Image

എവിടെ... അനിത എവിടെ?

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ വിദ്യാഭ്യാസത്തിലൂടെയും ഉദ്യോഗങ്ങളിലൂടെയും രാഷ്ട്രീയങ്ങളിലൂടെയും ദലിത് സ്ത്രീകള്‍ പൊട്ടിത്തെറിച്ച് പറന്നപ്പോള്‍ അനിത കമ്മിട്ടിപ്പാടത്തില്‍ അങ്ങോട്ടുമിങ്ങോട്ടും സൈക്കിളോടിച്ച് കളിക്കുകയാണ്. ബിന്‍സി മരിയ എഴുതുന്നു.

 

ആധുനിക കലകളില്‍ സിനിമയോളം സൂക്ഷ്മമായി ആശയങ്ങളും അനുഭവങ്ങളും ഉള്ളും ഉള്‍ക്കടലും ഒരുപോലെ പ്രതിഫലിപ്പിക്കപ്പെട്ട മറ്റൊരു കലാവിഷ്ക്കാരം വേറെ ഇല്ല. വലിച്ചു കെട്ടിയ വെള്ളത്തുണിയില്‍ പ്രതിഫലിപ്പിക്കപ്പെട്ട രൂപങ്ങള്‍ ഭ്രമകല്പനകളുടെ പുതിയ ലോകം തുറന്നിട്ടു എന്നതിലുപരി ആദി മുതല്‍ മനുഷ്യന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന പല സമസ്യകളുടെയും ഉത്തരങ്ങളും ചോദ്യങ്ങളും ക്രിയാത്മകമായി സംവദിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് ഈ മാധ്യമത്തെ അത്രമേല്‍ സ്വീകാര്യമാക്കി തീര്‍ത്തത്. ആത്യന്തികമായി വിനോദോപാദിയായി അവതരിപ്പിക്കപ്പെടുമ്പോഴും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും ആത്മീയവുമായ വിഷയങ്ങള്‍ അതിന്‍റെ ഗൗരവം ചോരാതെ സിനിമ പകര്‍ത്തിയെഴുതാറുണ്ട്. അതേസമയം വിവിധ കാലഘട്ടങ്ങള്‍ തന്മയത്വത്തോടെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി പോലെയാവണം സിനിമ എന്ന് ശഠിക്കാന്‍ വയ്യ. കാരണം സിനിമയും മറ്റേതൊരു കലയും പോലെ ആവിഷ്കാരസ്വാതന്ത്ര്യം അര്‍ഹിക്കുന്നു. നാലുകെട്ടും പൂമുഖപ്പടിയും സാമൂഹിക സ്വീകാര്യത നേടാനിടയുള്ള മറ്റു സ്ഥിരവിഷയങ്ങളും കടന്ന് 'പക്ഷമില്ലാത്തവന്‍റെ പക്ഷം ചേരുന്ന' ചലച്ചിത്ര ഭാഷ്യങ്ങള്‍  മലയാള സിനിമയില്‍ അപൂര്‍വ്വമായെങ്കിലും ദൃശ്യമാകുന്നുവെങ്കിലും ‘ശ്രദ്ധേയമായ ചില അശ്രദ്ധകള്‍’ കൊണ്ട്  നിര്‍മ്മിക്കുന്ന ചില ബിംബങ്ങള്‍ യാഥാര്‍ത്ഥ്യത്തോട്  നീതിപുലര്‍ത്താതെ മുഴച്ചുനില്‍ക്കുന്നുവെന്നത് എടുത്തുകാട്ടാതെ വയ്യ. എരിഞ്ഞ് തീരുന്നതിന്‍റെ അവസ്ഥ ചാരത്തിന് മാത്രമെ പൂര്‍ണ്ണമായും മനസ്സിലാകൂ എന്ന് ഓം പ്രകാശ്‌ വാത്മീകി പറയുന്നതു പോലെ,  കണ്ടും പറഞ്ഞും മാത്രം കേട്ടിട്ടുള്ള ദളിത്‌ ജീവിതങ്ങള്‍ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യത്തിലെ രസതന്ത്ര ചേരുവകള്‍ക്കൊപ്പം നിര്‍മ്മിക്കപ്പെടുമ്പോള്‍ പ്രതിനിധാനം ചെയ്യുന്ന രീതികളിലെ വിടവുകള്‍  പ്രശ്നവത്ക്കരിക്കാത്ത പക്ഷം അത് പൊതുബോധത്തില്‍ ഉറച്ചുനില്ക്കും. അറിയാത്ത, അനുഭവിക്കാത്ത  ജീവിതങ്ങള്‍ അവതരിപ്പിക്കുന്നത് ഒരിക്കലും ചരിത്രത്തെ തമസ്ക്കരിച്ചു കൊണ്ടായിരിക്കരുത്.

‘ദൈവതുല്യനായ വെളുത്ത’ രാജാവ്, അരികുപറ്റി ജീവിച്ചിരുന്ന ‘കറുത്ത’ മനുഷ്യരെ കാണുന്നതും, അങ്ങനെയൊരു വിഭാഗം നിലനില്‍ക്കുന്നത് അറിയുന്നത് പോലും ആചാര ലംഘനമായി കരുതിപ്പോരുന്നിടത്ത്, സവര്‍ണ്ണമേധാവിത്വത്തോടുള്ള പ്രത്യക്ഷ പ്രതിഷേധമായി വെങ്ങാനൂരില്‍ നിന്നും പുറപ്പെട്ട ദളിതരുടെ ഘോഷയാത്രയെപ്പറ്റി ചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.  ശ്രീമൂലം തിരുനാള്‍ മഹാരാജാവ് കാണ്‍കെ, രാജവീഥിക്കരികിലെ വയലില്‍ നിരന്നു നിന്ന ദളിതരെ 'കറുത്ത കരിമ്പടം പോലെ' എന്നാണ് ആ കാലത്തെ കവികള്‍ വിശേഷിപ്പിച്ചതെന്ന് അയ്യന്‍കാളിയെക്കുറിച്ചുള്ള പുസ്തകത്തില്‍ ടി.എച്ച്.പി. ചെന്താരശ്ശേരി പറയുന്നുണ്ട്. ജാതീയമായ വിവേചനങ്ങള്‍ക്ക് പുറമേ  നിറവും ശരീരവുമെല്ലാം ഇന്‍റികേറ്ററുകളായി, തിരിച്ചു വ്യത്യാസങ്ങളുടെ അളവുകോലുകള്‍ ആയി പരിണാമപ്പെടുന്ന സാമൂഹിക പരിതസ്ഥിതിയില്‍ നിന്ന് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്കു വന്നിട്ടും വലിയ വ്യത്യാസങ്ങളൊന്നും  സംഭവിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ദൈന്യതയുടെയും വിധേയപ്പെടലിന്‍റെയും സാമൂഹിക പരിവര്‍ത്തനങ്ങളോട്, കാലഘട്ടത്തിന്‍റെ മാറ്റങ്ങളോട് സമരസപ്പെടുവാന്‍ അറിയാത്ത ‘പിടിപ്പുകേടിന്‍റെയും’ രൂപങ്ങളായി ഇന്നും കീഴാള ജീവിതങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു.  വെളുപ്പിന്‍റെ പല ഷേഡുകളില്‍, ആണ്‍ പെണ്‍ ജീവിതങ്ങളെ വില്പ്പനക്ക് വക്കുന്ന മാട്രിമോണിയലുകള്‍ മുതല്‍ സിനിമകളും ചില സാഹിത്യ സൃഷ്ടികളും വരെ കറുപ്പിന്‍റെ, ദളിതന്‍റെ ജീവിത പരിസരങ്ങളെ പ്രത്യക്ഷത്തില്‍ അളന്നു കൂട്ടി അവര്‍ക്ക് തോന്നുംപടി ചേരുംപടി ചേര്‍ത്തുവക്കുന്നതിലെ യുക്തിയെന്തെന്നു ചിന്തിക്കെണ്ടിയിരിക്കുന്നു. ഇതില്‍ തന്നെ ജാതിശ്രേണികളും പിത്രുലീന വ്യവസ്ഥയും കൊണ്ട് സങ്കീര്‍ണ്ണമാക്കപ്പെട്ട പരിതസ്ഥിതിയില്‍   ദളിത് പെണ്‍ജീവിതങ്ങളെ സാധാരണീകരിക്കുന്നതും മുഖ്യധാരാ സ്ത്രീപക്ഷ ചിന്തകളുടെ ബാനറുകള്‍ക്കുള്ളില്‍ രേഖപ്പെടുത്തുന്നതും നീതിയല്ല. അക്ഷരാര്‍ത്ഥത്തില്‍, പരസ്പര പൂരകങ്ങളായ പല identityകളാണ് (intersecting identity) ദളിത് സ്ത്രീകള്‍ക്ക് പൊളിച്ചെഴുതുവാനുള്ളത്. 

സവര്‍ണ്ണ ലാവണ്യബോധത്തില്‍ നിന്നും വ്യതിരിക്തമായി ദളിതന്‍റെ ജീവിത പരിസരങ്ങളെ ആത്മബോധ്യങ്ങളില്‍ ഉരുകിയുറച്ച  കറുപ്പും, അധികാരത്തിന്‍റെ ചോര ചുവച്ചും, നിഷേധിക്കപ്പെട്ട അതിജീവന പച്ചയും സമം ചേര്‍ത്ത് ദൃശ്യവത്ക്കരിച്ച 'കമ്മട്ടിപ്പാടം' എന്ന മലയാള സിനിമ  മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ്. പ്രധാനമായും  ദളിത് പുരുഷ കഥാപാത്രങ്ങളിലൂടെയും സവര്‍ണ്ണതയുടെ ആണ്‍ മുഷ്ക്കുകളിലൂടെയും  തുടങ്ങി, ഒടുങ്ങുന്ന  സിനിമ താഴ്ന്നുപോയവന്‍റെ പക്ഷം ചേര്‍ന്നുള്ള ടെക്സ്റ്റ്‌ ആയി നിരൂപകരും ആസ്വാദകരും നിര്‍വ്വചിക്കുമ്പോഴും ‘അസ്വാഭാവികമായ സ്വാഭാവികതകളോടെ’ നിര്‍മ്മിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍ ഒരു ഡികണ്‍സ്ട്രക്ടീവ് വായനയ്ക്ക് പ്രേരിപ്പിക്കുന്നത് തന്നെയാണ്.  സ്ത്രീ കഥാപാത്ര നിര്‍മ്മിതിയിലെ പ്രകടമായ അലസതയും. ഗവേഷണത്തിന്‍റെ അഭാവവും , മുന്‍വിധികള്‍ കൊണ്ട് കൂട്ടിയിണക്കി നിര്‍മ്മിച്ച രൂപങ്ങളും നായികാ കഥാപാത്രമായ അനിതയടക്കം എല്ലാവരിലും വ്യക്തമാണ്. അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ഇടപെടലുകളെക്കുറിച്ച് സിനിമ വ്യക്തമായൊന്നും പറഞ്ഞ് വക്കുന്നുമില്ല. കമ്മട്ടിപ്പാടത്തിന്‍റെ ഭൂപടം ഭൂമിശാസ്ത്ര പരമായി മാത്രമല്ല, ജാതീയമായും അളന്നു തിട്ടപ്പെടുത്തി വരച്ചുവച്ചിരിക്കുകയാണെന്ന് ആദ്യ രംഗങ്ങളില്‍ നിന്ന് തന്നെ മനസ്സിലാകും. കുളം തേകി വൃത്തിയാക്കുന്ന കമ്മട്ടിപ്പാടത്തെ മനുഷ്യരെ അധികാരം കൊണ്ട് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന സവര്‍ണ്ണര്‍. ഇവിടെയാണ് അനിതയുടെ കഥാപാത്രത്തെ  ആദ്യം പ്രേക്ഷകര്‍ കാണുന്നത്. വെളുത്ത പെറ്റിക്കോട്ടും, എണ്ണയില്‍ കുതിര്‍ന്ന  മെലിഞ്ഞു നീണ്ട മുഖവുമുള്ള ചെറിയ കുട്ടിക്ക് ആ രംഗത്തില്‍ സംഭാഷണങ്ങള്‍ ഒന്നുമില്ല. എന്നു മാത്രമല്ല തുടര്‍ന്നിങ്ങോട്ട് സിനിമ അവസാനിക്കും വരെ തണുത്തുറഞ്ഞ ഒരു ദീര്‍ഘമൗനം പോലെയാണ് ആ കഥാപാത്രം. കമ്മട്ടിപ്പാടത്തിന്‍റെ ജീവിതങ്ങളോട്  എത്ര ചേര്‍ന്നുനിന്നാലും മുഴച്ചു തന്നെയിരിക്കുന്ന കൃഷ്ണന്‍ എന്ന സവര്‍ണ്ണ കുടുംബത്തിലെ കുട്ടി  ആ രംഗത്തില്‍ “പേടിക്കേണ്ട” എന്ന് അനിതയോട് പറയുന്നുണ്ട്. കഥാസന്ദര്‍ഭങ്ങളില്‍ മുഴുവനും തന്നെ അച്ഛനും അമ്മാവനും മുറച്ചെറുക്കനും അച്ചാച്ചനും അടങ്ങുന്ന പുരുഷന്മാരുടെ നിരീക്ഷണ വലയത്തില്‍ വളരുന്ന അനിതയെ, ദളിത് പുരുഷത്വത്തിന്‍റെ ആഘോഷങ്ങള്‍ക്കിടയില്‍ (Dalit Masculinity) സ്വത്വം നഷ്ടപ്പെട്ടു പോകുന്ന കഥാപാത്രമായി അവതരിപ്പിച്ചത്, പ്രതിനിധാനം ചെയ്യുന്ന  ആ കാലഘട്ടത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ നീതികരിക്കാവുന്നതല്ല. 1987-ല്‍ പുറത്തിറങ്ങിയ, ഇരുപതാം നൂറ്റാണ്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടിക്കറ്റ്‌ബ്ലാക്കില്‍ വില്‍ക്കുന്ന ബാലന്‍ എന്ന കഥാപാത്രത്തിന്‍റെ സംഘട്ടനരംഗം മുതല്‍ പലയിടത്തും, കഥ നടക്കുന്ന കാലഘട്ടത്തെപ്പറ്റി സിനിമ വ്യക്തമായ ബിംബങ്ങള്‍ കാണിച്ചുതരുന്നുണ്ട്.  പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദങ്ങളിലെ സംഘടിതമായ സാമൂഹിക മുന്നേറ്റങ്ങള്‍ കേരളത്തിലെ ദളിത് സമൂഹത്തിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വത്വ രൂപീകരണവും ദളിത് കോണ്‍ഷ്യസ്നെസ്സും തുടര്‍ന്നു വന്ന തലമുറകളിലും രൂഢമൂലമാകുന്നതിനും ഇത് സഹായിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു.  ആത്യന്തികമായ സാമൂഹിക വിപ്ലവം സാധ്യമാകണമെങ്കില്‍ ദളിതര്‍ വിദ്യാഭ്യാസം നേടണമെന്നും , തത്ഫലമായി അവകാശങ്ങളെപ്പറ്റി ബോധ്യവാന്മാരാകുമെന്നും ആഹ്വാനം ചെയ്ത അയ്യന്‍കാളിയുടെയും അംബേദ്‌കറിന്‍റെയും ആശയങ്ങള്‍ 1990-കളില്‍ വളര്‍ന്നു വന്ന ദളിത് ആണ്‍-പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് നിസ്തര്‍ക്കം പറയാവുന്നതാണ്.

അനിതയെ പിന്നെ കാണുന്നത്  സ്കൂള്‍ മൈതാനത്ത്  ഓട്ടമത്സരത്തിനായി തയ്യാറെടുക്കുന്ന കൗമാരക്കാരിയായാണ്. കമ്മട്ടിപ്പാടത്തിന്‍റെ ചുറ്റളവിനപ്പുറം അനിതയെ കാണിക്കുന്ന വെറും മൂന്നു സീനുകളില്‍ ഒന്നാണിത്. അവളുടെ ഇഷ്ടങ്ങള്‍ എന്തായിരുന്നുവെന്ന്, ലക്ഷ്യങ്ങള്‍ എന്തായിരുന്നുവെന്ന് എവിടെയും ചിത്രം സംസാരിക്കുന്നില്ല.  ട്രാക്കില്‍, മറ്റു കുട്ടികള്‍ക്കൊപ്പം മുന്നോട്ടായുന്ന അനിതയിലെ, ഓട്ടക്കാരിയെ അല്ല മറിച്ച്, കൃത്യമായി വിസിബിളാവുന്ന അവളുടെ കറുത്ത ശരീരത്തെയാണ് പൊതുബോധം കാണുന്നത് എന്നത് വ്യക്തമാക്കുന്ന ഒരു സീന്‍ ആണത്. 'കാക്ക തമ്പുരാട്ടി, കറുത്ത മണവാട്ടി' എന്ന പാട്ട് , ശരീര കേന്ദ്രീകൃതമായ സ്ത്രീ സങ്കല്പങ്ങള്‍ മാത്രമല്ല, ജാതിയും നിറവും ലിംഗ വ്യത്യാസങ്ങളും ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കുന്ന ദളിത് പെണ്‍ജീവിതങ്ങള്‍... ഇങ്ങനെയാണ്, ഇങ്ങനയേ ആകാവൂ എന്ന സമവാക്യത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. പക്ഷെ, കൃത്യമായ നിലപാടും രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുള്ള നിരവധി ദളിത് / ദളിത് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ 90-കള്‍ക്ക് ശേഷം ഉന്നത വിദ്യാഭ്യാസം നേടി കോളനികളില്‍ നിന്നും, മാറ്റി നിര്‍ത്തപ്പെട്ട മറ്റിടങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നുണ്ട് എന്നത് തിരസ്ക്കരിക്കാനാവത്ത സത്യമാണ്. 'തെറിക്കുത്തരം മുറി പത്തല്' എന്ന പോലെ വളരെ സൂക്ഷ്മമായി വ്യവസ്ഥിതികളെ  ചോദ്യംചെയ്യുന്ന, വായിക്കുന്ന, വായിക്കപ്പെടുന്ന, എഴുതുന്ന, സ്ത്രീകളും കേരളത്തിന്‍റെ, ജാതി കൊണ്ട്  അളന്നു തീര്‍പ്പാക്കി  അതിര്‍ത്തിക്കല്ലിട്ടു മൂടിയ പരിസരങ്ങളെ പൊളിച്ചെഴുതിയിട്ടുണ്ട് എന്നത് സിനിമ പറയാതെ പോയ സത്യം. 

ദളിത് കോളനികളിലെ, ghettoized മാതൃകകള്‍ക്ക് ഉള്ളില്‍ മാത്രം തളച്ചിട്ട അനിതയുടെയും മറ്റ് സ്ത്രീകളുടെയും ജീവിതം സാമൂഹിക വികാസത്തിന്‍റെ പുതിയ അജണ്ടകളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിച്ചിട്ട മിച്ച ഭൂമികള്‍ ആയി തന്നെയാണ് തോന്നുക. അംബാസിഡര്‍ കാറിലും സ്കൂട്ടറുകളിലും എറണാകുളം നഗരം ചുറ്റുന്ന ബാലനും ഗംഗയും കൃഷ്ണനും അവരുടെ പരിമിതികളില്‍ നിന്ന് പോലും സ്വാതന്ത്ര്യം ആഘോഷിക്കുന്നവരാണ്. എന്നാല്‍ അനിതയുടെ യൗവ്വന ഘട്ടം വരെയുള്ള കാലത്തെ ഫ്രയിമുകളില്‍ എല്ലാം തന്നെ, നിര്‍വ്വികാരതയോടെ, പഴയ സൈക്കിള്‍ ചവുട്ടി വരുന്ന അനിതയെ ആണ് കാണുക.  കമ്മട്ടിപ്പാടമെന്ന ‘പരിമിതി’ അവള്‍ക്ക് അനുവദിച്ചു കൊടുത്ത ‘പരമാവധി’ ആയിരുന്നു അത്. സ്കൂട്ടര്‍ ഓടിക്കുവാന്‍ പഠിക്കുന്ന ഗംഗയെയും കൃഷ്ണനെയും നോക്കി നില്ക്കു ന്ന അനിത ‘അരുതുകള്‍’ ഊട്ടിയുറപ്പിക്കുന്ന ആണാധികാരത്തെ normalize ചെയ്യുന്ന വാര്‍പ്പുമാതൃക മാത്രമായി മാറുന്നു. ദളിത് പെണ്‍കുട്ടികള്‍ ധാരാളമായി സര്‍വ്വകലാശാല വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയുകയും കലാ, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളില്‍ തങ്ങളുടെ ഇടം കണ്ടെത്തുവാന്‍  തുടങ്ങുകയും ചെയ്ത ഈ കാലഘട്ടങ്ങളില്‍ അനിതയുടെ കഥാപാത്രം ഒരു anachronism പോലെ മുഴച്ചുനില്ക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. കോളനി ജീവിതവും കൂട്ടുകെട്ടും ഉപേക്ഷിച്ചു പോയി നന്നാവാന്‍ തീരുമാനിക്കുന്ന കൃഷ്ണനോട് അനിത സംസാരിക്കുന്ന ഒരു രംഗമുണ്ട്. “നന്നാവണം എന്ന് തീരുമാനിച്ചാല്‍ എവിടെ നിന്നും നന്നാവും” എന്ന് പറയുമ്പോള്‍, ആവര്‍ത്തിച്ചു പഴകിയ വായ്ത്താരി കൊണ്ട്  ഒരര്‍ത്ഥത്തില്‍  കമ്മട്ടിപ്പാടത്തിന്‍റെ  ഭൂമിശാസ്ത്രത്തോടും താഴ്ന്നവളും അധ:കൃതയുമായി തുടരാനുള്ള രീതിശാസ്ത്രത്തോടും താദാത്മ്യം പ്രാപിച്ച്, വ്യക്തിത്വ രൂപീകരണത്തിനും പുനര്‍നിര്‍മ്മിതികള്‍ക്കും സ്വയം വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ബിംബമായി അനിത മാറുന്നു.

ശരീര ഭാഷയും സംഭാഷണ ശകലങ്ങളിലെ ശബ്ദവിന്യാസങ്ങള്‍ പോലും വിധേയപ്പെടലിന്‍റെയും വിട്ടു കൊടുക്കലിന്‍റെയും  ആകുമ്പോള്‍ അവിടെ ശാക്തീകരിക്കപ്പെട്ട ദളിത് സ്ത്രീകളെ അടയാളപ്പെടുത്തുവാന്‍ യാതൊരു പഴുതുമില്ലാതെ വരുന്നു. തലമുടി രണ്ടായി വകഞ്ഞിട്ട, എണ്ണയൊലിക്കുന്ന മുഖമുള്ള, ധാവണിയും, അപൂര്‍വ്വമായി മാത്രം കടുംനിറത്തില്‍ സാരിയും ധരിക്കുന്ന അനിതയുടെ കഥാപാത്രം സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമില്ലാത്ത ദളിത് സ്ത്രീയുടെ പഴയ ബ്ലാക് ആന്‍റ് വൈറ്റ്‌ ചിത്രം പോലെയാണ് തോന്നിക്കുന്നത്. കമ്മട്ടിപ്പാടത്തെ കൃഷ്ണന്‍റെ ചേച്ചിയും അമ്മയും ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും ബാലന്‍ കല്യാണം കഴിച്ചുകൊണ്ടുവരുന്ന റോസമ്മയും ഒഴികെ ബാക്കി എല്ലാ സ്ത്രീകളും  വസ്ത്ര ധാരണത്തിലും ശരീര ഭാഷയിലും സമാനത പുലര്‍ത്തുന്നു. 

ദളിത് ഫെമിനിസവും സ്ത്രീകളുടെ സമഗ്രമായ സമുദ്ധാരണവും അക്കാദമിക തലത്തിലും സാമൂഹികമായ പരിസരങ്ങളിലും ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയ ഈ കാലത്ത് ദളിത് പെണ്‍കുട്ടികള്‍ ലേബലുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങി സവര്‍ണ്ണ സൗന്ദര്യബോധത്തെ പ്രകടമായി ചോദ്യംചെയ്യുകയും അവരുടെ സ്വാതന്ത്ര്യങ്ങളെ ആഘോഷിക്കുകയും ചെയ്തിരുന്നു എന്ന് പറയാതെ വയ്യ. സ്ക്രീന്‍ സ്പെയിസില്‍ മുഴുവന്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന, ഇതെന്‍റെ വിധിയാണെന്നു പറഞ്ഞ് ഉള്‍വലിയുന്ന അനിതമാരല്ല, സാമൂഹികനീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന,  മനുഷ്യവിരുദ്ധമായതിനെ എതിര്‍ക്കുന്ന ദളിത് പെണ്‍കുട്ടികള്‍ വളര്‍ന്നു വന്ന കാലഘട്ടം തന്നെയാണ് തൊണ്ണൂറു തൊട്ട് ഇങ്ങോട്ട്. സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണെന്ന, സാമൂഹിക വികസനം സാധ്യമാകണമെങ്കില്‍ ആത്യന്തികമായി അറിവ് നേടണമെന്ന തിരിച്ചറിവുള്ള പെണ്‍കുട്ടികള്‍ക്കിടയിലാണ്, തുന്നല്‍പ്പണി ചെയ്തും പെട്രോള്‍ പമ്പില്‍ ജോലി ചെയ്തും തന്‍റെ  ഇടങ്ങളില്‍ ചുരുങ്ങി ചെറുതാവുന്ന അനിതയെ കമ്മട്ടിപ്പാടം കാണിച്ചു തരുന്നത്. രണ്ടു പുരുഷന്മാരുടെ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ജീവിതം ഹോമിക്കുന്ന അനിത ഒടുവില്‍ പറയുന്നത്, ജീവിച്ചിരുന്നപ്പോള്‍ ഗംഗയ്ക്ക് നല്‍കാന്‍ സാധിക്കാതെ പോയ മനസ്സമാധാനത്തെ കുറിച്ചാണ്. ഗംഗയ്ക്ക് ആണെങ്കില്‍ ആദ്യം മുതല്‍ അവള്‍ തന്‍റെ അപകര്‍ഷതകളും, ആണധികാരവും കാണിക്കുവാനുള്ള ഒബ്ജെക്ട്റ്റ് മാത്രമാണ്. ലൈംഗികതയെപ്പറ്റിയും, സ്വയം തിരഞ്ഞെടുപ്പുകളെപ്പറ്റിയും  സാമൂഹിക ഇടങ്ങളിലും സൈബര്‍ സ്പയിസുകളിലും ആര്‍ജ്ജവത്തോടെ സംസാരിക്കുന്ന, എഴുതുന്ന 1990 കാലഘട്ടങ്ങളില്‍ വളര്‍ന്ന ധാരാളം ദളിത് പെണ്‍കുട്ടികളെ അറിയാം. ഇവിടെ ഗംഗയോടുള്ള അനിഷ്ടം തുറന്നുപറയുകയോ എതിര്‍ക്കുകയോ ചെയ്യാത്ത അനിത സാമ്പ്രദായിക വാര്‍പ്പുമാതൃകകള്‍ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. തനിക്കു നേടാന്‍ സാധിക്കാത്തതെല്ലാം തന്‍റെ വിധി മാത്രമാണെന്ന് പറഞ്ഞു വച്ച്, തെരുവ് വിളക്കിന് കീഴെ നടന്നു മറയുന്ന അനിത അപകര്‍ഷതയുടെ, അധമ ബോധത്തിന്‍റെ ഉള്ളറകളില്‍ ഒളിക്കേണ്ടവരാണ് കീഴാള സ്ത്രീകള്‍ എന്നപൊതു ബോധത്തിന്‍റെ അജണ്ടയാണ് ഊട്ടിയുറപ്പിക്കുന്നത്.

90-കളിലും, പോസ്റ്റ്‌ മില്ലേനിയല്‍ കാലഘട്ടത്തിലിങ്ങോട്ട്  കേരളത്തിനകത്തും പുറത്തും ക്യാമ്പസ്സുകളിലും, സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും വ്യക്തവും കൃത്യവുമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു വളര്‍ന്നുവരുന്ന ധാരാളം ദളിത് യുവതീയുവാക്കള്‍ ഉണ്ട്. My birth is my fatal accident എന്ന് കോറിയിട്ട്, കാള്‍ സാഗനോളം ഉയരാന്‍ ആഗ്രഹിച്ച, സമര്‍ത്ഥനായ യുവാവ് ഒറ്റ കയര്‍ തുമ്പില്‍ ഒടുങ്ങിയപ്പോള്‍ അത് വിധിയെന്നല്ല, ജാതി വിഭജനത്താല്‍ നിര്‍മ്മിതമായ അധികാര വ്യവസ്ഥയുടെ അനന്തരഫലമാണെന്ന് വിളിച്ചു പറഞ്ഞ് മുന്‍പോട്ടു വന്നവര്‍ അറിവു കൊണ്ട് തങ്ങളെ പുനര്‍നിര്‍മ്മിക്കാനും അതുവഴി വ്യവസ്ഥകളെയും നിര്‍മ്മിതികളെയും ചോദ്യംചെയ്യാനും പ്രാപ്തരായ പുതു തലമുറ വളര്‍ന്നുവരുന്നുണ്ട് എന്നതിന് തെളിവാണ്.  അംബേദ്‌കര്‍ ആഗ്രഹിച്ചതും അതു തന്നെയാണ്. "I measure the progress of community by the degree of progress which women had achieved." ഇരുട്ടില്‍ നിന്ന് ഇരുട്ടിലേക്ക് നടന്നു മറയുന്ന അനിതമാരെ നിര്‍മ്മിക്കുന്നതിലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ  ചോദ്യം ചെയ്യുകയല്ല. താഴ്ന്നു പറക്കുവാനും തകര്‍ന്നു വീഴുവാനും സാധ്യതകള്‍  ധാരാളമുണ്ടായിട്ടും അപകര്‍ഷതകളും വിധേയപ്പെടലുകളുമല്ല മറിച്ച് ഇരുള്‍വഴിക്ക് മറുപുറം, ഉയര്‍ന്നു  പറക്കുവാനും ഉണ്മയാവാനും  സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന തലമുറയുണ്ടെന്ന് രേഖപ്പെടുത്തുകയാണ്.

 ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image