Image

തമ്പ്രാനെന്ന് വിളിക്കില്ല

ആയിരത്തി തൊള്ളായിരത്തി അമ്പതുകള്‍ മുതല്‍ കീഴാളരുടെ ആത്മാഭിമാനത്തിനു വേണ്ടി പോരാടിയ DCUF എന്ന പ്രസ്ഥാനത്തിന്‍റെ (ഡിപ്രസ്സ്ഡ് ക്ലാസ്സ് യുണൈറ്റഡ് ഫ്രണ്ട് എന്ന പേരിലും പിന്നീട് ദ്രാവിഡ വർഗ്ഗ ഐക്യമുന്നണി എന്ന പേരിലും) നേതാവ് പി.ജെ. സഭാരാജ് തിരുമേനിയുടെ ഓര്‍മ്മകള്‍ കൊച്ചുമകനും കാലടി സംസ്കൃത സർവ്വകലാശാല റിസർച്ച് സ്കോളറുമായ അനുരാജ് തിരുമേനി എഴുതുന്നു.

  

1950-കൾ മുതലാണ് സഭാരാജ് തിരുമേനി അധ:സ്ഥിതർക്കിടയിൽ ഡിപ്രസ്സ്ഡ് ക്ലാസ്സ് യുണൈറ്റഡ് ഫ്രണ്ട് (DCUF) എന്ന പ്രസ്ഥാനത്തിന്‍റെ ‍‍ പ്രചരണം നടത്തിത്തുടങ്ങിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു പ്രധാന പ്രവർത്തനമേഖല. PRDS-ലും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചതിനു ശേഷമാണ് DCUF എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്. ഇന്ത്യയുടെ അടിസ്ഥാന ജനതയായ ആദി ദ്രാവിഡരുടെ സാമൂഹിക-രാഷ്ട്രീയ-ആത്മീയ വിമോചനമാണ് ഈ പ്രസ്ഥാനത്തിലൂടെ ലക്ഷ്യമിട്ടത്. ജനാധിപത്യ കേരളത്തിൽ അധ:സ്ഥിത സമൂഹങ്ങളെയെല്ലാം ആദ്യമായി കോർത്തിണക്കിയ പ്രസ്ഥാനമെന്ന നിലയിലാണ് DCUF നെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. ഡോ: അംബേദ്കർ ബഹിഷ്‌കരിച്ച 'ഹരിജൻ' നാമത്തെ തിരസ്കരിച്ച് കൊണ്ട് 'അധ:കൃതർ' എന്ന നാമത്തിലും പിന്നീട് ദ്രാവിഡരെന്ന ആശയത്തിലുമാണ് സഭാരാജ് തിരുമേനി തന്നെ സംഘടന പ്രവർത്തിച്ചത് (ദ്രാവിഡ വർഗ്ഗ ഐക്യമുന്നണി).  അധ:സ്ഥിത സമൂഹങ്ങൾ ആക്രമിക്കപ്പെടുന്ന ഇടങ്ങളിൽ തന്‍റെ സൈന്യവും സംഘടന പ്രവർത്തകരുമായി എത്തി പ്രതിരോധിക്കുന്ന, പ്രശ്നപരിഹാരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശൈലിയാണ് സഭാരാജ് തിരുമേനി അനുവർത്തിച്ചു പോന്നിരുന്നത്. 'നമ്മളാണ് സവർണ്ണവർഗ്ഗങ്ങൾ', ' ദ്രാവിഡ രാഷ്ട്രം ദ്രാവിഡർക്ക്' തുടങ്ങിയ ആശയത്തിലൂന്നിയ സഭാരാജ് തിരുമേനിയുടെ പ്രസംഗങ്ങൾ അധ:സ്ഥിത ജനതയെ ആവേശഭരിതരാക്കിയിരുന്നു. പുലയ, പറയ, കുറവ, തുടങ്ങിയ ഉപജാതിചിന്തയിൽ കേരളത്തിലെ അധ:സ്ഥിതർ മത്സരിച്ച് ജാതി സംഘടനകൾ രൂപിച്ചപ്പോൾ ഈ സമൂഹത്തെ ഒറ്റക്കെട്ടായി നിർത്താനുള്ള ശ്രമങ്ങളായിരുന്നു തിരുമേനി നടത്തിയത്. ജനാധിപത്യ കേരളത്തിൽ ഇടതു-വലതു രാഷ്ട്രീയ പാർട്ടികളിൽ ദളിതർ ചേക്കേറിയപ്പോൾ 'സ്വതന്ത്രമായ രാഷ്ട്രീയ ചിന്ത' ഉയർത്താനുള്ള ശ്രമങ്ങൾ തിരുമേനി ചെയ്തു. കേരളത്തിലെ ആദ്യ അധ:സ്ഥിത പക്ഷ രാഷ്ട്രീയ പാർട്ടിയായ ദ്രാവിഡ സോഷ്യലിസ്റ്റ് പാർട്ടി (DSP - 1978 Nov-25) രൂപീകരിച്ചും, 1982-ൽ വ്യത്യസ്ത പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് അധ:സ്ഥിത ജനത രാഷ്ട്രീയ മുന്നണിയും തിരുമേനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി. അതോടൊപ്പം സ്വതന്ത്രമായ ആത്മീയധാരയ്ക്കും (ദേവജനസമാജം) തുടക്കംകുറിക്കുന്നുണ്ട്.

തിരുമേനികളുടെ ഇത്തരം ആശയങ്ങളും  രാഷ്ട്രീയ സംവാദങ്ങളും പ്രതിരോധ സമര ചരിത്രവും കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്. സഭാരാജ് തിരുമേനിയുടെ മകന്‍റെ മകനെന്ന നിലയിൽ സാമൂഹികമായ ബഹുമാനം എനിക്ക് ധാരാളം ലഭ്യമായിട്ടുണ്ട്. ജാതീയചിന്ത ശക്തമായിരുന്ന എന്‍റെ ഗ്രാമത്തിൽ ഇന്ന് കാണുന്ന സാമൂഹിക മാറ്റത്തിന് തിരുമേനികളുടെ സാമൂഹിക ഇടപെടൽ പ്രധാന കാരണമാണ്. കോട്ടയം ജില്ലയിലെ അപ്പർകുട്ടനാട് ഭാഗമായ കൈപ്പുഴയാണ് ഞങ്ങളുടെ നാട്. മഞ്ചാടികരി, മണിയാപറമ്പ്, ആർപ്പുക്കര, കല്ലറ, മാന്നാനം, അതിരമ്പുഴ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ അധ:സ്ഥിതർ ധാരാളമായി തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ക്ലാനായ ക്രിസ്ത്യാനികളും നായൻമാരുമായിരുന്നു സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ജാതികൾ. നായൻമാരെ പൊതുവെ തമ്പ്രാൻ / തമ്പുരാട്ടിയെന്ന് പഴമക്കാർ വിളിക്കേണ്ടിയിരുന്നു. ഈ വിളികൾ കൈപ്പുഴയിൽ നിർത്തലാക്കിയത് തിരുമേനിയുടെ ഇടപെടലുകൾ കൊണ്ടാണ്. അധ:സ്ഥിതര്‍ക്ക് ബാർബർഷോപ്പുകളിൽ കയറിയിരുന്നു മുടി വെട്ടാൻ പോലും സാധ്യമാകാതിരുന്ന കാലത്താണ് സഭാരാജ് തിരുമേനി 1950 കളിൽ കൈപ്പുഴയിൽ സ്ഥിരതാമസമാക്കുന്നത്. കൈപ്പുഴയിൽ അയ്യൻകാളി, അംബേദ്കർ, പൊയ്കയിൽ അപ്പച്ചന്‍ തുടങ്ങിയ മഹാത്മാക്കളുടെ ചരിത്രം ആദ്യമായി പരിചയപ്പെടുത്തിയതും അവരുടെ ജന്മദിനങ്ങൾ ആഘോഷിച്ചിരുന്നതും തിരുമേനിയുടെ നേതൃത്വത്തിലായിരുന്നു. DCUF നെ കൂടാതെ നക്സൽ മൂവ്മെൻറും കേരള ചേരമർ സംഘടനയും ഇവിടെ പ്രവർത്തിച്ചിരുന്നു. CK ജാനു, ഗീതാനന്ദന്‍, കല്ലറ ബാബു,  കെ.എം.സലീംകുമാര്‍, വികാസ് തുടങ്ങിയ ഒരു പാട് ദളിത് സാമൂഹിക പ്രവർത്തകർ കൈപ്പുഴയിൽ വന്നുപോയിട്ടുണ്ട്. കൈകൊട്ട് കളി, കമ്പ്കളി തുടങ്ങിയ നാടൻ കലാരൂപങ്ങൾ സവിശേഷ ദിവസങ്ങളിൽ കൈപ്പുഴയിലെ ദളിതർ ആഘോഷത്തോടെ കളിച്ചിരുന്നു. വില്ലടിച്ചാൺ പാട്ടുകളും നാടൻ പാട്ടുകളും DCUF വിപ്ലവ - ആത്മീയ ഗാനങ്ങളും നന്നായി പാടിയിരുന്ന തിരുമേനിക്ക് ഇവർക്കിടയിൽ നല്ല സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിരുന്നു. അദ്ദേഹത്തെ സഹപ്രവർത്തകരും നാട്ടുകാരും സ്നേഹപൂർവ്വം അപ്പച്ചിയെന്നാണ് വിളിച്ചിരുന്നത്. 

1950-55 കാലഘട്ടങ്ങളിൽ തന്നെ കൈപ്പുഴയിലും സമീപ പ്രദേശങ്ങളിലും അധ:സ്ഥിതരുടെ വലിയ കൂട്ടായ്മകളും പൊതുസമ്മേളനങ്ങളും തിരുമേനിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കുമരകം, മണിയാപറമ്പ്, മഞ്ചാടിക്കരി തുടങ്ങി പടിഞ്ഞാറൻ മേഖലകളിൽ നിന്ന് വലുതും ചെറുതുമായ കൊതുമ്പുവള്ളങ്ങളിൽ വന്ന്‌ അതിരമ്പുഴയിലും ഏറ്റുമാനൂരിലും വന്ന് കൂടി വലിയ പ്രക്ഷോഭ പരിപാടികൾ തിരുമേനിയുടെ നേത്രുത്വത്തിൽ നടത്തിയിരുന്നതായി അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.      ഇതിഹാസ കഥകളിലെ വീരപോരാളികളുടെ കഥകൾ കേൾക്കുന്നതു പോലെയാണ് വല്യച്ചന്‍റെ കഥകൾ എന്‍റെ കുട്ടിക്കാലത്ത് ഞാൻ കേട്ടിരുന്നത്. ഒരിക്കൽ കൈപ്പുഴയിൽ വച്ച് നടന്ന DCUF പൊതുസമ്മേളനം ചില സമ്പന്ന ക്രിസ്ത്യാനികളുടെ നേത്യത്വത്തിൽ മോശമാക്കാൻ ശ്രമിച്ചപ്പോൾ അവരെ അടുത്ത പറമ്പിൽ കൃഷി ചെയ്തിരുന്ന കപ്പ കമ്പ് ഒടിച്ചുകൊണ്ട് DCUF കാർ അടിച്ചോടിച്ചതും, കൈപ്പുഴയിലെ ബാർബർ ഷോപ്പുകളിൽ കയറി ബലമായി ദളിതരുടെ മുടി വെട്ടിച്ചതും തുടങ്ങിയ ഒരുപാട് കഥകൾ കേട്ടാണ് ഞങ്ങൾ വളർന്നത്.

വാളും പരിചയും ആലേഖനം ചെയ്ത, കറുപ്പും ചുവപ്പും നിറത്തോട് കൂടിയ ഇരുവർണ്ണ പതാക പാറിപ്പറക്കുന്ന ജീപ്പിലാണ് തിരുമേനി കൂടുതലായും യാത്ര ചെയ്തിരുന്നത്. വെളുത്ത മുണ്ടും ഷർട്ടും അതിന് മുകളിൽ കറുത്ത കോട്ടുമാണ് സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്ര രീതി, എപ്പോഴും കുത്തിനടക്കുന്ന ഒരു കറുത്ത നിറമുള്ള നീളൻ വടിയുണ്ടായിരുന്നു. അതിനുള്ളിൽ വടിവാളാണെന്നാണ് പഴമക്കാർ പറഞ്ഞ് കേട്ടിരുന്നത്. ഞങ്ങൾ കുട്ടികൾ അതിന്‍റെ പിടിയിൽ തൊടാൻ കൊതിച്ചിരുന്നു. കുട്ടികളെ വലിയ ഇഷ്ടമായിന്നു അപ്പച്ചിയ്ക്ക്. തന്‍റെ പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് കുട്ടികൾ ജനിച്ചാൽ അവരെ കുറിച്ച് വലിയ പ്രതീക്ഷകളാണ് തിരുമേനിയ്ക്ക് ഉണ്ടായിരുന്നത്. പലപ്പോഴും ഈ കുട്ടികളുടെ പേരിടുന്നത്തും ചരടുകെട്ടുന്നതും ആദ്യക്ഷരം എഴുതിപ്പിക്കുന്നതും തിരുമേനിയായിരുന്നു. പേരുകൾ ഇടുന്നതിൽ എന്നും മറ്റു കമ്യൂണിറ്റിയിൽ നിന്ന് തിരുമേനി വ്യത്യസ്തത പുലർത്തിയിരുന്നു. തന്‍റെ മക്കളുടെ പേരുകൾ (തിരുമേനി, രാജ് മോഹൻ തമ്പുരാൻ, പ്രഭു രാജ്യജമാനൻ) പരിശോധിച്ചാൽ ഇത് മനസ്സിലാക്കാവുന്നതാണ്. തമ്പ്രാൻ എന്ന് വിളിപ്പിച്ചിരുന്ന സമൂഹങ്ങളെക്കൊണ്ട് തിരിച്ച് തമ്പുരാനെന്നും തിരുമേനിയെന്നും തിരിച്ചുവിളിപ്പിച്ചു. ജീവരാജ്, ജഗദല പ്രതാപൻ, ശാലി വാഹൻ, കേരളവർമ്മ, റാണി നിഗ, റാണി ചുലോനി, റാണി സത്യവതി തുടങ്ങി ദ്രാവിഡ രാജ പെരുമയെ സ്മരിക്കുന്ന ചരിത്രനാമങ്ങളും തന്‍റെ കുട്ടികൾക്ക് ഇട്ടുകൊണ്ട് ഒരു തലമുറയുടെ ചിന്താശേഷിയെ ഉണർത്തുവാൻ തിരുമേനി ശ്രമിക്കുന്നുണ്ട്. ഒരു കുട്ടിയ്ക്ക് പേരിടുമ്പോൾ നീ ഡോക്ടറാകണം, വക്കീലാകണം, ഇന്ത്യൻ പ്രധാനമന്ത്രിയാകണം എന്നു തുടങ്ങിയ ആഗ്രഹങ്ങളും തിരുമേനി പറഞ്ഞിരുന്നു. കുട്ടികൾക്ക് പേരിടുമ്പോൾ അവർ ഇന്നതാകണമെന്നും വിദ്യാഭ്യാസ പുരോഗതി കൈവരിക്കണമെന്നും തിരുമേനി ചിന്തിച്ചിരുന്നു.

സഭാരാജ് തിരുമേനിയുടെ ജീവിതം പറയുന്ന പുസ്തകങ്ങൾ

സംഘടനാപ്രവർത്തകരേയും അനുയായികളേയും തന്‍റെ സ്വന്തം മക്കളായും സഹോദരങ്ങളായുമാണ് തിരുമേനി കണ്ടിരുന്നത്. അതുകൊണ്ട് തന്നെ DCUF എന്നത് ഒരു കുടുംബമായിരുന്നു. കോട്ടയം പട്ടണത്തിൽ അനാഥത്വം നിറഞ്ഞ ഒരു യൗവന ജീവിതം തിരുമേനിയ്ക്കുണ്ടായിരുന്നു. ആ അനാഥത്വം നിറഞ്ഞ ജീവിതത്തിൽ നിന്ന് ഒരു വലിയ കുടുംബത്തെ സൃഷ്ടിക്കുകയായിരുന്നു DCUF എന്ന പ്രസ്ഥാനത്തിലൂടെ തിരുമേനി. അനാഥ കുഞ്ഞുങ്ങളുടെ ആർത്തനാദം കേട്ട് ദൈവം സ്വർഗ്ഗംവെടിഞ്ഞ് ഒരു ചക്കിപ്പരുന്തായി താന്നിറങ്ങി വന്നു എന്ന സങ്കൽപമാണ് DCUF ആത്മീയതയുടെ മുഖ്യാധാരം. പൊയ്കയിൽ അപ്പച്ചന്‍റെ ആത്മീയതയും അയ്യൻകാളിയുടെ ധീരതയും അംബേദ്ക്കറുടെ രാഷ്ട്രീയതയും ജോൺ ജോസഫിന്‍റെ വർഗ്ഗചിന്തയും തിരുമേനിയുടെ വ്യക്തിത്വത്തിൽ കാണാൻ സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ തന്‍റെ ജനതയുടെ സാമൂഹിക സുരക്ഷയ്ക്കായി ഏതറ്റം വരെ സഞ്ചരിക്കാനും തിരുമേനി തയ്യാറായിരുന്നു.

തിരുമേനി ഒരു സാമൂഹിക പ്രശ്നം പരിഹരിക്കാൻ ഒരു പ്രദേശത്ത് എത്തുമെന്നറിയുമ്പോൾ തന്നെ സ്ഥലത്തെ പോലീസുൾപ്പെടെ വലിയ സര്‍ക്കാര്‍ അധികാരികൾ എത്തിച്ചേരുമായിരുന്നു. പലപ്പോഴും നിത്യജീവിതത്തിൽ സങ്കീർണ്ണമായ പ്രശ്നങ്ങളിലാണ് തിരുമേനി ഇടപെട്ടിട്ടുള്ളത്. പല ജാതി-മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്ന ദളിതർ അവർ വിശ്വസിച്ചിരുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് സഹായം\നീതി ലഭ്യമാകാതിരിക്കുന്ന സാഹചര്യത്തിൽ അവസാനഘട്ടമെന്ന നിലയിലാണ് തിരുമേനിയെ സമീപിച്ചിരുന്നത്. പലപ്പോഴും സ്വന്തം ശരീരത്തെ വകവയ്ക്കാതെ കലാപമേഖലകളിലേയ്ക്ക് നെഞ്ചുവിരിച്ച് കയറിച്ചെന്ന് തന്‍റെ വ്യക്തിപ്രഭാവത്തിലൂടെ എതിർശക്തികളെ നിഷ്പ്രഭമാക്കുന്ന രീതിയാണ് തിരുമേനിയുടേത്. ആക്രമണങ്ങളും സംഘർഷങ്ങളും അദ്ദേഹത്തിന് നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്നു. സ്വന്തം സമൂഹത്തിനായി സ്ഥിരം കലഹിക്കുന്ന വ്യക്തിയെന്ന നിലയിൽ തിരുമേനി ഒരു വിപ്ലവകാരിയായിരുന്നു. എന്നാൽ പൊതുസമൂഹം അദ്ദേഹത്തെ ഒരു ഗുണ്ടാനേതാവായാണ് കണ്ടിരുന്നത്. തന്നെയും തന്‍റെ സംഘടനെയും ഇല്ലാത്താക്കാനുള്ള ബ്രാഹ്മണിക്കൽ ചിന്തയുടെ ജൽപനങ്ങളായി മാത്രമേ അദ്ദേഹം അത്തരം പരാമർശനങ്ങളെ കണ്ടിരുന്നുള്ളു. സമകാലീനരായിരുന്ന ദളിത് രാഷ്ട്രീയ നേതാക്കൻമാരെ അപേക്ഷിച്ച് ഒരുപാട് ആക്ഷേപങ്ങളും അപവാദങ്ങളും കേട്ട വ്യക്തിയായിരുന്നു തിരുമേനി. ഇത്തരം കുപ്രചരണങ്ങളെയെല്ലാം അതിജീവിച്ച് കൊണ്ടായിരുന്നു അദ്ദേഹം സാമൂഹികജീവിതം നയിച്ചത്. തന്‍റെ ജനതയുടെ സാമൂഹിക പ്രശ്നപരിഹാരത്തിനായി പോലീസ് സ്റ്റേഷനിലും കോടതിയിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തിൽ.

തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്ന പോസ്റ്റർ

അപ്പച്ചിയുടെ ജീവിതം സർഗ്ഗാത്മകമായിരുന്നു. സഹപ്രവർത്തകരോടൊപ്പം വിപ്ലവ ഗാനങ്ങളും പഴയകാല നാടകഗാനങ്ങളും നാടൻപാട്ടുകളും വില്ലടിച്ചാൺപാട്ടുകളും DCUF ആത്മീയ ഗാനങ്ങളും ആലപിച്ച് സംഗീത സാന്ദ്രമായിരിക്കും അന്തരീക്ഷം. രാവും പകലും ചർച്ചയും ആശയസംവാദവും നിത്യസംഭവങ്ങളാണ്. തിരുമേനിയുടെ അടുത്തിരിക്കുന്നവർക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. പാട്ടും കഥയും ചരിത്രങ്ങളും കേട്ട് അങ്ങനെയങ്ങ് ഇരുന്നുപോകും. ശ്രീ എന്‍.ഡി.കുമാർ ജി, എം.ജെ.പണ്ഡിറ്റ്, കുറമള്ളൂർ തങ്കപ്പൻ, കൈപ്പുഴ ജയരാജ് തുടങ്ങി ഒരുപാട് കവികളും ഗായകരും അദ്ദേഹത്തോടൊപ്പം സജീവമായിരുന്നു. വയലാർ രാമൻകുഞ്ഞ്, പി.എം.നാണപ്പൻ,പി.ഐ.ആൻഡ്രൂസ്, പി.വർഗ്ഗീസ്, പൊടിയനച്ചായൻ, കൈപ്പുഴ ഭാസ്കരൻ, ചക്കരകുളം കുമാർ ജി, പി.ജെ.ചന്ദ്രൻ, മുട്ടേൽ വാവ, എന്‍.എം.രാജേന്ദ്രരാജ്, ആനന്ദരാജ്, കുന്നം ബേബി, പി.കെ.ശാന്തപ്പൻ, എ.പി. ഭായി, രാജ് മോഹൻ തമ്പുരാൻ, പി.ജി.വേണുഗോപാൽ എടത്വാ, ജി.രാജു തിരുവൻ അനന്തപുരം, പി.കെ.വിജയൻ, വി.ഡി.തങ്കച്ചൻ, പ്രഭു രാജ്യജമാനൻ, ടി.ജെ.തങ്കപ്പൻ, സജൻ സി. മാധവൻ, കെ.കെ.കേശവൻ, സി.സി.ചൈതന്യരാജ്, ശങ്കരൻ മാസ്റ്റർ, വൈക്കം തമ്പാൻ, ഡോ. മേരി, ഗീതാഭായി, വളളിയമ്മാൾ സഭാരാജ്, ശാന്താഭായി, ചേച്ചമ്മ തുടങ്ങി കരുത്തരായ ഒരു പിടി സംഘടന നേതാക്കളാൽ സംപുഷ്ടമായിരുന്നു DCUF-ന്‍റെ നേതൃത്വനിര. പീറ്റർ.പി. കോട്ടയം, കൊക്കയാർ ജോൺ, കെ.ടി.അച്ചൻകുഞ്ഞ്, തിരുവമ്പാടി ഉത്തമൻ, കഞ്ഞിക്കുഴി തമ്പിച്ചാൻ, ഒക്കരണ്ടി കുഞ്ഞൂഞ്ഞ് പെരുവ, ഇരട്ടയാർ സോമൻ, കെ.ഡി.തങ്കച്ചൻ, സുരേഷ് ചേർത്തല അടക്കം കായിക അഭ്യാസികളുടെ സംരക്ഷണവലയം തിരുമേനിയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. കറുപ്പും ചുവപ്പും നിറമുള്ള പാന്‍റും ഷർട്ടും വാളും പരിചയും അടയാളമുള്ള തൊപ്പിയും കൈയിൽ ലാത്തിയുമുള്ള ഭാരത സംരക്ഷണ ദ്രാവിഡ സേനയും, ദേവ ജന സമാജം ഋഷിമാരുമായുള്ള തിരുമേനിയുടെ യാത്രകൾ രാജകീയമായി തോന്നിയിരുന്നു. തന്‍റേതായ ആശയ സാമാജ്യത്തിലെ രാജാവായാണ് തിരുമേനി ജീവിച്ചിരുന്നത്.

സഭാരാജ് തിരുമേനിയുടെ വിവിധ ജീവിതകാല ചിത്രങ്ങൾ

അപ്പച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ... ചരിത്രങ്ങൾ... ബൃഹത്താണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം കേരള ദളിത് ചരിത്ര രചനയിൽ / എഴുത്തുകളിൽ ബോധപൂർവ്വം മാറ്റി നിർത്തപ്പെട്ട വ്യക്തിയായിരുന്നു സ ഭാരാജ് തിരുമേനി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ചിന്തനീയമാണ്. തിരുമേനികൾക്ക് ശേഷമുള്ള പല സാമൂഹിക പ്രവർത്തകരും ചർച്ച ചെയ്യപ്പെടുമ്പോള്‍ തിരുമേനി മാറ്റിനിർത്തപ്പെടുന്നത് ഇവിടത്തെ ദളിത് സൈദ്ധാന്തികരുടെയും എഴുത്തുകാരുടെയും ഗ്രൂപ്പ് ചിന്തയുടെ ഭാഗമാണെന്നാണ് ഞാൻ കരുതുന്നത്. ഡോ:അംബേദ്കറെ കേരള ദളിത് സമൂഹത്തിൽ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു തിരുമേനി. ഹരിജൻ നാമം ബഹിഷ്കരിച്ചതും അംബേദ്കറെ ദ്രാവിഡ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചതും അംബേദ്കറുടെ ജന്മ- ചരമ ദിനങ്ങൾ ആചരിച്ചിരുന്നതുമെല്ലാം ഇതിന്‍റെ ഭാഗമായിട്ടാണ്. അതോടൊപ്പം തന്നെ ദളിത് സാംസ്കാരിക പ്രവർത്തകരുമായി എന്നും സാഹോദര്യം പുലർത്തിയിരുന്നു. എം.കെ.കുഞ്ഞോൽ, കല്ലറ സുകുമാരൻ, മുതൽ സി.കെ.ജാനു വരെ ആ ബന്ധം നീളുന്നു. അക്കാഡമിക് സംവാദങ്ങൾക്കപ്പുറമായി സാമൂഹിക ഇടപെടലുകൾക്കാണ് തിരുമേനി ജീവിതം നീക്കിവച്ചത്. സ്വന്തം കുടുംബബന്ധങ്ങൾക്കും അതീതമായി തന്‍റെ സമൂഹത്തിനു വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. തിരുമേനിയെക്കുറിച്ച് അദ്ദേഹത്തിന്‍റെ അനുയായികൾ പാടുന്ന ഒരു പാട്ട് ഇങ്ങനെയാണ് "ആരടാ ഇവിടെയെന്ന് ചോദിക്കും സഭാരാജ്. പോടാ പുല്ലേയെന്ന് പറയുന്നവൻ സഭാരാജ്.  ഉയരങ്ങളിൽ പറക്കും പരുന്താണ് സഭാരാജ് ഉന്നതരെ ആക്രമിക്കും സിംഹമാണ് സഭാരാജ് ". താൻ നടത്തിയ ധീരമായ പോരാട്ടങ്ങളെയും സാമൂഹിക ഇടപെടലുകളെയും കുറിച്ച് അടയാളപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ ഈ വരികളിലൂടെ വായിച്ചെടുക്കാവുന്നതാണ്. ദളിത് ചരിത്ര ഗവേഷകർക്ക് അതൊരു പുതിയ അറിവും അനുഭവങ്ങളുമായിരിക്കും. 

ഭൂമി, അധികാരം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ തന്‍റെ ജനത നേരിടുന്ന നീതി നിഷേധങ്ങൾക്കെതിരെ ജീവിതം തന്നെ സമരമാക്കിയ സാഭാരാജ് തിരുമേനിയെ ചരിത്രം ഇനിയും കൂടുതലായി അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. ദളിത് ചരിത്രകാരൻമാർ അധാർമ്മികത പുലർത്തുവെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ''എന്‍റെ സമൂഹം ഐക്യപ്പെടുന്നതും, നിന്‍റെ കോട്ടകൊത്തളങ്ങൾ തകർക്കുന്ന സമയവും വിദൂരമല്ല. എനിക്ക് ഒരു നിമിഷം മതി നിന്‍റെ അധികാര കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ. അതുകൊണ്ട് എന്‍റെ സാമ്രാജ്യത്തിന്‍റെ അധികാരക്കസേരയിലിരുന്നു മര്യാദയ്ക്ക് രാജ്യം ഭരിച്ചാൽ മതി" അദ്ദേഹം രാഷ്ട്രത്തിന്‍റെ ഭരണാധികളോടായി പറയുന്ന ഇത്തരം സിംഹഗർജ്ജനങ്ങളാണ് ഞങ്ങള്‍ക്ക് ഓരോ പ്രതിരോധ / പ്രതിഷേധ സമരങ്ങൾക്കും ശക്തിപകരുന്നത്. എല്ലാ ജാതി- മത- കക്ഷി- രാഷ്ട്രീയ താല്പര്യങ്ങൾക്കും ഉപരിയായി സ്വന്തം വർഗ്ഗ താത്പര്യം  സംരക്ഷിക്കാൻ അധ:സ്ഥിതർ ഒരേ  കൊടിക്കീഴിൽ അണിനിരക്കണമെന്ന ചിന്തയാണ് എന്നെയും എന്‍റെ പ്രസ്ഥാനത്തെയും നയിക്കുന്നത്. 

 


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image