Image

കോള ഞമ്മള് കുടിക്കൂല

സാമ്രാജ്യത്വ ഭീകരനായ കൊക്കക്കോള ഒരു ജനതയുടെ ജലം ഊറ്റിവലിച്ചപ്പോള്‍ 'കോള ഞങ്ങള്‍ കുടിക്കില്ല' എന്നു പറഞ്ഞ് കമ്പനിയെ പ്ലാച്ചിമടയില്‍ നിന്നും കെട്ടുകെട്ടിച്ച മയിലമ്മയുടെയും ജനതയുടെയും പോരാട്ട ചരിത്രം ഇക്കാലത്ത് കൂടുതല്‍ പ്രസക്തമാകുകയാണ്. സുമൈല എസ്. എഴുതുന്നു.

 

കൊക്കക്കോള കമ്പനിക്കു മുന്നില്‍ ആദിവാസികള്‍ നടത്തിയ സമരം

2000 മാർച്ചിലാണ് ബഹുരാഷ്ട്ര കമ്പനിയായ കൊക്കക്കോള പ്ലാച്ചിമടയിൽ ബോട്ടിലിങ് പ്ലാന്‍റിൽ ഉത്‌പാദനം തുടങ്ങിയത്. 1999 കമ്പനി പെരുമാട്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും രണ്ടായിരത്തിൽ പഞ്ചായത്ത് ലൈസൻസ് അനുവദിക്കുകയും ചെയ്തു. താമസിയാതെ തന്നെ പ്ലാച്ചിമട  ഗ്രാമവാസികൾ തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും  ജലനിരപ്പ് അവിശ്യസനീയമാം വിധം താഴുന്നത്  തിരിച്ചറിഞ്ഞു. ഈ ഭാഗത്ത് പ്രധാനമായും വസിച്ചിരുന്നത് ആദിവാസികളായിരുന്നു. കൊക്കക്കോള കമ്പനി പ്ലാച്ചിമടയിൽ തുടക്കം കുറിച്ചപ്പോൾ തങ്ങളുടെ ജീവിതം ചൂഷണം ചെയ്യാനാണ് കമ്പനി വന്നതെന്ന് കാര്യം തിരിച്ചറിയാൻ അവര്‍ അധികനാൾ എടുത്തില്ല. ഉത്പാദനം തുടങ്ങി ആറുമാസം കഴിയുന്നതിനു മുൻപ്  അത് അതിന്‍റെ സ്വരൂപം പുറത്തെടുത്തു. ആറു മാസങ്ങൾക്കുള്ളിൽ തന്നെ പ്ലാച്ചിമട ഗ്രാമവാസികൾ തങ്ങളുടെ കിണറുകളിലേയും  കുളങ്ങളിലേയും  ജലനിരപ്പ് കുറയുന്നത് തിരിച്ചറിഞ്ഞു. ചില കിണറുകൾ വറ്റിവരളുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം രാസവസ്തുക്കളാൽ മലിനവും  ഉപയോഗശൂന്യവുമായി മാറി.  ഇത് ആരോഗ്യത്തിന് ദോഷകരവും  കൂടിയായിരുന്നു. അവിടങ്ങളിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിച്ചവരിൽ വയറിളക്കവും തലകറക്കവും കാണപ്പെട്ടു. നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച കമ്പനി വളമെന്ന പേരിൽ വിതരണം ചെയ്ത രാസ മാലിന്യങ്ങൾ ഉപയോഗിച്ചതോടെ കൃഷി ഭൂമി മുഴുവൻ തരിശായി മാറി.

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ബ്രാൻഡുകളിൽ ഒന്നാണ് കൊക്കക്കോള. കാർബണേറ്റ് ചെയ്യപ്പെട്ട ലഘു പാനീയമായ കൊക്കക്കോള കോക്ക് എന്നും അറിയപ്പെടുന്നു. കൊക്കക്കോള കമ്പനിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തിലെ അറ്റ്ലാൻറിക് എന്ന പട്ടണത്തിലാണ്. 1884 -ൽ ഈ പട്ടണത്തിൽ വച്ചാണ് കൊക്കോകോള ആദ്യമായി ഉണ്ടാക്കപ്പെട്ടത്.  കോക്കിന്‍റെ  ഉപജ്ഞാതാവായ ജോൺ പെംബെർട്ടൺ  ഈ പാനീയം പ്രചരിപ്പിച്ചു. എന്നാല്‍ അതിൽ വിജയം കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിൽ നിന്നും ഇതിന്‍റെ ഉടമസ്ഥാവകാശം അസാകാൻഡ്ലെർ എന്നയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അസാകാൻഡ്ലെരുടെ കമ്പനിയാണ് ഇപ്പോഴും കൊക്കക്കോളയുടെ ഉടമസ്ഥർ. കാൻഡിലറുടെയും  അദ്ദേഹത്തെ പിന്തുടർന്ന് റോബർട്ട് വൂഡ്രഫ്  മുതലായവരുടെയും ശ്രമമാണ് കൊക്കക്കോളയെ അമേരിക്കൻ ഐക്യനാടുകളിലും പിന്നീട് ലോകത്തിലെ തന്നെ മുൻനിരയിൽ എത്തിച്ചത്. 

സമൂഹത്തിന്‍റെ മുന്നിൽ പിന്നോക്കംനിൽക്കുന്ന ജനങ്ങളെ ചൂഷണം ചെയ്ത് കമ്പനികളും ഫാക്ടറികളും സ്വയം വരുമാനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ, അവർ തിരിച്ചറിയുന്നില്ല ഇവരും തങ്ങളെപ്പോലെ  മനുഷ്യരാണ് എന്ന സത്യം. പ്ലാച്ചിമടയിൽ  സ്ഥാപിതമായ കൊക്കക്കോള കമ്പനി മനുഷ്യരെ മാത്രമല്ല ചൂഷണം ചെയ്തത്. പ്രകൃതിയെക്കൂടി നശിപ്പിക്കുകയായിരുന്നു. കോള ഉത്‌പാദനത്തിനു ശേഷം വരുന്ന മലിനജലം മുഴുവൻ കമ്പനി വളപ്പിലെ ഭൂമിയിലേക്ക് തന്നെയാണ് നിക്ഷേപിച്ചിരുന്നത്.  ഇവിടെ നിന്നാണ് വിഷകരമായ പദാർത്ഥങ്ങൾ മണ്ണിലേക്ക് ഒലിച്ചിറങ്ങുന്നത് ഇതുമൂലം കമ്പനി സമീപത്തെ കിണറുകൾ എല്ലാം മലിനമാക്കപ്പെടുന്നത്. പരിസരവാസികളുടെ ദാഹജലം മുട്ടിച്ചത് പോരാഞ്ഞിട്ട് കൃഷിക്കുള്ള വളമെന്ന പേരിൽ വിതരണം ചെയ്തത് ഫാക്ടറിയിൽ നിന്നുള്ള രാസമാലിന്യം ആയിരുന്നു. അതോടുകൂടി അവരുടെ കൃഷികള്‍ നശിച്ചു. പിന്നീട് അധികനാൾ കമ്പനിക്ക് നിൽക്കേണ്ടി വന്നില്ല.  ഇതോടെ പ്രകൃതിയുടെ മക്കൾ കൊക്കക്കോള വിരുദ്ധ സമരം ആരംഭിക്കുകയും ചെയ്തു. 

പ്ലാച്ചിമട സമരം എന്ന് പറയുമ്പോൾ തന്നെ കേരളീയരുടെ മനസ്സിൽ മാത്രമല്ല, ലോകജനതയുടെ മനസ്സിൽതന്നെ  ഓർമ്മ വരുന്നത് ഒരു ആദിവാസി സ്ത്രീയായ മയിലമ്മയുടെ മുഖമാണ്.  പ്രകൃതിയെ അറിയാൻ, പ്രകൃതിവിഭവങ്ങളെ അറിയാൻ പഴകി ദ്രവിച്ച മനസ്സുകളെക്കാൾ കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും നനവുള്ള മനസ്സുകളാണ് എന്ന തിരിച്ചറിവാണ് മയിലമ്മ ലോകജനതയ്ക്ക് പകർന്നു നൽകിയത്. കൊക്കക്കോള കമ്പനിയുടെ ചൂഷണം നേരിട്ടനുഭവിച്ച ആദിവാസി സ്ത്രീയാണ് മയിലമ്മ. ഫാക്ടറിക്ക് സമീപം മക്കളോടും പേരക്കുട്ടികളോടുമൊപ്പം ഒരു ചെറിയ ജോലിയുടെ ഭാഗമായി കഴിയുകയായിരുന്നു മയിലമ്മ. പ്ലാച്ചിമട ഗ്രാമവാസികൾക്കൊപ്പം മയിലമ്മയും ഏറെ  സന്തോഷത്തിലായിരുന്നു. കാരണം കൊക്കകോള കമ്പനി വരുന്നതോടുകൂടി തനിക്കും ഗ്രാമവാസികൾക്കും  ജോലി കിട്ടുമെന്ന ആഹ്ലാദത്തിലായിരുന്നു.  എന്നാൽ കൊക്കക്കോള തന്നെയും ഗ്രാമവാസികളേയും ചൂഷണം ചെയ്തു വരുമാനം കണ്ടെത്താൻ വന്ന രാക്ഷസരാണെന്ന സത്യം തിരിച്ചറിയാൻ അധികനാൾ വേണ്ടിവന്നില്ല. മയിലമ്മയടങ്ങുന്ന പ്ലാച്ചിമടയിലെ ആദിവാസികളുടെ കിണറുകളിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞു. പ്ലാൻറ് പ്രവർത്തിക്കുന്നതിനായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്തതാണ് ഇതിന് കാരണം.

അവിടങ്ങളിലെ വെള്ളം ഉപയോഗിച്ചവർക്ക് തൊലിപ്പുറത്ത്  ചൊറിച്ചിലും മറ്റും അനുഭവപ്പെട്ടതോടെ വെള്ളം മലിനീകരിക്കപ്പെട്ടതായി  ജനങ്ങൾ തിരിച്ചറിഞ്ഞു. കാഡ്മിയം ലെഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളാണ് ഇവിടത്തെ ജലസ്രോതസ്സുകളിൽ അടങ്ങിയിരിക്കുന്നതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഇതോടെ ദാഹജലം കുടിക്കാൻ കഴിയാത്ത അവസ്ഥയായി.  ഭക്ഷണാവശ്യത്തിനും മറ്റു ആവശ്യങ്ങൾക്കും കിലോമീറ്ററുകൾ നടന്ന് വെള്ളം കൊണ്ടുവരേണ്ടി വരുന്ന ഒരു അവസ്ഥയിലേക്ക് ഗ്രാമവാസികളുടെ ജീവിതം മാറി. ഇതുകൊണ്ടു മാത്രം  കൊക്കക്കോള കമ്പനിയുടെ ദ്രോഹം തീരുന്നില്ല. ചൂഷണം ചെയ്യുന്നതിലുപരി നിന്ദിക്കുക എന്ന  രീതിയിൽ വളമായി രാസവസ്തു നൽകി. ഫാക്ടറിയിൽ നിന്നുള്ള രാസ മാലിന്യം വളമായി നൽകിയതോടെ കൃഷി ഭൂമി തരിശായി.  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മയിലമ്മയടങ്ങുന്ന ആദിവാസി ജനതയുടെ ജീവിതം അപകടത്തിലായി. അതോടെയാണ് മയിലമ്മ ജല സംരക്ഷണത്തിന് വേണ്ടി കൊക്കക്കോള കമ്പനിക്കെതിരെ സമരം തുടങ്ങിയത്. മയിലമ്മക്ക് കൈത്താങ്ങായി ആദിവാസിജനതയും കൂടെ നിന്നു.  തങ്ങളുടെ ഏക ഭവനമായ ഭൂമിയുടെ ഉത്തരവാദിത്തത്തിനായി മയിലമ്മ ശക്തിയായി പ്രതികരിച്ചു.മയിലമ്മയുടെ നേതൃതത്തിൽ പ്രദേശത്തെ ആദിവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ച് കൊക്കക്കോളക്ക് എതിരായി സമരം ആരംഭിച്ചു. 2002 ഏപ്രിൽ ആരംഭിച്ച സമരത്തിന് വൻ ജനപിന്തുണയാണ് പിന്നീട് ലഭിച്ചത്. 2004 ജനുവരി 21-നും 22-നുമായി നടന്ന ലോകജലസമ്മേളനം അന്താരാഷ്ട്രതലത്തിൽ ചർച്ചയായി. ശക്തമായ സമരത്തെ തുടർന്ന് പ്ലാച്ചിമട ഉപേക്ഷിക്കാൻ കൊക്കക്കോള കമ്പനി നിർബന്ധിതമായി. എഴുത്തിലൂടെ സുകുമാർ അഴീക്കോട് ഉൾപ്പെടെയുള്ളവർ സമരത്തിന് പിന്തുണ നൽകി. പ്ലാച്ചിമട സമരം എന്ന് പറയുമ്പോൾ നമ്മൾ ഓർക്കേണ്ട ഒരു വ്യക്തി കൂടിയുണ്ട്. പെരുമാട്ടി പഞ്ചായത്ത്‌ പ്രസിഡന്‍റായിരുന്ന എ. കൃഷ്ണൻ സമരം ആരംഭിച്ച കാലംമുതൽ തന്നെ കൊക്കക്കോളയെ കെട്ടുകെട്ടിക്കാൻ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു.

പ്ലാച്ചിമടയിൽ സ്ഥാപിതമായ കുത്തക കമ്പനി വാഗ്ദാനം ചെയ്ത 30 കോടിയിലേറെ രൂപ രണ്ടാമതൊന്നു ചിന്തിക്കാതെ ആദിവാസികള്‍ നിരസിച്ചു. കൊക്കക്കോള കമ്പനി തങ്ങളുടെ പണക്കൊഴുപ്പും ബന്ധങ്ങളും ഉപയോഗിച്ച് എല്ലാ അധികാര സംവിധാനങ്ങളെയും സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാല്‍ പ്രകൃതിയെ അറിഞ്ഞ, കൃഷിയെ അറിഞ്ഞ, പ്രകൃതിയുടെ മക്കളെ തടുക്കാൻ ആർക്കും സാധിക്കില്ല എന്ന് തെളിയിക്കുകയായിരുന്നു മയിലമ്മ. മയിലമ്മയടങ്ങുന്ന ഗ്രാമവാസികൾ സമരപ്പന്തൽ കെട്ടി സത്യാഗ്രഹം തുടങ്ങി. പലപ്പോഴും മയിലമ്മക്കു  ജോലിക്ക് പോകാൻ കഴിഞ്ഞില്ല. എങ്ങനെയാണ് അതിനു സാധിക്കുക? പ്രകൃതിവിഭവങ്ങളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ രാക്ഷസന്മാരെ കെട്ടുകെട്ടിക്കുന്നത് വരെ അവർ സമരപ്പന്തലിൽ ഉറങ്ങി. സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത മയിലമ്മ കൊക്കക്കോള സമര സമിതിയുടെ സ്ഥാപകയായി. അങ്ങൻെ പാലക്കാട് കേരള വടക്കൻ ജില്ലയിൽ ജലസംരക്ഷണത്തിനായുള്ള ഒരു പ്രാദേശിക ജനതയുടെ പോരാട്ടത്തിന് ഏറ്റവും അറിയപ്പെടുന്ന മുഖമായി മാറി മയിലമ്മ. പതിനഞ്ചാമത്തെ വയസ്സിൽ വിവാഹിതയായി. ഭർത്താവ് അകാലത്തിൽ മരിച്ചു. അവര്‍ക്ക് സ്കൂൾ വിദ്യാഭ്യാസം ഇല്ല. പ്രക്ഷോഭം സജീവമായി നില നിർത്തുന്നതിനു വേണ്ടി പലപ്പോഴും അവർ ജോലി ഉപേക്ഷിക്കേണ്ടി വന്നു.  അതിലൂടെ പ്രകൃതിയെ അറിയാൻ പ്രകൃതിവിഭവങ്ങളെ അറിയാൻ വിദ്യാഭ്യാസത്തിന്‍റെ  ആവശ്യമില്ല എന്ന് തെളിയിക്കുകയാണ് മയിലമ്മ. പ്ലാച്ചിമടയുടെ  സമരനായികയെ  മറക്കാൻ ലോകത്തിന്  ആകില്ല. ഇനിയുള്ള കാലഘട്ടത്തിൽ   ദൗർലഭ്യം ഉണ്ടാകുന്ന വസ്തുവാണ് ജലം. ദാഹജലം കിട്ടാത്ത ഒരു അവസ്ഥ ഇനിയുണ്ടാകാം. ജലസാക്ഷരത ജലജനാധിപത്യം എന്നീ വിഷയങ്ങളുടെ പ്രാധാന്യം കേരളീയ സമൂഹത്തിനു പറഞ്ഞു തരികയായിരുന്നു മയിലമ്മ തന്‍റെ ജീവിതത്തിലൂടെ. നിത്യജീവിതത്തിൽ പ്രാധാന്യമുള്ള ഒന്നാണ് ജലം അതുകൊണ്ടുതന്നെ പ്ലാച്ചിമടയിലെ സമരം ഭാവിയിൽ പ്രാധാന്യം ഏറുകയാണ്. മയിലമ്മയുടെയും ആദിവാസികളുടെയും സമരത്തിന്‍റെ ഭാഗമായി രണ്ടായിരത്തി നാല് മാര്‍ച്ചി ല്‍ കൊക്കക്കോള കമ്പനി അടച്ചു പൂട്ടി.  കേരളം കണ്ട ഏറ്റവും തീക്ഷ്ണമായ  ഒരു ജനകീയ സമരമാണ് പ്ലാച്ചിമട സമരം. സ്വയം വരുമാനം കണ്ടെത്താൻ വേണ്ടി പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും ചൂഷണം ചെയ്യുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത്.  അവർക്ക് എതിരെ ആഞ്ഞടിക്കുകയാണ് പ്ലാച്ചിമട സമരത്തിലൂടെ മയിലമ്മ. ആ സമരനായികയെ  നാം എക്കാലവും ഓർക്കും  2007 ജനുവരി ആറിന് 69-ാം വയസ്സിൽ മയിലമ്മ  നമ്മോട്  യാത്ര പറഞ്ഞു പോയി. എന്നാൽ പ്ലാച്ചിമടയുടെ  സമരനായിക ഇന്നും കേരളീയരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

ശുദ്ധജലം സമൃദ്ധമായിരുന്ന പ്ലാച്ചിമട എന്ന പാലക്കാടൻ  ഗ്രാമത്തിൽ നടന്ന സംഭവമാണിത്. ശുദ്ധജലം സമൃദ്ധമായിട്ടുണ്ടായിട്ടും അതിനെ രാസപ്രക്രിയയിലൂടെ കൊക്കക്കോള എന്ന ലഘുപാനീയം ഉണ്ടാക്കിയപ്പോള്‍ വെള്ളം വറ്റിപ്പോയി എന്നതു മാത്രമല്ല, അവിടത്തെ വെള്ളം മലിനമാക്കപ്പെട്ടു അഥവാ വിഷമയമാക്കപ്പെട്ടു എന്നതാണ് സത്യം.  പ്ലാച്ചിമട  എന്ന ഗ്രാമത്തിൽ സംഭവിച്ചത് നാളെ എവിടെയും സംഭവിക്കാം. ഇനിയും മനുഷ്യർ കണ്ണ് തുറക്കേണ്ടതായിട്ടുണ്ട്. ആഫ്രിക്ക പോലുള്ള വെള്ളം നഷ്ടപ്പെട്ട രാജ്യങ്ങളുടെ അവസ്ഥയും എല്ലാവരും കണ്ടിട്ടുണ്ട്. അവിടെ പൗരന്മാർ ദയനീയമായ ജീവിതം നയിക്കുകയാണ്.  പ്രകൃതി നമുക്ക് കനിഞ്ഞു തന്ന ഈ ജലസമ്പത്തിനെ ഇന്ന് വലിയ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. പ്രകൃതിയോടുള്ള ഈ ചൂഷണം  ഇനിയും തുടരുകയാണെങ്കിൽ വില കൊടുത്താൽ പോലും ജലം  കിട്ടാത്ത ഒരു  അവസ്ഥയിലേക്ക് ലോകം മാറും. അവിടെയാണ് പ്ലാച്ചിമടസമരം പ്രസക്തമാകുന്നത്.ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image