Image

സ്കൂളിനോട് ചേര്‍ന്ന മുറിയില്‍ ജീവിച്ച ഒമ്പതാം ക്ലാസ്സുകാരന്‍

ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം


ഞാന്‍ ഇടമലക്കുടിക്ക് ആദ്യമായി പോകുന്നത് 2003-ലാണ്. അതിനു പിന്നില്‍ എന്‍റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ചില ഓര്‍മ്മകളുണ്ട്. അന്ന് കേരളത്തിലെമ്പാടും ഭൂസമരങ്ങള്‍ നടന്നിരുന്ന കാലമായിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്ത് സാന്റോസ് എന്നും കുണ്ടളയെന്നും അറിയപ്പെടുന്ന കോളനിയുടെ പൂർവ്വീകമായ പേര് എലുമ്പളക്കുടി എന്നതാണ്. അവിടെ താമസിച്ചിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്കും ഭൂസമരങ്ങളുടെ ഭാഗമായുണ്ടായ ആ കറുത്ത ദിനങ്ങള്‍ കടന്നുവന്നു. അന്നുവരെ പൂര്‍വ്വീകമായി ഞങ്ങള്‍ അനുഭവിച്ചു പോന്നിരുന്ന സ്ഥലം, സര്‍ക്കാര്‍ വികസനത്തിനെന്ന പേരില്‍ ഏറ്റെടുക്കുന്നു. തുടര്‍ന്ന് കുടിയൊഴിപ്പിക്കല്‍ നടപടി തുടങ്ങിയപ്പോഴാണ് സി.കെ.ജാനു ഉള്‍പ്പെടെയുള്ളവര്‍ അവിടെ സമരത്തിന് വരുന്നത്. പോലീസും അവിടത്തെ പ്രദേശവാസികളായ ചിലരും ചേര്‍ന്ന് ആദിവാസികളെയും സമരത്തെയും അടിച്ചമര്‍ത്തി. അങ്ങിനെ അവിടത്തെ ജനങ്ങള്‍ പല കുടികള്‍ തേടിപ്പോയി.  

അവിടെ നടന്ന സമരത്തില്‍ പലര്‍ക്കും പരിക്കുകള്‍ പറ്റി. ഞങ്ങളുടെ വീട്ടുകാര്‍ മറയൂരിലേക്കാണ് പോയത്. സമരവുമായി ബന്ധപ്പെട്ട് അമ്മയും അച്ഛനും ചേട്ടനും കേസ്സില്‍ പെട്ടു. മുറയൂരിലെ ഒരു കുടിയിൽ  ചേച്ചി തനിച്ചായി. ഞാന്‍ ഹോസ്റ്റലില്‍ ആയതുകൊണ്ട് ഈ വിവരങ്ങള്‍ ഒന്നും  അറിഞ്ഞിരുന്നില്ല. അവിടത്തെ ഒരു എം.എല്‍.എ.യുടെ നേതൃത്വത്തിലായിരുന്നു സമരം. എല്ലാവരും ഭയത്തിലായിരുന്നു. ഈ പേടി പല കുടികളിലും പടര്‍ന്നുപിടിച്ചു. എവിടേയും ചെന്നുനിൽക്കാൻ പറ്റാത്ത അവസ്ഥ വന്നു. ആളുകള്‍ തേടിവരുമെന്നും നിങ്ങള്‍ വന്നതുകൊണ്ട് ഇവിടെയുള്ളവര്‍ക്കും ഭീഷണിയാണെന്നും അവിടെയുള്ളവര്‍ പറഞ്ഞു. അഭയംതേടിയവരെ കുടികളില്‍ നിന്നും പുറത്താക്കാന്‍ ശ്രമം നടന്നു. എന്‍റെ അമ്മ ചേച്ചിയെ തേടിവന്നു. അമ്മ വന്നതോടെ ചേച്ചിയും അമ്മയും കുടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. അന്നേരം എവിടെ പോകണം എന്ന് ഒരു നിശ്ചയവും ഇല്ലാതെയിരുന്ന സമയം. അപ്പോഴാണ് എന്നെ തേടി ഒരാള്‍ ഹോസ്റ്റലിലേക്ക് വരുന്നത്. അങ്ങനെ ഞാനും വീട്ടിലെത്തി.

കരഞ്ഞുകൊണ്ടിരുന്ന അമ്മയും ചേച്ചിയും എന്‍റെ കണ്‍മുന്നില്‍. അച്ഛനും ചേട്ടനും ആ പ്രശ്നം നടക്കുമ്പോൾ തന്നെ ഇടമലക്കുടിയിലേക്ക് പോയി. അപ്പോഴേക്കും ഒരു മാസക്കാലം കടന്നു പോയിരുന്നു. ഊരിൽ നിന്നും ഇറക്കിവിട്ട പിറ്റെദിവസം ഞാനും അമ്മയും ചേച്ചിയും  ഇടമലക്കുടിയിലേക്ക് പോകാന്‍ തീരുമാനമായി. അമ്മ ജനിച്ചുവളര്‍ന്ന മണ്ണെങ്കിലും വിവാഹത്തിനു ശേഷം അമ്മ അങ്ങോട്ടു പോയിട്ടില്ല. എങ്ങനെ പോകണമെന്ന് ഞങ്ങളുടെ മുന്നില്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. ആ കുടിയില്‍ നിന്നും വഴിയറിയാവുന്ന ഒരാള്‍ അമ്മ മാത്രമാണ്. പക്ഷെ വര്ഷങ്ങള് പോയതുകൊണ്ട് അമ്മയ്ക്ക് കൃത്യം വഴിയറിയണമെന്നില്ല. ആ ഊരിൽ നിന്നും ഒരാളെ ഊരിലുള്ളവർ കൂടെ വിട്ടു. അങ്ങനെ ഞങ്ങൾ പോകാൻ തയ്യാറായി, യാത്ര തുടങ്ങി. എങ്ങും ഘോരവനം. വഴിയില്‍  മൃഗങ്ങളുടെ കാല്‍പ്പാടുകള്‍, കാലില്‍ മൊത്തം അട്ട, കാടിന്‍റെ നിശ്ശബ്ദത, പക്ഷികളുടെയും ഇലകളുടെയും കാട്ടരുവികളുടെയും വെള്ളച്ചാട്ടങ്ങളുടെയും കാഴ്ചകളും ശബ്ദങ്ങളും മാത്രം. മൂന്നാറില്‍ നിന്നും പെട്ടിമുടിയിലേക്കും അവിടെനിന്ന് പുല്‍മേടുകളിലൂടെ നടന്നുനടന്ന് ഒരു വൈകുന്നേരം അങ്ങനെ ഇടമലക്കുടിയിലെ വനത്തിലൂടെ ഞങ്ങളങ്ങനെ ചിറ്റയുടെ വീട്ടിലെത്തി. ഇത്രമാത്രം ദൂരം ഞങ്ങള്‍ നടന്ന് ക്ഷീണിച്ചതുകൊണ്ട് പോയപാടെ ഓരോ ചായയും കുടിച്ച് ഞാനും ചേച്ചിയും കിടന്നുറങ്ങി. പിന്നെ പിറ്റെദിവസമാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.

 

അന്ന് ഞാന്‍ മറയൂര്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ആറു മാസത്തോളം സ്കൂളില്‍ പോകാന്‍ മടിച്ചു അങ്ങനെ പഠനം മുടങ്ങി. അച്ഛന്‍ വീണ്ടുമെന്നെ 9-ല്‍ ചേര്‍ത്തു. എനിക്ക് എങ്ങനെ പഠിക്കണമെന്ന് മനസ്സിലാവുന്നില്ല മാനസികമായി തളർന്നിരുന്നു  കൂടാതെ മടിയും. എങ്ങനെയെങ്കിലും വീട്ടിലേക്ക് പോകുന്നതു മാത്രമായി ചിന്ത. പക്ഷെ പഠനം മാറി  എസ്.എസ്.എ. വന്നു ക്ലാസ്സിൽ പുതിയ കുട്ടികൾ പുതിയ പാഠപുസ്തകം അങ്ങനെ കഷ്ടിച്ച് 9 ജയിച്ചു. പത്താം തരത്തിലേക്കുള്ള കുട്ടികൾക്ക് ഒരു മാസം മുമ്പേ ക്ലാസ്സ് തുടങ്ങി. എന്നാല് അവധിയായതു കൊണ്ട് ഹോസ്റ്റൽ അടച്ചിടും. എനിക്ക് എവിടെ നിന്നു വരണമെന്ന് അറിയാതെ പോയി. നില്‍ക്കാന്‍ ഒരിടവും ഉണ്ടായില്ല. അദ്ധ്യാപകനായ പ്രകാശന്‍ സാര്‍ ഒന്നര മാസത്തേക്ക് താമസിക്കാന്‍ സ്കൂളിനോട് ചേര്‍ന്ന് ഒരു മുറിയും ഭക്ഷണ ചെലവിനുള്ള പണവും മറ്റു സൗകര്യങ്ങളും എനിക്കായി ചെയ്തുതന്നു. പ്രശ്നങ്ങള്‍ എന്നിട്ടും തീരുന്നില്ല. എന്‍റെ ഓര്‍മ്മകളും ചിന്തകളും മൊത്തം എന്‍റെ വീട്ടിലായിരുന്നു.

 

അന്ന് തുടങ്ങിയ ആ ഭൂമിയുടെ പ്രശ്നം ഇന്നോളം തീര്‍ന്നിട്ടില്ല. അഞ്ചു മുറികളുള്ള വീടും കുണ്ടളയെന്ന നാടും വിട്ട് ഞങ്ങള്‍ മാത്രം ഒഴിഞ്ഞുപോയി. ബാക്കിയുള്ളവര്‍ അവിടങ്ങളില്‍ തന്നെ വീണ്ടും ചെന്നുചേര്‍ന്നു. സര്‍ക്കാര്‍, ഭൂമിയളന്ന് പട്ടയം കൊടുത്തു. ചിലര്‍ പ്രദേശവാസികളെയെല്ലാം ഞങ്ങള്‍ക്കു നേരെ തിരിച്ചുവിട്ടു. കേസ്സിൽ നിന്നും  അച്ഛനും ചേട്ടനും ഒഴിവായി. സര്‍വ്വെ ചെയ്തുവെങ്കിലും ആ ഭൂമിയില്‍ നിന്നും ഒഴിയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അവിടെ നിന്നും ഞങ്ങള്‍ ചിന്നക്കനാലിലേക്ക് മാറി. ഇന്നത്തേക്ക് വര്‍ഷം പതിനേഴായി. പട്ടയം ശരിയായി വരുന്നതേയുള്ളൂ. അതിനിടയില്‍ ആ ഭൂമിയിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. കാരണം ഒരു സ്ത്രീ ഞങ്ങളുടെ ഈ അഞ്ചേക്കര്‍ ഭൂമിയില്‍ നിന്നും രണ്ടേക്കര്‍ കയ്യേറുകയുണ്ടായി. എന്തെങ്കിലും പരാതിക്കോ കേസ്സിനു പോയാല്‍, പീഢനക്കേസ്സാക്കി അവരതിനെ മാറ്റുന്നു. എന്‍റെ പേരിലും എന്‍റെ വീട്ടുകാരുടെ പേരിലും അവര്‍ പലതരം കേസ്സുകള്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഒരു സമാധാനം എന്നത്, ഇതിന്‍റെ നിജസ്ഥിതി അറിയാവുന്ന പോലീസുകാര്‍ എന്നെ ഒന്നിലും തൊടീക്കാതെ രക്ഷപ്പെടുത്തിവിടുന്നുണ്ട് എന്നതാണ്.

ഇങ്ങനെയുള്ള പല പ്രശ്നങ്ങള് ജീവിതത്തില്‍ ഉടനീളമെന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വരുംവര്‍ഷങ്ങളില്‍ ഇതിനൊക്കെ മാറ്റം വരുമെന്ന് കരുതുന്നു. എന്തൊക്കെയായിരുന്നാലും ഇവയോരോന്നില്‍ നിന്നും കരകയറാന്‍ ജീവിതത്തില് മനസ്സ് അത്രമാത്രം മരവിക്കണമെന്നാണ് ഞാന്‍ പഠിച്ചത്.

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image