Image

മണ്ണില്‍ പറന്ന പാട്ട്

കഴിഞ്ഞ ദിവസം നമ്മളെ വിട്ടുപോയ നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിന്‍റെ പാട്ടുകള്‍ കേരള സംസ്കാരികതയില്‍ ഏല്‍പ്പിച്ച രാഷ്ട്രീയമാനങ്ങളെക്കുറിച്ച് ചിന്തകന്‍ കെ.കെ.ബാബുരാജ്, സംഗീത സംവിധായകന്‍ എ.എസ്. അജിത്കുമാര്‍, അക്കാഡെമീഷ്യന്‍ എ.കെ. വാസു, ഗവേഷകന്‍ ശ്രുതീഷ് കണ്ണാടി എന്നിവര്‍ വിശകലനം ചെയ്യുന്നു. 


 

‘കൈതോല പായ വിരിച്ചു’ കീഴാള ആഘോഷങ്ങളുടെ ഓര്‍മ്മപുതുക്കല്‍
 കെ.കെ.ബാബുരാജ്

എൺപതുകളുടെ അവസാനമാണെന്ന് തോന്നുന്നു, മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ ദക്ഷിണ കർണ്ണാടകത്തിൽ വെച്ചുനടന്ന പത്തു ദിവസം നീണ്ടുനിന്ന ഒരു അഖിലേന്ത്യാ ദലിത് സാംസ്‌കാരിക ഉത്സവത്തിന് പങ്കെടുക്കുകയുണ്ടായി. ആന്ധ്രാപ്രദേശിലെ ദലിത് മഹാസഭയും കർണാടകയിലെ ദലിത് സംഘർഷ സമിതിയും സംയുക്തമായിട്ടാണ് ഈ ഉത്സവം സംഘടിപ്പിച്ചത്. അക്കാലത്തു ഈ രണ്ടു സംഘടനകളും വിപുലമായ ബഹുജനാടിത്തറയുള്ള വലിയ പ്രസ്ഥാനങ്ങളായിരുന്നു. സീഡിയൻ എന്ന ദലിത് സംഘടനയെ പ്രതിനിധീകരിച്ചു ഞാനും ഹരിലാലുമാണ് അതിൽ പങ്കെടുത്തത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ദലിത് കലാ-സാംസ്‌കാരിക പ്രവർത്തകർക്കൊപ്പം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട നിരവധി പേരും അവിടെ വന്നിരുന്നു. പത്ത് ദിവസവും രാത്രിയും പകലും പതിനായിരക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. അവിടെ പ്രധാനമായി തോന്നിയത്, ഏറ്റവും അടിത്തട്ടിൽ നിന്നും വന്ന കലാപ്രവർത്തകർക്കൊപ്പം ദലിതരായ വലിയ ഉദ്യോഗസ്ഥരും ജഡ്ജിമാർ പോലും യാതൊരു തരംതിരിക്കലുമില്ലാത്ത ആ സമ്മേളനത്തിൽ പങ്കെടുത്തതാണ്.

സാധാരണയായി, നാടൻപാട്ടുകളും കീഴാളമായ കലാവിഷ്കാരങ്ങളും ആധുനികതയുടെ സമ്മർദ്ദത്താൽ പുറംതള്ളപ്പെട്ട 'പുരാവസ്തുക്കൾ' മാത്രമാണെന്നാണല്ലോ വരേണ്യബോധം കാണുന്നത്. എന്നെ സംബന്ധിച്ചു ഈവരേണ്യബോധത്തെ ഉപേക്ഷിക്കാൻ ആ സമ്മേളനം സഹായിച്ചു എന്നുപറയാം. മറ്റൊരു കാര്യവും കൂടെ മനസ്സിലായി; ഇന്ത്യയിലെ ദലിദ് രാഷ്ട്രീയം മുഖ്യധാരയിൽ പരാജയപ്പെട്ടേക്കാം. എന്നാൽ ദലിത് സംസ്‌കാരവും ജ്ഞാനാവബോധങ്ങളും ഏതു പ്രതികൂല അവസ്ഥയെയും അതിവർത്തിച്ചു നിലനിൽക്കും എന്നതാണത്‌. അതായത്, ഇന്ത്യയുടെ സാംസ്‌കാരിക അബോധമെന്നത് ബ്രാഹ്മണ്യമല്ല, മറിച്ച് കീഴാളത അല്ലെങ്കിൽ ശ്രമണമാണ്. ജിതേഷിനെ പോലുള്ള കീഴാള കലാപ്രവർത്തകരോട് അഗാധമായ അടുപ്പം ഉണ്ടായതിനു കാരണം ഇത്തരം ബോധ്യങ്ങളാണ്.

പി.എസ്.ബാനര്‍ജി വരച്ച ചിത്രം

ജിതേഷിന്‍റെ 'കൈതോല പായവിരിച്ചു' എന്ന പാട്ട്, കാതുകുത്തു കല്യാണം എന്ന കീഴാള ആഘോഷത്തിന്‍റെ  ഓർമ്മപുതുക്കലാണ്. കേരളത്തിലെ സവർണ്ണ സമുദായങ്ങളുടെ പ്രധാനപ്പെട്ട ആഘോഷം പെൺകുട്ടികളുടെ ആർത്തവം തുടങ്ങുന്നതോടനുബന്ധിച്ചുള്ളതാണ്. ഇതേസമയം, ദലിതരും ഇതര കീഴാള സമുദായങ്ങളും കൂടുതലായി നടത്തുന്നത് പെൺകുട്ടികളുടെ കാതുകുത്താണ്. ഈ ചടങ്ങിന് വീട്ടുകാരും ബന്ധുക്കളും ആഘോഷപൂർവ്വം പങ്കെടുക്കുന്നതാണ് ഈ പാട്ടിലെ പ്രതിപാദ്യം. ഉത്തര ഇന്ത്യയിലെ സവർണ്ണ സമുദായങ്ങളിൽ പലരും പെൺകുട്ടികളുടെ ജനനത്തെ ശാപമായിട്ടാണ് കാണുന്നത്. കേരളത്തിലെ സവർണ്ണർ അടക്കമുള്ള സമുദായങ്ങൾ അങ്ങനെ കരുതുന്നവരല്ല. ദലിതരെ സംബന്ധിച്ചിടത്തോളം, പെൺകുട്ടികളുടെ ജനനത്തെ അനുഗ്രഹമായിട്ടാണ് കാണുന്നത്. ദലിത് സമുദായം പൊതുവെ തങ്ങളുടെ പെൺകുട്ടികളോട് പുലർത്തുന്ന വാത്സല്യവും സ്നേഹവും ആ പാട്ടിലുണ്ട്.

ഇരുപത്തിയാറ് വർഷം മുൻപ്‌ എഴുതിയ ഈ പാട്ട് അന്യാധീനപ്പെട്ടതിനെ പറ്റി പലരും സൂചിപ്പിച്ചിട്ടുണ്ട്. ഫോക് ലോർ പഠിതാവായ ഡോ.എ.കെ.വാസു; കീഴാള കലാപ്രവർത്തകർ അജ്ഞാതരായി പോകുന്നതിനെപ്പറ്റി നിരന്തരം ഓർമ്മിപ്പിക്കുന്നത്, ഒരു ഘട്ടം കഴിഞ്ഞാൽ എത്ര ജനപ്രിയം ആണെങ്കിലും അവരുടെ സംഭാവനകൾ സവർണ്ണരുടെ അധീനതയിലാകും എന്ന പ്രശ്നം നിലനിൽക്കുന്നതു മൂലമാണത്ണ്.

ജിതേഷിന്‍റെ മറ്റൊരു പ്രശസ്തമായ പാട്ടായ 'പാലോം പാലോം' ഒരു കീഴാള മിത്തിനെ അവലംബമാക്കിയതാണ്. വടക്കൻ കേരളത്തിലെ ഒരു പ്രധാനപ്പെട്ട പാലം ഉറപ്പിക്കാൻ ഒരു കീഴാള അമ്മയെ ബലിയർപ്പിക്കുന്നതിനെയാണ് അതിൽ പ്രതിപാദിക്കുന്നത്. തിരുവിതാംകൂറിൽ കൃഷിപ്പണിക്ക് വെള്ളം തടഞ്ഞുനിര്‍ത്തി  മടയുറപ്പിക്കാൻ, ഏറ്റവും ആരോഗ്യവും കായികവിരുതുമുള്ള പുലയ, പറയ യുവാക്കളെ ബലികൊടുക്കാറുണ്ട് എന്ന മിത്തു നിലനിൽക്കുന്നുണ്ട്. സമാനമായ വിധത്തിലുള്ള ഒരു മിത്താണ് ഈ പാട്ടിലുള്ളതും. ചിലപ്പോൾ ഈ മിത്ത് യാഥാർത്ഥ്യം തന്നെയാകാം.
'The Bridge on the Drina' എന്ന അതിപ്രശസ്ത നോവലിൽ, ജലപിശാചുക്കൾ പാലംപണിയിൽ തടസ്സംവരുത്തിയപ്പോള്‍ അതിനെ തടയാൻ ഇരട്ടകളായ രണ്ടു ക്രിസ്‌ത്യൻ കുഞ്ഞുങ്ങളെ ബലികൊടുത്തു എന്നാണ് ഐതീഹ്യം. ഇത്തരം മിത്തുകളും യാഥാർത്ഥ്യങ്ങളും ലോകവ്യാപകമായി കീഴാള ജീവിതത്തിന്‍റെ അതിജീവനപാഠം തന്നെയാണ്.

ജിതേഷിന് ആദരവോടെ വിട...

 


 

ജിതേഷിന്‍റെ പാട്ടുകള്‍ സൈബര്‍ ലോകത്തെ നടപ്പാലങ്ങള്‍
എ.എസ്. അജിത്കുമാര്‍

ജിതേഷ് കക്കിടിപ്പുറത്തിന്‍റെ  മരണം വേദനയുണ്ടാക്കുന്നതാണ്. പാലോം പാലോം എന്ന പാട്ട് കേള്‍ക്കുമ്പോള്‍ തോന്നുന്ന അതേ വേദന. ഏറ്റവും പ്രധാന കാര്യം അദ്ദേഹം തന്‍റെ പാട്ടുകളിലൂടെ ഒത്തിരി ഒത്തിരി കേള്‍വിക്കാരെ ആനന്ദിപ്പിച്ചിട്ടുണ്ട്, കരയിച്ചിട്ടുണ്ട്‌, തുള്ളിച്ചിട്ടുണ്ടെന്നതാണ്. പാട്ടെഴുതുകയും അതിനു സ്വന്തം ഈണം നല്‍കുകയും പാടുകയും ചെയ്യുന്ന ഇദ്ദേഹത്തെ അറിയുന്നത് ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെയാണ്. പാലോം പാലോം എന്ന പാട്ട് കേട്ടാണ് അദ്ദേഹത്തിന്‍റെ ഫാന്‍ ആകുന്നത്. കൈതോലാ പായ വിരിച്ച് എന്ന പാട്ട് പല പാട്ടുസംഘങ്ങളും പാടി കേട്ടിരുന്നെങ്കിലും എനിക്ക് അത്രയൊന്നും ഇഷ്ട്ടം തോന്നിയിട്ടില്ലാത്ത പാട്ടാണ്. എല്ലായിടത്തും കേട്ട് കേട്ട് ക്ലീഷേ ആയതു കൊണ്ടാണോ എന്നറിയില്ല. പക്ഷെ പാലോം പാലോം ഞെട്ടിച്ചു കളഞ്ഞു. അതിന്‍റെ പ്രമേയവും ഈണവും ഭയങ്കരമായി ഇഷ്ടപ്പെട്ടു. അദേഹത്തിന്‍റെ  തന്നെ സ്വരത്തില്‍ അത് പാടിച്ച് റീമിക്സ് ചെയ്യണമെന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുകളും ചര്‍ച്ചകളും കണ്ടതുകൊണ്ട് ചില അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. “നാടന്‍ പാട്ട്” എന്നുപറയുന്ന ഇടപാടിന്‍റെ ചില കാര്യങ്ങള്‍ ഈ കുറിപ്പിലൂടെ ചര്‍ച്ച  ചെയ്യുന്നത് എത്രത്തോളം സാംഗത്യമുണ്ട് എന്നറിയില്ല. പക്ഷെ ആ മേഖലയുമായി ബന്ധപെട്ട ചില കാല്പനികവത്കരണത്തിന്‍റെ  കാര്യത്തില്‍ ചില സംശയങ്ങള്‍ ഉന്നയിക്കുന്നത് ജിതേഷിനെ പോലുള്ളവരുടെ പ്രസക്തി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നൊരു തോന്നലുണ്ട്‌.

ഒന്നാമതായി ജിതേഷ് സ്വന്തമായി പാട്ടെഴുതുകയും സംഗീതം ചെയ്തു പാടുകയും ചെയ്തിരുന്നുവെന്നത്  “നാടന്‍ പാട്ട്” എന്ന ശാഖയിലെ പുതിയ ഇടപെടലുകള്‍ ആണെന്നത് പ്രധാനമാണ്. പാലം പാലോം എന്ന പാട്ട് തന്നെ വര്‍ത്തമാനത്തില്‍ നിന്നുകൊണ്ട് ഭൂതകാലത്തെ കുറിച്ചുള്ള ഒരു ചരിത്ര ആഖ്യാനമായി കാണാം. നാടന്‍ പാട്ട് അങ്ങനെ ഒരു ആധുനിക ഇടപാടാകുന്നു എന്നതാണ് ശ്രദ്ധേയം. സാധാരണ നാടന്‍പാട്ട് സംഘങ്ങള്‍ പല പാട്ടുകളേയും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി അവകാശപ്പെടാറുണ്ട്. ഈ അവകാശവാദം അതിന്‍റെ ഒരു മൗലികതയുടെ അടയാളമായാണ് കാണപ്പെടുന്നത്. പക്ഷെ മിക്ക പാട്ടുകളും പലപ്പോഴും കൂട്ടി ചേര്‍ത്തതോ അല്ലെങ്കില്‍ പാടിപ്പാടി വരുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നവയും ആകാം. സംഗീത ഇടപാടുകള്‍ കലര്‍പ്പുകള്‍ ഉള്ളവയാണ്. അതുകൊണ്ട് പല സംഗീതരീതികളുടെയും പല സമയത്തെ കേള്‍വിശീലങ്ങളും എല്ലാ സംഗീത ശാഖകളേയും സ്വാധീനിക്കാം. അതുകൊണ്ട് ശുദ്ധമായ ഒരു സംഗീത ശൈലിയുമില്ല. തൊണ്ണൂറുകളില്‍ സജീവമായ നാടന്‍പാട്ട് സംഘങ്ങളും നാടന്‍പാട്ടിനോടുള്ള പുതിയ അഭിരുചിയും ആ നിലയ്ക്ക് പലതുമായി ബന്ധപ്പെട്ടതാണ്. അതിലൊന്ന് സാങ്കേതിക വിദ്യയാണ്. ഓഡിയോ കാസറ്റുകളും ടേപ്പ് റെക്കോഡും ടിവിയും എല്ലാം ചേര്‍ന്ന ഒരു ഇടപാടാണത് എന്ന് നേരത്തെ ഞാനെഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലെങ്കിലും ഡൈനാമിക് ആക്ഷന്‍റെയും സി.ജെ. കുട്ടപ്പന്‍റെയും പാട്ടുകള്‍ അതിന്‍റെ പ്രചാരത്തില്‍ പങ്കുവഹിച്ചു. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് അമ്മ അമ്മൂമ്മമാരില്‍ നിന്നും പകര്‍ന്നുവെന്ന രീതിയില്ലാതെ കാസറ്റുകളില്‍ കൂടി പകര്‍ന്നു എന്ന് കാണേണ്ടതുണ്ട്. ജിതേഷ് തന്നെ ഇത്രയും പ്രചാരം നേടുന്നത് ടിവി ചാനല്‍ പരിപാടിയിലൂടെയും യൂറ്റൂബിലൂടെയും ഫെസ്ബുക്കിലൂടെയും ഒക്കെയാണ്. “നിഷ്കളങ്കം” “ശുദ്ധം” എന്ന നിലയില്‍ അല്ലാതെ എത്രത്തോളം സംഗീത ആസ്വാദകരെ ഈ പാട്ടുകള്‍ സ്വാധീനിച്ചു കാണും. അങ്ങനെ വര്‍ത്തമാനത്തിന്‍റെ ഒരു ഇടപെടല്‍ ആയി അത് മാറുന്നു.

ജിതേഷിന്‍റെ പാട്ടുകളും പ്രചാരവും അങ്ങനെ “നാടന്‍പാട്ട്” എന്നതിനെ ഒരു കാല്പനികമായ ഏതോ ഒരു ഭൂതകാലത്തില്‍ മരവിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും കുതറിമാറുന്നുണ്ട്. ഇതിനിടയില്‍ ഒന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്, പൊതുവേ നാടന്‍ കലകള്‍ എന്ന പേരില്‍ പുരാവസ്തു പോലെയോ മാറ്റമില്ലാത്ത പാരമ്പര്യമായോ “പോറ്റുന്ന” സര്‍ക്കാരിന്‍റെ  സമീപനത്തില്‍ നിന്നും നാടന്‍ പാട്ടുകള്‍ എത്രയോ മാറിയിട്ടുണ്ട്. ടെലിവിഷന്‍ ചാനലിലെ പൊതുപരിപാടിയിലൂടെ അത്തരം സര്‍ക്കാര്‍ patronage നെ അത് വെല്ലുവിളിക്കുന്നു.  സാമുദായികമായ ഇടപാടായി ആണല്ലോ സാധാരണ നാടന്‍പാട്ടുകളുടെ രചനയെ, സൃഷ്ട്ടിയെ കാണുന്നത്. സംഗീതത്തിന്‍റെ ആധുനികയുടെ ഭാഗമായി ആണ് “കമ്പോസര്‍” എന്ന ആശയം തന്നെ വരുന്നത്. നാടന്‍ പാട്ട് ശാഖയെന്നു പറയുന്നതില്‍ ഒട്ടേറെ പുതിയ പാട്ടുകള്‍ ചേര്‍ന്ന് കഴിഞ്ഞെങ്കിലും പലപ്പോഴും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ പേരുകളില്‍ അല്ലാതെ പരമ്പരാഗതമായ പാട്ടുകള്‍ എന്ന നിലയിലായിരിക്കാം പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. പഴയത്, പുതിയത് എന്ന നിലയില്‍ അല്ലാതെ അത് പാടപ്പെടുന്നുണ്ട്. ഇപ്പോള്‍ പല നാടന്‍പാട്ട് പരിപാടികളിലും രചയിതാക്കളെക്കുറിച്ച് അനൌണ്‍സ് ചെയ്യാറുണ്ട്. ഇത് “പാരമ്പര്യ”ത്തെക്കുറിച്ചുള്ള കാല്പനികമായ ഒരു സങ്കല്പ്പനത്തിന് പുറത്തു പോകുന്ന ഒന്നാണ്.

സത്യന്‍ കോമല്ലൂര്‍, എം.എന്‍.തങ്കപ്പന്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

കോമഡി ഉത്സവത്തിന്‍റെ സ്റ്റേജില്‍  ജിതേഷ് പാലോം പാലോം പാടുന്നതിനു മുമ്പ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതാണ്. കരുനിര്‍ത്ത് എന്ന് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍, ആരും കേട്ടിട്ടില്ലായെന്നറിഞ്ഞു കൊണ്ട് വിശദീകരിക്കുകയാണ് ചെയ്യുന്നത്. ഒരു ടെലിവിഷന്‍ ചാനലിന്‍റെ പൊതുവേദിയില്‍ വേറിട്ടൊരു ചരിത്രം പറയുകയാണ്‌. ഭൂതകാലത്തിലെ ജാതീയതയുടെ ഹിംസയുടെ ചരിത്രം പറയുന്നത് പൊതുസമൂഹത്തോടുള്ള ഒരു സംവാദം തന്നെയാണ്. കലാഭവന്‍ മണി പണ്ടൊരു ചാനല്‍ അഭിമുഖത്തില്‍ “ഞാനിത്ര താണവനാണെന്നാര് പറഞ്ഞു” എന്ന് പാടിയതാണ് ഓര്‍മ്മ വന്നത്. പൊതുസമൂഹത്തോടുള്ള ഒരു സംവാദമായിരുന്നു അതും. വര്‍ത്തമാനത്തിലെ ജാതിയനുഭവത്തില്‍ നിന്നുള്ള ഇടപാടുകള്‍ ആണ് ഇവയൊക്കെയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. അതുകൊണ്ട് തന്നെ ജാതിയെ ഭൂതകാലത്തിലെ കാര്യമായി മനസ്സിലാക്കുന്ന രീതിയല്ല അത്. അതുകൊണ്ടു തന്നെയാണ് ആ പാലോം പാലോം എന്ന പാട്ട് മോളോട് പറയുന്ന ഒന്നായി എഴുതിയത് എന്നാണ് എനിക്ക് മനസ്സിലായത്.

മറ്റൊന്ന് കൂടി പറയണം എന്ന് തോന്നുന്നു. നാടോടി വിജ്ഞാനീയം പോലുള്ള പഠനശാഖയക്ക്‌ “നാടന്‍ പാട്ട്”  എന്ന് വിവക്ഷിക്കുന്ന ശാഖയെ എത്രത്തോളം മനസ്സിലാക്കാന്‍ കഴിയുമെന്ന് സംശയമുണ്ട്‌. ജിതേഷിന്‍റെയോ സത്യന്‍ കോമല്ലൂരിന്‍റെയോ പ്രസീതയുടെയോ ബാനര്‍ജിയുടെയോ മത്തായി സുനിലിന്‍റെയോ പ്രദീപിന്‍റെയോ അതുപോലുള്ള ധാരാളം സംഗീതജ്ഞരുടെ പാട്ടിന്‍റെ പോപ്പുലര്‍ ആസ്വാദനം ആ ശാഖയ്ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വര്‍ത്തമാന കാലത്തോടുള്ള പുത്തന്‍ ഇടപാടുകള്‍ സാധ്യമാക്കുന്നവയാണ് ഇവ. ജിതേഷിന്‍റെ പാട്ടുകളെ നാടന്‍പാട്ട് എന്നാണോ വിശേഷിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍  സംശയമുണ്ട്‌.

 


 

കീഴാളമായ പുതു നാടന്‍പാട്ടുകള്‍ 
ഡോ.എ.കെ.വാസു

ഫോക് ലോര്‍ (folklore) സിദ്ധാന്തങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയോ പുന:രവതരിപ്പിക്കുകയോ ചെയ്തിട്ടുള്ളത് കേരളത്തിലെ സവര്‍ണ്ണ വിഭാഗത്തിലുള്ള അക്കാഡമിഷന്മാരും എഴുത്തുകാരും ഒക്കെയാണ്. ഫോക് ലോര്‍ പഠനവുമായി ബന്ധപ്പെടുത്തി അവരുണ്ടാക്കിയ തിയറിപല തെറ്റിദ്ധാരണകള്‍ക്കും  ഇടവരുത്തിയിട്ടുണ്ട്. നാടന്‍പാട്ടിനെ സംബന്ധിച്ച്  അവ ഇവയാണ്: നാടന്‍പാട്ടുകള്‍ പാരമ്പര്യമായി കൈമാറിവരുന്നതായിരിക്കണം, അത് പ്രാചീനമായിരിക്കണം, അജ്ഞാത കര്‍തൃത്വങ്ങളായിരിക്കണം. ഇത്തരത്തില്‍ ഒരുപാട് തെറ്റായ ധാരണകള്‍ മലയാള ഫോക് ലോര്‍ പഠനങ്ങളിലൂടെ പ്രസരിച്ചിട്ടുണ്ട്. അജ്ഞാതകര്‍തൃത്വങ്ങള്‍ ആണ് നാടന്‍ പാട്ടുകളുടെ ഒരു അടിസ്ഥാനമെന്ന സങ്കല്പനത്തിലൂടെ കാര്‍ഷിക  വിഭവങ്ങളിലെന്ന പോലെ ദളിത് ഫോക് ലോറുകളുടെയും കര്‍ത്താവിനെ അവര്‍ ഇരുട്ടിലാക്കി വെച്ചു. നാടന്‍ പാട്ടുകളും ദളിത് ഫോക് ലോറുകളും പുരാവസ്തുക്കള്‍ ആയിട്ടാണ് മേലാളര്‍ അവതരിപ്പിച്ചതെന്ന് കെ.കെ. ബാബുരാജ് വിലയിരുത്തിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ കഴിഞ്ഞു പോയ ഒന്നല്ല, വര്‍ത്തമാനകാലത്തോടു സംവദിക്കുന്നതു കൊണ്ട് മാത്രമാണു നാടന്‍പാട്ടുകള്‍ക്ക്  പുതിയ കാലത്തും സജീവമാകാന്‍ കഴിയുന്നത്. 

ഫോക് ലോറുകളെ വിശദീകരിച്ചു കൊണ്ട് ഇന്ത്യയുടെ അടിത്തട്ടില്‍ നില്‍ക്കുന്ന ചിന്താപദ്ധതി ഒരിയ്ക്കലും ബ്രാഹ്മണിക്കല്‍ അല്ല മറിച്ച്  ശ്രമണധാരയാണ് എന്ന് കെ.കെ. ബാബുരാജ് വിലയിരുത്തിയിട്ടുണ്ട്. കീഴാളധാരയാണ് ഇന്ത്യയില്‍ മൊത്തം നില്‍ക്കുന്ന ഒരു അടിത്തട്ട്. അതിനെ പരിവര്‍ത്തനപ്പെടുത്തിയെടുക്കാന്‍ വളരെ പെട്ടെന്ന് കഴിയുന്നതുമല്ല.  കീഴാള വിഭാഗങ്ങള്‍, ഗാന്ധിയുടെ ഹരിജന്‍ സങ്കല്‍പവും പിന്നീട് വന്ന ഇടതുപക്ഷ പൊതുബോധവും തുടര്‍ന്നുവന്ന ആര്യവത്കരണവും എല്ലാം  വരുമ്പോഴും അതിന്‍റെ  അന്തര്‍ധാര  ഫോക്കുകളില്‍ വേരുറച്ചു നില്‍ക്കുന്നതു കൊണ്ട് അതിനെ അവര്‍ക്കുതകും വിധം പരിവര്‍ത്തനപ്പെടുത്തുക സാധ്യമല്ല. 

ചിത്രകാരന്‍ ജിജോ സോമന്‍ വരച്ച ചിത്രം

ജിതേഷ് കക്കിടിപ്പുറത്തിന്‍റെ പാട്ടുകളുടെ  പ്രത്യേകത, അത് തലമുറ കൈമാറിവന്ന പ്രാചീനതയുടെ പാട്ടല്ല.  അദ്ദേഹത്തിന്‍റെ അച്ഛനോ അമ്മയോ അല്ലെങ്കില്‍ ചുറ്റുപാടുകളില്‍ നിന്നോ പറഞ്ഞുകേട്ട ഒരു കഥയെ, കറച്ചുകൂടി നന്നായി പറയുന്നു എന്നതാണ്. ഓള്‍ഡ് സ്റ്റോറീസ് റീ ടോള്‍ഡ് എന്ന ടെക്നിക്ക് ആണത്. പഴയ കഥകളെ പുതിയ തരത്തില്‍ പുതിയ കാലത്തിനനുസൃതമായി പറയുന്നു. അദ്ദേഹം എഴുതിയ ഒരു പാട്ടാണ് 'പാലോം പാലോം നല്ല നടപ്പാലം'  കീഴാള സ്ത്രീ ശരീരങ്ങള്‍ക്ക് മേലുള്ള ഹിംസയെ ആണ് അത് സൂചിപ്പിക്കുന്നത്. അവിടെ തൊഴിലാളി വര്‍ഗ്ഗ ശരീരമല്ല അത്. പാട്ടിലുള്ളത് ഹിംസയല്ല, അതിഹിംസയാണ്. ഈ പാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യം 'എന്തിനാണമ്മേനെ  കരുനിര്‍ത്തി, പകരത്തിന് അച്ഛനെന്താ പോകാഞ്ഞത്? മാറത്തൂന്നെന്നെ  അടര്‍ത്തിയെടുത്ത് എന്തിനാണമ്മ കരുവായത്?' എന്ന ചോദ്യത്തിന് മറുപടി പറയുന്നത് 'പെണ്ണിന്‍റെ ചോര വീണാലത്രേ പാലത്തിന്‍  തൂണ് ഉറക്ക്വള്ളോന്ന തമ്പ്രാന്‍റെ വാക്കിനെതിര്‍ വാക്കില്ല, എന്‍റെ  കിടാത്തിയെയോര് കൊണ്ടുംപോയി' എന്നു പറയുന്നിടത്ത് വലിയ ഒരു പ്രശ്നമുണ്ട്. കൊണ്ട് പോയി എന്നു മാത്രമേ പറയുന്നുള്ളൂ. പിന്നീട് എന്തു നടന്നു എന്നു സൂചിതമല്ല.    

ഇത് സി.അയ്യപ്പന്‍റെ കഥകളിലൊക്കെ പറയുന്നതു പോലെയുളള സവര്‍ണ്ണതയുടെ അതിഭീകരമായി പെണ്ണിനെ കയ്യടക്കലാണ്. എന്നു മാത്രമല്ല മൃഗീയമായി ഹിംസിക്കുന്നു എന്നത് കൂടിയാണ്. കീഴാള സ്ത്രീകളോട് ബലാത്സംഗത്തിനും അപ്പുറമുള്ള ക്രൂരതകള്‍ രതിനിര്‍വ്വേദമായി നടത്തുന്ന സവര്‍ണ്ണത സി.അയ്യപ്പന്‍റെ  കഥകളില്‍ ധാരാളം കാണാന്‍ കഴിയും. 'കൊല്ലമൊന്നു കഴിഞ്ഞപ്പോള്‍ പരുത്തേലിപ്പാടത്തെ പച്ചക്കറികൃഷിക്ക് കണ്ണുതട്ടാതിരിക്കാന്‍ സ്വന്തം തലയോട് തന്നെ നോക്കുകുത്തിയാക്കി ഇണ്ണൂലി സേവനം മടക്കി.' എന്നു പറയുന്നിടത്ത് പ്രമാണിമാര്‍ ബലാത്സംഗംചെയ്തു കൊന്ന ശവത്തിനോടു കാണിക്കുന്ന അനീതിയാണ് ഈ കഥയിലെ പ്രധാന പ്രതിപാദ്യം. '....അവളെ അടിവയറിന് തൊഴിച്ചുകൊന്ന് വല്യകുളത്തില്‍ കെട്ടിത്താഴ്ത്തുകയാണ് ആദ്യം ചെയ്തത്. മൂന്നാംപക്കം കഴുത്തില്‍ കെട്ടിത്തൂക്കിയ അമ്മിക്കല്ല് വിട്ട് ശവം മുകളില്‍ പൊങ്ങി വന്നു. അപ്പോള്‍ കുഴിച്ചിടാതെ നിവൃത്തിയില്ലാതായി. പക്ഷേ കുഴിക്ക് വേണ്ടത്ര ആഴമെടുക്കാതെയാണത് ചെയ്തത്. അതുകൊണ്ടാണല്ലോ കുറുക്കന്മാര്‍ മാന്തി തല പുറത്തിട്ടത്....' ഇതാണ് അമ്മ പറഞ്ഞു നിര്‍ത്തിയ കഥ. ഇത് അമ്മായിയുടെ അനുഭവമായി പറയുമ്പോള്‍, ആ പെണ്‍കുട്ടി കലിങ്കില്‍ നില്ക്കുന്ന സമയത്ത് കോളേജില്‍ നിന്നു വരുന്ന തമ്പുരാന്‍ ചെയ്ത കാര്യത്തെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്. '.....കുളി കഴിഞ്ഞ് കയ്യാണിക്കുള്ളില്‍ നിന്നും തോര്‍ത്ത് പിഴിഞ്ഞ് തലതോര്‍ത്തുമ്പോള്‍ പിന്നിലൂടെ പൂണ്ടടക്കം പിടിച്ച പടിക്കലെ കോളേജില്‍ പഠിക്കുന്ന തമ്പുരാന്‍ എവിടെ നിന്നാണ് വന്നതെന്ന് ശാരദക്കു മനസ്സിലായില്ല. ഒരു കൈകൊണ്ട് അയാള്‍ അവളുടെ വായ് പൊത്തിപ്പിടിച്ചു. അവളുടെ നിലവിളി ഒരു തരം രതികൂജനം പോലെ അയാളെ ഇളക്കിമറിച്ചു. ശാന്തനായി ചളിയില്‍ നിന്നും കാലുകള്‍ വലിച്ചൂരിയെടുത്ത് നടക്കുമ്പോള്‍ അയാള്‍ അവളുടെ കരിങ്കല്ലുരഞ്ഞു ചോര പൊടിയുന്ന ചന്തിയില്‍ നുള്ളി....' ഈ രണ്ട് സ്ത്രീകളോട് മേലാളര്‍ കാണിക്കുന്നത് കേവലം ബലാത്സംഗമല്ല, അതിനപ്പുറമുള്ളൊരു ഹിംസയാണ്. ഒരുപടികൂടി കടന്നിട്ട് ഈ മൃഗതുല്യമായ രതിയാണ് കീഴാളസ്ത്രീളോട് അവര്‍ പുലര്‍ത്തിയിരുന്നതെന്നതിന്‍റെ തെളിവാണ് ഈ പാട്ടിലുള്ളത്. സ്തനത്തില്‍ പാലുള്ള സ്ത്രീയോടുള്ള ഭോഗത്തിന്‍റെ വേറൊരു തൃഷ്ണാപരതയാണ് പ്രസവം കഴിഞ്ഞു മുല നല്‍കുന്ന പെണ്ണില്‍ കണ്ണുവെക്കുന്നതിലുള്ളത്. പെണ്ണിനെ കൊണ്ടുപോയത് ഒരിക്കലും പാലമുറപ്പിക്കാന്‍ ആവുമെന്ന് കരുതാനാകില്ല. കീഴാളഹിംസക്ക് അന്ധവിശ്വാസങ്ങളെക്കൂടി അവര്‍ ആയുധമാക്കിയിരുന്നു എന്നാണ് ഇവിടെ തെളിയുന്നത്. 

'....കാതുകുത്താനെപ്പോ വരും  നിന്‍റാമ്മാമ്മാരു പൊന്നോ...’, പിന്നെ '....പൊന്നോ ന്നൊരു വിളിയും കേട്ടു.....', ജിതേഷിന്‍റേതായി അറിയപ്പെട്ട ഈ രണ്ടു പാട്ടിലും പൊന്നോ എന്ന ചെറിയ  പെണ്‍കുട്ടിയോടാണ്  സംസാരിക്കുന്നത്.  പെണ്‍കുട്ടികളോടുള്ള  സ്നേഹവും പിന്നെ തമ്പുരാന്‍ ബലാത്സംഗം ചെയ്തത്  മകളോടു പറയുന്ന മറ്റൊരു പാട്ടുമുണ്ട്. ഇതിലെല്ലാം സ്വന്തം പെണ്ണിനെ സംരക്ഷിക്കാന്‍ കഴിയാത്ത കീഴാളആണിന്‍റെ സങ്കടങ്ങളാണ്  വിലാപങ്ങളായിട്ട് കടന്നുവരുന്നത്.  ‘എന്നൊരു മാമ്പഴം പാട്ട്’ മാവു നട്ടപ്പോള്‍ മാമ്പഴം കുഞ്ഞുങ്ങള്‍ക്ക് തിന്നാന്‍ കൊടുക്കാനാവാത്ത കാര്യം പറയുന്നുണ്ട്. വാഴക്കുല, നെല്ല്, പാവക്ക പോലുള്ള സാധനങ്ങള്‍ മേലാളര്‍ വിളവെടുത്തുകൊണ്ടു പോയ സങ്കടങ്ങളുള്ള പാട്ടുകള്‍ കീഴാളരുടെ ഇടയില്‍ നിരവധിയുണ്ട്. വാഴക്കുല തമ്പുരാന്‍ വെട്ടിയതില്‍ പ്രതിഷേധിക്കുന്ന ഒരു നാടന്‍ പാട്ട്  തൃക്കാക്കരയയിലും കുന്നത്തുനാട്ടിലുമെല്ലാം ഉണ്ടായിരുന്നതായി ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. കീഴാളരെ സംബന്ധിച്ചിടത്തോളം ഭൂമിയല്ല, ഭൂമിയിലുണ്ടായി നില്‍ക്കുന്ന സസ്യങ്ങളും വിളകളുമാണ് അവര്‍ക്ക് അവരുടേതായി തോന്നിയിട്ടുള്ളത്. ദലിതരെ സംബന്ധിച്ചിടത്തോളം അവരുടെ ഭൂമി നില്‍ക്കുന്ന സ്ഥലത്ത് ഉണ്ടാകുന്ന വസ്തുക്കള്‍ കൊണ്ടുപോകുന്നതിലാണവര്‍ വേവലാതിപ്പെട്ടിട്ടുള്ളത്. ഭൂമി ഒരു അസറ്റാണെന്ന് വളരെ വൈകിയാണവര്‍ മനസ്സിലാകുന്നത്. ജിതേഷ് നിരവധി പാട്ടുകള്‍ എഴുതിയിട്ടുണ്ട്. അതിലെല്ലാം ദളിതരുടെ നേരനുഭവങ്ങള്‍ ആണ് ഉള്ളത്. മുമ്പേ പറഞ്ഞ ഫോക് ലോര്‍ തിയറിയില്‍ നിന്നതുകൊണ്ട് പുതു നാടന്‍പാട്ടുകള്‍ എഴുതിയ ആളുകള്‍ നിര്‍ബന്ധിത മരണത്തിന് വിധേയപ്പെട്ടു. നോക്കിയാല്‍ അറിയാം സി.ജെ.കുട്ടപ്പന്‍റെ  പാട്ടുകള്‍ പലതും എം.എന്‍.തങ്കപ്പന്‍ എഴുതിയതാണ്. പക്ഷെ എഴുത്തുകാരന്‍  പാട്ടുകള്‍ക്കൊപ്പം അടയാളപ്പെട്ടില്ല. സി.ജെ.കുട്ടപ്പന്‍ അത് എവിടെയെങ്കിലും പറഞ്ഞതായി എനിക്കറിയില്ല. 

അതുപോലെ തന്നെ ‘പാട്ടും പരുന്തക്കെട്ടും ഞാന്‍ പണ്ടേ മറന്നേ’ എന്ന പാട്ട് മധു നാരായണന്‍ എഴുതിയതാണ് എന്നു പലര്‍ക്കുമറിയില്ല.  'ഇനിവരുന്നോരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എഴുതിയത് ഇഞ്ചക്കാട് ബാലചന്ദ്രന്‍ ആണെന്നത് വളരെ വൈകിയാണ് അറിയുന്നത്. 'താരകപെണ്ണാളേ' എന്ന പാട്ട് സത്യന്‍ കോമല്ലൂര്‍ എഴുതിയതാണെന്നും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ പാട്ടാണ് 'നിന്നെക്കണ്ടാല്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ' എന്നതും അധികം പേര്‍ക്കും അറിയില്ല. പുതു നാടന്‍പാട്ടുകള്‍ പ്രാചീനമാണെന്ന് പ്രചരിപ്പിച്ചതില്‍ നാടന്‍പാട്ട് കലാകാരന്മാര്‍ക്കും പങ്കുണ്ട്. തലമുറകളിലൂടെ പാടിവന്ന പാട്ടുകള്‍ എന്നു അവര്‍ പരിചയപ്പെടുത്തിയപ്പോള്‍ പാട്ടെഴുത്തുകാര്‍ പുറത്തായി. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ജിതേഷ് കക്കിടിപ്പുറം ഇത്തരത്തിലുള്ള പ്രതിഭയാണെന്ന് അധികം പേര്‍ തിരിച്ചറിയാതെ പോകുമായിരുന്നു.  ജിതേഷിനേ പോലുള്ള നിരവധി കലാകാരന്മാര്‍ നമുക്ക് ചുറ്റും ഇനിയും നിരവധിയുണ്ട്. അവരെ വെളിച്ചത്തെത്തിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.

ജിതേഷ് കക്കടിപ്പുറത്തിന്‍റെ പാട്ട് നിലവിലുള്ള സംഗീത വ്യവസ്ഥകളെ വെല്ലുവിളിക്കുന്നതാണ്.  അതാണ് ആ പാട്ടുകളിലെ സവിശേഷത എന്നുപറയുന്നത്. 'കൈതോല പായവിരിച്ച്' എന്ന പാട്ടില്‍  “ആ.... ഏ.... ഓ.....” എന്ന ഹമ്മിങ് ഉണ്ട്.  ഇന്ത്യയിലെയും കേരളത്തിലെയും സംഗീതത്തില്‍ ശാസ്ത്രീയം എന്നു പറഞ്ഞു വെച്ച സംഗീതത്തിന്‍റെ  മേല്‍ക്കോയ്മ നിലനില്ക്കുന്നുണ്ട്. ഒരാണി മുനയില്‍  ഒരു 'പ....' വച്ചിട്ട്  ഉച്ചവും അവചവുമായ രണ്ട് 'സ'-കളിലേക്ക് സംഗീതം  ഒതുങ്ങുന്നുണ്ടോ എന്നാണ് അവര്‍ നോക്കുന്നത്.  ഞാന്‍ ഒരിക്കല്‍ ഫോക് ലോര്‍  അക്കാഡമിയുടെ ഒരു സെമിനാറിന് പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയൊരു കാര്യമുണ്ട്. അവിടൊരു പേപ്പര്‍ അവതരിപ്പിച്ചതില്, ഓരോ നാടന്‍പാട്ടും ശാസ്ത്രീയ സംഗീതമായി പറയുന്ന ഈ സ്വരസ്ഥാനങ്ങളിലേക്ക് ഒതുങ്ങുന്നുണ്ടോ എന്നു പരിശോധിക്കുകയും അത്തരത്തില്‍ ഒതുങ്ങുന്ന പാട്ടുകളെല്ലാം ഗംഭീര പാട്ടുകളാണ് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരുന്നു. അതായത് അവയെ അവരുടെ ‘കട്ടിലി’ലേക്ക് ഒതുക്കിവക്കുന്ന സംഗീതമാക്കുന്നതിന് അവര്‍ ഉത്സുകരാണ്. എന്നാല്‍ സ-പ-സ-യില്‍ ഒതുങ്ങുന്ന സാധനമല്ല നാടന്‍പാട്ടെന്നും അതിനും അപ്പുറത്തേക്കുമുള്ള ഒരു ജനകീയ ലോകമാണ് ഇതിനുള്ളതെന്നും ജിതേഷിന്‍റെ പാട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാ...പാ...സാ... എന്നു പാടാതെ, മലയാള അക്ഷര മാലയിലെ ‘ആ.... ഏ... ഓ....’ എന്നു പാടിയത് വിപ്ലവമാണ്. വേറൊരു ബഹുജന സംഗീതത്തിന്‍റെ ഒരു മഹാലോകം തന്നെയാണ് നാടന്‍പാട്ട് എന്ന് പറയാന്‍  അദ്ദേഹത്തിന് കഴിഞ്ഞു. 

സി.ജെ.കുട്ടപ്പന്‍, പി.എസ്.ബാനര്‍ജി, മത്തായി സുനില്‍, കലാഭവന്‍ മണി

മാര്‍ക്സിസ്റ്റ് ചിന്താപദ്ധതി പലപ്പോഴും ദലിതരുടെ സ്വത്വത്തെ മിനിമൈസ് ചെയ്യാന്‍ ബോധപൂര്‍വ്വമായി ശ്രമിച്ചിട്ടുണ്ട്. അപ്പോഴും അവര്‍ക്ക് ആവശ്യമുള്ളതെല്ലാം പാരഡി പോലെ ഈ നാടന്‍ പാട്ടുകളില്‍ നിന്ന്‍ എടുക്കുന്നതും കാണാം. 'കവടിയാര്‍ കൊട്ടാരമുറ്റത്തുലാത്തുന്ന, കാണുവാന്‍ ചേലുള്ള തമ്പുരാനേ, തിരുവുള്ളക്കേടൊന്നും തോന്നരുത് ഞങ്ങള്‍ കൊടിയുമായങ്ങ് വരികയാണ്', ‘തല്ലിയാല്‍ ഞങ്ങള്‍ തിരിച്ചു തല്ലും, നിന്‍റെ തണ്ടെല്ലു എടുത്തു പതാക നാട്ടും’ എന്ന മട്ടില്‍ കീഴാള പാട്ടുകളെ പാരഡിവത്ക്കരിച്ചു 'അരിവാളും ചെങ്കതിരും ഇങ്ക്വിലാബും' ചേര്‍ത്തു  കോളേജ് കാമ്പസുകളില്‍ പോലും പാടുന്നത് കണ്ടിട്ടുണ്ട്. അപ്പോഴും ദളിതരുടെ ഫോക്കുകളെയും നാടന്‍പാട്ടുകളെയും അസ്ഥിരപ്പെടുത്തിയതില്‍ കേരളത്തിലെ ഇടതുപൊതുബോധത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ദലിത് സ്വത്വത്തെ തകര്‍ക്കുക എന്ന അജണ്ടയുടെ ഭാഗമായിട്ടാണ് അവരിത് ചെയ്തത്.  പക്ഷേ, അവരുടെ ഒരു പരിപാടികള്‍ക്കും  ഈ ഓര്‍മ്മകളെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മാത്രമാണ് ഫോക്കുകള്‍ ദളിതരുടെ ഓര്‍മ്മയും സെല്‍ഫും ആയി  നില്ക്കുന്നത്. ഇത്തരം സെല്‍ഫുകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ദളിതര്‍ക്ക്  ഒരു സമുദായിക അസ്തിത്വം ഇന്നും നിലനില്‍ക്കുന്നത്. തൊഴിലാളിവര്‍ഗ്ഗം എന്ന അസ്തിത്വമാണ് പുതിയ കാലത്ത് അവരില്‍ നിന്നും മിനിമൈസ് ആയിക്കൊണ്ടിരിക്കുന്നത്. 

സമുദായം എന്ന അസ്ഥിത്വത്തില്‍ നിരവധി ആചാരങ്ങളുണ്ട്. ഗര്‍ഭത്തിലിരിക്കുമ്പോള്‍ അമ്മക്കു നടത്തുന്ന പുളികുടിക്കല്യാണം, കുട്ടി ജനിച്ചു ഇരുപത്തിയെട്ടിന് നടത്തുന്ന ഇരുപത്തിയെട്ട് കല്യാണം, കാതുകുത്ത് കല്യാണം, കെട്ട് കല്യാണം, പെണ്കുട്ടി ഋതുമതിയാവുമ്പോള്‍ തെരണ്ട്കല്യാണം, പിന്നെ യഥാര്‍ത്ഥ കല്യാണം (കെട്ട്) ഇത്തരം ആചാരങ്ങള്‍ ദളിതരിലുണ്ട്.  ആചാരപരവുമായി ബന്ധപ്പെട്ട അത്തരം  ഓര്‍മ്മകളുടെ പാട്ടാണ് ജിതേഷിന്‍റെ 'കൈതോലപായവിരിച്ച്'. ഇത്തരം ആചാരപരമായ ഓര്‍മ്മകളെക്കൂടി അടയാളപ്പെടുത്തുന്നതാണ് ജിതേഷിന്‍റെ പാട്ടുകളും.

 


 

കീഴാള കലകള്‍ക്ക് മുകളിലുള്ള സവര്‍ണ്ണ അപ്രോപ്രിയേഷനുകള്‍ 
ശ്രുതീഷ് കണ്ണാടി

ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരനെ പൊതുസമൂഹം അറിഞ്ഞു തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. എല്ലാവരാലും അറിഞ്ഞു അംഗീകരിക്കപ്പെട്ട് ജീവിതം പടുത്തുയര്‍ത്തുന്നതിനു മുമ്പ് തന്നെ വിടവാങ്ങേണ്ടി വന്ന നിര്‍ഭാഗ്യവാനായ കലാകാരനാണ് ജിതേഷ്. സ്വന്തം പാട്ട് തന്‍റേതാണെന്ന് തെളിയിക്കാന്‍ ഇരുപതിയാറു വര്‍ഷം  കാത്തിരിക്കേണ്ടി വരിക എന്നത് ഒരു കലാകാരന്‍ നേരിട്ടിരിക്കാവുന്ന ഏറ്റവും വലിയ ഹിംസയായിരിക്കും. ജിതേഷിന്‍റെ ജീവിതം സത്യത്തില്‍ പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന സവര്‍ണ്ണ അപ്രോപ്രിയേഷനുകളിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ദലിത്-കീഴാള കലാരൂപം, പാട്ട്, എഴുത്ത്, സംസ്കാരം എന്നിവ അപ്രോപ്രിയേറ്റ് ചെയ്താണ് വരേണ്യ കലാപ്രവര്‍ത്തകര്‍ ഇന്നു വരെയും മൂലധനം സമ്പാദിച്ചിട്ടുള്ളത്. നേഹ നായര്‍, റെക്സ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട “കൈതോല പായ വിരിച്ച്...” എന്ന പാട്ടിന് ഒരു തരത്തിലുള്ള ക്രെഡിറ്റും ജിതേഷിന് നല്കിയിട്ടില്ലെന്ന് മാത്രമല്ല അവര്‍ നടത്തിയ അപ്രോപ്രിയേഷന്‍ തുറന്നുപറഞ്ഞു കൊണ്ട് മറ്റൊരു ചാനലില്‍ അദ്ദേഹം പാടിയ സ്വന്തം പാട്ടിന് മുകളില്‍ ഇവര്‍ പകര്‍പ്പവകാശം ഉന്നയിച്ച് രംഗത്തുവരിക കൂടി ചെയ്തിരുന്നു. സ്വന്തം ബൗദ്ധികതയും കലയും തങ്ങളുടേത് തന്നെയാണെന്ന് തെളിയിക്കാന്‍ കഴിയാതെ ജീവിക്കേണ്ടിവരുന്ന ജനത ഇവിടെ ദലിത് സമൂഹമല്ലാതെ മറ്റാരാണ് ഉണ്ടാവുക? ജിതേഷ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധീകരിക്കുന്ന നമ്മുടെ കലയും പാട്ടും സംസ്കാരവുമെല്ലാം തീക്ഷണമായ ചരിത്രയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും സാമൂഹ്യബോധ്യങ്ങളില്‍ നിന്നും രൂപപ്പെട്ടുവരുന്നതാണ്. അതിജീവനത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും ഇടപാടുകള്‍ ചേര്‍ത്തുവച്ച് നിര്‍മ്മിച്ച  കീഴാളകലകളുടെ ഏറ്റെടുപ്പ് ഈ സമൂഹത്തോടു കാണിക്കുന്ന ഏറ്റവും വലിയ ഹിംസകളില്‍ ഒന്നാണ്.

ഇത്തരം അപ്രോപ്രിയേഷനുകളിലെ ഹിംസാത്മകമായ വൈരുദ്ധ്യമെന്തെന്നാല്‍, നാം ഏത് വരേണ്യ സാമൂഹിക ചരിത്രത്തിനും, ഫ്യൂഡല്‍ ജാതി വ്യവസ്ഥക്കുമെതിരായാണോ കലകളിലൂടെ പ്രതിഷേധിക്കുന്നത്, അതേ ഫ്യൂഡല്‍ വ്യവസ്ഥയുടെ പുന:രുല്പാദനത്തിന്‍റെ ഭാഗമായവര്‍ തന്നെയാണ് ഈ ഏറ്റെടുക്കലുകളും ഇന്ന് അനായാസം നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ്. അതായത് ചരിത്രത്തില്‍ വയലന്‍സ് നടത്തുകയും, അത്തരം വയലന്‍സുകള്‍ക്കെതിരെ കലാപരമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ കലയെ തന്നെയും അപ്രോപ്രിയേറ്റ് ചെയ്ത് സാംസ്കാരിക മൂലധനം സ്വായത്തമാക്കുന്ന വരേണ്യ സംവിധാനത്തിന്‍റെ ഇരയാണ് ജിതേഷ് കക്കിടിപ്പുറവും എന്നതാണ് സത്യം. ജിതേഷിന്‍റെ കലയും പാട്ടും മാത്രമല്ല അദ്ദേഹത്തിന്‍റെ ജീവിതം കൂടെയാണ് ഇക്കൂട്ടര്‍ അപ്രോപ്രിയേറ്റ് ചെയ്ത് ഇല്ലാതാക്കിക്കളഞ്ഞത്. എങ്കിലും കീഴാള സംസ്കൃതിയുടെയും താളബോധത്തിന്‍റെയും ഇടങ്ങളില്‍ ജിതേഷ് അനശ്വരനായ കലാകാരനായിത്തന്നെ എന്നും സ്മരിക്കപ്പെടും. 


ജിതേഷ് കക്കിടിപ്പുറം ഫ്ലവേഴ്സ് ചാനലില്‍ തന്‍റെ പാട്ടുജീവിതം പറയുന്നത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഇതില്‍  അദ്ദേഹം പാട്ടുപാടുന്ന ഭാഗം കോപ്പിറൈറ്റിന്‍റെ ഭാഗമായി  മ്യൂട്ട് ചെയ്തിരിക്കുന്നത് കാണാവുന്നതാണ്. 


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image