Image

കേരളമറിയാത്ത പട്ടണവിപ്ലവം

പട്ടണം എന്ന പ്രദേശം മുസിരിസ് തുറമുഖ പട്ടണം എന്ന പേരില്‍ പ്രശസ്തമാണ്. എന്നാല്‍ അധികമാരും അറിയാതെ കിടന്ന ഒരു ചരിത്രസംഭവത്തെ ആ നാട് പുറംലോകത്തെ അറിയിക്കാന്‍ തയ്യാറെടുക്കുകയാണ്. മഹാത്മാ അയ്യന്‍കാളി പട്ടണം എന്ന പ്രദേശം സന്ദര്‍ശിക്കുകയും കുഴുപ്പുള്ളി പറമ്പില്‍ താമസിച്ച് അവിടത്തെ ജനങ്ങളുടെ ആശയാഭിമാനങ്ങളെ ഉയര്‍ത്തിവിട്ട നിര്‍ണ്ണായക നിമിഷങ്ങള്‍ അവര്‍ വര്‍ഷങ്ങളായി തലമുറകളിലൂടെ മനസ്സില്‍ കൊണ്ടുനടക്കുകയാണ്...
കിഷോര്‍ ബോധി എഴുതുന്നു.

പി.കെ.അനില്‍കുമാര്‍ ഭാവനയില്‍ വരച്ച അയ്യന്‍കാളിയുടെ പട്ടണസന്ദര്‍ശനം

 

മുസ്സിരിസ് തുറമുഖ പട്ടണമെന്ന് ചരിത്രാന്വേഷികള്‍ കണ്ടെത്തിയ മസൂലി പട്ടണം (പഷ്ണം) മറ്റൊരു ചരിത്രസത്യത്തിനും വേദിയാകുന്നത് തികച്ചും യാദൃശ്ചികം മാത്രം. മഹാത്മാ അയ്യന്‍കാളിയുടെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 28-ന് അദ്ദേഹത്തിന്‍റെ പട്ടണം സന്ദര്‍ശനം ചര്‍ച്ചാവിഷയമാകുന്നു. 

കൊടുങ്ങല്ലൂരില്‍ നിന്നും 9 കിലോമീറ്ററും വടക്കന്‍ പറവൂരില്‍ നിന്നും 2 കിലോമീറ്ററും ദൂരത്തായി അധികമൊന്നും അറിയപ്പെടാതെ കിടന്നിരുന്നതാണ് പട്ടണം എന്ന പ്രദേശം. വടക്കേക്കര പഞ്ചായത്തില്‍ പട്ടണം ഉദ്ഖനനസ്ഥലത്തിന്‍റെ 200 അടി പടിഞ്ഞാറ് ഭാഗത്ത് കുഴുപ്പുള്ളി പറമ്പില്‍ ഏറന്‍ മകള്‍ കാര്‍ത്ത്യായനി (90 വയസ്സ്), മകന്‍ കുമാരന്‍ (84 വയസ്സ്) എന്നിവര്‍ യജമാനന്‍ അയ്യന്‍കാളിയെ നേരില്‍ കണ്ടതിന്‍റെ പ്രൗഢമായ ഓര്‍മ്മകള്‍ ഒന്നിപ്പിന്‍റെ പ്രവര്‍ത്തകരോട് പങ്കുവച്ചു. കാര്‍ത്ത്യായനിയും കുമാരനും അന്ന് ചെറിയ കുട്ടികളായിരുന്നു. 'അത്ത്യേന്‍ വന്ന കാലം'  (അദ്ദേഹം വന്ന കാലം) എന്ന തരത്തില്‍ അവിടത്തുകാര്‍ വായ്മൊഴിയായി പറഞ്ഞുവന്ന കാര്യങ്ങളാണ് അവരിന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. കാരണം കുട്ടികളായിരുന്നതിനാല്‍ അന്നുണ്ടായ സംഭവങ്ങളുടെ ഗൗരവം അവര്‍ക്ക് അന്ന് മനസ്സിലായിട്ടില്ലായിരുന്നു. അന്ന് അയ്യന്‍കാളി കുട്ടികളെയെല്ലാം മടിയിലിരുത്തി ഓമനിച്ച് സംസാരിച്ച കാര്യം അവര്‍ ഇപ്പോഴും ഓര്‍ത്തെടുക്കുന്നുണ്ട്. 'കാര്യഗൗരവമില്ലാതെ കളിച്ചുനടന്നിരുന്ന കാലം' എന്നാണ് ആ ഓര്‍മ്മകളെക്കുറിച്ച് കുമാരന്‍ പറയുന്നത്.

1. ഏറന്‍ (ചാത്തന്‍റെ മകന്‍)  2. ദാക്ഷായണി (കണ്ണന്‍റെ മകള്‍) 3. കാര്‍ത്ത്യായനി (ഏറന്‍റെ മകള്‍) 

തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും അയ്യന്‍കാളി ഈ കൊച്ചുപ്രദേശത്ത് എത്താനുള്ള കാരണം എന്തെന്നുള്ളതായിരുന്നു ഞങ്ങളുടെ അന്വേഷണം. കുമാരന്‍റെയും അദ്ദേഹത്തിന്‍റെ അനുജന്മാര്‍, ബന്ധുക്കള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ കേട്ടറിവുകളില്‍ നിന്നും ഈ കാരണത്തിന്‍റെ ചുരുളഴിയുന്നു. കുമാരന്‍റെ അച്ഛന്‍ ഏറന്‍, ഏറന്‍റെ അച്ഛന്‍ ചാത്തന്‍. ചാത്തന്‍ ഒരു മന്ത്രവാദിയും (അന്നത്തെ സൈക്കോളജിസ്റ്റ്) ദൂരങ്ങള്‍ ചുറ്റിസഞ്ചരിക്കുന്നവനും നാട്ടിലെ സ്വന്തം കൂട്ടക്കാരില്‍ പ്രമാണിയുമായിരുന്നു. ചാത്തന്‍ അയ്യന്‍കാളിയുമായി നല്ല സുഹൃദ് ബന്ധമുള്ളയാളായിരുന്നു. തന്‍റെ സുഹൃത്തിന്‍റെ നാടായ പട്ടണം എന്ന പ്രദേശത്ത് സ്വജനതയുടെ മേല്‍ നായര്‍ പ്രമാണിമാര്‍ നടത്തിവന്നിരുന്ന അക്രമത്തിന് തടയിടുക എന്ന ഉദ്ദേശ്യത്തിലായിരിക്കണം അയ്യന്‍കാളി പട്ടണം സന്ദര്‍ശിച്ചതെന്ന് പറഞ്ഞുകേട്ട കാര്യങ്ങളില്‍ നിന്ന് അനുമാനിക്കാവുന്നതാണ്. മാത്രവുമല്ല അദ്ദേഹം മുന്നോട്ടുവച്ച സാധുജനപരിപാലന സംഘം പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണവും മറ്റൊരു ലക്ഷ്യമായിരുന്നിരിക്കണം. കാരണം അവിടം വളരെയധികം ദലിത് വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമായിരുന്നു. അവരെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിച്ച് വിദ്യാഭ്യാസത്തിലേക്കും ജീവിതപുരോഗതിയിലേക്കും കൈപിടിച്ചുയര്‍ത്താനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതും ആ വരവിന്‍റെ ഉദ്ദേശ്യമാകാന്‍ സാധ്യതയുണ്ട്.

കെ.എ.കുമാരന്‍ (ഏറന്‍റെ മകന്‍) കുഴുപ്പുള്ളി പറമ്പില്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്ന സ്ഥലത്ത്. പുറകില്‍ പതിയും കാണാം.
 

ജലമാര്‍ഗ്ഗമായിരുന്നിരിക്കണം അദ്ദേഹം അവിടെ എത്തിയതെന്ന് പറയപ്പെടുന്നു. ചെറായി മുനമ്പം പുഴയിലൂടെ വഞ്ചിയില്‍ സഞ്ചരിച്ച് കൈപ്പുറം എന്ന സ്ഥലത്ത് ഇറങ്ങി തോടുകള്‍ കടന്നാണ് കുഴുപ്പുള്ളി പറമ്പില്‍ എത്തിയത്. കറുത്ത് നല്ല ഉയരമുള്ള ബലിഷ്ഠമായ ശരീരം, ഉറച്ച കാല്‍വെയ്പ്പ്, ഉറക്കെയുള്ള സംസാരം, വെളുത്ത വസ്ത്രവും തലേക്കെട്ടും. ഇവയാണ് അയ്യന്‍കാളിയുടെ പ്രത്യേകതകളായി പറഞ്ഞുപരന്നുവന്ന കാര്യങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ചാത്തന്‍റെ കുടുംബവീട്ടിലായിരുന്നു (കുഴുപ്പുള്ളി പറമ്പ്) അയ്യന്‍കാളിയുടെ മൂന്നു ദിവസത്തെ വാസം. വര്‍ഷക്കാലത്ത് തോട്ടരികില്‍ (തോടുവക്ക്) താമസിക്കുന്ന ബന്ധുക്കളുടെ കുടിലുകള്‍ വെള്ളം കയറി മുങ്ങുമ്പോള്‍ അവരെയെല്ലാം  ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നു ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന വിശാലമായ ഈ പുര. മലവെള്ളപ്പൊക്കത്തെപ്പോലും അതിജീവിച്ച സ്ഥലവും പുരയുമായിരുന്നു കുഴുപ്പുള്ളിപ്പറമ്പ് വീട്. 

വിശ്രമത്തിനു ശേഷം അയ്യന്‍ കാളി പിറ്റേദിവസം ചാത്തന്‍, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വജനതയെ കുടുംബത്തോടെ വിളിച്ചുചേര്‍ത്ത് പുരയുടെ കിഴക്കുവശത്തുള്ള പറമ്പില്‍ ആഞ്ഞിലിമരച്ചുവട്ടില്‍ യോഗം ചേര്‍ന്നു. അതറിഞ്ഞ് തൊട്ടടുത്ത നായര്‍ പ്രമാണിമാര്‍ അവരുടെ ആജ്ഞാനുവര്‍ത്തിയും ചട്ടമ്പിയുമായ ഗോപാലമാരാരെ വിട്ട് യോഗം അലങ്കോലപ്പെടുത്താന്‍ തീരുമാനിച്ചു. "ആരാടാ ഇവിടെ കൂട്ടംകൂടണത്? തിരിച്ചു പോടാ കൂരയിലേക്ക്" എന്നലറിയ ഗോപാലമാരാരോട് "തമ്പ്രാ ഏങ്ങള് യോഗം കൂടണതാണ്, അയ്യന്‍കാളിയേമ്മാന്‍ യോഗത്തില്‍ പങ്കെടുക്കണുണ്ട്" എന്നറിയിച്ചു. മറുപടിയായി മാരാര്‍- "ഏതവനാടാ... ആരാടാ അയ്യന്‍കാളി, ഓടടാ... കൂരയിലേക്ക്" എന്നാക്രോശിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം ഭയചകിതരായി. അടി ഭയന്ന് പലരും ചിതറിയോടാന്‍ ശ്രമിച്ചു. എന്നാല്‍ അവരില്‍ കരുത്തനായ കണ്ണന്‍ ഗോപാലമാരാരെ എതിരിടാന്‍ തുടങ്ങിയപ്പോള്‍ കണ്ണനെ പിന്തിരിപ്പിച്ച് അയ്യന്‍കാളി സമചിത്തതയോടെ എല്ലാവരെയും ഇരുത്തി യോഗം തുടര്‍ന്നു. അപ്പോള്‍ തന്നെ അയ്യന്‍കാളി ഒരു കുറിപ്പെഴുതി കണ്ണനെയും മറ്റൊരാളെയും കൂട്ടി പോലീസ് അധികാരികള്‍ക്കു നല്‍കാന്‍ പറവൂരിലേക്കു പറഞ്ഞയച്ചു. ശ്രീമൂലം പ്രജാസഭാംഗം എന്നതിലുപരി അയ്യന്‍കാളിക്കുണ്ടായിരുന്ന പേരും പ്രൗഢിയും കൊണ്ടായിരിക്കാം പെട്ടെന്നു തന്നെ പോലീസ് സംഘം സ്ഥലത്തെത്തി ഗോപാലമാരാരെ പിടികൂടാനായി അയാളുടെ വീടന്വേഷിച്ചു. ഭയന്നുപോയ ഗോപാലമാരാര്‍ തന്നെ നിയോഗിച്ച അന്നത്തെ പ്രമാണിമാരുടെ കല്ലറയ്ക്കല്‍ തറവാട്ടില്‍ അഭയം തേടി. അന്നുകാലത്ത് എല്ലാ പ്രശ്നങ്ങള്‍ ക്കും തീര്‍പ്പുകല്പ്പിക്കുന്ന സമാന്തര പോലീസ് സ്റ്റേഷനും കോടതിയുമൊക്കെയായിരുന്നു കല്ലറയ്ക്കല്‍ തറവാട്ടുമുറ്റം. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ നായര്‍ പ്രമാണിമാര്‍ ഗോപാലമാരാരെ ഒളിപ്പിക്കുകയും അയ്യന്‍കാളിയോടും സ്വജനങ്ങളോടും ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിക്കുകയും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്ന് എഴുതി ഒപ്പിട്ടു നല്‍കുകയും ചെയ്തു. ഈ സംഭവത്തോടെ ഗോപാലമാരാരുടെ ശല്യം എന്നെന്നേക്കുമായി ഒഴിവായി. ഗോപാലമാരാരോട് എതിര്‍ത്ത കണ്ണന്‍ പിന്നീട് നാട്ടില്‍ അയ്യന്‍കാളി എന്നറിയപ്പെട്ടു. കണ്ണന്‍റെ മകള്‍ ദാക്ഷായണിയിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്. ദാക്ഷായണി കഴിഞ്ഞ വര്‍ഷം  90-ാം വയസ്സില്‍ മരിച്ചു.

കെ.എ.ചന്ദ്രന്‍ (ഏറന്‍റെ മകന്‍), എന്‍.സി.പുരുഷന്‍ (ദാക്ഷായണിയുടെ മകന്‍)

യോഗത്തില്‍ അയ്യന്‍കാളി കാരണവന്മാരുമായി അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ഏറെ നേരം ചര്‍ച്ച ചെയ്തുവത്രെ. അവിടം സന്ദര്‍ശിച്ച് അദ്ദേഹത്തിന് ബോധ്യപ്പെട്ട ചില കാര്യങ്ങള്‍ വച്ചുകൊണ്ട് പല നിര്‍ദ്ദേശങ്ങളും നല്ല അറിവുകളും അദ്ദേഹം അവര്‍ക്ക് നല്‍കിയെന്നാണ് പറയപ്പെടുന്നത്. മാറുമറച്ചുകൊണ്ടുള്ള വസ്ത്രധാരണത്തിലേക്ക് സ്ത്രീകള്‍ മാറണമെന്നാണ് അദ്ദേഹം ആദ്യമായി പറഞ്ഞത്. കുട്ടികളുടെയും കുടുംബത്തിന്‍റെയും ശുചിത്വം, വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ തൊഴില്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം സംസാരിച്ചു.  ആ പ്രദേശത്ത് ഓരോ പുരയോടും ചേര്‍ന്ന് മറ്റൊരു കുടില്‍ കെട്ടിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ  ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് സ്ത്രീകള്‍ പ്രസവ സമയത്തും ആര്‍ത്തവ സമയത്തും താമസിക്കുന്ന തീണ്ടാരിപ്പുര (വാലായ്മപ്പുര)കളാണെന്ന് കാരണവന്മാര്‍ പറഞ്ഞു. പ്രസവ സമയത്ത് സ്ത്രീകള്‍ സ്വന്തം വീടിനു പുറത്ത് വേറെ കുടില്‍കെട്ടി അവിടെ പ്രസവിക്കുന്ന ഒരു ആചാരമുണ്ടായിരുന്നു അന്ന്. 'തളിമ്പ് വ്യവസ്ഥ' എന്നാണതിനെ പറയുക. ഉടന്‍ തന്നെ ഇത്തരം കൂരകള്‍ പൊളിച്ചുകളയണമെന്നും സ്ത്രീകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം പുരകളില്‍ തന്നെയാണ് കഴിയേണ്ടതെന്നും അദ്ദേഹം അവരെ ബോദ്ധ്യപ്പെടുത്തി. അയ്യന്‍കാളി അവിടെ നിന്നും പോകുന്നതിനു മുമ്പുതന്നെ എല്ലാ തീണ്ടാരിപ്പുരകളും പൊളിച്ചുമാറ്റപ്പെട്ടത് ആ നാട്ടിലെ ജനങ്ങള്‍ ആ മഹാത്മാവിന് നല്കിയ അംഗീകാരത്തിന്‍റെ തെളിവാണ്. 

മൂന്നു ദിവസം മാത്രമാണ് അദ്ദേഹം അവിടെ തങ്ങിയത്. അവരോട് യാത്രപറഞ്ഞിറങ്ങിയ അയ്യന്‍കാളി അതിനു ശേഷം അവിടം സന്ദര്‍ശിക്കുകയോ ഇടപെടുകയോ ഉണ്ടായിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അവിടത്തുകാര്‍ക്ക് അഭിമാനബോധവും ദിശാബോധവും നല്‍കിക്കൊണ്ടുള്ള അയ്യന്‍കാളിയുടെ ആ സന്ദര്‍ശനം ഇന്നും 'അത്ത്യേന്‍ വന്ന കാലം' എന്ന വായ്മൊഴിയിലൂടെ അവിടത്തെ യുവതയിലേക്ക് ഒരു ഊര്‍ജ്ജമായി പടര്‍ന്നുകയറുകയാണ്.

ഒന്നിപ്പ് മാസികാ പ്രവര്‍ത്തകരുടെ സന്ദര്‍ശനം കേട്ടറിഞ്ഞ തദ്ദേശവാസികളായ കുറെ ചെറുപ്പക്കാര്‍ കുഴുപ്പുള്ളിപ്പറമ്പില്‍ എത്തി ഞങ്ങളോട് സംസാരിച്ചു. ജനിച്ചതു മുതല്‍ തങ്ങള്‍ വായ്മൊഴിയായി കേട്ടറിഞ്ഞ മഹാത്മാ അയ്യന്‍കാളിയുടെ പട്ടണം സന്ദര്‍ശനം എന്ന ചരിത്രസംഭവത്തെയും മഹാത്മായുടെ പാദസ്പര്‍ശനമേറ്റ ആ സ്ഥലത്തെയും യഥോചിതം സ്മരിക്കത്തക്കവിധം മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ആ യുവാക്കള്‍. അവര്‍ അതിനായി പല പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. അവര്‍ അവിടെ 'മഹാത്മാ അയ്യന്‍കാളി പുരുഷസ്വയംസഹായസംഘം' എന്ന പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പി.ടി.സാജു, കെ.കെ.ശംബു, കെ.സി.ബിജു, എന്‍.ജി.ലോഹിതാക്ഷന്‍, എന്‍.എം.ഗിരീഷ്, എന്‍.പി.ഗംഗാധരന്‍, എന്‍.പി.ശശി, പി.വി.രാജന്‍, പി.കെ.പവിത്രന്‍, പി.കെ.സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ഈ കൂട്ടായ്മയുടെ പ്രധാന പ്രവര്‍ത്തകര്‍. തികച്ചും വ്യത്യസ്തമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘമാണിതെന്ന് ഞങ്ങള്‍ക്ക്   ബോധ്യപ്പെട്ടു. പട്ടണം-കൈപ്പുറത്ത് അയ്യന്‍കാളിയുടെ ഒരു പ്രതിമ ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അയ്യന്‍കാളിയുടെ പാദസ്പര്‍ശനമേറ്റ കുഴുപ്പുള്ളി പറമ്പിലേക്കുള്ള പ്രവേശനകവാടത്തില്‍ അതിന്‍റെ പേരില്‍ ഒരു ആര്‍ച്ച് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. സമുദായ/സാമൂഹ്യ പ്രവര്‍ത്തനം എന്നാല്‍ പ്രതിമ നിര്‍മ്മിക്കലോ  സ്മാരകം നിര്‍മ്മിക്കലോ മാത്രമല്ലെന്നും സ്വന്തം ജനതയ്ക്കു വേണ്ടി പ്രത്യേകിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും  മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കലും കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു. ഇന്നവര്‍ അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് മുഴുകിയിരിക്കുന്നത്. അതില്‍ സാമ്പത്തിക ഉയര്‍ച്ചക്കു വേണ്ട പദ്ധതികളാണ് ഏറെ ശ്രദ്ധേയമായത്. സ്വപ്രയത്നത്താലും സര്‍ക്കാരിന്‍റെ  സാമ്പത്തിക സഹായ പദ്ധതികള്‍ ഉപയോഗപ്പെടുത്തിയും വനിതകള്‍ക്കായുള്ള വനിതാ വ്യവസായ കേന്ദ്രം, വൃദ്ധര്‍ക്ക് വിശ്രമിക്കാനും താമസിക്കാനും തങ്ങളുടെ അറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനും ഉതകുന്ന വൃദ്ധസദനം, കുട്ടികളുടെ പഠനത്തിനും ഉപരിപഠനത്തിനും കലാ-കായികപരമായ ഉന്നമനത്തിനും ഉപകരിക്കുന്ന ട്രെയിനിംഗ് സെന്‍റര്‍, ലൈബ്രറി, കമ്യൂണിറ്റി ഹാള്‍ എന്നിവയെല്ലാം അവരുടെ ലക്ഷ്യങ്ങളില്‍ ചിലതു മാത്രമാണ്. 

മഹാത്മാഅയ്യന്‍കാളി പുരുഷസ്വയംസഹായസംഘം പ്രവര്‍ത്തകര്‍ കൈപ്പുറത്ത് നിര്‍മ്മിച്ച അയ്യന്‍കാളിയുടെ പ്രതിമയ്ക്ക് മുന്നില്‍.

ആഗസ്റ്റ് 28-ന് മഹാത്മയുടെ ജന്മവാര്‍ഷികദിനത്തില്‍ പട്ടണം കവലയില്‍ നിന്നും ആഘോഷപൂര്‍വ്വം ഒരു ഘോഷയാത്രയായി  കുഴുപ്പുള്ളി പറമ്പില്‍ വന്ന് മഹാത്മാഅയ്യന്‍കാളി യോഗം ചേര്‍ന്ന അഥവാ അദ്ദേഹത്തിന്‍റെ പാദസ്പര്‍ശനമേറ്റ മണ്ണില്‍ നിന്നും  തിരിതെളിയിച്ച് ആ അഗ്നി കൈപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന അയ്യന്‍കാളി പ്രതിമയ്ക്കു മുമ്പില്‍ ജ്വലിപ്പിച്ചുകൊണ്ടാണ് അവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ പോകുന്നത്. അന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് പദ്ധതികളുടെ ഔപചാരികമായ പ്രഖ്യാപനവും പദ്ധതികളുടെ സമാരംഭവും കുറിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

നാനാവിധ ജാതികളും ഉപജാതികളുമായി വേര്‍തിരിഞ്ഞ് പരസ്പരം പോരടിച്ചുകൊണ്ട്, ദലിത് സമുദായങ്ങളും സംഘടനകളും കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന പ്രവര്‍ത്തനശൈലികളില്‍ പുതുതലമുറയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദലിത് പ്രവര്‍ത്തനങ്ങളിലും അവരുടെ പ്രശ്ന പരിഹാരങ്ങളിലും സ്വജനങ്ങളെ/സാധുജനങ്ങളെ ഏകീകരിക്കുന്നതിലും അവര്‍ കാണിക്കുന്ന കടുത്ത അലംഭാവം നമ്മുടെ ജനത്തെ നോക്കുകുത്തികളും ഏറാന്മൂളികളുമാക്കുകയാണ് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തില്‍ പട്ടണത്തെ യുവജനങ്ങള്‍ മുന്നോട്ടുവക്കുംവിധമുള്ള വൈജ്ഞാനികവും പ്രവര്‍ത്തനോന്മുഖവുമായ പദ്ധതികളായിരിക്കണം നമ്മുടെ യുവത പിന്തുടരേണ്ടത്. നൂറുശതമാനം വിജയം കൈവരിക്കാനായില്ലെങ്കിലും പദ്ധതികള്‍ ഏറ്റെടുക്കാന്‍ കാണിക്കുന്ന മനോധൈര്യവും കരുത്തും സംഘടിത തന്ത്രവും അഭിനന്ദനീയം തന്നെ. 
എല്ലാ കാലത്തും ദലിതര്‍ അവര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും  പ്രശ്നങ്ങള്‍ക്കും പിറകെ പോകുന്നതിനാല്‍ അവരുടെ ശാക്തീകരണം/അധികാരവത്കരണം (Empowerment) കാലങ്ങളായി നടക്കാതെ പോകുന്നു. അതിന് അടിസ്ഥാനപരമായും ആത്യന്തികമായും ഉണ്ടാകേണ്ടത് യഥാര്‍ത്ഥ സമുദായവത്കരണവും അതിലൂടെയുള്ള സംഘടിതശാക്തീകരണവുമാണ്. അതാണ് മഹാത്മാ അയ്യന്‍കാളി മുന്നോട്ടുവച്ച 'സാധുജനങ്ങള്‍' എന്ന കാഴ്ചപ്പാട്. ആ സാധുജനസങ്കല്പനത്തിലൂന്നിയ സാമുദായവത്കരണമാണ് ഇനിയുണ്ടാകേണ്ടത്. അതിന് ഇവിടത്തെ യുവത്വം നേതൃത്വം നല്‍കുന്നു എന്നത് ഏറെ പ്രതീക്ഷാപരമാണ്.

2017 ആഗസ്റ്റ് ലക്കം ഒന്നിപ്പ് മാസികയില്‍ പ്രസിദ്ധീകരിച്ചത്.ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image