
എറണാകുളം ജില്ലയില്‍ ജനിച്ചു. എട്ടാം ക്ലാസ് തൊട്ട് സിനിമ കണ്ടു തുടങ്ങി. സിനിമയെ സ്നേഹിച്ചു. വീണ്ടും ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നു ഡിഗ്രിയെടുത്ത് സിനിമയില്‍ കലാസംവിധായകനായ ഡാനി മുസിരിസ് തന്റെ ജീവിതം പറയുന്നു. അദ്ധ്വാനിക്കാനുള്ള മനസ്സും പാഷനും ഉണ്ടായാല്‍ ജാതിയും നിറവുമൊന്നും സിനിമയിലെ വിജയത്തിനു തടസ്സമല്ലെന്ന് ഡാനി പറയുന്നു.
ഞാന്‍ ചെറുപ്പം മുതല്‍ വരക്കുമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ചിത്രരചന, പെയിന്റിംഗ് എന്നിവയില്‍ ഒരുപാട് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. അന്ന് മുതലേ സിനിമയും ഇഷ്ടപ്പെട്ടിരുന്നു. എട്ടാം ക്ലാസ്സില്‍ തോറ്റപ്പോള്‍ ആ വിഷമം മാറ്റുവാന്‍ ആദ്യമായി തിയേറ്ററില്‍ പോയി സിനിമ കണ്ടു. പിന്നെ സ്ഥിരം സിനിമ കാണലായി പരിപാടി. വൈശാലി, സദയം എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സിനിമയില്‍ ആര്‍ട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി. ആര്‍ട്ട് ഡയറക്ടര്‍ ആകുവാനായി ലക്ഷ്യം വച്ചു നീങ്ങിയതിനെത്തുടര്‍ന്നാണ് സിനിമയില്‍ മെയിന്‍സ്ട്രീമിലേക്ക് സ്വതന്ത്ര കലാസംവിധാനത്തിലെ രംഗത്ത് എത്തിച്ചേരാന്‍ സാധിച്ചത്. പത്താം ക്ലാസ് കഴിഞ്ഞതോടെ ആര്‍ട്ട് ഡയറക്ടറാകാന്‍ ഒരുപാട് അലഞ്ഞു. ഈ അലച്ചലിന്റെ ഭാഗമായാണ് ഇന്ന് ഞാന്‍ സിനിമയില്‍ കലാസംവിധായകനായത്. സിനിമയുടെ പിന്നാലെ ചാന്‍സ് ചോദിച്ചു ഒരുപാട് അലഞ്ഞുവെങ്കിലും ആദ്യം ഒന്നും ശരിയായില്ല. ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞാലേ അവസരം ലഭിക്കൂ എന്ന് പലരും പറഞ്ഞു. പിന്നീട് പ്ലസ് ടൂ, ഫൈന്‍ ആര്‍ട്ട്സ് കോളേജിലെ ബിരുദം കഴിഞ്ഞാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്.
നമ്മള് ആര്‍ട്ടാണ് ചെയ്യുന്നത്. പക്ഷേ അതിനുള്ള യോഗ്യത എന്താണെന്ന ഒരു ചോദ്യം പലപ്പോഴും ഡയറക്ടറില്‍ നിന്നും ക്യാമറാമാനില്‍ നിന്നുമെല്ലാം കേള്‍ക്കുന്ന കാര്യമാണ്. സിനിമയില്‍, കലാ സംവിധാനമാണെങ്കില്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിച്ചിട്ടുണ്ടോ, പാട്ടുകാരനാണെങ്കില്‍ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടോ, അഭിനയമാണെങ്കില്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കും. നമ്മുടെ ദലിത് സമൂഹത്തില്‍ പഠിക്കാന്‍ അവസരം കിട്ടാത്ത ഒരു പാട് നല്ല കലാകാരന്മാരുമുണ്ട്. നമ്മുടെ കൂടപ്പിറപ്പുകള്‍ എല്ലാം തന്നെ ചിത്രം വരക്കും, ശാസ്ത്രീയ സംഗീതം പഠിക്കാതെ അനായാസമായി പാട്ടുകള്‍ പാടും. പലരേയും ഞാനങ്ങിനെ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് പല ഇടങ്ങളിലും അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ എട്ടിലും പത്തിലും തോറ്റപ്പോള്‍ പഠനം നിര്‍ത്തിയിരുന്നെങ്കില്‍ ഒരിക്കലും എനിക്കോ എന്റെ സഹപ്രവര്‍ത്തകരായി കൂടെ വര്ക്കുചെയ്യുന്നവര്ക്കോ മുന്നോട്ട് വരുവാന്‍ സാഹചര്യം ഉണ്ടാവില്ലായിരുന്നു എന്ന് എനിക്കു തോന്നിയിട്ടുണ്ട്.

സിനിമയില്‍ എനിക്ക് ജാതിയുടെ പേരില്‍ പ്രശ്നങ്ങളോ വിവേചനങ്ങളോ ഉണ്ടായിട്ടില്ല. ജാതിയുടെ പേരിലോ നിറത്തിന്റെ പേരിലോ എനിക്കു അവസരങ്ങളും നഷ്ടപ്പെട്ടിട്ടില്ല. സിനിമയിലേക്ക് കടന്നുവരുന്ന പലര്‍ക്കും അങ്ങനെ 'അവസരങ്ങള്‍ നഷ്ടപ്പെടും, വിവേചനമുണ്ട്' എന്ന ചിന്താഗതി ഉള്ളതുകൊണ്ടാണ് അവര്‍ സ്വയം മറ്റുള്ളവരുടെ മുന്നില്‍ ഇല്ലാതാകുന്നത്. വ്യക്തമായ ചരിത്രവും സംസ്ക്കാരവും ആചാരവും ഉണ്ടായിരുന്ന ഇന്ത്യയിലെ ആദിഗോത്ര സംസ്ക്കാരത്തിന്റെ പിന്തുടര്ച്ചാവകാശക്കാരല്ലേ നമ്മള്.
തൃപ്പൂണിത്തുറ ഫൈന്‍ ആര്‍ട്സ് കോളേജിലെ ഡിഗ്രിക്ക് ശേഷം ഞാന്‍ ആദ്യം ഏഷ്യാനെറ്റിലാണ് ജോലി ചെയ്തത്. അന്ന് ആര്‍ട്ട് ഡയറക്ടര്‍ സിനോജിന്റെ കൂടെ സിനിമാല, വാല്‍ക്കണ്ണാടി പോലുള്ള പരിപാടികളില്‍ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തു. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. അതിനു ശേഷം നടന് സലീംകുമാറിന് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹത്തിനെക്കുറിച്ച് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമില്‍ സ്വതന്ത്ര കലാസംവിധായകനായി. അതില്‍ എനിക്കു കലാസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി. അനില്‍ സൈന്‍ സംവിധാനം ചെയ്ത സിനിമ ആയിരുന്നു അത്. അതിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഹോചിമിന്‍ ചേട്ടനായിരുന്നു. ഹോചിമിന്‍ ചേട്ടന് വഴി ഞാന്‍ ഒലീസിയ എന്ന സിനിമയിലൂടെ സ്വതന്ത്ര കലാ സംവിധായകനായി. പിന്നീട് ഫെഫ്കയുടെ കാര്‍ഡ് കിട്ടാന്‍ വേണ്ടി കുറെയധികം സിനിമയില്‍ കലാ സംവിധാനത്തില്‍ സഹ സംവിധായകനായി ജോലി ചെയ്തു. നടന്, സെല്ലുലോയിഡ് തുടങ്ങിയ സിനിമകളിലൊക്കെ ഞാന്‍ അസിസ്റ്റ് ചെയ്തു. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന സിനിമയിലൂടെ ഞാന്‍ സ്വതന്ത്ര സംവിധായകനായി. അതിന്റെ ഇടയില്‍ ഞാന്‍ കുറച്ചു ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. ഇനി സ്വന്തമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. അതിനായി തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

സിനിമയില്‍ പാരകളൊക്കെ ഉണ്ടാകും. രണ്ട് തവണ എനിക്ക് പാരകള്‍ വന്നിട്ടുണ്ട്. ഒന്ന്, ആര്‍ട്ട് അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്ന സമയത്തും പിന്നെ സ്വതന്ത്ര കലാസംവിധായകന്‍ ആയിരുന്ന സമയത്തും. ‘ത്രീ ഡോട്ട്സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സിനിമകളിലെ ഏറ്റവും വലിയ പാര ലഭിക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ സുരേഷ് കൊല്ലത്തിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്താണ് അത് സംഭവിച്ചത്. ഷോട്ടിനായി കൊണ്ടുവന്ന പാഷന്‍ഫ്രൂട്ട്സ് എന്റെ കയ്യില്‍ സുരേഷേട്ടന് ഏല്‍പ്പിച്ചു. ഷോട്ടിന്റെ സമയത്ത് കൊടുക്കാന്‍ പറഞ്ഞു ഏല്‍പ്പിച്ച പാഷന്‍ഫ്രൂട്ട് സെറ്റില്‍ ആരോ എടുത്ത് മാറ്റി. അന്ന് ഷൂട്ട് നടക്കുന്നത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. ആദ്യ ഷോട്ട് പാഷന് ഫ്രൂട്ട് മുറിക്കുന്ന സെറ്റ് അപ് ആയിരുന്നു. പ്രോപ്പര്‍ട്ടി ഇല്ലാതെ സെറ്റ് മുഴുവന്‍ ബഹളമായി. എനിക്ക് തന്ന പാഷന്‍ഫ്രൂട്ട്സ് ആര്‍ട്ടിനുവേണ്ടി ഉപയോഗിക്കുന്ന ട്രാവലറില്‍ ആയിരുന്നു. പക്ഷേ ഷോട്ടിന്റെ സമയത്ത് ട്രാവലറില്‍ സംഭവം ഇല്ല. അസിസ്റ്റന്റ് അസോസിയേറ്റ് പ്രൊഡക്ഷനില്‍ ഉള്ള പലരും ചീത്ത പറഞ്ഞു. വലിയ ഉത്തരവാദിത്വമില്ലായ്മയായിപ്പോയി എന്ന് പലരും കുറ്റപ്പെടുത്തി. ഡയറക്ടര്‍ സുഗീതേട്ടന് മാത്രം അന്ന് എന്നെ ചീത്ത പറഞ്ഞില്ല. ഞാന്‍ വീണ്ടും ആര്‍ട്ടിന്റെ ട്രാവലറില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരുവന് മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായി വലിയ ശബ്ദത്തില്‍ "ഡാനിയും ലാലപ്പനുമാണ് സെറ്റില്‍ ഇത്രയും വിഷയം ഉണ്ടാക്കിയത്. സെറ്റ് വണ്ടിയില്‍ കയറിപ്പോകരുത്. നിന്നെയൊക്കെ ഇപ്പോ തന്നെ പിരിച്ചു വിടണം" എന്നൊക്കെ വിളിച്ച് പറഞ്ഞു . ആര്‍ട്ട് ഡയറക്ടറും ഇതേരീതിയില്‍ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടറിനോടും ആ സമയത്തു തന്നെ പറഞ്ഞു. സെറ്റ് വണ്ടിയില്‍ മറ്റാരെയും അയാള്‍ കയറ്റുന്നില്ല. അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഒരുത്തനാണ് സെറ്റ് വണ്ടിയില്‍ കയറി കാണാതായ പ്രോപ്പര്‍ട്ടി കണ്ടുപിടിച്ചത്. അത് കണ്ടിന്യൂറ്റി ബോക്സിന്റെ അടിയില്‍ ഉള്ള വലിയ ബോക്സിന്റെ അടിയില്‍ ആരും പെട്ടെന്നു കണ്ടുപിടിക്കാത്ത വിധം വച്ചിരിക്കുകയായിരുന്നു.

ഞാന്‍ സിനിമാ സെറ്റില്‍ നിന്നും തിരികെ വീട്ടിലേക്കു പോകുവാന്‍ ഇറങ്ങുമ്പോള്‍ ആര്‍ട്ട് ഡയറക്ടര്‍ സുരേഷ് ചേട്ടന് എന്നെ കോള്‍ ചെയ്ത് വിളിച്ചു. "നീ എവിടെയാ?", മറുപടിയായി “ഞാന്‍ പോകുവാന്‍ പോകുന്നു....” എന്നു പറഞ്ഞു. "നീ പോകേണ്ടടാ. സിനിമയില്‍ ഇതൊക്കെ പതിവാ. നീ ഇങ്ങോട്ട് നോക്ക്യേ" ദൂരെയൊരു ക്വാളിസിന്റെ ഉള്ളില്‍ നിന്നും സുരേഷേട്ടന് എന്നെ വിളിച്ചു. “നോക്കി നില്‍ക്കാതെ വണ്ടിയില്‍ കയറെടാ... എന്ന്. ടാ എനിക്കും ഇതുപോലുള്ള പണി കിട്ടിയിട്ടുണ്ട്. നീ വണ്ടിയില്‍ കയറ്...” ഞാന്‍ വണ്ടിയില്‍ കയറി. പൊതുവെ വണ്ടിയില്‍ കയറിയാല്‍ പരസ്പരം സംസാരിക്കുന്ന ശീലമുണ്ടായിരുന്ന ഞാന്‍ എന്റെ തെറ്റു തിരുത്താന്‍ മാത്രം സംസാരിച്ചു. സംഭവം എനിക്കു തന്ന വലിയ പണിയായിരുന്നുവെന്ന് സുരേഷേട്ടന് പറഞ്ഞു. കുറേദൂരം ചെന്നപ്പോള്‍ സിനിമാസെറ്റില്‍ നിന്നും പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. “ഹായ് ഡാനി... എവിടെയെത്തി. വീട്ടിലെത്തിയോ? ഡാ മോനേ നീ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറല്ലേ! നീയൊന്നും വളരാന്‍ പോണില്ല. മോന് നാട്ടില്‍ ചെന്ന് പറ്റിയ വല്ല പണിക്കു പോകാന്‍ നോക്ക്. സിനിമയെന്നും പറഞ്ഞുനടക്കാതെ. ഇപ്പോ എവിടെയെത്തി?....” ഞാന്‍ പറഞ്ഞു- “ഞാന്‍ നാളത്തെ ഷൂട്ട് നടക്കുന്ന ലൊക്കേഷനിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാ. നാളെ സെറ്റില്‍ വച്ച് കാണാം” എന്നു പറഞ്ഞു. പക്ഷേ ഇതിന്റെ മുന്നില്‍ കളിച്ച ആളെ എന്നേക്കാള്‍ മുന്നേ സെറ്റിലുള്ളവര്ക്കു പിടികിട്ടിയിരുന്നു. എനിക്ക് എല്ലാവരെയും വിശ്വാസമായിരുന്നു. എല്ലാവരോടും സ്നേഹം മാത്രം. പക്ഷേ അന്ന് എനിക്ക് ആദ്യമായി എട്ടിന്റെ പണി തന്നത് ഒരു പട്ടിക ജാതിക്കാരന് തന്നെയായിരുന്നു.
ആര്‍ട്ട് ഡയറക്ടറായി സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഇതിനേക്കാള്‍ വലിയ പാര കിട്ടിയിരുന്നു. നാലുവര്‍ഷമായി എന്റെ കൂടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തവര്‍ തന്നെയായിരുന്നു ഇതിന്റെ പിന്നിലും. സെറ്റ് കാര്‍പ്പെന്റര്‍ ആയാലും ഗ്രാഫിറ്റി വരക്കാന്‍ വന്നവരായാലും പറയാതെ പോയിക്കളയും. നാളെ തീര്‍ക്കേണ്ട വര്‍ക്കുകള്‍ തീരാതെ വരും. സിനിമയില്‍ എല്ലാം ഫാസ്റ്റല്ലേ. വിശ്വസിച്ചു കൂടെ നില്ക്കുന്ന നാലുപേര്‍ ആവശ്യം നേരത്ത് പറയാതെ പോയിക്കളഞ്ഞാല്‍ മതി, പ്രശ്നം ഗുരുതരമാകാന്‍. കിനാവള്ളി എന്ന സിനിമയുടെ ലാസ്റ്റ് സോങ്ങ് ഷൂട്ട് നടക്കുമ്പോള്‍ വരക്കാന്‍ വന്ന മൂന്ന് പേര് എന്നോട് പറയാതെ പൊയ്ക്കളഞ്ഞു. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമമുണ്ട്. പിറ്റേന്ന് ഷൂട്ട് നടന്നില്ലെങ്കില്‍ അത് എന്റെ ഉത്തരവാദിത്വമില്ലായ്മയായിട്ടേ ഡയറക്ടര്‍ കാണൂ. കൂടെ നിന്നവര്‍ പറയാതെ പോയി എന്നൊക്കെ എനിക്ക് ഒരിക്കലും പറയാന്‍ പറ്റില്ല. പറഞ്ഞ ടൈം മാറിയാലും നമ്മുടെ വര്‍ക്ക് ഫാസ്റ്റ് ആയിട്ടു തന്നെ പോകും. പോയവരോട് പരാതിയില്ല പരിഭവമില്ല. ജീവിതത്തില്‍ എല്ലാം പാഠങ്ങളാണ്.
ഡാനി ചെയ്ത ഷോര്‍ട്ട് ഫിലിം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.