Image

മണ്ണ് കൊണ്ടൊരു ആകാശം

“അടുത്ത മഴയ്ക്ക് മുമ്പെങ്കിലും കൂര കെട്ടിത്തരുമോ കമ്പനി...?” കുഞ്ഞയ്യപ്പന്‍ യൂണിയന്‍ നേതാവ് തോമസിനെ ചോലയ്ക്കരികില്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു. വലിച്ച ബീഡി കുത്തിക്കെടുത്തി തൊണ്ടക്കുഴിയിലെ കഫം തുപ്പിക്കളഞ്ഞൊന്ന് മുരടനക്കി, വെരിക്കോസ് വെയിന്‍ വീര്‍ത്തു തള്ളിയ കാലുന്തി യൂണിയന്‍ ആപ്പീസിനുള്ളിലേക്ക് പിടഞ്ഞു കയറിപ്പോയ തോമസ് പിന്നെ പുറത്തിറങ്ങിയില്ല... 
രണ്‍ജു  എഴുതുന്ന കഥ

 

മണ്ണുകൊണ്ടൊരു വീടായിരുന്നു കുഞ്ഞയ്യപ്പന്‍റെ സ്വപ്നം. അതിലൊരു ഉടമയുടെ എളിമയോടെ, തലയ്ക്കു മുകളിലൊരു കൂര പൊന്തിയ നിനവില്‍ മനം നിറഞ്ഞുറങ്ങണം. മലയടിവാരത്തെ ലയത്തില്‍ അട്ടിയിട്ട ശരീരങ്ങളിലൊന്നായി കിടക്കുമ്പോള്‍ അയാളുടെ ഉറക്കം മുറിഞ്ഞ് അവിടമാകെ പരന്നൊഴുകി. മുറിയിലാകെ പണികഴിഞ്ഞെത്തിയ വിയര്‍ത്തൊട്ടിയ മനുഷ്യശരീരങ്ങളുടെ മുഷിഞ്ഞ ഗന്ധം തളംകെട്ടി നിന്നു.

“അടുത്ത മഴയ്ക്ക് മുമ്പെങ്കിലും കൂര കെട്ടിത്തരുമോ കമ്പനി...?” കുഞ്ഞയ്യപ്പന്‍ യൂണിയന്‍ നേതാവ് തോമസിനെ ചോലയ്ക്കരികില്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു. 

വലിച്ച ബീഡി കുത്തിക്കെടുത്തി തൊണ്ടക്കുഴിയിലെ കഫം തുപ്പിക്കളഞ്ഞൊന്ന് മുരടനക്കി, വെരിക്കോസ് വെയിന്‍ വീര്‍ത്തു തള്ളിയ കാലുന്തി യൂണിയന്‍ ആപ്പീസിനുള്ളിലേക്ക് പിടഞ്ഞു കയറിപ്പോയ തോമസ് പിന്നെ പുറത്തിറങ്ങിയില്ല. 

ലയങ്ങളില്‍ പട്ടിണിയും മാറാരോഗങ്ങളും പിടിച്ച് അവര്‍ കട്ടകൂടി ദുഷിച്ചു മുഷിഞ്ഞു കിടന്നു. പട്ടിണി മാറ്റാന്‍ കമ്പനിയില്‍ അടിമകളെപ്പോലെ എല്ലുമുറിയെ പണിയെടുത്തു. അടിമപ്പണി മടുത്ത് അക്കന്‍റൊപ്പം സമരത്തിനു പോയ ചിലരെ കമ്പനി പിന്നെ അടുപ്പിച്ചില്ല. 

“ഉരുള്‍പ്പൊട്ടലില്‍ മരിക്കാനായിരിക്കും വിധി. അല്ലെങ്കില്‍ പട്ടിണി കിടന്ന്...,” കുഞ്ഞയ്യപ്പന്‍ പിറുപിറുത്തപ്പോള്‍ ലയത്തിലാകെ വല്ലാത്ത നിശ്ശബ്ദത പരന്നു. 

രണ്ടു ദിവസമായി പെയ്യുന്ന മഴയ്ക്ക് ഒരു ശമനമുണ്ടായിട്ടില്ല. ഡാം തുറക്കുമെന്നും, കനത്ത മഴയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ട് ജാഗ്രത പാലിയ്ക്കണമെന്നുമുള്ള കളക്ടറുടെ നിര്‍ദ്ദേശം പത്രത്തില്‍ വന്നു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന് വെളിച്ചമില്ലാതെ കറുത്തിരുണ്ട് കിടന്ന ലയത്തില്‍ അതാരും അറിഞ്ഞില്ല. അറിഞ്ഞിരുന്നേലും ഒന്നും സംഭവിക്കില്ല. അവര്‍ക്ക് പോകാന്‍ വേറെ ഒരിടവുമില്ലായിരുന്നു. ലയങ്ങളില്‍ രാപ്പകലില്ലാതെ വിയര്‍ത്തൊട്ടി അവര്‍ അട്ടകളെപ്പോലെ ഒട്ടിക്കിടന്നു. വീണ്ടും പിടഞ്ഞെണീറ്റ് അടിമകളെപ്പോലെ അടുത്ത ദിവസവും പണിയ്ക്കുപോയി.

മഴ കനത്തപ്പോള്‍ കുഞ്ഞയ്യപ്പന്‍ ഏലിയോടു പറഞ്ഞു: “എല്ലാം കെട്ടിപ്പെറുക്കി എങ്ങോട്ടെങ്കിലും പോകാം” 
“ഇതിയാനെന്നാ പറയുന്നേ... ചുറ്റിലും വെള്ളമാ. പുറത്തെന്താ പുകിലെന്നാര്‍ക്കറിയാ…” ഏലി പരിഭ്രാന്തയായി. 

വെള്ളം പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞയ്യപ്പന്‍ പുറത്തിറങ്ങി, മുന്നാമ്പുറത്ത് കെട്ടിയിട്ട നായയെ അഴിച്ചു വിട്ടു. അത് മുന്നോട്ടോ പിന്നോട്ടോ പോവാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. 

മഴയുടെ ശക്തി കൂടി വന്നു.

“എങ്ങാട്ട് മാറ്റിപ്പാര്‍പ്പിക്കാനാണ്. മഴ മാറട്ടെ!” മാനേജുമെന്‍റുമായി സംസാരിച്ച ശേഷം സഖാവ് പറഞ്ഞത് കുഞ്ഞയ്യപ്പന്‍ ഓര്‍ത്തു.  

അയാള്‍ ഉറങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ടു കൊണ്ടിരുന്നു. ലയത്തിലെല്ലാം ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന മനുഷ്യരുടെ ദീര്‍ഘനിശ്വാസങ്ങള്‍ നിറഞ്ഞു. കര്‍ത്താവിലേക്കുള്ള നീണ്ടവിളികള്‍ തേങ്ങലുകളായി അവരില്‍ അടങ്ങിക്കിടന്നു. 

ഉറക്കത്തില്‍ കുഞ്ഞയ്യപ്പന്‍ സ്വന്തമായി ഒരു പിടി മണ്ണ് കയ്യിലെടുത്ത് കര്‍ത്താവിലേക്കെന്ന പോലെ ആകാശത്തേക്ക് നോക്കി നില്‍ക്കുന്നത് സ്വപ്നം കണ്ടു. പെട്ടെന്ന് അയാളിലേക്ക് മണ്ണിന്‍റെ ഒരാകാശം ആര്‍ത്തലച്ച് വന്നു വീണു. കണ്ണിലും മൂക്കിലും വായിലും നാഡീഞരമ്പുകളിലും ഓര്‍മ്മയിലും സ്വപ്നത്തിലുമെല്ലാം മണ്ണ്‍. ചെളികലര്‍ന്ന് പരന്നൊഴൊകി അത് അവിടെമാകെ മൂടി. 

നിമിഷങ്ങള്‍ക്കകം ലയം നിന്ന സ്ഥലം വെറുമൊരു ചെളിക്കുണ്ടായി മാറി.

രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാറ്റി ശവശരീരങ്ങള്‍ ഓരോന്നായി കണ്ടെടുത്ത് മാറ്റിക്കൊണ്ടിരുന്നു. ഏലിയുടെ ശരീരവും കണ്ടുകിട്ടി. കുറേ കഴിഞ്ഞ്, കനത്ത മഴയില്‍ തിരച്ചില്‍ അസാധ്യമായപ്പോള്‍ അതവസാനിപ്പിച്ച് ആളുകള്‍ പോയി. 

ഒരു നായ മാത്രം അവശിഷ്ടങ്ങളില്‍ ആരെയോ തിരഞ്ഞ്, വിഷമിച്ച് അലഞ്ഞുതിരിഞ്ഞു കൊണ്ട് അവിടെയെല്ലാം ചുറ്റിപ്പറ്റി നിന്നു. ആഴ്ചകള്‍ക്ക് ശേഷമെപ്പോഴോ അത് എന്തോ കണ്ടതു പോലെ ഓരിയിടാനും ചുറ്റിലും ഓടി നടന്ന് മറ്റുള്ളവരുടെ ശ്രദ്ധ അങ്ങോട്ട് ആകര്‍ഷിക്കുവാനും ശ്രമിച്ചു. 

ഓടിക്കൂടിയ ആളുകളെല്ലാം ചേര്‍ന്ന്, മണ്ണില്‍ പുതഞ്ഞ അഴുകിയ ആ  ശരീരം പുറത്തെടുത്തപ്പോള്‍ അത് ആകാശത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നതു പോലെ തോന്നിച്ചു. ഒരു പാതി സ്വപ്നം മണ്ണുമൂടി അയാളില്‍ പുതഞ്ഞുകിടന്നു. അത് കുഞ്ഞയ്യപ്പന്‍ ആയിരുന്നു.

അവകാശികള്‍ ആരുമില്ലാതെ മണ്ണില്‍ പുതഞ്ഞു കിടന്നിരുന്ന അയാളുടെ ശരീരത്തിനരികില്‍ നിന്ന് വാലാട്ടി, ഓരിയിട്ട് ഒരു നായ ആകാശത്തേക്ക് പറന്നുപോയി.

 


കുറുകുറെ ബ്രോസ് എന്ന മ്യൂസിക് ആല്‍ബം 


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image