം അധികാരങ്ങളുടെ കഴുത്തിന് കത്തി വെക്കുകയാണ്. ഈ സിനിമയില്‍ ഇത്തരം അപരരായ മനുഷ്യരുടെ വയലന്‍സുകളിലൂടെ പലിശ സ്ഥാപനങ്ങള്‍, ജയിലുകള്‍, പോലീസ് സിസ്റ്റം എല്ലാം വലിയ പ്രതിസന്ധിയിലാകുന്നുണ്ട്. സിനിമയുടെ തുടക്കം തന്നെ ഒരു പോലീസ് ജീപ്പിന്‍റെ ചില്ലില്‍ ബൈക്കിന്‍റെ പുകക്കുഴല്‍ തെറിച്ചു കുത്തിത്തകരുന്ന സീനിലൂടെയാണ്. യാതൊരു ഗ്രാമറുമില്ലാത്ത ഷോട്ടുകളിലൂടെയും എഡിറ്റിങ്ങുകളിലൂടെയും കളര്‍പാറ്റേണുകളിലൂടെയും ഇത്തരം സീനുകള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നത് സിനിമയെ രസകരമാക്കുന്നുണ്ട്. ജേക്കബ് എന്ന കുറ്റവാളിക്കു വേണ്ടി നെട്ടോട്ടമോടുന്ന പോലീസിന്‍റെ ദുര്‍ബലമായ രീതികളുമാണ് പിന്നീട് കാണാന്‍ കഴിയുന്നത്. 

പൊതുബോധ മൊറാലിറ്റിയുടെ ചപ്പടാച്ചി ലോജിക്കുമില്ലാത്ത വയലന്‍സാണ് ഉദയനും  ജേക്കബ്ബും എന്ന രണ്ടു തടവുകാര്‍ കോട്ടയം സബ് ജയിലില്‍ കാണിക്കുന്നത്. പോലീസിനും ജയിലിനും അപ്പുറം അവരുടെ ഇടയില്‍ ഒരു മൌസ് ആന്‍റ് കാറ്റ് അധികാരത്തിന്‍റെയും വയലന്‍സിന്‍റെയും  കളി നടക്കുന്നുണ്ട്. ജയില്‍ എന്ന സിസ്റ്റത്തെ തകര്‍ത്തു  രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജേക്കബിന് പാരലല്‍ ആയി ഉദയന്‍റെ വയലന്‍സും പ്രതികാരവും നേരിടേണ്ടി വരുന്നു. ഉദയന്‍, സിനിമയുടെ തുടക്കത്തില്‍, ജയില്‍ ചാടാന്‍ അതിഗംഭീരമായ ഒരു പ്ലാന്‍ ഇടുകയാണ്. പൊലീസുകാരെ അടിച്ചു തകര്‍ത്തു കൊണ്ട് മതിലില്‍ കയര്‍ കെട്ടി രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നു. പോലീസുകാരുമായുള്ള ഉദയന്‍റെയും സംഘത്തിന്‍റെയും സംഘര്‍ഷത്തിന്‍റെ ഇടയില്‍ ജേക്കബ്ബും രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നു. ആ ശ്രമം പൊളിയുമ്പോള്‍ ജേക്കബ് ഉദയനെ ഒറ്റു കൊടുത്ത് നല്ല പിള്ള ചമഞ്ഞ്പോലീസിനെ തന്നെ പറ്റിക്കുന്നു. ഉദയനും സംഘവും പൊലീസുകാരെ നല്ല ചാമ്പ് ചാമ്പുന്നുണ്ട്. അതി ഭീകരമായ മര്‍ദ്ദനം ഉദയന്‍ നേരിടുമ്പോഴും അയാളുടെ ഉള്ളിലെ തിളപ്പും വയലന്‍സും  ഒട്ടും അടങ്ങുന്നില്ല. മനുഷ്യന്‍റെ സര്‍വൈവലിനും സ്വാതന്ത്ര്യത്തിനുമുള്ള  ചോതനയ്ക്ക് ഈ തടവുപുള്ളികള്‍ക്ക് യാതൊരു വിധ മൊറാലിറ്റിയിലും  താങ്ങിക്കിടക്കാതെ പോലീസിനോട് വയലന്‍സ് കാണിക്കുകയും, തിരിച്ചു ആക്രമങ്ങള്‍ നേരിടുമ്പോള്‍  അതിനെ മറികടക്കുകയും പരസ്പരം ചതിക്കുകയും ഒക്കെ ചെയ്യുന്ന ജൈവീക മാനസികാവസ്ഥകളുടെ ആഘോഷമാകുന്നുണ്ട് ഈ സിനിമ. 

പൊതുവേ ഇന്ത്യ ജയിലുകളില്‍ ഏറ്റവും അധികം നിറയ്ക്കപ്പെട്ടത് മുസ്ലീങ്ങളും ദളിതരും ആയ അപര കീഴാള ജീവിതങ്ങളിലൂടെ ആണെന്നുള്ള യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം. ഇന്ത്യയിലെ അക്കാദമിക് മേഖലകളില്‍ സംവരണത്തിന്‍റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതു കൊണ്ടാണ് ഹാനി ബാബുവിനെ പോലുള്ളവര്‍ ജയിലില്‍ അടക്കപ്പെട്ടത്. മുസ്ലീങ്ങള്‍ക്കെതിരെ ഭൂരിഭാഗം യു.എ.പി.എ. കള്‍ അടിച്ചേല്‍പ്പിക്കുന്നതും അവര്‍ മുസ്ലീങ്ങള്‍ ആയതു കൊണ്ടാണ്. ഈ സിനിമയിലും കീഴാളരും കുടിയേറ്റ തൊഴിലാളികളും പൊതുസമൂഹത്തില്‍ അപരവല്ക്കരിക്കപ്പെട്ടവരും തന്നെയാണ് ‘കുറ്റവാളികള്‍’. പക്ഷേ ‘കൂട്ടം’ എന്ന വ്യവസ്ഥ ഇവര്‍ക്കാര്‍ക്കും വലിയ കാര്യമായിട്ടൊന്നും സ്വയം തോന്നുന്നില്ല. വിനായകന്‍ അവതരിപ്പിക്കുന്ന സൈമണ്‍ എന്ന കഥാപാത്രം തന്നെ അതിനു വലിയ ഉദാഹരണം. സൈമണ്‍ ജയിലിലെ ഒരു സെല്‍ തന്നെ അടക്കി ഭരിക്കുന്നുണ്ട്. തന്‍റെ ധാര്‍ഷ്ഠ്യവും ചങ്കൂറപ്പും കൊണ്ട് പൊലീസുകാരെ വിരട്ടുന്നുണ്ട്. തനിക്ക്  കുടുംബത്തോടൊപ്പം ഈ നാട്ടില്‍ നിന്നു രക്ഷപ്പെടാന്‍ എന്തു ചെയ്യാനും സൈമണ്‍ തയ്യാറാണ്. ജേക്കബിന്‍റെ ജെയില്‍ ബ്രേക്കിങ്ങിന്‍റെ ആക്ഷന്‍ പ്ലാനില്‍ വിശ്വാസം ഇല്ലാത്ത സൈമണ്‍, ജേക്കബുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ജയിലില്‍ കഞ്ചാവ് കൊണ്ടുവന്ന് വലിച്ച് ഒരു അധികാര വ്യവസ്ഥയെയും മൈന്‍റ് ചെയ്യാതെ പോകുന്നുണ്ട്. വിനായകന്‍ ഒരിക്കല്‍ ആ ജയിലില്‍ നിന്നും മറ്റൊരു ജയിലിലേക്ക് മാറ്റപ്പെട്ടു. രണ്ടാമത് അതേ ജയിലിലേക്കുള്ള സൈമന്‍റെ തിരിച്ചു വരവിലെ ലോ ആംഗിള്‍  സ്ലോ മോഷന്‍ ഷോട്ടില്‍ ആ ജയിലിനെ തന്നെ ഒന്നുമല്ലതാക്കുന്ന വൈബ്രേഷന്‍ ഉണ്ടാക്കുന്നുണ്ട്. രമേഷ്, രാജേഷ് എന്ന ഇരട്ടകളായ സഹോദരങ്ങള്‍ കഞ്ചാവ് കടത്തി എന്ന കള്ളക്കേസില്‍ പെട്ടാണ് ജയിലിലെത്തുന്നത്. അവര്‍ ജയില്‍ പൊളിക്കാന്‍ ആഗ്രഹിച്ചു കൊണ്ടു തന്നെയാണ് തിരിച്ചടിക്കാന്‍ ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ അടിച്ചവനെ തിരിച്ച് ഇരുമ്പു കമ്പി  കൊണ്ട് കുത്തി ജയിലില്‍ അകപ്പെട്ട ബംഗാളിയാണ് ഇവരുടെ ഓപ്പറേഷനില്‍ കൂടെ കൂടുന്നത്.. ജേക്കബിന്‍റെ അച്ഛനും അമ്മയും സി.എം.എസ്. കോളേജിലെ അദ്ധ്യാപകരാണെന്ന് കേള്‍ക്കുമ്പോള്‍ ജയിലര്‍ക്ക്  സഹതാപമാണ്. ജേക്കബിനാണെങ്കില്‍ അമ്മാതിരി അധ്യാപക നന്മയുടെ തലമുറക്കൈമാറ്റത്തിലൊന്നും വലിയ  വിശ്വാസവും ഇല്ല, അത് അയാളുടെ വിഷയവുമല്ല. അത്തരത്തില്‍ അപരരായ ഒരു കൂട്ടം മനുഷ്യരുടെ തകര്‍ക്കലാണ് 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'. 

ദേശീയ പ്രസ്ഥാനം അടക്കമുള്ള മൂവ്മെന്‍റുകളിലൂടെ ഇന്ത്യക്ക്  അര്‍ദ്ധരാത്രിയില്‍ ലഭിച്ച സ്വാതന്ത്ര്യത്തില്‍ നിന്നു വളരെ വ്യത്യസ്തമാണ് ഈ സിനിമയിലെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍. പൊളിറ്റിക്കല്‍ തിയറികളിലൂടെയും ഫിലോസഫികളിലൂടെയും മൊറാലിറ്റികളിലൂടെയും ഇന്ത്യ നിര്‍മ്മിച്ചത് ഒരു ദേശരാഷ്ട്രമാണ്. ആ ദേശരാഷ്ട്രമാണ് ഇന്ന് ഹൈന്ദവീകതയുടെ ഭീകരതയിലേക്ക് ദിനംപ്രതി പോയിക്കൊണ്ടിരിക്കുന്നത്.  സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലുണ്ടായ സോഷ്യോ പൊളിറ്റിക്കല്‍ ആക്റ്റിവിസങ്ങളിലെ അധികാരങ്ങള്‍  സവര്‍ണ്ണതയിലും വംശീയതയിലും ബ്രാഹ്മണിസത്തിലും അടങ്ങിയ ഭരണകൂട വ്യവസ്ഥയിലേക്കാണ് വഴിതെളിച്ചത്. അത് ജയിലുകളെ നിലനിര്‍ത്തി. കീഴാളരായ കുറ്റവാളികളെ വീണ്ടും വീണ്ടും ‘നിര്‍മ്മിച്ചു’.  ഇപ്പോഴും ഇവിടത്തെ പുരോഗമനമെന്നും  കീഴാളമെന്നും പറയുന്നതും ആക്റ്റിവിസ്റ്റ് സ്പെസുകള്‍ അടക്കം സോഷ്യല്‍ മൊറാലിറ്റിക്ക് കൂടെ നില്‍ക്കാത്തവരെ കുറ്റവാളികളായി പ്രഖ്യാപിച്ചു ജയിലില്‍ അടക്കാനാണ് ആഹ്വാനംചെയ്യുകയും ആക്രോശിക്കുകയും ചെയ്യുന്നത്. പക്ഷേ ജയിലില്‍ ആകുന്നത് കീഴാളര്‍, മുസ്ലീങ്ങള്‍, ചേരിനിവാസികള്‍, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയ അപരസമൂഹങ്ങളാണ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയിലേതും ഇത്തരം ‘പുരോഗമന സമൂഹങ്ങള്‍ക്ക്’ പുറത്തുനില്ക്കുന്ന അപരരായ ‘കുറ്റവാളികളാണ്’. ഇവര്‍  പുരോഗമന സമൂഹത്തിന്‍റെ ദേശം, രാജ്യം, ദേശീയത എന്നൊക്കെയുള്ള  ജയിലുകള്‍ തകര്‍ത്ത് പറക്കുകയാണ്.


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image