Image

ഫ്രാങ്കി-ഗിനി കാറ്റുനിറച്ച പന്തിലെ വംശീയത ചവിട്ടിപ്പൊട്ടിച്ചവർ

 

ഡച്ച് ഫുട്‌ബോൾ ഇതിഹാസം റൂഡ് ഗുള്ളിറ്റ് വംശീയതക്കെതിരായി നടത്തിയ ഒരു പോരാട്ടമുണ്ട്, ലോകത്തെ മികച്ച ഫുട്ബോളറായി ഗുള്ളിറ്റിനെ 1987-ൽ  തെരഞ്ഞെടുത്തപ്പോൾ തനിക്ക് കിട്ടിയ അവാർഡ് ഗുള്ളിറ്റ് സമർപ്പിച്ചത് വർണ്ണവെറിക്ക് എതിരെ പോരാടിയതിന്റെ പേരിൽ വർഷങ്ങൾ  ജയിലിൽ കഴിയേണ്ടി വന്ന ആഫ്രിക്കൻ വിപ്ലവനായകൻ നെൽസൺ മണ്ടേലയ്ക്കായിരുന്നു. ഗുള്ളിറ്റിന്റെ പാരമ്പര്യം പേറിവരുന്ന അതേ ഡച്ച് ഫുട്‌ബോളിൽ നിന്ന് ഇതാ ലോകം മുഴുവൻ ചർച്ചയാവുന്ന വിധത്തിൽ വംശീയതക്ക് എതിരായ മറ്റൊരു പോരാട്ടം കൂടി അടയാളപ്പെടുത്തുന്നു.

റൂഡ് ഗുള്ളിറ്റും നെൽസൻ മണ്ടേലയും

ഈ മാസം പതിനേഴാം തിയ്യതിയാണ് ഡച്ച് ലീഗിലെ സെക്കന്റ് ഡിവിഷനിലെ മത്സരത്തിനിടെ എക്സൽസിയർ താരം അഹമ്മദ് മെൻഡസ് മൊറീറിക്കെതിരെ 'കുരങ്ങൻ' എന്ന വംശീയ അധിക്ഷേപം ഉണ്ടായത്. സത്യത്തിൽ മറ്റുള്ള ലീഗുകളെ പോലെ നിലവിൽ പോപ്പുലർ അല്ല ഡച്ച് ലീഗ്, ഡച്ച് ലീഗിലെ സെക്കന്റ് ഡിവിഷനിലെ സംഭവം ആയതുകൊണ്ട് അധികം ആരും തന്നെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നുമില്ല. എന്നാൽ അവിടെയാണ് കാറ്റ് നിറച്ച പന്തിന്റെ വംശീയതക്ക് എതിരായ രാഷ്ട്രീയം എത്ര ശക്തമെന്ന് തെളിഞ്ഞത്. ലോകം അറിയാതെ പോവുമായിരുന്ന ഒന്നിനെ ലോകത്തെ അറിയിച്ചുകൊടുത്തു കൊണ്ടാണ് ഹോളണ്ട് താരങ്ങളായ വൈനാൽഡവും ഫ്രാങ്കിയും രംഗത്തുവന്നത്. ഫുട്‌ബോൾ എന്നത് മൈതാനത്തിലെ പച്ചപ്പുല്ലുകൾക്കിടയിൽ കാറ്റ് നിറച്ച ഒരു ഗോളം മാത്രമല്ല, അതിന് പലപ്പോഴും വംശീയവെറിയന്മാരെ കരിച്ചുകളയാനുള്ള തീ ഗോളമാവാനും കഴിയുമെന്ന് പച്ചപുൽമൈതാനം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യംവഹിച്ചു.

മാർക്കോ വാൻ ബാസ്റ്റൺ

വംശീയ അധിക്ഷേപം നടന്നതിന് പിറകെയാണ് യൂറോ യോഗ്യതക്ക് വേണ്ടിയുള്ള ഹോളണ്ട്-എസ്‌തോണിയ മത്സരം നടക്കുന്നത്. ഹോളണ്ടിനായി ആദ്യഗോൾ നേടിയ  വൈനാൽഡവും ഹോളണ്ട് മിഡ് ഫീൽഡർ ഫ്രാങ്കിയും ആഹ്ലാദം പങ്കിടാൻ ഓടി അടുക്കുന്നു, പിന്നീട് ഇരുവരും മൈതാനത്തിന്റെ സൈഡിൽ വെച്ചിട്ടുള്ള ക്യാമറയിലേക്കാണ് ഓടിയെത്തിയത്. ഇരുവരും കൈ മുട്ട് വരെ ജേഴ്സി കയറ്റിവക്കുന്നു, രണ്ട് കൈകളും ചേർത്തുവച്ചുകൊണ്ട് ഇങ്ങനെ പറയുന്നു-
'' ഇവിടെ ഒരു വംശമേ ഞങ്ങൾക്കുള്ളൂ, അത് ഫുട്‌ബോളാണ്''
ഈ പ്രതിഷേധം വന്നതോടു കൂടിയാണ് ലോകം മുഴുവന് ഈ സംഭവം അറിയുന്നത്. എസ്‌തോണിയക്ക് എതിരായ കളിക്ക് മുൻപ് ഹോളണ്ട് ടീം ഒന്നടങ്കം കൈകോർത്ത് 'വംശീയത തുലയട്ടെ' എന്ന സന്ദേശം നൽകിയിരുന്നു. അതിനപ്പുറം വൈകാരികമായിരുന്നു ഫ്രാങ്കിയും വൈനാൽഡവും മുന്നേ മനസ്സിൽ കരുതിവച്ച് നടത്തിയ പ്രതിഷേധം. എന്തൊരു സൗന്ദര്യമാണ് അതിന്. എന്തൊരു ശക്തമായിരുന്നു ആ പ്രതിഷേധം. അതുകൊണ്ടു തന്നെയാവാം ആ പ്രതിഷേധത്തിന്റെ സൗന്ദര്യം ലോകം മുഴുവന് പടർന്നത്. സോഷ്യൽ മീഡിയകളിൽ വൈറൽ ആയി. അതിനു പിറകെ ഡച്ച് ഒന്നാം ഡിവിഷനിലെയും രണ്ടാം ഡിവിഷനിലെയും കളികൾ ആരംഭിക്കാൻ റഫറി വിസിൽ ഊതിയിട്ടും പന്ത് ടച്ചു ചെയ്യാതെ ടീമുകൾ പ്രതിഷേധിച്ചത്. ഡച്ച് ഫുട്‌ബോൾ അസോഷിയേഷന്റെയും ഫുട്ബോൾ ഒഫീഷ്യലുകളുടെയും റഫറിമാരുടെയും സമ്മതത്തോടെ തന്നെ ആയിരുന്നു ഈ പ്രതിഷേധമെന്ന് വരുമ്പോഴാണ്, എത്രത്തോളം ആഴത്തിലാണ് ഫുട്‌ബോളിന്റെ ലോകം വംശീയതയെ തച്ചുതകർക്കുന്നതെന്ന് മനസ്സിലാവുക. കളി നിർത്തിവച്ചതോടെ ഗ്യാലറികളിൽ നിന്ന് കാണികളുടെ വംശീയതക്ക് എതിരായ മുദ്രാവാക്യം അലയടിക്കുന്നു. മറ്റെവിടെയും കാണാൻ കഴിയില്ല ഇത്രക്ക് മനോഹരമായ ഒരു രാഷ്ട്രീയം.
വംശീയവെറി മൂത്ത് ആളുകളെ മോബ് വയലൻസ് നടത്തി തെരുവിൽ തല്ലി കൊല്ലുന്നത് വരെ ആഘോഷമാക്കുന്ന ഒരു ജനതയുള്ള അതേ കാലത്തുതന്നെ വംശീയമായ ഒരു പരാമർശത്തെ പോലും ഇത്രക്ക് ഗൗരവമായി കണ്ട് പ്രതിരോധിക്കുന്ന ഒരു ജനതയെ മറുഭാഗത്ത് കാണുമ്പോൾ ഉരുണ്ട ഫുട്‌ബോൾ ഉരുണ്ട ഭൂമിയിലെ തന്നെ ഏറ്റവും വലിയ അതിജീവനത്തിന്റെ രാഷ്ട്രീയമാവുകയാണ്.
വംശീയ വെറുപ്പിന്റെ വയലൻസ് തെരുവിൽ ചോരക്കളം തീർത്തുകൊണ്ട് ഇഷ്ടമില്ലാത്തവരെ ഉന്മൂലനംചെയ്യുന്ന ഘട്ടത്തിൽ നിരവധി തവണയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം വംശീയതയുടെ പേരിൽ നടക്കുന്ന ആൾക്കൂട്ടക്കൊലകൾക്ക് എതിരെ നിയമനിർമ്മാണം നടത്താൻ ആവശ്യപ്പെട്ടത്. എന്നാൽ സുപ്രീം കോടതി വിധിയെ പോലും കാറ്റിൽപ്പറത്തി ആൾക്കൂട്ടക്കൊലകൾ വീണ്ടും നടക്കുന്ന ഭീകരവും ദയനീയവുമായ കാഴ്ചയാണ് കാണാൻ നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്, അത്തരം ഒരു കാലത്ത് ഉരുണ്ട പന്തിന്റെ ലോകം തീർക്കുന്ന രാഷ്ട്രീയം നോക്കൂ. ഒരു ജനതയെ ഒന്നടങ്കം ആ പന്ത് വംശീയതക്ക് എതിരെ നയിക്കുന്നത് നോക്കൂ. ഫുട്‌ബോളാണ് അവിടെ വിപ്ലവകാരി. നിയമ സംവിധാനങ്ങൾ ഇടപെടാതെ തന്നെ വംശീയവാദികളെ ഡച്ച് ജനത നേരിട്ട രീതി നോക്കൂ. എന്തൊരു ഉദാത്ത ജനാധിപത്യബോധമാണ് ആ ജനതക്ക്. അരക്ഷിതാവസ്ഥയുടെ ഭീതിജനകമായ നിഴലിൽ ജീവിക്കുന്ന ജനതക്ക് ഈ കാഴ്ച നൽകുന്ന ആത്മവിശ്വാസവും ആശ്വാസവും എത്ര വലുതാണ്.
ഇത് കൊണ്ടും തീരുന്നില്ല ഓറഞ്ച് ഫുട്‌ബോളിന്റെ വംശീയ വയലൻസിനെതിരായ രാഷ്ട്രീയം. ഇതെല്ലാം നടക്കവെയാണ് മുൻ ഡച്ച് ഇതിഹാസതാരം ഒരു ജർമ്മൻ കളിക്കാരനെ ഇന്റർവ്യൂ ചെയ്യുന്ന വേളയിൽ നാസി സ്ലോഗൺ കൊണ്ട് യാത്രയാക്കിയത്. ഒട്ടും പൊളിറ്റിക്കലി അല്ലാതെ ഒരു ജർമ്മൻ എന്ന നിലക്ക് മാത്രമാണ് താൻ ആ സ്ലോഗൺ പറഞ്ഞത് എന്ന് വാൻ ബാസ്റ്റൺ ആണയിട്ട് പറഞ്ഞിട്ടും പ്രതിഷേധം നിർത്താതെ ഇരുന്ന ഓറഞ്ച് ആരാധകർ വാൻ ബാസ്റ്റൺ മാപ്പ് പറയും വരെ ആ പ്രതിഷേധം തുടർന്നു. ഒടുവിൽ വാൻ ബാസ്റ്റൺ പറഞ്ഞത് ഇങ്ങനെയാണ്


''മാപ്പ് ഒരു വട്ടമല്ല നൂറ് വട്ടം. ഹാസ്യരൂപേണ പോലും പറയാൻ പാടില്ലാത്ത ഒന്നായിരുന്നു അത്''

വൈനാൽഡവും ഫ്രാങ്കിയും

വംശീയതക്ക് എതിരെ ശക്തമായ പോരാട്ടം നടക്കുന്ന മറ്റൊരു ഇടം വേറെ ഫുട്‌ബോൾ പോലെയില്ല. ഫുട്‌ബോൾ കൊണ്ട് വംശീയവെറിയെ അതിജയിച്ചവരാണ് ലോകത്തെ പല ഇതിഹാസതാരങ്ങളും. ഇന്ന് പന്ത് തട്ടുന്ന നാളത്തെ ഇതിഹാസങ്ങൾ ആവാൻ പോകുന്നവരും ഫുട്‌ബോൾ തന്നെയാണ് തങ്ങളുടെ ആയുധമായി കളിക്ക് പുറത്തെ വംശീയതയെ നേരിടാനും  പ്രയോഗിക്കുന്നത്. ഇറ്റലിയൻ ലീഗിൽ മുൻപ് നടന്ന വംശീയ അധിക്ഷേപങ്ങളോട് ഇറ്റാലിയിൻ ഫുട്‌ബോൾ ഫെഡറേഷൻ സ്വീകരിച്ച നിസ്സംഗതയും ഡച്ചു ഫുട്‌ബോൾ ആരാധകരുടെ പ്രതിഷേധത്തിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ് എന്നതാണ് നിലവിലെ പ്രതിഷേധത്തിന്റെ രാഷ്ട്രീയ സവിശേഷത എന്നതും ശ്രദ്ധേയമാണ്. ഫുട്‌ബോൾ വെറും ഒരു കായിക വിനോദമല്ല, ഒരു രാഷ്ട്രീയ ഭൂമികയാണ്. ഉരുണ്ട പന്താകട്ടെ അതിലെ വിപ്ലവ നായകനും.

 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image