Image

നട്ടെല്ല് തുളയ്ക്കുന്ന കവിതകള്‍

വയനാട്ടിലെ രാവുള ഗോത്രത്തില്‍പ്പെട്ട സുകുമാരന്‍ ചാലിഗദ്ധ രാവുള ഭാഷയിലും മലയാളത്തിലുമായി എഴുതിയ കവിതകള്‍.

ജോഗി 

ഈ വന്ന കാട്ടില്
കണ്ണീരു മാത്രം
നട്ടെല്ല് തുളയണ
വെടിയുണ്ട മാത്രം
വെടിയുണ്ട മാത്രം

നട്ടം തിരിയുന്ന
വെണ്ണീര് പുകയും
മേലെല്ല് കാട്ടിയ
ചെറ്റ കുടിലും

തോളോടു ചാരി
കുഞ്ഞു കരച്ചിലും
മൂക്കത്ത് പെറ്റിട്ട
ചോര പുഴയും
മൂക്കത്ത് പെറ്റിട്ട
ചോര പുഴയും...

കാക്കിപ്പട കാൽ 
കൊത്തിവലിക്കണ്
കൈവിരൽ തുമ്പ്
മണ്ണു വലിക്കുന്നു

തീനാളം കുന്നുകൾ
വട്ടം കറങ്ങുന്നു
മുത്തങ്ങ കൂട്ടിൽ
നീളകരച്ചിലും
നീള കരച്ചിലും

വാ പൊത്തി ഓടിയ 
അമ്മ മറയണ്
കുറ്റിമുൾക്കാടുകൾ
കൂട്ടി പൊതിയുന്നു
കൂട്ടി പൊതിയുന്നു...

നീട്ടികരച്ചിൽ
ഉച്ചത്തിൽ കൂവുന്നു
കുഞ്ഞു വായ്
കണ്ണുനീർ കുടിച്ചു മയങ്ങുന്നു
കണ്ണുനീർ കുടിച്ചു മയങ്ങുന്നു

കരി വീണ മണ്ണിൽ
നെഞ്ചത്ത് മട വീണു
മുഖമൂടി കണ്ണുകൾ
ആർത്തു ചിരിക്കുന്നു

നീ പെറ്റ മണ്ണിന്‍റെ
ചൂടാറി പോയില്ല
ചോര തളങ്ങൾ
ഒഴുക്കായ് പടരുന്നു
ഒഴുക്കായ് പടരുന്നൂ

മുത്തങ്ങ ജോഗി
വയനാട് ജോഗി
ഈ സൂര്യനെന്നും
ഉദിച്ചെന്നും നിൽക്കും.


മന്‍റം 

കാവെല്ലുമന്‍റത്തി
ഒലെ മാണ കണ്ണുക്കു
മൂക്കു കുത്തി ബളളിട്ട
തിരുങ്ങാണി ബണ്ടി...

മൂന്‍റു ചാക്കു ബല്ലി
തിലെബെച്ചു
എഗെ കവെച്ചു
പുള്ളെനെ ബെച്ചു
അങ്ങാടി കവെച്ച
ഉഗുറുനെ കമ്പളനാട്ടി കെട്ടിന്ന...

ഒന്‍റെ മുളെച്ച
മുളെക്കാല്ലുകുളളുമു
പുറ്റു കലാന്ത
മോഗിന്ന മതില്ലുമു
കുളിരുക്കു പുതെച്ച
പൂമി പുല്ലുമ്മു
നാടു തിരിഗിന്ന...

കൈമേവെക്കുപ്പട്ടു
കൊളുമ്പു ബാറുക്കുപ്പട്ടു
അരെ മുറുക്കി
ഊധു കിരെഞ്ചെരാ
മന്‍റാ...

ബെട്ടി ബുതേച്ച ജാഗ
കണ്ണു തെറ്റിപ്പോന്നനെ
നിനെച്ചു,
മേലുകൈറോഗ
നിനെച്ചുപ്പുടിച്ചു
കഥെ കഥെ കമ്പള
കഞ്ചി കുടിച്ചു
പുള്ളെക്കു ഗാധിയിണ്ട
മന്‍റ...

 

മൈതാനം 

കാവൽ മൈതാനത്ത്
ഉല ഉണ്ടാക്കിയ കണ്ണിന്
മൂക്ക് കുത്തി കയറിട്ട
പമ്പര വണ്ടികൾ.

മൂന്ന് ചാക്ക് നെല്ല് തലയിൽ വെച്ച്
തോളത്ത് കുഞ്ഞിനെ ഇരുത്തി
അങ്ങാടി വരെ നടന്ന
ആരോഗ്യത്തെ അടിമകളാക്കി...

ഒന്നിച്ചു മുളച്ച
മുളകൊണ്ട് നാട്ടിയ വീടും
പുറ്റുമണ്ണിൽ മെഴുകിയ
മതിലും
തണുപ്പിന് പുതച്ച
ഭൂമിയിലെ പുല്ലും
നാടുകൾ കറങ്ങി...

കൈകൾ മോന്തെക്ക് കൊണ്ടു
എല്ല് വയറിന് കൊണ്ടു
അര മുറുക്കി
ഉഴുതുമറിച്ചു കരഞ്ഞ
കൂട്ടം...

വെട്ടി വിതച്ച സ്ഥലം
കണ്ണു തെറ്റി പോയതും
ശരീരത്തിലെ കൈയ്യിലേ
രോഗങ്ങൾ നിനച്ചും
പഴങ്കഥ പറഞ്ഞ് 
കഞ്ഞി കുടിച്ച്
കുട്ടികളോട്
സംസാരിക്കുന്ന കൂട്ടം


ഗുഡി

ചീഗുഡി മാരിയൗവ്വാ
കല്ലെ കൈബളെനെ
താനെയിട്ടൊണ്ടവ്വാ
ഈ പുവെബായി
കൈതോടൂക്കൂ
മായപറെഞ്ചിട്ടാള്ളവ്വാ...

മാനിബയെല്ലു
മാരച്ചെന്നോ
മാരിഗ തുറാന്തിട്ടുത്തന്തല്ലായോ
പുല്ലു ഗുഡി കൊട്ടില്ലിലി
ഗഡി തുടിയാട്ടാണ്ടോല്ലാ...

മാവുക്കാല്ല ബറുവടെക്കെ
മാനിപ്പുല്ലു തിറെയാണ്ടോ...
തോടാന്ന കൈതോടില്ലി
ഗദ്ധള മീന്നുപ്പട്ടെ...

ഈ ഗുഡി ബളെവില്ലീ മാരിഗതിലെചുരെച്ചിട്ടാ...
കണ്ടെന്‍റ കണ്ണൊക്കായെ
കല്ലുപൊന്നുക്കു കണ്ണിട്ടാന്നോ..
കൗത്തു ബളെവുക്കു
തിന്നാത്ത പൊടിയെറിഞ്ചാ
കണ്ണങ്കുമഞ്ചിട്ടൊണ്ടാ
ഈ ഗുഡിക്കന്തിയാന്നാ...


ചെറിയ വീട് 

വീട്ടിലുള്ള മാരിയമ്മ 
മാലയും വളയും 
ആരുമറിയാതെ
ഒറ്റയ്ക്ക് ഇട്ടു നിറച്ചു...
ഈ പുഴവായകൈതോടിനും
മായങ്ങൾ പറഞ്ഞിരുന്നമ്മ...

മാനി പുല്ല് വയലിലെ 
മാരച്ചൻ വഴികൾ
തുറന്നിട്ടിരുന്നു 
പുല്ല് വീട്ടിലെ കോലായിലിൽ 
വടി തുടിയടിച്ചാടുന്നു....

മഴക്കാലം വരുമ്പോൾ 
മാനിപ്പുല്ലിന് തിറക്കെട്ടിയാട്ടം 
തോടായ കൈതോടെല്ലാം 
മീനുകളെ കൊണ്ട് 
നിറഞ്ഞ സന്തോഷം....

ഈ ചെറിയ വീടിന്‍റെ
വഴിയുടെ തലയറ്റം
ആരോ വടിച്ചിട്ടു,
മറ്റുള്ളവരുടെ കണ്ണുകൾ 
കല്ലുപൊന്നിന് കണ്ണുവെച്ചു...

കഴുത്ത് വളവിൽ
ആരോക്കെയോ
തിന്നാത്ത പൊടിയെറിഞ്ഞു, 
കണ്ണുകളെല്ലാം മഞ്ഞളിച്ചുപോയി
ഈ വീടിന് രാത്രിയായി...


നഗരച്ചെടിയായ് 

എന്‍റെ വല്ല്യച്ചൻ പറഞ്ഞ പഴങ്കഥകളിൽ 
ഒരു കള്ളൻ ഒളിഞ്ഞിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. 
കാടുകളിലെ ഉള്ളറയിലെ കുടിലിൻ മുറ്റത്ത് 
തീയിട്ട പുകച്ചൂടിൽ ഞാനും വിയർത്തിരുന്നു.

ഒരു നോട്ടംകൊണ്ടോ മുഖംമുറുക്കിയൊന്ന് നുള്ളാതെ എന്നും 
ആ മണ്ണിനെ നനച്ച് മുളപ്പിച്ച കൈഞരമ്പിലെ ചോര കുടിച്ചത് 
കാട്ടുപ്പേയോ ചുരങ്ങൾ വളച്ചു കയറിയ മുള്ളോ.

നടുവയർ മൈതാനത്ത് ആനയോളം മാട പൊക്കത്ത് 
തുടിക്കൊട്ടി പാടിയ പാട്ടിൽ രാത്രിയിലിറങ്ങുന്ന 
മാനെണ്ണം കൂടിയ പന്നിയും മതിമറന്നാടിയന്നത്തെ തീറ്റ വേറെ കണ്ടു.

മുത്താറി തിറനെയ്ത അതിരുകൾക്കപ്പുറം 
നാട്ടിൽ നിന്നും വിരുന്നെത്തിയ നാടൻകോഴി കരിഞ്ഞു 
മുത്തശ്ശിപ്പല്ലുകൾ ചിരിക്കൂട്ടിയ മായാകാഴ്ചകളെല്ലാം 
നടുപ്പുഴ വറ്റുന്നതുപോലെ.

മുളക്കൂമ്പും നടവഴികൾ പെറ്റിട്ട ഇലക്കറികളും 
കൊല്ലി മൂലയിലെ താളും തകരയും 
വേരറ്റിട്ട് പോയോ പോയതോ. 
ഒരു കള്ളന്‍റെ നോട്ടത്തിൽ മുറിവേറ്റ പക്ഷി 
മുറിമരുന്ന് തേടി പറക്കുവാൻ തുടങ്ങിട്ട് കാലങ്ങളേറെയായി.

നഗരച്ചെടിയൊറ്റയ്ക്ക് ഒറ്റപ്പൂവിനെ 
മാത്രം പെറ്റു, വഴികളില്ല ബന്ധങ്ങളില്ല
ഒന്നാർത്തു കൂവിയ വിളിയൊച്ചയ്ക്ക് 
മറുപടി താളങ്ങളില്ലാതെ തുടികൾ പൊട്ടി.


കന്നല്ലാടി

ഏവ്വുകാലത്തി
ഏവ്വു
നാടുപുറാക്കൊണു

ചുവാന്തപ്പട്ടു ഉറുമ്മാലെക്കെട്ടി
മൂന്‍റു തുട്ടി
എഗെല്ലിനേറ്റി
ജോളികെകൂറിന്‍റെ
തൊറുവ്വ്ളി പാട്ടുമ്മു
അരെ കെട്ടിന്‍റ
അരെ മണിമ്മു
നാടു ഗാധി തേരുകൂട്ടൊണു

നാല്ലു നാടില്ല
പത്തുപണി
നാങ്ക
ചെയ്യ്ന്‍റാ

ഓ....

എന്‍റെങ്കി
കൂടിക്കൊമ്മി

തുട്ടിയറെഞ്ചു
രാണ്ടു ബളെവ്വു
ചപ്പറബളെഞ്ചു

നാടുക്കൂണ
ചപ്പറ തളുവ്വെല്ലി
കുറ്റകുറെവ്വുക്കു
തപ്പെടുത്തു
നുവ്വെല്ലു കൂട്ടൊണു

നാടുക്കു നീക്കിന്ന
പത്തുബളെ
നാടു പൈച്ചെ
പൊന്നു ബെച്ച കതിരുപ്പല്ലെ
നാടുക്കു കൊടുക്കൊണു

ഗദ്ധളമാണ
ചേമ്പുക്കറി
ചാലിയടെച്ച
മീന്നുക്കറി

ചപ്പരഗാവ്വു
പണ്ടില്ല ഗാധിചിരി
തിണെയുദ്ധ
നീണ്ട ചിരി

ഒമ്പെതു തൂണാടി ബളെഞ്ചു
ചെമ്പെനെ പാടിന്‍റ പാട്ടുക്കുനിന്‍റു
കാര്യക്കാറെറാക്കു
ഉത്തിറ കൊടുക്കൊടുത്തു
നാടുനീങ്കിന്ന മൈച്ചെറാക്കു
നല്ലുമ്മെയാടൊണു

ജമ്മുക്ക പൊത്തി മുകിച്ചിട്ടു
മുറാപ്പുട്ടിച്ചു
മുറാമ്മണി കുലുക്കി
ബുറെവ്വെട്ടു
നുവ്വെല്ലിണ്ട
കന്നല്ലാടി

കന്നല്ലാടി

ഏഴ് കാലത്തിൽ
ഏഴ്
നാടുകൾ പിറക്കണം

ചുവന്ന പട്ട്
ഉറുമ്മാലകെട്ടി
മൂന്ന് തുടികൾ
തോളത്ത് തൂക്കി
സഞ്ചിക്കുള്ളിൽ
പാടുന്ന കുഴലും
അരയിൽ കെട്ടുന്ന അര മണിയും
നാട്ടിലെ സംസാരത്തിനെ
ഒന്നിച്ചു കൂട്ടണം

നാല്നാട്ടിലെ
പത്തുപണി
ഞങ്ങൾ
ചെയ്യട്ടെ

ഓ....

എന്നാൽ നിങ്ങൾ കൂടിക്കോ
(സ്ത്രീകൾ ഒന്നിച്ചിരുന്ന്
കരയുവാൻ ആജ്ഞ നൽകുന്നതിനെ കുറിച്ച്)

നാടുകൾ കൂടുന്ന
പന്തലിനുള്ളിൽ
കുറ്റങ്ങൾക്കും കുറവുകൾക്കും
പിഴയടച്ച്
അനുഗ്രഹം നൽകണം.

നാടിന് നീക്കിയ
പത്തു പണം
പൊന്ന് വെച്ച കതിരുപോലെ
നാടിന് നൽകണം.

ഒത്തിരി ഉണ്ടാക്കിയ
ചേമ്പ് കറി
പുഴ കെട്ടിപിടിച്ച
മീൻ കറി

പന്തലിനുള്ളിൽ
ഒന്നിച്ചു കൂടി
പഴങ്കഥ ചിരി
തിണ്ണകളിൽ
നീണ്ട ചിരി.

ഒൻപത് തൂണുകൾക്ക് ചുറ്റും
ആടിവളഞ്ഞ്‌
ചെമ്പെനെ പാടുന്ന പാട്ടിന് നിന്ന്
കാര്യം ചെയ്യുന്നയാളുകൾക്ക്
ഉത്തരം നൽകി
നാടു നീങ്ങിയ
മനുഷ്യന്
സന്തോഷമായ ആട്ട്.

കരിമ്പടം മൂടി പുതച്ച്
മുറം പിടിച്ച്
മുറ മണി കിലുക്കി വിറച്ച്
അനുഗ്രഹം
നൽകുന്ന
കന്നല്ലാടി...

(റാവുള സമുദായത്തിന്‍റെ അനുഷ്ഠാനമന്ത്രങ്ങൾ പഠിച്ച കർമ്മം ചെയ്യുന്നയാൾ. അവരെ വിളിക്കുന്നത് കന്നല്ലാടി എന്നാണ് )

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image