Image

മറയൂരിലെ പെണ്ണുങ്ങളുടെ പച്ചവ്ട്

വിവിധ സംസ്കാരങ്ങളുടെ സമന്വയമാണ് ഭാഷയിലെ വാക്കുകൾ എന്ന വാദം സിദ്ധാന്തമായവതരിപ്പിച്ചത് അഡോണിസ് എന്ന പാശ്ചാത്യ ചിന്തകനാണ്. അഡോണിസിന്റെ ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിക്കൊണ്ട് പ്രദീപൻ പാമ്പിരിക്കുന്ന് ഇങ്ങനെ എഴുതിയിട്ടുണ്ട് ''വാക്കുകൾ അഴിച്ചെടുത്ത് ജനതയുടെ സംസ്കാരത്തിലേക്ക് പോകാമെങ്കിൽ, ആദിവാസികളുടെ ശബ്ദ സംസ്കാരം മലയാളഭാഷയിൽ ഇല്ല. ദലിതരുടെ സംസ്കാരത്തിന്റെ ആയിരക്കണക്കായ അംശങ്ങളിൽ കുറച്ചു മാത്രമേ നമ്മുടെ ഭാഷ സ്വാംശീകരിച്ചിട്ടുള്ളൂ." ദലിതരുടെയും ആദിവാസികളുടെയും ശബ്ദം അരിച്ചുമാറ്റി സൃഷ്ടിക്കപ്പെട്ട മലയാളകവിതയിൽ അശോകൻ മറയൂർ എന്ന ആദിവാസിയായ കവി എങ്ങനെ ശബ്ദപ്പെടുന്നു എന്ന് അടയാളപ്പെടുത്തുന്ന പുസ്തകമാണ് 'പച്ചവ്ട് ' എന്ന കവിതാസമാഹാരം

ഇന്നോളം മലയാളത്തിലിറങ്ങിയ ദ്വിഭാഷാ കാവ്യസമാഹാരങ്ങളേറെയും ഏതെങ്കിലും രണ്ടു മാനകഭാഷകളിൽ, ഭൂരിപക്ഷവും മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. പച്ചവ്ടിന്റെ പകുതി, മുതുവാൻ ഭാഷയിലുള്ള കവിത, അതിന്റെ മലയാള വിവർത്തനം എന്ന രീതിയിൽ ദ്വിഭാഷാ കാവ്യമായും ബാക്കി മലയാളത്തിൽ മാത്രവുമായാണ് എഴുതപ്പെട്ടിട്ടുള്ളത്. മലയാള കവിതയിൽ ഗോത്രഭാഷയിലെഴുതപ്പെടുന്ന ആദ്യ ദ്വിഭാഷാ കാവ്യസമാഹാരമാണ് പച്ചവ്ട്. രൂപപരമായ ഈ വേറിട്ടുനിൽപ്പ് സ്വത്വപരമായും പച്ചവ്ടിനുണ്ട്. കവിതകളിൽ കൈകാര്യംചെയ്യുന്ന വിഷയങ്ങളും അവ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുമ്പോൾ,  മലയാള കവിതക്ക് ഇതിനകം പരിചിതമായ സ്ത്രീവാദ/സ്ത്രീപക്ഷ, ദലിത് കവിതാപരിസരങ്ങളെല്ലാം അവയിൽ സംവേദനപരമായി ഉൾച്ചേരുമ്പോഴും അതിനെയെല്ലാം അതിശയിക്കുന്ന  ഒരു സ്വത്വം അക്കവിതകളിലൂടെ വായനക്കാരനോട് ഇടപെടുന്നുണ്ട് എന്ന് വായിച്ചറിയാം. അത് തീർച്ചയായും മലയാള കവിതക്ക് ഇന്നോളം അപരിചിതമായ ആദിവാസി സ്വത്വം തന്നെയാണ്. മലയാള കവിതയുടെ പൊതു എന്നു സ്ഥാപിക്കപ്പെട്ടിട്ടുള്ള സവർണ്ണ പാരമ്പര്യധാരയുടെ എതിർചേരിയിലാണ് അത് നിലയുറപ്പിച്ചിട്ടുള്ളത്.

ഭാഷ വ്യവസ്ഥപ്പെടുത്തിയപ്പോൾ പുറംതള്ളപ്പെട്ട പാട്ടുകൾ, കലകൾ, ആചാരങ്ങൾ, വാക്കുകൾ... അങ്ങനെ എല്ലാം ചേർന്നാണ് പിൽക്കാലത്ത് ഫോക്ക് അല്ലെങ്കിൽ നാടോടി എന്ന്  ശ്രേണിപ്പെടുത്തിയവയെല്ലാം ശേഖരിക്കപ്പെട്ടത്. ശബ്ദങ്ങൾ തമ്മിലുള്ള ബന്ധത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന വാക്കുകളിലൂടെ, വാക്കുകൾ തമ്മിലുള്ള ബന്ധപ്പെടുത്തലിലൂടെ ഓരോ കവിയും സ്വയം സൃഷ്ടിച്ചെടുക്കുന്ന ഒരു പാരമ്പര്യത്തെ പൂർവ്വപാരമ്പര്യത്തോട് ബന്ധപ്പെടുത്തിയാണ് അവരവരുടെ തുടർച്ചകളെയും, അതിലൂടെ സ്വയവും കവിതയിൽ ഇടം തേടുന്നതും, നേടുന്നതും. അശോകൻ മറയൂർ എന്ന ആദിവാസിയായ കവി പിന്തുടരുന്ന പാരമ്പര്യം വ്യവസ്ഥപ്പെടലുകളിൽ നിന്ന് പുറന്തള്ളപ്പെട്ടവരുടേതായ  ഫോക്ക്/നാടോടി പാരമ്പര്യമാണ്

Ashokan Marayoor

പരിചിതമല്ലാത്ത നാട്ടുവഴികളിലൂടെ നടന്ന് കാലു വിണ്ടു കീറുമോ തന്റെ കവിതക്കെന്ന് ഭയന്ന്,  ഞരമ്പുകളാൽ വള്ളി തയ്ച്ച തുകൽച്ചെരുപ്പിട്ടു കൊടുത്താണ് തന്റെ കവിതകളെ അശോകൻ മലയാള കവിതയിലേക്കയക്കുന്നത്. മരങ്ങൾ ഇല കുടഞ്ഞു തോർന്നപ്പോൾ കാണാതായ വനമേയെന്ന്... നിശബ്ദതയിൽ നിന്ന് കാടെന്ന് സ്വയം പകരുന്നതാണ് അതിന്റെ വരികളോന്നും

 '' ഇലയനങ്ങി, അല്ലെങ്കിൽ, അതൊരു ചിത്രമായിരുന്നു''.

എന്ന് അശോകനെഴുതുന്നുണ്ട്, പ്രാണന്റെ തുടിപ്പുള്ള വരികളോരോന്നും ഇലകളായനങ്ങുന്നുണ്ട്.  ആകയാലത് കാടു തന്നെയാവുന്നു; അക്ഷരങ്ങളോരോന്നിലും ജീവിതം തുടിക്കയാൽ അശോകന്റെ കവിതകളും! നാടും നാടെഴുതിയ മടുപ്പിക്കുന്ന നഗര വരികളും വരകളും അതിന്റെ അത്യന്തസ്വച്ഛതയ്ക്കും അതിസ്വാഭാവികമായ നഗ്നതയ്ക്കും മുന്നിൽ കണ്ണാടിയിലെന്നതു പോലെ ചൂളുന്നു.

എന്തെന്തു കാണാക്കാഴ്ചകളാന്നെന്നോ, കണ്ണുമിഴിപ്പിക്കുന്ന കൗതുകങ്ങളാണെന്നോ വരികളായി നമ്മെയവിടെ കാത്തു നിൽക്കുന്നത്! പക്ഷികൾക്ക് മുലയൂട്ടുന്ന കാട്ടുപൂക്കളും തണലൂട്ടുന്ന മരങ്ങളും തീവണ്ടിയായ് ഒഴുകുന്ന പുഴയും കാട്ടാറും നിറഞ്ഞ് നിറഞ്ഞ്... പകലു മുഴുവൻ വെയിലു തിന്ന പാറകളുടെ ഉടലുഷ്ണത്തെ, കരിയില പോലും കുളിരുന്ന രാമഞ്ഞിന്റെ തണുവിനെ വരിയുടെ വിരലുകളാൽ തൊട്ടെടുത്ത്... നനവേ യെന്ന് ചേർത്തുനിർത്തുന്നവ... വശങ്ങളിൽ അരവും കൂർത്ത മുനകളും കൊണ്ട് പൊള്ളിക്കുന്നവ... അങ്ങനെ എന്തെല്ലാം! കാണാതെ, വായിക്കാതെ പോയാൽ അത് വായനക്കാരെന്റെ മാത്രം നഷ്ടമാണ്!!
                        
ഈ കവിതകളിൽ ആരൊക്കെയുണ്ട്?

എനിക്കു ചുറ്റും എന്ന കവിതയിൽ അശോകൻ തനിക്കു ചുറ്റുമുള്ളവരെക്കുറിച്ച് എഴുതുന്നുണ്ട്. ഒന്നു തിരിഞ്ഞു നോക്കുമ്പോഴേക്ക് മഴവില്ലായി മാറുന്ന മഴ, മയിലായി മാറുന്ന കഴുക്, കിനാവുകളായി മാറുന്ന പാമ്പ്, പുഴകളായി മാറുന്ന സമുദ്രങ്ങൾ, ഋതുക്കളായ് പൂത്തുലയുന്ന വേനൽക്കാടുകൾ, എന്നിങ്ങനെ.

"ഇവരെല്ലാം
എനിക്കു ചുറ്റുമുള്ളവരാണ്
എന്നെ കാണുമ്പോൾ
ഞാനടുത്തുള്ളപ്പോൾ മാത്രം
ഇങ്ങനെയാണ്"

അതേ... കാടിന്റെ നിഖണ്ഡു അരികിൽ വച്ചു വേണം വായിച്ചു തുടങ്ങാൻ ഈ അശോക മണിപ്രവാളം! എന്റെ തണ്ണിപ്പൊടവേയെന്ന് മുതുവാൻ ഭാഷയിൽ അശോകൻ പേരു ചൊല്ലി വിളിക്കുന്ന, അലക്കിയലക്കി നൂലു പിഞ്ഞിയ പുടവ പോലെ തോരാതെ കിടക്കുന്നൊരു പുഴ മലയിടുക്കിൽ നിന്നു മനസ്സുരുകിയൊലിച്ചു പരന്നുകിടക്കുന്നു പച്ചവ്ടിലെ ആദ്യ കവിതയിൽ... അതിനു ചുറ്റും മയിൽ, പുള്ളിമാൻ, കാടകൾ... ചൂളമിട്ടു ചിറകുകോർത്ത് ചുറ്റിച്ചുറ്റിയങ്ങനെ.... അടുത്ത കവിതയിലുണ്ട് വിരിഞ്ഞു കിടക്കുന്നുണ്ട് വിത്തു  വിതച്ചാൽ പാലു പൊങ്ങുന്ന വരം കിട്ടിയ പാലാപ്പൊങ്ങും പെരുംപാറ, അടുത്ത കവിതയിൽ കാണുന്നത്, പടിഞ്ഞാറ് വെയിൽ ചായുമ്പോൾ ഉടുതുണിയും പായുമെടുത്ത് പെണ്ണുങ്ങൾ മാത്രമുള്ള കിടക്കവീട്/കെടവലവ്ട് തേടി ഉറങ്ങാൻ പോവുന്ന തുപ്പയെന്നു മാത്രം പേരുള്ള ഒരനാഥനെ. ആദിവാസി ഊരിൽ അപ്പനമ്മമാരില്ലാതെ വളരുന്ന ഓരോ കുഞ്ഞും തുപ്പയാണ്. ആണാണെങ്കിൽ തുപ്പക്കച്ചൻ. പെണ്ണെങ്കിൽ തുപ്പക്കാൾ. അവരുടെ വീടുകൾ കിടക്കാൻ മാത്രമുള്ള ഇടങ്ങളാണ്. അക്ഷരാർത്ഥത്തിൽ കിടപ്പാടങ്ങൾ!
        

 "എന്റെ പേറും തുപ്പതായ്
            എനക്കും തായും മ് ല്ല
           തന്തയുമ് ല്ല"

എന്ന് പേരില്ലാത്തുപ്പക്കച്ചൻമാരിൽ ഒന്നെന്ന് അതുവരെ മൂളിക്കേട്ട മുത്തിക്കഥയിൽ നിന്ന് തന്നെത്തന്നെ തിരിച്ചറിഞ്ഞ നേരത്തെ മൂളൽ 'സാമി' (ദൈവം)യും കേട്ടിരിക്കും എന്ന് വായിച്ചു നിർത്തുമ്പോൾ ആരുമില്ലായ്മയുടെയും പേരു പോലുമില്ലായ്മയുടെയും നടുവിലും ഊര് വേരു തന്നെയാകുന്നവനെ കാണുന്നു.

മുതുവാൻ എന്ന ഗോത്രസമുദായത്തിന്റെ വംശഗാഥയാണ് 'പൊറമല' എന്ന പത്തു ഖണ്ഡങ്ങളായിത്തിരിച്ചെഴുതപ്പെട്ട  ദീർഘ കവിത. കണയാട്ട് കൂട്ടം, സൂസനക്കൂട്ടം, എല്ലിക്കൂട്ടം, കാനക്കൂട്ടം, പൂതാനിക്കൂട്ടം എന്ന് അഞ്ചമ്മക്കാലുകളാക്കി പിരിച്ചു ചെറു കൂട്ടങ്ങളാക്കപ്പെട്ട തന്റെ വംശാവലിയുടെ ഉത്പത്തി ചരിതവും, ഐതിഹ്യവും കൽക്കുഴികളിൽ പാറച്ചോറു വച്ചും, പനച്ചോറു മാവാക്കിയും കാട്ടാറിൽ നിന്ന് ഈറ്റയില വല വെച്ചും പേരാൽ വേരാൽ ചൂണ്ടയിട്ട് മീൻ പിടിച്ചുമെന്ന്, അങ്ങനെയങ്ങനെ കഴിഞ്ഞു പോകുന്ന... ഊണും, ആണ്ടൊരു നൂറു പോലുമാവാത്ത തുണിയുടുപ്പും ന്യായവിധിയും സഭ കൂടലും കുടി വയ്ക്കലും പാനയും മരുന്നും പൂജയും കുഴിയെടുത്തു മൂടലും വരെ ഒരു ജനതയുടെ സംസ്കാരത്തിന്റെ, ജീവിതത്തിന്റെ അടരുകളൊന്നൊഴിയാതെ കവിതയെന്നെഴുതപ്പെടുന്നു 'പൊറമല'യിൽ.. കവിതയായെഴുതപ്പെടുന്ന വംശചരിത്രങ്ങൾ മലയാളത്തിൽ അപൂർവ്വതയാണ്, കവിതയിലടയാളം പോലുമില്ലാതിരുന്ന ഒരാദിമജനസംസ്കൃതിയുടെ വംശാവലീചരിതം അത്യപൂർവ്വതയും!

പച്ചവ്ട് എന്നാൽ പുസ്തകത്തിന്റെ പേരു മാത്രമല്ല പച്ച വീട് തന്നെ; വീടിനെക്കുറിച്ചു തന്നെയുള്ളതാണ് പച്ചവ്ട് എന്ന കവിത. കിളിയോ മൃഗങ്ങളോ കൂടുകൂട്ടും പോലെ, അതി സ്വാഭാവികമായ ഒരു വീടുവെയ്പ്പിനെക്കുറിച്ച്! മണ്ണിൽ ചുവടളന്ന്, മരത്തൂണിട്ട്, ഈറയിലമേഞ്ഞ് മൺചുമരും ചൂരൽക്കതകും ചേർത്തു വച്ചുണ്ടാക്കുന്ന വീട്ടിലാണ് അവരുടെ കുടിപ്പാർപ്പ്. ഇല്ലായ്മകളെ, അങ്ങനെ തന്നെയെഴുതി ഉള്ളവകൾ എന്ന് വായിപ്പിക്കുന്ന വിദ്യ അശോകന് വശമുണ്ട്. 'എന്നെ പുലി പിടിച്ചാൽ...' എന്നു പേരായ കവിതയിൽ കൂട്ടുകാരിക്ക് മുൻകൂർ പകർന്നുകൊടുക്കുന്ന അതിജീവനോപദേശത്തിൽ പറയുന്നവണ്ണം

"കൈ നീട്ടി നിൽക്കരുത്
           തന്നാലും വാങ്ങരുത്
           നിന്നാട്ടെ
           ഉണ്ട്, എന്ന്"

പറയണം എന്നുതന്നെയാണ് കവിതയിലുടനീളം പറയുന്നത്. ആണ്ടിലൊരിക്കൽ പൊങ്കാലക്ക് വാങ്ങുന്ന ഒറ്റപ്പൊടവ (സാരി) കൊണ്ട് ഒരാണ്ട് തള്ളിനീക്കേണ്ടി വരുന്ന പെൺപരാധീനതകളെക്കുറിച്ചുള്ള പരിദേവനമല്ല 'പൊടവ' എന്ന കവിത, ആ ഒറ്റ പുടവയാൽ ഉടലുമറച്ചും അന്നം തേടിയും കുഞ്ഞിനെയേറ്റിയും വിരിച്ചും പുതച്ചും കൃഷി കാത്തും കാട്ടുപോത്തിനെയാട്ടിയും ആയിരം മുള്ളാൽ കീറിയാലും അലക്കിയലക്കി പിഞ്ഞിയാലും മാനം പോയാൽ ജീവനൊടുക്കാനും കൂടി 'ഉള്ളത്' എന്നാണ് ആ ഒറ്റപ്പൊടവ എഴുതപ്പെടുന്നത്.

''ചാവടിത്തീയിൽ (വിശപ്പിൽ) വയറുണങ്ങുമ്പോൾ
പൊക പൊങ്ങും വീടു കണ്ട്
ചെന്നു ചോറു തിന്ന കാലം"

എന്നെഴുതാൻ, അടുപ്പു പുകയുന്നത് ആർക്കുമായിട്ടല്ല വിശപ്പിനായിട്ടാണെന്ന കാട്ടുനീതിയുടെ മാനുഷിക മാനത്തെ, പരാധീനതകൾക്കും എത്രയോ ഉയരത്തിലാണ് വയ്ക്കുന്നത്. അശോകന്റെ കവിതകളിലൂടെ അധികവും സംസാരിക്കുന്നത് ഊരിലെ പെണ്ണുങ്ങളാണ്. മലയാള കവിതയിന്നുവരെ കേട്ടിട്ടിട്ടില്ലാത്ത കാട്ടുപെണ്ണിന്റെ നേരൊച്ച, അനക്കം, വാഴ്വ്.

"നിലാവെട്ടം
           അത്ര ചെറുതല്ല
           പ്രസവത്തിനായ്
           ഒറ്റക്കു കാടിറങ്ങേണ്ടി
           വരുന്നവൾക്ക്"

എന്ന് അശോകനെഴുതുമ്പോൾ കാലാകാലങ്ങളായി ലോക കവിതയിൽ പേർത്തും പേർത്തും എഴുതപ്പെടുന്ന നിലാവെന്ന കാൽപ്പനിക കാവ്യപ്രതീകം, പേറ്റിടം തേടി ഒറ്റക്ക് രാത്രിയിൽ കാടിറങ്ങേണ്ടി വരുന്ന ആദിവാസി പെണ്ണിന്റെ നോവിനു മേലേ വീഴുന്ന ചെറുതല്ലാത്ത വെളിച്ചമായി മാറുന്നു. ആ വെളിച്ചത്തിന്റെ പ്രത്യാശ കെട്ടുപോകയും അന്ധകാരത്തിന്റെ ആർത്തടങ്ങി അവൾ മണ്ണിൽ കുഴിച്ചിടപ്പെടുകയും ചെയ്യുമ്പോൾ നിസ്സഹായതയുടെയും വേദനയുടെയും മുനമ്പിൽ നിന്നു കൊണ്ട് അവളുടെ ഗർഭത്തിനുത്തരവാദിയായ സ്വന്തം അവയവം അറുത്തുമാറ്റുന്നവന്റെ വാക്കുകൾ കേൾക്കുക

"ഇനിയതിൽ
 പിറവിയില്ല
പൂർവ്വികരില്ല
ഞാനില്ല!"

ഗർഭവതിയാക്കൽ മാത്രമല്ല പുരുഷധർമ്മം എന്നും അതിനപ്പുറം കരുതലും കാവലുമാവാനാവാത്തവൻ ഗർഭകാരണമായ അവയവത്തിനു പോലും അവകാശിയല്ലെന്നു തുറന്നെഴുതുന്ന അശോകന്റെ കവിത, സ്ത്രീപക്ഷമെന്നോ സ്ത്രീവാദമെന്നോ കളളികളിലൊതുക്കാനാവുന്നതിനുമപ്പുറത്തെ ജൈവിക സ്നേഹ രാഷ്ട്രീയമാണ് പങ്കുവയ്ക്കുന്നത്. ഒപ്പം നിറവയറോടെ ഊരുവിട്ടിറങ്ങി ചികിത്സയും ഗർഭ പരിചരണവും ലഭ്യമാകാതെ, വഴിക്കും ആശുപത്രിക്കും മധ്യേ  പെട്ട് മരണപ്പെട്ടുകൊണ്ടേയിരിക്കുന്ന അനേകം ആദിവാസി സ്ത്രീകളുടെ പൊയ്പ്പോയ പ്രാണനുകളെ അക്ഷരങ്ങളായ് പകർത്തുന്ന അകക്കണ്ണീരുമാണ്.

''കെട്ടിയോനെന്ന് ഞാൻ കരുതുന്ന
 നീയിന്നേതോ വീട്ടിൽ  
 കുഞ്ഞിന് പേരിട്ടു പോറ്റുമ്പോൾ
 അമ്മയെന്ന് ഞാൻ മാത്രം അടയാളം"

തുണയറ്റ് ജീവിക്കേണ്ടി വരുന്ന അനേകം ആദിവാസി അമ്മമാരാണ് അടയാളം എന്ന കവിതയിലൂടെ സംസാരിക്കുന്നത്. ചന്ദനക്കാട് എന്ന കവിത ഒരേ സമയം ഇരയും വേട്ടക്കാരുമാക്കപ്പെടുന്ന ആദിവാസി ജീവിതത്തിന്റെ പകർത്തിയെഴുത്താണ്. മകനെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന ഒരമ്മയാണ്, കള്ളന്റെ അമ്മയാണ് കവിതയിൽ സംസാരിക്കുന്നത്‌. ചന്ദനം വെട്ടിക്കടത്തുന്ന വഴിയിൽ കള്ളിമുൾച്ചെടിയും കുപ്പിച്ചില്ലും നിരത്തിവെച്ച് കൂട്ടത്തിലുള്ളവർ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതാവാം തന്റെ മകനെ എന്നാണ് ആ അമ്മ സംശയിക്കുന്നത്. ആദിവാസിയെ ആയുധമായി ഉപയോഗിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഇടത്ത്, നിയമ സംവിധാനങ്ങള് അവസാന ആശ്രയമായിക്കരുതിയാണ് ആ അമ്മ.

" തേടണം സർ അവനെ
  കണ്ടുപിടിക്കണം സാർ
  നിങ്ങൾ ശിക്ഷ കൊടുത്താലും അവൻ
  ജീവിച്ചിരിക്കണം സർ"

എന്ന അപേക്ഷയുമായി കരഞ്ഞു കുമ്പിടുന്നത്. കൊണ്ടു നടക്കുന്നത് കൊല്ലിക്കാൻ വേണ്ടിയാണെന്നറിഞ്ഞാലും മിണ്ടാതെ കൂടെച്ചെല്ലേണ്ടി വരുന്ന നിസ്സഹായതകളെ പകർത്തി വച്ചിരിക്കയാണ് ആ കവിത.

"എനക്ക് പാലൂട്ടി പണ്ടിനെ റമ്പ
           മുത്കിലീ ഒള് സിട്ട
           നിന്റെ പണ്ടിയൊട്ടത്താനേ
           കാടും നാടും നടന വന്ത
           എന്റെ നാൻപെണ്ണാക്ക
           പൊറപ്പായ്
           നിന്ന പെറ്റന്റ് വളപ്പായ്?"

തായി, എന്ന പേരിൽ മുതുവാൻ ഭാഷയിൽ  എഴുതിയ കവിതയെ  നമ്മുടെ ഭാഷയിൽ ഇങ്ങനെ പകർത്താം

" എനിക്ക് മുലയൂട്ടിവയറ് നിറച്ച്
          ആരും കാണാതെ   മുതുകത്തൊളിച്ചിട്ട്
           നിന്റെ ഒട്ടിയ വയറു കാട്ടി
           കാടും നാടുo നടന്നു വന്നു
           എന്നു ഞാൻ പെണ്ണായ് പിറക്കും
           നിന്നെ പെറ്റെന്ന് വളർത്തും?"

അമ്മയെ പെറ്റു വളർത്താനാശിക്കുന്ന മകനെ വേറെയെവിടെയാണ് നാം കണ്ടുമുട്ടുക?
ഋതുകാലത്ത്, പെറ്റ കുഞ്ഞിന് പാലൂട്ടാനാവാതെ

" ഈര തുണിയുടുത്ത്
           ഊർന്നു തുടങ്ങിയ കുഞ്ഞുമായ്   
           ഈർപ്പത്തറയെല്ലാം    ഇലയിട്ട്
           മൂന്നുനാൾ പകൽ തൊടാതെ"

ഇരുന്നിട്ട് ഇരുളിൽ, ഊട്ടിയ പെണ്ണിന് മാത്രമറിയുന്ന  മുല വറ്റുന്ന ശബ്ദം കേട്ട് "കരഞ്ഞത് വിശന്ന കുഞ്ഞല്ല നീയല്ലേ" എന്ന് നൊന്തറിയുന്നവൻ!

''നീ കറുത്തു പോയ ചുമരിൽ
        അവളവസാനമായ്മറന്നൊട്ടിച്ച
        ചുവന്നപൊട്ട്           
         കരിക്കട്ടകൾക്ക്നടുവിൽ
        തണുത്തയുടൽ
         കനലാറാത്തയടുപ്പ്
         മടിയിൽ,
         അവശേഷിച്ച
       നിന്റെയവസാനരക്തം"

"ഇന്നെനിക്ക് കറുത്ത നാൾ... കൂട്ടൂകാരന്റെ വേർപാട് രാത്രിയുറങ്ങുന്നില്ല എന്നെയും കൂട്ടിരുത്തുന്നു... " എന്ന് മരിച്ചു പോയ കൂട്ടുകാരന്റെ പെണ്ണിനൊപ്പം ചങ്കുരുക്കുന്നവൻ! ഇനിയവൾക്ക് തൊടാനാവാത്ത ചുവന്ന പൊട്ട് കറുത്തചുവരിൽ കാണുന്നു. ഉടയാനൊരുങ്ങുന്ന അവളുടെ വളകൾ. അവളുടെ മടിയിലെ കുഞ്ഞിനെ ചങ്ങാതിയുടെ അവസാന തുള്ളി രക്തമെന്ന് വായിക്കുന്നു.

"ദൈവവും പ്രണയവും മരണവും ഒരു പൂവിനേക്കാൾ വലിയ നേർച്ചയൊന്നും ചോദിക്കാറില്ല എന്ന് പൂവിന്മേൽ ഇതളായ് ഒതുങ്ങുന്നവനാണ് അശോകൻ മറയൂർ എന്ന കവി.  കളവുപോകാത്ത ഭാഷയിലും ശബ്ദത്തിലും ആ നേരു പടരുന്നുണ്ട് പച്ചവ്ടിലാകെ! പച്ചവ്ടിന്റെ പകുതിക്കു പേര് ''പൂവിനുള്ളിലെ തേനിൽ സൂര്യൻ കിടന്നു തിളയ്ക്കുകയാണ്" എന്നാണ്. കലർപ്പില്ലാത്ത കാട്ടുതേൻ പോലെയുള്ള അശോകന്റെ കവിതയിൽ, വരികളിൽ വാക്കുകളിൽ കിടന്നു തിളക്കുന്നത് ഒരു ജനതയുടെ തീവെയിലു പോലുള്ള വാഴ്വാണ്!

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image