Image

പൊക്കുടനൊരു വൃക്ഷത്തിന്‍റെ ആത്മകഥയാണ്

ഒന്നിപ്പ് ഓണ്‍ലൈന്‍ മാഗസിനും കല്ലേന്‍ പൊക്കുടന്‍ മാന്‍ഗ്രൂവ് ട്രീ ട്രസ്റ്റും ഗൂസ്ബെറി ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സും ചേര്‍ന്ന് നടത്തിയ 'പൊക്കുടനും ഞാനും തമ്മില്‍' എന്ന ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ, അലക്സാണ്ടര്‍ പി. ജോയ് എഴുതിയ ലേഖനം.

 

ഫോട്ടോ : കെ.ടി.ബാബുരാജ്

"നമുക്കെപ്പോഴും എന്തെങ്കിലും ചെയ്യുവാനായുണ്ട്, ഭക്ഷണം നല്‍കാൻ വിശക്കുന്നവരുണ്ട്... ഉടുപ്പിക്കാൻ നഗ്നരായവരുണ്ട്... പരിചരിക്കുവാനും ആശ്വസിപ്പിക്കാനും രോഗികളുണ്ട്... നിങ്ങൾ ലോകം മുഴുവനെയും രക്ഷിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നിലെങ്കിലും, നിങ്ങൾ ആരോടൊപ്പമാണോ ഉറങ്ങുന്നത് അവരെയെങ്കിലും സ്നേഹിക്കുക. സുഹൃത്തെന്ന് വിളിക്കുന്നവരുടെ സന്തോഷം പങ്കിടുക. ദർശനമുള്ളവരോട് ഇടപഴകുക.  വിഷാദവും നിരാശയും അനാദരവും വാഗ്ദാനം ചെയ്യുന്നവരെ ജീവിതത്തിൽ നിന്ന് അകറ്റിമാറ്റുക."
ആഫ്രോ അമേരിക്കൻ എഴുത്തുകാരി 'നിക്കിജിയോവാനി'യുടെ ഈ പ്രസ്താവനയോട് ചേർത്ത് വായിക്കാവുന്ന സാർവ്വത്രിക മമതയുടെ പേരാണ്  'കണ്ടൽപൊക്കുടൻ'. 

ലോകം മുഴുവൻ രക്ഷിക്കാനല്ലെങ്കിലും മനുഷ്യരാകമാനം ഉറങ്ങുന്ന മടിത്തട്ടായ പ്രകൃതിയുടെ കാവൽക്കാരനായവൻ, അതേ മടിത്തട്ടിൽ ഓരോ രാവിലും തലചായ്ക്കുന്ന പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും കൂടൊരുക്കിയവൻ, കണ്ടൽവനങ്ങളെ സുഹൃത്തുക്കളാക്കി അവർക്കായി ജീവനേകി... മർദിതമാനവകോടികൾക്ക് വിഷാദവും നിരാശയും അനാദരവും മാത്രം കൂലിയായി നൽകുന്ന മുതലാളിത്ത വ്യവസ്ഥിതിക്ക്  എതിരെ പോരാടിയ മനുഷ്യസ്നേഹി.  

ഹരിതരാഷ്ട്രീയത്തിന്‍റെ വക്താവ് എന്നതിനോടൊപ്പം തന്നെ വർഗ്ഗബോധമുള്ള അനേകം ദാര്‍ശനികന്മാരിൽ ഒരാളായിരുന്നു കല്ലേന്‍ പൊക്കുടൻ. ഉന്നതവിദ്യാഭ്യാസത്തിന്‍റെ  കൊടുമുടിയിൽ നിൽക്കുമ്പോഴും അരാഷ്ട്രീയതയും രാഷ്ട്രീയഅജ്ഞതയും മൂലം സാമൂഹിക-സാംസ്കാരിക ജീർണ്ണതയ്ക്കു പാത്രമായിക്കൊണ്ടിയിരിക്കുന്ന ഒരു സമൂഹത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത പൊക്കുടൻ എന്ന മനുഷ്യൻ, വർഗ്ഗബോധത്തോടും വിശ്വമാനവബോധത്തോടും കൂടെ തന്‍റെ രാഷ്ട്രീയംവിളിച്ചുപറഞ്ഞത്.  ഇവിടെയാണ് കല്ലേൻപൊക്കുടൻ എങ്ങിനെയാണ് നമ്മുടെ ജീവിതത്തിന് വഴിക്കാട്ടിയാവുന്നത് എന്നതിരിച്ചറിവ് നമുക്കുണ്ടാകുന്നത്. ജാതീയതയുടെയും വർഗ്ഗവിവേചനത്തിന്‍റെയും കൃത്യമായ രാഷ്ടീയ- സാമൂഹികമാനങ്ങളെ ഉൾകൊള്ളുന്ന അതിവിശാലമായ പീഠത്തിൽ നിന്ന് തന്നെ വിശകലനം ചെയ്താൽ മാത്രമേ പൊക്കുടൻ പകർന്നുനൽകുന്ന രാഷ്ട്രീയആത്മബോധത്തിന്‍റെ ആഴത്തിന്‍റെ പ്രതലത്തിലെങ്കിലും ചെന്നെത്താൻ നമുക്കാകൂ. 

'മാൽകം എക്സ്' പറയുന്നത് പോലെ ''ഈ രാഷ്ട്രീയബോധം പൗരാവകാശങ്ങളുടേത് അല്ല പിന്നെയോ മനുഷ്യാവകാശത്തിനുള്ള അച്ചാരമാണ്''. പൊക്കുടന് പരിസ്ഥിതിസ്നേഹം എന്നത് ഒരു ദളിതന്‍ ജീവിതത്തില്‍ നേരിട്ട എല്ലാ വിധത്തിലുമുള്ള അവഗണനകളോടുമുള്ള പ്രതികാരം കൂടിയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ വളര്‍ച്ചയ്ക്ക് ഇരയാവുന്നത് ദളിതരും പരിസ്ഥിതിയുമാണെന്ന് പൊക്കുടന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ വളര്‍ത്തിയെടുത്ത ഹരിതപ്രത്യയശാസ്ത്രത്തിലൂന്നിയായിരുന്നു. 

ലോകചരിത്രം മുഴുവൻ പരിശോധിച്ചാലും വർഗ്ഗബോധമുണ്ടായിരുന്നത്, പ്രകൃതിയെ അമ്മയായി ഹൃദയം കൊണ്ട് കണ്ട, പ്രകൃതിസംരക്ഷണത്തിന് ആത്മാർത്ഥമായി ചിറകുവിടർത്തുന്നത് അക്ഷരം പോലും പഠിക്കാൻ അനുവാദം ഇല്ലാതിരുന്ന അധഃസ്ഥിതൻ എന്ന് വിളിക്കപ്പെട്ടവനായിരുന്നു.

1993  മുതൽ 'പ്രോസ്സ്സോ ഡി കമ്യൂനിഡാസിസ്നീഗ്രസ് ' എന്ന നൂറ്റിനാല്‍പ്പതിൽ അധികം ചെറുപ്രവർത്തനസംഘങ്ങളെ ഒന്നിച്ചുചേർത്തു കൊണ്ടുള്ള അന്താരാഷ്ട്രസംഘം രൂപീകരിച്ചത് കറുത്തവംശജരായിരുന്നു. വർഗ്ഗബോധമെന്നത് വേർതിരിച്ചുനിർത്തൽ അല്ല, മറിച്ച് പ്രകൃതിയെയും മനുഷ്യനെയും ഒന്നിച്ചു നിർത്തിക്കുന്ന രാഷ്ട്രീയബോധമാണെന്ന് ഈ  പ്രവർത്തനങ്ങൾ എല്ലാംതന്നെ വിളിച്ചുപറയുന്നു.

പൊക്കുടൻ അതിരാവിലെ തൂക്കുപാത്രത്തില്‍ കഞ്ഞിയും വെള്ളവുമായി പഴയ വള്ളം തുഴഞ്ഞ് പുഴക്കരയിലേക്ക് പോയി അവിടെ കണ്ടൽ തൈകൾ നട്ടു. മാസങ്ങള്‍ കൊണ്ട് അത് അഹന്തയോടെ തന്നെ പുഴയോരത്ത് പടരുന്നത് പൊക്കുടന്‍ ഉള്ളുനിറഞ്ഞ പുഞ്ചിരിയോടെ പുഴയോരത്ത് നോക്കിനിന്നു. 

പൊക്കുടനുള്ള ഔദ്യോഗിക വിദ്യാഭ്യാസത്തിന്‍റെ അഭാവം ഒരു പോരായ്മയല്ല, മറിച്ച് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് പുതുക്കേണ്ടതിലേക്കാണ് ചെന്നെത്തിക്കേണ്ടത് എന്ന് തിരിച്ചറിയുമ്പോഴാണ് പൊക്കുടന്‍റെ രാഷ്ട്രീയബോധം എത്രമാത്രം ഗഹനമാണെന്ന് മനസ്സിലാക്കാനാവുക. ഒരു ജീവിതത്തിന് എങ്ങനെ ജ്ഞാനസമ്പുഷ്ടമായ ഒരു സര്‍വ്വകലാശാലയാകാൻ കഴിയും, സ്വയമൊരു ഗ്രന്ഥസമുച്ചയമാവാൻ കഴിയും, ഒരു വ്യക്തിക്ക് എങ്ങനെ ഒറ്റക്കൊരു പ്രസ്ഥാനമാകാൻ കഴിയും എന്നറിയണമെങ്കിൽ കല്ലേന്‍പൊക്കുടൻ എന്ന പുലയന്‍റെ ഏറെ അടരുകളുള്ള ജീവിതം മറിച്ചുനോക്കുക തന്നെ വേണം. 

ഈപശ്ചാത്തലത്തിൽ

“ഉടുപ്പിൽ തുന്നിച്ചേർക്കും ഉയർന്ന വിദ്യാഭ്യാസം, എത്ര താഴ്ത്തീലാ നമ്മെ ”                 
എന്ന വള്ളത്തോളിന്‍റെ വരികൾ അത്യുച്ചത്തിൽ തന്നെ നമ്മുടെ സാമൂഹിക ഇടങ്ങളിൽ മുഴങ്ങി കേൾക്കുന്നുണ്ട്. 

പൊക്കുടൻ എന്ന ഇതിഹാസത്തെ തമസ്കരിക്കാൻ കേരളീയ വരേണ്യബോധത്തെ പ്രേരിപ്പിച്ചത് പുലയന്‍ എന്ന അദ്ദേഹത്തിന്‍റെ ജാതി തന്നെയാണ് എന്ന തിരിച്ചറിവിൽ നിന്ന് കൂടി  വേണം അദ്ദേഹം ഉയർത്തിപ്പിടിച്ച വർഗ്ഗബോധത്തെ നാം മനസ്സിലാക്കേണ്ടത്.

ഫോട്ടോ : കെ.ടി.ബാബുരാജ്

“പൊലേന്‍റെമോൻ " എന്നത് കേരളത്തിലെ പലയിടത്തും ഇന്നും അസഭ്യമായ തെറിപ്പദമാണ്. പൊക്കിൾ വീർത്തവൻ എന്നാണ് പൊക്കുടൻ എന്ന പേരിനര്‍ത്ഥം. ജർമ്മനി, ഹംഗറി, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്‍റെ കണ്ടൽകാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. യുനെസ്കോയുടെ പരിസ്ഥിതി വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിത്തെക്കുറിച്ചുള്ള പ്രബന്ധങ്ങളിൽ പൊക്കുടന്‍റെ സംഭാവനകൾ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എൻ. പ്രഭാകരൻ അവതാരിക എഴുതിയ 'കണ്ടൽക്കാടുകൾക്കിടിയിൽ എന്‍റെ ജീവിതം' എന്ന പുസ്തകം കണ്ണൂർ സർവ്വകലാശാലയിൽ പാഠപുസ്തകമായിരുന്നതും ഇപ്പോള്‍ എംജി, പോണ്ടിച്ചേരി സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായിരിക്കുന്നതുമാണ്. എന്നിരുന്നാലും പൊക്കുടൻ എന്ന വ്യക്തിക്കോ അദ്ദേഹത്തിന്‍റെ സംഭവനകൾക്കോ നമ്മുടെ നാട്ടിൽ അക്കാദമിക തലത്തില്‍, സാമൂഹിക- സാംസ്ക്കാരിക തലത്തിൽ ആവശ്യമായ പ്രാധാന്യം കല്പിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ജാതീയതയുടെ രാഷ്ട്രീയ തൊടുവരകൾ ഇവിടെയും അതിരുതീർക്കുന്നു. അക്കാരണം കൊണ്ടു തന്നെ പൊക്കുടന്‍ എന്ന ഇതിഹാസത്തെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ പൊക്കുടൻ എന്ന പുലയന്‍ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അതൊരു പ്രതിരോധമാണ്. തമസ്ക്കരണത്തിനെതിരെയുള്ള രാഷ്ടീയ പ്രതിരോധം. 

പരിസ്ഥിതി പ്രവര്‍ത്തകൻ എന്ന ഒരു താള്‍ മാത്രമല്ല പൊക്കുടന്‍. പതിനേഴാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗമായി വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. ജന്മിത്വത്തിനെതിരെ, തന്‍റെ സമുദായത്തെ അടിമപ്പണിക്കാരായി നിലനിർത്തുന്ന വ്യവസ്ഥിതിക്കെതിരെ സമരംനയിച്ചിട്ടുണ്ട്, കർഷകസമരത്തിൽ പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്, ഒളിവില്‍ പോയിട്ടുണ്ട്…

പിൽക്കാലത്ത് കണ്ടൽക്കാടുകൾ നശിപ്പിച്ച് പാർക്ക് പണിയാൻ ഒരുങ്ങിയ സി.പി.ഐ.എമ്മുമായി കൊമ്പ്കോര്‍ത്തിട്ടുമുണ്ട്. ആദിവാസി-ദളിത് ദലിത് ചൂഷണങ്ങള്‍ പ്രമേയമാക്കിയ പാപ്പിലിയോബുദ്ധ എന്ന സിനിമയില്‍ ഒരു കഥാപാത്രം ചെയ്തിട്ടുമുണ്ട്. ഇവിടെയാണ് മാനവികതയിൽ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന മാനവികത തൊട്ടുതീണ്ടാത്ത മാനവന് ഒരു പാഠപുസ്തകമായി അയാൾ പരിണമിക്കുന്നത്. "മുതലാളിത്വവ്യവസ്ഥിതിയെയും, ചൂഷണം ചെയ്യുന്നവരെയും എതിർക്കുക എന്ന് പറയുന്നതിൽ എന്ത് നഷ്ടം വന്നാലും ശരി, എത്ര ത്യാഗം ചെയ്താലും ശരി, കഴുത്തിന്മേലെ തലയില്ലെങ്കിലും ശരി... അതിനെ എതിർക്കുക എന്ന തത്വം എന്നെ പഠിപ്പിച്ച എകെജിയും, കെപിആറും ഇമ്മിച്ചിബാവയും... നമ്മളെപഠിപ്പിക്കുന്നത്"  എന്ന പൊക്കുടൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം വിചിന്തനീയമാണ്. അങ്ങനെ ആ മനുഷ്യൻ ഭൂമിക്ക് സ്വയം ഒരു തണലാവുകയായിരുന്നു. 

ചിത്രകാരി പി.വി.ബീനയുടെ വര

'നോ ലോങ്ർ അറ്റ് ഈസ്' ൽ ചിനുവെഅച്ചെബേ പറയുന്നതു പോലെ, "അക്ഷമനായ ആദർശവാദി പറയുന്നു: ‘എനിക്ക് നിൽക്കാൻ ഒരു സ്ഥലം തരൂ, ഞാൻ ഭൂമിയെ ചലിപ്പിക്കും.’ എന്നാൽ അത്തരമൊരു സ്ഥലം നിലവിലില്ല.  നാമെല്ലാവരും ഭൂമിയിൽ തന്നെ നിൽക്കണം, അവളുടെ വേഗതയിൽ അവളോടൊപ്പം പോകണം.''   ഭൂമിയുടെ വേഗതയിൽ ഗതിനോക്കിയാണ് പൊക്കുടൻ അവൾക്കായി സംരക്ഷണത്തിന്‍റെ കവചം പണിഞ്ഞത്.

കണ്ടൽവനങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ മീനിന്‍റെയും ചെമ്മീനിന്‍റെയും ഞണ്ടുകളുടേയും കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി വളരുവാനുള്ള ആവാസവ്യവസ്ഥ നിലനിൽക്കുന്നു. വംശനാശം നേരിടുന്ന നീർനായ കണ്ടൽകാടുകളിൽ കണ്ടുവരാറുണ്ട്. ഇവയെ ഇന്‍റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആന്‍റ് നാച്ചുറൽ റിസോഴ്സ് റെഡ്ടാറ്റ ബുക്കിൽ വൾനറബിൾ വിഭാഗത്തിലും, ഇന്ത്യൻ വന്യജീവി സംരക്ഷണനിയമത്തിന്‍റെ പട്ടിക രണ്ടിലും, വംശനാശഭീഷണി നേരിടുന്ന കാട്ടുമൃഗങ്ങളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷന്‍റെ പട്ടികയിലും ഉൾപ്പെടുത്തിയിരിക്കുന്നു. ധാരാളം പക്ഷികൾക്കും അഭയം നൽകുന്ന ഇടമാണ് കണ്ടൽക്കാടുകൾ. അവിടെ സ്ഥിരമായി താമസിക്കുന്ന പക്ഷികളും, വർഷാവർഷം വന്നുപോകുന്ന ദേശാടനപക്ഷികളും ഇതിലുൾപ്പെടുന്നു. മുകളിൽ സൂചിപ്പിച്ച പല ഇനങ്ങൾക്കും പ്രത്യേകിച്ച് കടൽപ്പഞ്ഞി, പവിഴപ്പുറ്റുകൾ, കടൽവിശറികൾ, മൊളസ്കുകൾ, കടലാമകൾ, എന്നിവയ്ക്കും കൂടി വാസസ്ഥലമാകുന്ന കണ്ടൽവനങ്ങളാണ് പൊക്കുടൻ താങ്ങിനിര്‍ത്തിയത്.

ഉഷ്ണമേഖലാ കാലാവസ്ഥാ സവിശേഷതകൾ കാത്തുസൂക്ഷിക്കുന്നതിനും, ഏറെ കൃത്യമായി മഴ ലഭിക്കുന്നതിനും, വേനലും ശീതവും ഇടവിട്ട് നിലനിർത്തുന്ന, ആരോഗ്യകരമായ ഭക്ഷ്യശൃംഖലകൾ സംരക്ഷിക്കുന്നതിലും ജൈവോത്പാദനനിരക്ക് സന്തുലിതമാക്കുന്നതിലും കണ്ടലുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.  ഇനിയും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത വിവിധവും അസംഖ്യവുമായ സൂക്ഷ്മജീവികളും അകേശരുകളും ജീവിവർഗ്ഗങ്ങളുമുണ്ട്. ഇതിൽത്തന്നെ പരിണാമഗതിയിൽ അനന്യമായ അനുകൂലനങ്ങൾ ആർജ്ജിച്ച പക്ഷിവർഗ്ഗങ്ങളുടെ വൈവിധ്യവും, പ്രത്യക്ഷത്തിലും പരോക്ഷത്തിലും അവ നിർവഹിക്കുന്ന പാരിസ്ഥിതിക സന്തുലനത്തിന്‍റെ സേവനങ്ങളും ഏറെയാണ്. കണ്ടൽവനങ്ങൾ വിശാലമനസ്ക്കരായ ആതിഥേയരെ പോലെയാണ്. ഉത്തരാർദ്ധഗോളത്തിന്‍റെ മഞ്ഞുകാലത്തിന്‍റെ തീവ്രതയിൽ നിന്നകന്ന് ഭൂമധ്യരേഖാപ്രദേശങ്ങളിലെ സുഖകരമായ കാലാവസ്ഥയും ഭക്ഷ്യവൈവിധ്യവും തേടി ആയിരകണക്കിന് കിലോമീറ്ററുകൾ പറന്നെത്തുന്ന പക്ഷികൾക്കുള്ള സുഖവാസകേന്ദ്രനിർമ്മാണം കൂടിയാണ് കണ്ടൽപൊക്കുടൻ തീർത്ത ആവാസവ്യവസ്ഥകൾ. വെറും അതിഥികൾ എന്നതിനപ്പുറം, ഇവിടെ ആയിരിക്കുന്ന കാലത്ത് ദേശാടനപ്പക്ഷികൾ നിർവ്വഹിക്കുന്ന പാരിസ്ഥിതികദൗത്യം അത്രമേൽ അമൂല്യമാണ്. ഇരതേടുകയും ഇരയാവുകയും ചെയ്യുക വഴി അവ ഭക്ഷ്യശൃംഖല സന്തുലിതമാക്കുന്നു. അങ്ങനെ അവ ചെറുജീവികളുടെ പ്രജനനം നിയന്ത്രിക്കുന്നു, കളസസ്യങ്ങളുടെ വർദ്ധനവ് നിയ്രന്തിക്കുന്നു, കണ്ടൽക്കാടുകളിലെ ചെളിയുടെയും സമീപമണ്ണിന്‍റെയും വായുസഞ്ചാരവും അയവും വർധിപ്പിച്ച് കൂടുതൽ ഉത്പാദനക്ഷമമാക്കുന്നു. കൂടാതെ അവയുടെ വിസർജ്ജ്യങ്ങളിലെ രാസഘടകങ്ങളായ കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ മൂലകങ്ങൾ മണ്ണിനെ അതീവ സമ്പന്നമാക്കുന്നു. ഇത്തരത്തിൽ ഭൂമിയുടെ ഇരുഅർദ്ധഗോളങ്ങളിലും ഉള്ള ആവാസവ്യവസ്ഥയ്ക്ക് സന്തുലിതമായി വർത്തിക്കാൻ ആവശ്യമായ അന്തരീക്ഷം തീർക്കുകയാണ് പൊക്കുടൻ ചെയ്തത്.

അലക്സാണ്ടര്‍ പി. ജോയ്

താൻ കണ്ടെത്തിയ വെളിച്ചത്തിന്‍റെ പ്രഭ തലമുറകളിലേക്ക് കൈമാറുന്നതിനായി ഉതകുന്ന ഒന്നാണ്, കാലത്തെ അതിജീവിക്കുന്ന അക്ഷരങ്ങൾ എന്ന് തിരിച്ചറിഞ്ഞ ക്രാന്തദർശനത്തിന്‍റെ ആവിഷ്ക്കരണമാണ് പൊക്കുടന്‍റെ പുസ്തകങ്ങൾ. ഇനി വരുന്ന തലമുറകളിലേക്ക് ആർജ്ജവമേറിയ ഊർജ്ജം പകരുന്ന നക്ഷത്രമായി കണ്ടൽപൊക്കുടൻ എന്ന വൻകണ്ടലും അദ്ദേഹം ബാക്കിവച്ച പ്രവർത്തനങ്ങളും എഴുത്തുകളും സാമൂഹികബോധവും, പാരിസ്ഥിതിക അവബോധവും നിലകൊള്ളുന്നു.

"പൊക്കുടന്‍റെ ആത്മകഥ ഒരുവൃക്ഷത്തിന്‍റെ ആത്മകഥയാണ്" എന്നാണ് എൻ. വിജയൻ പ്രസ്താവിച്ചത്. ആദ്യത്തെ ആത്മകഥ 'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം' 2002-ല്‍, താഹ മാടായി കേട്ടെഴുതി. 'എന്‍റെ ജീവിതം' എന്ന് പേരിട്ട്, പൊക്കുടന്‍റെ മകന്‍ 'ശ്രീജിത്ത് പൈതലേന്‍' എഴുതിത്തയ്യാറാക്കിയതാണ് രണ്ടാം ആത്മകഥ. ആദ്യപുസ്തകം, പേര് സൂചിപ്പിക്കുന്നതു പോലെ കല്ലേന്‍ പൊക്കുടനെന്ന സാധാരണ മനുഷ്യനെ കണ്ടൽപൊക്കുടനാക്കുന്ന അസാധാരണമായ പരിണാമകാലത്തിന്‍റെ ഒരു കണക്കെടുപ്പാണ്. ആര്‍ക്കും വേണ്ടിയല്ലാതെ, പഴയങ്ങാടി പുഴയോരത്തും മറ്റിടങ്ങളിലും കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുന്ന, പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സദാആകുലനാവുന്ന ഒരാളുടെ ആത്മഭാഷണമാണത്.

''വാക്കുകള്‍ അനുഭവസത്യങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന അസാധാരണമായ ഉൾബലം കൊണ്ട് എല്ലാവരെയും വിനീതരാക്കുന്ന ഒരു ആത്മകഥ'' എന്ന് പ്രഭാകരൻ അവതാരികയിൽ അഭിപ്രായപ്പെടുന്നുണ്ട്. സമകാലിക കപടലോകത്തിന്‍റെ ബഹുവിധമായ പത്രാസ്സുകളില്‍ നിന്നകന്ന് ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുന്ന സുകൃതശാലികള്‍… ഏത് കൊടുങ്കാറ്റിലും അവരുടെ ഉള്ളിലെ പ്രകാശനാളം കെട്ടുപോവുകയില്ല.  പൊക്കുടന്‍ അങ്ങനെയൊരാളാണ്. കേരളത്തില്‍ ജീവിച്ചിരുന്ന ഒരു 'മസുനാബോഫുക്കുവോക്ക' എന്ന് തന്നെ  നമുക്ക് പറയാൻ സാധിക്കും .

ആത്മകഥയിലെ ഭാഷ കപടതകളുടെ മുഖംമൂടിയണിയാത്ത ഒരു പ്രത്യേകതരം ചേരുവയാണ്. ചില കുറിപ്പുകളിലെ ആഖ്യാനം ഋജുവും സരളവും ലളിതവുമായ നേർക്കുനേർ പറച്ചിലാണ്. എന്നാൽ , മറ്റ് ചിലയിടങ്ങളിൽ അതിന് ഗഹനാര്‍ത്ഥങ്ങളും ഉപമകളും അലങ്കാരത്തൊങ്ങലുകളുമുണ്ട്. പഴയങ്ങാടി പ്രദേശത്തെ കീഴാളഭാഷയുടെ പച്ചപ്പാണ് ചില ഭാഗങ്ങളില്‍. എന്നാല്‍, മറ്റു ചിലയിടങ്ങളില്‍ അത് അച്ചടിഭാഷയും സാഹിത്യഭാഷയുമാവുന്നു. ഒരേ കുറിപ്പില്‍ തന്നെ ഭാഷയുടെ വൈവിധ്യങ്ങൾ കടന്നുവരുന്നുണ്ട്. ചിലയിടങ്ങളില്‍ ‘ദെയ്വം’ എന്ന് ഉപയോഗിക്കുമ്പോൾ ചില സ്ഥലത്ത് ‘ദൈവം’ എന്ന് കാണുന്നു; കല്യാണം എന്ന് എഴുതിയതിന് താഴെ മങ്ങലം എന്നും. ഇത്തരത്തിൽ അങ്ങിങ്ങായി പ്രാദേശിക ഭാഷാഭേദവും മാനകഭാഷയും കലങ്ങിമറിഞ്ഞ ഈ അവിയലാണ് ആശയവിനിമയോപാധിയായ ഭാഷയുടെ വൈയക്തികതയും സാമാന്യതയും സ്വാഭിവകതയും സാധാരണക്കാരന്‍റെ ഉച്ചാരണവകഭേദങ്ങളും കളങ്കമില്ലായ്മയും നാം വായിച്ചെടുക്കേണ്ടത്.  
നമുക്ക് മുൻപിൽ പ്രകൃതിസംരക്ഷണത്തിന്‍റെയും വർഗ്ഗബോധമുള്ള രാഷ്ട്രീയ നിലപാടുകളുടെയും രക്തനക്ഷത്രമായി കണ്ടൽപൊക്കുടൻ ശോഭിക്കുന്നു.  സുസ്ഥിരമായ പ്രകൃതിസംരക്ഷണത്തിന്‍റെ പ്രവാചകൻ.  വാക്കുകളിൽ മാത്രം ഒതുങ്ങാതെ മണ്ണിലേക്കിറങ്ങി പ്രകൃതിസംരക്ഷണത്തിന്‍റെ വക്താക്കളാകാൻ ഓരോ മനുഷ്യനുമുള്ള ആഹ്വാനമാണ് കണ്ടൽപൊക്കുടൻ.  അവിടെ മനുഷ്യനും പ്രകൃതിയും കൈകോർക്കുന്നു. ഈ വിശ്വമാനവബോധത്തിലേക്കാണ് ഓരോ വ്യക്തിയും ഇനിയുള്ള കാലം ഊന്നൽ നൽകേണ്ടത്.  പുസ്തകത്താളുകളിൽ നിന്ന് പുറത്തേക്കു വന്ന് പ്രാവർത്തിക ജീവിതത്തിന്‍റെ ഏടുകളിൽ തിളങ്ങുന്ന പ്രകൃതിസംരക്ഷണത്തിൻറെയും പരിസ്ഥിതിപ്രവർത്തനങ്ങൾ നിറഞ്ഞതുമായ ജീവിതശൈലിയാണ് നാം സ്വായക്തമാക്കേണ്ടത്.

 

റഫറൻസ്

1.    എന്‍റെ  ജീവിതം (കണ്ടൽ പൊക്കുടന്‍റെ ആത്മകഥ, ശ്രീജിത് പൈതേലൻ തയ്യാറാക്കിയത്), ഡി സി ബുക്സ്, കോട്ടയം.

2.    കണ്ടൽ കാടുകൾക്കിടിയിൽ എന്‍റെ ജീവിതം, ഡി സി ബുക്സ്, 

3.    കണ്ടൽ വനങ്ങൾ നീർപക്ഷികളുടെ താവളം- അജു കെ. ആർ., എ. ഗോപാലകൃഷ്ണൻ 
Raju, A. K., Joshi, K. K., & Gopalakrishnan, A. (2020). കേരളത്തിലെ തീരദേശ പക്ഷികൾ. Aranyam, 40(7), 34-36.

4.    അഴിമുഖം ജൈവവൈവിധ്യ ഇടനാഴി  -   ഡോ.മോളി വർഗ്ഗീസ്, ശ്രീകുമാർ കെ.എം., അജു കെ. രാജു
Varghese M., Sreekumar K. M., & Raju A. K. (2020). അഴിമുഖം ജൈവവൈവിധ്യ ഇടനാഴി. Aranyam, 40(7), 28-29.

5.    കല്ലേന്‍ പൊക്കുടന്‍ എന്ന പുലയന്‍റെ കണ്ടല്‍ ജീവിതം - ബച്ചു മാഹി
https://www.doolnews.com/article-about-kallen-pokkudan-by-bachu-mahe132.html 

6.    ഇതുകൊണ്ടാണ് പൊക്കുടന്‍ രണ്ടാമതും ആത്മകഥ എഴുതിയത് - കെ പി റഷീദ്
https://www.azhimukham.com/kallen-kandal-pokkudan-mangroves-conservation-autobiography-kp-rasheed കുറുകുറെ ബ്രോസ് എന്ന വീഡിയോ ആല്‍ബം

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image