Image

മലയാള ഭാഷാവാദം ഉഡായിപ്പാണ്

മുപ്പത്തി ആറോളം ഗോത്ര ഭാഷകളെയും അവരുടെ ചരിത്രത്തെയും മിത്തുകളെയും ചവിട്ടിയരച്ചു കൊണ്ടാണ് മലയാള മാതൃഭാഷ സംരക്ഷണം എന്ന പ്രഹസന സമരം നടത്തുന്നത്. ഇത് മലയാളിയുടെ വെറും നായര്‍ നോസ്റ്റാള്‍ജിയ മാത്രമാണ്.
വയനാട്ടിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന റോബിന്‍ വര്‍ഗ്ഗീസ്  എഴുതുന്നു.


ഈയിടെയുണ്ടായ മലയാള ഭാഷാസമരം ശുദ്ധ തട്ടിപ്പാണ്. ഇവിടത്തെ മുപ്പത്തിയാറ് ഗോത്ര വിഭാഗങ്ങളുടെ ഭാഷയെക്കുറിച്ച് ഇന്നുവരെ ഇവര്‍ സംസാരിച്ചിട്ടില്ല. മലയാളം മലയാളി എന്നു പറയുന്ന ഈ നായര്‍ കാല്‍പനിക പരിപാടി ഉണ്ടല്ലോ. ജാതി പ്രിവിലേജിനെ സംരക്ഷിക്കുന്ന പരിപാടി മാത്രമാണത്. ഇവിടെ എല്ലാവരും മലയാളികള്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. ജാതി വ്യവസ്ഥയില്‍ ഏറ്റവും താഴെ നില്‍ക്കുന്നവരായതു കൊണ്ടാണ് ഗോത്ര ഭാഷകളെക്കുറിച്ച് കേരളം സംസാരിക്കാത്തത്.

ഇ.വി. രാമകൃഷ്ണന്‍ മാഷ് അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പേജില്‍ എഴുതിയത് ശ്രദ്ധിക്കണം. രണ്ടായിരത്തി അഞ്ഞൂറില്‍ പരം ഭാഷകള്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഇല്ലാതായിട്ടുണ്ട്. ഇന്ന് വയനാട്ടില്‍, ഇടുക്കിയില്‍ എത്ര ഭാഷകളാണ് ഇല്ലാതായത് ? സാംസ്കാരിക പഠനങ്ങളില്‍ എല്ലാം പരാമര്‍ശിക്കുന്ന പണിയരുടെ ഭാഷ ഏറെ വൈവിധ്യമുള്ളതായിരുന്നു. പണിയരുടെ ഭാഷ ഇല്ലാതായി. ഇരുളരുടെ ഭാഷ ഇല്ലാതായി. കാസറഗോഡ് അങ്ങേയറ്റത്ത് കൊറഗര്‍ എന്നൊരു വിഭാഗമുണ്ട്. അവരുടെ ഭാഷയും ഇല്ലാതായി. അവരും ഇല്ലാതായി. പി.എസ്.സി. പരീക്ഷയില്‍ മലയാളം ഭാഷ സംരക്ഷിക്കണം എന്നാണ് ഇവിടെ ചിലര്‍ പറയുന്നത്. കൊറഗ ഭാഷ വീട്ടില്‍ സംസാരിക്കുകയും മലയാളം രണ്ടാം ഭാഷയായി സംസാരിക്കുകയും ചെയ്യുന്ന നിരവധി പേര്‍ കാസറഗോഡ് ഉണ്ട്. അതുകൊണ്ടു തന്നെ മലയാളത്തില്‍ അവരില്‍ പലര്‍ക്കും പി.എസ്.സി. പരീക്ഷ എഴുതാന്‍ പറ്റാത്ത അവസ്ഥയുള്ളവരാണ്. ഇക്കാര്യം  കാസറഗോഡ് പോയി ഒന്നു അന്വേഷിച്ചാല്‍ മനസ്സിലാകുന്നതാണ്. പണിയരോട് അവരുടെ മാതൃഭാഷ മലയാളം ആണെന്ന് പറഞ്ഞാല്‍ അവര്‍ ഓടിച്ചിട്ട് നിങ്ങളെ അടിക്കും.  കാട്ടു നായിക്കരുടെ ഭാഷയെക്കുറിച്ച് ചര്‍ച്ചയേ വേണ്ട. അപ്പോള്‍ ഏത് മലയാളത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? ആരുടെ മാതൃഭാഷയാണ് മലയാളം? മലയാളത്തിന് സ്വന്തമായി ഒരു സര്‍വ്വകലാശാലയുണ്ടത്രേ. ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടം നികത്തി, വെള്ളംകുടി മുട്ടിച്ച് കെട്ടിപ്പൊക്കി അസോസിയേറ്റ് പ്രൊഫസര്‍മാര്‍ ശംബളം വാങ്ങുന്ന മഹത്തായ സ്ഥാപനം. എന്തേ മലയാളം നശിച്ചു പോയത് ? മുക്കിന് മുക്കിന് എല്ലാ പി.ജി. കോളേജുകളിലും മലയാളത്തില്‍ ഗവേഷണം നടക്കുന്നുണ്ട്. അനേകം പേര്‍ പി എച്ച് ഡി നേടിയിട്ടുണ്ട്. എന്നിട്ടും എങ്ങനെയാണ് മലയാളം നശിക്കുന്നത് ? ഇവരുടെയൊക്കെ പണി പോകും എന്നുള്ള ബേജാറില്‍ നിന്നല്ലേ ഈ മലയാള സംരക്ഷണം? മലയാളം മാത്രം നശിക്കുന്ന ബേജാറാണ് നമുക്ക് മനസ്സിലാകാത്തത്. പണിയ ഭാഷക്ക് സര്‍വ്വകലാശാല ഇല്ല, കുറഗ ഭാഷക്ക് സര്‍വ്വകലാശാല ഇല്ല. കാരണം അവരൊന്നും ടാക്സ് കൊടുക്കുന്നില്ലല്ലോ. കുണ്ടൂര്‍ നാരായണ മേനോന്‍റെ മലയാളം നഷ്ടപ്പെടുമ്പോഴാണ് ഇവര്‍ക്ക് വേവലാതി.

നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് എന്നൊരു പരിപാടി ഇറങ്ങിയിട്ടുണ്ട്. അതൊന്നെടുത്ത് വായിച്ചു നോക്കണം.  അതില്‍ മാതൃഭാഷ എന്നു പറയിന്നിടത്തെല്ലാം വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ബ്രാക്കറ്റില്‍ ഗോത്ര ഭാഷ എന്നു കൂടി എഴുതിയിട്ടുണ്ട് . മാതൃഭാഷയ്ക്കൊപ്പം എന്നു പ്രൊഫൈല്‍ പിക്ചര്‍ മാറ്റി സമരത്തിനിറങ്ങുന്ന അദ്ധ്യാപകരുടെയെല്ലാം മേശപ്പുറത്ത് ഈ സാധനമുണ്ട്. ഇവര്‍ മാതൃഭാഷയെക്കുറിച്ച് മാത്രം പറയുകയും ഗോത്ര ഭാഷയെക്കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്നതിന്‍റെ സൂത്രമാണ് പിടികിട്ടാത്തത്. മലയാള ഭാഷ സംരക്ഷിക്കണം എന്നല്ല പറയേണ്ടത്, കുറച്ചു കൂടി വിശാലമായി എല്ലാ പ്രാദേശിക ഭാഷകളും സംരക്ഷിക്കപ്പെടണം എന്നാണ്. ഒരു ഭാഷ നഷ്ടപ്പെടുമ്പോള്‍ ഭാഷ മാത്രമല്ല നഷ്ടപ്പെടുന്നത് ജൈവ വൈവിധ്യങ്ങളും നഷ്ടപ്പെടുന്നുണ്ട്.

പി എസ് സി യും മലയാള ഭാഷയും ആയി ബന്ധപ്പെട്ടതുകൊണ്ട് തന്നെ വിദ്യാഭ്യാസവും ആയി ബന്ധപ്പെട്ടു കൊണ്ട് വേണം ഇത് ചര്‍ച്ച ചെയ്യാന്‍. കേരളത്തില്‍ ഏകദേശം മുപ്പത്തിയാറ് ഗോത്ര വിഭാഗങ്ങളുണ്ട്. അതുപോലെ ദക്ഷിണേന്ത്യയില്‍ തന്നെ ഏകദേശം രണ്ടായിരത്തില്‍ അധികം ഗോത്ര ഭാഷകള്‍ ഇല്ലാതായിട്ടുണ്ട്. അവ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇതിലൊന്നും ആര്‍ക്കും ഒരു സങ്കോചമോ വിഷമമോ ഉണ്ടായിട്ടില്ല. ആരുടെ മാതൃഭാഷയെപ്പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നാണ് എന്‍റെ ചോദ്യം. മുപ്പത്തി ആറ് ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ അവരുടെ പ്രണയവും കലഹവും തമാശകളും പ്രതിഫലിപ്പിക്കുന്ന ഭാഷ ഗോത്ര ഭാഷകള്‍ ആണ്. അങ്ങനെയുള്ള കുട്ടികള്‍ ക്ലാസ്റൂമുകളില്‍ വന്നിരിക്കുമ്പോള്‍  അവരെ ‘മലയാളി’ ആയ അദ്ധ്യാപകര്‍ തിരിച്ചറിയുന്നില്ല എന്നതാണു ഈ കുട്ടികള്‍ നേരിടുന്ന ആദ്യത്തെ പ്രശ്നം. ഉച്ചാന്‍ പൊയ്ക്കൊട്ടെ  (മൂത്രമൊഴിക്കാന്‍ പൊയ്ക്കൊട്ടെ) എന്ന് കുട്ടികള്‍ ചോദിക്കുമ്പോള്‍ ഉച്ചയാകട്ടെ എന്ന് ക്രൂരമായി ടീച്ചര്‍മാര്‍ തമാശ പറയുന്ന ഒരനുഭവമാണ് ഇവിടത്തെ ക്ലാസ്റൂമുകള്‍ക്ക്. ‘ഇല’ എന്നു അദ്ധ്യാപകര്‍ പറയുമ്പോള്‍ ഗോത്ര ഭാഷയില്‍ അത് ‘ചൊപ്പ്’ എന്നാണ്. അപ്പോള്‍ ഗോത്ര വിഭാഗത്തിലെ കുട്ടികള്‍ ക്ലാസ്സില്‍ സ്വകാര്യമായി അടുത്ത കുട്ടിയോട് പറയുന്നത് “ഓ...ചൊപ്പിന് ഇല പോലും” എന്നാണ്.

ഇവിടെ ഗോത്ര വിഭാഗങ്ങളിലെ കുട്ടികളെ അദ്ധ്യാപകര്‍ നിരന്തരം വംശീയമായി തന്നെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. ഗോത്ര വിഭാഗങ്ങളെ കളിയാക്കുന്ന അശ്ലീല കഥകള്‍ വരെ വയനാട്ടിലെ പൊതുബോധത്തിലും കേരളത്തിലും നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പോ സ്റ്റേറ്റോ ഇത്തരം പ്രശ്നങ്ങളെ ഇന്നുവരെ അഡ്രസ്സ് ചെയ്തിട്ടില്ല. അല്ലെങ്കില്‍ അതിന് അവര്‍ തയ്യാറായിട്ടില്ല. ആവശ്യമെങ്കില്‍ പ്രാദേശിക ഭാഷകളില്‍ ഉള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കണം എന്ന് നാഷണല്‍ കരിക്കുളം ഫ്രെയിം വര്‍ക്കില്‍ പറയുന്നുണ്ട്. 

നാലാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ആദിവാസികളെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ഭാഗം

മലയാളഭാഷയെ പരിപോഷിപ്പിക്കാനെന്നു പറയുന്ന പാഠാവലികളില്‍ പലതിലും സ്ത്രീ വിരുദ്ധ, ദലിത് വിരുദ്ധ, ആദിവാസി വിരുദ്ധ സമീപനങ്ങള്‍ കാണാവുന്നതാണ്. അമ്മ അഥവാ സ്ത്രീ എങ്ങനെയാവണം, സൗന്ദര്യം എന്നാലെന്താണ് എന്നതിനൊക്കെയുള്ള ഭാഗങ്ങളില്‍ ഒരു പുരുഷാധിപത്യ സവര്‍ണ്ണാത്മകമായ നിര്‍വ്വചനങ്ങള്‍ നമുക്ക് കാണാനാവും. ഉദാഹരണമായി  മലയാള ഭാഷാപാഠാവലിയിലെ നാലാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ പഴശ്ശിരാജയെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായത്തില്‍ ആദിവാസികളെ അതിഭീകരമായ പ്രാകൃതരായാണ് ചിത്രീകരിച്ചു വച്ചിരിക്കുന്നത്. അക്കാര്യം ആ പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ കണ്ടാല്‍ ബോദ്ധ്യപ്പെടുന്നതാണ്. 

ഇത്തരം വിദ്യാഭ്യാസത്തിലും ജോലിയിലും പ്രവേശിക്കാന്‍ പറ്റാതിരിക്കുകയും ഇതിനോട് സമരസപ്പെടാന്‍ പറ്റാതിരിക്കുകയും ചെയ്യുന്നതിലൂടെ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുകയാണ്. അവര്‍ സ്കൂളില്‍ നിന്നു കൊഴിഞ്ഞു പോവുകയല്ല, ഈ വിദ്യാഭ്യാസ സമ്പ്രദായത്തോട് നടുവിരല്‍ കാണിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്യുന്നത്. അവര്‍ക്ക് തലമുറകളായി കിട്ടേണ്ടതായ സര്‍ക്കാരിന്‍റെ ഒരുപാട് ജോലികള്‍ ഉണ്ട്.  ഇവരുടെ ഈ മലയാള മാതൃഭാഷ പിണ്ണാക്ക് പരിപാടി കൊണ്ട് അതൊക്കെ റദ്ദുചെയ്യപ്പെടുകയാണ്. എന്നിട്ടും രണ്ടാം ഭാഷ ആയ മലയാളം പഠിച്ച് അവര്‍ സര്‍വൈവ് ചെയ്തു പോവുകയാണ്.

കഴിഞ്ഞ പത്തു വര്‍ഷമായി വയനാട്ടിലെ ട്രൈബല്‍ സമൂഹങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. അത് വളരെ പെട്ടെന്നുള്ള ഒരു ബൂമിങ് ആണ്. അതൊന്നും ഈ അദ്ധ്യാപകരുടെ മിടുക്കല്ല. അത് അനേകം സാമൂഹിക പ്രവര്‍ത്തകരുടെ പരിശ്രമഫലമാണ്. അവരെയൊക്കെ എന്‍ജിയോ-ക്കാര്‍ എന്നു പറഞ്ഞ് പലരും ഇന്‍സള്‍ട്ട് ചെയ്യാറുണ്ട്. ആദിവാസികളുടെ ഫോട്ടോ എടുത്തു അമേരിക്കയ്ക്ക് അയച്ച് സാമ്രാജ്യത്വ അജണ്ട സെറ്റ് ചെയ്യുന്നവരാണ് വയനാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ എന്ന ഞാണ്ടാക്കാം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇവരുടെ ശക്തമായ പ്രവര്‍ത്തനം മൂലം ഗോത്ര വര്‍ഗ്ഗത്തിലുള്ള പലരും  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയി മാറിയിട്ടുണ്ട്. എന്‍ജിയോ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന ഒരാളല്ല ഞാന്‍. എന്നാല്‍ ഇത്തരം പോസിറ്റീവ് ആയ കാര്യങ്ങള്‍ എന്‍ജിയോ പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് മലയാളം, മലയാളം നമ്മുടെ മാതൃഭാഷ എന്നത് നിരന്തരം കേരളത്തില്‍ കേള്‍ക്കുന്ന അശ്ലീലതയാണ്. സുകുമാരന്‍ ചാലിഗാദ്ധയെ പോലുള്ള ഗോത്ര ഭാഷാ കവികള്‍ ഇപ്പോള്‍ നിരന്തരം ഗോത്ര കവിതകളെ പരിചയപ്പെടുത്തുന്നുണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ വളരെ നന്നായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇന്നുവരെ ഭാഷാപഠനങ്ങളുമായി ബന്ധപ്പെട്ട ഒരു സ്ഥാപനങ്ങളും സാങ്കേതികതകളും ഗോത്ര ഭാഷ പഠനങ്ങളെ അഡ്രസ്സ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. രണ്ടായിരത്തി ഏഴില്‍ ഞങ്ങള്‍ വയനാട്ടിലെ ഡയറ്റിലെ കെ കെ ആര്‍ സുരേന്ദ്രന്‍ സാര്‍ അടക്കമുള്ളവര്‍ ആയി ബന്ധപ്പെട്ടു 'നായം' എന്ന ഒരു ടെക്സ്റ്റ് ഉണ്ടാക്കി. പണിയ ഭാഷയുടെ വ്യാകരണവുമായി ബന്ധപ്പെട്ട് ഒരു ഭാഷക്ക് ആവശ്യമായിട്ടുള്ള ഒരു ടെക്സ്റ്റ് ആയിരുന്നു അത്.

പണിയ ഭാഷ എടുത്താല്‍ അതില്‍ ഒരുപാട് കഥകളുണ്ട്, പാട്ടുകളുണ്ട്, പഴഞ്ചൊല്ലുകള്‍ ഉണ്ട്, പ്രാദേശികമായ അറിവുകളുണ്ട്. മലയാളികള്‍ ഈ ഭാഷ പരിഗണിക്കുന്നില്ല എന്നു പറഞ്ഞാല്‍ ആ മനുഷ്യരെ അവര്‍ പരിഗണിക്കുന്നില്ല എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഏറ്റവും അവസാനം കോവിഡ് കാലത്തെ ഓണ്‍ലൈന്‍  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു കൊണ്ട് കേരളത്തിലെ അദ്ധ്യാപകര്‍  ഗോത്ര വിഭാഗങ്ങളെ മറന്നു പോയിരുന്നു. വയനാട്ടില്‍ പന്ത്രണ്ടോളം അദ്ധ്യാപകരുള്ള ഇരുപത്തി അഞ്ചു പേര്‍ അടങ്ങുന്ന ഒരു വാട്സാപ്പ്  കൂട്ടായ്മ ഞങ്ങള്‍ രൂപീകരിച്ചു. അവരുടെ മുന്‍കയ്യില്‍ ഗോത്ര ഭാഷയില്‍ ക്ലാസ്സുകള്‍ വീഡിയോ ഷൂട്ട് ചെയ്തു ഊരുകളിലെ കുട്ടികളില്‍ എത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകര്‍ അങ്ങനെ ഞങ്ങള്‍ ചെയ്താല്‍ ഇവിടത്തെ പ്രതിപക്ഷം ഏറ്റെടുത്തു പ്രശ്നം ആക്കുമെന്ന് പറഞ്ഞു അതിനെ തടഞ്ഞു. പക്ഷേ അവിടെയും അവര്‍ പിന്നീട് ചെയ്തത് മണ്ടത്തരമാണ്. വിദ്യാഭ്യാസ വകുപ്പ് ഞങ്ങളുടെ വീഡിയോകളെ  അനുകരിച്ചു ഒരു മാസത്തിനു ശേഷം ഗോത്രഭാഷയിലെ ക്ലാസ്സുകള്‍ എല്ലാവര്‍ക്കുമായി കാണിക്കുക എന്ന മണ്ടത്തരം ചെയ്തു. ഞങ്ങള്‍ ഉദ്ദേശിച്ചത്, ഒന്നാം ക്ലാസ്സില്‍ പോകുന്ന കുട്ടികള്‍ക്ക് അവരുടെ ഗോത്ര ഭാഷയില്‍ അവരുടെ ഊരുകളില്‍ ക്ലാസ്സുകള്‍ കാണിക്കുക എന്നതായിരുന്നു. കേരളത്തിലെ മുഴുവന്‍ ആളുകളും ഈ ക്ലാസ്സുകള്‍ കേട്ട് ആസ്വദിക്കേണ്ട കാര്യമില്ല. ഇതൊന്നും മലയാള ഭാഷാവാദികള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ആദിവാസി കുട്ടികള്‍ വലിയ കഴിവുള്ളവരാണെന്നാണ് കേരളം വീമ്പുപറയുക. പക്ഷേ ഒരു ലളിതഗാന മല്‍സരത്തില്‍ പോലും അവരെ പങ്കെടുപ്പിക്കുകയുമില്ല.

 


ആദിവാസി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റോബിന്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്ത 'ആള്‍ ഇന്ത്യന്‍സ് ആര്‍...' എന്ന ഡോക്യുമെന്‍ററി കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image