Image

'പൊക്കുടനും ഞാനും തമ്മില്‍' ലേഖന മത്സരം: ആരാണ് വിജയികള്‍ ?

ഒന്നിപ്പ് ഓണ്‍ലൈന്‍ മാഗസിന്‍, ഗൂസ്ബെറി ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സ് കല്ലേന്‍ പൊക്കുടന്‍ മാന്‍ഗ്രൂവ്ട്രീ ട്രസ്റ്റ് എന്നിവര്‍ ചേര്‍ന്ന്, ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ക്കാടുകളുടെ സംരക്ഷകനുമായ കല്ലേന്‍ പൊക്കുടന്‍റെ  ആറാം ഓര്‍മ്മദിനത്തില്‍ പുതുതലമുറയ്ക്കു വേണ്ടി നടത്തിയ 'പൊക്കുടനും ഞാനും തമ്മില്‍' എന്ന ലേഖന മത്സരത്തിന്‍റെ ഫലം  പ്രസിദ്ധീകരിച്ചുകൊണ്ടുള്ള ജൂറിയുടെ കുറിപ്പ്.

 

ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ക്കാടുകളുടെ സംരക്ഷകനുമായ കല്ലേന്‍ പൊക്കുടന്‍റെ  ഓര്‍മ്മയില്‍ ഒന്നിപ്പ്,  ഗൂസ്ബെറി ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സ്, കല്ലേന്‍ പൊക്കുടന്‍ മാന്‍ഗ്രൂവ് ട്രീ ട്രസ്റ്റ് ചേര്‍ന്ന് നടത്തിയ ലേഖന മത്സരത്തില്‍ അത്ഭുതകരമായ പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. പതിനഞ്ച് വയസ്സു മുതല്‍ ഇരുപത്തി അഞ്ച് വയസ്സു വരെയുള്ള പുതുതലമുറയെ ലക്ഷ്യംവച്ചു കൊണ്ടായിരുന്നു ഈ ലേഖന മത്സരം നടത്തിയത്. വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും അല്ലാതെയുമായി ഏകദേശം മുപ്പത്തി മൂന്നോളം ലേഖങ്ങള്‍ മത്സരത്തിനായി ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. 

കല്ലേന്‍ പൊക്കുടനെ പോലുള്ള പുലയ സമുദായത്തില്‍പ്പെട്ട ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ പുതിയ തലമുറക്ക് അത്രമാത്രം പരിചിതനായിരിക്കുമോ, അദ്ദേഹം മുന്നോട്ടു വച്ച പരിസ്ഥിതി രാഷ്ട്രീയത്തെ യുവത എത്രമാത്രം ഉള്‍ക്കൊണ്ടിട്ടുണ്ടായിരിക്കും എന്നിങ്ങനെയുള്ള ആശങ്കകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഈ ലേഖനമെഴുതിയ യുവതീയുവാക്കള്‍ അവരുടെ പാരിസ്ഥിതിക സാംസ്കാരിക കീഴാള അവബോധം കൊണ്ട് ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പറഞ്ഞുപഴകിയ സംസാരങ്ങള്‍ക്കപ്പുറം പുതിയ കാഴ്ചപ്പാടുകള്‍ അതും ലോകത്തെ പരിസ്ഥിതി അവബോധത്തില്‍ മാറ്റംവരുത്തുന്ന നോട്ടങ്ങള്‍ കാഴ്ചവക്കാന്‍ ഈ പുതു തലമുറകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദളിത് കീഴാള സമൂഹങ്ങള്‍ക്ക് പുറത്തുള്ള നിരവധി പേര്‍ അതി ശക്തമായ പാരിസ്ഥിതിക അവബോധത്തോടെ ഈ ലേഖന മത്സരത്തോട് പ്രതികരിച്ചു എന്നതാണ്. ലേഖനത്തില്‍ ഞങ്ങള്‍ക്ക്  ലഭിച്ചതില്‍ മൂന്നോ നാലോ എഴുത്തുകള്‍ ഒഴികെ ബാക്കി എല്ലാം മികച്ച നിലവാരമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ഈ ലേഖന മത്സരത്തില്‍ ലഭിച്ച മികച്ച എഴുത്തുകള്‍ ഗൂസ്ബെറി ബുക്സ് ആന്‍റ്  പബ്ലിക്കേഷന്‍സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ച കാര്യം ഇവിടെ പ്രത്യേകമായി അറിയിക്കുന്നു. 

ചിന്തകനും അദ്ധ്യാപകനുമായ ആനന്ദന്‍ പി., അക്കാഡെമീഷ്യനും എഴുത്തുകാരനുമായ ഡോ. രവി കെ.പി. ഒന്നിപ്പ് ഓണ്‍ലൈന്‍ മാഗസിന്‍ എഡിറ്റര്‍ രൂപേഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ജൂറി ആണ് ലേഖന മത്സരത്തില്‍ വിജയികളെ തിരഞ്ഞെടുത്തത്. വളരെയധികം വിഷമം പിടിച്ച ജോലി ആയിരുന്നു ഈ ലേഖന മത്സരത്തിലെ വിജയികളെ തിരഞ്ഞെടുക്കുക എന്നത്. മുപ്പത്തു മൂന്നു ലേഖനങ്ങളില്‍ ഏറ്റവും അവസാനം നാല്  ലേഖനങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. അശ്വതി ടി.എസ്., അശ്വതി മോഹന്‍, അലക്സാണ്ടര്‍ ജോയ്, ജോസ്ന കെ.വൈ. എന്നിവരുടെ ലേഖനങ്ങളാണ് അവസാന റൗണ്ടില്‍ എത്തിയത്. ഇവരില്‍ ഒന്നും രണ്ടും സ്ഥാനത്തിനു വേണ്ടിയുള്ള ഫൈനല്‍ ലാപ്പില്‍ എത്തിയത് ജോസ്ന കെ.വൈ.യും അലക്സാണ്ടര്‍ ജോയിയും  ആണ്. ഇവരില്‍ ജോസ്ന കെ.വി.യുടെത് അക്കാഡെമിക് സ്വഭാവമുള്ള ലേഖനമാണ്. വളരെ കൃത്യതയുള്ള പഠനങ്ങളോടെ എഴുതിയ കല്ലേന്‍ പൊക്കുടന്‍റെ ജീവിതവും പരിസരവും വിശദീകരിക്കുന്ന കണ്ടല്‍ക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം വിവരിക്കുന്ന ലേഖനമാണ്. അതേ സമയം അലക്സാണ്ടര്‍ ജോയിയുടെ ലേഖനം പൊതു വായനയ്ക്കുള്ള പോപ്പുലര്‍ ശൈലിയിലുള്ളതും കൃത്യമായ രാഷ്ട്രീയ ചിന്തകള്‍ അടങ്ങിയതുമാണ്. ആഫ്രോ അമേരിക്കന്‍ ഏഴുത്തുകാരി നിക്കി ജിയോവാനിയുടെ പ്രസ്താവനയോടെ, ശക്തമായ അതിനോടൊപ്പം തന്നെ മനോഹരവുമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. പരിസ്ഥിതിക ബോധത്തിനോടൊപ്പം ചരിത്രപരമായ കറുത്തവന്‍റെ, കീഴാളന്‍റെ രാഷ്ട്രീയ പരിസരങ്ങളെ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കാനും അലക്സാണ്ടര്‍  ജോയിക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അലക്സാണ്ടര്‍ ജോയിയുടെ എഴുത്ത് ഈ ലേഖന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതായി ഈ ജ്യൂറി പ്രഖ്യാപിക്കുകയാണ്. രണ്ടാം സമ്മാനം ജോസ്ന കെ.വൈ.യുടെ ലേഖനത്തിന് നല്‍കുന്നതായും അറിയിക്കുന്നു. ഒന്നാം സമ്മാനത്തുകയായ മൂവായിരം രൂപയ്ക്കും  രണ്ടാം സമ്മാനത്തുകയായ 2000 രൂപയ്ക്കും ഒപ്പം സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക്  അയച്ചുകൊടുക്കുന്നതാണ്. കൂടാതെ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. ഇതിനെല്ലാം പുറമേ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച ലേഖനങ്ങള്‍ ഒന്നിപ്പില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. 

 

 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image