
ഇന്ത്യന്‍ സമൂഹത്തിലെ മുസ്ലീം/ദലിത്/അപര സമൂഹങ്ങളില്‍ നിന്നുള്ള ആക്റ്റിവിസ്റ്റുകളും ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടുകയോ കുറ്റവാളികള്‍ ആക്കപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്നതിന്റെ രാഷ്ട്രീയം സഫീറ മാര്‍സ് എഴുതുന്നു. ഇന്ത്യന്‍ മതേതരത്വം ഒരു കളവാണെന്ന് സ്ഥാപിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഹഥ്രസ് എന്ന സ്ഥലത്തു വാല്മീകി എന്ന ദലിത് സമൂഹത്തില്‍പ്പെട്ട പെണ്‍കുട്ടി സവര്‍ണ്ണരാല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് അന്വേഷിക്കാന്‍ ഒരു പത്ര പ്രവര്ത്തകന് പോകുന്നു. പേര് സിദ്ദിഖ് കാപ്പന്. അയാള്‍ അറസ്റ്റിലാകുന്നു. യു.എ.പി.എ. ചാര്‍ത്തപ്പെട്ട് ഒരു മാസത്തിലധികമായി ജാമ്യം കിട്ടാതെ ഇപ്പൊഴും ജയിലില്‍ കിടക്കുന്നു. അതേ സമയം അര്‍ണാബ് ഗോസ്വാമി എന്ന മാധ്യമ പ്രവര്ത്തകന് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലാകുന്നു. അയാളുടെ അറസ്റ്റിന് ശേഷമുള്ള ‘ഷോ’കളും മാധ്യമ വാര്‍ത്തയാകുന്നു. ഒരാഴ്ചയ്ക്കകം അയാള്‍ കൂളായി ഇറങ്ങിവരുന്നു. ഇതിനെയാണ് പച്ച മലയാളത്തില്‍ ഇന്ത്യന്‍ മതേതരത്വത്തില്‍ സിദ്ദിഖ് കാപ്പന് മുസ്ലീമായതിന്റെയും അര്‍ണാബ് ഹിന്ദു ആയതിന്റെയും നഷ്ടങ്ങളും ലാഭങ്ങളും എന്നുപറയുന്നത്.
ഷർജീൽ ഇമാമിന്റെ തടവ് 286 ദിവസം പിന്നിടുമ്പോഴാണ് കോവിഡ് കാലത്ത് അർണാബ് എന്ന ഹിന്ദുത്വവാദിക്ക് തിരക്കുപിടിച്ച് സുപ്രീം കോടതി ജാമ്യം നൽകിയത്. അർണാബ് കിടന്ന അതേ ജയിലിൽ കിടന്ന വര വര റാവുവിനു ആരോഗ്യ പ്രശ്നത്തെ മുൻനിർത്തി കൊടുത്ത ഹര്‍ജി പരിഗണയിൽ എടുക്കാതെയാണ് കോടതി അർണാബിനു ജാമ്യം നൽകിയത് എന്നത് കൂടി ശ്രദ്ധിക്കണം. പരമോന്നത നീതിപീഠം ഇന്ന് ആരുടെ നീതിക്കു വേണ്ടിയാണ് നില കൊള്ളുന്നത് എന്ന് ഒരു സംശയത്തിനോ ചോദ്യത്തിനോ പ്രസക്തി ഇല്ലാത്ത വിധം വെളിവായിരിക്കുന്നു. ജസ്റ്റിസ് കര്‍ണ്ണനു ജയില്‍ വാസം നല്കിയപ്പോള് പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ ഇടാമോയെന്ന് റിക്വസ്റ്റ് ചെയ്യുന്ന രീതിയിലേക്കാണ് നീതിപീഠം താഴ്ന്നിരിക്കുന്നത്.

പ്രതിസ്ഥാനത്ത് മോഡി ഭക്തർ ആകുമ്പോൾ സുപ്രീംകോടതി അതിവേഗത്തിൽ കാര്യങ്ങൾ ചെയ്യുകയും എന്നാൽ ദളിത് - മുസ്ലിം നിരപരാധി ആയാൽ തന്നെയും സുപ്രീം കോടതി നടപടികൾ തണുക്കുകയുമാണ്. അർണാബിന്റെ വാദം കോടതിയിൽ നടക്കുമ്പോൾ മഹാരാഷ്ട്ര സർക്കാറിനു വേണ്ടി എത്തിയ കപിൽ സിബൽ സിദ്ദിഖ് കാപ്പന്റെ കാര്യം പറഞ്ഞെങ്കിലും കോടതി അത് മുഖവിലയ്ക്ക് എടുത്തില്ല. കാരണം ഇന്ത്യയില്‍ മുസ്ലീങ്ങള്‍ തീവ്രവാദികളാണെന്ന ഹിന്ദുത്വ പൊതുബോധത്തിലേക്ക് കാലങ്ങള്‍ കൊണ്ട് കോടതികളും മാറിയിരിക്കുന്നു. അതിനപ്പുറം അവിടെ ഇരിക്കുന്ന ജഡ്ജി ഏമാന്മാരും മാറിയിരിക്കുന്നു. മുസ്ലീം ആണെങ്കില്‍ കുറ്റവാളി ആക്കി ജയിലില്‍ അടക്കേണ്ടതാണെന്നതാണ് പൊതുബോധവിധി. ഇത് മതേതരം എന്നു പൊങ്ങച്ചം വിളമ്പുന്ന കേരളത്തിലും നടക്കുന്നതാണ്. മലയാളികളിലും സംഭവിക്കുന്നതാണ്. ബഷീര്‍ എന്ന പത്രപ്രവര്ത്തകന് ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും അയാളെ കാറിടിച്ചു കൊന്നയാള്‍ ഇന്ന് ഭരണ നിര്‍വ്വഹണ ശാസനങ്ങളിലെ കസേരയിലിരിക്കുകയാണ്. ബഷീര്‍ കേരളത്തിന് ഒരു നോവല്ല. കാരണം അയാളൊരു മുസ്ലീം ആണ്. അഴിമുഖം എന്ന ഓണ്‍ലൈന്‍ മാഗസിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനാണ് സിദ്ദിഖ് കാപ്പന് പോയത്. പക്ഷേ അറസ്റ്റ് നടന്നതിന് ശേഷം അയാള്‍ തേജസ്സില്‍ ജോലി ചെയ്ത ചരിത്രമുണ്ടായിരുന്നു എന്നു പറഞ്ഞ് അഴിമുഖം അതിന്റെ ലിബറല്‍ മതേതര കൈ കഴുകല്‍ സ്വഭാവവും പുറത്തെടുത്തു.
മുഖ്യധാര മാധ്യമങ്ങളിലെ പ്രധാന വിഭാഗങ്ങള്‍ എല്ലാം മുസ്ലിം - ദളിത് - ആദിവാസി പ്രശ്നങ്ങളിൽ ഇടപെടൽ നടത്താതെ തഴുകി മാറി നിൽക്കുമ്പോൾ പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരുന്നത് പല ‘അപര’ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ആണ്. തീർച്ചയായും സിദ്ദിഖ് കാപ്പൻ പ്രശ്നത്തെ ഭീകര/ തീവ്രവാദ പ്രശ്നമായി ഉയർത്തി കാണിച്ച് ഇത്തരം മാധ്യമപ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് തടയിടാനും സാധ്യതയുണ്ട്. ഇത്തരം മുസ്ലീം സ്പേസില്‍ നിന്നും ദലിത് സ്പേസുകളില്‍ നിന്നുമെല്ലാമുള്ള ഹിന്ദുത്വ ഭീകരതക്കെതിരായ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതിന്റെ പേടിയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോം ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കു മുകളിലുള്ള സെന്സര്ഷിപ്പുകളുമായി ബി.ജെ.പി. സര്‍ക്കാര്‍ വരുന്നത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി വളരെ പ്ലാന്‍ ചെയ്തു ഹിന്ദുത്വത്തിന്റെ ആശയങ്ങള്‍ വയലന്സുകളിലൂടെയും സിനിമയിലൂടെയും ടിവി ചര്‍ച്ചകളിലൂടെയും അടിച്ചുകയറ്റി പൊതുബോധ്യത്തെ ‘ഹിന്ദു’ ആക്കി വളര്‍ത്തിയെടുത്തതിന്റെ കല്മിനേഷന്റെ അനേകം വേട്ടയാടലുകളില്‍ ഒന്നു മാത്രമാണു സിദ്ദിഖ് കാപ്പന്റെ ജയില്‍വാസം. മോദി സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തിയ മുസ്ലീങ്ങളും കീഴാളരും അപര സമൂഹങ്ങളില്‍ നിന്നുള്ള അനേകം ആക്റ്റിവിസ്റ്റുകളും ഇന്ന് ജയിലില്‍ വര്‍ഷങ്ങളോളം ജാമ്യം കിട്ടാതെ കിടക്കുകയാണ്. വേട്ടയാടലുകള്‍ ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. മുസ്ലീമൈന് തീവ്രവാദവുമായി നിരന്തരം ചേര്‍ത്തുവക്കുന്ന വിജയരാഘവന് സഖാവിനെ പോലുള്ളവര്‍ സെക്രട്ടറിയായി ഇരിക്കുന്ന ഇടത്തുപക്ഷത്തിന് ഇതില്‍ ഒരു പിണ്ണാക്കും ചെയ്യാന്‍ കഴിയില്ല.
ഇന്ത്യയില്‍ ഒരു കാലത്ത് ലെജിസ്ലേറ്റീവിലും എക്സീക്യൂട്ടീവിലും പ്രതീക്ഷയില്ലെങ്കില്‍ ജൂഡീഷ്യറിയെങ്കിലും തങ്ങളെ രക്ഷിക്കും എന്നൊരു തോന്നലുണ്ടായിരുന്നു. സിദ്ദിഖ് കാപ്പന്റെ അറസ്റ്റിലൂടെ അതും നഷ്ടപ്പെട്ടു. അത്രക്ക് ഭീകരമായാണ് ഹിന്ദുത്വം ഇന്ത്യന്‍ സൈക്കിയില്‍ വേരിറങ്ങിയിരിക്കുന്നത്. അതില്‍ അനേകം ഉദാഹരങ്ങളില്‍ ഒന്നു മാത്രമാണ് സിദ്ദിഖ് കാപ്പന്റെ ജയില്‍വാസം.
കുറു കുറെ ബ്രോസ് എന്ന മ്യൂസിക് ആല്‍ബം