Image

ഐതിഹ്യങ്ങളും കെട്ടുകഥകളുമല്ല; വസ്തുതകളാണ് ചരിത്രമാകേണ്ടത്

ഐതിഹ്യങ്ങളില്‍ നിന്നും കെട്ടുകഥകളില്‍ നിന്നും പാഠപുസ്തകങ്ങളിലേക്കും ക്രമേണ സാമൂഹികധാരയിലേക്കും  വേരോടുന്ന ചരിത്രത്തിലെ പൊരുത്തക്കേടുകളോടും യുക്തിരാഹിത്യങ്ങളോടുമുള്ള പ്രതിഷേധമാണ് എന്‍.കെ.ജോസ് എന്ന മനുഷ്യനെ ദലിത് ബന്ധു എന്ന ചരിത്രകാരനാക്കിയത്. രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും ആഢംബരജീവിതങ്ങളും പടയോട്ടങ്ങളുടെയും യാഗങ്ങളുടെയും ചരിത്രവും ആവര്‍ത്തിച്ച് മുങ്ങിത്തപ്പുന്ന ചരിത്രകാരന്മാരുടെ ശ്രദ്ധയിലെങ്ങും എന്തുകൊണ്ടാണ് അവരുടെ ധാന്യപ്പുരകളും രാജഭണ്ഡാരങ്ങളും നിറച്ച അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ ജീവിതം പതിയാതിരുന്നത്?  യുക്തിക്ക് നിരക്കാത്തതൊന്നും വിശ്വസിക്കാത്ത ഒരു നിഷേധി മാത്രമല്ല ദലിത് ബന്ധു. വിശ്വാസങ്ങളെ ചോദ്യംചെയ്ത് യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുംവരെ വിശ്രമമില്ലാതെ അന്വേഷിക്കുന്ന ഒരു ഗവേഷകന്‍ കൂടിയാണ് അദ്ദേഹം. തന്‍റെ അന്വേഷണങ്ങളും കണ്ടെത്തലുകളും വിശദീകരിച്ച് അദ്ദേഹം പറയുന്നു 'കേരളം കറുത്തവരുടേത്, കറുത്തവരുടേത് മാത്രമാണ്' എന്ന്. ബഹുഭൂരിപക്ഷം ജനങ്ങളെയും ബ്രാഹ്മണന് അടിമപ്പെടുത്തിയ ജന്മിത്തകാലത്തിന് മുമ്പ് ഇവിടത്തെ തദ്ദേശീയര്‍ വെറും പെറുക്കിത്തീനികളും പ്രാകൃതരുമായിരുന്നെന്നാണ് ചരിത്രകാരന്മാര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ആ ജനതയും അവരുടെ വിപുലമായ കാര്‍ഷിക-വാണിജ്യ സംസ്കാരത്തിന്‍റെ തെളിവുകളും പ്രാചീന വൈദേശീക ഗ്രന്ഥങ്ങളിലുണ്ടെന്ന്, സംഘം കൃതികളിലുണ്ടെന്ന്, പട്ടണം ഗവേഷണങ്ങളില്‍ ഉണ്ടെന്ന് ദലിത് ബന്ധു സമര്‍ത്ഥിക്കുന്നു. അടിമത്തം കൊണ്ട്,  അപകര്‍ഷതാബോധം കൊണ്ട് നൂറ്റാണ്ടുകളായി കുനിഞ്ഞുപോയ ഭൂമിയുടെ അവകാശികളുടെ ശിരസ്സ് ചരിത്രം വീണ്ടെടുക്കുമ്പോള്‍ തനിയെ ഉയരുമെന്നും കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് അന്വേഷണം കടന്നുചെല്ലുമ്പോള്‍ അധ:സ്ഥിതരുടെ അവകാശങ്ങളും സംസ്കാരങ്ങളും പുന:സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. കേരളത്തിലെ ആദിമനിവാസികള്‍ തന്നെയാണ് ഇവിടെ ക്രിസ്തുമതവും ഇസ്ലാംമതവും മറ്റും സ്വീകരിച്ചതെന്നും അവരാണ് ഇവിടത്തെ പരമ്പരാഗത ക്രൈസ്തവരും മുസ്ലീമുകളുമെന്ന് അദ്ദേഹം സമര്‍ത്ഥിക്കുമ്പോള്‍ സമകാലീന രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ തെറ്റുന്നു. ഗവേഷണ ജീവിതത്തെയും പ്രതിരോധങ്ങളെയും നിലപാടുകളെയും പറ്റി ചോദിച്ചപ്പോള്‍ കുട്ടിക്കാലം മുതലുള്ള തന്‍റെ സമരവഴികളെപ്പറ്റി അദ്ദേഹം വാചാലനായി.

"1929 ഫെബ്രുവരി 2-നാണ് ഞാന്‍ ജനിച്ചത്. പള്ളിവക പ്രൈമറി സ്കൂളിലാണ് നാലാം ക്ലാസ് വരെ പഠിച്ചത്. അന്ന് അന്യമതസ്ഥരുടെ വിദ്യാലയത്തില്‍ ചേരാന്‍ മെത്രാന്‍റെ അനുവാദം വേണം. അതുകൊണ്ട് മെത്രാന് അപേക്ഷ കൊടുത്തു. "അവന് എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അറിയാമല്ലോ. പിന്നെ എന്തിനാണ് കൂടുതല്‍ പഠിക്കുന്നത്? അച്ചനാകാന്‍ പോകുന്നുണ്ടോ?" എന്നാണ് അവിടെ നിന്നുണ്ടായ ചോദ്യം. അങ്ങനെ ദേവീവിലാസം എന്‍.എസ്.എസ്. സ്കൂളില്‍ ഏഴാം ക്ലാസ് വരെ മലയാളം മീഡിയത്തില്‍ പഠിച്ചു. അതിനു ശേഷം പുല്ലല എന്‍.എസ്.എസ്-ന്‍റെ സ്കൂളില്‍ പോയി രണ്ടാം ഫോറത്തില്‍ ചേര്‍ന്നു. സെക്കന്‍റ് ഫോറവും തേഡ് ഫോറവും അവിടെ നിന്ന് ജയിച്ചു. പിന്നെ തണ്ണീര്‍മുക്കം കടവ് കടന്നാല്‍ നാലു മൈല്‍ ദൂരത്തുള്ള ചേര്‍ത്തലയിലെ ഗവണ്‍മെന്‍റ് ഹൈസ്കൂളിലാണ് ഞാന്‍ ചേര്‍ന്നത്. തിങ്കളാഴ്ച ഇവിടെ നിന്ന് പോകും അവിടെ ഒരു വീട്ടില്‍ താമസിക്കും. വെള്ളിയാഴ്ച വൈകുന്നേരം തിരിച്ചുവരും അതായിരുന്നു പതിവ്. അവിടെ പഠിക്കുമ്പോഴാണ് പുന്നപ്ര വയലാര്‍ വെടിവെപ്പുണ്ടായത്. 144 പ്രഖ്യാപിച്ചിരുന്നതിനാല്‍ തലേദിവസം വീട്ടിലേക്കുപോകാന്‍ സാധിക്കുമായിരുന്നില്ല. പിറ്റെ ദിവസം ഞായറാഴ്ചയാണ് വെടിവെപ്പ് നടന്നത്. അന്ന് ഇതേപ്പറ്റി എനിക്ക് കൂടുതലൊന്നും അറിവില്ലായിരുന്നു. സ്കൂളില്‍ ചെന്നപ്പോള്‍ ഹെഡ്മാസ്റ്റര്‍ കട്ടികാട്ടില്‍ ശിവരാമ പണിക്കര്‍ കമ്യൂണിസ്റ്റുകാരുടെ കൊള്ളരുതായ്മകളെപ്പറ്റി സുദീര്‍ഘമായി പ്രസംഗിച്ചു. കമ്യൂണിസ്റ്റുകാരുമായി ബന്ധപ്പെടരുതെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രത്യേകമായി പറഞ്ഞു. എന്നാല്‍ എനിക്ക് അതിനെപ്പറ്റി കൂടുതല്‍ അറിയണമെന്നു തോന്നി. എന്തെങ്കിലും ഒരു കാര്യം ഒരാള്‍ പറയുകയാണെങ്കില്‍ അതങ്ങനെയാണോ? മറിച്ചായിക്കൂടേ? എന്ന് ചിന്തിക്കുക എന്‍റെ സ്വഭാവമായിരുന്നു. ഇത് പലപ്പോഴും എന്‍റെ എഴുത്തിനും പ്രചോദനമായിട്ടുണ്ട്. അവിടെ താമസിക്കുമ്പോള്‍ രാത്രി ഊണ് ഹോട്ടലിലാണ്. ഊണു കഴിഞ്ഞാല്‍ എനിക്ക് വേറെ പണിയൊന്നുമില്ല. ഞാന്‍ നോക്കുമ്പോള്‍ അവിടെയിവിടെയും ചെറുപുന്ന മരച്ചോട്ടിലുമെല്ലാം ആളുകള്‍ കൂടിയിരിക്കുന്നു. അവിടെ ക്ലാസുകള്‍ നടക്കുകയായിരുന്നു. ഞാനവിടെ പോയി അത് അറ്റന്‍റുചെയ്തു. ആദ്യമൊക്കെ അവര്‍ എന്നെ സംശയത്തോടെ നോക്കിയെങ്കിലും പിന്നീട് അത് മാറി. പിന്നെ പിന്നെ അടുത്ത ക്ലാസ്സ് എവിടെയാണെന്ന് അവര്‍ എന്നോട് പറയാന്‍ തുടങ്ങി. അന്നത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കളാണ് അന്ന് ക്ലാസ്സുകള്‍ എടുത്തിരുന്നത്. അങ്ങിനെയാണ് ഇടതുപക്ഷചിന്താഗതി എനിക്കുണ്ടായത്.

ആ ക്ലാസ്സുകളില്‍ പറയുന്ന കാര്യങ്ങള്‍ കേട്ടിട്ട് ഞാനിവിടെ ഞായറാഴ്ച സണ്‍ഡെ ക്ലാസ്സില്‍ ചെല്ലുമ്പോള്‍ നേരെ മറിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്. പരിണാമസിദ്ധാന്ത പ്രകാരമാണ് മനുഷ്യനുണ്ടായതെന്ന് അവിടെ നിന്ന് മനസ്സിലാക്കും, എന്നാല്‍ ഇവിടെ ദൈവം ആദത്തിന്‍റെ പ്രതിമ മണ്ണുകൊണ്ട് ഉണ്ടാക്കി ജീവന്‍ നല്‍കിയതാണെന്ന് പറയുന്നു. അപ്പോള്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയണമെന്ന ചിന്തയുണ്ടായി.

വയലാര് രാമവര്മ്മ

അന്ന് വയലാര്‍ രാമവര്‍മ്മ എന്‍റെ ക്ലാസ്മേറ്റായിരുന്നു. തൊട്ടടുത്ത് ഇരിക്കുമായിരുന്നു. അന്നയാള്‍ക്ക് കവിതയും സാഹിത്യവുമൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മക്കൊക്കെ വലിയ ആഢ്യത്വമായിരുന്നു. എന്നാല്‍ വയലാറിന് അതില്ലായിരുന്നു. ഞാന്‍ മലയാളം സ്കൂളില്‍ പഠിച്ചു കഴിഞ്ഞിട്ടാണ് ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കുന്നത്. അതുകൊണ്ട് അവിടത്തെ സാംസ്കാരിക സമിതികളില്‍ സമ്മേളനങ്ങള്‍ക്കൊക്കെ ഞാനായിരിക്കും മിക്കവാറും സെക്രട്ടറി. എല്ലാ വര്‍ഷവും വാര്‍ഷികങ്ങള്‍ക്ക് പ്രധാനപ്പെട്ടവര്‍ പലരും വരും. പലതരം കാര്യപരിപാടികള്‍ ഉണ്ടായിരിക്കും. അതില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയുടെ ഒരു ഐറ്റം കൂടിയുണ്ടാകും. ഞാന്‍ അഞ്ചാം സ്റ്റാന്‍റേര്‍ഡില്‍ പഠിക്കുമ്പോള്‍ എന്നെയാണ് അതിന് നിശ്ചയിച്ചത്. പ്രസംഗമോ കഥയോ ലേഖനമോ എന്തു വേണമെങ്കിലും അവതരിപ്പിക്കാം. എന്നാല്‍ മലയാളം മുന്‍ഷിയുടെ അനുമതി വേണം എന്നു മാത്രം. ഞാനതനുസരിച്ച് ഒരു കഥയെഴുതി മുന്‍ഷിയെ കാണിച്ചു. "താനല്ലേ എഴുതിയത് അത് എനിക്ക് കാണേണ്ടതില്ല" എന്ന മറുപടി കിട്ടി. പൊതുയോഗത്തില്‍ അന്ന് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന എ.എം.തമ്പിയാണ് മുഖ്യാതിഥി. ഞാന്‍ 'എന്‍റെ പ്രേമം' എന്ന എന്‍റെ കഥ അവതരിപ്പിക്കാന്‍ തുടങ്ങി. നാലഞ്ച് വരികള്‍ വായിച്ചു കഴിഞ്ഞപ്പോഴേക്കും ഹെഡ്മാസ്റ്റര്‍ കട്ടികാട്ടില്‍ ശിവരാമപണിക്കര്‍ "നിര്‍ത്തടാ" എന്നു പറഞ്ഞു. ഞാന്‍ നിര്‍ത്തി ഇറങ്ങിപ്പോന്നു. പിറ്റെ ദിവസം അസംബ്ലി വിളിച്ചുകൂട്ടി. മുഴുവന്‍ കുട്ടികളെയും അദ്ധ്യാപകരെയും സാക്ഷിനിര്‍ത്തി എന്നെ സ്റ്റേജില്‍ കയറ്റിനിര്‍ത്തി 12 അടി തന്നു. അശ്ലീലമെഴുതി എന്നതായിരുന്നു കുറ്റം. സത്യത്തില്‍ അതില്‍ അശ്ലീലമൊന്നുമില്ലായിരുന്നു. പിന്നീട് എന്‍റെ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ആ കഥ അച്ചടിച്ച് പ്രസിദ്ധീകരിച്ച് വിതരണം ചെയ്തു. അന്ന് ആ അടികള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വീണു. മുന്‍ഷി എന്നെ അദ്ദേഹത്തിന്‍റെ വീട്ടില്‍ കൊണ്ടുപോയി. ചില മരുന്നുകളൊക്കെ തന്നു. പിറ്റേ ദിവസം ഞാന്‍ വീട്ടിലേക്ക് പോരുകയും ചെയ്തു. ഇവിടെ വന്നപ്പോള്‍ എനിക്ക് പനിയായി. പനി ടൈഫോയ്ഡായി. അന്ന് അതിന് ചികിത്സയൊന്നുമില്ല. പിന്നെ എന്‍റെ സഹോദരനും സഹോദരിക്കും അത് പകര്‍ന്നു. അവര്‍ രണ്ടു പേരും മരിച്ചു. ഞാനതില്‍ നിന്ന് രക്ഷപ്പെട്ടു.

ദലിത് ബന്ധു കോളേജ് യൂണിയന് ഭാരവാഹികള്ക്കൊപ്പം.

തേവര കോളേജിലാണ് ഞാന്‍ ഇന്‍റര്‍മീഡിയേറ്റ് പഠിച്ചത്. അതിന്‍റെ അവസാനമായപ്പോള്‍ അവിടെ ഒരു സമരമുണ്ടായി. അന്ന് കോളേജുകള്‍ വളരെ ചുരുക്കമായിരുന്നു. സമരം ഒട്ടും തന്നെയില്ല. രാഷ്ട്രീയ പ്രവര്‍ത്തനവുമില്ല. ആ സമരത്തില്‍ ഞാനും പങ്കെടുത്തു. പങ്കെടുക്കുക മാത്രമല്ല അതിന്‍റെ ലീഡര്‍ഷിപ്പിലും ഉണ്ടായിരുന്നു. അക്കൊല്ലം പരീക്ഷ കഴിഞ്ഞ് ജയിച്ചപ്പോള്‍ അവിടത്തെ പ്രിന്‍സിപ്പല്‍ പറഞ്ഞു- തന്നെ ഇനി ഈ കോളേജില്‍ പഠിപ്പിക്കുകയില്ലയെന്ന്. ഇവിടെയെന്നല്ല എറണാകുളത്തെ ഒരു കോളേജിലും നിന്നെ പഠിപ്പിക്കുകയില്ലെന്ന്. അങ്ങനെ ഞാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പുറത്തായി. സമരം അവസാനിച്ചപ്പോള്‍ രക്ഷാകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. രക്ഷാകര്‍ത്താവ് വന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ വളരെ രൂക്ഷമായി ശകാരിച്ചു. അപ്പോള്‍ രക്ഷാകര്‍ത്താവ് പറഞ്ഞു- "നീ വീട്ടിലേക്ക് വന്നേര്". പിന്നെ ഞാന്‍ വീട്ടിലേക്ക് പോയില്ല. അവിടെയുള്ള ഒരു കുട്ടിക്ക് ട്യൂഷന്‍ എടുത്ത് അവിടെത്തന്നെ താമസിച്ചു. അവിടെയുള്ള ഒരു ലൈബ്രറിയില്‍ പോകും. അവിടെ സമ്മര്‍ക്ലാസ്സുണ്ടായിരുന്നു. അതിനവസാനം പരീക്ഷയുമുണ്ട്. ആ പരീക്ഷക്ക് ഒന്നാമതായി ഞാന്‍ ജയിച്ചു. അവിടെ ക്ലാസ്സെടുക്കുന്നവരുമായി നല്ല സൗഹൃദമായിരുന്നു. ഷവെലിയര്‍ എല്‍.എം.പൈലി ആയിരുന്നു അതില്‍ പ്രമുഖന്‍. ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. എനിക്ക് സാറിന്‍റെ കോളേജില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. "താന്‍ നല്ല കുട്ടിയല്ലെ. ഞാന്‍ ഒരു കുറിപ്പു തരാം." എന്ന മറുപടിയാണ് കിട്ടിയത്.

ദലിത് ബന്ധു കോളേജ് യൂണിയന് ചെയര്മാന് ആയിരുന്നപ്പോള്

ട്യൂഷനെടുക്കുന്ന സ്ഥലത്തു നിന്ന് പണവും വാങ്ങി ഞാന്‍ ആ കുറിപ്പ് കൊണ്ടുപോയി ക്ലര്‍ക്കിന്‍റെ കയ്യില്‍ കൊടുത്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ് പഠിച്ചിരുന്ന തേവര കോളേജിലെ പ്രിന്‍സിപ്പല്‍ ഈ കോളേജിലെ വൈസ്പ്രിന്‍സിപ്പലിന് ഫോണ്‍ ചെയ്ത് ആ 5 പേരെ അവിടെ എടുക്കരുതെന്ന് അവശ്യപ്പെട്ടു. എന്നാല്‍ ഞാനതിനു മുമ്പു തന്നെ അവിടെ ചേര്‍ന്നുകഴിഞ്ഞിരുന്നു. വൈസ്പ്രിന്‍സിപ്പാള്‍ എന്നോട് തനിക്ക് ആരാണ് ഇവിടെ അഡ്മിഷന്‍ തന്നതെന്ന് ചോദിച്ചു. തരേണ്ടവര്‍ തന്നെയാണ് തന്നതെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അന്ന് മുതല്‍ അയാളുമായി അഭിപ്രായവ്യത്യാസമുണ്ടായി. അത് ഏറ്റുമുട്ടലായി. ഞാന്‍ കോളേജ് യൂണിയന്‍റെ ചെയര്‍മാനായിരുന്നു. അവിടെ പ്രിന്‍സിപ്പലായിരുന്ന എല്‍.എം.പൈലി തിരുക്കൊച്ചിയില്‍ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു സെന്‍റോഫ് കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നയാള്‍ക്ക് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം കിട്ടിയതിനാല്‍ അക്കാര്യത്തില്‍ സ്വീകരണം കിട്ടുമെന്ന് അയാള്‍ കരുതിയിരുന്നു. എല്ലാ ക്ലാസ്സുകളില്‍ നിന്നുമുള്ള പ്രതിനിധികളും സ്റ്റാഫിലെ ഒരു പ്രതിനിധിയുമടങ്ങുന്ന യൂണിയന്‍ കമ്മിറ്റിയുടെ തീരുമാനം എല്‍.എം.പൈലിക്ക് സ്വീകരണം നല്‍കുക എന്നതു തന്നെയായിരുന്നു. അങ്ങനെ ഗംഭീരമായ ഒരു സ്വീകരണം സംഘടിപ്പിച്ചു. 1500 കുട്ടികള്‍ പങ്കെടുത്ത ചടങ്ങില്‍ ചായയുടെ കൂടെ നല്‍കിയ മധുരപലഹാരങ്ങള്‍ പൊതിഞ്ഞ ഫോയില്‍ കവര്‍ ഒരുമിച്ച് തുറക്കാന്‍ തുടങ്ങിയപ്പോള്‍ വലിയ ശബ്ദകോലാഹലമുണ്ടായി. പുതിയ പ്രിന്‍സിപ്പല്‍ ആ ശബ്ദം നിര്‍ത്താന്‍ എല്ലാവരോടും ആവശ്യപ്പെട്ടു. ആരും അതു കൂട്ടാക്കിയില്ല. രൂപതയുടെ മെത്രാന്‍, 2 മന്ത്രിമാര്‍ എന്നിവര്‍ അടങ്ങുന്ന വേദിയില്‍ പുതിയ പ്രിന്‍സിപ്പാള്‍ നാണംകെട്ടു. അപ്പോള്‍ ഞാന്‍ പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തി പ്രശ്നത്തില്‍ ഇടപെട്ടു. ഇങ്ങനെയാണോ നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ എല്‍.എം.പൈലിക്ക് നമ്മള്‍ സെന്‍റോഫ് നല്‍കേണ്ടത്. നിങ്ങള്‍ ദയവായി സഹകരിക്കുക എന്ന എന്‍റെ അഭ്യര്‍ത്ഥനയോടെ എല്ലാവരും ശബ്ദം പുറപ്പെടുവിക്കുന്നത് നിര്‍ത്തി. അതോടെ പ്രിന്‍സിപ്പാളിന് എന്നോട് വിരോധം കൂടി.

ജയപ്രകാശ് നാരായണനും ഭാര്യയും

പരീക്ഷ കഴിഞ്ഞപ്പോള്‍ ഗാന്ധി സ്മാരകനിധിയുടെ കീഴില്‍ വാര്‍ധായില്‍ ഒരു ട്രെയിനിങ്ങിലേക്ക് ഞാന്‍ സെലക്ട് ചെയ്യപ്പെട്ടു. അവിടെ ക്ലാസ്സെടുക്കുന്നത് ജയപ്രകാശ് നാരായണന്‍, പട്വര്‍ദ്ധന്‍, അശോക് മേത്ത, ലോഹ്യ തുടങ്ങിയവരായിരുന്നു. രണ്ടു കൊല്ലം അവിടെ നിന്നു. അവിടെ ക്ലാസ് എടുക്കുന്നവര്‍ക്ക് ഓരോ കുടിലുകളുണ്ട്. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഹാളും. അദ്ധ്യാപകരുടെ കുടിലുകളിലേക്ക് ഓരോ വിദ്യാര്‍ത്ഥിയെ ഡെപ്യൂട്ട് ചെയ്യും. ജയപ്രകാശ് നാരായണനും ഭാര്യയും താമസിക്കുന്ന കുടിലിലേക്ക് എന്നെയാണ് നിയോഗിച്ചത്. അങ്ങിനെയാണ് ജയപ്രകാശ് നാരായണനുമായി ബന്ധമുണ്ടാകുന്നത്. കോഴ്സു കഴിഞ്ഞ് പോകാന്‍ നേരത്ത് താനും കൂടെ പോരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. പോരാം എന്ന് ഞാനും സമ്മതിച്ചു. അതിന് ശേഷം 6 മാസം അദ്ദേഹത്തോടൊപ്പം ജീവിച്ചു. ഹിന്ദി വലിയ വശമില്ലാതിരുന്നതിനാല്‍ പിന്നെ ഞാന്‍ തിരിച്ചുപോന്നു.

നാട്ടിലെ മാറിയ സാഹചര്യങ്ങള്‍ എങ്ങനെയാണ് പൊതുപ്രവര്‍ത്തനത്തെ സ്വാധീനിച്ചത്?

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിട്ടാണ് ഞാന്‍ തിരിച്ച് നാട്ടിലെത്തുന്നത്. പി.എസ്.പി.യുടെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറായി, കോട്ടയം ജില്ലാസെക്രട്ടറിയായി. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി തിരുകൊച്ചി ഭരിച്ചിരുന്ന കാലം. അന്ന് കേരളമായിട്ടില്ല. അങ്ങിനെയുള്ള സമയത്ത് ഒരു ബൈ ഇലക്ഷന് മാര്‍ത്താണ്ടത്ത് ഒരു വെടിവെപ്പുണ്ടായി. 2 പേര്‍ മരിച്ചു. അത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമാണ്. ആത്മരക്ഷാര്‍ത്ഥം മാത്രമേ പോലീസ് മറ്റുള്ളവരെ ഉപദ്രവിക്കാവൂ. വേലി തന്നെ വിളവു തിന്നുന്ന ഏര്‍പ്പാട്. അതുകൊണ്ട് നമ്മുടെ പോലീസ് നയം തെറ്റാണ് പോലീസ് മന്ത്രി രാജിവക്കണം എന്ന് ഞാന്‍ ഒരു പ്രസ്താവന ഇറക്കി. അന്ന് പോലീസ് മന്ത്രി മുഖ്യമന്ത്രി തന്നെയാണ്. അന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഡോ.ലോഹ്യ എന്നെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനയിറക്കി. അപ്പോള്‍ താണുപ്പിള്ള പറഞ്ഞു- "ഒരു പോലീസുകാരന്‍ വെടിവച്ചതിന് ഒരു മുഖ്യമന്ത്രി  രാജിവക്കുകയോ? ലോഹ്യക്കും ജോസിനും കിറുക്കാണ്". ഞാന്‍ വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. അത് തോറ്റുപോയി. അതോടെ ഞാന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു. അതിനു ശേഷം ഇന്നുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല.

പട്ടം താണുപിള്ളയും ഡോ. ലോഹ്യയും

ആദ്യകാലങ്ങളില്‍ സമുദായപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നല്ലോ. അത്തരം അനുഭവങ്ങള്‍ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചതിനു ശേഷമാണ് ഞാന്‍ വീട്ടിലേക്ക് വരുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി ഇവിടെ വെറുതെയിരിക്കുന്നത് വളരെ ബുദ്ധിമുട്ടായി തോന്നി. അപ്പോള്‍ ഞാന്‍ വിചാരിച്ചു സമുദായ സംഘടനയില്‍ പോയാല്‍ നന്നായിരിക്കുമെന്ന്. രാഷ്ട്രീയത്തിലുള്ള വൃത്തികേടുകളൊന്നും തന്നെ അവിടെ കാണുകയില്ല. അച്ചന്‍മാരും മെത്രാന്‍മാരുമൊക്കെയാണല്ലോ അതിന്‍റെ നേതാക്കള്‍. അങ്ങിനെ അവിടെ പ്രവര്‍ത്തനം തുടങ്ങി. ഇവിടം അതിനേക്കാള്‍ വൃത്തികേടാണെന്ന് പിന്നീട് അനുഭവത്തില്‍ ബോദ്ധ്യമായി. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്സിന്‍റെ ജനറല്‍ സെക്രട്ടറിയായിട്ട് 3 കൊല്ലം പ്രവര്‍ത്തിച്ചു. അന്ന് ദലിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം കിട്ടാനുള്ള പ്രക്ഷോഭണം ശക്തമായി നടക്കുകയായിരുന്നു. അത് കത്തോലിക്ക കോണ്‍ഗ്രസ്സിന്‍റെ കീഴിലാണ്. അന്ന് സെക്രട്ടേറിയറ്റില്‍ പോയി സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച് നിരാഹാരം കിടന്നു. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ എന്താണ് പ്രശ്നം എന്ന് പഠിക്കണമെന്ന് തോന്നിയത്. കൂടുതല്‍ പഠിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഇത് ദലിത് കത്തോലിക്കരുടെ മാത്രം പ്രശ്നമല്ല, മൊത്തം ദലിതരുടെ പ്രശ്നം പഠിച്ചാലേ ശരിയാവുകയുള്ളൂ എന്ന്. അതിനിടയില്‍ കത്തോലിക്ക കോണ്‍ഗ്രസ്സുമായി തെറ്റിപ്പിരിയേണ്ടി വന്നു. നിലക്കല്‍ പ്രശ്നം സംബന്ധിച്ച് അവിടെ കുരിശ് കണ്ടെത്തിയത് ക്രിത്രിമമാണെന്നും ആ കുരിശ് ആസൂത്രിതമായി കുഴിച്ചിട്ടതാണെന്നും പ്രസ്താവനയിറക്കി. ഞാനും ഡി.സി.കിഴക്കേമുറിയും ജോസഫ് പുലിക്കുന്നേലും ഡോ.ജോണ്‍ ഓച്ചന്‍തുരുത്തും കൂടി ഈ വിവരം അന്വേഷിക്കാന്‍ പോയി. അത് ക്രിത്രിമമാണെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു പ്രസ്താവനയിറക്കി. അന്ന് ജനസംഘം (ഇന്നത്തെ ബി.ജെ.പി) ഇന്ത്യയൊട്ടാകെ ആ പ്രസ്താവനയുടെ കോടിക്കണക്കിന് കോപ്പികള്‍ അച്ഛടിച്ച് വിതരണംചെയ്തു. അങ്ങനെ കത്തോലിക്കാ കോണ്‍ഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞു രാജിവച്ച് പോന്നു.

പിന്നീടാണ് പൂര്‍ണ്ണമായും ദലിത് പ്രശ്നങ്ങള്‍ പഠിക്കുന്നതിലേക്ക് എന്‍റെ ശ്രദ്ധതിരിയുന്നത്. അപ്പോള്‍ മലയാളത്തില്‍ ദലിത് വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ കാര്യമായി ആരും പുറത്തിറക്കിയിട്ടാല്ലായിരുന്നു. ടി.എച്ച്.പി. ചെന്താരശ്ശേരി അയ്യന്‍കാളിയെ പറ്റി ഒരു പുസ്തകം ചെയ്തിട്ടുണ്ട്. അല്ലാതെ വേറൊന്നുമില്ല. അന്നു തുടങ്ങി ഇന്നുവരെ ഞാന്‍ ദലിത് രംഗത്തെ വിഷയങ്ങള്‍ പഠിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കിവരുന്നു. സ്വന്തമായി തന്നെ നടത്തുന്ന ഹോബി പബ്ലിക്കേഷന്‍സിന്‍റെ പേരിലാണ് അധികം പുസ്തകങ്ങളും ഇറങ്ങിയിരിക്കുന്നത്.

എന്തുകൊണ്ടാണ് സ്വന്തമായി പുസ്തക പ്രസാധനം തുടങ്ങിയത്?


അക്കാലത്ത് ഇവിടത്തെ വലിയ പുസ്തക പ്രസാധകരുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. പക്ഷേ അവരാരും തന്നെ എന്‍റെ രചനകളൊന്നും പബ്ലിഷുചെയ്യാന്‍ തയ്യാറായിരുന്നില്ല. അവര്‍ പറയുന്നത് ഇത് ഞങ്ങള്‍ക്ക് ബിസിനസ്സാണ്. ദലിത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍ ആരും വാങ്ങിക്കുകയില്ല. അത് പരാജയപ്പെടും എന്നൊക്കെയായിരുന്നു. അതുകൊണ്ടാണ് സ്വന്തമായ പുസ്തകപ്രസാധനം എന്ന ആശയത്തിലേക്ക് വന്നത്. ഹോബി പബ്ലിക്കേഷന്‍സ് എന്ന പേരില്‍ ഞാനത് തുടങ്ങി ഇന്നും തുടരുന്നു. അന്ന് എനിക്ക് ഗവണ്‍മെന്‍റില്‍ ജോലി കിട്ടുമായിരുന്നു. ബി.എ. പാസ്സായവര്‍ വളരെ ചുരുക്കം പേര്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. പല ഓഫറുകള്‍ വന്നതാണ് എന്നാല്‍ ഞാന്‍ പറഞ്ഞു ഞാന്‍ ഇങ്ങനെതന്നെ ജീവിക്കാന്‍ പോവുകയാണെന്ന്. അത് ഇവിടത്തെ പബ്ലിഷേഴ്സിനോടുള്ള വെല്ലുവിളി കൂടിയായിരുന്നു.

തുടരും.....  

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image