Image

ബലിപുരാണം - 2

ഭാഗം 1. വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഖാവ് മാത്തച്ചൻ മഹാബലി

വര - പി.എസ്. ബാനർജി

സഖാവ് മാത്തച്ചൻ മഹാബലി ജന്മനാ ജന്മിയും കമ്യൂണിസ്റ്റുമായ ഇട്ടിവർക്കിയുടെ ഏറ്റവും ഇളയമകനും സവർണ്ണകുടിയേറ്റ ക്രിസ്ത്യാനികളുടെ പരമാത്മാവും രാഷ്ട്രീയആചാര്യനും മലയോരകോൺഗ്രസ് പക്ഷത്തിന് അഭിമതനും സർവ്വോപരി കമ്യുണിസ്റ്റുമാണ്. ആദിവാസികളെ ഉണ്ടായില്ലാത്ത തോക്ക് കാണിച്ച് പേടിപ്പിച്ച്, സർക്കാർ ഗുമസ്ഥർക്ക് കള്ളും കഞ്ചാവും, പോലീസ് ഏമാന്മാർക്ക് കിളുന്ത് പെണ്ണുങ്ങളെയും കൂട്ടികൊടുത്താണ് മാത്തച്ചൻ ആധുനിക മലയോരനാടിന്റെ തലതൊട്ടപ്പനായത്. അതിന് മാത്തച്ചന് തന്റേതായ ന്യായങ്ങളുണ്ട്.
 
ഇച്ചായന്റെ ദൈവത്തിന്റെ വികൃതികളെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ് തിരുവല്ലക്കാരിയായ ഏലിക്കുട്ടി, മധുരപ്പതിനേഴുകാരിയായ മകൾ സൂസനെ അങ്ങകലെ എറണാകുളത്തുള്ള, സിനിമാനടികൾ പഠിക്കുന്ന പരിഷ്കാരികളുടെ കോളേജിൽ ചേർത്തത്. വയസ്സ് അൻപതിനോട് അടുത്തെങ്കിലും ഇച്ചായന്റെ ജനാധിപത്യത്തിലുള്ള വിശ്വാസം അശേഷം നശിച്ചിരുന്നില്ല. ഏലിക്കുട്ടിയുടെ വരണ്ടശരീരം ഉഴുതുമറിക്കാൻ മെനക്കെടാതെ, സോവിയറ്റ് യൂണിയനിൽ നിന്നും കടമെടുത്ത കൂട്ടുകൃഷി സമ്പ്രദായം ആണ് മാത്തച്ചൻ കുടുംബത്തിന്റെ കെട്ടുറപ്പിനും നിലനിൽപ്പിനും വേണ്ടി നടപ്പിലാക്കിയത്.
 
സ്വന്തം തന്തയായ ഇട്ടിവർക്കിയായിരുന്നു ഇക്കാര്യത്തിൽ മാത്തച്ചന്റെ മാതൃക. ഇട്ടിവർക്കി തന്റെ ആദ്യഭാര്യയെ ചിവിട്ടിക്കൊന്നു എന്നാണ് നാട്ടുകാർ കുശുമ്പ് പറയുന്നത്. നിലാവുള്ള ഒരു രാത്രിയിൽ സ്യമന്തകപുഷ്പം പറിക്കാനിറങ്ങിയപ്പോൾ രജസ്വലയായ പെണ്ണിനെ ഒറ്റയാൻ ചിവിട്ടിക്കൊന്നു എന്നാണ് ഇട്ടിവർക്കിയുടെ ഭാഷ്യം.
 
ആദ്യഭാര്യയിലെ പിള്ളേരെ ഇട്ടിവർക്കി അങ്ങ് ദൂരെ ശക്തൻതമ്പുരാന്റെ നാട്ടിൽ വൈശ്യവാണിഭത്തിനു വിട്ടു. അങ്ങാടികൾ കെട്ടിപ്പൊക്കി മക്കൾ പെറ്റുപെരുകി. അവർ മറുനാട്ടിൽനിന്ന് അരി ഇറക്കുമതി ചെയ്ത്, കിഴങ്ങും താളും ചേമ്പും റാഗിയും തിന്നുനടന്നിരുന്ന അപരിഷ്കൃതജനതയെ നല്ല കുത്തരിയുടെ ചോറുണ്ണാൻ ശീലിപ്പിച്ചു. തൃശ്ശിവപേരൂർ ദേശത്തെ വനം മുഴുവൻ വെട്ടിവെളുപ്പിച്ച് ഒരു മൂലയ്ക്ക് അവർ ഒന്നിടവിടാതെ വീട്കെട്ടിപ്പൊക്കി.  വീടിന്റെ ചായ്‌പ്പിൽ തന്നെ പീടികമുറിയും ഒരുക്കി.  അരയിൽ വെള്ളിനാണയം കെട്ടിവയ്ക്കാൻ പാങ്ങുള്ളവർ പട്ടണത്തിന്റെ ഒത്തനടുക്ക് അരിപ്പീടിക കെട്ടിയുണ്ടാക്കി. കച്ചോടം പൊടിപൊടിച്ചപ്പോൾ പലരുടെയും അരക്കെട്ടിൽ വെള്ളിത്തുട്ട് തിളങ്ങാൻ തുടങ്ങി. പീടികകളുടെ എണ്ണംകൂടി.  അതങ്ങനെ അരിയങ്ങാടിയായി വളർന്നുവികസിച്ച് ദേശത്തെ ഊട്ടി.
 
രണ്ടാമത്തെ ഭാര്യയായ റാഹേലിനെ ഇട്ടിവർക്കി ആളെ വിട്ട് ജാതിഭ്രഷ്ടയാക്കി തട്ടിക്കൊണ്ടുവന്നതാണ്. അക്കാലത്തും ജാത്യാചാരങ്ങളുടെ ബലതന്ത്രത്തിലൂടെയാണ് സാമൂഹ്യപദവിയും അധികാരവും സമൂഹത്തിലെ വിവിധ സമുദായങ്ങൾക്ക് ഇടയിൽ നിലനിന്നിരുന്നത്. ജാതിയിൽ താണതെന്നു കരുതപ്പെട്ടവർ അടിമകൾക്ക്‌ തുല്യം കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്. എന്നാൽ സ്ത്രീകൾക്ക് ഇണയെ തിരഞ്ഞെടുക്കുന്നതിൽ പരിപൂർണ്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. സ്വന്തം ഇല്ലാതെ വിത്തുകാളകൾ ആയി വന്നുപറ്റിയ പിളുന്തൻ തമ്പുരാക്കന്മാരെ മാത്രമല്ല,  മല്ലന്മാരായ പല്ലക്ക് ചുമട്ടുകാരെയും, പാടത്തു പണിയെടുത്ത് ഉറച്ചശരീരമുള്ള അധ:സ്ഥിത ആണുങ്ങളെയും അവർ ഇഷ്ടാനുസരണം ഭോഗിച്ച് ആനന്ദിച്ച്പൊന്നു.
 
ഭോഗലീലകളിൽ സ്വയംമറക്കുന്നതും മുറതെറ്റിക്കുന്നതും പതിവായപ്പോൾ ഇല്ലത്തെ ആണുങ്ങൾ പാർലമെന്റ് സമ്മേളനം വിളിച്ച് പുതിയ നിയമം പാസ്സാക്കി. അങ്ങ് ഗോകർണം മുതൽ ഇങ്ങ് കൊച്ചിദേശത്തെ കരുവന്നൂർപ്പുഴ വരെ നീണ്ടുകിടന്ന പ്രദേശമാകെ ആ നിയമം നിലവിൽവന്നു.
 
പ്രധാനമായും രണ്ടു സമുദായത്തിലുള്ള അസുരഗണത്തിലെ കീഴാളപുരുഷന്മാരാണ് ഏവരുടെയും മനം കവർന്നിരുന്നത്. കാളകളോടൊപ്പം പാടം ഉഴുതുമറിച്ചിരുന്ന,  പുലിയുടെ ശൗര്യമുള്ള പുലയ ആണുങ്ങളും. പിന്നെ ഒടിവിദ്യയും മായാജാലവും വൈദ്യവും സ്വായത്തമാക്കിയ ഗന്ധർവസൗന്ദര്യവും വാക്ചാതുരിയും നർമ്മവും കൈമുതലായുള്ള മണ്ണാൻമാരും.  ഇവരെ വഴിയിൽ കാണുമ്പോഴെല്ലാം മറക്കുടകൾക്കുള്ളിൽ നിന്നും പാതിമറച്ച വിരിമാറിലെ മുലഞെട്ടുകൾ വിരിഞ്ഞുവിടരുകയും നെടുവീർപ്പുകളും ഹുങ്കാരങ്ങളും പുറപ്പെടുവിക്കുകയും പതിവായിരുന്നു. അവരുടെ രതികാമനകൾ ശരീരശാസ്ത്രത്തിന്റെ സംത്രാസത്തിലൂടെ ജാതിയുടെ തീണ്ടാപ്പാടകലങ്ങൾ താണ്ടിക്കടന്നു.


പുതിയ നിയമം വന്നതോടെ ഇതിനൊക്കെ ഒരു അറുതി ഉണ്ടാകും എന്നായിരുന്നു വിദഗ്ദ്ധമതം.  അതനുസരിച്ച്,  പുലപ്പേടി,  മണ്ണാപ്പേടി എന്ന് വിളിക്കപ്പെട്ട പ്രത്യേകം നിശ്ചയിച്ച കാലയളവുകളിൽ പുലയ, മണ്ണാൻ സമുദായത്തിൽപ്പെട്ട ആണുങ്ങൾ നമ്പുതിരിസ്ത്രീകളെ തൊടുകയോ, കല്ലോ മുള്ളോ എടുത്ത് എറിയുകയോ അത് അവരുടെ ദേഹത്തുകൊള്ളുകയോ ചെയ്താൽ ആ സ്ത്രീകളെ ഭ്രഷ്ട്കൽപ്പിച്ച് പുറത്താക്കി പിണ്ണംവയ്ക്കും. അത്തരത്തിൽ പുറത്താക്കപ്പെടുന്ന നമ്പുതിരിപ്പെണ്ണുങ്ങളെ സ്വീകരിക്കാൻ അന്യസമുദായക്കാരായ മേത്തന്മാരും നസ്രാണികളും ഈഴവരും മുതൽ പുലയനും പറയാനും മണ്ണാനും ഒക്കെ നിരന്നുനിൽക്കുമായിരുന്നു.


 
അക്കാലത്തു കുറിയേടത്തു താത്രിയേക്കാൾ സുന്ദരിയും മാദകത്തിടമ്പുമായ ഒരു നമ്പൂതിരി യുവതി ദേശത്ത് ജനിച്ചുവീണു. മനക്കല് മാറ്റ്കൊടുക്കാൻ പോയ മണ്ണാത്തി വഴിയാണ് ഇട്ടിവർക്കി അവളെക്കുറിച്ച് കേട്ടറിഞ്ഞത്. മേലെക്കാവിൽ തൊഴാൻ പോകുന്ന നേരം നോക്കി സന്ധ്യക്ക് അയാൾ കാത്തിരുന്നു. വെറ്റിലയും പാക്കും ഒരു കണ്ണി പുകയിലയും വാറ്റിയ ചാരായവും കൊടുത്ത് ഒടിവിദ്യക്കാരൻ മണ്ണാനെ ഒരുക്കിനിര്ത്തിയ ശേഷം കാവിലേക്ക് തിരിയുന്ന വളവിൽ ഇലഞ്ഞിമരത്തിനു പുറകിൽ അയാൾ മറഞ്ഞുനിന്നു.
 
ജ്ഞാനസുന്ദരി എന്നായിരുന്നു നമ്പുതിരി യുവതിയുടെ പേര്. മറക്കുടയ്ക്കുള്ളിൽ തന്റെ മാദകസൗന്ദര്യം ഒതുക്കിവച്ച് അവൾ ഒതുങ്ങിജീവിച്ചു. നിറമാറിലേക്കും പാമ്പിൻപൊത്ത് പോലെ തുടുത്തുവിരിഞ്ഞ അരക്കെട്ടിലേക്കും നോക്കി ആർത്തിയോടെ മുറുക്കിചുവപ്പിക്കുന്ന അപ്ഫൻമാരെ അവൾ കൊഞ്ചിക്കൊണ്ടു കുറിയേടത്ത് താത്രിയുടെ കഥ ഒരു പാഠം പോലെ ഓർമ്മിപ്പിച്ചു. വില്ലുവണ്ടിയേറി തമ്പ്രാക്കന്മാരുടെ ജാത്യഹന്തയെ വെല്ലുവിളിച്ച് കവടിയാറിനെ ഭേദിച്ച് പാഞ്ഞുവരുന്ന ഒരു കറുത്ത് കാട്ടാളനായ പുലയക്കുട്ടി അവളുടെ രതിസ്വപ്നങ്ങളിൽ നിറഞ്ഞുനിന്നു. അവളെകണ്ട് അടുത്തുള്ള ചെന്തെങ്ങിൽ വലിഞ്ഞുകയറി പുലവീഴാതെ കാത്ത ഒരു തിയ്യനോടും അവൾക്ക് നിമിഷപ്രണയം തോന്നിയിരുന്നു.
 
അന്ന് കാവിലേക്കു തിരിഞ്ഞപ്പോൾ പതിവിനു വിപരീതമായി എന്തോ മായികസ്പർശം അവൾക്ക് അനുഭവപ്പെട്ടു. മണ്ണാന്റെ ഒടിവിദ്യ ഫലിച്ചുതുടങ്ങിയിരുന്നു. പെട്ടെന്ന് ഒടിവിദ്യ കൊണ്ടൊരു സന്ധ്യാകാറ്റ് വീശിയടിച്ച് അവളുടെ മറക്കുടയും മേല്മുണ്ടും പറന്നുമാറി. ഇലഞ്ഞിമരച്ചോട്ടിൽ മറഞ്ഞിരുന്ന ഇട്ടിവർക്കിക്ക് അവളുടെ സൗന്ദര്യം കണ്ട് സ്ഖലനം ഉണ്ടായി. അയാൾ അന്നേ അവളെ സ്വന്തമാക്കണം എന്ന് മനസ്സിലുറപ്പിച്ചു.
 
ദേശത്തെ ഒരു പുതുതലമുറക്കാരൻ മണ്ണാൻചെക്കനെ ശീലക്കാരി ചെന്തമിഴ്പെണ്ണിനെ കൂട്ടികൊടുത്താണ് ഇട്ടിവർക്കിയുടെ ഇന്ഗിതം നിറവേറ്റാനുള്ള പദ്ധതിക്ക് രൂപംകൊടുത്തത്. പാടത്തുപണിയുന്ന അടിപ്പുലയർക്ക് തമ്പ്രാട്ടിപെണ്ണുങ്ങളോട് ഭയഭക്തിബഹുമാനം കൂടുതലായിരുന്നു. മണ്ണാൻ നേരെവാ നേരെപോ കാര്യംപറയും,  ചെയ്യും.  മണ്ണാപ്പേടി ദിവസം ഒടിവെച്ച് മണ്ണാൻ അവളെ ഇല്ലത്തിനു വെളിയിലിറക്കി. ഗന്ധർവസേവയുള്ള പെണ്ണിന്റെ കുതൂഹലത്തോടെ വേലിക്കലെ പാലച്ചോട്ടിലേക്ക് രക്തംകുടിക്കുന്ന യക്ഷിപ്പനകളാൽ താലപ്പൊലിയോടെ ആനയിക്കപ്പെട്ട് ജ്ഞാനസുന്ദരി അസമയത്ത് ഇറങ്ങിവന്നു.  മന്ത്രംചെയ്തു ഗോമൂത്രം തളിച്ച് ശുദ്ധമാക്കിയ ഉരുളൻകല്ലെടുത്ത് മണ്ണാൻ അവൾക്കു നേരെ എറിഞ്ഞു. പ്രപഞ്ചം അലിഞ്ഞില്ലാതാകുന്ന അവളുടെ പൊക്കിൾച്ചുഴിയിൽ ആ കല്ല് പതിച്ച് ഉരുകിപ്പോയി.  വേലിപ്പത്തലിനു പിന്നിലും പൊന്തക്കാട്ടിലും തെങ്ങിൻതലപ്പിലും ഒളിപാർത്തിരുന്ന കാമാർത്തമായ ആൺമനസ്സുകളിൽ നിന്നും ആനന്ദക്കുരലുയർന്നു.    
 
സ്വബോധം തിരിച്ചുകിട്ടി പകച്ചുനിന്ന ജ്ഞാനസുന്ദരിയുടെ അടുത്തേക്ക് പനിനീരും തെളിച്ച് ഉപഹാരങ്ങളും സ്വർണാഭരണങ്ങൾ നിറച്ചവജ്രം ചുറ്റിയ മരതകപ്പെട്ടിയുമായി ഇട്ടിവർക്കി രാജതുല്യം ചെന്നുനിന്നു.  അയാളുടെ പൗരുഷം നിറഞ്ഞ നോട്ടം അവളെ ആപാദം മൂടി. കണ്ടു വളർന്ന തൈരുസാദം പോലത്തെ ആൺശരീരങ്ങളിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു കരുത്ത് അവൾ അയാളിൽ ദർശിച്ചു.  തന്റെ ആലില വയറ്റിൽ നിന്നും യോനീതടത്തിലേക്ക് കാമവാഹിനിയുടെ അടങ്ങാത്ത പ്രവാഹം നടക്കുന്നത് തിരിച്ചറിഞ്ഞ അവൾ അയാളുടെ രോമം നിറഞ്ഞ ബലിഷ്ഠകരതലങ്ങളിൽ സ്വയംഅർപ്പിച്ച് ഒരു മാൻപേടയുടെ കുതൂഹലത്തോടെ നാണംകുണുങ്ങി നിന്നു.
 
ഇട്ടിവർക്കി അവൾക്കു വേണ്ടി, സായിപ്പിന്റെ ബംഗ്ലാവിലെ കൊളോണിയൽ കൊത്തുപണിയുള്ള കട്ടിലോടു കൂടിയ കിടപ്പുമുറി ഒരുക്കിയിരുന്നു. തന്റെ കിടപ്പുമുറിയിൽ നിന്നും അവിടെ എത്തിച്ചേരാൻ ഒരു രഹസ്യമാർഗ്ഗവും അയാൾ പണികഴിപ്പിച്ചു.  ആ മുറിയിൽ കിടന്നാണ് അവൾ പത്തു പെറ്റത്.  അപ്പോഴേക്കും അവൾ ജ്ഞാനസ്നാനം ചെയ്ത് റാഹേലമ്മയായി മാറിയിരുന്നു.        
 
റാഹേൽ പത്തുപെറ്റതിൽ ഒൻപതും പെണ്ണായിരുന്നു. അവരെല്ലാം വയസ്സ് തികയ്ക്കാതെ ആധിയും വ്യാധിയും പിടിച്ചുചത്തു. പ്രാർത്ഥിച്ചും കരഞ്ഞുവിളിച്ചും അവസാനം പിറന്ന ആൺതരിയാണ് മാത്തച്ചൻ. അതുകൊണ്ട് റാഹേലമ്മ അയാളെ ലാളിച്ചാണ് വളർത്തിയത്. മാത്തച്ചന് ആദ്യസ്ഖലനം ഉണ്ടാകുന്നതിനു മുൻപേ റാഹേലമ്മയും മണ്മറഞ്ഞു. പത്തുപെറ്റതിനു ശേഷവും ഇട്ടിവർക്കിയുടെ ശരീരത്തിന്റെ ചൂടുംചൂരും എന്നും മോഹശരീരം ആയി ആവാഹിച്ചു തളർന്നതിന്റെ ക്ഷീണത്താലോ എന്തോ അവർ മരിക്കുമ്പോൾ ചടച്ച് കവിളെല്ലുപൊന്തി, അരക്കെട്ടിലെ മാംസക്കൂട് ഇടിഞ്ഞുതാണ് ഒരു കെട്ടഴിഞ്ഞ അരിച്ചാക്കു പോലെ കിടന്നു. അതുകണ്ട്,  ഹൃദയംപൊട്ടിയാകണം മരിപ്പിന്റെ മൂന്നാംപക്കം ഇട്ടിവർക്കിയും ഉറക്കത്തിൽ മരിച്ചുകിടന്നു. അമ്മയുടെയും അപ്പന്റെയും കുഴിമാടത്തിനരികിൽ നെഞ്ചിലൊരു പ്രാർത്ഥനയോടെ തലകുനിച്ചുനിന്ന മാത്തച്ചൻ ആരും കാണാതെ മുട്ടുകുത്തി അപ്പനോട് മാപ്പുപറഞ്ഞു. അയാളുടെ കയ്യിൽ അപ്പന്റെ ശ്വാസംകിട്ടാതുള്ള പിടച്ചിൽ അപ്പോഴും ചൂടാറാതെ കിടന്നിരുന്നു.
 


കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നു മാത്തച്ചന്റെ ഭരണഘടന. കൂട്ടിന് ഇട്ടിവർക്കിയുടെ അനുചരൻമാരും കൂടിയായപ്പോൾ മാത്തച്ചൻ മലയോരദേശത്തെ ദാവീദായി.  ഇ.എം. എസ്സിന്റെയും എ. കെ. ജിയുടെയും കൃഷ്ണപ്പിള്ളയുടെയും ഫ്രെയിംചെയ്ത ചിത്രങ്ങൾ മാർക്സിനും ഏംഗൽസിനും ലെനിനുമൊപ്പം അയാളുടെ വീട്ടിൽ തൂങ്ങി.  എന്നാൽ ജോസ ഫ് സ്റ്റാലിൻ ആയിരുന്നു മാത്തച്ചന്റെ ഹീറോ. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെക്കുറിച്ച് ഓർക്കുന്നത് പോലും അയാളെ ആവേശോജ്ജ്വലിതനാക്കിയിരുന്നു. സഖാക്കൾക്ക് ഇടയിൽ സ്റ്റാലിൻമാത്തച്ചൻ എന്ന ഒരു ഇരട്ടപ്പേരും അയാൾക്ക് ഉണ്ടായിരുന്നു.


 
എന്നാൽ അംബേദ്‌കർയുഗം പിറന്നതിനു ശേഷം സ്റ്റാലിന്റെ മാർക്കറ്റ് വാല്യൂ കുറഞ്ഞതായി,  രാത്രിയിലെ ചാരായചർച്ചാസദസ്സിൽ അഭിപ്രായസമന്വയം ഉണ്ടായതിനു ശേഷം മാത്തച്ചൻ ചുവടൊന്ന് മാറ്റിച്ചവിട്ടാൻ തീരുമാനിച്ചു. കറകളയാത്ത മതേതരത്വവും ഫെമിനിസവും മാത്രമാണ് അയാൾ എല്ലാ ദിവസവും മുടങ്ങാതെ തേച്ച്മിനുക്കി വടിവൊത്ത കുപ്പായമാക്കി ധരിച്ചുപോന്നത്. ദളിതരെയും ആദിവാസികളെയും ലാൽസലാമിന്റെ ഒരു വാലായി നീൽസലാമാക്കി തനിക്കാക്കി വെടക്കാക്കാൻ തന്നെ മാത്തച്ചൻ തീരുമാനിച്ചു.  അതനുസരിച്ച് പി.ബി.യുടെ അനുമതിയോടെ അയാൾ സഖാവ് മാത്തച്ചൻ മഹാബലിയായി.
 
ലിബറലിന്റെ മുഖപുസ്‌തകത്തിലെ ആൺസുഹൃത്തും പ്രധാന വായ്നോക്കിയും ആയിരുന്നു മാത്തച്ചൻ.  മുതലാളിത്തം പ്രതിസന്ധിയിൽ ആണെന്നും മാർക്സിസം തിരിച്ചുവരികയാണെന്നും,  റഷ്യയിലെ ഫെമെൻവിപ്ലവം, ഇസ്ലാമിക മതമൗലികവാദം എന്നീ വിഷയങ്ങളിൽ കമ്യൂണിസ്റ്റുകളുടെ പാതപിന്തുടരുകയാണ് മാലോകർ ചെയ്യേണ്ടതെന്നും ഉള്ള അയാളുടെ ഉദ്ബോധനപോസ്റ്റുകളിൽ ലിബറൽ ചെങ്കൊടി ചുവപ്പിന്റെ ലൗവ് അടിച്ച് പ്രോത്സാഹിപ്പിച്ചു.  പകരം,  ലിബറലിന്റെ ആൺവിരുദ്ധ, കാട്ടാളനിർമൂലന, സ്ത്രീഅധീശത്വ വിളംബരപോസ്റ്റുകളിൽ മാത്തച്ചനും തിരിച്ച് ലൌവ് പറഞ്ഞു. മാലോകർ എല്ലാരും ഒന്നുപോലെ കഴിയുന്ന മലനാട്ടിൽ ആനന്ദമേതും ഇല്ലെന്നും, അതിനു പരിഹാരമായി മലനാട് പ്രീമിയർ ക്രിക്കറ്റ്ലീഗ് എന്ന പുതുമ കൊണ്ടുവരണം എന്നും മാത്തച്ചനെ അവൾ ബോധ്യപ്പെടുത്തി.  അതിന്റെ രാഷ്ട്രീയവും സാംസ്കാരികവും, സർവോപരി സാമ്പത്തികവും ആയ മാനങ്ങൾ നേരിട്ട് കണ്ടു ചർച്ചചെയ്യാം എന്നും അവർ ധാരണയിൽ എത്തിയിരുന്നു.
 
മലനാട്ടിലെ മാനിറങ്ങുന്ന പുൽമേട്ടിൽ ലിബറൽ ബുള്ളറ്റിൽ വന്നിറങ്ങുമ്പോൾ,  മാത്തച്ചൻ അടുത്തൊരു കുറ്റിക്കാട്ടിൽ വെളിക്കിരിക്കുകയായിരുന്നു.  സംഘത്തിലെ മറ്റു വാനരഗണങ്ങൾ അടുത്തുള്ള പാറക്കെട്ടുകൾക്ക് ഇടയിലുള്ള പുൽത്തകിടിയിൽ രാഷ്ട്രീയവും വ്യഭിചാരകഥകളും പറഞ്ഞ് ഉല്ലസിച്ച്, കഞ്ചാവും കള്ളും കോഴിയും ചവച്ചും പുകച്ചും കുടിച്ചിറക്കിയും മദിച്ച് കുന്തിച്ചിരുന്നു.
 
മാത്തച്ചന്റെ സഹായിയും ബാല്യകാലസഖാവും ആയിരുന്ന യോഹന്നാൻചേട്ട മാത്രം കുറ്റിക്കാടിനടുത്ത് മൊന്തയിൽ വെള്ളവുമായി കാത്തുനിന്നു.  ചരിത്രത്തിലെ ദശാസന്ധികളിലെല്ലാം മാത്തച്ചനു വയറിളകുമായിരുന്നു.  ഉടുമുണ്ട്പൊക്കി, കാൽഅകത്തിപ്പിടിച്ച് മാത്തച്ചൻ മറപ്പുര തേടി ഓടും. ചെന്നിരിക്കുമ്പോഴേക്കും ചന്തിയിലും ഉടുമുണ്ടിലും തുടയിലും തീട്ടം തെറിച്ചിട്ടുണ്ടാകും. യോഹന്നാൻചേട്ടയാണ് കുന്തിച്ചിരുത്തി മാത്തച്ചന് ചന്തികഴുകിക്കൊടുത്തിരുന്നത്.  അവർ തമ്മിലുള്ള ജൈവബന്ധം തിന്നുന്നതു മുതൽ തൂറുന്നതുവരെ അങ്ങിനെ നീണ്ടുകിടന്നു.
 
തലമുറകളായി ഇട്ടിവർക്കിയുടെ കുടുംബത്തിലെ അടിമകൾ ആയിരുന്നു യോഹന്നാന്റെ പൂർവ്വികർ. അപ്പനും അമ്മയും അത് കുലത്തൊഴിൽ പോലെ ഏറ്റെടുത്ത് പിന്തുടർന്നുപൊന്നു. ഇട്ടിവർക്കിക്കു വേണ്ടി അവർ നെല്ലും കപ്പയും തെങ്ങും റബ്ബറും കഞ്ചാവും കൃഷിചെയ്തു. റബ്ബർപാലെടുക്കാൻ നേരം പരപരാവെളുക്കുന്നതിനു മുമ്പേ മലമേട് കേറി.  യോഹന്നാന്റെ അമ്മ കർമലീത്തായുടെ പേര് കാളി എന്നായിരുന്നു, അപ്പൻ ചോഞ്ചനും.  മാർഗ്ഗംകൂട്ടിച്ച പാതിരി അയാളെ പീറ്റർ എന്ന് വിളിച്ചു.  നാക്കിനു വഴങ്ങാത്തതുകൊണ്ട്  'ചോഞ്ചനാണെ' എന്നാണ് അയാൾ അതിനുശേഷം വിളികേട്ടിരുന്നത്. മാർഗ്ഗംകൂടി ക്രിസ്ത്യാനി ആയ ശേഷം അടിമപ്പണിയിൽ നിന്നും അയാൾക്ക് അൽപ്പം ആശ്വാസം കിട്ടി.  ഞായറാഴ്ചകളിൽ പള്ളിയിൽ പോയി,  പുറത്തുനിന്ന് അവർ കുടുംബത്തോടെ തിരുബലി കൂടി. ക്ഷയം മൂത്താണ് കർമ്മലീത്ത മരിക്കുന്നത്. ദീനംവന്ന് ചുമച്ച് കഫം തുപ്പി മരിച്ച അവരെ പള്ളിയിൽ സംസ്കരിച്ചില്ല. പ്രേതങ്ങൾ കാമക്കൂത്തിനിറങ്ങുന്ന കഴുകൻമേട്ടിലാണ് അവരുടെ എല്ലുന്തിയ ശരീരം കൊണ്ടിട്ടത്. വിശന്നലഞ്ഞ കഴുകന്മാർക്കു ഒന്നു കൊത്തിവലിക്കാനുള്ള മാംസം പോലും ആ ശരീരത്തിൽ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.
 
മാത്തച്ചനോടൊപ്പം കളിച്ചും അവന്റെ മൂക്കിള ചീറ്റിയും തൂറിനാറിയ ചന്തികഴുകിക്കൊടുത്തും, വഴിയിൽ കണ്ട പെണ്ണുങ്ങടെ ചന്തിയും മുലയും ഓർത്ത് ഉടുമുണ്ടിനു വലിപ്പം വയ്ക്കുമ്പോൾ തുടകൾക്കിടയിലൂടെ നൂണുകയറി മധുരക്കള്ളു നുണയുന്ന ആവേശത്തോടെ അവനെ കർത്താവിലേക്ക് അടുപ്പിക്കാനും യോഹന്നാനെ ഉണ്ടായുള്ളൂ. മാത്തച്ചനെക്കാൾ നിമിഷങ്ങളുടെ മൂപ്പു മാത്രമേ യോഹന്നാന് ഉണ്ടായിരുന്നുള്ളൂ. ഒരു ക്രിസ്മസ്പുലരിയിലാണ് അവർ ഇരുവരും ജനിച്ചുവീണത്. പട്ടണത്തിലെ പാതിരിമാരുടെ ആശുപത്രിയിൽ പരിഷ്കാരിയെപ്പോലെ മാത്തച്ചൻപിറന്നു. വയറ്റാട്ടി മണ്ണാത്തിപ്പാറുവിന്റെ കയ്യിലേക്കാണ് യോഹന്നാൻ പിറന്നുവീണത്.   ജാതിയിൽ മൂത്തമാത്തച്ചനെ  'കുഞ്ഞേ' എന്നാണ് യോഹന്നാൻ സ്നേഹത്തോടെ വിളിച്ചിരുന്നത്.  തിരിച്ച്  'കുഞ്ഞാ' എന്ന് മാത്തച്ചനും.
 
മാത്തച്ചന്റെ കമ്യുണിസ്റ്റ് ഭ്രാന്തിനോടൊന്നും യോഹന്നാൻചേട്ടയ്ക്ക് മതിപ്പുണ്ടായിരുന്നില്ല.  ദൈവം തങ്ങളെ ഭൂമിയിലേക്ക് പറഞ്ഞയച്ചത് അടിമകൾ ആയാണ് എന്നാണ് യോഹന്നാന് അപ്പൻ പറഞ്ഞുകൊടുത്തിട്ടുള്ളത്. തെക്ക് എവിടെയോ ഒരു ജ്ഞാനി, പാട്ടുകളിലൂടെ അടിമകളെ സ്വതന്ത്രർ ആക്കുന്നുണ്ട് എന്ന് കേട്ടറിഞ്ഞാണ് ഒരിക്കൽ യോഹന്നാൻ അടിമത്തത്തിൽ നിന്നും കരകയറാൻ കൊതിച്ച് കാടും പടലും കരയും കായലും താണ്ടി അന്വേഷിച്ചുചെന്നത്. യേശുക്രിസ്തുവിനെപ്പോലെ വിശുദ്ധനായ ഒരു തിരുദൈവം അയാൾക്ക്‌ പുതിയമാർഗ്ഗം കാണിച്ചുകൊടുത്തു. എല്ലാവരും ആ ദിവ്യജ്ഞാനിയെ അപ്പച്ചൻ എന്ന് സ്നേഹത്തോടും ബഹുമാനത്തോടും കൂടിവിളിച്ചു.
 
ആ യാത്രയ്ക്ക് ശേഷം യോഹന്നാനിൽ ചില മാറ്റങ്ങളൊക്കെ കണ്ടുതുടങ്ങിയിരുന്നു.  ഒറ്റയ്ക്കിരിക്കുമ്പോൾ അയാൾ അക്ഷരമാല എഴുതിപഠിക്കുകയും അപ്പച്ചഗീതങ്ങൾ പാടുകയും ചെയ്തു.  മാത്തച്ചനും അത് ശ്രദ്ധിച്ചു.  ഒരിക്കൽ 'കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി....' എന്ന ഗീതം മൂളിക്കൊണ്ടു നിന്ന യോഹന്നാനോട്  'ബലികുടീരങ്ങളെ' പാടാൻ ആജ്ഞാപിച്ചു മാത്തച്ചൻ. അമ്പരന്നു പോയ യോഹന്നാൻ പെട്ടെന്ന് ഒന്നും മിണ്ടാനാകാതെ വല്ലാത്ത ഒരു നിശ്ശബ്ദതയിൽ ആണ്ടു നിന്നുപോയി.
 
മാത്തച്ചന്റെ ഫ്യൂഡൽ പാരമ്പര്യധാടിയോടും കമ്യൂണിസ്റ്റ്ചിന്തകളോടും യോഹന്നാന് പ്രത്യേക താല്പര്യം ഒരിക്കലും തോന്നിയിട്ടില്ല.  ദൈവവഴിയിൽ മാത്തച്ചനു ഒരു മാലാഖത്തുണ പോലെ അയാൾ കൂടെനിന്നു. അവർ തമ്മിൽ യജമാനനും അടിമയും തമ്മിലുള്ളതിനേക്കാൾ അനിതരസാധാരണമായ ഏതോ ഒരുഗാഢബന്ധം ഉണ്ടായിരുന്നു.
 
കപ്യാര് ഉലഹന്നാന്റെ ഭാര്യ പ്ലമേനയുടെ കുളികാണാൻ എത്തിനോക്കുമ്പോഴും,  പിന്നെ അവരുടെ ചിതറിത്തെറിച്ച മുലകളും മടക്കുകൾ വീണ അടിവയറും പള്ളിമേടയേക്കാൾ വിസ്തൃതമായ അരക്കെട്ടും ഓർത്തു കൈമൈഥുനം ചെയ്തുകിതയ്ക്കുമ്പോഴും മാത്തച്ചനോടൊപ്പം യോഹന്നാൻ ഒപ്പീസ്ചൊല്ലുന്ന കുട്ടിയായി അനുസരണയോടെ നിന്നു.
 
മെർക്കാറയിൽ കൂട്ടുകൃഷി ചെയ്യാൻ പോയ കോഴി അൻസാരിയുടെ പെണ്ണ് അസ്മാബീവിയെ വയ്ക്കോൽ വിരിച്ച തൊഴുത്തിൽ കുനിച്ചുനിർത്തി ഭോഗിക്കുമ്പോഴാണ് മാത്തച്ചന്റെ ചന്തിയ്ക്ക് പശുകുത്തിയത്. ഉദ്ധരിച്ച ലിംഗത്തിൽ നിന്നും ശുക്ലം സ്ഖലിച്ച്,  ബീവിയുടെ എണ്ണക്കറുപ്പുള്ള നിതംബത്തിൽ കൈവഴുക്കി മാത്തച്ചൻ വലംകൈ കുത്തിവീണു. ആർത്തലച്ചു കമിഴ്ന്നു വീണ ബീവിയെ പരിഭ്രാന്തരായ പശുക്കൾ പാൽചുരത്തി ശുശ്രൂഷിച്ചു. ആ വീഴ്ചയിൽ വലംകൈ ഒടിഞ്ഞു നടുവെട്ടി രണ്ടുമാസത്തോളം മാത്തച്ചൻ കിടപ്പിലായി.
 
മാത്തച്ചന്റെ കാമലീലകളുടെ കാവൽക്കാരൻ ആകുമ്പോഴും യോഹന്നാന് ഒരിക്കലും വഴിപിഴച്ചില്ല. ഒരിക്കൽ കുളിക്കുമ്പോൾ പുറംതേച്ചുകൊടുക്കാൻ യോഹന്നാനെ തന്നെ പ്ലമേന പ്രത്യേകം വിളിച്ചപ്പോൾ അയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കന്യകമാരുടെ പ്രലോഭനങ്ങളിൽ നിന്നും തന്നെ രക്ഷിക്കണമേ എന്ന് അയാൾ ഉള്ളിൽതട്ടി പ്രാർത്ഥിച്ചു.
 
എന്നാൽ മാത്തച്ചന്റെ അടുത്ത് എത്തുമ്പോൾ പഠിച്ചതെല്ലാം മറന്നുപോയ കുട്ടിയെപ്പോലെ അയാൾ തപ്പിത്തടഞ്ഞു. പിന്നെ അനുസരണയുള്ള ഒരു അടിമബാലനായി മാത്തച്ചൻ പറയുന്നതെല്ലാം അനുസരിച്ചു.  രാത്രി മാത്തച്ചന് കൂട്ടുകിടന്നു.  പട്ടണത്തിൽ മലഞ്ചരക്ക് വിൽക്കാൻ പോയിവരുന്ന യേരവാൻ വഴി വരുത്തിക്കുന്ന തുണിയില്ലാത്ത പെണ്ണുങ്ങളുടെ മങ്ങിയ ചിത്രങ്ങൾ അച്ചടിച്ച ശുക്ലഗന്ധമാർന്ന കൊച്ചുപുസ്തകങ്ങൾ മാത്തച്ചനെ വായിച്ചു കേൾപ്പിച്ചു. കണ്ണടച്ച് തടിച്ചപെണ്ണുങ്ങളുടെ മുലയും ചന്തിയും മനസ്സിൽ കണ്ടാനന്ദിച്ച് മാത്തച്ചൻ കിടന്നു. പിന്നെപ്പോഴോ ഭൂതാവേശിതനായ പോലെ അലറിക്കരഞ്ഞപ്പോൾ, യോഹന്നാൻ ഒരു എലിക്കുഞ്ഞായി പുതപ്പിനടിയിലൂടെ മുങ്ങാംകുഴിയിട്ട് കാട്ടിൽ തലക്കെലെ മാത്തച്ചനിലെ പവിഴപ്പുറ്റുകൾ തപ്പിയെടുത്തു നിവർന്നു.
 
മാത്തച്ചൻ അലറിവിളിച്ചു;  "കുഞ്ഞാ..."
 
"കുഞ്ഞാ,  എടാ കുഞ്ഞാ..."
 
അവസാന കണ്ടി തീട്ടവും ഇളകിത്തൂറി തീർന്നതിന്റെ ആശ്വാസത്തിൽ,  ഒരു ഗോൾഡും വലിച്ച് മാത്തച്ചൻ നീട്ടിനീട്ടി വിളിച്ചു.
 
മോന്തയിൽ വെള്ളവും ഒരു കുപ്പി കശുമാങ്ങ വാറ്റിയ ചാരായവും കയ്യിലേന്തി യോഹന്നാൻ ഏന്തിവലിഞ്ഞു നടന്നുവന്നപ്പോൾ, നിറനിലാവ് നോക്കി അന്തംവിട്ട് നിൽക്കുകയായിരുന്നു മാത്തച്ചൻ.  ഉടുമുണ്ടഴിഞ്ഞ് താഴെകിടന്നു. തീട്ടം ഉണങ്ങാത്ത ചന്തിയിൽ പഴയീച്ചകൾ സംഗീതം മീട്ടി. 'എന്താകുഞ്ഞേ' എന്ന് പരിഭവിച്ച്,  പിടലിക്ക് പിടിച്ചുതാഴ്ത്തി, കുനിച്ചുനിർത്തി വെള്ളമൊഴിച്ച് തന്റെ ഇടംകൈകൊണ്ട് അയാൾ മാത്തച്ചന്റെ ചന്തി കഴുകിക്കൊടുത്തു.
 
നിലാവെളിച്ചത്തിൽ നിന്നും ഇറങ്ങിവന്ന വിശുദ്ധമാലാഖയെപ്പോലെ, ബുള്ളറ്റിന്റെ കടിഞ്ഞാൺ പിടിച്ച് ഒരു ഫെമ്മെ യോദ്ധാവിന്റെ ശൗര്യത്തോടെ, ലിബറൽ അന്നേരം അവിടെ പ്രത്യക്ഷയായി. ചന്ദ്രബിംബം തട്ടിത്തിളങ്ങിയ മാത്തച്ചന്റെ ലിംഗത്തിന്റെ സംത്രാസം അവൾ അറിഞ്ഞു. അവളിലെ കുസൃതിച്ചിരിക്ക് അത് മാറ്റുകൂട്ടി.
 
"എടോ മാത്തച്ചാ,  മാനിഫെസ്റ്റോ പകർത്തി എഴുതിയും മുഖപുസ്‌തകത്തിൽ നോക്കി സ്ഖലിച്ചും ഇങ്ങനെ നടന്നാമതിയാ? നിനക്ക് ലിബറലിനോപ്പം ശയിക്കണ്ടേ?"
 
അന്നേരം തെക്കു നിന്നൊരു ഇടിവെട്ടി അടുത്തുള്ള ആഞ്ഞിലിമരം നിന്നുകത്തി. ആകാശത്ത് ദേവഗണങ്ങളുടെ സാന്നിദ്ധ്യം പുഴുകൃമികീടങ്ങളും കാട്ടിലെ മൃഗങ്ങളും പറവകളും വൃക്ഷലതാദികളും അറിഞ്ഞു. ആകാശം കാർമേഘാവൃതമായി. പുഷ്പവൃഷ്ടി പോലെ പെട്ടെന്ന് കോരിച്ചൊരിഞ്ഞൊരു മഴയിൽ മാത്തച്ചൻ കുളിച്ച് പനിനീർ പുരട്ടി പരിശുദ്ധനായി. ഭൂമിയിൽ പറന്നിറങ്ങിയ മാലാഖമാർ വെള്ളച്ചിറകുകളിൽ അവരെ പൊക്കിയെടുത്തു അങ്ങകലെയുള്ള ഒരു പേരാലിന്റെ പടർപ്പുകളിൽ, അപ്സര കന്യകമാർ തീർത്ത പൂമെത്തയിൽ കൊണ്ടുചെന്നിരുത്തി. മേഘങ്ങൾ അവർക്കായി അതിരുകാണാമറ സൃഷ്ടിച്ചു.
 
മാത്തച്ചന്റെ അർദ്ധനഗ്നമേനിക്ക് മുകളിൽ ഒരു കുസൃതിക്കാരിയായ കാവൽമാലാഖയെപ്പോലെ ലിബറൽ പാറിപ്പാറി നിന്നു. അയാളുടെ അടിവയറ്റിന്റെ സ്നിഗ്ദ്ധതയിലേക്കു ആഴ്ന്നിറങ്ങി, മാത്തച്ചനെ ദേശത്തെ പുതിയ നഗ്നനായ തമ്പുരാനായി അവൾ പ്രഖ്യാപിച്ചു. അതിനുശേഷം ഉത്തേജിതനായി ഞരങ്ങിക്കൊണ്ടിരുന്ന അയാളുടെ മാറിടം പിളർന്നു ചോരകുടിച്ച് ആനന്ദലഹരിയിൽ ആറാടിച്ചു. ആയിരം രതിമൂർച്ഛകളെ ആശ്ലേഷിച്ച മുഹൂർത്തത്തിൽ അവൾ അയാളുടെ കാതിൽ ആ ദേവരഹസ്യം മന്ത്രിച്ചു.
 
ദേവലോകത്തിനാകെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ബലിയെ ക്രിക്കറ്റ് എന്ന ഏങ്കോണിച്ച കൊളോണിയൽ വിനോദപന്തയത്തിലൂടെയോ, പെണ്ണുകേസിലോ കുടുക്കി അവസാനിപ്പിക്കുക.  അതിനായി മലനാട് ക്രിക്കറ്റ്ലീഗില് മാത്തച്ചൻ പണമെറിയണം. മഹാബലി ട്രോഫിക്കായുള്ള മത്സരത്തിൽ അസുര, ദേവലോകങ്ങൾ മാറ്റുരയ്ക്കും.
 
"എസ്കത്തിയോ, തടിയന്റവിട സഖാവോ ശ്രീറാംവെങ്കിട്ടരാമനോ അല്ല, അവതാരരൂപിയായ സാക്ഷാൽ സച്ചിനെയാണ് നമുക്ക്  പ്രസവിക്കേണ്ടത്. 56 ഇഞ്ചിന്റെ നെഞ്ചും ഗദക്കു തുല്യമായ ബാറ്റുമേന്തി അവൻ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഭൂഗോളം ഒരു ടെലിവിഷൻ സെറ്റായി മാറണം."
 
ആഭാവിസ്മരണയിൽ ആവേശപ്പെട്ട് മാത്തച്ചന് ദിവ്യസ്ഖലനം ഉണ്ടായി.  ദിവ്യഗർഭം കാത്തിരിക്കുന്ന കുന്തിയുടെ മനസ്സായിരുന്നു ലിബറലിന്. അവളത് പുണ്യപ്രസാദമായി തന്റെ ഗർഭപാത്രത്തിലേക്ക് ആവാഹിച്ചു. പിന്നീട് നടന്നത് രാമാനന്ദസാഗർ പോലും മനസ്സിൽ കരുതികാണില്ലാത്ത മായാദൃശ്യങ്ങൾ ആയിരുന്നു. ദൈവീകസംഗമം നടന്ന തിന്നിമിഷങ്ങൾക്കകം ലിബറലിന്റെ യോനി പിളർന്ന് സപുത്രൻ ജനിച്ചുവീണു. തൊഴുകൈകളോടെ അവൾ ആദിവ്യപ്രസവത്തിന് സ്വാഗതം അരുളി,  'മകനെ' എന്ന് വിളിച്ച് തനിക്കു മുന്നിൽ സവിനയം കൈകൂപ്പി നിന്ന സ്വപുത്രനെ ആശ്ലേഷിച്ചു. കറുത്തുകൂമ്പിയ മുലഞെട്ടുകൾ കൂർപ്പിച്ച് മുലപ്പാൽ ചുരത്തി.
 
ബീജംവീഴ്ത്തൽ എന്ന ചരിത്രംകുറിച്ച ചടങ്ങിന്ശേഷം അവതാരലക്‌ഷ്യം കൈവരിച്ച മാത്തച്ചൻ  'ഇൻക്വിലാബ്സിന്ദാബാദ് ' വിളിച്ചലറി മലയോരദേശത്തേക്ക് തിരികെപോയി. പിതൃബീജമായി ലിബറലിന്റെ ഗർഭപാത്രത്തിൽ പത്തുനാൾ പോലും കഴിയാൻ യോഗം ഉണ്ടായില്ലെങ്കിലും അവതാരപൂർത്തീകരിക്കണം സാധ്യമാക്കിയതിൽ അയാൾ സന്തുഷ്ടനായിരുന്നു. പുത്രസൃഷ്ടി നടന്ന ആ വൃഷ്ടിപ്രദേശം ടൂറിസ്റ്റ്ഉല്ലാസകേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരു പാക്കേജ് അയാൾ മനസ്സിൽ കണക്കുകൂട്ടി.
 
പിതാക്കന്മാരില്ലാതെ ജനിച്ച പുത്രന്മാരുടെ പ്രതികാരത്തിന്റെ കഥയാണ് ആർഷഭാരതത്തിന്റെ ജീവനാഡി.  അമ്മയായ ലിബറലിന്റെ കാൽതൊട്ടു വണങ്ങി, വാമനവേഷധാരിയായി പുത്രൻ പുറപ്പെട്ടു.
 
"അമ്മേ,  വംശീയതയുടെ ഗന്ധംപേറുന്ന ഈ പുണ്യയോനിയിൽ നിന്നും ജന്മംകൊള്ളുവാൻ സാധിച്ച ഈ പുത്രൻ ധന്യനാണ്. ജന്മംനൽകിയ ജീവന്റെ ഈ മടുപ്പിക്കുന്ന ദുർഗന്ധമാണേ സത്യം, ബലിയെ മൂന്നടിവയ്ക്കുന്ന മാത്രയിൽ തന്നെവീഴ്ത്തി, ബലിഅർപ്പിച്ച് ഞാൻ എന്റെ പുത്രധർമ്മം നിർവഹിച്ചിരിക്കും."
 
വാക്കിന് വിലയില്ലാത്ത ആ സുറിയാനി മാത്തച്ചന്റെ ബീജം തന്നെയാണോ വളർന്നുവലുതായി സുന്ദര ബ്രാഹ്മണകുമാരനായി തന്റെ മുന്നിൽ നിൽക്കുന്നതെന്ന് ഒരു നിമിഷം ശങ്കിച്ചെങ്കിലും ആ ഉഗ്രപ്രതിജ്ഞക്കു മുന്നിൽ ലിബറൽ തലകുനിച്ചു. ബ്രാഹ്മണന് പിറക്കുക എന്ന സവർണ്ണക്രിസ്ത്യാനിയുടെ ഒരു ദുരാഗ്രഹം ആണല്ലോ എന്ന് ഓർത്തപ്പോൾ തെല്ല് ആശ്വാസവും തോന്നി. തള്ളക്കു പിറന്നാലും ഇല്ലേലും, ബ്രാഹ്മണന് പിറന്നാ മതി മലനാട്ടിൽ ആരുടേയും തന്തയാകാം എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.
 
"നീ വാമനൻ ആയി അറിയപ്പെടും.  ബലിയുടെ അന്തകൻ!"
 
മകനെ പുണർന്ന് അനുഗ്രഹിച്ച് അവൾ യാത്രയാക്കി. മലമേടും പുഴകളും ചെളിയടിഞ്ഞു കിടന്ന കോൾപാടങ്ങളും പായല് കെട്ടിയ നീർത്തടങ്ങളും പൊട്ടക്കിണറുകളും താണ്ടി വാമനവേഷധാരി ബലിക്കളം തേടി തന്റെ അനന്തയാത്ര തുടങ്ങി.

(തുടരും) | ഭാഗം 1. വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image