Image

പാടുക ഉമ്പായി പാടൂ

ഗസലുകളുടെ സുല്‍ത്താന്‍ ഉമ്പായി രണ്ടു വര്‍ഷം മുമ്പ് ഒരു ആഗസ്റ്റ് ഒന്നിനാണ് മറ്റൊരു ലോകത്തേക്ക് കടന്നു പോയത്. സംഗീതത്തിന്‍റെ ആലാപനത്തിലും ആസ്വാദനത്തിലും മറ്റൊരു രാജ്യം തീര്‍ത്ത  ഉമ്പായിയെ ഡോ. അജയ് ശേഖര്‍ ഓര്‍ക്കുന്നു.


ഓര്‍മ്മകള്‍ ശോകാര്‍ദ്രമായി പെയ്യുന്നു. കൊച്ചി തേങ്ങുകയാണ്. ലോകമെമ്പാടുമുള്ള സഹൃദയരായ കേരളമക്കളും കര്‍ക്കിടകമഴ പോലെ തോരാതെ വിങ്ങുന്നു. വര്‍ഷാവാസത്തിന്‍റെ പ്രജ്ഞ പകരുന്ന പഞ്ഞക്കര്‍ക്കിടകം നമുക്കു ലോകത്തിന്‍റെ സങ്കടസത്യത്തെ കുറിച്ചുള്ള അപരോന്മുഖമായ നൈതിക ബോധോദയം പകരുന്നു. പ്രത്യേകിച്ചും പേമാരിയേയും സമഗ്രാധിപത്യത്തേയും ചെറുതാക്കുന്ന കോവിഡ് മഹാമാരിയില്‍ നാം ആ സങ്കടസത്യത്തെ തിരിച്ചറിയുകയാണ്.

ഉസ്താദ് മുനാവര്‍ ആലിഖാന്‍റെ ചേലയായ ഇബ്രാഹിമെന്ന ഉമ്പായിയുടെ പാട്ടുകേട്ടു മനസ്സലിഞ്ഞു തലകുലുക്കാത്തവര്‍ കേരളമക്കളില്‍ കുറവായിരിക്കും. 2018 ലെ കലുഷമായ മഴക്കാലത്ത് കേരളചരിത്രത്തിലെ ആധുനിക കാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു തൊട്ടുമുമ്പു കടന്നുപോയവരില്‍ കേരളത്തിന്‍റെ  എക്കാലത്തേയും ഹൃദയശബ്ദമായ ആ അനശ്വര ഗായകനും പെടുന്നു.  ഗാനപ്രിയരേയും ആസ്വാദകരേയും ആകാശനീലിമ പോലെ തന്‍റെ ശ്രുതിസാന്ദ്രമായ ഗാഢ ആലാപനലായനിയിലലിയിച്ച് മാനസചഷകത്തില്‍ സ്വരരാഗങ്ങളുടെ മധുരം നേദിച്ച അദ്ദേഹത്തിന്‍റെ ഗസല്‍മാല നേരിട്ടനുഭവിക്കാന്‍ നമുക്കിനിയാവുമോ. ഖുശ്റുവും ഗാലിബും മുതല്‍ സച്ചിദാനന്ദന്‍ വരെ നിറയുന്ന അദ്ദേഹത്തിന്‍റെ ഗാനാലാപന സാഹിത്യവിശ്രുത വാങ്മയത്തിലേക്ക് ഇനി ആരു നമ്മെ നയിക്കും... ശ്രുതിലയസീമകള്‍ ചുംബിച്ച് ആ മട്ടാഞ്ചേരിക്കാരന്‍റെ  അധരവും മുഴങ്ങുന്ന തൊണ്ടയും മൂകമായി...  രാഗവാനായ, സ്നേഹഗായകനായ ആ പ്രിയമാനസന്‍ ആഷാഡപൗര്‍ണ്ണമിയെ പോലെ മായുകയാണോ... ഭാവഗായകനായ ആ കലാലോലന്‍ കണ്ണുനീരിലലിഞ്ഞു പോകുന്നുവോ... സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒരു മനുഷ്യശബ്ദം കൂടി കിരാതമായ കൊല്ലുന്ന കാലത്തു നിലയ്ക്കുകയോ... ഓര്‍മ്മയും ഈണവും അതിജീവിക്കട്ടെ.

ശോകാര്‍ദ്രമായ ആ വിപഞ്ചിക നിശ്ശബ്ദമാകുന്നതു വിശ്വസിക്കാനാവുന്നില്ല. കരുണാര്‍ദ്രമായ ആ ഹാര്‍മോണിയത്തിലൂടെ ഏതു പ്രാണവായു ഇനി പ്രവഹിക്കും... വിടര്‍ന്ന  ചെമ്പകങ്ങളുടെ കവിളിണകളെക്കുറിച്ചിനിയാരിങ്ങനെ തുടുത്തുതുളുമ്പി പാടും. ആരുപാടിയാല്‍ തീരും ഈ തീരാരാത്രി. നാം അമാവാസിയിലെ ചന്ദ്രനെ പോലെ വെളിച്ചവും ശബ്ദവുമില്ലാത്തവരായി മാറുന്നു. മനുഷ്യപ്പറ്റും അനുകമ്പയും പ്രേമവും പരിത്യാഗവും മുതല്‍ മൈത്രീപൂര്‍ണ്ണമായ പാരിസ്ഥിതികദര്‍ശനം വരെ തന്‍റെ സംഗീതശില്പങ്ങളിലൂടെ സാധാരണക്കാരായ കേരളമക്കളുടെ ഹൃദയത്തിലേക്കു കാവ്യസംഗീതവഴിയിലൂടെ കടത്തിവിട്ട അനന്യനായ ജനകീയ സംഗീതകാരനു വിട. സംഗീതപാരമ്പര്യമില്ലാത്ത കമ്യൂണിസ്റ്റിന്‍റെ കുടുബത്തില്‍ പിറന്ന് പട്ടിണിയും പീഡനവുമെല്ലാം അനുഭവിച്ചു നാടുവിട്ടോടി തിരികെവന്നു പാട്ടിന്‍റെ സങ്കടല്‍ നീന്തിക്കയറിയ ഉമ്പായിക്കയുടെ പാട്ടിനായി നാമെന്നും കാതോര്‍ക്കും.

മെഹബൂബും ബാബുരാജും ദേവരാജനും രാഘവന്‍ മാസ്റ്ററും മറ്റും നീന്തിയ വലിയ കടലാണിരമ്പുന്നത്. 2017 മഴക്കാലത്ത് കൊച്ചിയിലാണ് സത്യപാലും സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ച അദ്ദേഹത്തിന്‍റെ പാട്ടവസാനമായി നേരിട്ടുകേള്‍ക്കാനിടയായത്.  ഓരോ ശബ്ദവീചിയിലും മനുഷ്യത്വം തുളുമ്പുന്ന മറ്റൊരു പാട്ടുകാരനെ നമുക്കിതു പോലെ ഇനി കേള്‍ക്കാനാകുമോ... അലയടിക്കുന്ന ആ പാട്ടോര്‍മ്മകളുടെ കടലോളങ്ങള്‍ മായാതിരിക്കട്ടെ. ഗസലിനെ പോലെ ജനകീയവും ജനായത്തപരവുമായ ബഹുജനസംഗീത സംസ്കാര ധാരയിലെ മധ്യമാര്‍ഗ്ഗങ്ങളെ വീണ്ടും അടിത്തട്ടില്‍ നിന്നും മുഖരിതമാക്കാനാവുന്ന പുതുപാട്ടുകാര്‍ക്കായി നമുക്കു കാതോര്‍ത്തിരിക്കാം. ഗായത്രിയേയും ഷാബാസ് അമനേയും രേഷായേയും പോലുള്ള പാട്ടുകാരും അന്‍വര്‍ അലിയെ പോലുള്ള എഴുത്തുകാരും പുത്തന്‍ പ്രതീക്ഷകളുണര്‍ത്തുന്നു. പക്ഷേ അനശ്വരനായ ഉമ്പായിക്കു പകരം അദ്ദേഹം മാത്രം... 

വീണ്ടും വീണ്ടും ആ രാഗാര്‍ദ്രമായ വിഷാദഗാനം അലയടിക്കുകയായി... ആകാശനീലിമയിലെ ആ വെള്ളിമേഘം മാഞ്ഞുവോ... രോഗത്തിനും മരണത്തിനും മുമ്പിലും സ്വയം കത്തിയെരിഞ്ഞു പുഞ്ചിരിച്ച് പാടിയ മാനവികതയുടെ കാരുണ്യപ്രവാഹമായി വര്‍ത്തിച്ച ജനകീയനായ ആ മഹാഗായകനു വണക്കം. പാതിരാവായി, രാവിലെ ആറരയ്ക്കിറങ്ങണം ജീവിതസമരത്തിനായി, വരുമ്പോള്‍ രാത്രി ഒമ്പതുമണിയാവും, അതിനിടയിലും നമ്മുടെ ജീവിതത്തെ അഗാധമായി മാറ്റിത്തീര്‍ത്തിരിക്കുന്നു അലയടിയ്ക്കുന്ന ആ നിലയ്ക്കാത്ത നാദം. 2018 ല്‍ മലപ്പുറം ജില്ലയില്‍ പോയി എറണാകുളത്തു നിന്നും രണ്ടും മൂന്നും ജില്ല കടന്നു പോയി സൈക്കിള്‍ യജ്ഞം പോലെ പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് അദ്ദേഹത്തിന്‍റെ ആഗസ്റ്റ് ഒന്നാം തീയതിയിലെ ചരമം. 2018 ലെ വെള്ളപ്പെരുപ്പത്തിന്‍റെ  കുത്തൊഴുക്കില്‍ ക്ഷുദ്രപാഷണ്ഡത നടത്തിയ നാവുമുറിച്ചുള്ള നാടുകടത്തലില്‍, ആയുസ്സുമാരോഗ്യവും ഇല്ലാതായപ്പോള്‍ അനശ്വരനായ ഭാവഗായകനായ അദ്ദേഹത്തെ കുറിച്ച് വിശദമായി ധ്യാനാത്മകമായി വിപസ്സനയോടെ എഴുതാനായില്ല. സൗന്ദര്യമൂല്യമേറിയതെന്നു സ്വയം അവകാശപ്പെടുന്ന വരേണ്യ പുരാണ പാരായണങ്ങളും മാവാരത പട്ടത്താനങ്ങളും ജനങ്ങളുടെ ചിലവില്‍ നടത്തി 2018 ലെ ഭരണഘടനാവിരുദ്ധമായ നീതിനിയമ വിരുദ്ധമായ ശൂദ്രലഹളയ്ക്ക് അരങ്ങൊരുക്കി ചവരിമലയെ ശബരിമലയാക്കി രാമവത്കരിച്ച് ദേവസ്വം ബോര്‍ഡില്‍ ജനായത്തത്തിനും ഭരണഘടനയ്ക്കും നിരക്കാത്ത സാമ്പത്തികസംവരണം കയ്യാളിയെടുത്ത സൗന്ദര്യസാഹിത്യകോവിദ ശക്തികള്‍ സാമൂഹ്യനീതിക്കും നേരിനും വേണ്ടി നിലകൊണ്ടവരെ തിണ്ണമിടുക്കോടെ മൂന്‍കൂട്ടി വെട്ടിനീക്കിയിരുന്നു. 

ലേഖകന്‍ തന്നെ വരച്ച ഉമ്പായിയുടെ ചിത്രം

ഇത്തരം പാഷണ്ഡതയുടെ ചിരിച്ചും ഇളിച്ചുമുള്ള ചെകിടടപ്പിക്കുന്ന അഴുകിയ സൗന്ദര്യഗീര്‍വാരണങ്ങളെ അതിജീവിക്കാന്‍ ഉമ്പായിക്കയുടെ പുതുപുത്തനായ ഈണവും താളവും നമുക്ക് അതിജീവന ഔഷധിയായി മാറുന്നു. നമ്മുടെ സംസ്കാരരംഗത്തെ കിരാതമായ ആന്തരാധിനിവേശ അവശിഷ്ടമായ, ചരിത്രമാലിന്യമായ ബ്രാഹ്മണികമായ ക്ഷുദ്ര പാഷണ്ഡതയുടെ ഇരുട്ടിനെ മറികടക്കുന്ന വെളിച്ചമാണുമ്പായി. ബഹുജന സംഗീതത്തിന്‍റെയും ബഹുജന സംസ്കാരത്തിന്‍റെയും ഒരു തിരിവെളിച്ചമാണിക്ക. വിളക്കെന്ന പോലെ സത്യത്തെ നാം ചേര്‍ത്തുപിടിക്ക. മുഖ്യമന്ത്രിയെ തന്നെ തെരുവില്‍ ജാതിത്തെറിവിളിച്ച് വിശ്വാസി, തീണ്ടാരി, നാമജപ ഘോഷയാത്രകള്‍ക്ക് പര്യാവരണമൊരുക്കുന്ന ഗീതാഗിരിയും മാവാരത സൗന്ദര്യാത്മക സാധകങ്ങളും വളഞ്ഞ വാലില്‍ കുത്തിമറിയുമ്പോള്‍ ഇന്ത്യന്‍ നൈതികക്കരാര്‍ അട്ടിമറിക്കപ്പെടുമ്പോള്‍ വിശേഷിച്ചും. സത്യത്തെ മറയ്ക്കാന്‍ എന്തെല്ലാം ഹിംസാസാഹസങ്ങള്‍.

കാരുണ്യത്തിന്‍റെ ദീനലോലമായ നാദമാണ് സംഗീതമെങ്കില്‍ ഉമ്പായി അനശ്വരതയുടെ അലയടിയാകുന്നു. സത്യത്തിന്‍റെയും നീതിയുടെയും വാക്കും ഈണവുമാണ് അനന്തമായി അലയടിക്കുന്നത്. ഓര്‍ക്കുന്തോറും നിറഞ്ഞ സൗന്ദര്യം നീതിയാണെന്നും കൊല്ലുന്നവന്‍ മൃഗത്തിനു തുല്യനാണെന്നുമാണ് കേരള പുത്തരായ ഗുരു നമ്മോടു മൊഴിയുന്നത്. ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും  മൂകരാക്കപ്പെട്ടവര്‍ക്കും  നാവുമുറിച്ചു നാടുകടത്തപ്പെട്ടവര്‍ക്കും  കഴുവേറ്റപ്പെട്ടവര്‍ക്കും  കുരിശേറ്റപ്പെട്ടവര്‍ക്കും  ആശ്വാസവും ആനന്ദവും പ്രതീക്ഷയും പകരുന്ന മാനവികതയുടെ നിലയ്ക്കാത്ത അനുരണനത്തിന്‍റെ അലയൊലി. അതാണ് അരുളുള്ള നീതിയുടെ ഒലി. പൊയ്കയുടെ പാട്ടുകളും സഹോദരന്‍റെ പദ്യകൃതികളും ബഷീറിന്‍റെയും കോവിലന്‍റെയും സി. അയ്യപ്പന്‍റെയും മൊഴികളും ബഹുജനങ്ങള്‍ക്ക് പകരുന്നത് ജീവനാണ്. അനുകമ്പയും അലിവുമാര്‍ന്നതാണാ വിഷാദ മധുര ഗാനങ്ങള്‍. ഗുരുവിനേയും പുത്തരേയും ഓര്‍മ്മിപ്പിക്കുന്ന അനുകമ്പയുടേയും മൈത്രിയുടേയും മാനവികതയുടേയും സ്വന്തരാഗങ്ങളാണവ. അപമാനവീകരണത്തെ ചെറുക്കാനവയ്ക്കേ ആവൂ. സൗന്ദര്യഗീര്‍വാണ മാവാരതപട്ടത്താനങ്ങള്‍ കൊലച്ചതിയും കൊലച്ചിരിയുമായി ചെകിടടപ്പിക്കുകയാണ്. ശവത്തില്‍ കുത്തിയാണാ കൊലവിളിയും ഇളിയും.

അപരവത്ക്കരണവും രാക്ഷസീകരണവും വംശഹത്യയും പെരുക്കുന്ന പുരാണപാരായണ സൗന്ദര്യമൗലിക ആഖ്യാന ഹിംസാകാമനകളുടെ അധീശകാലത്ത് ബോധോദയം പകരുന്നതാണാ സ്വരസഞ്ചാരിയായ മധ്യമാര്‍ഗ്ഗം.  താണനിലത്തേക്കാണാ തണ്ണീരിന്‍റെ ഒഴുക്ക്. ആഷാഢപൗര്‍ണ്ണമിയെ പോലെ തണുവും ലാവണ്യവും പരത്തുന്ന അകത്തെളിവായതു പെയ്യുന്നു.  ആലാപനത്തിന്‍റെ, ആവിഷ്ക്കാരത്തിന്‍റെ വിമോചനവും വിരേചനവും അദ്ദേഹത്തിന്‍റെ ആ ഇശലുകളില്‍ പ്രതിധ്വനിക്കുന്നു.  പരിഭവം പാടിപ്പാടി പാട്ടിലലിഞ്ഞ് ആ ആയുസ്സു തീര്‍ന്നിരിക്കുന്നു. മാറ്റൊലി നിലയ്ക്കുന്നില്ല, തുടങ്ങുന്നതേയുള്ളു. പാട്ടുകള്‍ അവസാനിക്കുന്നില്ല, കിരാത കാലത്തും പാട്ടുകള്‍ തുടരുന്നു. കിരാതത്വത്തെ അതിജീവിക്കുവാന്‍, വൈദിക വര്‍ണ്ണവെറിയുടെ ക്ഷുദ്രമായ വര്‍ണ്ണാശ്രമ പീഡനപര്‍വങ്ങളെ സമാധാനത്തോടെ സാംസ്കാരികമായി തരണം ചെയ്യാന്‍ അതു നമുക്കു ഉയിരുപകരുന്നു. അതിജീവനത്തിന്‍റെ സംഗീതം അലയടിക്കട്ടെ. ഉമ്പായിയുടെ ശോകസാന്ദ്രമായ ഓര്‍മ്മയും ഈണവും നമ്മെ വിമോചിപ്പിക്കട്ടെ.

 


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image