Image

ഓണത്തപ്പനില്‍ തോറ്റ ഞങ്ങള്‍ക്കെന്ത് ഓണം?

വയനാട്ടിലെ ട്രൈബല്‍ മുള്ളക്കുറുമര്‍ ഗോത്രവിഭാഗത്തില്‍ പെടുന്ന ലളിത കോട്ടൂര്‍ ഓണത്തെയും അവരുടെ ഗോത്ര ആഘോഷങ്ങളെയും കുറിച്ച് എഴുതുന്നു.

മുത്തപ്പന്‍മാരുടെ മണ്ണ് എന്ന സങ്കല്പം ദൈവപ്പുരയും മുറ്റവും

ഓണത്തിനെക്കുറിച്ച് പരീക്ഷ എഴുതി തോറ്റ ഞങ്ങള്‍ക്കെന്ത് ഓണം? ഒരിക്കല്‍ ഓണത്തപ്പനെക്കുറിച്ച് പരീക്ഷയില്‍ എഴുതാന്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങള്‍ക്കെന്ത് ഓണത്തപ്പന്‍? ഓണത്തപ്പന്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.  ആ പരീക്ഷയില്‍ ഞങ്ങള്‍ തോറ്റു. വയനാട്ടിലെ നൂല്‍പ്പുഴ പഞ്ചായത്തിലെ മുള്ളക്കുറുമര്‍ ഗോത്രവിഭാഗത്തില്‍ പെട്ടവരാണ് ഞങ്ങള്‍. ഓണം ഞങ്ങളുടെ ആഘോഷമേ അല്ല. 

ഞങ്ങള്‍ ഓണത്തിന് ചമ്മന്തി അരച്ച് കഴിക്കുമ്പോള്‍ സ്കൂളില്‍ എല്ലാരും പൂക്കളമിട്ട് സദ്യയുണ്ടാക്കി എന്നൊക്കെ പറയും. ഞങ്ങള്‍ക്ക് അതൊന്നും ഞങ്ങളുടെ ജീവിതമല്ലാത്തതുകൊണ്ട് വലിയ ബോധ്യമില്ല. ഓണത്തപ്പന്‍ എന്താണെന്നറിയില്ല, ഓണത്തിന്‍റെ  കളികള്‍ എന്താണെന്നറിയില്ല, ഊഞ്ഞാലാട്ടം എന്താണെന്നറിയില്ല. ആലപ്പുഴയിലോ മറ്റോ മറ്റൊരു ഭൂമിശാസ്ത്രത്തില്‍ നടക്കുന്ന വള്ളംകളി എന്താണെന്നറിയില്ല. ഇപ്പോള്‍ പിന്നെ മാധ്യമങ്ങളൊക്കെയാണ് ഇതൊക്കെ എന്താണെന്ന് ഞങ്ങളെ അറിയിക്കുന്നത്. 

പഴയ രീതിയിലെ വിവാഹത്തിലെ പങ്കാളികള്‍

ഓണത്തിന് പത്തു ദിവസം അവധി കൊടുക്കുക, ഓണം കേരളത്തിന്‍റെ  ‘ദേശീയ ഉത്സവം’ ആണ് എന്നൊക്കെ പറയുന്നതിലൂടെ സര്‍ക്കാരും മാധ്യമങ്ങളും ‘കേരളവും’ ആണ് ഓണത്തെ ആദിവാസി മേഖലകളിലേക്ക് എത്തിക്കുന്നത്. സര്‍ക്കാര്‍ ഓണക്കിറ്റിലൂടെയും റേഷനുകളിലൂടെയും ‘ഇത് ഓണം’ ആണെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഓണം മലയാളിയുടെ ആഘോഷമായിരിക്കും. ഞങ്ങള്‍ മലയാളികള്‍ അല്ലാത്തതു കൊണ്ട് ഗോത്ര സമൂഹത്തിനെ ഓണം ബാധിക്കുന്നതേ ഇല്ല. ഞങ്ങള്‍ക്ക് വേറെ ഭാഷയുണ്ട്, വേറെ ആചാരങ്ങള്‍ ഉണ്ട്, വേറെ സംസ്കാരങ്ങള്‍ ഉണ്ട്. അതിന് മലയാളിയുമായി യാതൊരു ബന്ധവുമില്ല. മലയാളിയുടെ ഓണാഘോഷത്തില്‍ ഞങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്ന വാദത്തിനോടു ഞങ്ങള്‍ക്ക് പറയാനുള്ളത്, ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ല എന്നാണ്. അതുപോലെ മലയാളിയുടെ ഓണത്തെ ഞങ്ങളും ഉള്‍ക്കൊള്ളുന്നില്ല. മാവേലി പൂണൂലിട്ടോ ഇല്ലയോ എന്ന രാഷ്ട്രീയ ബുദ്ധിജീവി ചര്‍ച്ചയൊന്നും  ഞങ്ങളെ ബാധിക്കുന്നതേയില്ല.

കര്‍ക്കിടക പതിനാലും പുത്തരിയുമൊക്കെയാണ് ഞങ്ങളുടെ പ്രധാന ആഘോഷം. കര്‍ക്കിടക പതിനാലിന്‍റെ ചരിത്രമൊന്നും എനിക്കറിയില്ല. പക്ഷേ അതൊരു ആഘോഷമാണ്. പുതിയ നെല്ല് വിളയിച്ചു കൊയ്തതിനു ശേഷമുള്ള ആഘോഷമാണ് പുത്തരി. കാട്ടുനായിക്ക പണിയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണ്ട്  ഞങ്ങളുടെ വിശേഷ ദിവസങ്ങളില്‍ വീടുകളില്‍ വരുമായിരുന്നു. അവരെ അതിഥികളായി സ്വീകരിച്ചു അവര്‍ക്കു വേണ്ടി  ദോശ പോലുള്ള ഭക്ഷണം ഉണ്ടാക്കി വെക്കും. ഉഴുന്ന് ചേര്‍ത്ത  നെയ്യപ്പം ഉണ്ടാക്കി വെക്കും. ഇതൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ആണ്. കൂടുതലുള്ള ഭക്ഷണം ഞങ്ങള്‍ കോന്തലക്ക് കെട്ടി കൊടുത്തയക്കും. വിഷുവിന് മലയാളികള്‍ ചെയ്യുന്നതു പോലെ കൈ നീട്ടം കൊടുക്കലൊന്നും ഞങ്ങളുടെ ആചാരമല്ല. 

വട്ടക്കളി

ഞങ്ങളുടേതായ എല്ലാ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മീന്‍ പിടിക്കാനും കാട്ടില്‍ വേട്ടക്കും പോകും. മൃഗവേട്ട എന്നാല്‍ എല്ലാ മൃഗങ്ങളെയും കൊന്നൊടുക്കുന്ന പരിപാടി ഒന്നുമില്ല. ഒരു മൃഗത്തിനെ കൊന്നാല്‍ അത് എല്ലാവരും വിഭജിച്ചെടുക്കും. കൂടെയുള്ള നായ്ക്കള്‍ക്കു പോലും അതിന്‍റെ ഒരു ഭാഗം ഞങ്ങള്‍ കൊടുക്കും. ഷെയറിങ്ങിന്‍റെ ഒരു സംസ്കാരം ആണത്. ഞങ്ങളുടെ വീട്ടില്‍ ആഘോഷങ്ങള്‍ക്ക് ദോശ ആണ് ഉണ്ടാക്കുക. അത് ഉള്ളവരുടെ വീട്ടില്‍ ഉണ്ടാക്കും. ചിലരുടെ വീട്ടില്‍ ഉണ്ടാകില്ല. ഇല്ലാത്തവര്‍ക്ക് ഉള്ള വീടുകളില്‍ നിന്നു കൊടുക്കുകയും ചെയ്യും. പഴയ കാലത്ത് കടലക്കറിയും കോഴിക്കറിയും എല്ലാം ആര്‍ഭാടമായിരുന്നു. വര്‍ഷത്തില്‍ വല്ലപ്പോഴും ആയിരിക്കും ചിലപ്പോള്‍ കടലക്കറി കാണുന്നത്. മുമ്പ് ഞങ്ങള്‍ കന്നുകാലികളെ വളര്‍ത്തി ഉത്പാദിപ്പിച്ച പാലും മോരും തൈരുമൊന്നും കടകളില്‍ കൊടുക്കാന്‍ കഴിയാത്തതു കൊണ്ട് പുഴയിലും തോട്ടിലും ഒഴുക്കിക്കളഞ്ഞതായി പറഞ്ഞു കേട്ടിട്ടുണ്ട്. 

ഞങ്ങളെ മുമ്പ് കാട്ടില്‍ മൃഗങ്ങളെ വേട്ടയാടുന്നതിന് അനുവദിക്കുമായിരുന്നു. ഇപ്പോഴാണ് ആഘോഷങ്ങള്‍ക്കു  പോലും അത് നിരോധിച്ചിരിക്കുന്നത്.  മരിച്ചാല്‍ പോലും പുരുഷന്മാരെ കൊണ്ടു പോകുമ്പോള്‍ ഞങ്ങള്‍ അമ്പും വില്ലുമായിട്ടാണ് പോവുക. കാട്ടില്‍ മൃഗവേട്ടക്ക് പോകുന്നത് വേറൊരു ആഘോഷമാണ്. അത് കൊണ്ടുവന്ന് ദൈവപ്പുരയില്‍ മുത്തപ്പന്മാര്‍ക്ക് ആചാരപ്രകാരം കാണിക്ക വെച്ചതിനു ശേഷമാണ് ഞങ്ങള്‍ ഭക്ഷിക്കുക. അത് എല്ലാവരും ചേര്‍ന്ന് ഭക്ഷിക്കുന്നതാണ് ഞങ്ങളുടെ ആഘോഷം. കല്യാണത്തിന് മണവാളന്‍ നായാട്ടിന് പോകും. മണവാട്ടി മീന്‍ പിടിക്കാന്‍ പോകും. പണ്ടത്തെ കല്യാണങ്ങളൊക്കെ ഒരാഴ്ച നീളും.  ആദ്യം ബന്ധുക്കള്‍ വരും. പിന്നെ അയല്‍പക്കത്തുള്ളവരും മറ്റുള്ളവരുമൊക്കെ വന്ന് ആളു കൂടും. പിന്നെയാണ് കല്യാണം ഉണ്ടാവുക. അതു കഴിഞ്ഞു വിരുന്ന് പോക്കും പരിപാടികളും എല്ലാം ഉണ്ട്. അതൊക്കെയാണ് ഞങ്ങളുടെ ആഘോഷങ്ങള്‍. ഓണവും മാവേലിയും ഒന്നും ഞങ്ങളുടെ വിഷയമേ അല്ല.


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image