Image

തദ്ദേശീയജനത നശിപ്പിക്കപ്പെട്ട ചരിത്രം സ്വയം വീണ്ടെടുക്കണം

 ഒന്നാം ഭാഗം ഇവിടെ വായിക്കാം

 

ദലിത് ബന്ധു എന്ന പേരില്‍ തന്നെയാണോ താങ്കള്‍ എഴുതി തുടങ്ങിയത്?  ആ പേര് താങ്കള്‍ സ്വയം സ്വീകരിച്ചതാണോ...?

എന്‍.കെ.ജോസ് എന്ന ഞാന്‍ ദലിത് ബന്ധു എന്ന പേര് സ്വയം സ്വീകരിച്ചതല്ല. 1991-ല്‍ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ കോട്ടയത്തെ തിരുനക്കര മൈതാനത്ത് ക്ഷണിച്ചുവരുത്തി ദലിത് ബന്ധു എന്ന നാമം എനിക്ക് തരികയായിരുന്നു. അന്നു മുതലാണ് ഞാന്‍ ഈ പേരു സ്വീകരിക്കാന്‍ തുടങ്ങിയത്. പോള്‍ ചിറക്കരോട്, കല്ലറ സുകുമാരന്‍ തുടങ്ങിയവരാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ദലിത് ബന്ധു എന്ന പേരില്‍ ഞാന്‍ ഒരുപാട് എഴുതിയിട്ടുണ്ട്. ഈ പേരില്‍ അറിയപ്പെടാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നശിപ്പിക്കപ്പെട്ട ചരിത്രം വീണ്ടെടുക്കുന്നത് ഒരു വെല്ലുവിളിയല്ലെ. പഠനപരമായ അന്വേഷണങ്ങള്‍ എപ്രകാരമായിരുന്നു? സോഴ്സുകള്‍ എന്തെങ്കിലും ലഭ്യമായിരുന്നോ?

അന്ന്, കാണുന്ന ലൈബ്രറികളിലൊക്കെ പോകും. യാത്രകള്‍ ചെയ്യും, പഴയ ആളുകളെ ചെന്നു കാണും. കാര്യങ്ങളെ യുക്തിസഹമായി വിചിന്തനം ചെയ്യും ഇതെല്ലാമാണ് എന്‍റെ എഴുത്തിന്‍റെ വഴികള്‍. അനുഭവപാഠങ്ങള്‍ വലിയതാണ്. ഉദാഹരണമായി ദലിത് ക്രിസ്ത്യാനിയായ വി.ഡി.ജോണ്‍ തിരുവനന്തപുരത്ത് അയ്യന്‍കാളി ജോലി വാങ്ങിക്കൊടുത്ത ഒരാള്‍ ജീവിച്ചിരിപ്പുണ്ട് എന്നു പറഞ്ഞു. ഞാന്‍ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടു. അയാള്‍ക്ക് 99 വയസ്സ് പ്രായം. കണ്ണുകാണില്ല, ചെവി കേള്‍ക്കില്ല, ചോതി എന്നാണ് അദ്ദേഹത്തിന്‍റെ പേര്. അയാളുടെ പേരക്കുട്ടി പോലും റിട്ടയര്‍ ചെയ്തിരിക്കുന്നു. നാലഞ്ചു ദിവസം ഞാനവിടെ താമസിച്ചു. ഞങ്ങള്‍ രണ്ടുപേരും ശ്രമിച്ച് കുറേ വിവരങ്ങള്‍ ശേഖരിച്ചു. എക്സൈസില്‍ പ്യൂണ്‍ ആയിട്ടാണ് 5 രൂപ ശമ്പളത്തില്‍ അയ്യന്‍കാളിയുടെ ശുപാര്‍ശ പ്രകാരം ജോലികിട്ടിയത്. ആദ്യത്തെ പുസ്തകം ഞാന്‍ 'ചോതിയുടെ കുറിപ്പുകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അത് ഇപ്പോള്‍ ഏഴു പതിപ്പായി.

താങ്കള്‍ എഴുതുന്ന കാര്യങ്ങള്‍ വളരെ അപൂര്‍വ്വവും പലരും എത്തിപ്പെടാത്ത ചരിത്ര ഇടങ്ങളുമാണ്. അതുകൊണ്ട് ചോദിക്കട്ടെ, താങ്കളുടെ രചനകളില്‍ ഊഹാപോഹങ്ങള്‍ക്ക് ഇടമുണ്ടോ?

ഒരിക്കല്‍ ഞാന്‍ പബ്ലിക് ലൈബ്രറിയില്‍ പോയി മാങ്കൂറിന്‍റെ 'നേറ്റീവ് ഹിസ്റ്ററി, ക്രിസ്ത്യാനികള്‍ ട്രാവന്‍ കൂര്‍' എന്ന പുസ്തകം വായിച്ച് അടയാളപ്പെടുത്തി വച്ച് പോന്നു. പിന്നെ 10 കൊല്ലം കഴിഞ്ഞ് ചെല്ലുമ്പോള്‍ ആ പുസ്തകം ആ അടയാളം മാറാതെ അനങ്ങാതെ അങ്ങനെ തന്നെയിരിപ്പുണ്ട്. ആരും തൊട്ടിട്ടില്ല. ഇവിടെ പ്രശ്നം ഇതാണ്, യഥാര്‍ത്ഥത്തില്‍ ചരിത്രം അറിയേണ്ടവര്‍ അത് അന്വേഷിക്കുന്നില്ല. ആര്യന്‍ ആക്രമണത്തോടെ ഇവിടത്തെ ജനതയുടെ ചരിത്രങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധം നശിപ്പിക്കപ്പെടുകയും പകരം അസത്യങ്ങളും കള്ളക്കഥകളും കുത്തിനിറച്ച് ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പേരില്‍ സവര്‍ണ്ണരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പുനരവതരിപ്പിക്കപ്പെടുകയുമാണുണ്ടായത്. മാത്രമല്ല പട്ടണം ഗവേഷണം തുടങ്ങിയവയില്‍ നിന്നും അവര്‍ണ്ണരുടെ ചരിത്രങ്ങള്‍ പുറത്തുവരുമെന്ന് കണ്ടപ്പോള്‍ അവ വീണ്ടും കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങിനെ വീണ്ടെടുക്കാന്‍ സാധിക്കാത്ത വിധം നശിപ്പിക്കപ്പെട്ട ചരിത്രങ്ങള്‍ തെരഞ്ഞുപോകുമ്പോള്‍ പലപ്പോഴും എന്‍റെ തെളിവുകള്‍ യുക്തികളാണ് രേഖകളല്ല. അത് അസത്യമാണെന്ന് തെളിയിക്കാന്‍ ബാദ്ധ്യതയുള്ളവരുണ്ടെങ്കില്‍ തെളിയിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. അതുതന്നെയാണ് വേണ്ടതും. പിന്നെ, ഞാന്‍ എഴുതുന്ന ഓരോ പുസ്തകത്തിലും പ്രതിപാദിക്കുന്ന വിഷയങ്ങള്‍ക്ക് ആധാരമായ ഗ്രന്ഥസൂചികകള്‍ ഞാന്‍ കൃത്യമായി നല്‍കാറുണ്ട്. ക്ഷത്രിയരെ ഒന്നാകെ കൊന്നൊടുക്കിയ പരശുരാമന്‍ തന്‍റെ മഴുവെറിഞ്ഞ് സമുദ്രത്തില്‍ നിന്നും പുറത്തെടുത്ത് ബ്രാഹ്മണര്‍ക്ക് ദാനംചെയ്തതാണ് കേരളം എന്നതാണ് ഇവിടത്തെ സവര്‍ണ്ണചരിത്രം. അപ്പോള്‍ എങ്ങനെയാണ് കേരളത്തിലെ രാജാക്കന്മാര്‍ ക്ഷത്രിയരാവുന്നത്? ഇത് ഒരു പൊരുത്തക്കേടല്ലേ? ഞാനിതിനെയെല്ലാം യുക്തികൊണ്ട് ചോദ്യംചെയ്യുന്നു. അതെങ്ങനെയാണ് ഊഹാപോഹങ്ങളാകുന്നത്? ചരിത്രത്തില്‍ സവര്‍ണ്ണപക്ഷ പുകഴ്ത്തലുകളും രേഖപ്പെടുത്തലുകളും മാത്രം നടന്നപ്പോള്‍ മറുപക്ഷത്തെ നിശ്ശബ്ദമാക്കിയിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമായി നമ്മള്‍ ഇനിയെങ്കിലും കാണണം. ഇവിടെ കീഴാളനും കാണണമല്ലോ ഒരു ചരിത്രവും സംസ്കാരവും. അഥവാ അങ്ങനെയൊന്നില്ലെങ്കില്‍ അതില്ലാതെയാകാനും ഒരു കാരണമുണ്ടാകും. അതുകൂടി കണ്ടെത്തുമ്പോള്‍ മാത്രമേ ചരിത്രം പൂര്‍ണ്ണമാവുകയുള്ളൂ.

അങ്ങനെയെങ്കില്‍ ഇപ്പോഴുള്ള ചരിത്രത്തെ പുന:പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതില്ലേ? വളര്‍ന്നുവരുന്ന യുവജനത വളരെ അറിവും ദിശാബോധവുമുള്ളവരാണ്. ചരിത്രാന്വേഷണത്തിന്‍റെ ആവശ്യകതയെപ്പറ്റി അവര്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?

ഇവിടെ പട്ടണത്ത് ചില ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്തി. അതിപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്തുകൊണ്ട് നിര്‍ത്തി? ആരുമില്ല അന്വേഷിക്കാന്‍. പട്ടണത്തു നിന്ന് ലഭിച്ച വിവരങ്ങള്‍ ബ്രാഹ്മണര്‍ ഇവിടെ വരുന്നതിന് 900 വര്‍ഷം മുമ്പുണ്ടായിരുന്നവരുടെ സംസ്കാരത്തെ പറ്റിയുള്ളതാണ്. ബി.സി. 300/350 കാലഘട്ടത്തില്‍ നടന്ന വ്യാപാരത്തെ പറ്റിയുള്ള തെളിവുകളാണ് കിട്ടിയിട്ടുള്ളത്. ബ്രാഹ്മണര്‍ ഇവിടെ വരുന്നത് എഡി 6 മുതല്‍ 9 വരെയുള്ള നൂറ്റാണ്ടുകളിലാണ് എന്നാണ് പണ്ഡിതാഭിപ്രായം. അതുകൊണ്ട് ബ്രാഹ്മണന് അത്തരം ഗവേഷണങ്ങള്‍ കൊണ്ട് വിശേഷമൊന്നുമില്ല. അതിനാല്‍ അത് അവസാനിപ്പിച്ച് അതൊരു വിനോദസഞ്ചാരകേന്ദ്രമാക്കുകയാണ്. അറിവുകള്‍ പുറത്തേക്ക് വിടുന്നില്ല. അത്തരം അറിവുകള്‍ ലോകത്തെ അറിയിക്കേണ്ട ബാദ്ധ്യത സ്വാഭാവികമായും പുതിയ തലമുറ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അവരുടെ ഗവേഷണവിഷയങ്ങളും പ്രവര്‍ത്തന മേഖലയും ഇത്തരം കാര്യങ്ങളിലാകണം എന്നാണ് ഞാന്‍ പറയുന്നത്.

നിലവിലെ ദലിത് രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ കാണുന്നു?

ദലിത് സംഘടനകളുടെ ഐക്യമുണ്ടാകാതെ ഒരു രക്ഷയുമില്ല. ദലിത് എന്നാല്‍ എന്താണെന്നും എങ്ങനെയാണെന്നും അറിയണം. കഴിഞ്ഞ ദിവസം ഒരു ബി.എസ്.പി. എം.പി. ബി.ജെ.പി.യില്‍ ചേര്‍ന്നു. അതെന്തുകൊണ്ടാണെന്നു വച്ചാല്‍ അവര്‍ക്കിടയില്‍ ബോധവത്ക്കരണം ഉണ്ടായിട്ടില്ല. മായാവതി നാലു പ്രാവശ്യം മുഖ്യമന്ത്രിയായതുകൊണ്ട് ദലിതരില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. മായാവതി കുറച്ചു പ്രതിമകള്‍ ഉണ്ടാക്കിവച്ചു എന്നല്ലാതെ ബോധവത്കരണം നടത്തിയിട്ടില്ല. അതു നടന്നാല്‍ മാത്രമേ ഈ സംഘടനകള്‍ ലക്ഷ്യം മനസ്സിലാക്കുകയും നിലനില്‍ക്കുകയും ചെയ്യുകയുള്ളൂ. ഇപ്പോഴും ദലിത് സംഘടനകളിലെ ആളുകളുടെ ലക്ഷ്യം എനിക്ക് സെക്രട്ടറിയാകണം, പ്രസിഡണ്ടാകണം,  കാര്യങ്ങള്‍ എന്‍റെ നേതൃത്വത്തിലായിരിക്കണം എന്നൊക്കെയാണ്. ജാതി സംഘടനകള്‍ അതിന്‍റെ ലക്ഷ്യങ്ങളിലേക്കുള്ള ചര്‍ച്ചകളിലേക്ക് ഒരിക്കലും കടന്നുവരുന്നില്ല. ഞാന്‍ ഈ രംഗത്തേക്ക് വരുമ്പോഴുള്ളതിനേക്കാള്‍ വായനയും ചിന്തയും അന്വേഷണവും ചര്‍ച്ചയും ഒക്കെ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. അത് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

ബോധവത്കരണം എന്നത് എവിടെ നിന്നാണ് തുടങ്ങേണ്ടത്?

ക്രിസ്ത്യാനികള്‍ക്ക് സണ്‍ഡേ ക്ലാസ് നല്‍കുന്നതുപോലെ നമ്മുടെ കുട്ടികള്‍ക്കും ഒരു ചരിത്രപഠന ക്ലാസ് ഉണ്ടാകണം. നമ്മുടെ സ്കൂളില്‍ പഠിപ്പിക്കുന്നതല്ല, മറ്റൊന്നാണ് ചരിത്രം എന്ന് അവരറിയണം. ഡി.എച്ച്.ആര്‍.എം.കാര്‍ അതു ചെയ്യുന്നുണ്ട്. മിക്കവാറും എന്‍റെ പുസ്തകങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഒരു ലക്ഷം പേരെങ്കിലും ഉണ്ട് അവര്‍. അവരിലൊരാള്‍ പോലും ഒരു തുള്ളി മദ്യം കഴിക്കില്ല. ഇതെങ്ങനെ സാധിക്കുന്നു? അതാണ് ബോധവത്കരണം. വാസ്തവത്തില്‍ ദലിതര്‍ക്കു പറ്റുന്ന ഏറ്റവും വലിയ നാശം മദ്യമാണ്. അതുപോലെ മറ്റുള്ള സംഘടനകളുടെയും യോഗങ്ങളിലൊക്കെ ചരിത്രം ചര്‍ച്ചചെയ്യണം, ശരിയായ ബോധവത്കരണം നടക്കണം.

ഇത്തരം ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ? അതിനായി എന്താണ് ചെയ്യേണ്ടത്?

തീര്‍ച്ചയായും തദ്ദേശീയരുടെ ചരിത്രം പാഠപുസ്തകങ്ങളില്‍ വരേണ്ടതു തന്നെയാണ്. എന്നാല്‍ പാഠപുസ്തകങ്ങളില്‍ ചേര്‍ക്കണമെങ്കില്‍ ചരിത്രമുണ്ടാകണം. നമ്മള്‍ ചരിത്രം കണ്ടെത്തിയിട്ടു വേണം ഇത് ചേര്‍ക്കണമെന്നു പറയാന്‍. എന്നാല്‍ അംബേദ്കറെയും അയ്യന്‍കാളിയേയും മറ്റും ഹിന്ദുമത പരിഷ്കരണവാദികളായിട്ടാണ് ചിത്രീകരിക്കുന്നത്. അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ജീവചരിത്രമെഴുതിയ ധനഞ്ജൈക്കീര്‍ ആദ്യപതിപ്പില്‍ പരാമര്‍ശിക്കാത്ത രീതിയില്‍ അദ്ദേഹത്തിന്‍റെ മരണശേഷം പുറത്തിറക്കിയ രണ്ടാം പതിപ്പില്‍ അംബേദ്കറെ ഹിന്ദുമതപരിഷ്കരണവാദിയാണെന്ന് പറഞ്ഞുവച്ചു. അതിനുള്ള മറുപടി ഞാന്‍ എഴുതിയിട്ടുണ്ട്.

ചരിത്രകാരന്മാര്‍ തദ്ദേശീയരുടെ വിഷയങ്ങള്‍ തമസ്കരിച്ചുവെന്ന് പറയുന്നത് ഒന്നു വിശദീകരിക്കാമോ?

കേരളത്തില്‍ ദലിത് വിഷയത്തെപ്പറ്റി എന്തെങ്കിലും ഒരു പരാമര്‍ശം ഏതെങ്കിലും ഒരു കൃതിയിലുണ്ടോ? നായരുടെയും ക്രിസ്ത്യാനിയുടെയും നമ്പൂതിരിയുടെയും അതുപോലുള്ള എല്ലാവരുടെയും രേഖകളുണ്ട്. എന്നാല്‍ 1950-നു മുമ്പുള്ള ഏതെങ്കിലും കൃതികളില്‍ ബ്രാഹ്മണര്‍ വരുന്നതിനു മുമ്പ് ഇവിടെയുണ്ടായിരുന്നവരും അതിനുശേഷം അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും നെല്ലുണ്ടാക്കി കൊടുക്കുയും എല്ലാം ചെയ്ത ആളുകളെപ്പറ്റി എവിടെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടോ?

അംബേദ്കറെ ഹിന്ദു പരിഷ്കരണവാദിയായി ചിത്രീകരിക്കുന്നതു പോലെ യഥാര്‍ത്ഥ ബുദ്ധധമ്മം ബ്രാഹ്മണവത്കരിക്കുന്നു എന്ന ആക്ഷേപമുണ്ടല്ലോ...?

ശരിയാണ്. ബുദ്ധനെപ്പറ്റി നമുക്ക് കിട്ടിയിരിക്കുന്ന അറിവ് ബുദ്ധിസം തെറ്റാണെന്ന് പ്രചരിപ്പിച്ചയാളുകള്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് ഡോ.അംബേദ്കര്‍ റംഗോണിലും മറ്റു പുറംനാടുകളിലും പോയി ബുദ്ധനെപ്പറ്റി പഠിക്കുന്നതും 'ബുദ്ധ ആന്‍റ് ഹിസ് ധമ്മ' എന്ന പു സ്തകം രചിക്കുന്നതും. അതും ഹിന്ദുക്കള്‍ എഴുതിയിരിക്കുന്ന പുസ്തകങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. നമ്മുടെ ചരിത്രം അങ്ങിനെയുള്ളതാണല്ലോ. ശാക്യ ഗോത്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഗോത്രമൂപ്പനായ ശുദ്ധോദനന് തൊട്ടടുത്ത കോളിയര്‍ ഗോത്രത്തില്‍ പെട്ട മായാദേവി (മഹാമായ)യില്‍ ഉണ്ടായ ആദിവാസി ശിശു ഗൗതമനെ (സിദ്ധാര്‍ത്ഥന്‍) ഒരു ഒറിജിനല്‍ ഇന്ത്യാക്കാരനെ ക്ഷത്രിയനാക്കിയവര്‍ക്ക്- വിദേശിയാക്കിയവര്‍ക്ക് അംബേദ്കറെ ഹിന്ദുവാദിയാക്കാനാണോ പാട്. എന്തുതന്നെയായാലും ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ശരിയായ അറിവിലൂടെയുള്ള പ്രതിരോധങ്ങളാണ് ഉണ്ടാകേണ്ടത്.

സിന്ധുനദീതട സംസ്കാരത്തെ തകര്‍ത്തത് ആര്യാധിനിവേശമാണെന്ന് പറയുന്നുണ്ടല്ലോ...?

ഋഗ്വേദത്തില്‍ ഇതെല്ലാം വളരെ വ്യക്തമായി പറയുന്നുണ്ട്. ശിശ്നാരാധകരെ നശിപ്പിക്കാന്‍ ഇന്ദ്രാ ഞങ്ങള്‍ക്ക് ശക്തിതരണമേ എന്നുള്ള അപേക്ഷകളാണ് അതിലുള്ളത്. ഇന്ദ്രന്‍ ആര്യനേതാവാണ്. അന്ന് സൈന്ധവരുടെത് ആധുനിക നഗരങ്ങളെപ്പോലും നാണിപ്പിക്കുന്ന സൗകര്യങ്ങളുള്ള നാഗരികസംസ്കാരമായിരുന്നു. പുരങ്ങളെ (നഗരങ്ങളെ) നശിപ്പിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ ഇന്ദ്രനെ പുരന്ദരന്‍ എന്ന് വിളിക്കുന്നുണ്ട് ഋഗ്വേദത്തില്‍. ആര്യന്മാര്‍ നശിപ്പിച്ചു എന്ന് പറയപ്പെടുന്ന ഹരിയുപ്പിയ സൈന്ധവരുടെ ഹാരപ്പയാണ്. ആക്രമിക്കപ്പെട്ട ജനത കറുത്തവരായിരുന്നുവെന്നും അവര്‍ സ്വത്തുക്കള്‍ ഉപേക്ഷിച്ച് ഓടിയെന്നും പറയുന്നുണ്ട്. ആര്യാക്രമണത്തിന്‍റെ തെളിവുകള്‍ ഇതൊക്കെയാണ്.

അങ്ങിനെയെങ്കില്‍ ആര്യാധിനിവേശം ഇന്ത്യയെ സാംസ്കാരികമായി തകര്‍ക്കുക മാത്രമല്ല, ശാസ്ത്രസാങ്കേതിക രംഗത്ത് നേടാമായിരുന്ന വളര്‍ച്ചകളെ മുരടിപ്പിക്കുക കൂടി ചെയ്തില്ലേ?

ശരിയാണ് ആര്യാധിനിവേശം ഇന്ത്യയുടെ സാംസ്കാരിക വളര്‍ച്ചയെ സ്വാഭാവികമായും മുരടിപ്പിച്ചു. ആര്യന്മാര്‍ ഇവിടെ വന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്ഥാനം ഗ്രീസിനും റോമിനുമൊക്കെ മുകളിലാകുമായിരുന്നു. ബ്രാഹ്മണര്‍ ഇവിടെയെത്തി സൈന്ധവരുടെ സംസ്കാരങ്ങളെയും ആചാരങ്ങളെയും ഐതിഹ്യങ്ങളും കെട്ടുകഥകളും മറ്റുമായി കൂട്ടിക്കലര്‍ത്തി അവരുടെതു മാത്രമാക്കിമാറ്റി. ആര്യന്മാരുടേത് ഗ്രാമീണസംസ്കാരമായിരുന്നു. രാമായണത്തിലോ മഹാഭാരതത്തിലോ ഒരു നഗരത്തെപ്പറ്റി പറയുന്നുണ്ടോ? ആകെയുള്ളത് രാജധാനികളാണ്. അതല്ലാതെ ഒരു നഗരമോ വ്യവസായകേന്ദ്രമോ ഒന്നും അവര്‍ക്കില്ലായിരുന്നു. ശാസ്ത്രീയമായോ സാങ്കേതികമായോ വളരേണ്ടതിനു പകരം കൂനിപ്പിടിച്ചിരുന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള വല്ലതും കുത്തിക്കുറിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല. അഥര്‍വ്വവേദമൊക്കെ സൈന്ധവരുടേതാണ്. അതിനെ അനുകരിച്ചാണ് ഋഗ്വേദം ഉണ്ടായത്.

താങ്കള്‍ പറയുന്നുണ്ടല്ലോ ക്രിസ് ത്യാനികളും ഇന്ത്യയിലെ തദ്ദേശീയ ജനവിഭാഗമാണെന്ന്. അങ്ങനെയെങ്കില്‍ ന്യൂനപക്ഷമായിരുന്നിട്ടും എന്തുകൊണ്ടാണ് അവര്‍ക്ക് സംവരണം ലഭിക്കാതെ പോയത്?

ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണസമിതിയില്‍ ക്രിസ്ത്യാനികളായി മൂന്നു പേരുണ്ടായിരുന്നു. ഡോ.രാജ്കുമാരി അമൃത്കൗര്‍, ഫാദര്‍: ജെറോം ഡിസൂസ, എ.ടി.പനീര്‍ശെല്‍വം അവരാണ് പറഞ്ഞത് തങ്ങള്‍ക്ക് സംവരണം വേണ്ട എന്ന്. പകരമായി അവര്‍ ആവശ്യപ്പെട്ടത് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്നാണ്. നെഹ്റു അത് അനുവദിച്ചുകൊടുക്കുകയും ചെയ്തു. ഇന്ത്യയിലെ ക്രിസ്ത്യാനികളിലെ 75 ശതമാനവും കണ്‍വര്‍ട്ടഡ് ക്രിസ്ത്യന്‍സാണ്. അവര്‍ സംസാരിച്ചത് 25 ശതമാനത്തിന്‍റെ കാര്യമാണ്. പോയത് മൊത്തത്തിലാണ്.

കേരളത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ഇത്ര സജീവമായിരുന്നിട്ടും അടിസ്ഥാനവിഭാഗത്തിന്‍റെ ചരിത്രം എന്തുകൊണ്ട് പുറത്തുവന്നില്ല?

ലോകത്തെ ഏറ്റവും അധികം പട്ടിണിക്കാരുള്ള രാജ്യമാണ് ഇന്ത്യ. ഇത്രയധികം പ്രകൃതിസമ്പത്തുള്ള ഇന്ത്യയിലെ പട്ടിണി ചൂഷകന്‍റെ സൃഷ്ടിയാണ്. ഇന്ത്യയിലെ സവര്‍ണ്ണരാണ് ആ ചൂഷകവര്‍ഗ്ഗം. എന്നാല്‍ കമ്യൂണിസം ഈ ജാതിസമ്പ്രദായത്തെ മനപ്പൂര്‍വ്വമായി അവഗണിച്ചു. ജാതിയെ നിഷേധിച്ചതിലൂടെ ഇന്ത്യയിലെ ദാരിദ്ര്യത്തെ തന്നെയാണ് അവര്‍ നിഷേധിച്ചത്. കമ്യൂണിസം വളര്‍ന്നാല്‍ ഇവിടെ ബ്രാഹ്മണിസം നഷ്ടപ്പെടുമെന്ന് മുന്‍കൂട്ടിക്കണ്ട അവര്‍ കമ്യൂണിസത്തെ ഹൈജാക്ക് ചെയ്തു. അങ്ങനെ ഇന്ത്യയില്‍ കമ്യൂണിസത്തിന്‍റെ കുത്തകക്കാര്‍ ബ്രാഹ്മണരായി. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരനായ ഇ.എം.എസ്. നമ്പൂതിരിപ്പാട്- 'ബഹുഭൂരിപക്ഷം നാട്ടുകാരേയും ബ്രാഹ്മണന് അടിമപ്പെടുത്തിയ ജന്മിസമ്പ്രദായത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ സ്വതന്ത്രമായ ഒരു സംസ്കാരവും ഭരണരീതിയും ഉളവായതും മലയാളികള്‍ ഒരു സ്വതന്ത്രസമൂഹമായി വളര്‍ന്നതും' എന്ന് എഴുതിയത്. എന്നാല്‍ ബ്രാഹ്മണന്‍ ജന്മിയായപ്പോള്‍ ഭൂമിനഷ്ടപ്പെട്ട് അടിമയായ കര്‍ഷകന് എങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടുന്നത്?

ആദിവാസികളും ദ്രാവിഡരും ഒരേ ജനവിഭാഗമാണെന്ന് താങ്കള്‍ പറയുന്നത് ഒന്നു വിശദീകരിക്കാമോ?

ആദിവാസികളും ദ്രാവിഡരും ഇപ്പോള്‍ രണ്ടാണ്. അവര്‍ തമ്മില്‍ ഒന്നായിരുന്ന ഒരു കാലമുണ്ട്. ആദിമകാലത്ത് ലെമൂരിയ അഥവാ ഗോണ്ട്വാന എന്ന ഭൂഖണ്ഡത്തിന്‍റെ ഭാഗമായിരുന്നു കേരളവും ആഫ്രിക്കയുമെല്ലാം. അവിടെ സുനാമി ഉണ്ടായപ്പോഴാണ് ആഫ്രിക്ക പിളര്‍ന്നു മാറിയത് എന്നുപറയുന്നുണ്ട്. അന്ന് തെക്കേ ഇന്ത്യയിലെ കരഭാഗത്ത് അവശേഷിച്ചവരാണ് ആദിവാസികള്‍. അതുകഴിഞ്ഞ് ഇന്‍ഡസ്വാലി സിവിലൈസേഷന്‍റെ കാലത്താണ് ദ്രവീഡിയന്‍സ് ഇവിടെ വന്നത്. ആര്യന്മാരുടെ ആക്രമണകാലത്ത് സൈന്ധവതടം വിട്ടോടിയവരില്‍ കരമാര്‍ഗ്ഗം വന്നവരും കടല്‍മാര്‍ഗ്ഗം കേരളത്തില്‍ എത്തിയവരും ഉണ്ടായിരുന്നു. കരമാര്‍ഗ്ഗം എത്തിയവര്‍ തലമുറകള്‍ കഴിഞ്ഞ് തമിഴകത്തും മറ്റുമുള്ള ആദിമനിവാസികളുമായെല്ലാം ഒരുപാട് കൂടിക്കലരലുകള്‍ക്ക് വിധേയമായാണ് ഇവിടെ എത്തിയത്. അവര്‍ ആദ്യം മലയോരപ്രദേശത്താണ് താമസമാക്കിയത്. അവരും ആദിവാസികളും ഇടകലര്‍ന്നാണ് ജീവിച്ചിരുന്നത്. കടല്‍ മാര്‍ഗ്ഗം എത്തിയവര്‍ ദ്രാവിഡതനിമ ഉള്ളവരായിരുന്നു. അവര്‍ തീരപ്രദേശങ്ങളില്‍ വാസമുറപ്പിച്ചു. പിന്നീട് ബ്രാഹ്മണരുടെ വരവോടെ അവരുമായുള്ള സംഘര്‍ഷഫലമായി ദ്രാവിഡരില്‍ ചിലര്‍ വനങ്ങളിലേക്ക് കുടിയേറി ഇപ്പോഴത്തെ ആദിവാസികളായി മാറിയിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്. ഈ ദ്രാവിഡരുടെയും ആദിവാസികളുടെയും പിന്‍മുറക്കാരാണ് കേരളത്തില്‍ ഇന്നുള്ള ബ്രാഹ്മണേതരായ ജനത.

ആദിവാസികളെ ഇപ്പോള്‍ വനവാസികളെന്ന് വിളിക്കുന്നുണ്ടല്ലോ?

ആദ്യം ഇവിടെയുണ്ടായിരുന്നവര്‍- വന്നവരായാലും നിന്നവരായാലും അവരാണെല്ലോ ആദിവാസികള്‍ അഥവാ ആദിമനിവാസികള്‍. എന്നാല്‍ ഇന്ന് വനവാസികള്‍ എന്ന പുതിയ പേര് അവര്‍ക്ക് നല്‍കുന്നത് അവരെ ആദിവാസികളല്ലാതാക്കാനാണ്. "ദയവായി ഞങ്ങളെ ആദിവാസികളെന്നു വിളിക്കുക" എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.ഗെയില്‍ ഓംവെദ് ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ഇപ്പോള്‍ ബ്രാഹ്മണര്‍ പറയുന്നത് അവരാണ് ഇവിടത്തെ ആദിവാസികളെന്നും മറ്റുള്ളവര്‍ കാട്ടിലേക്ക് പലായനം ചെയ്തുവെന്നുമാണ്. ഇത്തരം വിളികളെയും നീക്കങ്ങളെയും വളരെ കരുതലോടെ വേണം കാണാന്‍.

ദീര്‍ഘകാലമായി ചരിത്രരചനകളില്‍ മുഴുകുന്ന താങ്കള്‍ക്ക് ലഭിച്ചിട്ടുള്ള ആദരങ്ങളും പുരസ്കാരങ്ങളും എന്തെല്ലാമാണ്?

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ബഹുമതികളോ അംഗീകാരങ്ങളോ ഒന്നും കിട്ടിയിട്ടില്ല. അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണല്ലോ നമ്മുടെ ചരിത്രമെഴുത്ത്. ദലിത് സംഘടനകളും സാധാരണക്കാരുടെ കൂട്ടായ്മകളും ഒക്കെ നല്‍കുന്ന ആദരങ്ങളും പുരസ്കാരങ്ങളുമൊക്കെയാണ് ഇവിടെയുള്ളത്. അതെല്ലാം ഇവിടെ തുറന്നുവച്ചിരിക്കുകയാണ്. ഇങ്ങനെ വച്ചാല്‍ ആരെങ്കിലും എടുത്തുകൊണ്ടു പോകില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഞാന്‍ പറയും കൊണ്ടുപോയ്ക്കോട്ടെ. ഇവ കൊണ്ടുപോയിട്ട് ആര്‍ക്കും ഒരു വിശേഷവുമില്ല. പിന്നെ അവാര്‍ഡുകള്‍... വര്‍ഷങ്ങളായി ഇവിടെ എന്നെ കാണാന്‍ വരുന്നവരായ ഒട്ടനവധി കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സംഘടനാപ്രവര്‍ത്തകര്‍, മനുഷ്യസ്നേഹികള്‍... അങ്ങനെ നിരവധി പേരുണ്ട്. അവര്‍ നല്‍കുന്ന സ്നേഹം, പരിഗണന, ബഹുമാനം എന്നിവയെല്ലാം എല്ലാറ്റിനും മീതെയാണ്.
 

ഒന്നിപ്പിന്‍റെ വായനക്കാരോട്....?

മാധ്യമമില്ലാതെ നിലനില്‍പ്പില്ല. മറ്റുള്ളവരുടെയൊക്കെ മാധ്യമങ്ങളില്‍ നമുക്കൊരു കാര്യം പ്രസിദ്ധീകരിച്ചുകിട്ടണമെങ്കില്‍ വലിയപാടാണ്. പത്തു രാഷ്ട്രീയക്കാരു കൂടിയാല്‍ അത് പത്രവാര്‍ത്തയാകും. പക്ഷേ, ആയിരം ദലിതരൊത്തുകൂടി ഒരു ജാഥ നടത്തിയാല്‍ അതുണ്ടാവില്ല. അപ്പോള്‍ നമുക്ക് നമ്മുടേതായ ഒരു മാധ്യമസംവിധാനം വേണം. ആദ്യം മാസിക, പിന്നെ വീക്കിലിയും തുടര്‍ന്ന് ഡെയ്ലിയുമാക്കണം. എങ്കില്‍ മാത്രമേ നമുക്ക് നിലനില്‍ക്കാനൊക്കുകയുള്ളൂ. വിനോദം, വിജ്ഞാനം എന്നതില്‍ കവിഞ്ഞ് പല കാര്യങ്ങളും ഒന്നിപ്പ് മുന്നോട്ടുവക്കുന്നുണ്ട്. കേവലം വായനക്കാര്‍ മാത്രമാകാതെ ഓരോരുത്തരും വായനയിലേക്കും അതിലൂടെ അന്വേഷണത്തിലേക്കും ചര്‍ച്ചകളിലേക്കും കടന്നുകൊണ്ട് സ്വാഭാവികമായ ഒരു രാഷ്ട്രീയാടിത്തറയിലേക്ക് പ്രവേശിക്കുന്നതിന് ഒന്നിപ്പിലൂടെ ഏവര്‍ക്കും സാധ്യമാകട്ടെ.

ഒരു വാര്‍ത്ത തന്നെ പല സമുദായങ്ങളുടെ മാധ്യമങ്ങളില്‍ പല രീതിയില്‍ വരുന്ന ഒരു കാലത്ത് നാളത്തെ തലമുറക്കു വേണ്ടി ഇന്നത്തെ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തേണ്ടതിന്‍റെ ആവശ്യത്തെക്കൂടി  ബോധ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും. "നിങ്ങള്‍ ഞാന്‍ പറയുന്നത് കൊണ്ട് വിശ്വസിക്കണ്ട, ചിന്തിച്ച് ബോധ്യംവന്നാല്‍ മാത്രം അത് വിശ്വസിക്കുക അല്ലാത്തത് തള്ളിക്കളയുക എന്നാണ് ബുദ്ധന്‍ പറഞ്ഞിട്ടുള്ളത്"- യാത്രപറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

 

അഭിമുഖം ഇവിടെ  അവസാനിക്കുന്നു

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image