Image

എന്ന് സ്നേഹപൂര്‍വ്വം 695103

മനസ്സ് തകര്‍ന്നിരിക്കുമ്പോള്‍ 'ആരെങ്കിലും എനിക്കൊരു കത്തെഴുത്തുമോ' എന്നൊരു പോസ്റ്റ് ഇടുക. അഡ്രസ്സ് ഇല്ലാതെ ഒരു തെരുവില്‍ നിന്നും ഒരു കത്ത് വരിക. ഒരു നാരങ്ങ വെള്ളത്തിനെക്കാള്‍ രസമുള്ള സ്നേഹം മൊത്തിക്കുടിക്കുക. ഇര്‍ഫാന ഇസ്സത് എഴുതുന്നു.

 

ഇന്നുച്ചക്ക് വീട് തേടി വന്നൊരു കത്താണ്. ഈയിടയായി കത്തുകൾ രണ്ട് മൂന്നെണ്ണം വന്നിരുന്നെങ്കിലും ഇതിത്തിരി അധികം പ്രിയപ്പെട്ടതാണ്. അയച്ചയാളുടെ വിലാസമില്ല. 695103 എന്നൊരു പിൻ നമ്പറും AYILAM എന്നൊരു സീലും മാത്രം. കത്തെടുത്ത് വച്ചത് വാപ്പിയാണ്. എനിക്ക് ഈയിടെയായി വരുന്ന കത്തുകൾ അവർക്കും കൗതുകമാണ്. പ്രത്യേകിച്ചു പേരില്ലാത്തവ. കൊറോണയും വീട്ടിലിരിപ്പും ഡിപ്രഷന്‍റെ മരുന്നുകളുമെല്ലാം ചേർന്ന് ജീവിതം മടുപ്പാക്കിയ സമയത്ത് 'ആരെങ്കിലും എനിക്ക് കത്തയക്കൂ' എന്നാഗ്രഹം പറഞ്ഞിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇടക്കിടെ വരുന്ന കത്തുകളുടെ അവർക്കറിയാത്ത രഹസ്യം. ഇരുപത് വർഷങ്ങൾക്ക് മുൻപേ അവർ നിർത്തിപ്പോന്ന, ഇനി ഭാവിയില്ലെന്ന് വിധിയെഴുതിയ ഒന്നായതിനാലാകാം ആകാംക്ഷയും കൗതുകവുമെല്ലാം. എന്നെ സംബന്ധിച്ച് എനിക്ക് വരുന്ന കത്തുകൾ സ്നേഹത്തിന്‍റെ  അടയാളമാണ്. 'നീ എനിക്ക് പ്രിയപ്പെട്ടതാണ്' എന്ന് പറയുന്നതിനും മേലേ വിലപ്പെട്ടത്. എഴുതുന്ന അക്ഷരങ്ങളിൽ എനിക്ക് സ്നേഹം മണക്കും. ഓരോ വള്ളിയും ചുനിപ്പും പല നിറങ്ങളിലെ ഹാർട്ട്‌ ആയി മാറുന്നതായി തോന്നും. പല വട്ടം വായിച്ചാലും പിന്നേയും തുറന്ന് നോക്കിയും മണത്തും ഇരിക്കും. ഏറ്റവും മനോഹരമായി മറുപടി എഴുതി സൂക്ഷിക്കാൻ ആഗ്രഹിക്കും. ഞാനൊരു കത്തയച്ചിരുന്നു എന്ന് എപ്പോൾ വേണമെങ്കിലും എന്നെ തേടി വന്നേക്കാവുന്ന മനുഷ്യരെ പ്രതീക്ഷിക്കും.

'പെണ്ണേ' എന്നൊരു വിളിയാണ് കത്തിന്‍റെ  തുടക്കത്തിൽ. ശബ്ദമോ മുഖമോ കൈയ്യക്ഷരമോ പോലും അറിയാത്ത ഒരുത്തിയെ ഞാനാ ഒറ്റ വാക്കിൽ ഓർത്തെടുത്തു. 'നീയൊരിക്കലും ആത്മഹത്യ ചെയ്യരുത്, നമുക്കത് ചികിത്സിച്ച് മാറ്റാ'മെന്ന ഒരൊറ്റ മെസ്സേജിനപ്പുറം ഒന്നിനെക്കുറിച്ചും സംസാരിച്ചിട്ടില്ലാത്തൊരു പെൺകുട്ടിയാണ്. 'അക്ഷരങ്ങളിലൂടെ എന്‍റെ  ചേർത്തുപിടിക്കലുകൾ അറിയുന്നു, എന്നെയറിയുന്നു' എന്ന വരിയിൽ എന്‍റെ  കണ്ണുകൾ നിറഞ്ഞു കലങ്ങി. ബാക്കി വായിക്കാതെ ഞാൻ കത്തുമായി മുറിയിലേക്ക് പോയി.

മനോഹരമായി കവിതകളെഴുതുന്ന, ഞാൻ എഴുതുന്ന എല്ലാം വായിക്കുന്ന, കമന്‍റ്ബോക്സിൽ സ്നേഹം പറയുന്ന ഒരുത്തിയാണ്. അവൾ പക്ഷെ എന്നെയിപ്പോഴും ഓർക്കുന്നത് എന്നോ ഒരിക്കൽ അയച്ച, 'കൂടെയുണ്ട്' എന്ന മെസ്സേജാണ്. ആത്മഹത്യയുടെ വക്കിലാണ് ഞാനെന്ന് എന്‍റെ എഴുത്തിലൂടെ മനസ്സിലാക്കി ഒപ്പം നിന്ന എല്ലാവരെയും ഞാനോർത്തു. സൈക്കാട്രിസ്റ്റിന്‍റെ  കോൺടാക്ട് തന്നിട്ട് 'മോള് പോയി കണ്ടു നോക്ക്' എന്ന് പറഞ്ഞവരെ, 'ഞാനും ട്രീറ്റ്മെന്‍റിലാടീ' എന്ന് തുറന്നുപറഞ്ഞവരുണ്ട്. എല്ലാവരും എന്‍റെ മുന്നിൽ മിന്നിമറഞ്ഞു. പരസ്പരം താങ്ങിനിർത്തി മുന്നോട്ടുപോകുന്ന ഒരു കൂട്ടത്തിലെ ഒരു കണ്ണിയാണ് ഞാനെന്ന് തോന്നി. ഒന്നും മിണ്ടാതെ, ബാക്കി വായിക്കാതെ കുറേ നേരം ഇരുന്നു.

സ്നേഹം പൊതിഞ്ഞ കത്താണത്. പ്രതീക്ഷയുടെ, ജീവിതത്തിൽ നമ്മളുദ്ദേശിക്കുന്നതിനപ്പുറമാണ് നമ്മുടെ ഓരോ വാക്കും എന്ന ഓർമ്മപ്പെടുത്തലിന്‍റെ കത്താണ്. കൊറോണ കഴിഞ്ഞ് അക്ഷരങ്ങൾക്കും കവിതകൾക്കുമപ്പുറം ഞാനവളെ തേടും. മുറുക്കെ കെട്ടിപ്പിടിച്ച് ഒരുമിച്ചൊരു ചായക്ക് കൂട്ടും. ബഷീറിന്‍റെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട 'മതിലുകളു'ടെ ഒരു കോപ്പി സമ്മാനം കൊടുക്കും.

അവളാക്കത്ത് അപൂർണ്ണമാക്കിയാണവസാനിപ്പിച്ചത്. അതിന് ഞാനെന്‍റെ മറുപടിയെഴുതി സൂക്ഷിക്കും. ഇനിയതേ കൈപ്പടയിൽ എന്നെത്തേടി വരാവുന്ന തുടർച്ചകളെ കാക്കും. ഞാൻ വാക്കുതരുന്നു,  കാത്തിരിപ്പിന്‍റെ ഉപ്പ് കലർന്ന മധുരം ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്. ഒരു നാരങ്ങാമുട്ടായിയേക്കാളും ഒരു ഗ്ലാസ്സ്  നാരങ്ങാവെള്ളത്തിനേക്കാളും രസമാണതിന്‍റെ രുചി.


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image