Image

കുറു കുറെ പൊളി ലൈഫാണ്...!

കവയിത്രിയായ സിന്ധു കെ.കെ. കോളിമൂല ആദ്യമായി കുറു കുറെ ബ്രോസ് എന്ന മ്യൂസിക് വീഡിയോവില്‍ അഭിനയിച്ച അനുഭവം പറയുന്നു.  സിന്ധുവിനോടു സംസാരിച്ച് ഈ ലേഖനം തയ്യാറാക്കിയത് ജോസ്ന കെ വൈ.

 

ഞാന്‍  ഇപ്പോള്‍ പ്ലസ്ടു തുല്യത കോഴ്സ് കഴിഞ്ഞു TTC-യ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്‍റെ കൂടെ PSC പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നുണ്ട്. വളരെ യാദൃശ്ചികമായാണ് ഞാന്‍  ‘കുറു കുറു ബ്രോസ്' എന്ന മ്യൂസിക് വീഡിയോയുടെ  ഭാഗമാകുന്നത്. ഷൂട്ടിങ്ങിന്‍റെ ഇടയില്‍  എന്നെ വിളിക്കുകയും ഇതിന്‍റെ മ്യൂസിക് ഡയറക്ടര്‍  ആയ  എന്‍റെ   ഭര്‍ത്താവിന്‍റെ കൂടെ അഭിനയിക്കാന്‍  അവസരം ലഭിക്കുകയും ചെയ്തു. ആദ്യമായിട്ടാണ് ഞങ്ങളുടെ  നാട്ടില്‍ ഉള്ളവര്‍ക്ക് ഒരു വീഡിയോയുടെ ഭാഗമാകാന്‍ കഴിയുന്നത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. റാവുള എന്നത് അടിയരുടെ മാതൃഭാഷയാണ്. ഈ  ഭാഷയില്‍ തന്നെയാണ് ഞങ്ങള്‍  പരസ്പരം സംസാരിക്കാറുള്ളത്. 

ഞങ്ങള്‍  ആദിവാസികള്‍ ഒരുപാട് ഇല്ലായ്മകളില്‍ നിന്നും വളര്‍ന്നു വന്ന  ആള്‍ക്കാരാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരുപാട് കുറവുകളൊക്കെയുണ്ട്. ഞങ്ങള്‍ക്ക് അതില്‍ നിന്നൊക്കെയുള്ള ഒരു സമ്പാദ്യം എന്നത് ഞങ്ങളുടെകല, സംസ്കാരം അതൊക്കെയാണ്. ഒരുപാട് സാംസ്കാരിക വൈവിധ്യമുള്ള ആള്‍ക്കാരാണ് ഞങ്ങള്‍.  ഞങ്ങളുടെ ഇല്ലായ്മയെ പുറത്തേക്കു പറയുക  എന്നതല്ല ഞങ്ങളുടെ സംസ്കാരത്തെയും കലയെയും  പുറംലോകത്തേക്ക് അറിയിക്കുകയാണ് ഞങ്ങളിതിലൂടെ ചെയ്യുന്നത്. ഞങ്ങളിലുമുണ്ട്  വിദ്യാസമ്പന്നരും കലാകാരന്മാരും കലാകാരികളും എഴുത്തുകാരും എല്ലാം. പുറംലോകം അറിയാത്ത വെളിച്ചമെത്താത്ത മൂലകളിലുള്ള, ലോകംഅംഗീകരിക്കാത്ത അവരെ പുറത്തെത്തിക്കുകയാണ്  ഈ  മ്യൂസിക് വീഡിയോയിലൂടെ.  ഞങ്ങളെ  വളരാന്‍  അനുവദിക്കുന്നില്ല എന്നുതന്നെ ഞാന്‍  പറയും. പല വീഡിയോകളിലും അതുകാണാന്‍ കഴിയും. എത്രയൊക്കെ പുരോഗമനം  ഉണ്ടെന്നു പറഞ്ഞാല്‍  പോലും ഞങ്ങളിലേക്ക്  പലതും അടിച്ചേല്‍പ്പിക്കുകയാണ്. ഈ  ഒരുകാലഘട്ടത്തില്‍ എവിടെയും ആദിവാസികളെ കരിവാരിതേച്ചു, തൂവല്‍ക്കിരീടവും വച്ചു മാറുമറയ്ക്കാതെ നടക്കുന്നത് കാണാന്‍ കഴിയില്ല. പക്ഷെ പല സിനിമകളിലൂടെയും വീഡിയോകളിലൂടെയും അങ്ങനെയാണ് ആദിവാസികള്‍ എന്നുള്ള ഒരു ബോധം, തെറ്റിധാരണ ഉണ്ടാക്കുകയാണ്. എല്ലാവരും പ്രസംഗങ്ങളിലുംമറ്റും നിങ്ങള്‍ മുഖ്യധാരയിലേക്ക് വരണമെന്ന് വാതൊരാതെ സംസാരിക്കും. പക്ഷെ  ഞങ്ങളെ വളരാന്‍ അനുവദിച്ചാല്‍ മാത്രമല്ലേ ഞങ്ങള്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ കഴിയൂ. ഞങ്ങളെ ഞണ്ടുകളെ പോലെ പുറകില്‍ നിന്നും വലിച്ചു താഴേക്കിടുകയാണ്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന്  പുരോഗമനപരമായി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അവരെ അപ്പോള്‍ മാവോയിസ്റ്റുകളായും നക്സലൈറ്റുകളായും മുദ്രകുത്തും. പിന്നെ ഞങ്ങളുടെവളര്‍ച്ച ഞങ്ങളെങ്ങനെയാണ് പുറംലോകത്തേക്കു കാണിക്കുക? ഈ  ഒരു മ്യൂസിക് ആല്‍ബം, രൂപേഷേട്ടന്‍, റോബിന്‍ ചേട്ടായി (റോബിന്‍ വര്‍ഗ്ഗീസ്) അങ്ങനെ കുറച്ചു പേരൊക്കെ  ചിന്തിച്ചു ഞങ്ങളിലുള്ള  കലാകാരന്മാരെ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഒരുപാട് സന്തോഷവും നന്ദിയും എല്ലാവരോടും.

ആദ്യം കണ്ടപ്പോള്‍ തന്നെ ഇതു നമ്മുടെ നാടാണോയെന്നു പോലുംസംശയിച്ചു ഞാന്‍. അത്രയും ഭംഗിയാണ്  ഈ വീഡിയോവിലെ കാഴ്ചകള്‍ക്ക്. ബത്തേരിയില്‍ നിന്നും കുറച്ചു ദൂരം മാറിയുള്ള കോളിമൂലി എന്ന അതിര്‍ത്തി ഗ്രാമത്തിലാണ്  ഞങ്ങള്‍. കൃഷിയും വയലുകളും ഒക്കെയാണ് ഞങ്ങളുടെ പ്രധാന തൊഴില്‍. ഈ സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ പ്രകൃതിഭംഗി ഉള്ളത്. വീഡിയോയില്‍ കാണുന്ന ഞങ്ങളെല്ലാവരും ഒരുപാട് എന്‍ജോയ് ചെയ്താണ് കുറുകുറെ ബ്രോസില്‍ ഡാന്‍സ് ചെയ്തത്.  കൂടെയുള്ള കുട്ടികളും അവരുടെ വീട്ടിലുള്ളവരും ഒരുപാട് ഹാപ്പി ആണ്. അവരും ഒരുപാട് അടിച്ചമര്‍ത്തലുകളിലൂടെ കടന്നുപോയിട്ടുള്ളവരാണ്. ഈ വീഡിയോയിലൂടെ എല്ലാത്തിനും ഒരു മറുപടി കൊടുക്കുകയാണ് അവര്‍. അതുപോലെ ഉത്സവങ്ങള്‍ക്കും സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും മാത്രം പരിപാടികള്‍ അവതരിപ്പിച്ചിരുന്ന അവര്‍ക്ക്  തങ്ങളുടെ കഴിവുകള്‍ പുറംലോകത്തിനു മുന്നില്‍ കാണിക്കാനുള്ള ഒരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല. ഈ വീഡിയോയിലൂടെയാണ് അവര്‍ക്ക് അങ്ങനെ ഒരവസരം കിട്ടുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഒരുപാട് സന്തോഷത്തിലാണ്. ഞങ്ങള്‍ക്കിടയില്‍ തന്നെ വലിയൊരു കൂട്ടായ്മ രൂപപ്പെടുത്താനും  ഇനിയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കാനും ഈ മ്യൂസിക് ആല്‍ബത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിനെ ഞങ്ങള്‍ ഒരു തുടക്കത്തിന്‍റെ ആദ്യത്തെ ചവിട്ടുപടിയായാണ് കാണുന്നത്. ഇവിടത്തെ ഒരുപാട് പെണ്‍കുട്ടികള്‍ക്കും ഇത്തരം കലാരംഗത്തേക്ക് കടന്നുവരാനുള്ള പ്രചോദനമായി ഈ മ്യൂസിക് വീഡിയോ മാറിയിട്ടുണ്ട്.ഒരു തരത്തില്‍ ഒരു അടിച്ചമര്‍ത്തലിലൂടെയാണ് ആദിവാസികളെ സിനിമകളില്‍ കാണിക്കുന്നത്. അതിനെതിരെയുള്ളഒരു പ്രതിഷേധം കൂടിയാണിത്. നമ്മളെ എന്നും അങ്ങനെ കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇറക്കംകുറഞ്ഞ മുണ്ടുടുത്ത്,  മുറുക്കിതുപ്പി അങ്ങനെ  പഴയ ഒരുലുക്കില്‍ തന്നെ  ഞങ്ങളെ അവതരിപ്പിക്കാനാണ് പുറംലോകത്തിന് ഇഷ്ടം. പക്ഷെ അതില്‍ നിന്നെല്ലാം ഞങ്ങള്‍ വ്യത്യസ്തരാണ്. എനിക്ക് തന്നെ പല തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജീന്‍സും ടീഷര്‍ട്ടും ഒക്കെയിട്ട് പുറത്തിറങ്ങുമ്പോള്‍ നമ്മളെ കളിയാക്കുന്ന ഒരു നോട്ടമാണ് പുറമെയുള്ളവര്‍ക്ക്. ഇതൊക്കെ  അവര്‍ക്കും അവരുടെ മക്കള്‍ക്കും  മാത്രം അവകാശപ്പെട്ടതാണ്. ഞങ്ങളെന്നും ഇതുപോലെ ചെറിയ മുണ്ടുടുത്തും മുറുക്കിത്തുപ്പിയും കഴിയേണ്ടവരാണ് എന്നാണ് അവരുടെ ചിന്ത. ഞങ്ങള്‍ക്കിടയിലുള്ള പെണ്‍കുട്ടികള്‍ കുറച്ചു മോഡേണ്‍ ആയി ഡ്രസ്സ് ചെയ്തു ഇറങ്ങിയാല്‍ അവര്‍ വളരെ മോശമാണെന്നാണ് പറയുക. അവര്‍ പണിച്ചികളാണ്, പോക്ക്കേസാണ് എന്നോക്കെ  പറയും. ഇതൊക്കെ  ഞങ്ങള്‍ ഇവിടെയുള്ള പെണ്‍കുട്ടികള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതൊക്കെ അതിന്‍റെ  ഭാഗമാണ്. എന്നും അവരുടെ കാല്‍ച്ചുവട്ടില്‍ അടിച്ചമര്‍ത്താനുള്ള ഒരു വിഭാഗമായി ഞങ്ങളെ കാണുകയാണ് പൊതുസമൂഹം. അതിനൊക്കെയുള്ള പ്രതിഷേധമാണ് ഈ മ്യൂസിക് ആല്‍ബം. 

ഒരുപാട് എന്‍ജോയ് ചെയ്താണ് ഞങ്ങള്‍ ഷൂട്ടിംഗ് ചെയ്തത്. രൂപേഷേട്ടന്‍,  റോബിന്‍ ചേട്ടന്‍  അടക്കമുള്ള എല്ലാവരും വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു. നമ്മളെ വളരെ ഫ്രീ  ആയി വിടുകയായിരുന്നു. സമയത്തിന്‍റെ കാര്യത്തില്‍ ഒരു നിര്‍ബന്ധവും കാണിച്ചിരുന്നില്ല. ഒരുപാട് സന്തോഷമാണ് അവര്‍ക്കൊപ്പം നിന്നപ്പോള്‍ ഉണ്ടായത്.  എന്‍റെ  ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായിട്ട് എഴുതിയത് മൂന്നാം ക്ലാസില്‍ വച്ചായിരുന്നു. പനിനീര്‍ച്ചെടി എന്നു പറയുന്ന കവിതയാണ് ആദ്യം എഴുതിയത്. പിന്നെ ഒരു കരോള്‍ ഗാനം എഴുതിയിരുന്നു. അടുത്തുതന്നെ ഗോത്ര കവിതകള്‍ എന്ന പേരില്‍ ഇറങ്ങുന്ന ഒരു പുസ്തകത്തില്‍ എന്‍റെ കവിതകളുണ്ട്. ഞാന്‍ ഏഴാം ക്ലാസ്സ്  വരെ പഠിച്ചത് പഴൂര്‍ സെന്‍റ് ആന്‍റണീസ് സ്കൂളില്‍ ആയിരുന്നു. ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ചീരാല്‍ മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലുമായിരുന്നു പഠിച്ചത്. ഈ പത്തു വര്‍ഷം ഞാന്‍ തേജസ് എന്നു പറയുന്ന  സിസ്റ്റേഴ്സിന്‍റെ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. അവിടെയുള്ളവര്‍ ഒരുപാട്  എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവിടെ നിന്ന് പഠിച്ചിട്ടുള്ളതാണ് ഞാന്‍ ഇപ്പോള്‍ എന്‍റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. ഞാന്‍ എന്താണ്,  എങ്ങനെയാണ്, എന്നില്‍ എന്തൊക്കെ  കഴിവുകളുണ്ട് എന്നൊക്കെ ഞാന്‍ തിരിച്ചറിയുന്നത് അവിടെ നിന്നാണ്. അന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍, സിസ്റ്റേഴ്സ്, ടീച്ചേഴ്സ് എല്ലാവരുടെയും സപ്പോര്‍ട്ട് ഇപ്പോഴും ഉണ്ട്. കവിതയില്‍ നിന്നും മ്യൂസിക് വീഡിയോയിലേക്കുള്ള മാറ്റത്തെ ഒരുപാട് സന്തോഷത്തോടെയാണ് കാണുന്നത്.


കുറു കുറെ ബ്രോസ് എന്ന വീഡിയോ ആല്‍ബം 


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image