
കേരളത്തിലെ നവോത്ഥാനത്തിന്റെ വിലങ്ങുതടികളും ജാതിവാദികളുമായ സവര്‍ണ്ണര്‍ നിര്‍മ്മിച്ച മതിലും മരവുരിയും തലപ്പാവുകളും വരെ സംരക്ഷിച്ച് ചില്ലിട്ട് സൂക്ഷിക്കുമ്പോള്‍ പാര്‍ശ്വവത്കൃതരുടെ അഭിമാന പോരാട്ടചരിത്രങ്ങളോട് അധികാരികള്‍ പുറംതിരിഞ്ഞുനില്ക്കുന്നു. മഹാത്മാ അയ്യന്‍കാളിയുടെ ജീവിത-സമര പരിസരങ്ങളും അതിന്റെ ശേഷിപ്പുകളും ഇന്ന് സംരക്ഷിക്കപ്പെടാതെ പോവുകയാണ്...
പ്രശാന്ത് കോളിയൂര്‍ എഴുതുന്നു

ജാതീയ കേരളത്തെ ഉടച്ചുവാര്‍ക്കുകയും ജനാധിപത്യപരമായി പരിഷ്കരിക്കുകയും ചെയ്തതില്‍ പ്രഥമഗണനീയനാണ് മഹാത്മ അയ്യന്‍കാളി. മനുഷ്യാവകാശത്തിന്റെ സര്‍വ്വതലങ്ങളെയും അടയ്ക്കുകയും ബഹുഭൂരിപക്ഷം ജനതയെയും കൃമികീടങ്ങള്‍ക്ക് സമമായി ജീവിപ്പിക്കുകയും ചെയ്ത ജാതിവ്യവസ്ഥയുടെ മര്‍മ്മം ഭേദിച്ച വ്യക്തിയാണ് അദ്ദേഹം. ആ നീചവ്യവസ്ഥിതിയെ കടന്നാക്രമിച്ചുകൊണ്ടും ജാതിയെ നിലനിര്‍ത്താനും പരിപാലിക്കാനുമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഹൈന്ദവ ചട്ടക്കൂടുകളെ തകര്‍ത്തുമാണ് അയ്യന്‍കാളി മുന്നേറിയത്. ക്രൂരമായ ഹൈന്ദവ നിയമങ്ങളാല്‍ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ വരെ നിഷേധിക്കപ്പെട്ട് ചിതറിക്കപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ദലിത് ജനതയെ ഇന്ന് കാണുന്ന അവകാശങ്ങളിലേക്കും പോരാട്ടവഴികളിലേക്കും നയിച്ചത് അദ്ദേഹമാണ്. അങ്ങനെ സ്വസമുദായത്തിന് സഞ്ചാരസ്വാതന്ത്യവും പഠനസ്വാതന്ത്ര്യവും അഭിമാനികളായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും അതിശക്തമായ പോരാട്ടങ്ങളിലൂടെ നേടിയെടുക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതകാലഘട്ടത്തില്‍ തന്നെ വിദ്യാഭ്യാസമുള്ള സ്വയംപര്യാപ്തരായ ഒരു സമൂഹമായി സാധുജനങ്ങള്‍ മാറണമെന്ന് അദ്ദേഹം അതിയായി ആശിച്ചിരുന്നുവെന്നും അതിനായാണ് തന്റെ സമയം മുഴുവന്‍ നീക്കിവച്ചിരുന്നതെന്നും ആ ജീവിതം പഠിക്കുന്ന ആര്‍ക്കും മനസ്സിലാകും.

ഈ വര്‍ത്തമാനകാലത്തു പോലും ജാതിയുടെ ശക്തമായ പ്രത്യക്ഷപ്പെടലുകള്‍ കേരളത്തില്‍ പല രീതിയിലും കാണാം. ജാതി ആചരിക്കുന്നവര്‍ തന്നെ ജാതിക്കെതിരെ പ്രതികരിക്കുകയും പുരോഗമന പൊങ്ങച്ചത്തിന്റെ മുഖംമൂടി വയ്ക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചകള്‍ സമൂഹത്തില്‍ കാണാനാകുന്നുണ്ട്. ഈ അടുത്ത ദിവസങ്ങളില്‍ പേരാമ്പ്രയില്‍ വീണ്ടും കണ്ടെത്തിയതും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടതുമായ ഒരു രോഗമായി വരെ ജാതിയെ മാറ്റിത്തീര്‍ക്കാന്‍ പുരോഗമന കേരളം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. വര്‍ത്തമാന പത്രങ്ങളിലെ ഞായറാഴ്ച തോറും വരുന്ന വിവാഹ പരസ്യങ്ങള്‍ ജാതിയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു കേരളത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ദലിത്-ആദിവാസികളെ വിവാഹം കഴിക്കാനാവില്ല' എന്ന നിലയിലുള്ള പരസ്യമായ അയിത്താചരണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അത് വായിക്കുന്നവര്‍ തന്നെ പിന്നീട് ജാതി വ്യത്യാസമില്ലാത്ത സ്ഥലമാണ് കേരളമെന്ന് പറഞ്ഞുപരത്തുന്നുമുണ്ട്. കേരളത്തില്‍ ജാതിക്കെതിരെ നടന്ന ശക്തമായ മുന്നേറ്റങ്ങളെ, അതിന്റെയൊക്കെ വികാസ പരിണാമഘട്ടങ്ങളില്‍ ചില പുരോഗമന ആശയങ്ങളുടെ മുഖംമൂടിവച്ചുകൊണ്ട് ജാതിമനസ്സുകള്ക്ക് ഏറ്റെടുക്കാനോ കയ്യേറാനോ കഴിഞ്ഞു എന്നുള്ളതാണ് ഇതിന് പ്രധാന കാരണമെന്നു പറയാം. അത്തരത്തിലുള്ള പല ഇടപെടലുകളിലൂടെ എപ്പോഴും ഉപയോഗിക്കേണ്ടതും എന്നാല്‍ ഒളിപ്പിച്ച് വയ്ക്കേണ്ടതുമായ ഒരു വസ്തുവായി ജാതി മാറി. അതിനാല്‍ തന്നെ ജനാധിപത്യ സാമൂഹികക്രമത്തിനകത്തു തന്നെ സൂക്ഷ്മവും അദൃശ്യവുമായ രീതിയില്‍ നിലനില്‍ക്കുന്ന ജാതി, പ്രകടമായിരുന്നതിനെക്കാള് കൂടുതല്‍ അപകടകാരിയുമായി. ജാതി വ്യവസ്ഥയുടെ ഇരകളെ സംബന്ധിച്ചിടത്തോളം വളരെ ശക്തമായി നിലനില്ക്കുന്നതും എന്നാല്‍ ആരാലും സാക്ഷ്യപ്പെടുത്താത്ത തരത്തില്‍ അദൃശ്യവുമായ ജാതിയെ മറികടക്കേണ്ട ശ്രമകരമായ ജീവിതാവസ്ഥയിലൂടെയാണ് കടന്നുപോകേണ്ടിവരുന്നത്. മഹാത്മ അയ്യന്‍കാളിയുടേയും പൊയ്കയില്‍ അപ്പച്ചന്റെയും മറ്റനേകം മഹാന്മാരുടെയും പോരാട്ടങ്ങള്‍ തെളിച്ച വഴികളെല്ലാം മറ്റൊരു രീതിയില്‍ മാറ്റിവെട്ടി ഇത്തരത്തില്‍ തിരികെ പഴയ സ്ഥലത്ത് എത്തിക്കുന്നതില്‍ കേരളത്തിലെ പുരോഗമന രാഷ്ട്രീയപ്പാര്ട്ടികളുപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പങ്ക് ചെറുതല്ല.

മനുഷ്യത്വ വിരുദ്ധമായ ഹൈന്ദവ നിയമങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തിനായി ഒട്ടനവധി സാമൂഹിക സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ് മഹാത്മാ അയ്യന്‍കാളി ഒരു നവസമൂഹം കെട്ടിപ്പടുത്തത്. അയിത്തജാതിക്കാരുടെ സമാധാന ജീവിതത്തിന് നേരെയുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 'സമുദായ കോടതി' ഉള്‍പ്പെടെ പല സംവിധാനങ്ങളും വെങ്ങാനൂരിലെ സാധുജനപരിപാലന സംഘം ഓഫീസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയിരുന്നു. രാജാധികാരത്തിന് കീഴിലുള്ള കോടതികള്‍ പിരിഞ്ഞ ശേഷം ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ കൂടുന്ന കോടതിയാണ് നിശ്ചിത അടി അകലെ മാറിനില്‍ക്കുന്ന അയിത്തജനതയുടെ ആവലാതി കേള്‍ക്കുകയും അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നത്. സ്വതവെ അയിത്തജാതിക്കാര്‍ക്ക് എതിരായുള്ള വിധികള്‍ മാത്രമേ 'മാഞ്ചോട്ടില്‍ കോടതി' എന്നറിയപ്പെട്ടിരുന്ന ഇത്തരം കോടതികളില്‍ നിന്നും ഉണ്ടായിട്ടുള്ളൂ. അതിന് പരിഹാരമായാണ് മഹാത്മാവ് 'സമുദായ കോടതി' പ്രവര്‍ത്തിപ്പിച്ചത്. സാധുജനപരിപാലന സംഘത്തിലെ റൈറ്റര്‍മാര്‍ വഴി വിധിപറയേണ്ട സംഭവങ്ങളിലെ നിജസ്ഥിതി മനസ്സിലാക്കി സംഘത്തിലെ ശിപായിമാരുടെ സഹായത്തോടെ പ്രതികളെ കോടതിയില്‍ എത്തിച്ച് വാദം കേള്‍ക്കുകയും വിധി നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇന്നത്തെ അയ്യന്‍കാളി സ്മാരക സ്കൂളിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്നായിരുന്നു അന്ന് അദ്ദേഹം തന്റെവിധികള് പ്രസ്താവിച്ചിരുന്നത്. അത്തരത്തില്‍ ഒരു സാമൂഹിക വിഭാഗം ഇടപെടേണ്ടിയിരുന്ന സമസ്ത മേഖലകളിലും തന്റെയും സമുദായത്തിന്റെയും സ്ഥാനം സ്വന്തമായി നിര്‍ണ്ണയിക്കുകയും ഉറപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

തന്റെ ഊര്‍ജ്ജവും സമയവും സ്വസമൂഹത്തിന്റെ ഉയര്‍ച്ചക്കായി മാറ്റിവച്ച മഹാത്മാവ് ചടുലതയോടും ചാതുര്യത്തോടെയുമാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തര്‍ക്കിക്കേണ്ടിയും വാദിക്കേണ്ടിയും വരുന്നിടത്ത് അങ്ങനെയും പോരാടേണ്ടിടത്ത് പോരാടിയും മാറി നില്ക്കേണ്ടിടത്ത് മാറി നിന്നും ഒക്കെ വളരെ തന്ത്രപരമായി നടത്തിയ ഇടപെടലുകളാണ് സമരവിജയങ്ങളുടെ വലിയൊരു കൂട്ടം തീര്‍ത്തത്. മത്സ്യബന്ധന സമൂഹവുമായി കൈകോര്‍ത്തു കൊണ്ട് ഏകദേശം ഒന്നര വര്‍ഷം നീണ്ടുനിന്ന സ്കൂള്‍ പ്രവേശനത്തിന് വേണ്ടിയുള്ള കാര്‍ഷിക സമരം വിജയിപ്പിച്ചത് ഉത്തമ ഉദാഹരണമാണ്. ഊരൂട്ടമ്പലം സ്കൂളില്‍ പഞ്ചമിയെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജാതിവാദികള്‍ നടത്തിയ ലഹളയ്ക്ക് അറുതിവരുത്തുവാനായി കൂടിയ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ മുഖസ്തുതിപ്രസംഗം എടുത്തുപറയത്തക്കതാണ്. തമ്പ്രാക്കന്മാരെ വണങ്ങാത്ത കുറ്റത്തിന് കുട്ടിക്കാലം മുതല്‍ തന്നെ ധിക്കാരി, നിഷേധി എന്നൊക്കെ പേര് കേള്‍പ്പിച്ച അയ്യന്‍കാളി, തങ്ങള്‍ നായന്മാരുടെ വിശ്വസ്ത സേവകരായിരിക്കുമെന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം അവര്‍ക്കേല്‍പ്പിച്ച നഷ്ടങ്ങള്ക്കുള്ള പരിഹാരങ്ങളില്‍ നിന്നും ശിക്ഷാനടപടികളില്‍ നിന്നും സംഘാംഗങ്ങളെ സംരക്ഷിക്കുന്നുണ്ട്. ദലിത് സ്ത്രീജനങ്ങള്‍ക്ക് മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി കൊല്ലം പെരിനാട് നടന്ന സമരത്തെ ചെറുത്തുകൊണ്ട് നായന്മാര് ലഹള നടത്തിയപ്പോള്‍ അതിനെതിരെ സമാധാന സമ്മേളനം വിളിച്ചുകൂട്ടുകയും എതിര്‍ത്തു നിന്ന നായര്‍ സമുദായത്തിന്റെ നേതാക്കളെക്കൊണ്ടു തന്നെ ദലിത് സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം പ്രഖ്യാപിപ്പിച്ച സംഭവത്തിലും അദ്ദേഹത്തിലെ നയതന്ത്രജ്ഞത തെളിയുന്നു.

ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്നും വിദ്യാഭ്യാസം നേടിയ തോമസ് വാധ്യാരും ഹാരീസ് വാധ്യാരുമായിരുന്നു അയ്യന്‍കാളിയിലെ വിപ്ലവകാരിയുടെ ചിന്തകളെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹായിച്ചിരുന്നത്. സാധുജനപരിപാലന സംഘം നിലവില്‍ വരുന്നതിലും ഇവരുടെ പങ്കാളിത്തം വലുതായിരുന്നു. വെള്ളിക്കര ചോതി ഉള്‍പ്പെടെ വലിയൊരു നേതൃനിര അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തകരായി സംഘത്തില്‍ ഉണ്ടായിരുന്നു. പ്രജാസഭയിലെ നീണ്ട 22 വര്‍ഷത്തെ സാന്നിധ്യത്തിലൂടെ ഒരു എം.എല്‍.സി. എന്ന അധികാരമുപയോഗിച്ച് സമൂഹത്തിലെ എല്ലാ തലങ്ങളിലേയും ജനങ്ങളുടെ പ്രാതിനിധ്യം ശ്രീമൂലം പ്രജാസഭയില്‍ ഉറപ്പാക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു അയ്യന്‍കാളി. ദലിത് സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കായി അധികം കരുതല്‍ അദ്ദേഹം നല്കി. അതിനായി വിവിധങ്ങളായ പദ്ധതികളും ഇടപെടലുകളും നടത്തിയിരുന്നു. വെങ്ങാനൂരിലെ സ്കൂളിന്റെ ഒപ്പം അതിനടുത്തായി തന്നെ ശാന്തന് വാധ്യാര് അധ്യാപനം നടത്തിയിരുന്ന ഒരു നെയ്ത്ത്ശാല ഉണ്ടായിരുന്നു. ധാരാളം വിദ്യാര്‍ത്ഥികള്‍ അവിടെ നെയ്ത്ത് പഠിച്ചിരുന്നു. കൂടാതെ കാലിവളര്‍ത്താനുള്ള സ്ഥലം, തേനീച്ചക്കൂടുകള്‍ എന്നിങ്ങനെ സമുദായത്തിനെ മറ്റ് തൊഴില്‍ മേഖലകളിലേയ്ക്ക് നയിക്കുന്നതിനുള്ള ശ്രമങ്ങളും അദ്ദഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

പ്രജാസഭാ പ്രസംഗങ്ങളിലൂടെ കടന്നുപോയാല്‍ അതില്‍ ഭൂരിഭാഗവും വിഭവാധികാരത്തിനും തൊഴില്‍ ലഭ്യതയ്ക്കും വേണ്ടിയുള്ളതാണെന്ന് കാണാം. സാധുജനപരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് മഹാരാജാവിന്റെ ചിത്രം ആലേഖനം ചെയ്ത ചപ്രമഞ്ചവുമായി വെങ്ങാനൂരില്‍ നിന്നു തുടങ്ങി തിരുവനന്തപുരം വരെ എത്തുന്ന വലിയൊരു ഘോഷയാത്ര നടക്കുകയുണ്ടായി. അതില്‍ പങ്കെടുത്തവര്‍ പലരും പരസ്പരം പറഞ്ഞിരുന്നത് വസ്തു ചോദിക്കാന്‍ പോകുന്നു എന്നായിരുന്നെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം സ്വസമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്ര കര്‍ക്കശമായ ചിന്താപദ്ധതികളായിരുന്നു അദ്ദേഹത്തിന്റേത്. ഇങ്ങനെ വ്യത്യസ്തമായ ഇടപെടലുകളിലൂടെയും വാദിച്ചും തര്‍ക്കിച്ചുമാണ് ഇന്നത്തെ വിളപ്പില്‍ശാലയിലെ ചവര്‍ ഫാക്ടറിയും ഇഎംഎസ് അക്കാഡമിയുമിരിക്കുന്ന സ്ഥലമടക്കം ഏക്കര്‍ കണക്കിന് വസ്തുവകകള്‍ സ്വന്തമാക്കിയത്. പിന്നീട് പരിരക്ഷിക്കാനാളില്ലാതെ കൈമോശം വന്നെങ്കിലും വിളപ്പില്‍ശാല, വിതുര തുടങ്ങിയ സ്ഥലങ്ങളിലടക്കം തിരുവനന്തപുരത്ത് തന്നെ വലിയൊരു ഭൂമിയുടെ ഉടമസ്ഥത മഹാത്മ അയ്യന്‍കാളിയുടെ പേരിലായിരുന്നു. പലതിനും ഇന്നും അദ്ദഹത്തിന്റെ പേരില്‍ പിന്മുറക്കാരില് ചിലര്‍ കരമൊടുക്കുന്നുമുണ്ട്.

അടിച്ചമര്‍ത്തപ്പെട്ട ഏതൊരു സമൂഹത്തിന്റെയും വര്‍ത്തമാന വിപ്ലവ ചിന്തകള്‍ക്ക് കരുത്തുപകരുന്നത് ആ സമൂഹത്തെ മുന്നോട്ടുനയിച്ച വ്യക്തിത്വങ്ങളുടെ ഓര്‍മ്മകളും അവര്‍ നേടിയെടുത്ത അവകാശങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള പഠനവുമാണ്. അതിനായി അവരുടെ ചരിത്രസ്മൃതികളെ സംരക്ഷിച്ചു പരിപാലിക്കേണ്ടത് ആവശ്യമാണ്. ഇന്നത്തെ കേരളസമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അയ്യന്‍കാളി ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്കൃത ജനതയുടെ ശേഷിപ്പുകളെ സമൂഹവും അധികാരികളും കാര്യമായി പരിഗണിക്കുന്നതേയില്ല എന്നതാണ് സത്യം. കേരള നവോത്ഥാനത്തില്‍ അയ്യന്‍കാളിയോളം പ്രസക്തരല്ലാത്തവരുടെ പോലും ചരിത്ര ശേഷിപ്പുകള്‍ ലക്ഷക്കണക്കിന് രൂപയുടെ സമ്പത്ത് ചെലവാക്കി നിലനിര്‍ത്തുകയും പുന:ര്നിര്മ്മിച്ച് സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ അയ്യന്‍കാളിയുടെ മഹത്തായ പോരാട്ടത്തിന്റെ ചരിത്രസ്മരണകളില്‍ ഇന്ന് നിലനില്ക്കുന്നവയ്ക്കു പോലും അര്‍ഹമായ പരിഗണന കിട്ടുന്നില്ല എന്നത് അതീവ ഗുരുതരമായ വിഷയമാണ്.

ഇന്നും ദലിത് സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പതിതാവസ്ഥയുടെ നേര് സാക്ഷ്യമാണ് അയ്യന്‍കാളി ഇടപെടല്‍ നടത്തിയിരുന്ന ഭൗതീകശേഷിപ്പുകളുടെ നില. ദലിതര്‍ക്ക് പഠിക്കുവാനായി കേരളത്തിലാദ്യമായി കെട്ടിഉയര്‍ത്തിയ കുടിപ്പള്ളിക്കൂടം ഇന്നൊരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നെങ്കിലും കുട്ടികളില്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കിലാണ്. നാട്ടിലെ തന്നെ മോശം സ്കൂളെന്ന പേര് ചാര്‍ത്തപ്പെട്ട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന നിലയില്‍ നില്ക്കുന്ന കെട്ടിടത്തിലാണത് പ്രവര്‍ത്തിക്കുന്നത്. സ്കൂളിനോട് ചേര്‍ന്ന് അന്ന് പ്രവര്‍ത്തിച്ചിരുന്ന നെയ്ത്തുശാല വളരെക്കാലം മുമ്പ് തന്നെ ചരിത്ര നിഷേധികളാല്‍ പൊളിച്ച് മാറ്റപ്പെട്ടു. പൊതു കിണറുകളില്‍ നിന്ന് വെള്ളം കുടിക്കാന്‍ അനുവാദമില്ലാതിരുന്ന ദലിതര്‍ അന്ന് സവര്‍ണ്ണജാതിക്കാരുടെ വീടുകളില്‍ നിന്നും അവര്‍ സൗകര്യപ്പെടുമ്പോള്‍ കോരി നല്കുന്ന വെള്ളം ഉപയോഗിച്ച് ദാഹം മാറ്റിയിരുന്ന കാലത്ത് സ്വന്തമായി കിണര്‍ കുഴിച്ച് വെള്ളം കോരിക്കുടിക്കാന്‍ പഠിപ്പിച്ച അയ്യന്‍കാളി തന്റെ മേല്‍നോട്ടത്തില്‍ കുത്തിയ പൊതു കിണര്‍ ചപ്പുചവറുകളാല്‍ നിറഞ്ഞൊരു വളക്കുഴിയായി മാറിയിരിക്കുന്നു. അദ്ദേഹം ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച വീടിന്റെ അവസ്ഥയും മറ്റൊന്നല്ല. വെങ്ങാനൂരില്‍ മുക്കോലയ്ക്കടുത്ത് തെക്കേവിള എന്ന സ്ഥലത്ത് പഴമക്കാരുടെ ഓര്‍മ്മയില്‍ തന്നെ മേല്‍ക്കൂര മേയാന്‍ എണ്ണൂറ് മടല് ഓല വേണ്ടിയിരുന്ന വീടായിരുന്നു അത്. അനേകം പേരെ നിരത്തിയിരുത്തി ഭക്ഷണം നല്കാന് പാകത്തിന് വിസ്തൃതമായ ഉമ്മറവും സംഘാംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്ന തട്ടിന്‍പുറവുമുള്ള ഒരു കാലഘട്ടത്തിന്റെ വിപ്ലവ സ്മാരകം ഇന്ന് നിറയെ പുല്ല് വളര്‍ന്ന് നില്ക്കുന്ന ഒരു മണ്‍കൂന മാത്രമായി മാറിയിരിക്കുന്നു. വീടിനടുത്തായി കുഴിച്ച കിണര്‍ ഇന്ന് മാലിന്യം ഉപേക്ഷിക്കാനുള്ള ഇടമായി തീര്‍ന്നു. തൊട്ടടുത്തായി കാണുന്ന മക്കളുടേയും, മരുമകനും സ്പീക്കറുമായിരുന്ന കേശവന് ശാസ്ത്രിയുടെയും ശവകുടീരങ്ങള്‍ ആരുടേയും ശ്രദ്ധപതിയാതെ കാടുകയറിയ നിലയിലാണ്. അദ്ദേഹത്തിന്റെ ചരിത്രപോരാട്ടങ്ങളുടെ ഓര്‍മ്മകളായി അവശേഷിക്കുന്ന, പഞ്ചമിയുമായി കയറിയതിന് ജാതിവാദികള്‍ തീയിട്ട് നശിപ്പിച്ച ഊരൂട്ടമ്പലത്തെ സ്കൂളിലെ കത്തിക്കരിഞ്ഞ ബഞ്ചും കൊല്ലം പെരിനാട് കലാപത്തില്‍ കേസ്സില്പ്പെട്ടവര്ക്കായി വാദിക്കാന്‍ വന്ന വ്യക്തിക്ക് വക്കീല്‍ ഫീസായി ദലിതര്‍ കുത്തിക്കൊടുത്ത കമ്മാന്‍കുളവും യാതൊരുവിധ ചരിത്ര സൂചനകളുമില്ലാതെ അനാഥമായിക്കിടക്കുന്നു.

കേരളത്തിലെ നവോത്ഥാനത്തിന്റെ വിലങ്ങുതടികളും ജാതിവാദികളുമായ സവര്‍ണ്ണര്‍ നിര്‍മ്മിച്ച മതിലും മരവുരിയും തലപ്പാവുകളും വരെ സംരക്ഷിച്ച് ചില്ലിട്ട് സൂക്ഷിക്കുമ്പോഴാണ് പാര്‍ശ്വവത്കൃതരുടെ അഭിമാന പോരാട്ടങ്ങളോട് അധികാരികള്‍ കടുത്ത അവഗണന കാണിക്കുന്നത്. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തിന് കാര്യമായ ശ്രദ്ധ കൊടുത്തിട്ടില്ല. പ്രത്യേക ഘടക പദ്ധതിയില്‍ നിന്നും കോടികള്‍ ഉപയോഗശൂന്യമാക്കിക്കളയുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുമ്പോള്‍ പോലും സര്‍ക്കാരിന് നേരിട്ട് ഇടപെടാവുന്ന ഇത്തരം പ്രത്യക്ഷ സംവിധാനങ്ങളെ നിഷ്കരുണം അവഗണിക്കുകയാണ് ചെയ്യുന്നത്. ദലിത് ആദിവാസി വിരുദ്ധത പൊതുനയമായി സ്വീകരിച്ചിരിക്കുന്ന ഇവരില്‍ നിന്ന് കൂടുതലൊന്നും തന്നെ പ്രതീക്ഷിക്കേണ്ടതുമില്ല. അയ്യന്‍കാളിയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നു എന്ന് പറയുന്നവരും സംഘടനകളും ഇത്തരത്തിലൊരു ആവശ്യം കാര്യമായി ഉയര്‍ത്തിയിട്ടില്ല. ദലിത് ജനതയുടെ രാഷ്ട്രീയ സാംസ്കാരിക ഉയര്‍ച്ചയ്ക്കുള്ള സംഗമവേദികളായി മാറേണ്ട ഇടങ്ങളാണ് നശിപ്പിക്കപ്പെട്ടു പോകുന്നതെന്ന് പോലും മനസ്സിലാക്കുന്നതേയില്ല. ചിത്രകൂടങ്ങളെ പാഞ്ചജന്യങ്ങളാക്കി മാറ്റുന്ന, ജാതീയ വിവേചനങ്ങളെ വിദഗ്ദ്ധമായി മോടിപിടിപ്പിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഹിന്ദുത്വ നാളുകളില്‍ പാര്‍ശ്വവത്കൃതരുടെ പ്രതിരോധങ്ങള്‍ക്ക് നേരിട്ട് ശക്തിപകരുന്ന വിധം ആധുനികമാക്കി വേണം ഇത്തരം സ്മാരകങ്ങള്‍ നിലനിര്‍ത്തേണ്ടത്. ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയും അതിലെ മഹാന്മാര്ക്ക് ലഭിക്കുന്ന പരിഗണനയും പരസ്പര പൂരകമായിട്ടേ വളരുകയുള്ളൂ. അത്തരത്തില്‍ വിലയിരുത്തുകയാണെങ്കില്‍ മഹാത്മാവിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. തത്ഫലമായിട്ടാണ് ജന്മദിനമായ ആഗസ്റ്റ് മാസം 28-ാം തിയ്യതി പൊതുഅവധി ആക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. അയ്യന്‍കാളി ജനിച്ചു വീണ മുക്കോലയ്ക്ക് സമീപമുള്ള പെരിങ്കാറ്റുവിളയില് അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍. അദ്ദേഹം ഉപയോഗിച്ചിരുന്ന ഭൗതികവസ്തുക്കളിലൊന്നായ ഊന്നുവടി ഇന്നും അവര്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നു. അത്തരത്തില്‍ പല വീണ്ടെടുപ്പുകളും കണ്ടെത്തലുകളും മഹാത്മാവിന്റെ ജീവിതത്തെക്കുറിച്ച് ഇനിയും നടക്കേണ്ടിയിരിക്കുന്നു. അതിനായുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ച സാധ്യമാക്കുവാന്‍ ഇനി വരുന്ന അയ്യന്‍കാളി ജന്മദിന ആഘോഷങ്ങള്ക്കാകട്ടെ... അത്തരം ആലോചനകള്‍ ഇനിയെങ്കിലും ഉണ്ടാകട്ടെ.
(2015 ആഗസ്റ്റ് ലക്കം ഒന്നിപ്പ് മാസികയില്‍ പ്രസിദ്ധീകരിച്ചു വന്നത്.)