Image

ശബരിമല: പി.കെ.സജീവിന്റെ മലയരയവാദം ചരിത്രനിഷേധമാണ്

ശബരിമല വിഷയത്തിൽ പി.കെ.സജീവ് പറയുന്ന കാര്യങ്ങൾ ചരിത്രത്തോട് നീതി പുലർത്തുന്നതല്ല. മലയരയരുടെ അവകാശത്തെക്കുറിച്ചല്ലാതെ ശബരിമലയുടെ യഥാര്ത്ഥ ചരിത്രം കണ്ടെത്തുകയെന്നത് ആ ലേഖനത്തിന്റെ ലക്ഷ്യമല്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ തന്റെ വാദങ്ങൾ സമർത്ഥിക്കാൻ തക്ക തെളിവുകള് ഹാജരാക്കാൻ അദ്ദേഹത്തിന് കഴിയുന്നുമില്ല. അതിനുള്ള കാരണം ആ ഇടപെടൽ സത്യസന്ധമല്ലെന്നുള്ളതാണ്.
 
ശബരിമലയിൽ പൂജചെയ്യാനുള്ള അവകാശത്തിനപ്പുറമുള്ളൊരു ലക്ഷ്യം ഐക്യ മലയരയ സമിതിക്കും ഇല്ലെന്ന് പോയവർഷം അവർ നടത്തിയ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്. ഒരുഭാഗം ക്രൈസ്തവൽക്കരിക്കപ്പെടുകയും  മറുഭാഗം ഹൈന്ദവതയെ പുണരുകയും ചെയ്ത ഇവർക്ക്, അവർക്കനുകൂലമായൊരു പരിഷ്‌കരണം നടക്കണമെന്നതിലപ്പുറം, തദ്ദേശീയ ജനതയുടെ സ്വത്വാന്വേഷണത്തോടൊപ്പം നിൽക്കാൻ താൽപര്യമുണ്ടെന്നു തോന്നുന്നില്ല. നിലനിൽപ്പ് ചോദ്യംചെയ്യപ്പെടുന്നവരുടെ ആയുധം ചരിത്രമാണ്. ബാബാ സാഹേബ് ആ ചരിത്രം കൊണ്ടാണ് തമോഗർത്തങ്ങളെ മായ്ച്ചുകളഞ്ഞത്.
 

ആലപ്പുഴ- തൃക്കുന്നപ്പുഴ- കരുമാടി

ശബരിമല, പുരാതന ബൗദ്ധകേന്ദ്രമായിരുന്നു എന്നതിന് മതിയായ തെളിവുകൾ ഉള്ളപ്പോൾ തന്നെ ആ സാംസ്കാരിക പരിസരത്തു നിന്നും വിദഗ്ദമായി അകന്നുനടക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രാചീനതയിൽ നിന്നും ഒന്നും കണ്ടെടുക്കാനാകാതെ ചില പൂജാരികളെയും പഴയ കൽത്തൂണുകളെയും മാത്രം ചൂണ്ടിക്കാണിക്കുന്നത്. എന്നാല് യഥാർത്ഥ ചരിത്രത്തിലേക്ക് വരുമ്പോൾ കഥ മാറും.
 
AD ഏഴാം നൂറ്റാണ്ടിൽ ഹ്യുയാൻസാങ് എഴുതിയ കുറിപ്പുകളിൽ ശബരിമലയുടെ ചിത്രമുണ്ട്. അതിന്റെ സാംസ്കാരിക ഗരിമയുടെ ചരിത്രം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം. തിരുവിളയാടൽ പുരണത്തിൽ അനൈത് പടലത്തിൽ പ്രമുഖ ബൗദ്ധ വിഹാരങ്ങളെക്കുറിച്ചുള്ള സൂചനയുണ്ട്. ശബരിമല, പൊന്നമ്പലമേട്, അച്ചൻകോവിൽ, ചാത്തവട്ടം, വഞ്ഞിപ്പുഴ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിങ്ങനെയത് നീളുന്നു (ഇവയെല്ലാം ഇന്ന് അറിയപ്പെടുന്ന അയ്യപ്പക്ഷേത്രങ്ങളാണെന്നോർക്കണം). ശ്രീധരമേനോൻ കേരളം സംസ്കാരം എന്ന കൃതിയിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. ശാസ്താവ് ഹിന്ദുദേവതബുദ്ധ്യാ സ്വീകരിച്ച ബുദ്ധനാണെന്നു ചരിത്രകാരന്മാർ പറയുന്നു. അമരകോശത്തിൽ ദേവ വർഗ്ഗത്തിൽ "മുനീന്ദ്ര: ശ്രീഘന: ശാസ്താമുനി: ശാക്യമുനി:" എന്നു ബുദ്ധന്റെ പര്യായങ്ങൾ കൊടുത്തിരിക്കുന്നു. കൂടാതെ, ശരണംവിളി ഹൈന്ദവമല്ലന്നു തിരിച്ചറിയണം. ഹിന്ദുമതത്തിൽ അങ്ങനെയൊരു സമ്പ്രദായമില്ല. 'ശിവശരണം, വിഷ്ണു ശരണം' എന്നിങ്ങനെയുള്ള വിളികളില്ല. ശരണത്രയങ്ങൾ ബൗദ്ധമാണ്. ഇതിനർത്ഥം ബുദ്ധനെ മറ്റൊന്നാക്കി മാറ്റിമറിച്ചെന്നാണ്. ഹിന്ദുമതം പറയുന്ന ശാസ്താ, പൂർണ്ണയും പുഷ്കലയും എന്ന രണ്ട്‌ പത്നീസമേതനായ ദൈവത്തെക്കുറിച്ചാണ്. ഈ കഥ പിൽക്കാലത്തു കൂട്ടിച്ചർക്കപ്പെട്ടതാണ്. പോയവർഷത്തെ പ്രളയം കഴിഞ്ഞു പാമ്പാതീരത്ത് നിന്നും ലഭിച്ച പുരാതന പ്രതിമകൾക്കൊപ്പം ബുദ്ധന്റെ പ്രതിമയും ഉണ്ടായിരുന്നുവെന്നതു ഇതിനോട് ചേർത്തു വായിക്കണം.

മാവേലിക്കര

 
അയോദ്ധ്യയിൽ ബാബറി മസ്ജിതില് വിഗ്രഹം പ്രതിഷ്ഠിച്ച് ഏതാനം മാസങ്ങൾക്കുള്ളിലാണ് ശബരിമലയിൽ തീപിടുത്തമുണ്ടാകുന്നത്. ഉപരിതലത്തിൽ കാണാമായിരുന്ന അടയാളങ്ങൾ പൂർണ്ണമായും നശിച്ചുപോയി. AD പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം കേരളത്തിൽ നിന്നും ബൗദ്ധവും ജൈനവും തുടച്ചുനീക്കപ്പെടുകയും വിഹാരങ്ങളെ ക്ഷേത്രങ്ങളാക്കുകയും ചെയ്തുവെന്നതു ചരിത്രബോധമുള്ളവർക്ക് അറിവുള്ള കാര്യമാണ്. നിബിഡമായ കാട്ടിനുള്ളിൽ ഉത്തുംഗശൃംഗത്തിലുള്ള ശബരിമല ദീർഘകാലം ബാഹ്യലോകത്തു നിന്നും മറയ്ക്കപ്പെട്ടു. ആവാസകേന്ദ്രങ്ങളിൽ വിഹാരങ്ങളെ മാറ്റിമറിച്ചെന്നു ഓരോയിടങ്ങളിലെയും  ഉത്സവങ്ങളിലെയും ആചാരങ്ങളിലെയും ബൗദ്ധ ശേഷിപ്പുകളിലൂടെ തിരിച്ചറിയാം. അടുത്തകാലം വരെ പുരാതന ക്ഷേത്രോത്സവത്തിൽ 'അരും പൊരുളേ, അയ്യോ ഹേ പുത്താ എന്നു വിളിച്ചിരുന്നു. തുക്കുന്നപ്പുഴയിൽ അതിപുരാതനമായ ഒരു വിഹാരമുണ്ടായിരുന്നത് കടലെടുത്തുപോയതായി രേഖകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിനു 18 പടികളും 18 ഗോപുരങ്ങളും ഉണ്ടായിരുന്നത്രെ! അവിടെ ഉണ്ടായിരുന്ന ശാസ്താവിഗ്രഹം മാറ്റിസ്ഥാപിച്ചതാണ് ഇന്നും തൃക്കുന്നപ്പുഴയിലുള്ള അയ്യപ്പക്ഷേത്രമെന്നു നാട്ടുകാർ പറയുന്നു. (ഡോ. അജു നാരായണൻ) 18 എന്ന കണക്കു ബൗദ്ധർക്കു പ്രധാനമാണ്. ശബരിമലയിലെ 18 പടികൾ, ബന്ധപ്പെട്ട 18 മലകൾ എന്നിങ്ങനെ കാണുന്നത് അങ്ങനെയാണ്. പഞ്ചശീലങ്ങൾ പഞ്ചഗുണങ്ങൾ അഷ്ടമാർഗ്ഗങ്ങൾ അങ്ങനെയാണ് പതിനെട്ടിന്റെ കണക്ക് വരുന്നത്. കൂടാതെ, കളരിയിലെ 18 അടവുകളും ഈ ഗണത്തിൽ വരുന്നു. ബുദ്ധ വിഹാരങ്ങളോടാനുബന്ധിച്ചു മെയ്യഭ്യാസം പരിശീലിച്ചിരുന്നു. ഇവിടെ മാത്രമല്ല ലോകത്തെവിടെയും ഇതു കാണാം.
 

മന്നാടി

ഇങ്ങനെ ബൗദ്ധവുമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടായിരുന്നിട്ടും അതു പരാമർശിക്കാതെ പോകുന്നതിൽ ദുരൂഹതയുണ്ട്. ബുദ്ധിസം ഹിന്ദുയിസം പോലെ ജാതിവ്യവസ്‌ഥയെ ഉൾക്കൊള്ളുന്നില്ല. അതിൽ അനേകം ജാതികൾ ഉണ്ടായിരുന്നു. അതു കേവലം അടയാളമെന്നതിൽ കവിഞ്ഞു ജാതിയ്ക്ക് യാതൊരു പ്രധാന്യവും ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മലയരയർക്കു മാത്രമായ പ്രത്യേക അവകാശാധികാരങ്ങൾ ഉണ്ടാകുന്നത്? ബൗദ്ധരെ അമർച്ച ചെയ്തതിനു ശേഷം (പമ്പ കടത്തി) അനാഥമായിക്കിടന്ന വിഹാരത്തിൽ പരിസരവാസികൾ എന്ന നിലയിൽ മലയരയർ അവസാനം വരെ ഉണ്ടായിരിക്കാനുള്ള സാധ്യതയെ നിഷേധിക്കുന്നില്ല.
 
അയ്യപ്പൻ എന്നൊരു വ്യക്തിയെക്കുറിച്ചല്ല ഹിന്ദുക്കൾ നടത്തിയ ചരിത്രധ്വസനം പോലെ തന്നെയുള്ള മലയരയരുടെ യഥാർത്ഥ ചരിത്രത്തെ തള്ളിക്കളയുന്ന രീതിയോടാണ് എതിർപ്പുള്ളത്. ചോളന്മാരുടെയും പാണ്ഡ്യരുടെയും നിരന്തര ആക്രമണമാണ് ആയ് വംശജത്തെ നശിപ്പിക്കുന്നത്. തിരുവനന്തപുരത്തു കരുനന്തൻ സ്ഥാപിച്ച, തെക്കൻ നളന്ദയെന്ന പുകൾപെറ്റ കാന്തളൂർ ചാല ആദ്യം തകർക്കുന്നത് ചോളരാജാവായ രാജരാജനായിരുന്നു. പിന്നീട് മകൻ രാജേന്ദ്ര ചോളൻ അതിന്റെ പതനം പൂർത്തിയാക്കി. ഈ ആക്രമണം ഒരു ബിരുദമാക്കിയ രാജരാജൻ "കാന്തളൂർ ചാലൈ കല(ള)മറുത്ത ചോളൻ" എന്നു കുറിച്ചുവച്ചു. കേരള ചരിത്രകാരന്മാർ ചാലയെ വൈദിക വിദ്യാകേന്ദ്രമായി കരുതുന്നു. അപ്പോൾ അവശേഷിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം അവർ നൽകുന്നുമില്ല. തീവ്രഹിന്ദുക്കളായ രാജരാജനോ രാജേന്ദ്രനോ ഒരു വൈദികകേന്ദ്രത്തെ ആക്രമിച്ചു എന്നുപറയുന്നത് വിഡ്ഢിത്തമായിരിക്കും. മാത്രമല്ല, കാന്തളൂർ ചാലയിലെ അന്തേവാസികൾക്കുള്ള റേഷൻ നിർത്തലാക്കിയതിനെയാണ് 'കലമറുത്തു' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതിനു പാഠഭേദമുണ്ടെങ്കിലും ഇതാണ് ശരിയെന്നു തോന്നും. ഭക്ഷണമില്ലാതെ വലയുമ്പോൾ കുട്ടികൾ തിരികെപോകും. ഒരു ജനതയുടെ വിദ്യയും പൗരോഹിത്യവും നിഷേധിച്ചാൽ അല്ലെങ്കിൽ വഴിതിരിച്ചാൽ അവനെ അകലാനാവാത്ത അനുകൂലികളാക്കാമെന്നു ആദ്യമേ തെളിയിക്കുന്നത് ഹിന്ദുവാണ്. ഇതുകൂടാതെ നിരവധി വിദ്യാലയങ്ങൾ തകർക്കപ്പെട്ടു. അയ്യപ്പൻ ജനിച്ചുവെന്നു അവകാശപ്പെടുന്ന പന്ത്രണ്ടാം നൂറ്റാണ്ടിൽ കേരളം ബ്രാഹ്മണാധിപത്യത്തിലേക്ക് വഴുതിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. അതുവരെ ഉണ്ടായിരുന്ന സാമൂഹ്യാന്തരീക്ഷം പാടെ മാറി. ബൗദ്ധരുടെയും ജൈനരുടെയും ക്ഷേത്രങ്ങളും വിഹാരങ്ങളും ഹിന്ദു ക്ഷേത്രങ്ങളായി. ജനവാസ കേന്ദ്രങ്ങളിലായിരുന്നു ഏറെയും മാറ്റങ്ങൾ ഉണ്ടായത്. ബൗദ്ധരുടെ പ്രധാനപ്പെട്ട ചില വിഹാരങ്ങളിൽ ശബരിമലയും പൊന്നമ്പല മേടുമൊക്കെ കൊടുംകാട്ടിനുള്ളിൽ ആയിരുന്നതുകൊണ്ട് തകർക്കപ്പെട്ടു കഴിഞ്ഞ്‌ അനാഥമായി കിടന്നു. ശബരിമലയിലെ കൂട്ടക്കൊലയ്ക്കു ശേഷം സ്ത്രീകളടക്കമുള്ളവരെ ഓടിച്ചു പമ്പകടത്തി. അങ്ങനെയാണ് 'പമ്പകടന്നു' എന്ന ശൈലി രൂപപ്പെടുന്നത്. ബ്രാഹ്മണവ്യവസ്ഥയിൽ ക്ഷേത്രത്തോടനുബന്ധിച്ചു അവിടത്തെ ജോലികൾ ചെയ്യാനും അവരുടെ ലൈംഗികാവശ്യത്തിനുമായി ദേവദാസി, കൂത്തച്ചി, തേവടിശ്ശി, എന്നിങ്ങനെ ബിരുദമുള്ള സ്ത്രീകളെ പാർപ്പിച്ചിരുന്നു. അവരോടൊപ്പം ശേഷിച്ച ഭിക്ഷുണി (ഭിക്കുനി)കളെയും ചേർത്തു. അവർ അറുവാണികൾ എന്നറിയപ്പെട്ടു. പിന്നീടത് വേശ്യയുടെ പര്യായമായി. അറവണ എന്നാൽ ധമ്മം. അറവണ (അരവണ)അടികൾ എന്നാൽ ധമ്മപാദർ അല്ലെങ്കിൽ ധമ്മ വഴിയിൽ നടക്കുന്നവൻ എന്നർത്ഥം. അതായത് ബോധിസത്വരായവർ. ഇവരെയാണ് ഹിന്ദു ഇത്രമാത്രം മലിനമാക്കിയതെന്നോർക്കണം. ഭഗവതി, അമ്മൻ, എന്നീ നിലകളിൽ കേരളത്തിലും തമിഴ്നാട്ടിലും ആരാധിച്ചുവരുന്ന ദേവത, മണിമേഖലയെന്ന ജ്ഞാനേശ്വരിയായ അരവണ അടികൾ ആയിരുന്നു. ബൗദ്ധർ പ്രത്യേകം തയ്യാറാക്കിയ പായസമാണ് അരവണ പായസം എന്നുകൂടി ചേർത്തു ചിന്തിക്കുമ്പോൾ ചില കാര്യം മനസ്സിലാകും.

മരുത്തൂര്കുളങ്ങര (കൃഷ്ണപുരം പാലസ്, കായംകുളം)

 
ബുദ്ധിസത്തിന്റെ പതനത്തിന് ശേഷം, പ്രദേശവാസികൾ എന്ന നിലയിൽ മലയരയർ മാത്രം അല്ലെങ്കിൽ അവിടത്തെ ആദിവാസികൾ മാത്രം അവശേഷിച്ചു. പുരോഹിതരും പണ്ഡിതന്മാരും നഷ്ടപ്പെട്ട ഒരു മതത്തിനും അതിന്റെ ശരിയായ ഘടനയിലും സത്തയിലും ഏറെക്കാലം മുന്നോട്ടുപോകാൻ കഴിയില്ല. ഇവിടെയും മറ്റൊന്നല്ല സംഭവിച്ചത്. ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ  വഴികാട്ടികളില്ലാതെ മൂലപ്രകൃതിയുമായി ബന്ധമില്ലാതെ അനന്തര തലമുറയിലേക്കു മറ്റൊരു രീതിയില് പകർന്നു. ഹിന്ദുയിസം ശക്തിപ്രാപിക്കുന്ന ആ കാലത്തു വേറൊന്നും സംഭവിക്കുമായിരുന്നില്ല. പുറത്തുണ്ടായിരുന്ന ബൗദ്ധർ ഏറിയപങ്കും കൊല്ലപ്പെട്ടു. ചിലർ ഹിന്ദുവിന് വഴങ്ങി. അടിമകളായും താഴ്ന്നജാതികളായും മാറിയ ഭൂരിപക്ഷത്തിന്റെയും പിന്തുടർച്ചയ്ക്കും മലയരയർക്കു സംഭവിച്ചത് തന്നെ വന്നുചേർന്നു. എങ്കിലും ഭാഷയിലും ചില ചടങ്ങുകളിലും പേരുകളിലൂടെയും അതു നിലനിൽക്കുന്നുണ്ട്. ചാത്തൻ, പള്ളി, പള്ളിയാൻ, ചാർത്താവ്, വള്ളോൻ ആദിച്ചൻ, പകവൻ എന്നിങ്ങനെയാണ് നീളുന്നു. ദളിതർ അടുത്തകാലം വരെ ഉപയോഗിച്ചുവന്ന ഒരു വാക്കാണ് 'ചകിത്യമില്ലാത്തവൻ'. മോശക്കാരൻ എന്ന അർത്ഥത്തിലാണത് ഉപയോഗിച്ചിരുന്നത്. ചകിത്യമെന്നാൽ 'ചൈത്യം' അതു ബുദ്ധവിഹാരത്തെ സൂചിപ്പിക്കുന്നു. അതുമായി ബന്ധമുള്ളവർ അഷ്ടഗുണം, പഞ്ചശീലം പഞ്ചഗുണം എന്നിവയുള്ളവനായിരിക്കും. അതില്ലാത്തവൻ ചൈത്യമില്ലാത്തവനാണ്. അതായത് വാമൊഴിയിൽ ചകിത്യമില്ലാത്തവൻ.
 
ശൈവം പുൽകിയത്തിനു ശേഷം പാണ്ടിനാട്ടിൽ നിന്നും നിരന്തരമായ ആക്രമണം  ശബരിമല, മറയൂർ, പത്തനംതിട്ടയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടായിട്ടുണ്ട്. മറവന്മാരുടെ നേതൃത്വത്തിൽ നടന്നത് യഥാർത്ഥത്തിൽ യുദ്ധമല്ല, കൊള്ളയും കൊലയുമായിരുന്നു. ശബരിമല പോലെ മറയൂരും ബൗദ്ധസമൃദ്ധിയുടെ നാടായിരുന്നു. അതിനടുത്തുള്ള കീഴാന്തൂർ ആദിചേരന്മാരുടെ തലസ്ഥാനമായിരുന്നെന്നും, പിന്നീടത് കരൂരിലേക്കു മാറ്റിയെന്നുമൊരു വിശ്വാസമുണ്ട്. അവിടെ സൂക്ഷ്മമായി പരിശോധിക്കാതെ തന്നെ തകർക്കപ്പെട്ടതിന്റ അവശിഷ്ടങ്ങൾ കാണാം. നിരവധി ബുദ്ധപ്രതിമകൾ പുഴയിൽ എറിയുകയോ തകർക്കുകയോ ചെയ്തു. ധാരാളമായുണ്ടായിരുന്ന മുനിയറകൾ ഏറെയും നശിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ബുദ്ധശില അറിയാത്തതു കൊണ്ടാണോ എന്തോ, ഹിന്ദു ദൈവങ്ങൾക്കൊപ്പം വച്ചു പൂജിക്കുന്നുണ്ട്. മറവരുടെ ഊരായിരുന്നതു കൊണ്ടു മറയൂർ എന്ന പേരു വന്നുവെന്നാണ് ഇന്നത്തെ പൊതുവിശ്വാസം. എന്നാൽ 'മറ' എന്നാൽ ധമ്മം. അതായത് ബൗദ്ധർ വസിച്ച ഇടം. അതാണ് വാസ്തവം. അവിടെ നിന്നും ഏറെ ദൂരെയല്ലാത്ത മൂന്നാറിനടുത്തുള്ള കുന്നിന്റെ പേര് പോതമേട് എന്നാണ്. പൗത്ത (ബൗദ്ധ)മേടാണ് പോതമേടായത്. ഇങ്ങനെ ഇവിടെ നോക്കിയാലും ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശബരിമലയടക്കമുള്ള ബൗദ്ധകേന്ദ്രങ്ങളുടെ തകർച്ചയുടെ ശൃംഖല തന്നെ കാണാം.
 

പള്ളിക്കല് (കറ്റാനം ഭരണിക്കാവ്)

ഇങ്ങനെ ചരിത്രപരമായ തെളിവുകൾ കണ്മുന്നിൽ അവശേഷിക്കെ, അതിലൊന്നും സ്പർശിക്കാതെ ശബരിമല മലയരയരുടേത് മാത്രമെന്ന നിലയിലുള്ള അവകാശവാദവുമായി രംഗത്തുവരുന്നത് സംശയം ജനിപ്പിക്കുന്നു. ചരിത്രം  ആരും സൃഷ്ടിക്കുന്നില്ല. അതൊരു കണ്ടെത്തലാണ്. പോയ നൂറ്റാണ്ടുകളിലൂടെ നടന്നവ എന്നാൽ അതായിരുന്നില്ല. ഹിന്ദുക്കൾ നടത്തിയ വ്യാജനിർമ്മിതികളോട് തോൾചേർന്നുനിൽക്കുന്ന സ്വത്വവാദം, അത് ഒളിപ്പിച്ചുവക്കുന്ന അപകടം ചെറുതല്ലന്നു ബഹുമാനപ്പെട്ട പി.കെ.സജീവിന് അറിയാതെ വരില്ലല്ലോ.
 
 

 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image