
ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികളായ എണ്‍പതോളം പേരാണ് മണ്ണിനടിയില്‍ പെട്ട് കാണാതായത്. അതില്‍ പത്തൊമ്പത് പേര് കുട്ടികളാണ്. ഈ കുട്ടികള്‍ മരിച്ചു എന്നു തന്നെയാണ് സംശയിക്കുന്നത്. ലയങ്ങളില്‍ ജീവിക്കുന്ന ദളിതരായ തമിഴ് വംശജരാണിവര്‍. പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിച്ച മൂന്നാര്‍ പെണ്‍പിളൈ ഒരുമൈ നേതാവ് ഗോമതി ഒന്നിപ്പ് പ്രതിനിധിയോടു സംസാരിക്കുന്നു.
ഗോമതി പറയുന്നത്:
രാജമലയിലെ പെട്ടിമുടിയിലെ അവസ്ഥ കാണുമ്പോള്‍ അത്രക്ക് സങ്കടം വരുന്നുണ്ട്. അവിടെ ചെന്നു കാണുമ്പോള്‍ ആ ലയങ്ങള്‍ അവിടെ ഉണ്ടായിരുന്നോ എന്നു തോന്നിപ്പോകും. അവ മുഴുവന്‍ തുടച്ചു മാറ്റപ്പെട്ടിരിക്കുകയാണ്. അവിടെ മണ്ണിനടിയില്‍പ്പെട്ട എണ്‍പതോളം പേരില്‍ ഇരുപതോളം പേര് കുട്ടികള്‍ ആണ്. ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍. അവരുടെ സ്വപ്നങ്ങളൊക്കെ തകര്‍ന്നുപോയിരിക്കുകയാണ്. മഴയത്തും വെയിലത്തും കഷ്ടപ്പെട്ടു പണിയെടുത്ത് മക്കളില്‍ നിക്ഷേപിച്ച ഒരു കൂട്ടം തൊഴിലാളികള്‍ ആയിരുന്നു. അതൊക്കെ തകര്‍ന്നുപോയി. ഇന്ന് ഞങ്ങള്‍ അവിടെ പോയപ്പോള്‍ ഇരുപത്തി അഞ്ചു ശവശരീരങ്ങളാണ് മണ്ണിനടിയില്‍ നിന്നു പുറത്തെടുത്തത്. ഇനിയും മൃതശരീരങ്ങള്‍ മണ്ണിനടിയില്‍ കിടക്കുകയാണ്. അവിടെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം കൊണ്ട് ഇവരുടെ തലമുറകളായുള്ള സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല.
സ്വപ്നത്തില്‍പ്പോലും ഇങ്ങനെയൊരു ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന് ആ തൊഴിലാളികള്‍ കരുതിയില്ല. രാത്രി ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഉരുള്‍പൊട്ടിയത്. ലയങ്ങള്‍ അപ്പാടെ തകര്‍ന്നു . മുകളില്‍ മറ്റൊരിടത്ത് ഉരുള്‍പൊട്ടിയിട്ട് ഈ ലയങ്ങള്‍ക്ക് മുകളില്‍ വന്നു പതിക്കുകയായിരുന്നു. ഇപ്പോള്‍ അവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
തോട്ടം തൊഴിലാളികള്‍ ഇത്തരം ലയങ്ങളില്‍ നിന്നു മാറുന്നതിന് സ്വന്തമായി ഭൂമി വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിനു വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ സമരം ചെയ്തത്. ഇവിടെ ലയങ്ങളില്‍ ഒരു മുറിയും ഒരു ബെഡ്റൂമും മാത്രമാണുള്ളത്. കോവിഡ് കാലത്ത് അകലം പാലിക്കാനൊക്കെ പറയുന്നുണ്ട്. പക്ഷേ, ഇവിടെ ഒറ്റമുറി ലയങ്ങളില്‍ ആറും ഏഴും പേരാണ് കിടക്കുന്നത്. ഒരു ബെഡില്‍ തന്നെ നാലും അഞ്ചും പേരാണ് കിടക്കുന്നത്.. തോട്ടം തൊഴിലാളികളുടെ അവസ്ഥ ആര്‍ക്കും മനസ്സിലാകുന്നില്ല. തോട്ടം തൊഴിലാളികളുടെ അവസ്ഥ ഇത്ര ഭീകരമാണെന്ന് പറഞ്ഞാല്‍ ഞങ്ങളെ തെറിവിളിക്കും. രാഷ്ട്രീയക്കാരെ ആരേയും പേടിക്കാതെ സത്യം വിളിച്ചുപറയുന്ന എന്നെപ്പോലുള്ളവരെ ഇവിടത്തെ രാഷ്ട്രീയക്കാര്‍ തെറിവിളിക്കുകയാണ് ചെയ്യുന്നത്.
പെണ്‍പിളൈ ഒരുമൈ സമരത്തില്‍ ഞങ്ങളുടെ ഓരോ ലയത്തിനും അധികമായി ഒരു മുറി എടുത്തുതരാമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഞങ്ങള്‍ അടിമപ്പണി ചെയ്യുകയാണ്, ഒറ്റ മുറി വീട്ടിലാണ് താമസിക്കുന്നത് എന്നു സമരത്തില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പിനു തയ്യാറായത്. അപ്പോഴാണ് കമ്പനിയുമായി ചര്‍ച്ച ചെയ്ത് ഓരോ ലയത്തിനും ഓരോ റൂമുകള്‍ എടുത്തു തരാം എന്നു പറഞ്ഞത്. പക്ഷേ ടാറ്റ കമ്പനി ഈ സമരത്തിനെ അടിച്ചമര്‍ത്താനായിട്ടാണ് അത്തരത്തില്‍ ഒരു ഒത്തു തീര്‍പ്പിന് തയ്യാറായത്. തോട്ടം തൊഴിലാളികള്‍ മുഴുവന്‍ കമ്പനിക്കെതിരായപ്പോള് കമ്പനി ഇതൊക്കെ ചെയ്തു തരുന്നുണ്ടല്ലോ എന്നുപറഞ്ഞ് തടിതപ്പാനാണ് ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പിന് തയ്യാറായത്. കമ്പനിയാണ് റൂം പണിഞ്ഞു തരുന്നതെന്ന പ്രചരണം അഴിച്ചുവിട്ടു. പക്ഷേ ഇന്ന് വരെ ഒരു മുറി പോലും പണിതു തന്നിട്ടില്ല. ഇന്നും ഒരു ലയത്തില്‍ എട്ടും പത്തും പേരൊക്കെ താമസിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ അഡ്രസ്സ് ഇല്ലാത്തതു കൊണ്ട് ഞങ്ങള്‍ പറയുന്നതു ആരും കേള്‍ക്കുന്നില്ല. തോട്ടം തൊഴിലാളികളുടെ ജീവിതം എന്താണെന്ന് എനിക്കറിയാം. ഈ രാഷ്ട്രീയക്കാരും മുതലാളിമാരും ചേര്‍ന്ന് ഞങ്ങളെ പറ്റിച്ചു അടിമപ്പണി ചെയ്യിക്കുകയാണ്.
രാജമല എന്ന സ്ഥലത്തെ തോട്ടം തൊഴിലാളികള്‍ ജീവിക്കുന്ന ഇടം എത്ര പിന്നോക്കമാണെന്ന് അവിടെ പോയാല്‍ മാത്രമേ മനസ്സിലാവുകയുള്ളൂ. അവിടെ നിന്നും ഒരു ആശുപത്രിയിലേക്ക് പോകണമെങ്കില്‍ ഒരു മണിക്കൂര്‍ സമയമെടുക്കും. അറ്റാക്ക് വന്ന ഒരു രോഗിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിട്ടുണ്ടാകും. ഇവിടെയിപ്പോള്‍ ഭയങ്കര തണുപ്പും കാറ്റും മഴയുമാണ്. രാജമല ഇരവികുളം നാഷണല്‍ പാര്‍ക്ക് വരെ റോഡിന് ഒരു കുഴപ്പവുമില്ല. അതിനപ്പുറത്താണ് കമ്പനി. അവിടേക്കു പോകാന്‍ പോലും പറ്റില്ല.
ഇപ്പോള്‍ ലൈഫ് പദ്ധതിയുമായി മൂന്നാറില്‍ കുറച്ചു പേര്‍ക്ക് സ്ഥലം കൊടുത്തിട്ടുണ്ട്. അത് ഞങ്ങളുടെ നിരന്തര സമരത്തിന്റെ ഭാഗമായാണ്. പക്ഷേ ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകള്‍ എല്ലാവര്ക്കും കിട്ടുന്നില്ല. ഇവിടെ പതിമൂന്നു ബ്ലോക്കുകള്‍ ഉണ്ട്. പക്ഷേ മൂന്നാറിന് മാത്രമാണു ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ കിട്ടിയത്. മൂന്നാറില്‍ ചോദിക്കാനും സമരം ചെയ്യാനും ആളുള്ളതു കൊണ്ടാണ് അവിടെ കൊടുക്കുന്നത്. ചിന്നക്കനാലിലൊക്കെ സി.പി.എമ്മുകാര്‍ സ്ഥലം കയ്യേറി വച്ചിട്ടുണ്ട് എന്ന് അവിടത്തെ യുവാക്കള്‍ എന്നെ വിളിച്ചു പറയുന്നുണ്ട്. അവിടെ ലൈഫ് പദ്ധതിയുമായി ആര്‍ക്കും സ്ഥലം കൊടുക്കുന്നില്ല.
രാജമലയില്‍ കാണാതായ കുട്ടികള്‍ (ക്രമനമ്പര്‍, പേര്, പഠിക്കുന്ന ക്ലാസ് എന്നീ ക്രമത്തില്‍)
എല്‍.എഫ്.ജി.എച്ച്.എസ്. മൂന്നാര്‍- 1 . ലാവണ്യ എസ്. (10 സി), 2. ഹേമ (10 സി), 3. വിദ്യ ആര്. (9 സി), 4. വിനോദിനി (9 ഡി), 5. ജാനവി (8 സി), 6. രാജലക്ഷ്മി (8 ഡി), 7. പ്രിയദര്‍ശിനി (1 ഡി),
ജി.വി.എച്ച്. എസ്.എസ്. മൂന്നാര്‍- 8. ജഗദീശ്വരി (8 സി)
സെന്റ് മേരീസ് യു.പി.എസ്. മറയൂര്‍- 9. വിശാല്‍ (6)
കാര്‍മലഗിരി പബ്ലിക് സ്കൂള്‍- 10. ലക്ഷശ്രീ (4), 11. അശ്വത് രാജ് (1),
എ.എല്‍.പി.എസ്. രാജമലയ്- 12. ലക്ഷണശ്രീ (2), 13. വിജയലക്ഷ്മി (3), 14. വിഷ്ണു (3),
എഫ്.എം.എച്ച്.എസ്. ചിന്നക്കനാല്‍- 15. ജോഷ്വാ (9), 16. സഞ്ജയ് (9), 17. സിന്ധുജ (10) 18. ഗോസ്വിക (10-ാം ക്ലാസ് കഴിഞ്ഞു) 19. ശിവരഞ്ജിനി (10-ാം ക്ലാസ് കഴിഞ്ഞു)