Image

ഭൂമിക്ക് തണലായ പൊക്കുടന്‍

ഭൂമിക്ക് തണലാകുന്ന മരങ്ങളെക്കുറിച്ച് നമുക്ക് അറിയാം. എന്നാല്‍ എന്നാല്‍ പൊക്കുടന്‍ ഭൂമിക്ക് തണലാകുന്ന മനുഷ്യനാണ്. ജോസ്ന കെ. വൈ. എഴുതുന്നു.

ആമുഖം

മനുഷ്യകുലം ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം ജീവിതത്തിന് ഒരു ഉറപ്പുമില്ലാത്ത ദുരിതങ്ങളാണ് ഇന്ന് മനുഷ്യകുലം അനുഭവിക്കുന്നത്. ഒരുവശത്ത് പ്രകൃതിദുരന്തങ്ങളും മറുവശത്ത് മഹാമാരികളും പടര്‍ന്നുപിടിക്കുമ്പോള്‍ സ്വന്തം ജീവന് ഒരു ഉറപ്പും ഇല്ലാതെ ഭയത്തോടെ ജീവിക്കാന്‍ മാത്രമേ ഇന്ന് കഴിയുന്നുള്ളൂ. ഈ അവസരത്തിലാണ് കല്ലേന്‍ പൊക്കുടന്‍ എന്ന വ്യക്തിയും ഓരോ മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തില്‍ ഒരു വിശകലനം ആവശ്യമായി വരുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ന് മനുഷ്യന്‍ നേരിടുന്ന ദുരിതങ്ങളെ വളരെ കാലങ്ങള്‍ക്കു മുന്‍പേ തന്നെ മുന്‍കൂട്ടിക്കണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യജീവന് നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കിയ വ്യക്തിയാണ് കല്ലേന്‍ പൊക്കുടന്‍. എന്നാല്‍ മനുഷ്യകുലം അത് വകവയ്ക്കാതെ ഭൂമിയെയും പ്രകൃതിയെയും അതിലെ വനങ്ങളും പക്ഷിമൃഗാദികളും അടങ്ങിയ ജൈവ വസന്തത്തെ മുഴുവന്‍ ഫാക്ടറികള്‍ ആക്കി മാറ്റി. ഇന്ന് അതിന്‍റെ ദുരിതങ്ങള്‍ മനുഷ്യകുലം അനുഭവിക്കുകയാണ്.

കേരളത്തിലെ സമകാലിക പരിസ്ഥിതിയില്‍ കല്ലേന്‍ പൊക്കുടന്‍റെ ജീവിത ആദര്‍ശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അദ്ദേഹം സ്വന്തം ജീവിതത്തെ തന്നെ പ്രകൃതിയുടെ സംരക്ഷണത്തിനുവേണ്ടി മാറ്റിവെച്ച വ്യക്തിത്വമാണ്. പ്രകൃതി ഇല്ലാതെ വരും തലമുറകള്‍ക്ക് ഒരു സുസ്ഥിരമായ നിലനില്‍പ്പില്ലെന്ന് അദ്ദേഹം എത്രയോ കാലങ്ങള്‍ക്കു മുന്‍പേ തന്നെ തിരിച്ചറിഞ്ഞിരുന്നു. പ്രകൃതിയാണ് ജീവവായു എന്നും അതിനെ നിലനിര്‍ത്തുക അത്യന്താപേക്ഷിതമാണെന്നും ഉള്ള മുന്നറിയിപ്പ് നല്‍കിയ അദ്ദേഹത്തിന്‍റെ വാക്കുകള്‍ യുവതലമുറ നിഷേധിച്ചതിന്‍റെ വിപത്തുകള്‍ ആണ് ഇന്ന് സമകാലിക കേരളം നേരിടുന്ന പാരിസ്ഥിതിക ദുരിതങ്ങളുടെ പ്രധാന കാരണം. യുവതലമുറ വയലുകളും ചതുപ്പുകളും എല്ലാം നികത്തി അവിടെ വലിയ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ്. പൊക്കുടന്‍ നമ്മെ പഠിപ്പിച്ച പാഠം കണ്ടലുകള്‍ എന്നത് കേവലം ചെറിയൊരു വനം മാത്രമല്ല, അതിനപ്പുറം അത് വലിയൊരു ആവാസവ്യവസ്ഥ കൂടിയാണ് എന്നാണ്. അതിനെ നശിപ്പിക്കുമ്പോള്‍ ഒരുകൂട്ടം ജൈവ സമ്പത്താണ് ഇല്ലാതാകുന്നത്. അതുകൊണ്ടാണ് മരങ്ങള്‍ക്കു പകരം കണ്ടല്‍ക്കാടുകളെ തന്നെ നട്ടു സംരക്ഷിക്കാന്‍ പൊക്കുടന്‍ തയ്യാറായത്. ഒരുവശത്ത് അദ്ദേഹം മരങ്ങളും കണ്ടലുകളും നട്ടുപിടിപ്പിച്ചപ്പോള്‍ മറുവശത്ത് അതിന്‍റെ ഇരട്ടി കണ്ടല്‍ വനങ്ങള്‍ വെട്ടിമാറ്റുകയാണ് കേരളജനത ചെയ്തത്. ഇതാണ് കേരളത്തിലെ മറ്റു ജനങ്ങളും പൊക്കുടനും തമ്മിലുള്ള വ്യത്യാസം. കണ്ടല്‍ക്കാടുകളെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്‍റെ കണ്ടല്‍ ജീവിതമാണ് ഇന്ന് ഒരു പരിധിവരെ നമ്മെ ദുരന്തങ്ങളില്‍ കുറച്ചെങ്കിലും അതിന്‍റെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചത്. അത്തരത്തില്‍ കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ മനുഷ്യര്‍ക്ക് മുഴുവന്‍ കേവലം പ്രകൃതിസ്നേഹി എന്നതിനേക്കാള്‍ ഒരു ദുരന്ത രക്ഷകന്‍ എന്ന സ്ഥാനം കൂടി പൊക്കുടനുണ്ട്. അത് ഈ ജനസമൂഹം മാത്രമല്ല, ലോകം മുഴുവന്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇതാണ് യഥാര്‍ത്ഥത്തില്‍ മറ്റു വ്യക്തികളില്‍ നിന്ന് പൊക്കുടനെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍ ആ വ്യത്യാസത്തെ സാമ്യതയിലേക്ക് എത്തിക്കാതെ ഒരിക്കലും ഭാവിയിലെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ല എന്നതാണ് വാസ്തവം. ഈയൊരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകളെ അതിന്‍റെ ഏറ്റവും ആന്തരികവും അര്‍ത്ഥപൂര്‍ണ്ണവുമായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുകയും പഠന വിധേയമാക്കുകയും ചെയ്ത് വരുംകാലങ്ങളിലെ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് സമകാലിക യുവതലമുറയില്‍ നിക്ഷിപ്തമായ കടമ.

ഭൂമിക്ക് തണലാകുന്ന കല്ലേന്‍ പൊക്കുടന്‍.

ഭൂമിക്ക് തണലാകുന്ന ഒരു അന്തരീക്ഷപാളിയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അത് ഭൂമിയെ മറ്റു അണു വികിരണങ്ങളില്‍ നിന്നെല്ലാം സംരക്ഷിച്ചു നിര്‍ത്തുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ സ്വന്തം ജീവിതം കൊണ്ട് തന്നെ എങ്ങനെയാണ് ഭൂമിയ്ക്ക് തണലായതെന്ന് നാം പഠന വിധേയമാക്കണം. അതിന് കേവലം അദ്ദേഹത്തിന്‍റെ ജീവചരിത്രം വായിച്ചതുകൊണ്ട് മാത്രം ആവില്ല. കണ്ടല്‍ സംരക്ഷകന്‍ എന്നതിലുപരി ഒരു ജീവിതകാലം മുഴുവന്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടി മാറ്റിവച്ച മഹനീയമായ ഒരു വ്യക്തിത്വം കൂടിയാണ് അദ്ദേഹം. പൊക്കുടന്‍ എങ്ങനെയാണ് ഭൂമിക്ക് തണലായതെന്ന് രണ്ട് അര്‍ത്ഥങ്ങളിലൂടെ പരിശോധിക്കേണ്ടിവരും. ആന്തരികമായ അര്‍ത്ഥത്തിലും ബാഹ്യമായ അര്‍ത്ഥത്തിലും. ബാഹ്യതലത്തില്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും ജീവചരിത്രവും നമുക്ക് പഠനവിധേയമാക്കേണ്ടതുണ്ട്.  'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം' എന്ന സ്വന്തം ആത്മകഥയില്‍ അദ്ദേഹം തന്‍റെ ജീവിതം എത്രത്തോളം കണ്ടലുകള്‍ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. കാടുകള്‍ വെട്ടി നശിപ്പിച്ചു കായലുകള്‍ നികത്തിയും ഇന്ന് ഒരു ജനത പ്രകൃതിയെ നശിപ്പിച്ചു വികസനത്തിലേക്ക് കുതിക്കുമ്പോള്‍ അവയെ ജീവവായുവായി കണ്ട് സംരക്ഷിക്കുന്നത് ജീവിതവ്യവസ്ഥയാക്കിയ പച്ചയായ മനുഷ്യനായിരുന്നു പൊക്കുടന്‍. 1937 മുതല്‍ 2015 വരെ നീണ്ട തന്‍റെ ജീവിതത്തില്‍ ഉടനീളം അദ്ദേഹം പ്രകൃതിയോടിണങ്ങിയ ജീവിതത്തിലൂടെയാണ് ലോക സമൂഹത്തിന് മാതൃകയാവുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനവും ജീവിതവും തന്നെയാണ് കല്ലേന്‍ പൊക്കുടന്‍ എന്ന സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗം എന്ന് മുദ്രകുത്തിയ ഒരു സമുദായത്തില്‍ നിന്നെല്ലാം കണ്ടല്‍ പൊക്കുടന്‍ എന്ന ലോകം മുഴുവന്‍ ആദരിക്കുന്ന വ്യക്തിത്വത്തിലേക്ക് ഉയര്‍ത്തിയത്. എണ്‍പതുകള്‍ വരെ രാഷ്ട്രീയപരമായും സാമൂഹികപരമായും വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു എങ്കിലും 1980കളുടെ അവസാനത്തോടെ അദ്ദേഹം പ്രകൃതിയുടെ ശ്വാസകോശം ആയ കണ്ടലുകളെക്കുറിച്ച് തിരിച്ചറിയുകയും അവയെ സംരക്ഷിക്കാനായി മുന്നോട്ടിറങ്ങുകയും ചെയ്തു.
 
ചെറുപ്പം മുതല്‍ ജാതീയമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ട ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു പൊക്കുടന്‍റെ ജീവിതം. എങ്കിലും ആ അടിമജീവിതം തന്നെയാണ് അദ്ദേഹത്തിന്‍റെ ജീവിതം മാറ്റിമറിക്കാന്‍ കാരണമായതും. സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ പാടത്തിന്‍റെ വശങ്ങളിലൂടെ പോകുമ്പോള്‍ കാറ്റ് ശക്തിയായി വീശുന്നതിനെ ചെറുക്കാന്‍ ആയിരുന്നു പൊക്കുടന്‍ ആദ്യം കണ്ടലുകള്‍ വച്ചുപിടിപ്പിച്ചത്. എങ്കിലും പിന്നീട് അതിന്‍റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ അദ്ദേഹം തന്‍റെ ജീവിതം മുഴുവന്‍ കണ്ടലുകളുടെ സംരക്ഷണത്തിലേക്ക് മാറ്റിവെച്ചു. ഒട്ടേറെ സ്ഥലങ്ങളില്‍ പിന്നീട് കണ്ടലുകള്‍ വച്ചുപിടിപ്പിച്ചുകൊണ്ട് വലിയൊരു പാരിസ്ഥിതിക വിപ്ലവമാണ് അദ്ദേഹം തുടങ്ങിയത്. 'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം' എന്ന ആത്മകഥയില്‍ അദ്ദേഹം കണ്ടല്‍ ജീവിതാനുഭവങ്ങളാണ് വിവരിക്കുന്നത്. മാത്രമല്ല വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും ഇന്ത്യയില്‍ നിന്ന് മറ്റു വിദേശ യൂണിവേഴ്സിറ്റികളില്‍ പോയി കണ്ടലുകളെക്കുറിച്ച് ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിലെ ഒട്ടേറെ സ്കൂളുകളില്‍ തന്‍റെ പ്രായത്തെ പോലും കണക്കാക്കാതെ ഓടിനടന്ന് ക്ലാസെടുത്തു. ഇങ്ങനെ ജീവിതം തന്നെ സമസ്ത തലങ്ങളിലും കണ്ടലുകള്‍ക്ക് വേണ്ടി മാറ്റിവെച്ചതിന് അദ്ദേഹത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ നല്‍കി ലോകം ആദരിച്ചു. ഇത്തരത്തിലെല്ലാം ബാഹ്യമായ അര്‍ത്ഥങ്ങളില്‍ കല്ലേന്‍ പൊക്കുടന്‍ എന്ന മനുഷ്യന്‍റെ പ്രാധാന്യത്തെ വിശകലനം ചെയ്യാം.

എന്നാല്‍ കുറച്ചുകൂടി ആഴത്തില്‍ ആന്തരികമായ അര്‍ത്ഥങ്ങളില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. ലോകപ്രശസ്ത പാരിസ്ഥിതിക ചിന്തകനായ ആന്ദ്രേ ഗോര്‍സ് തന്‍റെ 'ഇക്കോളജി രാഷ്ട്രീയം തന്നെ' എന്ന പുസ്തകത്തില്‍ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും മനുഷ്യന്‍ എങ്ങനെ പരിസ്ഥിതിയോട് ഇണങ്ങിയ സ്വാഭാവിക ജീവിതം നയിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. വളരെ ചെറിയ കാര്യങ്ങളാണെങ്കിലും അതിന്‍റെ ഫലം വലിയ പാരിസ്ഥിതിക സംരക്ഷണം ആണെന്ന് വ്യക്തമാക്കുന്നു. ഗോര്‍സിന്‍റെ അഭിപ്രായത്തിലുള്ള ആ പാരിസ്ഥിതിക രാഷ്ട്രീയ ജീവിതം നയിച്ച വ്യക്തിയാണ് കല്ലേന്‍ പൊക്കുടന്‍. അതുമാത്രമല്ല മറ്റൊരു പ്രധാനപ്പെട്ട വസ്തുത എന്നത് അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ക്ക് അര്‍ഹമായ ഒരു പരിഗണന ഒരിക്കലും കേരള സമൂഹത്തില്‍ നിന്ന് കിട്ടിയിട്ടില്ല എന്നതാണ്. ലോകത്തെ വലിയ പാരിസ്ഥിതിക വിപ്ലവം സൃഷ്ടിച്ച പുസ്തകമാണ് റേച്ചല്‍ കാഴ്സണ്‍ന്‍റെ 'നിശ്ശബ്ദ വസന്തം'. കാഴ്സണ്‍ ഈ പുസ്തകത്തില്‍ വരും ലോകത്തിന്‍റെ പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നല്‍കിയത്. പിന്നീട് അമേരിക്കയിലും ലോകമെമ്പാടും D.T.T. യ്ക്കെതിരെ അതൊരു വലിയ പാരിസ്ഥിതിക മുന്നേറ്റമായി വളര്‍ന്നു. എന്നാല്‍ നിശബ്ദ വസന്തത്തിന് സമാനമായ പുസ്തകമാണ് കേരളത്തില്‍ ഉണ്ടായ കല്ലേന്‍ പൊക്കുടന്‍റെ 'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം' എന്നത്. എന്നാല്‍ അതിന് വേണ്ട സ്വീകാര്യത കേരളത്തില്‍ ഉണ്ടായില്ല. കണ്ടലുകളെ സംരക്ഷിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക ദുരന്തങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ പൊക്കുടന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സമൂഹം അതിന് വേണ്ട പ്രാധാന്യം കൊടുക്കാത്തതിന്‍റെ ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. കാഴ്സണിന്‍റെ വീക്ഷണങ്ങളെയും ഭാവി പ്രവചനങ്ങളെയും അമേരിക്കന്‍ സമൂഹം ഉള്‍ക്കൊണ്ടതിനാല്‍ വലിയ ദുരന്തങ്ങളാണ് ഒഴിവായത്. 2004ല്‍ സുനാമി പിന്നീട് 2018, 2019, 2020 വര്‍ഷങ്ങളിലെല്ലാം ഉണ്ടായ പ്രളയങ്ങള്‍ ഇവയെല്ലാം കേരളത്തെ പഠിപ്പിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും വീണ്ടും കല്ലേന്‍ പൊക്കുടനിലേക്ക് തിരിച്ചു പോകാനാണ്. ആധുനികാനന്തര സാമൂഹ്യശാസ്ത്ര ചിന്തകനായ ഉള്‍റിച്ച് ബെക്ക് അദ്ദേഹത്തിന്‍റെ 'റിസ്ക് സൊസൈറ്റി ടുവാര്‍ഡ്സ് മോഡേണിറ്റി' എന്ന പുസ്തകത്തില്‍ ലോകം ഒട്ടേറെ പാരിസ്ഥിതിക റിസ്ക്കുകള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാക്കുന്നു. അദ്ദേഹം വ്യക്തമാക്കുന്ന പാരിസ്ഥിതിക റിസ്കുകള്‍ മനുഷ്യനിര്‍മ്മിതമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. കാരണം പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള മനുഷ്യന്‍റെ പ്രവര്‍ത്തികളാണ് ഈ റിസ്കിനുള്ള പ്രധാന കാരണമായി ബെക്ക് സൂചിപ്പിക്കുന്നത്. അത്തരമൊരു റിസ്കിനെയാണ് കേരളസമൂഹത്തിനു മുന്നില്‍ പൊക്കുടന്‍ അവതരിപ്പിച്ചത്. തന്‍റെ മരണം വരെ കണ്ടലുകളുടെ മഹത്വത്തെപ്പറ്റിയും അവയില്ലാതെ കേരളത്തിന് നിലനില്‍പ്പില്ലെന്നും കേരളത്തെ പഠിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അതിനെ കേരളം ഉള്‍ക്കൊള്ളാത്തതിന്‍റെയും കണ്ടലുകളും ചതുപ്പുകളും നികത്തി വികസനം കൊണ്ടുവന്നതിന്‍റെയും പ്രത്യാഘാതങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്. തീര്‍ച്ചയായും പൊക്കുടന്‍റെ സംഭാവനകളെ തിരിച്ചറിഞ്ഞ് സമകാലിക സമൂഹം പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയിലൂടെ ഒരു പുതിയ സാമൂഹ്യനിര്‍മ്മിതി ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നാണ് പൊക്കുടന്‍റെ ജീവിതം യുവതലമുറയെ പഠിപ്പിക്കുന്നത്.

വരുംതലമുറയ്ക്ക് പൊക്കുടന്‍ വഴികാട്ടിയാവുമ്പോള്‍.

കല്ലേന്‍ പൊക്കുടന്‍ കേവലം കേരളത്തില്‍ ജീവിച്ചിരുന്ന ഒരു പ്രകൃതി സ്നേഹിയും കണ്ടല്‍ സംരക്ഷകനും മാത്രമല്ല. അതിനപ്പുറം അദ്ദേഹത്തിന്‍റെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നങ്ങളില്‍ നിന്ന് സമകാലിക ലോകം ഏറെ മനസ്സിലാക്കാനും തിരിച്ചറിവുകളിലേക്ക് മുന്നേറാനും ഉണ്ട്. ചുവപ്പില്‍ നിന്നും പച്ചയിലേക്ക് മാറിയ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം മുഴുവന്‍ പ്രകൃതിക്കു വേണ്ടിയായിരുന്നു. അതുതന്നെയാണ് ആ പച്ചയായ മനുഷ്യന്‍റെ ആദര്‍ശ സ്വത്വവും. പഴയങ്ങാടിയിലെ നാട്ടുകാര്‍ കണ്ടലുകള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിക്കുകയും പഴയങ്ങാടിയിലെ കണ്ടല്‍ച്ചെടികള്‍ വെട്ടിനശിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നയിച്ച് കൂടുതല്‍ കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചാണ് കല്ലേന്‍ പൊക്കുടന്‍ നാട്ടുകാര്‍ക്ക് കണ്ടല്‍ പൊക്കുടന്‍ ആയി മാറിയതും യുനെസ്കോയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി മാറിയതും. അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ കണ്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്‍റെ ചിഹ്നമായി പൊക്കുടനെ പ്രതിഷ്ഠിക്കുന്നത്. പ്രകൃതി മാത്രമല്ല ചൂഷണത്തിന് ഇരയാകുന്നതെന്നും അതിനെ ആശ്രയിച്ചു കഴിയുന്ന കേരളത്തിലെ താഴ്ന്ന വിഭാഗങ്ങളെന്നു പറയപ്പെടുന്ന താഴ്ന്ന ജാതിക്കാരായി പരിഗണിക്കപ്പെടുന്ന മനുഷ്യരും ചൂഷണങ്ങള്‍ക്ക് ഇരയാവുന്നു എന്ന് തന്‍റെ പോരാട്ടങ്ങളിലൂടെ പ്രത്യക്ഷത്തില്‍ പ്രകൃതിയെയും പരോക്ഷമായി ആദിവാസി ദളിത് വിഭാഗങ്ങളെയും വീണ്ടെടുക്കാന്‍ കൂടിയാണ് അദ്ദേഹം ശ്രമിച്ചതെന്ന് വ്യക്തമാണ്. തീര്‍ച്ചയായും ഇനിയുള്ള കാലത്ത് പരിസ്ഥിതി സംരക്ഷണ യജ്ഞത്തില്‍ കേരളത്തിലെ വരേണ്യ ജനവിഭാഗത്തിനല്ല, മറിച്ച് സാധാരണക്കാരായ ജനവിഭാഗത്തിനാണ് ഏറെ പങ്കുവഹിക്കാനുള്ളതെന്നും പൊക്കുടന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കേണ്ടതുണ്ട്.

പാരിസ്ഥിതിക സംരക്ഷണം യുവതലമുറയില്‍ വളര്‍ത്തുന്നതില്‍ വിദ്യാഭ്യാസത്തിനും വലിയ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ വ്യക്തികൂടിയായിരുന്നു പൊക്കുടന്‍. അതുകൊണ്ടു കൂടിയാണ് അദ്ദേഹം തന്‍റെ അവസാനകാലങ്ങളില്‍ കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തനസമയങ്ങള്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി ചെലവഴിച്ചത്. എന്നാല്‍ നിരീക്ഷിച്ചാല്‍ വ്യക്തമാകുന്ന വസ്തുത എന്തെന്നാല്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ വളരെ കുറച്ചുമാത്രമേ പാഠഭാഗങ്ങളായി കുട്ടികള്‍ക്ക് പഠിക്കാനുള്ളൂ എന്നതാണ്. 2005ല്‍ അദ്ദേഹത്തിന്‍റെ ആത്മകഥയിലെ ഒരു ഭാഗം ആറാം ക്ലാസില്‍ പഠിക്കാന്‍ ഉണ്ടായിരുന്നത് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗത്ത് ആണെങ്കിലും കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലും അതുപോലെ മലയാളം യൂണിവേഴ്സിറ്റിയിലും മാത്രമേ പാഠ്യപദ്ധതിയില്‍ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ പുസ്തകങ്ങളെക്കുറിച്ചും പഠിക്കാനുള്ളൂ. എന്നാല്‍ കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ കൂടിയും അദ്ദേഹത്തെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതുപോലെ തന്നെ തന്‍റെ അവസാനകാലത്ത് കണ്ടലുകളെക്കുറിച്ച് പഠിക്കാന്‍ മാത്രം ഒരു 'കണ്ടല്‍ സ്കൂള്‍' എന്ന തന്‍റെ ആഗ്രഹം ബാക്കിവെച്ചാണ് യാത്രയായത്. ഇന്നും സഫലമാകാത്ത അദ്ദേഹത്തിന്‍റെ ആഗ്രഹം നടക്കാന്‍ കേരളസമൂഹവും ഗവണ്‍മെന്‍റും ശ്രമിക്കേണ്ടതുണ്ട്. കണ്ടലുകളെകുറിച്ചുള്ള കൂടുതല്‍ ഗവേഷണത്തിനും ഇത് ഏറെ സഹായകമാകും. കേരളത്തിന്‍റെ അഭിമാനമായി മാറിയ ഈ പാരിസ്ഥിതിക പോരാളിയോടുള്ള ആദരംകൂടിയായി മാറും കണ്ടല്‍ സ്കൂള്‍ എന്ന ഈ ആശയം.

വിദ്യാഭ്യാസം എന്നത് ഒരു മനുഷ്യനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതാണ്. എന്നാല്‍ കല്ലേന്‍ പൊക്കുടന്‍ എന്ന കേരളത്തിലെ സാധാരണക്കാരനായ, താഴ്ന്ന ജാതിയിലെ അംഗമായ, ഏറെ ചൂഷണങ്ങള്‍ ഏറ്റുവാങ്ങിയ മനുഷ്യന്  പ്രാഥമിക വിദ്യാഭ്യാസം മാത്രമേ കൈമുതലായുള്ളൂ. നാട്ടുഭാഷ അല്ലാതെ ഇംഗ്ലീഷോ മറ്റു വിദേശ ഭാഷകളോ അറിയില്ല. ആ നിരക്ഷരനായ വ്യക്തിയാണ് ലോകത്തെ പ്രഗല്‍ഭരായ സസ്യശാസ്ത്രജ്ഞരെക്കാളും അധികമായി കണ്ടലുകളെക്കുറിച്ചുള്ള അറിവ് ലോകം മുഴുവന്‍ സഞ്ചരിച്ച് അവതരിപ്പിച്ചത്. വിവിധങ്ങളായ പുസ്തകങ്ങള്‍ എഴുതിയത്. കേരളത്തിലെയും ഇന്ത്യയിലെയും ഏതൊരു സസ്യശാസ്ത്രജ്ഞര്‍ക്കുമുള്ളതിനേക്കാള്‍ അറിവ് കണ്ടലുകളെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ട്. യഥാര്‍ത്ഥത്തില്‍ പൊക്കുടന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ ശാസ്ത്രസമൂഹം പോലും കണ്ടലുകളുടെ മഹത്വം തിരിച്ചറിയുന്നത്. തീര്‍ച്ചയായും അനുഭവമാണ് ഏറ്റവും വലിയ അറിവും ജ്ഞാന സമ്പത്തുമെന്ന് തെളിയിക്കുകയാണ് പൊക്കുടന്‍. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടാകുന്നുണ്ട് എന്ന ചിന്തക്ക് കൂടി ഇത് വഴി തുറക്കുകയാണ്.  
ലോകപ്രശസ്ത സാമൂഹ്യ ചിന്തകയായ മരിയ മോണ്ടിസോറി തന്‍റെ 'എക്സ്പീരിയന്‍സ് എഡ്യൂക്കേഷന്‍' എന്ന ആശയത്തില്‍ വ്യക്തമാക്കുന്നത് കുട്ടികള്‍ ആറു വയസ്സിനു മുന്‍പ് എന്താണോ തങ്ങളുടെ വിദ്യാഭ്യാസത്തിലൂടെ പ്രായോഗികമായി ചെയ്യാന്‍ പഠിക്കുന്നത് അത് അവര്‍ ജീവിതകാലം മുഴുവന്‍ തുടരും എന്നതാണ്. ചുരുക്കത്തില്‍ കേരളത്തിലെ ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധിക്കുള്ള പരിഹാരം എന്നത് പൊക്കുടന്‍ വ്യക്തമാക്കുന്നതു പോലെ വളര്‍ന്നുവരുന്ന യുവതലമുറയാണ്. അവര്‍ക്ക് തങ്ങളുടെ വളരെ ചെറിയ പ്രായത്തിലെ കിട്ടുന്ന സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ പ്രകൃതി സംരക്ഷണം അനുഭവിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ അവര്‍ വളര്‍ന്നു വലുതാകുമ്പോഴും അത് ചെയ്യുകയുള്ളൂ. അത്തരമൊരു അനുഭവാധിഷ്ഠിത പാരിസ്ഥിതി വിദ്യാഭ്യാസത്തിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ പാഠ്യപദ്ധതി മാറേണ്ടതുണ്ട്. പ്രശസ്ത വിദ്യാഭ്യാസ ചിന്തകനായ ഇവാന്‍ ഇല്ലിച്ച് തന്‍റെ 'ഡി സ്കൂളിംഗ് സൊസൈറ്റി' എന്ന ആശയത്തിലും പരിസ്ഥിതിയോട് ഇണങ്ങിയ പരിസ്ഥിതി സൗഹൃദ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്. തീര്‍ച്ചയായും കല്ലേന്‍ പൊക്കുടന്‍ സ്വപ്നം കണ്ടതു പോലെ വരുംകാലഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ സ്വപ്നമായ ഭൂമിയുടെ ശ്വാസകോശമായ കണ്ടലുകലെ സംരക്ഷിക്കാന്‍ യുവതലമുറയ്ക്ക് ബാധ്യതയുണ്ട്.

ഉപസംഹാരം.

തീര്‍ച്ചയായും കേരളത്തില്‍ ജീവിച്ചിരുന്ന കേവലം ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല പൊക്കുടന്‍. കേരളത്തെ ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷിച്ച ഒരു മെഴുകുതിരി നാളം കൂടിയാണ്. ആ വ്യക്തിത്വ സ്മരണകള്‍ ഇന്നും കെടാതെ കേരളസമൂഹത്തില്‍ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമകാലിക കേരളത്തിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്ക് ഒട്ടേറെ പ്രാധാന്യമുണ്ട്. ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഓരോന്നും. അദ്ദേഹം ആഗ്രഹിച്ചത് പോലൊരു കണ്ടല്‍ സൗഹൃദ സംസ്ഥാനമായി കേരളം വളരേണ്ടതുണ്ട്. കണ്ടലുകളെ അവയുടെ സ്വാഭാവികതയില്‍ വളരാന്‍ അനുവദിച്ചു കൊണ്ട് നമ്മുടെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. മാത്രമല്ല അദ്ദേഹം സ്വപ്നം കണ്ടതുപോലെ കണ്ടല്‍ പഠനത്തിനും ഗവേഷണത്തിനുമായുള്ള ഒരു കണ്ടല്‍ സ്കൂളും ഭാവിയിലെ കണ്ടല്‍ സംരക്ഷണ യജ്ഞത്തിനുവേണ്ടി നാം കരുതി വയ്ക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ പൊക്കുടനെയും അദ്ദേഹത്തിന്‍റെ ആശയങ്ങളെയുംകുറിച്ച് ഭാവി തലമുറയെ ജ്ഞാന സമ്പന്നമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവര്‍ക്ക് പ്രകൃതിയുടെ അനുഭവം തിരിച്ചറിയാന്‍ സാധ്യമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ വരുംകാലഘട്ടത്തില്‍ പൊക്കുടന്‍ യജ്ഞങ്ങള്‍ യുവതലമുറയിലൂടെ തുടരാന്‍ നമുക്ക് കഴിയൂ. ഒരു പുതിയ പാരിസ്ഥിതിക നവോത്ഥാനത്തിനും അങ്ങനെ ഒരു പുതിയ സാമൂഹ്യ നിര്‍മ്മിതിക്കും തുടക്കം കുറിക്കാന്‍ യുവതലമുറ കല്ലേന്‍ പൊക്കുടനെ കൂടുതല്‍ അറിയേണ്ടതുണ്ട്.

 

സഹായഗ്രന്ഥങ്ങള്‍
1    പൊക്കുടന്‍, കല്ലേന്‍. 2013. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം. ഗ്രീന്‍ ബുക്സ്. തൃശൂര്‍
2    പൊക്കുടന്‍, കല്ലേന്‍. 2013. കറുപ്പ് ചുവപ്പ് പച്ച. ഗ്രീന്‍ ബുക്സ്. തൃശ്ശൂര്‍.
3    കാഴ്സണ്‍, റേച്ചല്‍. 2011. നിശബ്ദ വസന്തം. ഡി.സി. ബുക്സ്. കോട്ടയം.
4    ഗോര്‍സ്, ആന്ദ്രേ. 2013. ഇക്കോളജി രാഷ്ട്രീയം തന്നെ. കേരളീയം പുസ്തകശാല. തൃശ്ശൂര്‍.
5    Beck, Ulrich. 1992. Risk Society Towards Modernity. SAGE Publications.

 

ജോസ്ന കെ. വൈ. 
എം.എ. സോഷ്യോളജി, 
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image