Image

ഓണ്‍ലൈന്‍ നിയന്ത്രണം അടിയന്തിരാവസ്ഥയാണ്

മുഖ്യധാര കുത്തക മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫാസിസത്തിനെതിരെ സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും അപാരങ്ങളായ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നുണ്ട്. അവയ്ക്കു മേലുള്ള നിയന്ത്രണം, ഇത്തരം ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിയന്തിരാവസ്ഥയക്ക് സമമായ നീക്കമാണ്.

സുമൈല എസ്. എഴുതുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ? ഇല്ല, കോമ്പൊന്നുമില്ല. സാധാരണ ജനങ്ങൾ അനുഭവിക്കുന്നതിൽ കൂടുതൽ ഭരണഘടനാപരമായ യാതൊരു ആനുകൂല്യവും ഇല്ലാത്ത തൊഴിലാളികളാണ് മാധ്യമപ്രവർത്തകര്‍ ഏറെയും. രാഷ്ട്രീയ ശക്തികേന്ദ്രങ്ങളിൽ തൊഴുതുനിൽക്കാതെ ജാഗ്രതയുടെ കണ്ണുകളുമായി മുന്നോട്ടുപോകുന്ന മാധ്യമപ്രവർത്തകർക്ക് മിക്കപ്പോഴും അപമാനങ്ങളെയും തൊഴിൽ തടസ്സപ്പെടുത്തലിനെയും മുഖാമുഖം കാണേണ്ടിവരുന്നു.  മാധ്യമ പ്രവർത്തനം നടത്തുന്നതിനെതിരെ കയ്യൂക്ക് കാണിക്കുന്നത് ഏറ്റവും വലിയ ജനാധിപത്യലംഘനമായേ കാണാൻ കഴിയുകയുള്ളൂ. ഇതിന് ഉത്തമ ഉദാഹരണമാണ് ഉത്തർപ്രദേശിലെ ഹദ്രസ് എന്ന  സ്ഥലത്ത് വാൽമീകി എന്ന ദളിത് സമൂഹത്തിൽപ്പെട്ട പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയുണ്ടായ വാര്‍ത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യുപി പോലീസ് അന്യായമായി അറസ്റ്റുചെയ്ത് കസ്റ്റഡിയിൽ വെച്ചത്. അതിന്‍റെ പിന്തുടര്‍ച്ചയെന്നോണം ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ഇത് പുതിയ കാലത്തെ വേറിട്ട ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള മാധ്യമ അടിയന്തിരാവസ്ഥയാണ്. ഇത് ഫാസിസം തന്നെയാണ്.
 
ഇന്ത്യയിലെ പത്രപ്രവർത്തകർക്ക് എതിരെ അക്രമം കാട്ടുന്ന ക്രിമിനൽ സംഘങ്ങളും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുമൊപ്പം പോലീസ് മേധാവികളും ഉൾപ്പെടുന്നു എന്നത് വളരെ പരിതാപകരമായ കാര്യമാണ്. ഓരോ വർഷവും ഇന്ത്യയിൽ നിരവധി പത്രപ്രവർത്തകർ തൊഴിലുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ആക്രമിക്കപ്പെടുകയാണ്/കൊല്ലപ്പെടുകയാണ്. ഹിന്ദുത്വ ശക്തികള്‍ വെടിവെച്ചു കൊന്ന ഗൗരി ലങ്കേഷ് ഇതിന്‍റെ ഏറ്റവും വലിയ ചിഹ്നമാണ്. ഗൗരി ലങ്കേശിനെ പോലുള്ള പ്രദേശികമായ ഒറ്റപ്പെട്ട ശബ്ദങ്ങളാണ് സ്ഥാപിത താൽപര്യങ്ങളെ അലോസരപ്പെടുത്തുന്നത്. അവര്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. അല്ലെങ്കില്‍ യു.എ.പി.എ. പോലുള്ള മാരണ നിയമങ്ങളിലൂടെ ജയിലില്‍ അടക്കപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്താങ്ങുന്നവരിൽ നിന്നുള്ള അക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട് വിതൗട്ട് ബോർഡേഴ്സ് വെളിപ്പെടുത്തുന്നു.

പുതുതലമുറയുടെ അഭിരുചികൾ രൂപപ്പെടുത്തുന്നതിൽ, അത് പ്രഖ്യാപിക്കുന്നതില്‍, രാഷ്ട്രീയം വിളിച്ചുപറയുന്നതില്‍  ഇന്‍റർനെറ്റ് സോഷ്യൽ മീഡിയകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും അതിരില്ലാത്ത സാധ്യതകൾ തുറക്കുന്നതാണ് ഓരോ മാധ്യമവും. ഏറ്റവും വലിയ മാധ്യമ വിപണി ഉള്ള രാജ്യമാണ് ഇന്ത്യ. ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി വർദ്ധിക്കുന്ന കാലഘട്ടമാണിത്. സമൂഹത്തിൽ ഓൺലൈൻ മാധ്യമങ്ങൾ അപാരമായി  ശബ്ദം ഉയർത്തുമ്പോൾ അതിനെ തരംതാഴ്ത്തി കാണുകയും അവയെ കൂടുതൽ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന പ്രചാരണം ഉയർത്തുകയുമാണ് ചെയ്യുന്നത്. ഇത് തികച്ചും അസ്വീകാര്യമാണ്. ഫാസിസത്തിന്‍റെ ഹിന്ദുത്വത്തിന്‍റെ ഏറ്റവും വലിയ സ്വഭാവമാണ് ചെറിയ പ്രതിരോധങ്ങളെ വ്യത്യസ്ത പ്രതിരോധങ്ങളെ ഇല്ലായ്മ ചെയ്യുക എന്നത്. ഭരണകൂടത്തിന് ഒത്താശ പാടുന്ന കുത്തക മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഹിന്ദുത്വത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്നുണ്ട്. അതിനെ തകര്‍ക്കുക എന്ന മോദിയുടെ അജണ്ടയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള കൂച്ചുവിളങ്ങിടല്‍. അതേ സമയം ഹിന്ദുത്വത്തിന്‍റെ ഫേക്ക് കാമ്പയിനുകള്‍, നുണ പ്രചാരണങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍ എന്നിവക്കെതിരെ മോദി ഭരണകൂടം ഇതുവരെ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. സാമൂഹ്യമാധ്യമങ്ങളും ഇൻറർനെറ്റും കട്ട് ചെയ്ത് വാർത്തക്ക് വിലക്കുവെക്കുന്നതും മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതും മറ്റൊരു അടിയന്തിരാവസ്ഥ ആണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.  അങ്ങനെ അല്ലാതിരുന്നത് വെറും രണ്ട് വർഷമാണ് 25 ജൂൺ 1975 മുതൽ 21 മാർച്ച് 1977 വരെയുള്ള കാലത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇരുളടഞ്ഞ ദിനങ്ങൾ എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിച്ചിട്ടുള്ളത്. 1975-1977 ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയ അന്നുതൊട്ട് രാജ്യം പരിപാലിച്ചു പോന്ന ജനാധിപത്യമൂല്യങ്ങൾ നിർദ്ദാക്ഷിണ്യം കശാപ്പുചെയ്ത ഒരു കാലമായിരുന്നു അത്. അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചപ്പോൾ അതിനോടൊപ്പം കടന്നുവന്ന സെൻസർഷിപ്പ് അഥവാ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം. മാധ്യമങ്ങൾ ജനങ്ങൾക്ക് പറയാനും അറിയാനുമുള്ള കാര്യങ്ങൾ പറയാനും അറിയാനും വേണ്ടിയുള്ളതാണ് എന്ന പത്രപ്രവർത്തനത്തിന്‍റെ പ്രാഥമിക സങ്കല്പം ഒരിക്കലും ഇന്ദിരാഗാന്ധി അംഗീകരിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് ബിബിസിയുടെ ഇന്ത്യ ചീഫിനെ അറസ്റ്റ് ചെയ്തു പാന്‍റ് ഊരി  ബെൽറ്റ് കൊണ്ട് അടിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും പത്രപ്രവർത്തനവും സ്വതന്ത്രവും ജനാധിപത്യമായ പൗരാവകാശങ്ങളും എല്ലാം പുനഃസ്ഥാപിക്കപ്പെട്ടു.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയാൻ ഒരു ഭരണകൂടത്തിനും അധികാരമില്ല എന്ന് തെളിയിക്കുകയായിരുന്നു അന്ന് മാധ്യമപ്രവർത്തകർ. ഇതു തന്നെയാണ് അവരുടെ ഊർജ്ജവും. എങ്കിലും,  അധികാരത്തിന്‍റെ കേന്ദ്രീകരണം കാരണം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ചുരുങ്ങിയ കാലത്തേക്കെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് അനുഭവിക്കാൻ കിട്ടിയ ഒരു അവസരമായി തന്നെ അടിയന്തരാവസ്ഥയെ കാണാം. ഈ വര്‍ഷം  ദില്ലി പൗരത്വ ബില്ലിനെതിരെയുള്ള സമരം റിപ്പോർട്ട് ചെയ്തതിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിനും  മീഡിയ വണ്ണിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവുമധികം ആഘോഷിച്ചത് കേരളത്തിലെ ബിജെപി സംഘപരിവാർ അനുകൂലികൾ ആയിരുന്നു. മീഡിയ വൺ ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷം പോലും നടത്തി. ഏഷ്യാനെറ്റ് മാപ്പപേക്ഷ നടത്തി പിന്‍വലിഞ്ഞെങ്കിലും മീഡിയ വണ്‍ ഒരു ദിവസം അടഞ്ഞു കിടന്നു. ഇഷ്ടമില്ലാത്ത വാർത്ത വരുമ്പോൾ രാഷ്ട്രീയകക്ഷികളുടെ സൈബർ പോരാളികൾ മാധ്യമപ്രവർത്തകർക്കു നേരെ കുതിരക്കയറുന്നതും  മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ആക്രമണം നടത്തുന്നതും വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റുകൾ മറ്റു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും തികച്ചും എല്ലാം മനുഷ്യത്വത്തിനെതിരായ സീമകൾ ലംഘിക്കുന്ന വിധത്തിലാണ്. ഇതിന്‍റെ ഏറ്റവും അവസാനത്തെ ചാപ്റ്റര്‍ ആണ് ഇപ്പോള്‍ നവ മാധ്യമങ്ങള്‍ക്ക്  കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍. ഭരണ കോട്ടങ്ങള്‍ക്കും സംഘി രാഷ്ട്രീയത്തിനും കുഴലൂതാത്ത കുത്തക മുതലാളിമാരല്ലാത്ത ചെറു സംഘങ്ങളാണ്  നവ മാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍. അവര്‍ ഇന്ന് സംഘി ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ വളരെ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്നുണ്ട്. അത് പ്രതീക്ഷകളുമാണ്. ആ പ്രതീക്ഷകളെ തകര്‍ക്കാനാണ്  ഓണ്‍ലൈന്‍ മാധ്യമങ്ങളെ  ഇല്ലായ്മ ചെയ്യാനുള്ള  നിയമങ്ങള്‍ കൊണ്ടുവരാന്‍ മോദി ശ്രമിക്കുന്നത്. അതിനെ മാധ്യമ അടിയന്തരാവസ്ഥ തന്നെയായി കാണണം.

 


കുറു കുറെ ബ്രോസ് എന്ന വീഡിയോ ആല്‍ബം


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image