Image

പേമാരിയില്‍ ആദിവാസികള്‍ ദുരിതത്തിലാണ്

'ഇടുക്കിയില്‍ രാജമലയിലെ ലയങ്ങള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണ് പതിനാറോളം പേര്‍ മരിച്ചു' എന്ന വാര്‍ത്തയാണ് ഇന്നലെ കേട്ടത്. മരിച്ചത് തമിഴ് നാട്ടുകാരായ ദളിതരായ തൊഴിലാളികളാണ്. അതുപോലെ പേമാരിയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് വയനാട്ടിലെ ആദിവാസികള്‍. പക്ഷേ സര്‍ക്കാര്‍ എന്താണ് ആദിവാസികള്‍ക്ക് വേണ്ടി ചെയ്തത്...? മംഗ്ലു ശ്രീധര്‍ എഴുതുന്നു. 

 

'ഇടുക്കിയില്‍ രാജമലയിലെ ലയങ്ങള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണ് പതിനാറോളം പേര്‍ മരിച്ചു' എന്ന വാര്‍ത്തയാണ് ഇന്നലെ കേട്ടത്.  മരിച്ചത് തമിഴ്നാട്ടുകാരായ ദളിതരായ തൊഴിലാളികളാണ്. യാതൊരു സുരക്ഷിതത്വവുമില്ലാത്ത ജീവിതമാണ് മൂന്നാറിലെ ലയങ്ങളില്‍ ജീവിക്കുന്ന തൊഴിലാളികളുടേത്. അതുപോലെ കാലവർഷം ഏറ്റവുമധികം ബാധിക്കുന്ന ഒരു ജില്ലയാണ് വയനാട്. കാലവര്‍ഷം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് രാജമലയിലെ തൊഴിലാളികളെ പോലെ വയനാട്ടിലെ ആദിവാസികള്‍ ആണ്. സര്‍ക്കാരിന്  ഇത് സംബന്ധിച്ചു ധാരണ ഇല്ലാത്തതൊന്നുമല്ല. ശക്തമായ ന്യൂനമർദ്ദം രൂപംകൊള്ളുമെന്നും കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് കൂടുതൽ മഴ പെയ്യാൻ സാധ്യയുണ്ടെന്നുമുള്ള കാലാവസ്ഥാ പ്രവചനവും ഉണ്ടായിരുന്നു. ഈ കോവിഡ് കാലത്ത് ഒരു പ്രളയം ഉണ്ടായാൽ നേരിടാനായി സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിലൂടെ പറഞ്ഞതായി മനസ്സിലായത്. എന്നാൽ അത്തരത്തിലൊരു പദ്ധതി ഉള്ളതിന്‍റെ സൂചനകളൊന്നും തന്നെ വയനാട്ടില്‍ ഇതുവരെ കാണാനായിട്ടില്ല. ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിൽ നദികൾ കരകവിയുകയാണ്. വയനാട്ടിലെ പുഴയോരങ്ങളിൽ താമസിക്കുന്ന ആദിവാസികൾ തലമുറകളായി വെള്ളപ്പൊക്കത്തിന്‍റെ ദുരന്തം  അനുഭവിക്കുന്നരാണ്. എല്ലാ വർഷവും വെള്ളം കയറുന്ന ഇടങ്ങളിൽ വേണ്ട മുൻകരുതലെടുക്കാൻ ഈ കൊറോണ കാലത്തുപോലും സർക്കാർ തയ്യാറായില്ലെന്നത് ക്രൂരമായ യാഥാർത്ഥ്യമാണ്. 

ഇന്നലെ രാവിലെ വരെയും പോലീസുകാര്‍ ആദിവാസി കോളനികളിൽ എത്തി അവിടത്തെ ജനങ്ങളോട് പറഞ്ഞത് ഇത്തവണ ദുരിതാശ്വാസ ക്യാമ്പ് ഇല്ലെന്നും അതിനാൽ വെള്ളം കയറുന്നതിന് മുമ്പ് ബന്ധുവീടുകളിലേക്കോ മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ മാറാനാണ്. മിക്ക ആദിവാസികളുടെ ബന്ധുവീടുകളും പുഴയോരങ്ങളിൽ തന്നെയാണ് ഉള്ളത്. ഇവിടെ എവിടെയാണ് സുരക്ഷിതമായ ഇടം ഉള്ളത് എന്നാണ് ഇവർ പറയുന്നത്? ഗവണ്‍മെന്‍റ് അനുവദിക്കുന്ന ഇടങ്ങളിൽ എത്താൻ കഴിയാതിരുന്നാൽ അവർക്കു ഗവൺമെൻറിൽ നിന്നും കിട്ടേണ്ട ഒരു സഹായവും കിട്ടുകയും ഇല്ല. ബന്ധുവീടുകളിലേക്ക് മാറിയാൽ ഇവർ ദുരിതം അനുഭവിക്കും എന്നു മാത്രമല്ല, ദുരിതാശ്വാസത്തിന് പരിഗണിക്കുകയുമില്ല. കഴിഞ്ഞ വർഷം വെള്ളം കേറിയപ്പോൾ നൽകേണ്ട ധനസഹായം പോലും കിട്ടാത്തവർ ഇന്നും ഉണ്ട്. മാറി വരുന്ന ഒരു സർക്കാരും ഇതിനൊരു മാറ്റം വരുത്തുന്നതിനായി ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് അവസാനം കോവിഡിന്‍റെ പ്രശ്നങ്ങൾ ഉള്ളപ്പോഴും അവർ സ്കൂളുകളിൽ അഭയാർത്ഥികളായി കഴിയേണ്ടിവരുന്നത്. കൊവിഡിന്‍റെ പ്രശ്നങ്ങൾ ശക്തമായി ഉള്ള ഈ കേരളത്തിൽ മഴക്കെടുതികൾ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിട്ടുപോലും സുരക്ഷിതമായ ഒരിടത്തെക്കുറിച്ചോ അല്ലെങ്കിൽ മറ്റു പ്രതിവിധികളെക്കുറിച്ചോ ചിന്തിക്കുന്നതിന്  ഗവൺമെൻറിന് കഴിഞ്ഞിട്ടില്ല എന്നത് തന്നെ ആദിവാസികളോടുള്ള ക്രൂരമായ അവഗണനയുടെ തെളിവാണ്.

കാലവർഷവും പ്രളയവുമൊക്കെ നഗരങ്ങളെ കൂടി ബാധിച്ചു തുടങ്ങിയത് കൊണ്ടു മാത്രമാണ് കേരളത്തിൽ വെള്ളപ്പൊക്കത്തെ കുറിച്ച്  ചർച്ചകൾ പോലും നടക്കുന്നത്. എല്ലാ വർഷവും ഈ ദുരനുഭവത്തിൽ കൂടി കടന്നുപോകുന്ന പിന്നാക്ക അവസ്ഥ നേരിടുന്ന സ്ഥലങ്ങളെയും അവിടെ ജീവിക്കുന്ന ആദിവാസികൾ അടക്കമുള്ള പാർശ്വവത്ക്കരിക്കപ്പെട്ട ജനതയെക്കുറിച്ചും ഒരു കരുതലും സർക്കാരിനില്ല എന്നുവേണം മനസ്സിലാക്കാൻ.

പൊതുകക്കൂസുകളുള്ള സ്കൂളുകളിലാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ആദിവാസികളെ കൂട്ടത്തോടെ ഇവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്. പ്രായമായവും കുട്ടികളും വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരും ഗർഭിണികളായ സ്ത്രീകളും എല്ലാം ഇപ്പോൾ സ്കൂളിലാണ് ഉള്ളത്. പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ ഓരോ കുടുംബത്തിനായി തിരിച്ച് നൽകിയിട്ടുണ്ടെങ്കിലും മറ്റു പല കാര്യത്തിനും ഇവർക്ക് തമ്മിൽ ഇടപഴകേണ്ടി വരുമെന്നത് കോവിഡ് കാലത്ത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.  

കാലവർഷത്തെ നേരിടാൻ സർക്കാർ വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ ഈ കൊറോണക്കാലത്ത് ഉണ്ടാകില്ലായിരുന്നു. സ്ഥിരമായി കാലവർഷക്കെടുതി അനുഭവിക്കുന്നവരെ കൂട്ടത്തോടെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയതിന് ശേഷമെങ്കിലും ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ ഫലപ്രദമായ മറ്റു മാർഗ്ഗങ്ങൾ സർക്കാരിന് മുന്നിൽ തുറക്കുമായിരുന്നു. റിസോർട്ടുകളും ഹോട്ടലുകളും ധാരാളമുള്ള ജില്ലയിൽ ദുരിതം നേരിടുന്നവരെ അത്തരം ഇടങ്ങളിലേക്കെങ്കിലും മാറ്റാമായിരുന്നു. എന്നാൽ അതൊന്നും ഇവിടെ സംഭവിച്ചില്ല. റിസോർട്ടിലും ഹോട്ടലിലും താമസിപ്പിക്കാൻ കൊള്ളാത്ത ജനതയായിട്ടാണ്   ആദിവാസികളെ ഈ സർക്കാർ പരിഗണിച്ചിരിക്കുന്നതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.  

എണ്ണൂറിനടുത്ത്  കോവിഡ് രോഗികൾ ഉള്ള ജില്ലയാണ് വയനാട്. സമൂഹവ്യാപനം എന്ന് സംശയിക്കാവുന്ന തരത്തിൽ രോഗം പടർന്ന ഒരു സ്ഥലവും ജില്ലയിലുണ്ട്. ഈ അന്തരീക്ഷത്തിലാണ് ആദിവാസികൾ കൂട്ടത്തോടെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നത്. വളരെയധികം ഇഴുകിച്ചേർന്ന് ജീവിക്കുന്ന ആദിവാസികളുടെ ജീവിത രീതി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളെ ആശങ്കയുടെ ഇടങ്ങളാക്കുന്നു. 

വയനാട്ടിലെ വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങള്‍

കഴിഞ്ഞ രണ്ട് പ്രളയകാലത്തും വയനാട്ടിലെ ആദിവാസികൾ അതിജീവിച്ചത് സുമസ്സുകളുടെ കൂടി സഹായത്താലാണ്. കൊറോണ അത്തരം സഹായങ്ങളെക്കൂടിയാണ് ബാധിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിനുള്ള വസ്തുക്കൾ ശേഖരിക്കാനും എത്തിക്കാനുമെല്ലാം കൊറോണ തടസ്സമാകുന്നു. അതിനാൽ, ഇവയെല്ലാം മുൻകൂട്ടിക്കണ്ട് തയ്യാറാക്കുന്ന, ശക്തവും വ്യക്തവുമായ പദ്ധതികൾ സർക്കാരിന് ഉണ്ടായിരിക്കണം. പദ്ധതികൾ തയ്യാറാക്കാൻ ആദിവാസി വിഭാഗത്തിലെ സാമൂഹിക പ്രവർത്തകരുമായി കൂടിയാലോചിക്കാനും സർക്കാർ തയ്യാറാകണം. വ്യത്യസ്ത ഇടങ്ങളിലെയും വ്യത്യസ്ത ആദിവാസി വിഭാഗങ്ങളുടെയും ശരിയായ ആവശ്യങ്ങൾ അങ്ങനെ മാത്രമേ സർക്കാരിന് മനസ്സിലാക്കാൻ കഴിയൂ. ഇതുവരെയും ഇത്തരത്തിലുള്ള ഒരു പ്രവർത്തനവും നടന്നതായി അറിവില്ല. സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്ക് ഇതിനപ്പുറം എന്തു തെളിവാണ് വേണ്ടത്. 'ആദിവാസികൾക്ക് എന്തെങ്കിലും ചെയ്ത് കൊടുത്താൽ മതി, അവർ എങ്ങനെയെങ്കിലും കഴിഞ്ഞുകൊള്ളും' എന്നതാണ് സർക്കാർ നയം. 

ഈ വർഷത്തെ പ്രളയത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആദിവാസി കവിയായ സുകുമാരൻ ചാലിഗദ്ധ ഫേസ്ബുക്കിൽ കുറിച്ചത് 'നാണം തോന്നുന്നു' എന്നാണ്. അതെ എല്ലാ വർഷും ദുരിതം അനുഭവിക്കാനും സ്കൂളുകളിൽ തങ്ങുവാനും മാത്രമല്ല ഇവിടെ ഇങ്ങനെ തുടർച്ചയായ അവഗണനയേറ്റ് ജീവിക്കുവാൻ തന്നെ നാണം തോന്നുകയാണ്. 'നമ്പർ വൺ കേരള'ത്തിൽ ജീവിക്കുന്നതിൽ ഒരു ആദിവാസി എന്ന നിലയിൽ നാണം തോന്നുകയാണ്. 

 


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image