Image

അബ്ദുള്‍ റഹ്മാനേ ആദിവാസികള്‍ക്ക് വേറെ പണിയുണ്ട്

'ആദിവാസികളുടെ ഇടയില്‍ നിന്നു വന്നു തിരൂരുകാരെ പഠിപ്പിക്കേണ്ട' എന്ന പരാമര്‍ശത്തിലൂടെ താനൂര്‍ എം എല്‍ എ അബ്ദുള്‍ റഹ്മാന്‍ ആദിവാസികള്‍ക്കെതിരെ കടുത്ത വംശീയതയാണ് പുറപ്പെടുവിച്ചത്. വയനാട്ടിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട കവിയത്രിയും അഭിനേത്രിയുമായ സിന്ധു മാങ്ങണിയന്‍ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എഴുതുന്നു.

 

ആദിവാസികളെ അപഹസിക്കുകയും വംശീയാധിക്ഷേപം  നടത്തുകയും ചെയ്ത താനൂർ MLA അബ്ദുൾ റഹ്മാന്‍റെ പരാമർശങ്ങൾക്കെതിരെ വയനാട്ടിലെ ഒരു ആദിവാസി സ്ത്രീ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്...

ആദിവാസികളോടുള്ള 'പുരോഗമന രാഷ്ട്രീയ ചിന്ത'യാണ് MLA അബ്ദുൾ റഹ്മാനിൽ നിന്ന് പുറത്തുവന്നത്. ജാതിയില്ല, മതമില്ല, വർണ്ണമില്ല, വിവേചനമില്ല എന്ന് പുലമ്പുന്ന പ്രസ്ഥാനത്തിന്‍റെ സാരഥികളിലൊരാളാണ് ഇത്രയും നീചമായ ഭാഷയിൽ തന്‍റെ ഉള്ളിലെ വംശീയവിദ്വേഷം പുറത്തുകാട്ടിയത്. അധികാരം കൈവിട്ടു പോവാതിരിക്കാൻ കാടിന്‍റെ മക്കളെന്നും മണ്ണിന്‍റെ മക്കളെന്നും ആദിവാസി സഹോദരങ്ങളെന്നും ആദിവാസി സഖാക്കളെന്നും  വാക്കാൽ മാത്രം പദവി നൽകിക്കൊണ്ട് ഊരുകളിൽ ചേരിപ്പോരുണ്ടാക്കി ഒരു ജനതയുടെ ആരോഗ്യത്തെയും ആവേശത്തെയും ആത്മാവിനെയും ചൂഷണംചെയ്ത് തങ്ങളെത്തന്നെ കുലംകുത്തികളാക്കി മാറ്റുന്ന പ്രവണതയാണ് പൊതുവെ കാണാൻ കഴിയുന്നത്.

ആദിവാസി ജനതയെ ഉൾക്കൊള്ളാനാവാത്ത, പരിഗണിക്കാനാവാത്ത ജനാധിപത്യവിരുദ്ധ മനോഭാവം വച്ചു പുലർത്തുന്ന ആട്ടിൻതോലിട്ട ചെന്നായ് വർഗ്ഗം! ആദിവാസികള്‍ എന്നും ചൂഷണം ചെയ്യപ്പെടേണ്ടവരാണെന്നും സമരം ചെയ്യാൻ വിധിക്കപ്പെട്ടവരാണെന്നും സൗജന്യങ്ങൾക്കു വേണ്ടി കാത്തുകിടക്കേണ്ടവരാണെന്നുമാണ് ഇത്തരക്കാർ അടിവരയിട്ടു വച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പാലക്കാട് അട്ടപ്പാടി, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകൾ നോക്കിയാൽ കാണാൻ സാധിക്കും ഓരോ ഊരിന്‍റെയും അവസ്ഥ. ഏത് രാഷ്ട്രീയ പ്രസ്ഥാനമായാലും ഇതു തന്നെയാണ് അവസ്ഥ. ഏതൊരു പ്രസ്ഥാനത്തിന്‍റെയും മുൻപന്തിയിൽ തന്നെപ്പോലെ ഒരാളുണ്ടായിരിക്കുമെന്ന് അബ്ദുള്‍ റഹ്മാൻ തെളിയിച്ചു.
ആദിവാസികൾക്ക് അനുവദിച്ചിട്ടുള്ള SC ST ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള നിർമ്മിതികൾ അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഔദാര്യമാണെന്നാണ് ഊരുകളെ മുഴുവൻ വിശ്വസിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഊരിലെ വളർന്നുവരുന്ന യുവതലമുറയെ മുഴുവൻ വല വീശിപ്പിടിച്ച് തങ്ങളുടെ ജാഥയ്ക്ക് നീളം കൂട്ടാൻ ഉപയോഗിക്കുന്നു. ഇവിടെ ഒരു ജനതയുടെ ഐക്യത്തെ ഉന്മൂലനം ചെയ്യുകയും അവരെ ചേരിക്കാരായും കോളനിക്കാരായും കണ്ട് കോളനി വാണമെന്ന് ആക്ഷേപിച്ചുകൊണ്ട് അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം വൈരാഗ്യബുദ്ധിയും അക്രമാസക്തമനോഭാവമൊന്നും ആദിവാസികളായ ഞങ്ങളിൽ ഇല്ല. അതുകൊണ്ടു തന്നെയാണ് ഇന്നും താനൂർ MLA അബ്ദുള്‍ റഹ്മാനെപ്പോലുള്ളവർ സുഖിച്ചു ജീവിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിനെ പ്രതിരോധിക്കുന്നതിനിടയിൽ അതുമായി ബന്ധമില്ലാത്ത ഒരു വംശത്തെ അനാവശ്യമായി വലിച്ചിഴച്ച് നടത്തിയതാണ് ആ വംശീയ വിവേചനം. എന്‍റെ ജനതയുടെ മുഴുവൻ ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്ന തരത്തിലാണ് താനൂർ MLA വംശീയ പരാമർശം നടത്തിയിട്ടുള്ളത്.

ഞങ്ങളെ അപകീർത്തിപ്പെടുത്താനും അവഹേളിക്കാനും എന്ത് യോഗ്യതയാണ് ഈ അബ്ദുള്‍ റഹ്മാനുള്ളത്? ഇയാൾക്ക് എന്തെങ്കിലും തരത്തിലുള്ള ഉളുപ്പുണ്ടെങ്കിൽ ആദിവാസികളുടെ വോട്ട് ഈ രാഷ്ടീയ പ്രസ്ഥാനത്തിന് വേണ്ട എന്ന് വിളിച്ചുപറയാനുള്ള തന്‍റെടം കാണിക്കണം. ആദിവാസികൾ കറങ്ങുന്ന കസേരയിലിരുന്ന് മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നവരല്ല. കാടും മനുഷ്യരും ഇഴുകിച്ചേർന്ന ഒരു ബന്ധമാണ് പ്രകൃതിക്കുള്ളത്. ആ ജീവിതപാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്നും വയനാട്ടിലെ ആദിവാസികൾ. കിഴങ്ങ് കുഴിച്ചെടുത്താൽ കൂമ്പ് മുട്ടോളം കുഴിയിൽ കുഴിച്ച് വെക്കുന്ന സംസ്കാരം, മുട്ടോളം വെള്ളത്തിൽ മീൻ പിടിച്ചാൽ ആവശ്യത്തിന് വലുതിനെ മാത്രം പിടിച്ച് കുഞ്ഞുങ്ങളെ അവിടെത്തന്നെ നിക്ഷേപിക്കുന്ന സംസ്കാരം. മണ്ണിന്‍റെ മനമറിഞ്ഞ് ദിക്കിന്‍റെ ദിശയറിഞ്ഞ് പ്രകൃതിയെന്ന സമ്പത്ത് എല്ലാവർക്കുമായി അവകാശപ്പെട്ടതാണെന്ന ചിന്തയുടെ പാരമ്പര്യമുള്ള ജനതയാണ് ഞങ്ങൾ ആദിവാസികൾ. അതിനാലാണ് ആദിവാസി മേഖലകളിൽ ഏറ്റവും കൂടുതൽ കുടിയേറ്റം വന്നപ്പോഴും കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നെന്ന് തിരിച്ചറിഞ്ഞിട്ടും പ്രകൃതി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന മനോഭാവത്തിൽ നിശബ്ദരായത്. അതാണ് ആദിവാസിയുടെ, എന്‍റെ ജനതയുടെ, എന്‍റെ കുലത്തിന്‍റെ സംസ്കാരം. 

"സ്വന്തമായി കഴിവു വേണം. ആദിവാസികളുടെ ഇടയിൽ നിന്ന് വന്ന് ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട" എന്നു പറഞ്ഞ അബ്ദുള്‍ റഹ്മാനോട് ചോദിക്കട്ടെ... ഇത്തരം അബ്ദുള്‍ റഹ്മാൻമാരെ പിന്തുണക്കുന്ന അധികാരിവർഗ്ഗത്തോട് ചോദിക്കട്ടെ... സ്വയം സംസ്കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന അധികാരവർഗ്ഗത്തോട് ചോദിക്കട്ടെ... 

ഞങ്ങൾക്കില്ലാത്ത എന്ത് കഴിവും എക്സ്ട്രാ ഫിറ്റിംഗ്സുമാണ് നിങ്ങൾക്കുള്ളത്...?

ഞങ്ങളിൽ നിന്നും തട്ടിപ്പറിച്ചെടുത്തതും മോഷ്ടിച്ചെടുത്തതുമല്ലാത്ത എന്ത് അറിവും സമ്പത്തുമാണ് നിങ്ങൾക്കുള്ളത്?

സംസ്കാരമുള്ളവരെന്ന് സ്വയം അവകാശപ്പെടുമ്പൊഴും ഞങ്ങൾക്കില്ലാത്ത എന്ത് സംസ്കാരമാണ് നിങ്ങൾക്കുള്ളത്?

ഞങ്ങളുടേതെല്ലാം തട്ടിപ്പറിച്ചിട്ടും മതിവരാതെ അന്യസംസ്ഥാനങ്ങളിൽ വേശ്യാലയങ്ങൾ നടത്തി വരുമാനമുണ്ടാക്കുന്ന പകൽമാന്യർക്ക് ആദിവാസികളുടെ ജീവിതവും സംസ്കാരവും ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. ഒരു കൂരയിൽ ആണും പെണ്ണുമടങ്ങിയ പത്തും പതിനഞ്ചും അംഗങ്ങൾ ഒന്നിച്ച് ജീവിക്കുന്ന  കുലപാരമ്പര്യമാണ് ആദിവാസികൾക്കുള്ളത്. അവിടെയൊരു പെണ്ണും സ്വന്തം അച്ഛനിൽ നിന്നും ആങ്ങളയിൽ നിന്നും ഗർഭം ധരിച്ചിട്ടില്ല. സ്വന്തം അമ്മയാൽ കൂട്ടിക്കൊടുക്കപ്പെട്ടിട്ടില്ല. മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഏൽപ്പിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സമൂഹത്തിൽ മാന്യരെന്നു കരുതുന്ന ജാതിവെറി പൂണ്ട ആദിവാസി വിരോധികളോട്, നിങ്ങളിൽ നിന്നൊരു പരിഗണനയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രതിബന്ധങ്ങളോട് പോരാടി, പ്രകൃതിയോടിണങ്ങി ജീവിക്കാൻ കഴിവുള്ള ഞങ്ങൾക്ക് നിങ്ങളൊരെതിരാളികളേയല്ല! ഇത്തരം വംശീയമായ വിദ്വേഷം ആദിവാസികള്‍ക്കെതിരെ വച്ചുപുലര്‍ത്തി, അവസാനം അത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നു വിശദീകരിച്ചു ഉരുളുന്ന പുരോഗമന എം.എല്‍.എ. അബ്ദുള്‍ റഹ്മാനോട് ആദിവാസികള്‍ക്ക് ഒന്നേ പറയാനുള്ളൂ. ആദിവാസികള്‍ക്ക് നിങ്ങളെ പഠിപ്പിക്കാന്‍ സമയമില്ല. അതിലും വലിയ വേറെ പണി ഞങ്ങള്‍ക്കുണ്ട്.


കുറു കുറെ ബ്രോസ് എന്ന മ്യൂസിക് ആല്‍ബം


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image