
ആദിവാസികള്‍ നിര്‍മ്മിച്ചെടുക്കുന്ന എന്റര്ടൈന്മെന്റുകള് ഉണ്ട്. അവരുടെ ഹാപ്പിനെസ്സ് ഉണ്ട്. ഇപ്പോള്‍ യൂടൂബിള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന റാവുള/പണിയ ഭാഷയിലെ 'കുറു കുറെ ബ്രോസ്' എന്ന മ്യൂസിക് വീഡിയോയുടെ രാഷ്ട്രീയവും സൗന്ദര്യവും ഡോ.എ.കെ. വാസു എഴുതുന്നു.
കേരളത്തിലെ ഗോത്രവിഭാഗങ്ങള്‍ നിരവധി ഭാഷകളിലൂടെ എണ്ണമറ്റ അഥവാ എണ്ണത്തില്‍ പെടാത്ത നിരവധി ഭാഷയിലൂടെയാണ് ഇന്നും ജീവിക്കുന്നത്. അതവര്‍ക്ക് അവരുടെ സ്വത്വം തന്നെയാണ്. ആദിവാസി എന്നു പറയുന്ന സ്വത്വം പോലെ തന്നെയാണ് അവര്‍ക്ക് അവരുടെ ഭാഷയിലുള്ള സ്വത്വവും. ഈ ഭാഷകളെ അപരിഷ്കൃതമായി കാണിക്കുന്നതിന്റെ തുടര്‍ച്ചകളാണ് ഇതുവരെയുണ്ടായ പല കലാസൃഷ്ടികളും.. 'കരിഞണ്ടുക്ക് ഞാന്‍ തേടിനടാന്തെ' പോലുള്ള അത്തരം പാട്ടുകളൊക്കെ അത് തീര്‍ച്ചയായും മലയാളത്തിന് പുറത്തുള്ള ഏതൊ ഒരു വിഭാഗത്തിന്റെ അപരിഷ്കൃത ഭാഷയെന്ന നിലയ്ക്കാണ് അവതരിപ്പിച്ചിട്ടുള്ളത്. അല്ലെങ്കില്‍ അവരുടെയൊക്കെ ചര്‍ച്ചകളില്‍, സിനിമകളിലൊക്കെ തന്നെ തമിഴ്ഭാഷ അടക്കം ഗോത്രഭാഷ /ആദിവാസികളുടെ ഭാഷ എന്നിവയെല്ലാം എപ്പോഴും കളിയാക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിന്റെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുന്നതാണ് "ബാംബൂ ബോയ്സ്" എന്ന സിനിമയിലെ 'യെപ്പാത്ത യെപ്പാത്ത' എന്നും 'അവാള ഇവാള' എന്നുമൊക്കെ പറഞ്ഞ് കളിയാക്കുന്നത്. ആ സിനിമ ദലിത് ആദിവാസികളെ ഏതെങ്കിലും തരത്തില്‍ പോസിറ്റീവായി സമൂഹത്തില്‍ പ്രതിഷ്ഠിക്കുന്നതിനു പകരം ഏറ്റവും മോശക്കാരായ ഒരു വിഭാഗമെന്ന നിലയിലാണ് സ്ഥാപിച്ചെടുക്കുന്നത്. ഭാഷ, ആചാരം, വിശ്വാസം, രൂപം എന്നിവയിലൊക്കെത്തന്നെ അവരുടെ മരവുരിക്കാലമായ ഭൂതകാലത്തെ മാത്രം കണ്ടെത്തുന്ന ഒരു സിനിമയാണ് ബാംബൂ ബോയ്സ്. അതിലൂടെയൊക്കെയാണ് ആളുകള്‍ ദലിത് ആദിവാസി വിഭാഗങ്ങളുടെ ഭാഷയെയും സംസ്കാരത്തെയുമൊക്കെ കണ്ടുപിടിക്കുകയും തെറ്റിദ്ധരിക്കുകയുമൊക്കെ ചെയ്യുന്നത്. അതുപോലെ 'ചിത്രം'എന്ന സിനിമയില്‍ ആദിവാസി വിഭാഗങ്ങളെ അവതരിപ്പിക്കുന്നത്- "ഇതിലും മനോഹരമായ ആചാരങ്ങള്‍ ഇനി വേറെയുണ്ടോ" എന്ന് മോഹന്‍ലാലിന്റെ കഥാപാത്രം ചോദിക്കുന്നത് ശ്രദ്ധിക്കണം. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയില്‍ ഒരു ആദിവാസി മൂപ്പനെ ഒരു മരം പോലെ സ്റ്റഫ് ചെയ്തുകൊണ്ട് നടക്കുകയാണ്. തേന്മാവിന് കൊമ്പത്ത് എന്ന സിനിമയില്‍ മോഹന്‍ലാലിന് വഴി തെറ്റുമ്പോള്‍ അയാള്‍ ആദിവാസി ഭാഷകളെയാണ് കളിയാക്കുന്നത്. ഏറ്റവും പ്രാകൃതമായ ആചാരം, പ്രാകൃതമായ വേഷം, പ്രാകൃതമായ ഭാഷ എങ്ങനെയൊക്കെ ആദിവാസികളെ ഏറ്റവും മോശപ്പെട്ട ഒരു വിഭാഗമായി പൊതുജനങ്ങളുടെ മുന്നിലേക്ക് അപഹസിക്കാന്‍ വച്ചുകൊടുക്കുന്നതാണ് അത്തരം സിനിമകള്‍.
അതുപോലെ തന്നെ മലയാളത്തില്‍ വന്നിട്ടുള്ള ആദിവാസിപ്പാട്ടുകളും പരിശോധിക്കപ്പെടേണ്ടതാണ്. അത് കവിതയിലേക്ക് വരുമ്പോഴും അങ്ങിനെ തന്നെയാണ്. അത്തരത്തില്‍ കടമ്മനിട്ട രാമകൃഷ്ണന്റെ ഹയര്‍സെക്കന്ററി വഴി പഠിപ്പിക്കുന്ന ഒരു കവിതയുണ്ട്. അങ്ങിനെയെല്ലാം അത്തരം പാട്ടുകളും കവിതകളും വീണ്ടും ജനങ്ങള്‍ ഏറ്റെടുക്കുന്ന തരത്തിലേക്ക് വരുത്തുകയാണ്, 'കുറത്തി' പോലുള്ള 'കിരാതവൃത്തം' പോലുള്ള പാട്ടുകളിലൊക്കെത്തന്നെ "മുടിയിളകി അരക്കെട്ടിളകി മുളന്നാഴിയില് നിറഞ്ഞ തേന്‍ മദ്യം ഒറ്റവലിക്ക് കുടിച്ച് കാടത്തികള്‍ ചോലമരത്തിന്‍ ചോട്ടില് ചുവടൊത്തുകളിക്കെ" എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ആധുനിക കവികള്‍ പോലും ഏറ്റവും മോശമായിട്ടാണ് അവരെ ചിത്രീകരിക്കുന്നത്. ഏറ്റവും പുരോഗമന മനുഷ്യരായിരിക്കുമ്പോഴും ഇപ്പോഴും അവരെ പറ്റി 'ഗുഹാമനുഷ്യര്‍' എന്നുള്ള നിലയ്ക്കുള്ള ആവിഷ്കാരങ്ങളാണ് ആധുനിക കവിതകള്‍ പോലും മുന്നോട്ടുവച്ചിട്ടുള്ളത്. ദൈന്യത അനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ കഷ്ടപ്പാടുകളെ അത് രാഷ്ട്രീയമായി കൊണ്ടുവരുമ്പോള്‍, അതായത് അവരുടെ വീടില്ലായ്മ, അവരുടെ വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥ, അവരെ പൊതുസമൂഹം മാറ്റിനിര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം അവതരിപ്പിക്കുന്നത് നമുക്ക് മനസ്സിലാകും. എന്നാല്‍ മറിച്ച്, അപരവത്കരിക്കുക, മൃഗവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലപ്പോഴും മലയാള സിനിമയും മലയാള സാഹിത്യവും സാംസ്കാരിക ചര്‍ച്ചകളും ഒക്കെത്തന്നെ ആദിവാസികളെ കണ്ടിട്ടുളളത്.

എഡ്വേഡ് സേഥിന്റെ ഓറിയന്റലിസം എന്ന സിദ്ധാന്തം വച്ച് പരിശോധിക്കുകയാണെങ്കില്‍- എപ്പോഴും പടിഞ്ഞാറാണ് കിഴക്കിനെ നിര്‍ണ്ണയിച്ചത്. അതായത് പടിഞ്ഞാറുള്ള വെളുത്ത മനുഷ്യന്റെ കാഴ്ചയില്‍ കിഴക്കുള്ള പ്രത്യേകിച്ച് അറബ് രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളും ഒക്കെത്തന്നെ 'അപരിഷ്കൃതരുടെയും രോഗികളുടെയും അവിജ്ഞാനികളുടെയും ഇടം' എന്ന നിലക്കാണ് യൂറോപ്യന്‍ മേഖല ഈ സമൂഹത്തെ കണ്ടത്. ഈ കാഴ്ചയുടെ പ്രശ്നം എന്നുപറയുന്നത് അതൊരു നിര്‍ദോഷകരമായ ഒരു കാഴ്ചയല്ല. അതായത്, അവരാല്‍ പരിഷ്കരിക്കപ്പെടേണ്ട വര്‍ഗ്ഗം എന്ന നിലയ്ക്ക് കാണുമ്പോള്‍ അവര്‍ നടത്തിയ അധിനിവേശങ്ങളും അക്രമങ്ങളും അവരുടെ വിജ്ഞാനം കൊണ്ട് ന്യായീകരിക്കപ്പെടുന്നു. അതായത്, രോഗം പരത്തുന്നവര്‍ അല്ലെങ്കില്‍ വിജ്ഞാനമില്ലാത്തവര്‍, അവരെ ബലമായി കീഴടക്കി അവര്‍ക്ക് വിജ്ഞാനം കൊടുക്കലാണ് തങ്ങള്‍ ചെയ്യുന്നത് എന്ന തരത്തിലുള്ള ചില അധിനിവേശ ശ്രമങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളത്. കിഴക്കു നിന്നും പടിഞ്ഞാറിനെ നോക്കിക്കാണുന്ന ഒരു സിദ്ധാന്തപദ്ധതി എന്ന നിലയ്ക്കാണ് പോസ്റ്റ് കൊളോണിയല്‍ കാലത്ത് എഡ്വേര്‍ഡ് സേഥിനെ പോലുള്ള ആളുകളുടെ ഇത്തരം സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവരുന്നത്.
ആര് ആരെ കാണുന്നു എന്നതാണ്. നഗരവാസി ആദിവാസിയെ കാണുന്നത് മുകളില്‍ നിന്ന് താഴേക്കുള്ള ഒരു കാഴ്ചയും, ആദിവാസി നഗരവാസിയെ കാണുന്നത് താഴെ നിന്ന് മുകളിലേക്കുള്ള കാഴ്ചയും എന്ന നിലക്കാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെയാണ് ഇത്തരം സംഭവങ്ങളെ സമൂഹത്തിനു മുന്നില്‍ ഇത്രയും കാലം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള, മുകളില്‍ നിന്നുള്ള കാഴ്ചയല്ലാതെ, ആദിവാസി സമൂഹത്തിന്റെ ഭാഷകളെയും അവരുടെ നൃത്തരൂപങ്ങളെയും അവരുടെ കലാരൂപങ്ങളെയും അവതരിപ്പിക്കാന്‍ കഴിയുന്നിടത്താണ് നവജനാധിപത്യത്തിന്റെ തുറവികള്‍ ഉണ്ടായിരിക്കുന്നത്. രൂപേഷ്കുമാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്ന 'കുറു കുറെ ബ്രോസ്' എന്ന ഈ മ്യൂസിക് ആല്‍ബത്തില്‍ അതിലെ നൃത്തത്തിന്റെ പ്രത്യേകതകള്‍ കൊണ്ടും ആദിവാസി ഗോത്രത്തിന്റെ ഭാഷ കൊണ്ടും അതുപോലെ തന്നെ പുതിയൊരിടത്തു നിന്നും മറ്റൊരു സ്ഥലം തേടിപ്പോകുന്ന, ആ കുന്നിനെ ഈ കുന്നിനെ, അവിടെയുള്ള പ്രപഞ്ചത്തെ, ചുറ്റുപാടുകളെ അതിന്റെ സൗന്ദര്യത്തെ വര്‍ണ്ണിക്കുകയും അതിനെ ആനന്ദകരമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് മനോഹരമാക്കുന്നുണ്ട്. അതായത് മുകളില്‍ നിന്നുള്ള കാഴ്ചയ്ക്കു പകരം ഒപ്പം നിര്ത്തികാണുന്നു എന്നുള്ളതാണ് ഈ കേമറാവിഷ്കാരത്തിന്റെ സവിശേഷത. അതെ, അതിനെ ഒപ്പം നിര്‍ത്തി കാണുക.
എല്ലാ കലകളും പുരോഗതിയിലേക്ക് നയിക്കുന്നതാണ്. പ്രശസ്തനായ പാട്ടുകാരന് പി.എസ്.ബാനര്‍ജി ഒരിക്കല്‍ പറഞ്ഞു- "നാടന്‍പാട്ട് പാടുന്നവര്‍ എപ്പോഴും കീറ കൈലിമുണ്ടും കീറഷര്‍ട്ടും തലയില്‍ കെട്ടുമായിട്ടൊക്കെ നില്ക്കുമ്പോള്, നീ പന്തലുപണിക്കു വന്നതാണോ എന്ന് ചോദിക്കും" എന്ന്. മറ്റെയാള്‍ ഇന്ഷര്ട്ടൊക്കെ ചെയ്തു ജീന്‍സിട്ടു നില്ക്കുമ്പോള് അയാള്‍ അവിടെ കലാകാരനും ഇയാളുടെ വേഷം കണ്ടിട്ട് നീ പന്തലുപണിക്കു വന്നതാണോ എന്നും ചോദിക്കുന്ന തതത്തിലുള്ള വേഷത്തിനെ അദ്ദേഹം അതിനകത്ത് പ്രശ്നവത്കരിക്കുന്നുണ്ട്. ഞങ്ങള്‍ പലപ്പോലും അത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ദലിതരുടെയും ആദിവാസികളുടെയും കലാരൂപങ്ങളും വേഷങ്ങളും പ്രാചീനതയില്‍ അതേപടി നില്ക്കണമെന്നു വിചാരിക്കുക, കീഴാളതയുടെ 'ശുദ്ധത' അതേപടി നില്‍ക്കണമെന്ന് പറയുന്ന ഒരു സാസ്കാരികസങ്കല്പം സമൂഹത്തിനിയില് ഇപ്പോഴും നിലനില്ക്കു ന്നുണ്ട്. മറിച്ച് ദലിത്ആദിവാസി വിഭാഗങ്ങള്‍ക്ക് ജീന്സിട്ടും അല്ലെങ്കില്‍ ഏറ്റവും പുരോഗമനത്തിന്റെ ഭാഗമായ വസ്ത്രങ്ങളും അതിനോടടുത്തു നില്ക്കുന്ന ചുവടുകളും ചേര്‍ത്ത് ഈ പറയുന്ന അവരുടെ കലാരൂപങ്ങളെ ആവിഷ്കരിക്കാം. ഈ കലാരൂപത്തിലുള്ള ഒരു പ്രത്യേകത അത് ഒരേസമയം ഏറ്റവും മുന്നിട്ടുനില്ക്കുന്ന നൃത്തരൂപങ്ങളോട് അടുത്തുനില്ക്കുകയും അല്ലെങ്കില്‍ സിനിമാറ്റിക്കായ നൃത്തവും അതിനകത്തുതന്നെ ആദിവാസി വിഭാഗങ്ങള്‍ക്കു മാത്രം സ്വായത്തമായ അംഗചലനവും താളവും അതേപടി ആ നൃത്തത്തില്‍ വരുന്നുണ്ടെന്നുളളത് വലിയൊരു സവിശേഷതയാണ്.
പൊതുവെ ആദിവാസികളുടെ പ്രശ്നങ്ങള്‍ നോക്കുമ്പോള്‍ ഏറ്റവും വലിയ പ്രശ്നം എന്നതിലൊന്ന് ഗവണ്മെന്റാണ്. ഭൂമി വേലികെട്ടിയും പട്ടയം വാങ്ങിയും സംരക്ഷിക്കേണ്ടതാണെന്ന് അറിയാന്‍ വയ്യാത്ത ഒരു വിഭാഗം, വനം തുറസ്സായി കിടന്നതാകയാല് അവരതില്‍ സ്വച്ഛന്ദമായി വിഹരിക്കുകയായിരുന്നു. പിന്നീടവര്‍ സ്വന്തമായി ഭൂമി എന്നൊരു സങ്കല്പത്തിനു പുറത്തായി പോവുകയും വനത്തില്‍ നിന്ന് പുറത്തേക്കിറക്കപ്പെടുകയും ചെയ്യപ്പെട്ടു. അതേസമയം തന്നെ അത്തരം ഭൂമികള്‍ നാട്ടുകാരെന്നു പറയുന്ന കുടിയേറ്റക്കാര്‍ വന്ന് വാങ്ങിയെടുക്കുകയും ചെയ്യുകയായിരുന്നു. ആദിവാസികള്‍ വനഭൂമിക്കും ജനഭൂമിക്കും ഇടയിലുള്ള കോളനികളാക്കപ്പെടുകയും ചെയ്തു. വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്തുള്ള കൊട്ടമരട്ടു കോളനിയിലൊക്കെ ചെന്നാലറിയാം 50 സെന്റില്‍ 50 വീടും അതില്‍ 500 പേരും ജീവിക്കുന്ന തരത്തില്‍ അത്രയും ഒതുക്കിക്കളഞ്ഞ ഒരു ജനസമൂഹമാണ് അവര്‍. ആദിവാസി ഭൂ പ്രശ്നമൊക്കെ വേറൊരു തരത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. അതവിടെ നില്ക്കട്ടെ. പക്ഷേ അതിനകത്തുനിന്ന് വൃത്തിയില്ലായ്മയെയും ഇല്ലായ്മയെയും മാത്രം കണ്ടുപിടിക്കുന്നതിലാണ് പ്രശ്നമുള്ളത്.
ആദിവാസികള്‍ അവര്‍ ആ ചെറിയ ജീവിതത്തിനകത്തും നിര്‍മ്മിച്ചെടുക്കുന്ന ഒരു സൗന്ദര്യലോകമുണ്ട്. അതായത് ആനന്ദത്തിന്റെ ചില സ്ഥലികള്‍ അവിടെയുമുണ്ട്. ഈ പ്രപഞ്ചത്തെ, ഈ ഇഷ്ടികക്കളത്തെ, പാടങ്ങളെ, ആകാശങ്ങളെ ഒക്കെത്തന്നെ എന്റേത് എന്നു പറയുന്ന കാര്യം. തുറന്ന ആകാശമെന്റേത്, തുറന്ന പാടങ്ങളെന്റേത്, തൊഴിലിടങ്ങള്‍ എന്റേത് എന്ന തരത്തില്‍ കാണുന്ന ആനന്ദത്തിന്റെയും പ്രണയത്തിന്റെയും കാഴ്ചകള്‍. എല്ലാ പ്രണയങ്ങളും കാല്പനികമാണ്.ആദിവാസികളുടെ ജീവിത പരിസരങ്ങളിലെ കാവ്, കുന്ന്, ഭക്ഷണം, മീന്‍, മൂക്കുത്തി അങ്ങനെ ഭൗതീകമായ ജീവിത പരിസരങ്ങളില്‍ നിന്നാണ് ഈ പാട്ട് സുകുമാരന്‍ ചാലിഗദ്ധ രൂപപ്പെടുത്തുന്നത്. ഭാഷ മനസ്സിലായില്ലെങ്കിലും വിനു കിടച്ചുലന്റെ സംഗീതത്തിലൂടെ ഇന്റര്‍നാഷണല്‍ ആയി പോലും അത് സംവദിക്കുന്നുമുണ്ട്. പാട്ടിനനുസരിച്ച് അതില്‍ നിന്നും വേറിട്ടുനില്‍ക്കാതെ ചിത്രീകരിച്ചു വിജയിക്കാനും ഈ ടീമിന് കഴിഞ്ഞു. ജീന്‍സും കാപ്പും ത്രീഫോര്‍ത്തും റോക്കിങ് ഡാന്‍സ് നമ്പറുകളിലൂന്നിയ പാട്ടും ജ്യോഗ്രഫിയും എല്ലാം ചേര്‍ന്ന ഉഗ്രന്‍ എന്റര്‍ടൈന്‍മെന്റ് ആണ് കുറു കുറെ ബ്രോസ്. എങ്കിലും അത്തരം ഒതുങ്ങിയ ഇടങ്ങളില്‍ നിന്നുണ്ടാകുന്ന പ്രണയം, അതിന്റെ നോട്ടങ്ങള്‍, അതിന്റെ ആഹ്ലാദങ്ങള്‍, ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള ചലനങ്ങള്‍, മറ്റൊരു സ്ഥലമുണ്ട് അവിടേക്ക് പോകാം എന്നുപറയുന്നതിലെല്ലാം തന്നെ അവര്‍ ഒരു വാഗ്ദത്ത ഭൂമിയെക്കൂടി പാട്ടിലൂടെ മുന്നോട്ടുവക്കുന്നുണ്ട്. അതുപോലെ തന്നെ അതിന്റെ ഭാഷ, ഏറ്റവും വലിയ പുതിയ ഭാഷയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന പദങ്ങളും ആശയങ്ങളും ഒക്കെ രൂപപ്പെടുത്തുന്ന ഒരു ഭാഷാരീതി, അതിന്റെ താളക്രമം, എല്ലാം കൊണ്ടും വളരെ മനോഹരമായ ഒരു നൃത്തസംവിധാനക്രമമാണിത്. ഇത് തീര്‍ച്ചയായും കേരളസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട അല്ലെങ്കില്‍ എല്ലാവരിലും എത്തേണ്ട ഒരു കലാസൃഷ്ടിയും സംസ്കാരവും ആണെന്ന് ഞാന്‍ കരുതുന്നു. ഇവിടത്തെ സിനിമാലോകത്തിന് മാതൃകയാകാവുന്ന ഈയൊരു കലാസൃഷ്ടിയുടെ ഭാഗമായ സംവിധായകനടക്കം ഏവരും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. അത് സമൂഹം ഏറ്റെടുക്കാതെ പോകരുത്. ചര്‍ച്ചചെയ്യപ്പെടാതെ പോകരുത്. ദൃശ്യകലയുടെ ഭാഷാശാസ്ത്രത്തില്‍ പുതിയ തുറവിയാണ് ഈ സൃഷ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ളത്. നവജനാധിപത്യത്തിന്റെ കാലത്ത് ഈ കലാരൂപത്തെ ഞാന്‍ അങ്ങനെയാണ് കാണുന്നത്.
കുറു കുറെ ബ്രോസ് എന്ന വീഡിയോ ആല്‍ബം